Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

സ്വതന്ത്ര തിയറ്റർ സംസ്കാരവും കേരളവുംമാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് നാടകത്തെക്കുറിച്ച് എഴുതിയത് വായിച്ചു (ലക്കം: 1318). ടി.എം. എബ്രഹാമിന്റെ ‘അഹം അഹം’ എന്ന നാടകമാണ് വിഷയമാക്കിയിട്ടുള്ളതെങ്കിലും സ്വതന്ത്രമായ ‘ഒരു തിയറ്റർ സംസ്കാരം ഇവിടെ രൂപപ്പെട്ടതുമില്ല’ എന്നതിലാണ് അദ്ദേഹത്തിന്റെ ഊന്നൽ എന്നു ഞാൻ കരുതുന്നു. പലതവണ അദ്ദേഹം ഇക്കാര്യം തന്റെ ഹ്രസ്വ ലേഖനത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.എഴുപതുകളുടെ അവസാനം അവതരിപ്പിക്കപ്പെട്ടതും പ്രഫഷനൽ അഥവാ കമേഴ്സ്യൽ നാടകശാഖയിലുള്ളതുമായ ഒരു നാടകത്തിൽനിന്നാണോ ഇങ്ങനെയൊരു അന്വേഷണം തുടങ്ങേണ്ടത്? ടി.എം. എബ്രഹാം എന്ന...

Your Subscription Supports Independent Journalism

View Plans

സ്വതന്ത്ര തിയറ്റർ സംസ്കാരവും കേരളവും

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് നാടകത്തെക്കുറിച്ച് എഴുതിയത് വായിച്ചു (ലക്കം: 1318). ടി.എം. എബ്രഹാമിന്റെ ‘അഹം അഹം’ എന്ന നാടകമാണ് വിഷയമാക്കിയിട്ടുള്ളതെങ്കിലും സ്വതന്ത്രമായ ‘ഒരു തിയറ്റർ സംസ്കാരം ഇവിടെ രൂപപ്പെട്ടതുമില്ല’ എന്നതിലാണ് അദ്ദേഹത്തിന്റെ ഊന്നൽ എന്നു ഞാൻ കരുതുന്നു. പലതവണ അദ്ദേഹം ഇക്കാര്യം തന്റെ ഹ്രസ്വ ലേഖനത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

എഴുപതുകളുടെ അവസാനം അവതരിപ്പിക്കപ്പെട്ടതും പ്രഫഷനൽ അഥവാ കമേഴ്സ്യൽ നാടകശാഖയിലുള്ളതുമായ ഒരു നാടകത്തിൽനിന്നാണോ ഇങ്ങനെയൊരു അന്വേഷണം തുടങ്ങേണ്ടത്? ടി.എം. എബ്രഹാം എന്ന നാടകകൃത്തിനെയും സംവിധായകനെയും കുറച്ചു കാണുന്നതിനല്ല ഇങ്ങനെയൊരു ചോദ്യം. വടക്കേടത്ത് ഇങ്ങനെയൊരു വ്യക്തിയെ സമഗ്രമായി വിലയിരുത്തുന്നില്ല. അദ്ദേഹത്തിൽനിന്ന് തുടങ്ങുന്നുവെന്നേയുള്ളൂ. കമേഴ്സ്യൽ നാടകത്തിന്റെ അപജയത്തെ ചൂണ്ടുകയും ചെയ്യുന്നു.

സ്വതന്ത്ര തിയറ്റർ എന്ന മോഹം ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽനിന്ന് ഇതുവരെയുള്ള അതേ നാടകശാഖയിൽപെടുന്ന നാടകങ്ങളിലൂടെ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ഇടമാണോ? അല്ല എന്ന് ജോസ് ചിറമ്മൽ മുതൽ ശശിധരൻ നടുവിൽവരെയുള്ള അമച്വർ നാടക സംവിധായകർ തങ്ങളുടെ പരീക്ഷണങ്ങളുടെ ഭാഗമായി പ്രസിദ്ധ കമേഴ്സ്യൽ നാടകസംഘങ്ങളിലും ഇടപെട്ടു നോക്കിയിട്ടുണ്ട്.

