എഴുത്തുകുത്ത്
കലാകാരന്റെ സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ മഹേഷ് നാരായണനുമായി സഫ്‍വാൻ റാഷിദ് നടത്തിയ സംഭാഷണം വായിച്ചു (ലക്കം: 1328). യഥാർഥ സംഭവങ്ങളുമായി ബന്ധമുള്ള വിഷയങ്ങൾ സിനിമയാക്കുമ്പോൾ വന്നുപോയ പിഴവുകൾക്ക് ന്യായീകരണമായി സംവിധായകൻ പലപ്പോഴും പറയുന്നത് കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. തീർച്ചയായും തന്റെ ആവിഷ്കാരങ്ങൾക്ക് കലാകാരന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവിടെയും ചില പരിധികളുണ്ട്. കാരണം ബീമാപള്ളി വെടിവെപ്പായാലും, ഇറാഖിൽനിന്നും തിരിച്ചെത്തിയ നഴ്സുമാരുടെ ജീവിതമായാലും കേരളീയ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ അത്തരം...
Your Subscription Supports Independent Journalism
View Plansകലാകാരന്റെ സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്
ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ മഹേഷ് നാരായണനുമായി സഫ്‍വാൻ റാഷിദ് നടത്തിയ സംഭാഷണം വായിച്ചു (ലക്കം: 1328). യഥാർഥ സംഭവങ്ങളുമായി ബന്ധമുള്ള വിഷയങ്ങൾ സിനിമയാക്കുമ്പോൾ വന്നുപോയ പിഴവുകൾക്ക് ന്യായീകരണമായി സംവിധായകൻ പലപ്പോഴും പറയുന്നത് കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.
തീർച്ചയായും തന്റെ ആവിഷ്കാരങ്ങൾക്ക് കലാകാരന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവിടെയും ചില പരിധികളുണ്ട്. കാരണം ബീമാപള്ളി വെടിവെപ്പായാലും, ഇറാഖിൽനിന്നും തിരിച്ചെത്തിയ നഴ്സുമാരുടെ ജീവിതമായാലും കേരളീയ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങൾ സിനിമയിലേക്കെത്തിക്കുമ്പോൾ തികഞ്ഞ സൂക്ഷ്മതയും സത്യസന്ധതയും പുലർത്തേണ്ട ബാധ്യത സംവിധായകനുണ്ട്. സംവിധായകൻ തന്റെ സിനിമകൾ യഥാർഥ സംഭവങ്ങൾ അല്ല എന്ന് പറഞ്ഞാൽ പോലും കാണുന്ന എല്ലാവർക്കും സിനിമ പറയുന്നത് എന്താണെന്ന് അതിവേഗം ഗ്രഹിച്ചെടുക്കാനാകുന്നുണ്ട്. ഫിക്ഷന്റെ അനന്തസാധ്യതകളും തന്റെ രാഷ്ട്രീയ വീക്ഷണങ്ങളും യഥാർഥ സംഭവങ്ങളോട് കലർത്തുമ്പോൾ അവിടെ പ്രേക്ഷകന് സത്യമേത്, ഫിക്ഷനേത് എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ മാധ്യമമാണ് സിനിമയെന്ന് പറയാറുണ്ട്. തീർച്ചയായും സിനിമകൾ വലിയ സ്വാധീനം സമൂഹത്തിൽ ചെലുത്തുന്നുണ്ട്. ബീമാപള്ളി വെടിവെപ്പായാലും നഴ്സുമാരുടെ സംഭവമായാലും ഇനിയൊരു തലമുറ അത് ഓർക്കുമ്പോൾ അവരുടെ മനസ്സിൽ സിനിമയിലെ രംഗങ്ങൾകൂടി പതിയുമെന്നതാണ് യാഥാർഥ്യം.
സാജിദ്, മലപ്പുറം
എം.ടിയെ വായിക്കുമ്പോൾ
മലയാളത്തിലെ സർഗപ്രതിഭ എം.ടി. വാസുദേവൻ നായരുടെ നവതി ആഘോഷവേളയിൽ മാധ്യമം ആഴ്ചപ്പതിപ്പ് ഒരുക്കിയ വിഭവങ്ങൾ നല്ല വായനാനുഭവമായി (ലക്കം: 1326). എം.ടിയെ കുറിച്ചുള്ള രണ്ട് പ്രധാന ലേഖനങ്ങൾ രണ്ടു ധ്രുവങ്ങളിൽ നിന്നുകൊണ്ടുള്ളതായിരുന്നു. കവിയും ഗാനരചയിതാവും ഭരണതന്ത്രജ്ഞനുമായിരുന്ന കെ. ജയകുമാർ എഴുതിയ ‘കാലത്തിന്റെ ദർപ്പണം’ എം.ടിയുടെ സാഹിത്യസപര്യയെ ഭംഗിയായി വരച്ചിട്ടു. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപർ എന്നീ നിലയിലൊക്കെയുള്ള എം.ടിയുടെ പ്രവർത്തനങ്ങളെയും സംഭാവനകളെയും കെ. ജയകുമാറിന്റെ ലേഖനം ഒപ്പിയെടുത്തു. എം.ടിയുടെ സാഹിത്യസംഭാവനകളെ ഒരു ചെപ്പിലടച്ചതുപോലെയോ അല്ലെങ്കിൽ കാച്ചിക്കുറുക്കിയ കവിതപോലെയോ ആണ് അവതരിപ്പിച്ചിരിക്കുന്നത്. എം.ടിയുടെ കൃതികൾ ഓരോന്നിലൂടെയും കടന്നുപോകുമ്പോൾ കൂടല്ലൂരിന്റെ കഥാകാരൻ അല്ലെങ്കിൽ നിളയുടെ കഥാകാരൻ ഓരോ മലയാളിക്കും സ്വന്തമായി മാറുന്നു.
