എഴുത്തുകുത്ത്
നരേന്ദ്ര പ്രസാദ് വെറുമൊരു സിനിമാ നടനല്ലരവീന്ദ്രൻ രാവണേശ്വരത്തിന്റെ 'കേരള കേന്ദ്ര സർവകലാശാലയിൽ കാര്യങ്ങൾ സുതാര്യമാണോ?' എന്ന ലേഖനം കേന്ദ്രസർവകലാശാലയിൽ അരങ്ങേറുന്ന തീവ്രഹിന്ദുത്വ താൽപര്യങ്ങളും അധ്യാപക നിയമനത്തിലെ പക്ഷപാതിത്വവും വെളിവാക്കുന്നു (ലക്കം: 1284). എന്നാൽ, ലേഖനത്തിൽ കടന്നുകൂടിയ ചില പിഴവുകൾ ചൂണ്ടിക്കാണിക്കട്ടെ. 1. പുറം 29ൽ സൂചിപ്പിച്ചിരിക്കുന്നത് 'സർവകലാശാല അധ്യാപകൻ' എന്നത് പ്രത്യേകം എടുത്തുകാണിക്കണം. കാരണം, വൈസ്...
Your Subscription Supports Independent Journalism
View Plansനരേന്ദ്ര പ്രസാദ് വെറുമൊരു സിനിമാ നടനല്ല
രവീന്ദ്രൻ രാവണേശ്വരത്തിന്റെ 'കേരള കേന്ദ്ര സർവകലാശാലയിൽ കാര്യങ്ങൾ സുതാര്യമാണോ?' എന്ന ലേഖനം കേന്ദ്രസർവകലാശാലയിൽ അരങ്ങേറുന്ന തീവ്രഹിന്ദുത്വ താൽപര്യങ്ങളും അധ്യാപക നിയമനത്തിലെ പക്ഷപാതിത്വവും വെളിവാക്കുന്നു (ലക്കം: 1284). എന്നാൽ, ലേഖനത്തിൽ കടന്നുകൂടിയ ചില പിഴവുകൾ ചൂണ്ടിക്കാണിക്കട്ടെ.
1. പുറം 29ൽ സൂചിപ്പിച്ചിരിക്കുന്നത് 'സർവകലാശാല അധ്യാപകൻ' എന്നത് പ്രത്യേകം എടുത്തുകാണിക്കണം. കാരണം, വൈസ് ചാൻസലറാകാനുള്ള പ്രധാന യോഗ്യതയാണ് 'സർവകലാശാല അധ്യാപകൻ' എന്നത്. കോളജ് അധ്യാപകനാകരുത്. ഇത് ചട്ടമാണ്... എന്നാണ്. എന്നാൽ, 2018ലെ അധ്യാപക നിയമനത്തിനുള്ള യു.ജി.സി ചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലർ തസ്തിക സർവകലാശാല പ്രഫസർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. പ്രസ്തുത ഭാഗം ഇപ്രകാരമാണ്: "A person possessing the highest level of competence, integrity, morals and institutional commitment is to be appointed as Vice-Chancellor. The person to be appointed as a Vice-Chancellor should be a distinguished academician, with a minimum of ten years' of experience as Professor in a University or ten years' of experience in a reputed research and / or academic administrative organisation with proof of having demonstrated academic leadership."
ഇത്തരമൊരു പശ്ചാത്തലത്തിൽ കൃത്യമായ യോഗ്യത നേടിയിട്ടുള്ള കോളജ് അധ്യാപകർക്കും വൈസ് ചാൻസലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് നിയമപരമായി അവകാശമുണ്ട്. ലേഖനത്തിൽ ഈ പിഴവ് രണ്ടിടത്ത് ആവർത്തിച്ചിരിക്കുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്.
2. പുറം 32ലുള്ള പരാമർശത്തിലും പിഴവുണ്ട്. ''എം.ജി സർവകലാശാലയിൽ ചലച്ചിത്രപ്രവർത്തകരെ നിയമിക്കാറുണ്ട്. യു.ആർ. അനന്തമൂർത്തി എം.ജിയിൽ വൈസ് ചാൻസലറായിരുന്ന കാലത്ത് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടനും എഴുത്തുകാരനുമായ നരേന്ദ്ര പ്രസാദിനെ എമിനന്റ് എന്ന പരിഗണനയിൽ പ്രഫസറായി നിയമിച്ചിരുന്നു...'' എന്ന പരാമർശം തെറ്റിദ്ധാരണജനകമാണ്.
