എഴുത്തുകുത്ത്
മാധ്യമം വികസനത്തിനൊപ്പം നിൽക്കണംരണ്ടു പതിറ്റാണ്ടിനടുത്തായി ഏതാണ്ടെല്ലാ ആഴ്ചയും മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുന്നയാളാണ് ഞാൻ. കൊള്ളാവുന്ന സാഹിത്യരൂപങ്ങളും ലേഖനങ്ങളും പഠനങ്ങളുമെല്ലാം പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പെന്ന സ്നേഹം മാധ്യമത്തോടുണ്ട്. എന്നാൽ, അതേസമയം തന്നെ വികസനോന്മുഖ പ്രവർത്തനങ്ങളോടെല്ലാം പുറംതിരിഞ്ഞ് നിൽക്കുന്ന പ്രവണത നിങ്ങൾക്കുണ്ട്. ആദ്യകാലം മുതലേ ഇത്തരം സമീപനങ്ങൾ കാണാം.അടുത്തിടെ തന്നെയുള്ള കാര്യം നോക്കൂ. കെ-റെയിൽ...
Your Subscription Supports Independent Journalism
View Plansമാധ്യമം വികസനത്തിനൊപ്പം നിൽക്കണം
രണ്ടു പതിറ്റാണ്ടിനടുത്തായി ഏതാണ്ടെല്ലാ ആഴ്ചയും മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുന്നയാളാണ് ഞാൻ. കൊള്ളാവുന്ന സാഹിത്യരൂപങ്ങളും ലേഖനങ്ങളും പഠനങ്ങളുമെല്ലാം പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പെന്ന സ്നേഹം മാധ്യമത്തോടുണ്ട്. എന്നാൽ, അതേസമയം തന്നെ വികസനോന്മുഖ പ്രവർത്തനങ്ങളോടെല്ലാം പുറംതിരിഞ്ഞ് നിൽക്കുന്ന പ്രവണത നിങ്ങൾക്കുണ്ട്. ആദ്യകാലം മുതലേ ഇത്തരം സമീപനങ്ങൾ കാണാം.
അടുത്തിടെ തന്നെയുള്ള കാര്യം നോക്കൂ. കെ-റെയിൽ വിരുദ്ധ പ്രചാരണങ്ങൾക്കായി ഒരുലക്കം തന്നെ മാറ്റിവെച്ചു. നേരത്തേ കിഫ്ബിക്കെതിരെയും രൂക്ഷവിമർശനമുയർത്തുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഏതാനും ലക്കങ്ങൾക്ക് മുമ്പ് ആവിക്കൽ തോട് മലിനജല പ്ലാന്റിനെതിരെയും കവർചിത്രത്തോടെ മാധ്യമം അച്ചുനിരത്തിയിരുന്നു. ദേ ഇപ്പോൾ വിഴിഞ്ഞം പദ്ധതിക്കെതിരെയാണ് നീക്കം. എല്ലാ സമരങ്ങളെയും പിന്തുണക്കുക എന്ന രീതി മാധ്യമം മാറ്റിപ്പിടിക്കണം. ഓരോ പദ്ധതിയും ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തിയും അതിന്റെ പ്രയോജനങ്ങൾ പരിഗണിച്ചുമാകണം നിലപാടുകൾ സ്വീകരിക്കേണ്ടത്. അല്ലാത്തപക്ഷം വരും തലമുറ ഇതു കണ്ട് ചിരിക്കും.