പ്രേംചന്ദിന്റെ ‘കാലാന്തരം’ തുടർപംക്തിയിലെ ഓർമച്ചിത്രങ്ങളിൽ എം.ടിയെ അവതരിപ്പിക്കുന്നത് വേറൊരു തലത്തിലാണ്. ‘സുകൃതം’ സിനിമയുമായി ബന്ധപ്പെട്ട് എം.ടിയുടെ ആത്മകഥാംശമുള്ള ഒരേട് അതിൽനിന്നും വായിച്ചെടുത്തിട്ടുണ്ടെങ്കിലും ഇത്രകണ്ട് വിപുലമായ രീതിയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളെ അടുത്തറിയുന്നത് ആദ്യമായിട്ടാണ്. പ്രേംചന്ദിന്റെ ‘പൂജാരികളുടെ എം.ടി’ എന്ന ലേഖനം മടി കൂടാതെ പലതും തുറന്നു പറയുന്നുണ്ട് എന്ന് വായനക്കാരും സമ്മതിക്കും.
നവതി ആഘോഷവേളയിൽ മലയാളത്തിലെ ചില ആഴ്ചപ്പതിപ്പുകൾ പതിവുവിഭവങ്ങൾ എല്ലാം മാറ്റിവെച്ച് സമ്പൂർണ എം.ടി പതിപ്പ് ഇറക്കിയതിനെ ഒരു പാപപരിഹാരമായി പ്രേംചന്ദ് വിലയിരുത്തുന്നതിൽ കാര്യം ഇല്ലാതെയില്ല. അങ്ങനെ നോക്കുമ്പോൾ അനിയന്ത്രിതമായ വിഗ്രഹപൂജയുടെ സംസ്കാരമാണ് ഇക്കൂട്ടരിൽ നിഴലിക്കുന്നതെന്ന് പറയുന്നിടത്തും നമുക്ക് യോജിക്കാം. പിന്നെ ഒരു സർഗപ്രതിഭയെ നെഞ്ചിലേറ്റുമ്പോൾ മുഖ്യമായും അവരുടെ സർഗസൃഷ്ടികളെയാണ് വായനക്കാർ വിലമതിക്കുക, അല്ലാതെ വ്യക്തിജീവിതത്തിലോ പൊതുജീവിതത്തിലോ ഉണ്ടായിട്ടുള്ള ഏറ്റക്കുറച്ചിലുകളെയല്ല എന്നും നാം അറിയേണ്ടതുണ്ട്.
കഥാകൃത്ത് രേഖ കെ എഴുതിയ ‘എം.ഡി എന്ന എം.ടി’യിൽ തികച്ചും അറിയപ്പെടാത്ത ഒരു കാര്യത്തെ അടുത്തറിയാൻ കഴിയുന്നുണ്ട്. ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി ചെയ്ത പ്രസംഗം ഏറെ വായിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചപ്പോൾ എം.ടി ചെയ്ത പ്രസംഗം അത്രകണ്ട് മലയാളി ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കുന്ദേരയും കഫാഫിയും അച്ചബെയും കോവിലനും പുതൂരും ബഷീറും എല്ലാം നിറഞ്ഞുനിന്ന ആഴ്ചപ്പതിപ്പ് സവിശേഷമായ സാഹിത്യ വിരുന്നായി.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
ഞാൻ കണ്ട ഉമ്മൻ ചാണ്ടി
വി.എം. സുധീരനും രാധാകൃഷ്ണന്‍ എം.ജിയും കെ. ജയകുമാറും എഴുതിയ ‘ഉമ്മൻ ചാണ്ടി സ്മരണകൾ’ വായിച്ച് ഞാനും എന്റെ കലാലയ ഓർമകളിലേക്ക് ഊളിയിട്ടു (ലക്കം: 1327). 1960കളിൽ ഞാൻ തേവര എസ്.എച്ച് കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു ചെറിയ വിദ്യാര്‍ഥി സമരത്തോടനുബന്ധിച്ച് നടന്ന പെരുമാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ പങ്കാളിയായിരുന്നു. അതിലുണ്ടായ ഉന്തിലും തള്ളിലുംപെട്ട് റോഡരികിലെ കാനയിൽ വീണ് ഞങ്ങളുടെ ഒരു വിദ്യാര്‍ഥി സുഹൃത്ത് മരണപ്പെട്ടതോടെ സംഘർഷം കനത്തു. അതിൽനിന്നാണ് കെ.എസ്.യുവിന്‍റെ കുതിപ്പും, ഉമ്മൻ ചാണ്ടിയുടെ വളര്‍ച്ചയും. അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായിരുന്നു ഉമ്മൻ ചാണ്ടി.