ചലച്ചിത്രനടൻ, നാടകകൃത്ത്, നിരൂപകൻ തുടങ്ങിയ നിരവധി മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള നരേന്ദ്ര പ്രസാദ്, കേരളത്തിലെ നിരവധി സർക്കാർ കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച വ്യക്തിയാണെന്ന വസ്തുത ലേഖനത്തിൽ പരാമർശിക്കപ്പെടാത്തത് നിർഭാഗ്യകരമാണ്. കല-സാംസ്കാരിക മേഖലകളിലെ സംഭാവനകളെ മാത്രം മുൻനിർത്തിയാണ് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ദേഹം നിയമിതനായതെന്നുള്ള തരത്തിലേക്ക് ലേഖനത്തിലെ സൂചനകൾ നീളുമ്പോൾ, അദ്ദേഹമേർപ്പെട്ട അധ്യാപകവൃത്തി വിസ്മൃതമാകുന്നു. സാങ്കേതികമായി പ്രസ്തുത അധ്യാപകവൃത്തിയുടെ പരിചയത്തിലാണ് അദ്ദേഹം നിയമിതനായതെന്ന വസ്തുത ലേഖകൻ ഒഴിവാക്കിയെന്നത് ഗൗരവമുള്ള പിഴവ് തന്നെയാണ്. അദ്ദേഹത്തെക്കൂടാതെ, സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകരായിരുന്ന ജി. ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രൻ തുടങ്ങിയവരുടെ കല-സാഹിത്യ മേഖലകളിലെ സംഭാവനകളെ മാത്രം പരിഗണിച്ചല്ല മറിച്ച്, മുൻകാലങ്ങളിൽ വിവിധ കലാലയങ്ങളിൽ അധ്യാപകരായിരുന്നുവെന്നതിനാലാണ് അവർ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ നിയമനത്തിന് പരിഗണിക്കപ്പെട്ടത് എന്നതും വിസ്മരിച്ചുകൂടാ.
ലേഖനത്തിലൂടെ സംഭവിക്കാൻ സാധ്യതയുള്ള തെറ്റിദ്ധാരണ നീക്കേണ്ടത് സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പൂർവവിദ്യാർഥിയെന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് കരുതുന്നു. ലേഖനത്തിലെ മറ്റ് കണ്ടെത്തലുകൾ എല്ലാം ഗൗരവമുള്ളവയാണ്. തികഞ്ഞ അന്വേഷണബുദ്ധിയോടെ ലേഖനം തയാറാക്കിയ രവീന്ദ്രൻ രാവണേശ്വരത്തിന് ആശംസകൾ.
ഡോ. അനിറ്റ ഷാജി, ഈരാറ്റുപേട്ട
കുലംകുത്തികളായ 'തിരുത്തൽവാദികൾ'
രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യെ പരാമർശിച്ച് എ.എസ്. സുരേഷ് കുമാർ എഴുതിയ അവലോകനം കോൺഗ്രസിനെ ഒരു ആത്മപരിശോധനക്ക് പ്രേരിപ്പിക്കുവാൻ പര്യാപ്തമാണ് (ലക്കം: 1285). ഭാരത് ജോഡോ യാത്ര രാഹുലിന്റെ ആരോഗ്യ പരിപാലനത്തിന് സഹായകരമാകും എന്നതിലപ്പുറം ഒരു പ്രയോജനവും കോൺഗ്രസിന് ലഭിക്കുകയില്ല. രാഹുൽ ഒരു സെലിബ്രിറ്റിയാണ്. അത്തരക്കാരെ കാണാൻ ആൾക്കൂട്ടം ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. ആൾക്കൂട്ടം വോട്ടായിമാറിക്കൊള്ളണമെന്നില്ല.
