Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

വീണ്ടെടുക്കണം, രാമന്തളിയുടെ വീരപോരാളികളെ‘ചരിത്രം വെട്ടിമാറ്റിയ രക്തസാക്ഷികൾ’ എന്ന ശീർഷകത്തിൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ രാഘവൻ കടന്നപ്പള്ളി എഴുതിയ ലേഖനം വായിച്ചു (ലക്കം: 1321). രാമന്തളി വടക്കുമ്പാട് സ്ഥിതിചെയ്യുന്ന പറങ്കികളോട് ഏറ്റുമുട്ടി വീരസ്വർഗം പ്രാപിച്ച 17 രക്തസാക്ഷികളുടെ ചരിതം പുനരാവർത്തനം ചെയ്യപ്പെടുന്ന ലേഖനത്തിന് വർത്തമാനകാലത്ത് വളരെ പ്രസക്തിയുണ്ട്.കേളികേട്ട ചരിത്രകാരന്മാർ ബോധപൂർവം തമസ്കരിക്കാനും തിരസ്കരിക്കാനും ശ്രമിക്കുന്ന യഥാർഥ ചരിത്രത്തിന്റെ വീണ്ടെടുപ്പിനായി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച പ്രിയസുഹൃത്തിന് ആദ്യമേ നന്ദി പറയട്ടെ. ഒരുപാട് കാലത്തെ കഠിനാധ്വാനംകൊണ്ട് കെ.കെ....

Your Subscription Supports Independent Journalism

View Plans

വീണ്ടെടുക്കണം, രാമന്തളിയുടെ വീരപോരാളികളെ

‘ചരിത്രം വെട്ടിമാറ്റിയ രക്തസാക്ഷികൾ’ എന്ന ശീർഷകത്തിൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ രാഘവൻ കടന്നപ്പള്ളി എഴുതിയ ലേഖനം വായിച്ചു (ലക്കം: 1321). രാമന്തളി വടക്കുമ്പാട് സ്ഥിതിചെയ്യുന്ന പറങ്കികളോട് ഏറ്റുമുട്ടി വീരസ്വർഗം പ്രാപിച്ച 17 രക്തസാക്ഷികളുടെ ചരിതം പുനരാവർത്തനം ചെയ്യപ്പെടുന്ന ലേഖനത്തിന് വർത്തമാനകാലത്ത് വളരെ പ്രസക്തിയുണ്ട്.

കേളികേട്ട ചരിത്രകാരന്മാർ ബോധപൂർവം തമസ്കരിക്കാനും തിരസ്കരിക്കാനും ശ്രമിക്കുന്ന യഥാർഥ ചരിത്രത്തിന്റെ വീണ്ടെടുപ്പിനായി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച പ്രിയസുഹൃത്തിന് ആദ്യമേ നന്ദി പറയട്ടെ. ഒരുപാട് കാലത്തെ കഠിനാധ്വാനംകൊണ്ട് കെ.കെ. അസൈനാർ മാസ്റ്റർ വീണ്ടെടുത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുകൂടിയായ രാഘവൻ കടന്നപ്പള്ളി വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോൾ അതിന് കാര്യമായ ശ്രദ്ധയും മാറ്റൊലിയും ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ.

ലേഖനത്തിലെ ചില വരികൾ...

‘‘1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 333 വർഷം മുമ്പേ രാമന്തളിയിൽ വിദേശികൾക്കെതിരെ പോരാട്ടം നടന്നിരുന്നു. 1524ൽ പോർചുഗീസുകാർക്ക് നേരെയായിരുന്നു അത്. 1498ൽ വാസ്കോ ഡ ഗാമ ഇന്ത്യൻ തീരത്ത് എത്തിയപ്പോൾ ആദ്യം ദൃഷ്ടിയിൽപെട്ട ഇന്ത്യൻ ഭൂപ്രദേശം ഏഴിമലയായിരുന്നു...’’

‘‘...പോരാളികൾ മുസ്‍ലിംകളായതും അരികുവത്കരണത്തിനുള്ള കാരണമായിരിക്കാം...’’

