Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

അൺനോൺ സൊസൈറ്റിയെ ഓർക്കുമ്പോൾപ്രേംചന്ദിന്റെ ‘കാലാന്തര’ത്തിലെ ഓർമചിത്രങ്ങൾ കൗതുകപൂർവം വായിക്കാറുണ്ട്. ഗൃഹാതുരമാണ് പല ചിത്രങ്ങളും. കുന്നിക്കൽ പുരുഷോത്തമന്റെ ‘അൺനോൺ സൊസൈറ്റി’യെക്കുറിച്ചുള്ള പരാമർശം (ലക്കം: 1323) അത്തരം ചിത്രങ്ങളിലൊന്നാണ്. വിചിത്രമായ ആ സൊസൈറ്റിയുടെ കോഴിക്കോട് നടന്ന ഉദ്ഘാടന സമ്മേളനത്തിലെ സദസ്സിൽ ശ്രോതാവായി ഈ ലേഖകനുമുണ്ടായിരുന്നു. ‘പ്രബോധനം’ വാരികയിൽ അന്ന് ലേഖകന്റെ സഹപ്രവർത്തകനായിരുന്ന പ്രഫ. പി. കോയയുടെ (ഇപ്പോൾ തിഹാർ ജയിലിൽ) കൂടെയാണ് യോഗത്തിൽ പ​ങ്കെടുത്തത്. ദേവഗിരി കോളജിൽ കോയയുടെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. ഷെപ്പേഡ് യോഗത്തിലെ മുഖ്യപ്രഭാഷകരിലൊരാളായിരുന്നു....

Your Subscription Supports Independent Journalism

View Plans

അൺനോൺ സൊസൈറ്റിയെ  ഓർക്കുമ്പോൾ

പ്രേംചന്ദിന്റെ ‘കാലാന്തര’ത്തിലെ ഓർമചിത്രങ്ങൾ കൗതുകപൂർവം വായിക്കാറുണ്ട്. ഗൃഹാതുരമാണ് പല ചിത്രങ്ങളും. കുന്നിക്കൽ പുരുഷോത്തമന്റെ ‘അൺനോൺ സൊസൈറ്റി’യെക്കുറിച്ചുള്ള പരാമർശം (ലക്കം: 1323) അത്തരം ചിത്രങ്ങളിലൊന്നാണ്. വിചിത്രമായ ആ സൊസൈറ്റിയുടെ കോഴിക്കോട് നടന്ന ഉദ്ഘാടന സമ്മേളനത്തിലെ സദസ്സിൽ ശ്രോതാവായി ഈ ലേഖകനുമുണ്ടായിരുന്നു. ‘പ്രബോധനം’ വാരികയിൽ അന്ന് ലേഖകന്റെ സഹപ്രവർത്തകനായിരുന്ന പ്രഫ. പി. കോയയുടെ (ഇപ്പോൾ തിഹാർ ജയിലിൽ) കൂടെയാണ് യോഗത്തിൽ പ​ങ്കെടുത്തത്. ദേവഗിരി കോളജിൽ കോയയുടെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. ഷെപ്പേഡ് യോഗത്തിലെ മുഖ്യപ്രഭാഷകരിലൊരാളായിരുന്നു. ഇംഗ്ലീഷ് അധ്യാപകനെന്ന നിലയിൽ അക്കാലത്ത് ഷെപ്പേഡ് വളരെ പ്രശസ്തനായിരുന്നു. റിട്ടയർമെന്റിനുശേഷം അദ്ദേഹം ആസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ഷെപ്പേഡിനെ കേൾക്കുകയായിരുന്നു യോഗത്തിൽ പ​ങ്കെടുക്കാനുള്ള കോയയുടെ പ്രചോദനം. യോഗം തുടങ്ങുന്നതിന് മുമ്പുതന്നെ ഞങ്ങൾ ഹാളിലെത്തി. കോയയെ കണ്ടതും ഷെപ്പേഡ് മാഷ് ഹാൻഡ്ഷേക്ക് ചെയ്ത് ‘‘യു.ആർ സ്റ്റിൽ എ യങ് ചാപ്പ്’’ എന്ന് പറഞ്ഞ​പ്പോൾ ഞാൻ കോയയെ ഒന്ന് നുള്ളി. പി. കുഞ്ഞിരാമൻ നായരുടെ മറ്റൊരു ‘വേർഷൻ’ എന്ന നിലയിലുള്ള ‘പ്രശസ്തി’യും അന്ന് ഷെപ്പേഡിനുണ്ടായിരുന്നു.

