Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ആ ചോദ്യം കൂടി വേണമായിരുന്നുഅന്തരിച്ച കോൺഗ്രസ് നേതാവ് ആ​​ര്യാടൻ മുഹമ്മദുമായി പി. സക്കീർ ഹുസൈൻ നടത്തിയ അപ്രകാശിത അഭിമുഖം വായിച്ചു (ലക്കം: 1284). ചുരുങ്ങിയ വാക്കുകളിൽ ആര്യാടന്റെ ജീവിതവും നിലപാടുകളും അനാവരണം ചെയ്യാൻ അഭിമുഖത്തിനായി. മലപ്പുറം ജില്ല രൂപവത്കരണത്തെ എതിർത്ത തന്റെ നിലപാട് തെറ്റായിരുന്നു എന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്. മുസ്‍ലിം സമുദായത്തിലെ പല സംഘടനകളോടുമുള്ള തന്റെ നിലപാടുകൾ പരസ്യമായി പറയാൻ അദ്ദേഹം ധൈര്യം കാണിച്ചിട്ടുണ്ടെന്നത് ശരിതന്നെ. അതേസമയം, കേരളത്തിലെ 'ആത്മീയ' പരിവേഷമുള്ള രണ്ട് നേതാക്കളെക്കുറിച്ച് അദ്ദേഹം നടത്തിയ അതിശയോക്തിയും ആരാധനയും കലർന്ന പ്രസ്താവനകൾ​ കേരളത്തിൽ...

Your Subscription Supports Independent Journalism

View Plans

ആ ചോദ്യം കൂടി വേണമായിരുന്നു

അന്തരിച്ച കോൺഗ്രസ് നേതാവ് ആ​​ര്യാടൻ മുഹമ്മദുമായി പി. സക്കീർ ഹുസൈൻ നടത്തിയ അപ്രകാശിത അഭിമുഖം വായിച്ചു (ലക്കം: 1284). ചുരുങ്ങിയ വാക്കുകളിൽ ആര്യാടന്റെ ജീവിതവും നിലപാടുകളും അനാവരണം ചെയ്യാൻ അഭിമുഖത്തിനായി. മലപ്പുറം ജില്ല രൂപവത്കരണത്തെ എതിർത്ത തന്റെ നിലപാട് തെറ്റായിരുന്നു എന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്. മുസ്‍ലിം സമുദായത്തിലെ പല സംഘടനകളോടുമുള്ള തന്റെ നിലപാടുകൾ പരസ്യമായി പറയാൻ അദ്ദേഹം ധൈര്യം കാണിച്ചിട്ടുണ്ടെന്നത് ശരിതന്നെ. അതേസമയം, കേരളത്തിലെ 'ആത്മീയ' പരിവേഷമുള്ള രണ്ട് നേതാക്കളെക്കുറിച്ച് അദ്ദേഹം നടത്തിയ അതിശയോക്തിയും ആരാധനയും കലർന്ന പ്രസ്താവനകൾ​ കേരളത്തിൽ വലിയരീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി നടത്തിയ ആ പ്രസ്താവനകളെക്കുറിച്ച് കൂടി ചോദിക്കണമായിരുന്നു എന്ന് ആഗ്രഹിച്ചുപോയി.