നാടകം പഠിച്ചിറങ്ങിയ പലരും സംവിധാനം, അഭിനയം എന്നിവ ഉൾപ്പെടെയുള്ള പലകാര്യങ്ങളിലും കമേഴ്സ്യൽ നാടകലോകത്ത് പ്രവർത്തിച്ചു നോക്കുകയോ താൽക്കാലികമായി നിൽക്കുകയോ ചെയ്തിട്ടുണ്ട്. സ്ഥിരമായി കമേഴ്സ്യൽ നാടകത്തിന്റെ മേഖലയിലേക്കും സിനിമയിലേക്കു തന്നെയും വഴിമാറിയവരുണ്ടാകാം. പക്ഷേ, ആ ലോകത്തെ പരിഷ്കരിച്ചു പുതുക്കിയെടുക്കാനോ സ്വതന്ത്രമായ ഒരു പുതിയ തിയറ്റർ രൂപപ്പെടുത്താനോ അതല്ല വഴിയെന്ന് അങ്ങനെ പ്രവർത്തിച്ചവർക്കും പ്രവർത്തിക്കുന്നവർക്കും ഇതൊക്കെ കണ്ടു നിൽക്കുന്നവർക്കുതന്നെയും ബോധ്യമുണ്ട് എന്നു വിചാരിക്കുന്നതാവും നല്ലത്.

പുതിയതും സ്വതന്ത്രവുമായ തിയറ്റർ എന്നത് നാടകരംഗത്തുള്ള എല്ലാവരുടെയും മോഹമാണ്. സംവിധായകർ മാത്രം വിചാരിച്ചാൽ അത് സാധിക്കുമെന്നുള്ളത് അതിമോഹവുമാണ്. നിരൂപകർ, മാധ്യമങ്ങൾ, സർക്കാറിന്റെ സാംസ്കാരിക സ്ഥാപനങ്ങൾ, സർക്കാറിതര സ്ഥാപനങ്ങൾ, നാടക സംഘങ്ങൾ എന്നിവരൊക്കെയും ഇങ്ങനെയൊരു മോഹസാഫല്യത്തിനായി ഒന്നിക്കുമോ? ഇവരിൽ ചിലരെങ്കിലും ഒരുമിച്ചിരുന്ന് ആലോചനകൾ നടത്തുന്നതിനെപ്പറ്റി സങ്കൽപിക്കാനാവുമോ? പശ്ചാത്തല സൗകര്യങ്ങൾ ആവശ്യത്തിനുണ്ടാവുന്ന കാലം വരുമോ? ആവശ്യത്തിന് തുറന്ന ഇടമെങ്കിലും ലഭ്യമാവുമോ? പുതിയതെന്നല്ല, പഴയ നാടകങ്ങൾക്കും നിലനിൽക്കാൻ ഇതൊക്കെ വേണം. പുത്തരിക്കണ്ടം മൈതാനം രാഷ്ട്രീയ പാർട്ടികൾക്ക് ആയിരം രൂപ വാടകക്ക് ലഭിക്കും. നാടകസംഘങ്ങൾക്ക് അതിന്റെ ഇരട്ടിയല്ല, മൂന്നിരട്ടിയല്ല. ഒരു വലിയ സംഖ്യ വാടക നൽകണം. ഇതാണ് പ്രോത്സാഹനത്തിന്റെ അവസ്ഥ. നാടകക്കാർ ഇത്തരം ഇടങ്ങളിൽ നാടകം അവതരിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്തതിന് വേറെ കാരണങ്ങൾ തേടേണ്ടതില്ലല്ലോ.

അമച്വർ രംഗത്ത് രൂപപ്പെടുന്ന നാടകങ്ങൾ അവതരിപ്പിക്കാൻ കേരളത്തിൽ ഇടമുണ്ടോ എന്ന ചോദ്യം പലതരത്തിൽ പ്രസക്തമാണ്. ഫെസ്റ്റിവലുകളിലായാലും അല്ലെങ്കിലും അമച്വർ നാടകങ്ങൾ അവതരിപ്പിക്കുന്നിടത്ത് വലിയ ജനക്കൂട്ടത്തെ കാണാൻ കഴിയുന്നുണ്ട്. വലിയ ടിക്കറ്റ് ​െവച്ചുള്ള അവതരണങ്ങൾക്കുപോലും ആളുണ്ട്. നമുക്ക് കുറച്ചോ അധികമോ പ്രൊസീനിയം സ്റ്റേജുകളുണ്ടെന്നല്ലാതെ സർക്കാർതലത്തിലോ അല്ലാതെയോ മറ്റുതരത്തിലുള്ള സ്ഥിരം അവതരണ ഇടങ്ങൾ ഇല്ല തന്നെ. നമ്മുടെ ചർച്ചകളും പ്രൊസീനിയം നാടകങ്ങളെക്കുറിച്ചു മാത്രമാവുന്നതിൽ അത്ഭുതത്തിന് അവകാശമില്ല.