മോഹനൻ, പാലക്കാട്
ഈ നിലപാടിന് അഭിവാദ്യങ്ങൾ
ഒരു ആനുകാലികം എന്ന നിലയിൽ മാധ്യമത്തെ വേറിട്ടുനിർത്തുന്നതും അടയാളപ്പെടുത്തുന്നതും അത് ജനകീയ സമരങ്ങളോട് സ്വീകരിക്കുന്ന ഉപാധികളില്ലാത്ത ഐക്യദാർഢ്യമാണ്. വികസനമെന്ന പേരിൽ പാവപ്പെട്ട ജനങ്ങളുടെ മേൽ ഭരണകൂടങ്ങളും കോർപറേറ്റുകളും അഴിഞ്ഞാടുമ്പോൾ ശബ്ദമുയർത്തുന്നതു തന്നെയാണ് പത്രപ്രവർത്തനം. ലക്കം 1279ൽ കെ.എ. ഷാജി എഴുതിയ 'മോഷ്ടിക്കപ്പെട്ട തീരങ്ങൾക്ക് പറയാനുള്ളത്' എന്ന ലേഖനം വിഴിഞ്ഞം പദ്ധതിയുടെ കാണാപ്പുറങ്ങളിലേക്കും അവിടത്തെ മനുഷ്യർക്ക് പറയാനുള്ളതിലേക്കും വെളിച്ചം വീശുന്നതായിരുന്നു. ആഴ്ചപ്പതിപ്പിന് അഭിവാദ്യങ്ങൾ.
മുഹമ്മദ് അബ്ബാസ്, കോഴിക്കോട്
നോവലിസ്റ്റിനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഗാന്ധിവധം നാരായണൻ ആപ്തെയെപ്പോലുള്ള ഹിന്ദു വർഗീയ കാപാലികരുടെ വർഗീയവെറിയുടെ പരിസമാപ്തിയായിരുന്നെന്നാണ് നാം കാണുന്നതെങ്കിൽ നമുക്കു തെറ്റി. ഇന്ന് നാരായണൻ ആപ്തെമാർ തങ്ങളുടെ മടകളിൽനിന്ന് വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ബാബരി മസ്ജിദ് മാത്രമല്ല, എല്ലാ ഇസ്ലാംമത സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകർക്കുകയാണ് ഈ മതഭ്രാന്തന്മാരുടെ അന്തിമലക്ഷ്യം.
ഹിന്ദു വർഗീയതയുടെ രൂക്ഷമായ മുഖം അനാവരണം ചെയ്യാൻ ധീരത കാണിച്ച '9 mm ബെരേറ്റ'യുടെ സ്രഷ്ടാവ് വിനോദ് കൃഷ്ണക്കും സ്വാതന്ത്ര്യത്തിന്റെ മഹത്ത്വം ഉയർത്തിപ്പിടിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും ആയിരമായിരം അഭിവാദ്യങ്ങൾ.
ടി.ഡി. ഗോപാലകൃഷ്ണ റാവു, തൃപ്പൂണിത്തുറ
കരളിലെ കന്മദസുഗന്ധം!
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'യേശുവും ക്രിസ്തുവും' എന്ന പ്രഭാഷണം (ലക്കം: 1278) മനസ്സിനെ ഏറെ സ്പർശിച്ചു. കാക്കനാടൻ സാഹിത്യരംഗത്തെ ഒറ്റയാൻ ആയിരുന്നു. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം! ആരെയും കൂസാത്ത വ്യക്തിപ്രഭാവം.
തനിക്ക് പറയാനുള്ളത് ആരെയും ഭയപ്പെടാതെ മുഖത്തുനോക്കി പറയുന്നവൻ. ഇരുപത്തിയേഴിലധികം നോവൽ അദ്ദേഹം എഴുതി. കൂടാതെ, നോവലെറ്റുകളും കഥകളും. 'ഒറോത', 'ഉഷ്ണക്കാറ്റ്', 'പറങ്കിമല'... അതിൽ 'പറങ്കിമല' ഭരതൻ സിനിമയാക്കിയെന്നാണ് എന്റെ ഓർമ.
അദ്ദേഹം 1963ൽ എഴുതിയ 'ഏഴാംമുദ്ര' എന്ന നോവൽ ഈ ലേഖനവുമായി ചേർത്തുവായിക്കാവുന്നതാണെന്ന് തോന്നി. യേശുവിന്റെ വരവും കാത്തിരിക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ കഥ പറയുന്ന നോവൽ. ആദ്യകാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാടിനെ സ്വാധീനിച്ച അദ്ദേഹത്തെക്കുറിച്ച് വായിച്ചപ്പോൾ വിസ്മയം തോന്നി.