‘‘വർഷംതോറുമുള്ള 17 ശുഹദാ മഖാം ഉറൂസിൽ മാത്രമായി ഒതുങ്ങി രാമന്തളിയുടെ നൂറ്റാണ്ടുകൾ പിന്നിട്ട പോരാട്ട ചരിത്രം. എന്നാൽ, ഒന്നര പതിറ്റാണ്ട് മുമ്പ് 17 ഖബറിടങ്ങളുടെയും ചരിത്രം തേടിയിറങ്ങിയത് റിട്ട. അധ്യാപകനും എഴുത്തുകാരനുമായ, രാമന്തളിയിലെ കെ.കെ. അസൈനാർ മാസ്റ്ററായിരുന്നു...’’

ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ: ‘‘പക്ഷേ, ആ ഖബറിടങ്ങളെ ആരാധനയുടെ പരിമിതിയിൽ തളച്ചിട്ട് അവരുടെ പിന്മുറക്കാരും ചരിത്രത്തോട് കാണിച്ചത് പൊറുക്കാനാവാത്ത നന്ദികേട്.’’

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതിചെയ്യുന്ന ഏഴിമല താഴ്വരയിൽ അന്തിയുറങ്ങുന്ന ഈ പോരാളികളോട് കേരളത്തിലെ മിക്ക ചരിത്രകാരന്മാരും നന്ദികേടുതന്നെയാണ് കാണിക്കുന്നതെന്ന് ലേഖനം പറയുന്നുണ്ട്.

‘‘രാമന്തളിയിലെ 17 ശുഹദാ മഖ്ബറ വളരെ പ്രസിദ്ധമാണ്. എട്ടിക്കുളത്ത് ​െവച്ചു പോക്കർ മൂപ്പരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടവരെ ഇവിടെയാണ് അടക്കിയത്’’ എന്ന് എഴുതിപ്പിടിപ്പിച്ച ‘മഹാനായ’ ചരിത്രകാരനോട് ഞാൻ പലതവണ നേരിട്ടും അല്ലാതെയും ചോദിച്ചിട്ടുണ്ട്. രാമന്തളിയിൽ നടന്ന പോരാട്ടം എന്തിന് അന്നത്തെ അളവനുസരിച്ച് എട്ട് നാഴിക ദൂരെയുള്ള എട്ടിക്കുളത്തേക്ക് പറിച്ചുനട്ടുവെന്ന്. ഇന്നോളം മഹാനുഭാവൻ മറുപടി തന്നിട്ടില്ല. ‘‘നിനക്കെന്തു ചരിത്രമറിയാം’’ എന്നു പുച്ഛിച്ചതല്ലാതെ.

ഒരുപാട് എഴുതാനുണ്ട്. തൽക്കാലം ഇത്രമാത്രം. എന്തായാലും ഇരുളിൽ തളച്ചിടപ്പെടുമായിരുന്ന ചരിത്രം വീണ്ടും പ്രകാശലോകത്തേക്ക് ഉയർത്തിപ്പിടിച്ച പ്രിയസ്നേഹിതന് ഒരിക്കൽ കൂടി നന്ദി.

ജലീൽ രാമന്തളി (ഫേസ്ബുക്)

ഉഷ്ണ ജീവിതങ്ങളുടെ ‘കുരിപ്പ്’

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നാരായണൻ അമ്പലത്തറയുടെ കഥ ‘കുരിപ്പ്’ വായനാവസാനത്തിൽ മനസ്സിൽ ചില കൊളുത്തിവലിക്കലുകൾ ശേഷിപ്പിച്ചാണ് കടന്നുപോകുന്നത് (ലക്കം: 1320). സാഹിത്യത്തിൽ മനുഷ്യജീവനുകളെ അതിപ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് ഏറ്റവും തീക്ഷ്ണമായി തന്നെ അനുഭവിപ്പിക്കുക എന്നയിടത്താണ് ഒരു കഥാകാരൻ വിജയിക്കുന്നത്. നൂറുകണക്കിന് കഥകൾ ദിനംപ്രതി പിറവി കൊള്ളുമ്പോൾ ചിലതുമാത്രം മനസ്സിലേക്ക് ആണിയടിച്ച് തറച്ചുകയറുന്നത് അത് നമ്മുടെ ജീവിതമാണ്/ അല്ലെങ്കിൽ ആ കഥയുടെ പരിസരം നമ്മുടെ ഇടമാണെന്ന തിരിച്ചറിവ് വരുമ്പോൾ കൂടിയാണ്. ‘കുരിപ്പി’ൽ കാണുന്നതും ഇത്തരമൊരു പരിസരംതന്നെയാണ്. കുടിയേറ്റ ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളുടെയും കടന്നൽക്കൂട്ടിലേക്ക് ഒരു തെറ്റാലി പായിച്ച് എല്ലാത്തിനെയും പുറത്തേക്ക് പായിക്കുന്ന അനുഭവം. അവിടെ ഇല്ലായ്മയും ആശ്രിതത്വവും പിടിച്ചടക്കലും ചതിയും മരണവും പകപ്പും എല്ലാം പുറത്തിടപ്പെടുന്നു. ഈ പുകച്ചിലുകൾക്കെല്ലാം ഈ കഥ ആമുഖമൊരുക്കുന്നുണ്ട്.