അശോക് ഗെഹ് ലോട്ട് പ്രായോഗിക ബുദ്ധിയാണ് പ്രകടിപ്പിച്ചത്. സോണിയ ഗാന്ധിയുടെ നിഴലായി, നെഹ്റു കുടുംബത്തിന്റെ കാര്യസ്ഥനായി ജീവിക്കുന്നത് ആത്മഹത്യാപരമെന്ന് തിരിച്ചറിഞ്ഞ ഗെഹ് ലോട്ടിന്റെ തീരുമാനം അനുമോദനാർഹമാണ്. 80 വയസ്സുകാരനായ മല്ലികാർജുൻ ഖാർഗെയെ പ്രസിഡന്റാക്കിയാൽ നെഹ്റു കുടുംബത്തിന് പിൻസീറ്റ് ഡ്രൈവ് എളുപ്പമാകും! ശശി തരൂരിനെ കോൺഗ്രസ് പ്രസിഡന്റാക്കി നെഹ്റു കുടുംബം മേധാവിത്വം വിട്ടൊഴിഞ്ഞ് നിൽക്കുന്നതായിരുന്നു അഭികാമ്യം.
പാർട്ടി കാലത്തിനൊത്ത് മാറാൻ തയാറല്ലായെന്നതിന്റെ വ്യക്തമായ സൂചനയാണ് വയോധികനായ ഖാർെഗയെ സ്ഥാനാർഥിയാക്കിയ കലാപരിപാടി. ശശി തരൂരിനെ പാർട്ടി പ്രസിഡന്റാക്കി പാർട്ടിയെ സ്വയം തുഴയാൻ അനുവദിച്ചാൽ ഇന്ത്യൻ പാർലമെന്റിൽ തൽക്കാലം ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനെങ്കിലും കോൺഗ്രസിന് സാധ്യമായേക്കും.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂട്ടത്തിലുണ്ടായിരുന്ന ശശി തരൂരിനെ അവഗണിച്ച് ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ച 'തിരുത്തൽവാദികൾ' വലിയ അവസരവാദികളും കുലംകുത്തികളുമാണെന്ന് കാലം തെളിയിക്കും.
വേട്ടക്കാരനും ഇരയും 'ഭീകരർ' തന്നെ
തുഷാർ നിർമൽ സാരഥി എഴുതിയ 'നിങ്ങൾ ഭരണകൂട ഭീകരതയുടെ മാപ്പുസാക്ഷികളാവരുത്' എന്ന ലേഖനം വായിച്ചു (ലക്കം: 1284). പോപുലർ ഫ്രണ്ട് ഒരു ദുരന്തമാണ്. നിരവധി ചെറുപ്പക്കാരാണ് പോപുലർ ഫ്രണ്ട് 'ഭീകരത'മൂലം പലകാലങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഭീകരത എന്നുപറയുമ്പോൾ ഒരു വിഭാഗത്തെ കുറ്റപ്പെടുത്തിക്കൊണ്ടോ മറുവിഭാഗത്തെ ന്യായീകരിച്ചുകൊണ്ടോ അല്ല പറയുന്നത്. വേട്ടയാടപ്പെടുന്ന ഭരണകൂട ഭീകരതയെയും ഇരയാക്കപ്പെടുന്ന ഭീകരതയെയും ഒന്നിച്ചാണ് സൂചിപ്പിക്കുന്നത്. ഇവിടെ വേട്ടയാടുന്നത് ഭരണകൂട ഭീകരതയായതിനാൽ ഇരയാക്കപ്പെടുന്ന ഭീകരത ന്യായീകരിക്കാവുന്നതല്ല. രണ്ടും എതിർക്കപ്പെടേണ്ട നിരോധിക്കപ്പെടേണ്ട ഭീകരത തന്നെ. പക്ഷേ, ആ ഭീകരതകളിലൊന്നാണ് നമ്മെ ഭരിക്കുന്നെതന്ന യാഥാർഥ്യമുണ്ട്.