അദ്ദേഹത്തിന്റെ ഭാര്യ അമ്മിണി ചേച്ചിയെക്കുറിച്ച് എഴുതിയതും മനസ്സിൽ തട്ടി. മടിയിൽ കനമില്ലാത്തവന് ഭയത്തിന്റെ ആവശ്യമില്ല എന്നു പറയുന്നതുപോലെ, ഏതു രാത്രിയിലും പൂമുഖവാതിൽ അടക്കാതെ ഉറങ്ങുന്ന അവരുടെ ആത്മവിശ്വാസത്തിന് ഒരു റെഡ് സല്യൂട്ട് കൊടുത്തേ പറ്റൂ! രാത്രിയുടെ അന്ത്യയാമത്തിൽ പരിചയമുള്ള ആരെങ്കിലും വാതിലിൽ മുട്ടുമെന്ന ഉൾക്കാഴ്ചയോടെ, വരുന്ന അതിഥിക്കായി മേശപ്പുറത്ത് ഭക്ഷണം വിളമ്പിവെക്കുന്ന അവരുടെ സ്നേഹത്തെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല.
ഇ.പി. മുഹമ്മദ്, പട്ടിക്കര
ഇന്ത്യയുടെ ഭാവി?
ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി എന്നീ മൂല്യങ്ങൾക്ക് കാലാന്തരത്തിൽ സംഭവിച്ച ശോഷണത്തെക്കുറിച്ച് ബി.ആർ.പി. ഭാസ്കർ എഴുതിയത്, 75 വർഷംകൊണ്ട് രാജ്യം എത്തിച്ചേർന്ന അപചയങ്ങളെ അടയാളപ്പെടുത്തുന്നു (ലക്കം: 1277). രാഷ്ട്രപിതാവായ ഗാന്ധിജി, രാഷ്ട്രശിൽപിയായ നെഹ്റു എന്നിവർ സ്വപ്നം കണ്ടതും പ്രവർത്തിച്ചതും മതേതര ഇന്ത്യ എന്ന സങ്കൽപത്തിലായിരുന്നു. ഇരുവരുടെയും സ്വപ്നങ്ങളെ തകിടംമറിച്ചുകൊണ്ട് ഭാരതം ഇന്ന് വർഗീയതയുടെ കേദാരമായി മാറി. വർഗീയതയെ പിന്തുണക്കാത്ത രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാതായി.
മതത്തോടു കൂട്ടിച്ചേർത്ത ദേശീയതയെ നഖശിഖാന്തം എതിർത്തത് ഗാന്ധിജിയായിരുന്നു. 'നാനാത്വത്തിൽ ഏകത്വം' എന്ന തത്ത്വത്തിലൂന്നിയ ബഹുസ്വര അസ്തിത്വം വേരോടെ പിഴുതെറിയാൻ സദാ ജാഗരൂകരായിരിക്കുന്നവർ ഇന്ന് കേന്ദ്രം ഭരിക്കുന്നു. ബി.ആർ.പിയുടെ ലേഖനം വായിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാർ രാജ്യത്തിന്റെ ഭാവിയിൽ ആശങ്കാകുലരാണ്. കാരണം, വിദൂരഭാവിയിൽപോലും ജനാധിപത്യത്തെ കൂടുതൽ അതിക്രമങ്ങളിൽനിന്ന് രക്ഷിക്കാൻ ഇച്ഛാശക്തിയും കഴിവുമുള്ള ഒരു പ്രതിപക്ഷത്തെ മഷിയിട്ടുനോക്കിയാൽപോലും കാണാനില്ല.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
കടുവാകടിയന്റെ രണ്ട് അവതാരങ്ങൾ
യശശ്ശരീരനായ നാരായന്റെ 'കടുവാകടിയൻ' മാധ്യമത്തിലും മാതൃഭൂമിയിലും വായിച്ചു. വാചകഘടനകളിൽ പലയിടത്തും കാര്യമായ അന്തരമുണ്ട്. രണ്ടിടത്തെയും എഡിറ്റർ കാര്യമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ചുരുക്കം. രണ്ട് വാരികകളും നാരായൻ തങ്ങൾക്ക് അവസാനമായി അയച്ചുതന്നതെന്ന് അവകാശപ്പെട്ടിട്ടുമുണ്ട്.