വടക്കൻ കേരളത്തിലെ മണ്ണിന്റെ എല്ലാ മണവും ആവാഹിച്ചെടുത്ത കഥ. വായനയിൽ ആ ഗ്രാമീണജീവിതത്തെ അപ്പാടെ വരച്ചിടുന്നതിൽ കഥ സുന്ദരമായി വിജയിക്കുന്നത് കാണാം. ജീവിതത്തിന്റെ ഉഷ്ണമേഖലകൾ ഇനിയും എഴുത്തിന് വിഷയമാകട്ടെ എന്ന് കഥാകാരനെ ആശംസിക്കുന്നു. അഭിവാദ്യങ്ങൾ.

ബാലഗോപാലൻ കാഞ്ഞങ്ങാട്

വെള്ളാപ്പള്ളി നടേശൻ വായിക്കേണ്ട ലേഖനം

വളരെ വ്യത്യസ്തമായ ഒരു സാമൂഹികപഠനമാണ് ഡോ. ജയ്മിചിത്ര കെ.എസും ലക്ഷ്മി പി.എസും ചേർന്നെഴുതിയ ‘ഇ​​ക​​ഴ്ത്ത​​ലി​​​ന്റെ ച​​രി​​ത്ര​​വും വ​​ർ​​ത്ത​​മാ​​ന​​വും രാ​​ഷ്ട്രീ​​യ​​വും’ എന്ന ലേഖനം (ലക്കം: 1321). ഈ ലേഖനം ആധുനിക ഈഴവരുടെ മിശിഹയായി നാട്ടിലുടനീളം വിഷവിത്ത് പാകിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവരാണ് വായിച്ച് പഠിക്കേണ്ടത്. രാഹുൽ ഗാന്ധി, ഇന്ദിര ഗാന്ധി, കെ.ആർ. ഗൗരിയമ്മ, പിണറായി വിജയൻ എന്നിവരെ പരിഹാസദ്യോതകമായ പദപ്രയോഗത്താൽ ഇകഴ്ത്താൻ ശ്രമി​ച്ചവരൊക്കെ മലർന്നുകിടന്ന് തുപ്പുകയാണ്. ഇവരൊക്കെ ഈ പരിഹാസങ്ങളെ അതിജയിച്ച് മുന്നേറിയവരാണ്. ഏതെങ്കിലും തരത്തിലുള്ള ഇകഴ്ത്തലുകൾ മേൽപറഞ്ഞവരുടെ ജനഹൃദയങ്ങളിലുള്ള സ്വീകാര്യതക്ക് കുറവ് വരുത്തിയതായി അനുഭവപ്പെടുന്നില്ല.