പി.പി. ഉമ്മർകോയയാണ് യോഗം ഉദ്ഘാടനം ചെയ്തതെന്നാണ് ഓർമ. ദുന്നൂൻ മിസ്‍രി എന്ന സൂഫിയുടെ കഥ പറഞ്ഞുകൊണ്ട് സദസ്സിനെ ആത്മീയതയുടെ ഔന്നത്യത്തിലേക്ക് എടുത്തുയർത്തിയ ഉമ്മർകോയയുടെ ഒരു മണിക്കൂർ നീണ്ടുനിന്ന ആ പ്രഭാഷണം മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു. ഹജ്ജ് തീർഥാടനത്തിനായി അറഫയിലെത്തിയ ദുന്നൂൻ മിസ്‍രി ആ വർഷത്തെ ഏറ്റവും സ്വീകാര്യമായ ഹജ്ജ് ആരുടേതാണെന്ന് ദൈവവുമായുള്ള ആത്മഭാഷണത്തിൽ ആരാഞ്ഞപ്പോൾ ലഭിച്ച വെളിപാട് ബഗ്ദാദിലെ ഇന്ന തെരുവിലെ അഹ്മദ് എന്ന ചെരിപ്പുകുത്തിയുടേതെന്നായിരുന്നു. തീർഥാടനാന്തരം ദുന്നൂൻ മിസ്‍രി ബഗ്ദാദിലെ തെരുവുകളിലൂടെ ആ ചെരിപ്പുകുത്തിയെ തേടി അലഞ്ഞു. ഒടുവിൽ അഹ്മദിനെ കണ്ടെത്തിയപ്പോൾ താൻ ആ വർഷം ഹജ്ജി​നേ വന്നിട്ടില്ലെന്നായിരുന്നു അയാളുടെ മറുപടി. ആ വർഷത്തെ ഹജ്ജിനായി അനേകവർഷത്തിലെ അധ്വാനത്തിൽനിന്ന് ഒരു സംഖ്യ അയാൾ മിച്ചംവെച്ചിരുന്നു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞിരുന്ന അയാൾ ഒരുദിവസം അയൽവീട്ടിൽനിന്ന് പൊരിച്ച മാംസത്തിന്റെ മണം അനുഭവപ്പെട്ടപ്പോൾ അതിൽനിന്ന് അൽപം നേടിയെടുക്കാനായി അവിടെ ചെന്നു. പക്ഷേ, അയൽക്കാരൻ അയാൾക്ക് അതിന്റെ പങ്ക് കൊടുക്കാൻ വിസമ്മതിച്ചു. അത് തെരുവിൽ ചത്തുകിടന്ന ഒരു ആടിന്റെ മാംസമായിരുന്നു. കുഞ്ഞുകുട്ടികളടങ്ങിയ കുടുംബം ദിവസങ്ങളായി പട്ടിണിയിലായിരുന്നു. വിശന്നുപൊരിഞ്ഞ ആ കുട്ടികൾക്ക് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പുറത്തിറങ്ങിയപ്പോൾ ആ ആടിന്റെ ശവമാണ് അയാളെ സ്വാഗതം ചെയ്തത്. ആരും കാണാതെ അതിനെ വീട്ടിൽ കൊണ്ടുവന്ന് തോലുരിഞ്ഞ് വേവിച്ച് കുട്ടികളെ തീറ്റുമ്പോഴുള്ള മണമാണ് അഹ്മദിന്റെ വീട്ടിലെത്തിയത്. ഈ കഥ കേട്ട് ചെരിപ്പുകുത്തി ആ വർഷത്തെ ഹജ്ജിനുവേണ്ടി സമ്പാദിച്ച പണമത്രയും തന്റെ അയൽക്കാരന് കൊണ്ടുകൊടുത്തു. ദൈവം സ്വീകരിച്ച ആ ഹജ്ജിന്റെ കഥ അതായിരുന്നു.

ഉമ്മർകോയ സ്വതഃസിദ്ധമായ ഭാഷയിൽ വികാരഭരിതനായി ആ യോഗത്തിൽ അവതരിപ്പിച്ച കഥയുടെ ചുരുക്കമാണ് മുകളിൽ പറഞ്ഞത്. ഷെപ്പേഡ് അടക്കം പലരും അന്ന് പ്രസംഗിച്ചുവെങ്കിലും അൺനോൺ സൊസൈറ്റിയുടെ ബാക്കിപത്രമായി ഇന്നും മനസ്സിലുള്ളത് ആ പ്രഭാഷണം മാത്രമാണ്.