പുതിയ ഒരു നാടകം സങ്കൽപിക്കുമ്പോൾ അത് എവിടെ അവതരിപ്പിക്കും എന്ന ചിന്ത കേരളത്തിൽ പ്രധാനമായിത്തീരുന്നുണ്ട്. അവതരിപ്പിക്കാൻ ഇടം സൃഷ്ടിക്കേണ്ട ബാധ്യത കൂടി സംവിധായകൻതന്നെ ഏറ്റെടുക്കേണ്ടിവരുന്നതിനാൽ പുതിയ നാടക ചിന്തകൾ ഗർഭഗൃഹത്തിൽതന്നെ മരിച്ചുപോകുന്ന അവസ്ഥയുമുണ്ടാവാം. എത്രയോ നാടകങ്ങൾ അങ്ങനെ അവതരണത്തിനു മുമ്പേ നഷ്ടപ്പെട്ടുപോയിരിക്കും? പുതിയതും, സമൂഹവും കാലവും ആവശ്യപ്പെടുന്നതുമായ നാടകങ്ങൾ കേരളത്തിൽ ഉണ്ടാവുന്നുണ്ട്. ആസ്വാദകർ അവ കാണുകയും വേണ്ടവിധം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സ്വന്തം ഉത്തരവാദിത്തത്തിൽ സംവിധായകർതന്നെ ഉണ്ടാക്കിയെടുത്ത അവതരണ കേന്ദ്രങ്ങൾ ഉടലെടുക്കുന്നുവെന്നത് ഒട്ടും ചെറിയ കാര്യമല്ല. മാധ്യമങ്ങൾക്ക് മികച്ച നാടകങ്ങൾ കണ്ടെത്താൻ എന്തുകൊണ്ടു കഴിയുന്നില്ല എന്നത് നാടകസംഘങ്ങളോ സംവിധായകരോ ഉത്തരം പറയേണ്ട വിഷയമല്ല.

മുപ്പത്തഞ്ചു വയസ്സിനുതാഴെയുള്ളവർ ചെയ്യുന്ന നാടകങ്ങളെയെന്നല്ല, പ്രായം കുറഞ്ഞ ആ നാടക സംവിധായകരെത്തന്നെ നമ്മളറിയുമോ എന്ന ചോദ്യം നിരൂപകർ സ്വയം ചോദിക്കേണ്ടതാണ്. അവരിൽ പലരും കേരളത്തിലും കേരളത്തിനു പുറത്തുമായി പഠിച്ചവരും ഇവിടെ നാടക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമാണ്. പലപ്പോഴും അവർക്ക് നല്ല അവതരണങ്ങൾ സാധ്യമാവുന്നത് കേരളത്തിനു പുറത്താണ്.

സമീപകാലത്ത് നിരൂപകർ ഏതു നാടകങ്ങളെക്കുറിച്ച് എവിടെയെല്ലാം എഴുതി എന്ന അന്വേഷണവും പ്രസക്തമാണ്. അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന കേരള സംഗീത നാടക അക്കാദമിയിൽ ഭരത് മുരളി ഓപൺ എയർ തിയറ്റർ എന്ന പേരിൽ ഒരു അവതരണ നിലയമുണ്ട്. അടഞ്ഞടഞ്ഞ് ഇപ്പോഴത് ക്ലോസ്ഡ് ഡോർ തിയറ്ററായി മാറിയിരിക്കുന്നു.