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതെ, നായനാരെ മുഖ്യമന്ത്രിയാക്കിയതിന്റെ കാരണം പുരുഷാധിപത്യമാണ്. നിയമത്തിൽ ബിരുദം നേടിയ ഗൗരിയമ്മക്ക് ജാതിപരമായും ലിംഗപരമായും നേരിടേണ്ടിവന്ന അധിക്ഷേപങ്ങളെ അതിജീവിക്കാൻ കഴിഞ്ഞിരുന്നു എന്നത് ലേഖിക കാണാതെപോയത് ഖേദകരമാണ്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിനെപോലുള്ളവർ ജാതിയുടെ പെരുമ കൊട്ടിഗ്ഘോഷിക്കുന്നത് ആപത്കരമാണ്. ഡോ. വന്ദനാദാസിന്റെ ദാരുണമരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അഭിപ്രായപ്രകടനങ്ങൾ സാക്ഷര കേരളത്തിന് നാണക്കേടായി. ഡോ. വന്ദനയെ ശിശുവത്കരിച്ചത് ജാതീയതയുടെ പേരിലാകണമെന്നില്ല. ആരോഗ്യമന്ത്രിയുടെ അനവസരത്തിലുള്ള പിടിപ്പുകേടായി കണ്ടാൽ മതി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കിയാൽ മാത്രമേ ഈഴവ സമുദായത്തിന് സംഘം ചേരാൻ കഴിയൂ. ഈഴവ സമുദായത്തെ ഭിന്നിപ്പിച്ച്, നേതൃസ്ഥാനം മരണംവരെ നിലനിർത്താൻ സകല കുതന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ ഗുരുവിന്റെ ആശയങ്ങളെ വിറ്റുതിന്നുകയാണ്. ഗുരുവിനെ ദൈവമാക്കിയവരാണ് ഗുരുവിന്റെ ജന്മശത്രുക്കൾ എന്നതാണ് യാഥാർഥ്യം.

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി

പി. ഭാസ്കരൻ ഒരസുലഭ ജ്യോതിസ്സ്

ശ്രീകുമാരൻ തമ്പിയുടെ ‘സംഗീതയാത്രകൾ’ വായിക്കുമ്പോൾ പി. ഭാസ്കരൻ എന്ന പ്രതിഭയെക്കുറിച്ച് ഓർത്തുപോയി. മലയാള ചലച്ചിത്രലോകത്തും കാവ്യലോകത്തും സൂര്യതേജസ്സോടെ ജ്വലിച്ചുനിന്ന ഒരു ഇതിഹാസമായിരുന്നു പി. ഭാസ്കരൻ മാഷ്, എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളുടെ ശിൽപിയായിരുന്ന പി. ഭാസ്കരന്റെ മെലഡികളെല്ലാംതന്നെ ആസ്വാദകമനസ്സുകളിൽ എന്നെന്നും സ്ഥാനം പിടിച്ചവയാണ്. പച്ചയായ ജീവിതപ്രതിഭാസങ്ങളെ തന്റെ തൂലികയിലൂടെ കോറിയിട്ട പി. ഭാസ്കരൻ അപാരമായ കഴിവ് ചലച്ചിത്രരംഗത്ത് പ്രകടമാക്കി. ചലച്ചിത്ര ഗാനരചനാ രംഗത്ത് എന്നും ഒറ്റയാനായി വിഹരിച്ച പി. ഭാസ്കരൻ മാഷ് എന്ന സർഗപ്രതിഭ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു പ്രതിഭാധനനായിരുന്നു. പി. ഭാസ്കരൻ മാഷ് ചലച്ചിത്രലോകത്തിന് നൽകിയ സംഭാവനകൾ മൗലികതയുടെ ദാർശനിക പരിവേഷം ചാർത്തുന്നവയാണ്. ‘‘നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം’’, ‘‘നാളികേരളത്തിന്റെ നാട്ടിലെനി​ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’’, ‘‘സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം...’’ തുടങ്ങിയ ആയിരക്കണക്കിന് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച നടനും സംവിധായകനും കൂടിയായ പി. ഭാസ്കരൻ മാഷിന്റെ നാമം സുവർണലിപികളാൽ എഴുതപ്പെട്ടതാണ്.