ആ സമരത്തോടെ കോളജധികൃതരുടെ നോട്ടപ്പുള്ളിയായിത്തീർന്ന ഞാന്‍ ചിറ്റൂർ ഗവ. കോളജിലേക്ക് മാറി കലാലയ രാഷ്ട്രീയത്തില്‍ സജീവമായി. അക്കൊല്ലത്തെ ആർട്സ് & ലിറ്റററി സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യുവിനെതിരെ മത്സരിച്ച എന്നെ പരാജയപ്പെടുത്താന്‍ അന്നത്തെ കെ.എസ്.യു പ്രസിഡന്‍റായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും കാമ്പസിൽ എത്തിയിരുന്നു. കെ.എസ്.യുവിന്റെ ആ പ്രസ്റ്റീജിയസ് സീറ്റിൽ ജയിക്കേണ്ടത് അവർക്ക് അനിവാര്യമായിരുന്നു. ആ സമയത്താണ് ഉമ്മൻ ചാണ്ടിയെ ഞാൻ അടുത്തു കാണുന്നതും സംസാരിക്കുന്നതും.
നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന നീളന്‍മുടി, നിഷ്കളങ്കത സ്ഫുരിക്കുന്ന കണ്ണുകൾ, ആരെയും സൗഹൃദത്തിലാക്കുന്ന കോണ്‍ഫിഡന്‍സ് നിറഞ്ഞ ചിരി, കീറലുകളുള്ള ഇസ്തിരിയിടാത്ത ഖദര്‍ ഷര്‍ട്ട്, മാന്യത തുളുമ്പുന്ന ശരീരഭാഷ, എപ്പോഴും അണികളുടെ സാന്നിധ്യത്തിൽ മാത്രം കാണപ്പെടുന്ന ഒരു യുവ നേതാവ്... ഇതൊക്കെയായിരുന്നു ഞാൻ കണ്ട ഉമ്മൻ ചാണ്ടി. ഒരു പൊതുപ്രവര്‍ത്തകന്‍റെ അപൂര്‍വ മാതൃകയായിരുന്നു അദ്ദേഹം. തീപ്പൊരി പ്രസംഗമെന്നൊന്നും അവകാശപ്പെടാനില്ലെങ്കിലും ആരെയും പിടിച്ചുനിര്‍ത്തുന്ന എന്തോ ഒരു വശ്യത അതിലുണ്ടായിരുന്നു. പക്ഷേ എന്നെ വിദ്യാർഥികൾ കൈവിട്ടില്ല. മേതില്‍ രാധാകൃഷ്ണന്‍റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ‘സുഹൃത്ത്’ വാരികയില്‍ വരാറുള്ള എന്‍റെ കഥകളാണ് രക്ഷയായത്. എന്റെ ജയമറിഞ്ഞ് ഒരു അഭിനന്ദന കത്തയക്കാൻ അദ്ദേഹം മറന്നില്ലെന്നതാണ് ആ വ്യക്തിത്വത്തിന്റെ ഔന്നത്യം. അതാണ് ഉമ്മൻ ചാണ്ടി.
തുടര്‍ന്ന് പടിപടിയായി കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയരുന്നതിനിടയിൽ പുതുപ്പള്ളിക്കാര്‍ തുടർച്ചയായി ജയിപ്പിച്ച് അദ്ദേഹത്തെ നിയമസഭയിൽ എത്തിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ ആഭ്യന്തര മന്ത്രിയായും മുഖ്യമന്ത്രിയായും അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങളില്‍ നേരിട്ടിടപെട്ടു. പലര്‍ക്കും ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും നല്‍കി. അതിന്‍റെ നന്ദിചൊല്ലലായിരുന്നു വിലാപയാത്രയില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങൾ. കേരളം ഓര്‍ക്കണം – ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാള്‍ ഉമ്മൻ ചാണ്ടി മാത്രം.
സണ്ണി ജോസഫ്, മാള