മുബശ്ശിർ, തിരൂർ

മീ ടൂ; പുതിയ കാലത്തെ സ്മാർത്തവിചാരം

ഉ​മ്മു​ൽ ഫാ​യി​സ എ​ഴു​തി​യ മീ​ ടൂ​വി​നെ​ക്കു​റി​ച്ചു​ള്ള ലേഖനം വാ​യി​ച്ചു (ല​ക്കം: 1283). പുതിയ കാലത്തെ അഭിനവ 'താത്രിക്കുട്ടി'മാർ തുടങ്ങിവെച്ച സ്മാർത്തവിചാരമാണ് 'മീ ടൂ'. ചൂഷണങ്ങൾ പൊതുസമൂഹത്തിൽ ചോദ്യംചെയ്യാൻ സ്ത്രീ മുന്നോട്ടുവരുന്നത് ഒരു പരിധിവരെ വേട്ടക്കാരെ തുറന്നുകാണിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പ​േക്ഷ, സ്ത്രീയെ ഉപഭോഗവസ്തു മാത്രമായി കാണുന്ന മുതലാളിത്ത കച്ചവട താൽപര്യം ഇത്തരം ആക്രമണങ്ങൾക്ക് വളംവെച്ച് കൊടുക്കുന്നു എന്ന സത്യം മീ ടൂവിനു വേണ്ടി നിലകൊള്ളുന്നവർ സൗകര്യപൂർവം മറക്കുന്നു.

ഏത് കാര്യത്തിലുമെന്നപോലെ ഇതിലും മറുവശമുണ്ട്. ഈ മുന്നേറ്റത്തെ സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന സമീപനം പല കേസുകളിലുമുണ്ടായതായി തോന്നിയിട്ടുണ്ട്. ഉഭയസമ്മത പ്രകാരം ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടതിനുശേഷം ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവുമ്പോൾ മീ ടൂവിന്റെ ആനുകൂല്യത്താൽ പ്രസ്തുത വ്യക്തിയെ തേജോവധം ചെയ്യുന്നതിനോട് യോജിപ്പില്ല. പുരുഷഭാവനകൾക്കും അവന്റെ നിർവൃതിക്കുംവേണ്ടി മാത്രം 'കല' എന്ന ഓമനപ്പേരിൽ പെൺ ശരീരങ്ങളെ ആഘോഷമാക്കുന്ന കമ്പോളസംസ്കാരത്തെക്കൂടി ചോദ്യംചെ​യ്യേണ്ടിയിരിക്കുന്നു. മാറിടം മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മരണം വരിച്ച നങ്ങേലിയിൽനിന്നും നഗ്നത പ്രദർശനം സമരമുറയായി സ്വീകരിച്ച ഒരു വിഭാഗം സ്ത്രീ സമൂഹത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടി കാലം ആവശ്യപ്പെടുന്നുണ്ട്. ആൺ തുണയില്ലാതെ അർധരാത്രിപോലും പെണ്ണിന് നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ മാത്രമേ യഥാർഥ പുരോഗതിയിലേക്ക് സമൂഹം മുന്നേറൂ. 'മീ ടൂ' മുന്നേറ്റം അതിന് വഴിവെക്കട്ടെ.

ഇസ്മായിൽ പതിയാരക്കര

വേറിട്ട പ്രമേയമുള്ള കഥ

മഹേന്ദറിന്റെ 'കാട്' എന്ന കഥ പ്രമേയത്തിന്റെ അനന്യതകൊണ്ട് പ്രിയപ്പെട്ടതായി (ലക്കം: 1283). നഗരത്തിലെ പ്രമുഖ ഹൗസിങ് കോളനിയിലെ ഒരു പ്ലോട്ട് ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നു. പ്രകൃതി അതിനെ ഒരു തുണ്ട് കാടായി പരിണമിപ്പിക്കുന്നു. അത് ചുറ്റുമുള്ളവരെ അലോസരപ്പെടുത്തുകയും പരിഭ്രമിപ്പിക്കുകയും ചെയ്യുന്നു. അതിൽ പാർപ്പിടം കണ്ടെത്തുന്ന ജീവജാലങ്ങളും സസ്യപ്രപഞ്ചവും അവർക്ക് അഹിതമാകുന്നു. അതിന്റെ ഉടമസ്ഥർ ദൂരെ ഗ്രാമത്തിലാണ്. അത് വിൽക്കരുത് എന്ന സ്‌നേഹപൂർണമായ അപേക്ഷയോടെ മൂന്ന് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ആ പ്ലോട്ടിന്റെ കഥ അനന്യതയുള്ളതാണ്. ജീവനുള്ള ചിത്രങ്ങൾ വരച്ച സജീവ് കീഴരിയൂരിനും അഭിനന്ദനങ്ങൾ.