ആചാരി, തിരുവത്ര

ചാച്ചൻ, ഒരു ചെറിയ മനോഹര കഥ

നിധിൻ വി.എൻ എഴുതിയ ‘ചാച്ചൻ’ വായിച്ചു (ലക്കം:1318). 48 ഡിഗ്രിയിൽ പനിച്ചു കിടക്കുന്ന മീനവെയിലിനെക്കാൾ പത്തിരട്ടി ചൂടുള്ള ജോണിന്റെ മനസ്സിലെ പ്രതികാരത്തിൽനിന്നാണ് ‘ചാച്ചന്റെ’ കഥയാരംഭിക്കുന്നത്. ആറുവർഷക്കാലത്തെ ജയിൽജീവിതം കഴിഞ്ഞുള്ള ജോണിന്റെ വരവ് ഒരു നെടുവീർപ്പോടെയാണ് പീടികമുക്ക് കവല ഏറ്റെടുത്തത്. ചാച്ചന്റെ മരണവും ജോണിന്റെ അറസ്റ്റും തുടർന്നുള്ള നിഗൂഢതകളുമാണ് ചാച്ചന്റെ ഇതിവൃത്തം. തെളിവുകളെല്ലാം ജോണിനെതിരാക്കി ജോണിനെ കുടുക്കിയതാണെന്ന കാര്യം കവലയിലുള്ളവർക്കെല്ലാം അറിയാം എന്നതാണ് കവലയുടെ നെടുവീർപ്പിന് കാരണം. മനസ്സിൽ കരിമരുന്നു പ്രതലമൊരുക്കി ആറുവർഷം പോറ്റിവളർത്തിയ ജോണിന്റെ പക ലക്ഷ്യം കാണാതെ പിൻവാങ്ങുകയില്ലെന്ന് ജോണിന്റെ വരവോടെ കവലക്കു മനസ്സിലായി.

ചാച്ചനു പറയാനുള്ള കഥയിൽനിന്നാണ് കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. അവിടം മുതൽക്കാണ് കഥയുടെ കാമ്പുള്ള ഭാഗവും.

‘‘സ്നേഹിക്കാൻ പഠിക്കുമ്പോഴാടാ ഒരു മനുഷ്യൻ വളർന്നുതുടങ്ങുന്നത്’’ എന്ന ചാച്ചന്റെ അനുഭവം കഥയെ വല്ലാതെ തൊടുന്നുണ്ട്. വായനക്കാരനു മാത്രം പൂരിപ്പിക്കാൻ പാകത്തിൽ ചില നിശ്ശബ്ദതകളുണ്ട് കഥയിൽ. അത്തരം നിശ്ശബ്ദതകൾ കഥയെ പുതുക്കുന്നുണ്ട്. അഞ്ചു ഭാഗങ്ങളായി കഥയെ തിരിക്കുന്നുണ്ടെങ്കിലും ഒരു ചെറിയ മനോഹര കഥയാണ് ചാച്ചൻ!

അജിത് പ്രസാദ് ഉമയനല്ലൂർ

ചിരിയോടൊപ്പം ഞെട്ടലും ഉണ്ടാക്കിയ കഥ

വി.എസ്. അജിത്തിന്റെ കഥകൾ കണ്ടാൽ ഓടിപ്പോയി വായിക്കുന്ന ശീലമുണ്ട്. എല്ലാവരും കരച്ചിലും സഹാനുഭൂതിയും അരികുവത്കരിക്കപ്പെട്ടവരോടുള്ള പരിഗണനയും വിപ്ലവവും ഒക്കെ കഥകളിൽ നിറക്കുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായി വർത്തമാനകാല ജീവിതത്തിലെ ചില പ്രത്യേക സന്ദർഭങ്ങളെ നർമപ്രധാനമായി അവതരിപ്പിക്കുന്ന രീതി അജിത്തിനുണ്ട്.

ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ‘ഭാര്യാ രക്ഷതി യൗവനേ’ എന്ന കഥ പക്ഷേ ചിരിയോടൊപ്പം ഞെട്ടലും ഉണ്ടാക്കി. കാമുകനായിരിക്കുന്ന പുരുഷന്റെ മേൽ സ്ത്രീ നടത്തുന്ന സ്വാർഥമായ ആധിപത്യത്തിന്റെ വൻ മുറുക്കങ്ങൾ ഇതിലും നന്നായി എഴുതി അവതരിപ്പിക്കാൻ കഴിയില്ല. വിവാഹിതനായ പുരുഷനെ അയാളുടെ ജീവിതത്തിൽ സ്പേസ് കൊടുക്കേണ്ട ആളുകളിൽനിന്ന് പൂർണമായും അടർത്തി പിടിച്ചെടുക്കുന്ന രീതിയുള്ള കാമുകി. അയാൾ തന്റേതായിരിക്കണമെന്ന് വാശി പിടിക്കുകയും തന്റെ ഇഷ്ടത്തിന് പെരുമാറുകയും ചെയ്യണമെന്ന് ചിന്തിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് ഇതിലുള്ളത്. ഭർത്താവ് എന്ന നിലയിൽ അയാൾക്ക് ഉണ്ടായിക്കൂടാത്ത പലതും ഭാര്യ എന്ന നിലയിൽ തനിക്ക് ഉണ്ടാകാം എന്നുകൂടി കാമുകി വാദിക്കുന്നുണ്ട്. താൻ നിഷ്കളങ്കയും അയാൾ കള്ളനുമത്രേ.