ഭീകരർ ഒരിക്കലും തങ്ങൾ ഭീകരരാണെന്ന് സമ്മതിക്കുകയില്ല. അവർ സമാധാനത്തിന്റെ വക്താക്കളായി അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരായി എന്നും വാദിക്കും. അവർ ചെയ്യുന്ന മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നാണ് അവരെ ഭീകരരായി ലോകം മനസ്സിലാക്കുന്നത്. പരവിദ്വേഷം എല്ലാ ഭീകരതയുടെയും മുഖമുദ്രയാണ്.
പോപുലർ ഫ്രണ്ട് കാരണം രാജ്യത്തിനും കുടുംബത്തിനും സമുദായത്തിനും മുതൽക്കൂട്ടാവേണ്ട യുവത്വമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അവരെ ആശ്രയിച്ച് ജീവിക്കുന്ന കുറേ കുടുംബങ്ങൾ നിരാലംബരായി. വയോധികരായ മാതാപിതാക്കൾ, സ്ത്രീകൾ, കുട്ടികൾ എല്ലാവരുടെയും ജീവിതം തകർന്നു എന്നുതന്നെ പറയാം. ഒരു സമുദായത്തെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കാനും ഇവർ കാരണമായി.
പോപുലർ ഫ്രണ്ട് മുഖ്യമായും മുസ്ലിംകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിപ്പിക്കപ്പെട്ടതാണെന്നാണ് അവകാശപ്പെടാറുള്ളത്. അവർ പലപ്പോഴും മുസ്ലിം ഇതര ന്യൂനപക്ഷങ്ങളെ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കതിന് കഴിയാറില്ല. അവരുടെ തീവ്ര നിലപാടുകൾ മുസ്ലിം ഇതര ന്യൂനപക്ഷങ്ങളിൽ അവിശ്വാസമുണ്ടാക്കുന്നു എന്നതാണ് സത്യം.
ഇസ്ലാമിന്റെ മുഖം ലോകത്തിന്റെ മുന്നിൽ വികൃതമാക്കാൻ കഠിനമായി ശ്രമിക്കുന്ന ആഗോള സംഘടനകളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് പോപുലർ ഫ്രണ്ടും രൂപവത്കരിച്ചത്. നിലവിൽ സംഘ്പരിവാർ ഭീകരതയെ നേരിടാൻ സമാനമനസ്കരായ മതേതര വിഭാഗങ്ങളോട് സഹകരിച്ച് പോരാടലാണ് ശരിയായ മാർഗം.
മതേതര പാർട്ടികൾ ചില സമയങ്ങളിലെടുക്കുന്ന മുസ്ലിം ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ മുസ്ലിം യുവതയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ചില സമയങ്ങളിൽ മതേതര മുന്നണികൾ ഭൂരിപക്ഷ വർഗീയതക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെടുക്കാറുണ്ട്. അധികാരം ലഭിക്കാനും താൽക്കാലിക ലാഭം നേടാനും കൈക്കൊള്ളുന്ന ഇത്തരം നടപടികൾ ഭൂരിപക്ഷ വർഗീയതക്ക് വളംവെക്കലാണ്. ഇതുമൂലം രാജ്യത്തെ മതേതര ജനാധിപത്യമെന്ന മഹത്തായ ആശയത്തിന്റെ തകർച്ചയായിരിക്കും സംഭവിക്കുക എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നത് നന്ന്.
എന്തുതന്നെയായാലും പോപുലർ ഫ്രണ്ട് കൈക്കൊള്ളുന്ന തീവ്രനിലപാടുകൾ ഇസ്ലാമികമായി ന്യായീകരിക്കാനാവുന്നതല്ല. ശത്രുവിനെപ്പോലെ ആവാനും ശത്രു കൊന്നതുപോലെ തിരിച്ചടിക്കാനും ഇസ്ലാമിൽ ഒരു പഴുതുമില്ല. ക്ഷമിച്ചും സഹിച്ചും ബൗദ്ധികമായി ഏറ്റുമുട്ടിയുമാണ് ലോകത്ത് ഇസ്ലാം വളർന്നത്. യുദ്ധങ്ങളിലൂടെയല്ല.