നാടകം മണ്ണിലേക്കിറങ്ങിവരണമെന്ന് നിരൂപകർ പറയുക പതിവുണ്ടല്ലോ. മണ്ണിൽ നാടകം അവതരിപ്പിക്കാവുന്ന ഒരു സ്ഥിരം തിയറ്റർ സംവിധാനം കേരളത്തിൽ എവിടെയാണുള്ളത്? പ്രശസ്ത നിരൂപകനായ ബാലചന്ദ്രൻ വടക്കേടത്ത് നാടകത്തെക്കുറിച്ച് എഴുതാൻ തയാറാവുന്നു എന്നതു തന്നെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് അത് പ്രസിദ്ധീകരിക്കാൻ തയാറായതും നല്ല കാര്യം. അടഞ്ഞുകിടന്ന ഒരു വാതിൽ തുറന്നുകിട്ടുന്ന അനുഭവമാണ് ഇതുവഴി ഉണ്ടാവുന്നത്. ഇതുവരെ പ്രവേശനമില്ലാത്ത പുതിയ ഒരിടത്തേക്ക് ആ വാതിൽ വഴി എല്ലാവർക്കും പ്രവേശനം ലഭിക്കുമല്ലോ. പ്രവേശനം അകത്തേക്കാണോ പുറത്തേക്കാണോ ഇരുട്ടിലേക്കാണോ വെളിച്ചത്തിലേക്കാണോ എന്ന് തൽക്കാലം അറിയില്ലെങ്കിലും.

ഡോ. എം.എൻ. വിനയകുമാർ പുതൂർക്കര

കു​ടും​ബ​ശ്രീ​യെ പ​രി​ഹ​സി​ച്ച​ത് മ​തി

കു​ടും​ബ​ശ്രീ രൂ​പവത്ക​രണ​ത്തി​ന്റെ 25ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ഒ​രു പ്ര​ത്യേ​ക പ​തി​പ്പൊ​രു​ക്കി​യ​ത് എ​ന്തു​കൊ​ണ്ടും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. കു​ടും​ബ​ശ്രീ​യു​ടെ പ്ര​ാധാ​ന്യ​വും ധ​ർ​മ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്താ​ൻ ലേ​ഖ​ക​ർ​ക്കാ​യി. ഇ​തി​ന്റെ ഓ​രോ കോ​പ്പി വീ​തം ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ചി​ല​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്ക​ണം. ട്രോ​ളു​ക​ളി​​ലും പ​രി​​ഹാസ പോ​സ്റ്റു​ക​ളി​​ലു​മെ​ല്ലാം സ്ഥി​രം ക​ഥാ​പാ​ത്ര​മാ​ണ് ‘കു​ടും​ബ​​ശ്രീ ചേ​ച്ചി’.

പ​ര​ദൂ​ഷ​ണ​ത്തി​ന്റെ​യും അ​സൂ​യ​യു​ടെ​യും കു​ടും​ബ​ക​ല​ഹ സൃ​ഷ്ട​ിക​ളു​ടെ​യും മൂ​ർ​ത്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി​ട്ടാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കാ​റു​ള്ള​ത്. അ​തി​ന​പ്പു​റ​ത്തേ​ക്ക് അ​വ​ർ സ​മൂ​ഹ​ത്തി​ൽ ചെ​യ്യു​​ന്ന ധ​ർ​മ​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന​വ​ർ അ​പൂ​ർ​വം. നി​ര​ന്ത​ര പ​രി​ഹാസങ്ങ​ളാ​ൽ ത​ന്നെ കു​ടും​ബ​ശ്രീ​ക്ക് സൈ​ബ​ർ സ്​​പേ​സി​ൽ ഒ​രു നെ​ഗ​റ്റിവ് ഇ​മേ​ജ് വ​ന്നു​ചേ​ർ​ന്നി​ട്ടു​ണ്ട് എ​ന്നു​പ​റ​ഞ്ഞാ​ൽ അ​തി​ശ​യോ​ക്തി​യാ​കി​ല്ല. ഇ​ത് തി​രു​ത്താ​ൻ ഇ​ത്ത​രം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്ക് ആ​ക​ട്ടെ.