പി.ജെ.ജെ. ആന്റണി, ആലപ്പുഴ

വായിക്കപ്പെടേണ്ട കഥ

മാധ്യമം കഥാപതിപ്പിലെ പി.എസ്. റഫീഖിന്റെ 'കൂർക്ക' വായിച്ചു. അനുഭവങ്ങളാണ് മനുഷ്യമനസ്സിനെ മാറ്റിപ്പണിയുന്നത്. അനുഭവങ്ങളില്ലാത്ത മനുഷ്യൻ സ്വാർഥനും ഇടുങ്ങിയ മുറികളിൽ തളക്കപ്പെട്ടവനുമാണ്. പ്രണയനിരാസത്താൽ പകയുടെ തീപിടിച്ച ഒരു മനുഷ്യൻ അപ്രതീക്ഷിതമായി തന്റെ ചുറ്റിലുമുള്ള തികച്ചും സാധാരണമായ കാഴ്ചകളിലൂടെ കടന്നു പോകാൻ നിർബന്ധിതനാകുന്നു. പക്ഷേ, ആദ്യമായി മണ്ണിലിറങ്ങിയ ആ മനുഷ്യന്റെ പക തണുത്തുറഞ്ഞ് സുഗന്ധ പൂരിതമാകാൻ വലിയ അനുഭവങ്ങൾ ഒന്നും വേണ്ടിവന്നില്ല. ഹൃദയം തൊടുന്ന ചില വർത്തമാനങ്ങൾ, ചില ചേർത്തുനിർത്തലുകൾ... അത്രമാത്രം... സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കൊമാല' വായിക്കുമ്പോൾ കിട്ടിയ ഒരു വീണ്ടെടുപ്പുണ്ട്. സമാന അനുഭവം 'കൂർക്ക'യും നൽകുന്നു. മനുഷ്യൻ എത്ര വിചിത്രമായ ഒരു സംഭവമാണ്! ഏറ്റവും പ്രിയപ്പെട്ടതിനെ നശിപ്പിക്കാൻ അവന് പെട്ടെന്ന് കഴിയും. തന്റേതല്ലാത്ത ഒന്നും അവന് പരിഗണനാ വിഷയമല്ല. അപരത്വത്തെ ഒരു തരത്തിലും അംഗീകരിക്കാനോ സ്നേഹിക്കാനോ കഴിയാത്തവിധം സ്വാർഥതകൊണ്ടാണ് ഓരോ മനുഷ്യനും നിർമിക്കപ്പെട്ടത്.

എങ്കിലും നമ്മുടെ മുൻവിധികളെ, തീരുമാനങ്ങളെ മാറ്റിമറിക്കാൻ ചിലർക്ക് കഴിയും. ഭൂമിയിൽ സ്നേഹം വിതച്ച്, സ്നേഹം കൊയ്ത്, പങ്കുവെച്ച് ബഹളങ്ങളില്ലാതെ ജീവിക്കുന്ന ചിലർക്കാകാം ഒരുപക്ഷേ അതിന് സാധിക്കുക. അങ്ങനെയൊരു മൊല്ലാക്കയും അയാൾക്ക് പ്രണയത്തിന്റെ കൂർക്കകൾ സമ്മാനിക്കാനെത്തുന്ന സീതയെന്ന പെൺകുട്ടിയും പിന്നെ ഇത്തിരി ജന്നത്തുൽ ഫിർദൗസ് എന്ന അത്തറും മതി ഈ ലോകം സുന്ദരമാക്കാനെന്ന് 'കൂർക്ക' കാണിച്ചുതരുന്നു. പ്രണയകൊലകളുടെ കാലത്ത് ഈ കഥ കൂടുതൽ വായിക്കപ്പെടേണ്ടിയിരിക്കുന്നു.

സുധീഷ് അമ്മവീട്

News Summary - madhyamam weekly letter