കെ.എ. റഹീം കുളത്തൂർ
ഹിമാൻശു കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാം
ആദിവാസികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഹിമാൻശു കുമാറുമായി സുജ ഭാരതി നടത്തിയ സംഭാഷണം (ലക്കം: 1283) ഏറെ ആവേശത്തോടെയാണ് വായിച്ചത്. മിന്നി വൈദ് (Minnie Vaid) എഴുതിയ 'A Doctor to Defend - The Binayak Sen Story' എന്ന പുസ്തകം 2011ൽ 'വ്യവസ്ഥിതിയുടെ ചികിത്സകൻ - ബിനായക് സെന്നിന്റെ കഥ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഹിമാൻശു കുമാർ അടയാളപ്പെടുത്തപ്പെടുന്നത് ഇത്തരത്തിലാണ്. ''സൗമ്യ പ്രകൃതനായ, വെള്ള കുർത്തയും പൈജാമയും ധരിക്കുന്ന 45കാരനാണ് ഹിമാൻശു കുമാർ. സ്വയം നിഷേധിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കിലും, ഇന്ന് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലെ പുതിയ നേതൃത്വവേഷമാണ് അദ്ദേഹം.''
നാം പതിറ്റാണ്ടുകളായി പാഠപുസ്തകങ്ങളിൽ പഠിച്ചുപോരുന്ന 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പേ ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ പോരാടി വീരമൃത്യുവരിച്ച ആയിരക്കണക്കിന് ഗോത്രവർഗക്കാരുടെ പിന്മുറക്കാരാണ് ഇന്നത്തെ ആദിവാസി ജനത. കൊളോണിയൽ അധിനിവേശത്തിനെതിരെ ഇന്ത്യയിലെ ഗോത്രജനത നടത്തിയ ഐതിഹാസിക ചെറുത്തുനിൽപുകളെയും പോരാട്ടങ്ങളെയും സമ്പൂർണമായും പടിക്കുപുറത്ത് നിർത്തുകയായിരുന്നു കൊളോണിയൽ ചരിത്രകാരന്മാരും ബൂർഷ്വാ ദേശീയവാദി ചരിത്രകാരന്മാരും ചെയ്തത്. രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും, ഇന്ത്യൻ ദേശീയതയുടെ കരുത്തുറ്റ പ്രതീകമായ ആദിവാസികളെ നാം അടയാളപ്പെടുത്തുകയും ഗൗനിക്കുകയും ചെയ്യുന്നില്ല എന്നു മാത്രമല്ല, അവരെ ഒന്നടങ്കം വംശഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള നയപരിപാടികളാണ് ഇന്ന് കൊണ്ടാടപ്പെടുന്നത്.
ഇന്ത്യയിലെ ഗോത്രവർഗ ജനതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാനായി 2018 ആഗസ്റ്റ് 9ന് നിയമിക്കപ്പെട്ട 13 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ഈയിടെ കേന്ദ്ര ഗവൺമെന്റ് സമർപ്പിക്കുകയുണ്ടായി. ഗോത്രജനതയുടെ ആരോഗ്യസംബന്ധിയായ സകലരംഗത്തും അതിശോച്യമായ സ്ഥിതിയാണ് ഈ സമിതി കണ്ടെത്തിയിരിക്കുന്നത്. ശിശുഹത്യയിലും മാറാരോഗങ്ങളിലും ആദിവാസി ജനത മറ്റുള്ളവരെക്കാൾ ഏറെ അവശതയിലാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പ്രാദേശിക, സംസ്ഥാന, ദേശീയ തലത്തിൽ ഈ വിഭാഗങ്ങൾക്കുവേണ്ടി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ ഒരുവിധ പങ്കാളിത്തവും ഇവർക്ക് ഇന്നും