കോഴിക്കോട് ശൈഖിന്റെ പള്ളിയിലെ ‘അപ്പവാണിഭ നേർച്ച’യുടെ ഉടമസ്ഥനായിരുന്ന കാദിരിക്കോയയായിരുന്നു ‘അൺ നോൺ സൊസൈറ്റി’യുടെ മറ്റൊരു ഭാരവാഹി. അപ്പവാണിഭ നേർച്ച കാദിരിക്കോയ പിന്നീട് നന്തിയിലെ സമസ്ത ഇ.കെ വിഭാഗത്തിന്റെ അറബി കോളജിനെ നടത്താൻ ഏൽപിച്ചതായാണറിവ്. ‘അൺ നോൺ ​സൊസൈറ്റി’യെ പരിചയപ്പെടുത്തുന്ന, ശ്രീചക്രംപോലെയുള്ള ഡയഗ്രത്തോടുകൂടിയ ഒരു ലഘുലേഖ ഉദ്ഘാടന യോഗത്തിൽ വിതരണം ചെയ്തിരുന്നു. പുതിയതെന്തും ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുന്ന പതിവനുസരിച്ച് അതും പ്രബോധനം ലൈബ്രറിയിൽ ‘എൻട്രി’ ചെയ്തിരുന്നു. ഈ കുറിപ്പെഴുതുമ്പോൾ അത് റഫർ ചെയ്യാൻ അവരുടെ ലൈബ്രറിയിൽ പരതിയപ്പോൾ അതിന്റെ പൊടിപോലുമില്ല. അന്നത് വായിച്ചപ്പോൾ ‘ഇരുട്ടിൽ ഇല്ലാത്ത കരിമ്പൂച്ചയെ തിരയുന്ന’ ‘ലക്ഷണമൊത്ത ഫിലോസഫി’യായാണ് അതനുഭവപ്പെട്ടിരുന്നത്. ഉദ്ഘാടനത്തിനുശേഷം പേരുപോലെത്തന്നെ ‘അൺനോണാ’യിത്തീരാനായിരുന്നു അതിന്റെ വിധി.

കുന്നിക്കൽ കുടുംബത്തെ പരാമർശിക്കുമ്പോൾ കുന്നിക്കൽ നാരായണനെയും ഓർക്കുക സ്വാഭാവികം. ബംഗ്ലാദേശ് യുദ്ധകാലത്ത് 1971ൽ ദേശരക്ഷാ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജമാഅത്തെ ഇസ്‍ലാമി കേരള അമീറായിരുന്ന കെ.സി. അബ്ദുല്ല മൗലവിയെയും കുന്നിക്കൽ നാരായണനെയും കണ്ണൂർ സെൻട്രൽ ജയിലിൽ ഒരേ സെല്ലിലാണ് തടവിലാക്കപ്പെട്ടിരുന്നത്. യുദ്ധം കഴിഞ്ഞപ്പോൾ നാരായണന് മുമ്പേ മൗലവി ജയിൽമുക്തനായി. അക്കാലത്ത് ജയിലിൽനിന്ന് നാരായണൻ മൗലവിക്കയച്ച കത്തുകളിലൊന്നിൽ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ്-ഷോവനിസ്റ്റ് സ്വഭാവത്തെക്കുറിച്ച് ദീർഘമായി ഉപന്യസിച്ചത് വായിച്ചതോർക്കുന്നു. മരിക്കുന്നതുവരെ കുന്നിക്കൽ നാരായണൻ കെ.സിയുമായുള്ള ഊഷ്മളബന്ധം നിലനിർത്തുകയും സൗകര്യം കിട്ടുമ്പോഴെല്ലാം കെ.സിയെ ചേന്ദമംഗലൂരിലെ വീട്ടിൽ സന്ദർശിക്കുകയും ചെയ്തിരുന്നതായറിയാം.

വി.എ. കബീർ

വേറിട്ടൊരു വായനാനുഭവം

ജന്മിത്തത്തിന്റെയും ജാതീയതയുടെയും മസ്തകങ്ങളെ, വിപ്ലവത്തിന്റെ വില്ലുവണ്ടികൊണ്ട് ഇടിച്ചുനിരത്തിയ മഹാത്മാ അയ്യൻകാളിയുടെ അക്ഷര ഇടപെടലായ ‘സാധുജന പരിപാലിനി’യുമായി ബന്ധപ്പെട്ട ചാരംമൂടിക്കിടന്ന ചരിത്രസത്യങ്ങളെ പുറത്തു കൊണ്ടുവന്ന (ലക്കം: 1327) ചെറായി രാമദാസിന്റെ അന്വേഷണം അവസരോചിതമായ ഒരു നവോത്ഥാന പ്രവർത്തനമായി അടയാളപ്പെടുത്താൻ പറ്റുന്ന ഒന്നാണ്.