മു​ഹ​മ്മ​ദ് സാ​ദി​ഖ്, ക​ണ്ണൂ​ർ

ജിൻഷയുടെ കഥ ഗംഭീരം

പാവപ്പെട്ടവനെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും കാര്യം നേടുന്നവരുടെ കാലം കടന്നുപോകും. ചൂഷണം ചെയ്യപ്പെട്ടോൻ തലയുയർത്തി ചോദ്യങ്ങൾ ചോദിക്കുന്ന കാലം വരുകതന്നെ ചെയ്യും... ഇരുട്ടത്ത് കണ്ടത്തിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഇളനീർത്തണ്ടുകൾ ചുമലിൽ തൂക്കി ബാവലിപ്പുഴ കടക്കുന്ന തീയനെയാണ് രാഘവൻ മനസ്സിൽ കണ്ടത്.

ത​െന്റ മകൻ ഒരു തിയ്യത്തിപ്പെണ്ണുമായി ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോൾ അവന്റെ മനസ്സു മാറ്റാൻ വലിയ ഭക്തയായ നമ്പൂതിരിയുടെ ഭാര്യ കൊട്ടിയൂരപ്പന് ഇളനീർക്കുലകൾ നേർച്ച നേരുകയും അത് കൊണ്ടുപോവാൻ കുഞ്ഞിക്കണ്ണൻ എന്ന തിയ്യനെത്തന്നെ ഏൽപിക്കുകയും ചെയ്തു.

നേർച്ച വീട്ടിക്കഴിഞ്ഞ് തിരിച്ചെത്തിയാൽ കുറച്ചു ഭൂമി തരാമെന്ന് നമ്പൂതിരി വാഗ്ദാനം ചെയ്തുവെങ്കിലും ഉള്ളോട്ടുള്ള കാട്ടില് ഒരു ചാപ്പ കെട്ടാനുള്ള സ്ഥലം മാത്രമാണ് നൽകിയത്. പുറത്തു പഠിക്കാൻ പോയി തിരിച്ചെത്തിയ നമ്പൂരിച്ചെക്കൻ തന്റെ പെണ്ണിനെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്തതറിയുകയും അതിനു വേണ്ടി അമ്മ നേർന്ന നേർച്ച വീട്ടാൻ കൂട്ടുനിന്ന കുഞ്ഞിക്കണ്ണനെ ശപിക്കുകയും ചെയ്തു. അതിനുശേഷം കുഞ്ഞിക്കണ്ണന്റെ ഭാര്യ കല്ലുവെട്ട് കുഴിയിൽ വീണ് മരിക്കുകയും നമ്പൂരിച്ചെക്കന് ഭ്രാന്ത് പിടിക്കുകയും ചെയ്തു. ഇരുവരുടെയും കണ്ണീരു വീണ കാവുങ്കാട്ടിലെ ആ മണ്ണാണ് പിന്നീട് രാഘവന്റെ അച്ഛൻ കമ്മാരൻ കുറഞ്ഞ വില കൊടുത്തു വാങ്ങുന്നത്. കണിയാൻ അക്കഥ പറഞ്ഞ് മാറിത്താമസിക്കാൻ ഉപദേശിച്ചെങ്കിലും കമ്മാരൻ അത് ചെവികൊണ്ടില്ല.

‘‘ഒന്നും മാറീട്ടില്ല, അന്ന് നമ്പൂതിരീം നായരുമാണേല് ഇന്ന് പാവപ്പെട്ടവനെ പ്രലോഭിപ്പിച്ച് സ്വന്തം കാര്യം നേടുന്നത് ഭരണകൂടമാണ്.’’ ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ജിൻഷ ഗംഗയുടെ കഥ ‘ചാപ്പ’ ഗംഭീരം.