കാമുകനായ പുരുഷന്റെ ഭാര്യയെ സാധനം എന്ന് കാമുകി സംബോധന ചെയ്യുന്നതാണ് എന്നെ ഞെട്ടിച്ചത്.! എത്രമാത്രം സ്ത്രീവിരുദ്ധതയാണ് ആ സ്ത്രീയുടെ ഉള്ളിലുള്ളതെന്ന (പ്രസ്തുത കാമുകിയുടെ) തിരിച്ചറിവ് വല്ലാത്തൊരാഘാതമായി. ഇങ്ങനെയുള്ള കാമുകിമാരും കാമുകന്മാരും ധാരാളം സമൂഹത്തിലുണ്ട് എന്നറിയാം. വിവാഹിതരുടെ പ്രണയം പലപ്പോഴും ദുരന്തമാകുന്നത് ഇത്തരക്കാരിലൂടെയാണ്.

ക്രൂരമായ സ്വാർഥതയുള്ള ഒരു സ്ത്രീയുടെ പിടിയിൽപെട്ട് അനങ്ങാനും തിരിയാനും പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന കാമുകൻ, അയാളുടെ മാനസികാവസ്ഥ വളരെ നന്നായിതന്നെ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുപേർ തമ്മിലുള്ള സംഭാഷണ സന്ദർഭത്തിലൂടെയാണ് കഥയുടെ പ്രമേയം അനാവൃതമാകുന്നത് എന്ന പ്രത്യേകതയുണ്ട്. ഇതിൽ പുരുഷൻ ആരാണ് സ്ത്രീ ആരാണെന്ന് കുറച്ച് വായിച്ചു കഴിയുമ്പോൾ നമുക്ക് മനസ്സിലാകും. അവർ തമ്മിലുള്ള ബന്ധവും. ഇതൊന്നും കഥാകൃത്ത് നേരിട്ട് വിശദീകരിക്കുന്നില്ല.

ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ആളുകൾ ഇങ്ങനെയാണ് പെരുമാറുന്നത് എങ്കിൽ മനുഷ്യർ വല്ലാതെ നട്ടംതിരിഞ്ഞുപോവുകയേയുള്ളൂ. പ്രത്യേകിച്ചും വിവാഹിതരായവർ. എന്തായാലും ഭാര്യയോടൊപ്പം നിൽക്കാൻ അയാൾക്ക് പെർമിഷൻ ഉണ്ട്. താനില്ലാത്ത സമയത്ത് വേറാരേം നോക്കാതെ അവള് ശ്രദ്ധിച്ചോളുമല്ലോ! ഭാര്യാ രക്ഷതി യൗവനേ.