ഒപ്പം ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ഓർമകൾ നിറഞ്ഞു തുളുമ്പിയ വരികളിൽ വൈകാരികത നിറച്ച കുറിപ്പുകളും വേറിട്ട ഒരു വായനാനുഭവമായി എന്ന് പറയാതെ വയ്യ.

ഇസ്മായിൽ പതിയാരക്കര

എന്റെയുൾപ്പെടെയുള്ളവരുടെ ജീവിതം ഈ കഥയിലുണ്ട്

തോലിൽ സുരേഷിന്റെ കഥ ‘വിവേകമുള്ള പക്ഷിയുടെ ദിശ’ വായിച്ചു (ലക്കം: 1325). നല്ല ഒഴുക്കുള്ള ഭാഷ. മലബാർ കലാപത്തിന്റെ ഭൂതകാലമുള്ള കനോലി പാലവും വയലുകളും പറങ്കിമാവിൻ തോട്ടങ്ങളുമൊക്കെ ഐസഫ് മാഷിന്റെ സാന്നിധ്യത്താൽ മറ്റൊരു ഭൂപടം നിർമിക്കുന്നതായി തോന്നി. ഇമാനുവും യോസഫുമൊക്കെ ജീവിതത്തിലെ ചെറിയ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ആത്മബോധം കഥയുടെ രാഷ്ട്രീയത്തെ നിർണയിക്കുന്നു. ഈ കഥ വായിച്ചപ്പോൾ സി.വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം ഓർമവന്നു. എൺപതുകളിലെയും തൊണ്ണൂറുകളുടെ ആദ്യപാദത്തിലെയും ശരാശരി സ്കൂൾ വിദ്യാർഥിയുടെ, എന്റെയുൾപ്പെടെയുള്ളവരുടെ ജീവിതം ഈ കഥയിലുണ്ട്. വാമദേവൻ മാഷ്, കുട്ടനാട് പോലുള്ള നാമപദങ്ങൾ ഇല്ലെങ്കിൽ ഈ കഥയുടെ പശ്ചാത്തലം സാർവലൗകികമായി വായിക്കപ്പെടുമായിരുന്നു. കഥാസന്ദർഭവും ബിബ്ലിക്കൽ പശ്ചാത്തലവുംകൊണ്ട് ലോകത്തെവിടെയും സംഭവിക്കാവുന്ന, സംവദിക്കുന്ന ഒരു പ്ലോട്ടും രചനാതന്ത്രവും ഈ കഥക്കുണ്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. മുപ്പതു വർഷത്തെ പഴക്കം തോന്നാത്ത വിധത്തിൽ ആഖ്യാനത്തിലും പ്രമേയത്തിലും ഈ കഥ സമകാലികതയിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

ഡോ. ഒ.കെ. സന്തോഷ് (ഫേസ്ബുക്ക്)

അറിയിപ്പ്

ഔവ്വർ സാഹിത്യ അവാർഡ്

ആലപ്പുഴ ഔവ്വർ ലൈബ്രറി നൽകുന്ന സാഹിത്യ അവാർഡിന് ചെറുകഥകൾ ക്ഷണിക്കുന്നു. പ്രസിദ്ധീകരിക്കാത്ത മൗലിക രചനകളാണ് പരിഗണിക്കുക. 11,111 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ആഗസ്റ്റ് മാസത്തിൽ ഔവ്വർ ലൈബ്രറിയുടെ 56ാം വാർഷിക ഭാഗമായുള്ള വേദിയിൽ സമ്മാനിക്കുന്നതാണ്. ചെറുകഥ ബയോ​േഡറ്റ സഹിതം 2023 ആഗസ്റ്റ് 10നകം സെക്രട്ടറി, ഔവ്വർ ലൈബ്രറി, ചെട്ടിക്കാട്, പാതിരപ്പള്ളി, പി.ഒ. ആലപ്പുഴ 688521 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. ഫോൺ: 7012850960, 9446710533, 9496885630. ഇ-മെയിൽ: ourlibraryalpy@gmail.com.

News Summary - madhyamam weekly letter