ഒരേ കഥ രണ്ട് പ്രസിദ്ധീകരണങ്ങളിൽ ഒരേസമയം പ്രസിദ്ധീകരിക്കുന്നതിന് തെറ്റൊന്നും ഉള്ളതായി അഭിപ്രായമില്ല. എഴുത്തുകാരന്റെ വരികൾ അതുപോലെ വായിക്കാനുള്ള വായനക്കാരന്റെ അവകാശം ഇവിടെ ഹനിക്കപ്പെടുന്നത് നീതീകരിക്കാമോ എന്നതാണ് എന്നെ അലട്ടുന്ന ചിന്ത.
ശ്രീപ്രസാദ് വടക്കേപ്പാട്ട്, മുംബൈ
വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ
'മോഷ്ടിക്കപ്പെട്ട തീരങ്ങൾക്ക് പറയാനുള്ളത്' എന്ന ശീർഷകത്തിൽ (ലക്കം: 1279) വന്ന മുഖലേഖനം വായിച്ചപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ കുറിപ്പിനാധാരം. ലാഭക്കൊതി മൂത്ത മുതലാളിത്തവും, അതിനോട് ഒട്ടിനിൽക്കുന്ന അധികാര വർഗവും ഒരു ഭാഗത്തും സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടു തുടങ്ങിയ ജനത ചെറുത്തുനിൽപുമായി മറുവശത്തും മുഖാമുഖം നിൽക്കുന്നു. വിഴിഞ്ഞം പ്രക്ഷോഭം വികസനം എന്ന് ഓമനപ്പേരിട്ട് പ്രകൃതിക്കു മേലുള്ള കടന്നുകയറ്റത്തിന്റെ ഇരകളായി ആവാസകേന്ദ്രങ്ങളിൽനിന്നും വ്യസനത്തോടെ ഇറങ്ങിപ്പോവേണ്ടിവരുന്ന കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൊതുസമൂഹം നടത്തിയിട്ടുള്ള തോറ്റതും ജയിച്ചതുമായ നിരവധി ഐതിഹാസിക സമരങ്ങളുടെ തുടർച്ചയായിതന്നെ വിലയിരുത്താവുന്നതാണ്. പ്ലാച്ചിമടയിൽനിന്നും ഒരു ആഗോള ഭീമനെ മുദ്രാവാക്യങ്ങൾ കൊണ്ട് മുട്ടുകുത്തിച്ച പോരാളികൾക്കൊപ്പം അണിനിരന്നതുപോലെ കേരളം ഒന്നടങ്കം വിഴിഞ്ഞത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പിന്നിലും അടിയുറച്ചുനിൽക്കേണ്ടതുണ്ട്.
സംസ്ഥാനത്തിനു കാര്യമായ ലാഭ വിഹിതം ലഭിക്കാത്ത ഈ പദ്ധതിക്കു വേണ്ടി ഒരു ഇടതുപക്ഷ ഭരണകൂടം എന്തിനു കൂട്ടുനിൽക്കുന്നു എന്നത് കേരളം ഗൗരവത്തിൽ ചർച്ചചെയ്യേണ്ട ഒന്നാണ്. പശ്ചിമഘട്ട മലനിരകൾക്ക് വൻദുരന്തം വരുത്തിവെക്കുമാറ് കരിങ്കൽ ഖനനം ചെയ്തെടുത്ത് കടൽ നികത്തി ഒരു പ്രദേശത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ വരാനിരിക്കുന്ന പ്രകൃതിയുടെ വൻ തിരിച്ചടികൾക്ക് പിഴയൊടുക്കേണ്ടി വരുക കേരളം മുഴുവനുമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഇസ്മായിൽ പതിയാരക്കര