ആശ ബി

വെട്ടിത്തിളങ്ങുന്ന കഥ

ജനാധിപത്യത്തിന് പുതിയൊരു നിര്‍വചനം തീർത്ത് ഗ്രേസി കോറിയിട്ട ‘ജനാധിപത്യം’ എന്ന കഥയും അതിന്‌ കെ.എന്‍. അനില്‍ വരച്ചുചേര്‍ത്തിരിക്കുന്ന ചിത്രവും പിക്കാസോയുടെ മാസ്റ്റർപീസായ ‘ഗൂർണിക്ക’പോലെ സഹൃദയമനസ്സുകളില്‍ അനുരണനങ്ങള്‍ തീര്‍ക്കും – സംശയമില്ല (ലക്കം 1321). ജീവനുള്ള ഈ കഥ പ്രതിഭയുടെ മൂശയിലിട്ട് ഉരുക്കി യോജിപ്പിച്ചിരിക്കുന്ന പദപ്രയോഗങ്ങളാൽ സമ്പുഷ്ടമാണ്. തന്നെ നോക്കാനേൽപിച്ചിരിക്കുന്ന ആടുകള്‍ കടുവയുടെ പിടിയിലായതു കണ്ട്‌ ചകിതനായ പാലനോട് ‘‘ഞങ്ങള്‍ മൃഗങ്ങള്‍ നിങ്ങള്‍ മനുഷ്യരെപ്പോലെയല്ല, വിശന്നാല്‍ മാത്രമേ ഇര തേടുകയുള്ളൂ’’ എന്ന് കോട്ടുവായിട്ടുകൊണ്ട് കടുവ പറയുമ്പോള്‍ അവന്റെ ഉള്ളുരുകുന്നു. ആടുകളെ വിട്ടുകിട്ടാന്‍ തോക്കെടുക്കണോ, മുദ്രാവാക്യം വിളിക്കണോ എന്നറിയാതെ അവന്‍ യജമാനന്‍റെ വീട്ടിലേക്ക് കുതിക്ക​ുന്നു എന്നെഴുതിക്കൊണ്ട് കഥ അവസാനിച്ചപ്പോൾ എന്റെ ഉള്ളിൽനിന്നൊരു ചുടുനിശ്വാസം പുറത്തേക്ക് ചാടി. ഇന്ദ്രനീല കല്ലുപോലെ തിളങ്ങുന്ന ഈ കഥയിലൂടെ മലയാള ചെറുകഥാ സാഹിത്യം ഇടിമിന്നല്‍പോലെ വെട്ടിത്തിളങ്ങുന്നത് ഞാൻ കാണുന്നു. വായനദിനത്തിൽ തന്നെ ഇത്ര ആർജവമുള്ള ഒരു കഥയുമായി ഇറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിന് എന്റെ അനുമോദനങ്ങൾ.

സണ്ണി ജോസഫ്‌, മാള

അറിയിപ്പ്​

കവിത രചനാ മത്സരം

കലൂർ വീനസ് ലൈബ്രറി നടത്തുന്ന സംസ്ഥാനതല കവിത മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് വീനസ് കാവ്യശ്രീ പുരസ്കാരമായി കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. വിഷയനിബന്ധനയില്ല. 30 വരിയിൽ കവിയരുത്. കവിതകളുടെ മൂന്ന് കോപ്പികൾ 2023 ജൂലൈ 15നകം കിട്ടത്തക്ക വിധത്തിൽ അയക്കണം . വിലാസം: കൺവീനർ, വീനസ് കാവ്യശ്രീ പുരസ്‌കാരം, വീനസ് ലൈബ്രറി, കാട്ടയിൽ റോഡ്, കലൂർ, കൊച്ചിൻ -682017. Mob: 8593954539.

കെ. പൊന്ന്യം സ്മാരക സാഹിത്യ പുരസ്കാരം

പൊന്ന്യം സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ കെ. പൊന്ന്യം സ്മാരക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2020-21, 2022 വർഷങ്ങളിലായി ആദ്യ പതിപ്പായി ഇറങ്ങിയ ചെറുകഥ സമാഹാരത്തിനാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. 25,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർക്കോ പ്രസാധകർക്കോ വായനക്കാർക്കോ സമാഹാരം അയക്കാവുന്നതാണ്. കൃതികളുടെ 3 കോപ്പി കൺവീനർ, കെ. പൊന്ന്യം സ്മാരക സമിതി, പൊന്ന്യം സർവീസ് സഹകരണ ബാങ്ക്, പി.ഒ പൊന്ന്യം, കണ്ണൂർ ജില്ല, 670 641, മൊബൈൽ: 9496540777 എന്ന വിലാസത്തിൽ ജൂലൈ 15ന് മുമ്പായി ലഭിക്കണം.

നോവല്‍ പുരസ്‌കാരം

പ്രതിച്ഛായ ദ്വൈവാരികയുടെ രണ്ടാമത് നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. രചനകള്‍ മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തവയുമായിരിക്കണം. പരിഭാഷയോ പുനരാഖ്യാനമോ പരിഗണിക്കുന്നതല്ല. പ്രായപരിധിയില്ല. രചനകളുടെ ഡി.ടി.പി ചെയ്ത പ്രിന്റാണ് അയക്കേണ്ടത്. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 5, 2023.

‘പ്രതിച്ഛായ നോവല്‍ പുരസ്‌കാരം’ എന്നു കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കണം. വിലാസം: പ്രതിച്ഛായ ദ്വൈവാരിക, പാലസ് റോഡ്, കോട്ടയം -1, അന്വേഷണങ്ങള്‍ക്ക്: 9496379496.

News Summary - madhyamam weekly letter