ലഭിക്കുന്നില്ല എന്നും സമിതി കണ്ടെത്തുകയുണ്ടായി. ഭരണഘടനയുടെ ശക്തമായ അഞ്ചും ആറും ഷെഡ്യൂളുകളും 244, 275 എന്നീ വകുപ്പുകളും നിലനിൽക്കേയാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നറിയുക. രാജ്യം ഏത് കക്ഷി ഭരിച്ചാലും ആദിവാസി എന്നും മുഖ്യധാരയിൽനിന്നും റദ്ദുചെയ്യപ്പെടുന്നു. സർക്കാറുകളുടെ ഒത്താശയോടെ ഇന്ത്യയിലെ വനവിഭവങ്ങളിൽ പിടിമുറുക്കുന്ന കോർപറേറ്റുകളോട് പൊരുതാൻ തികച്ചും അശക്തരായ ആദിവാസികളെ സഹായിക്കാൻ എത്തുന്നവർ ഇന്ന് സർക്കാറിന്റെ കണ്ണിൽ ഭീകരവാദികളായും നക്സലൈറ്റുകളായും അർബൻ നക്സലൈറ്റുകളായും മുദ്രകുത്തപ്പെടുന്നു. അർബൻ നക്സൽ എന്ന ഭരണകൂട നിർമിത അപവാദപദം ചാർത്തിക്കൊടുത്ത്, ഭരണകൂടത്തിന് യു.എ.പി.എ നിയമം ഉപയോഗിച്ച് ഏത് വ്യക്തിയെയും (അവർ എഴുത്തുകാരാവാം, സാംസ്കാരിക പ്രവർത്തകരാകാം, ആദിവാസികളാകാം, ദലിതരാകാം) അറസ്റ്റ് ചെയ്യാനും തുറങ്കിലടക്കാനും അധികാരമുണ്ട്.
ഇന്ത്യ ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുമാണ് 2005 ഏപ്രിലിൽ ഛത്തിസ്ഗഢിൽ നക്സൽ വിരുദ്ധ മുന്നേറ്റം എന്ന ഉദ്ദേശ്യത്തോടെ സൽവാജുദൂം തുടങ്ങുന്നത്. എന്നാൽ, ഈ 'തീവ്രവാദ വിരുദ്ധ സേന'യുടെ സകല പ്രഹരവും ഏറ്റുവാങ്ങി വനാന്തരങ്ങളിൽ മരിച്ചുവീണതും പലായനത്തിന് വിധേയരായതും നിസ്സഹായരായ ആദിവാസികളാണെന്നതാണ് സത്യം. ചുരുക്കത്തിൽ, ഖനന ആവശ്യത്തിനായി ഭൂമി ഒഴിപ്പിച്ചുകിട്ടാനുള്ള കോർപറേറ്റ് വ്യവസായികളുടെ ഫണ്ടുള്ള, അവർ നയിക്കുന്ന വൻതോക്കുകളുടെ ഒരു മാർഗമാണ് സൽവാജുദൂം.
ആദിവാസികളുടെ പോരാട്ടത്തിന് പിന്തുണക്കാൻ ഇപ്പോൾ ഒരുപാട് ആൾക്കാർ ഒന്നും അവശേഷിക്കുന്നില്ല എന്ന ഹിമാൻശു കുമാറിന്റെ വാചകം നമ്മെ നൊമ്പരപ്പെടുത്തുന്നു. 2009ലെ ഗോമ്പാഡ് സംഭവത്തിൽ അറസ്റ്റ് / ജയിൽവാസ ഭീഷണി നേരിടുന്ന ഹിമാൻശു കുമാർ ഇതിനെയൊന്നും തെല്ലും ഭയക്കുന്നില്ല എന്ന് ഏകദേശം ഒരു വ്യാഴവട്ടക്കാലം മുമ്പേ തന്നെ പറഞ്ഞിരിക്കുന്നു. ''ഒരു ആക്ടിവിസ്റ്റിനെ സംബന്ധിച്ച് ഒന്നോ രണ്ടോ വർഷം ജയിലിൽ കിടക്കുന്നത് വലിയ കാര്യമൊന്നുമല്ല. അത് സത്യത്തിൽ പ്രതിഫലമാണ്..! അറസ്റ്റ്, തകർക്കൽ എന്നിങ്ങനെയുള്ള സർക്കാറിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ ആളുകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ളതാണ്. പക്ഷേ അത് ചിലരിൽ ഫലവത്താകില്ല.''
സർവം ത്യജിച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും പതിതരായ വിഭാഗങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിൽക്കുന്ന ഹിമാൻശു കുമാറിന് നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.
പി.ടി. വേലായുധൻ ഇരിങ്ങത്ത്