സി.പി. ചെങ്ങളായി

ഒന്നുമറിയാതെ ശബാന യാത്രയായിരുന്നെങ്കിൽ

ശബ്ന ഷാജഹാൻ എഴുതിയ ‘മരണാനന്തരം’ വായിച്ചു (ലക്കം: 1316). മരണം അവസാനമാണോ? അങ്ങനെയെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നവർ എത്രപേരുണ്ടാവും? അറിയില്ല. പക്ഷേ, ഒന്നുറപ്പാണ്. അവസാനനിമിഷം പ്രിയപ്പെട്ടവരെ ഒരിക്കൽക്കൂടി കാണാൻ ആഗ്രഹിക്കാത്തവരധികമുണ്ടാവില്ല. മറുപുറത്തിന്റെ വാതിൽ ചേർന്നടയുമ്പോൾ താക്കോൽ ചോദിച്ചുവാങ്ങി ഒരിക്കൽക്കൂടി മടങ്ങിവന്നാൽ, ആ വരവ് ഇതുവരെ കണ്ടിട്ടില്ലാത്ത, പ്രതീക്ഷകൾക്കപ്പുറമുള്ള മൂന്നാമതൊരു ലോകമാണ് തുറക്കുന്നതെങ്കിൽ..? ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്, ചില കണ്ടെത്തലുകൾ നോവിക്കുന്നുണ്ട്, കഥക്കൊടുവിൽ. എങ്കിലും ആഗ്രഹിച്ചുപോകുന്നു. ഒന്നുമറിയാതെ ശബാന യാത്രയായിരുന്നെങ്കിൽ...

സ്വപ്ന അലക്സിസ് (ഫേസ്ബുക്ക്)

സിനിമ കാണുന്നതു പോലൊരു കഥ

"സംശയങ്ങൾക്കുള്ള അവസരം നൽകാതിരിക്കുക എന്നതാണ് മികച്ച കൊലയാളിയുടെ ലക്ഷണം.’’ മാധ്യമം ആഴ്ചപ്പതിപ്പിൽ നിധിൻ വി.എൻ തന്നെ എഴുതുകയും ചിത്രീകരണം നിർവഹിക്കുകയും ചെയ്ത കഥ ‘ചാച്ചൻ’ വായിച്ചു (ലക്കം: 1318).

തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് മനോഹര വായനാനുഭവം പകർന്ന് തരാൻ കഥക്കായി. 48 ഡിഗ്രിയിൽ പനിച്ച് കിടക്കുന്ന മീനവെയിലിന്റെ പത്തിരട്ടി ചൂടുണ്ടായിരുന്നു ജോണിന്റെ ഉള്ളിലെന്ന് പറഞ്ഞ് തുടങ്ങുന്ന കഥ ജോണിയുടെ പകയിലൂടെയാണ് വളരുന്നത്. ചോളം വാറ്റിയെടുത്ത ചാരായത്തിന്റെ മണം പടർത്തിയെഴുതിയ കഥ ഒരു സിനിമ കാണുന്നതുപോലെ. കഥ വായനക്കാർക്ക് പ്രിയങ്കരമാകുന്നത് ഭാഷയുടെ തീക്ഷ്ണ സൗന്ദര്യവും പ്രമേയ വ്യത്യസ്തതയും കാരണമാണ്.

കഥാകൃത്തിന് ഭാവുകങ്ങൾ.

സന്തോഷ് ഇലന്തൂർ

കെ. ​പൊ​ന്ന്യം സ്മാ​ര​ക സാ​ഹി​ത്യ  പു​ര​സ്കാ​രം

പൊ​ന്ന്യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ കെ. ​പൊ​ന്ന്യം സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു. 2020, 2021, 2022 വ​ർ​ഷ​ങ്ങ​ളി​ലാ​യി ആ​ദ്യ പ​തി​പ്പാ​യി ഇ​റ​ങ്ങി​യ ചെ​റു​ക​ഥ സ​മാ​ഹാ​ര​ത്തി​നാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​രം. 25,000 രൂ​പ​യും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. എ​ഴു​ത്തു​കാ​ർ​ക്കോ പ്ര​സാ​ധ​ക​ർ​ക്കോ വാ​യ​ന​ക്കാ​ർ​ക്കോ സ​മാ​ഹാ​രം അ​യ​ക്കാ​വു​ന്ന​താ​ണ്. കൃ​തി​ക​ളു​ടെ മൂ​ന്നു​​ കോ​പ്പി​ക​ൾ ക​ൺ​വീ​ന​ർ, കെ. ​പൊ​ന്ന്യം സ്മാ​ര​ക സ​മി​തി, പൊ​ന്ന്യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പി.​​ഒ പൊ​ന്ന്യം, ക​ണ്ണൂ​ർ ജി​ല്ല 670541. മൊ​ബൈ​ൽ: 9496540777 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ലൈ 15നു ​മു​മ്പാ​യി അ​യ​ക്കേ​ണ്ട​താ​ണ്.

News Summary - madhyamam weekly letter