Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

‘സാധുജന പരിപാലിനി’ ആദ്യം പുറത്തെത്തിച്ചത് ആര്​?‘അയ്യൻകാളിയുടെ പത്രം വീണ്ടും’ എന്ന ചെറായി രാമദാസിന്റെ ചരിത്രാന്വേഷണം വായിച്ചു (ലക്കം: 1327). അതിൽ ‘‘16 കൊല്ലം മുമ്പ് നാടിന് മുന്നിൽ വിശദീകരിക്കാൻ ഭാഗ്യമുണ്ടായത് എനിക്കാണ്’’ (23.3.2007) എന്ന് എഴുതിയത് തെറ്റാണ്. അതിനും ഒരുമാസം മുമ്പ് 2007 ഫെബ്രുവരിയിൽ ‘ഭാഷാപോഷിണി’യിൽ ‘സാധുജന പരിപാലിനി’യുടെ ആദ്യ ലക്കത്തിന്റെ ഫോട്ടോയോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. അതിനു മുമ്പുതന്നെ മലയാള മനോരമയിലെ ഒരു എഡിറ്ററുടെ പക്കൽ ‘സാധുജന പരിപാലിനി’യുടെ ആദ്യ ലക്കം ഉണ്ടായിരുന്നതായി എനിക്ക് അറിവു ലഭിച്ചിരുന്നു. അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് അയ്യൻകാളി ചരിത്രകാരൻ എന്ന...

Your Subscription Supports Independent Journalism

View Plans

‘സാധുജന പരിപാലിനി’ ആദ്യം പുറത്തെത്തിച്ചത് ആര്​?

‘അയ്യൻകാളിയുടെ പത്രം വീണ്ടും’ എന്ന ചെറായി രാമദാസിന്റെ ചരിത്രാന്വേഷണം വായിച്ചു (ലക്കം: 1327). അതിൽ ‘‘16 കൊല്ലം മുമ്പ് നാടിന് മുന്നിൽ വിശദീകരിക്കാൻ ഭാഗ്യമുണ്ടായത് എനിക്കാണ്’’ (23.3.2007) എന്ന് എഴുതിയത് തെറ്റാണ്. അതിനും ഒരുമാസം മുമ്പ് 2007 ഫെബ്രുവരിയിൽ ‘ഭാഷാപോഷിണി’യിൽ ‘സാധുജന പരിപാലിനി’യുടെ ആദ്യ ലക്കത്തിന്റെ ഫോട്ടോയോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. അതിനു മുമ്പുതന്നെ മലയാള മനോരമയിലെ ഒരു എഡിറ്ററുടെ പക്കൽ ‘സാധുജന പരിപാലിനി’യുടെ ആദ്യ ലക്കം ഉണ്ടായിരുന്നതായി എനിക്ക് അറിവു ലഭിച്ചിരുന്നു. അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് അയ്യൻകാളി ചരിത്രകാരൻ എന്ന നിലയിൽ എനിക്ക് അയച്ചുകിട്ടിയത്. സംസ്ഥാന ആർക്കൈവ്സ് ഡയറക്ടറേറ്റിൽ ‘സാധുജന പരിപാലിനി’യെ സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നാണ് അന്നത്തെ ഡയറക്ടറും ഊരൂട്ടമ്പലം അയ്യൻകാളി സ്കൂളിലെ പൂർവവിദ്യാർഥിയുമായ വ്യക്തി എന്നോട് പറഞ്ഞത്. ഡയറക്ടറേറ്റിലെ ലെജിസ്ലേറ്റിവ് വിഭാഗത്തിൽ അന്നില്ലാത്തത് ഇപ്പോൾ എങ്ങനെ വന്നുവെന്നത് അത്ഭുതംതന്നെ.

അയ്യൻകാളിയുടെ പ്രജാസഭ പ്രസംഗങ്ങൾപോലും ഡയറക്ടറേറ്റിൽനിന്നും കിട്ടാത്തതുകൊണ്ടാണ് തമിഴ്നാട് പുരാവസ്തു വിഭാഗത്തിൽനിന്നും എടുക്കേണ്ടിവന്നത്. മഹാനായ അയ്യൻകാളി സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന കാലത്താണ് 1914ൽ ‘സാധുജന പരിപാലിനി’ എന്ന മാസിക ആരംഭിച്ചത്. ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം കരയിൽ ചെമ്പുംതറ കാളി ചോതിക്കുറുപ്പുമായിട്ടുള്ള പരിചയമാണ് ‘സാധുജന പരിപാലിനി’യെന്ന മാസിക ആരംഭിക്കാൻ കാരണമായത്. ചെമ്പുംതറ കാളി ചോതിക്കുറുപ്പിനെ പത്രാധിപരായി നിയമിച്ചുകൊണ്ടും അയ്യൻകാളി മുഖ്യ രക്ഷാധികാരിയായിക്കൊണ്ടുമാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. ചങ്ങനാശ്ശേരി ‘സുദർശൻ’ പ്രസിലായിരുന്നു അച്ചടി. അങ്ങനെ 18 വർഷം ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് തോമസ് വാധ്യാർ, വിശാഖൻ തേവൻ തുടങ്ങിയവർ പറഞ്ഞിരുന്നത്. മാസിക പലപ്പോഴും നിലച്ചുപോയിട്ടുണ്ട്. അയ്യൻകാളി സാധുജനങ്ങൾക്കായി ഒരു മാസിക ചങ്ങനാശ്ശേരിയിൽ പ്രസിദ്ധീകരിച്ചിരുന്ന വിവരം ആദ്യമായി പുറത്തുകൊണ്ടുവന്നത് 1972ൽ ഞാനും വെങ്ങാന്നൂർ സുരേന്ദ്രനും ആദ്യമായി അയ്യൻകാളി ജീവചരിത്രം രചിക്കാൻ തീരുമാനിച്ച് ചരിത്രരേഖകൾ അന്വേഷിക്കുന്ന കാലത്താണ്. 1973ലാണ് സുരേന്ദ്രന് ‘സാധുജന പരിപാലിനി’ മാസികയെ കുറിച്ച് ആദ്യമായി അറിവ് ലഭിക്കുന്നത്. എന്നാൽ, ചെറായി രാമദാസ് പറയുന്നത് ആറു മാസമേ ഇത് പ്രസിദ്ധീകരിച്ചുള്ളൂവെന്നാണ്. പിന്നീട് 16 കൊല്ലം കഴിഞ്ഞ് 1929 ഒക്ടോബർ-നവംബർ പ്രസിദ്ധീകരിച്ച ‘സാധുജന പരിപാലിനി’ മാസികയിൽ പുസ്തകം മാറിയിട്ടില്ല. പുസ്തകം 2 എന്നുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും പുസ്തകം മാറുകയാണ് ചെയ്യേണ്ടത്. പുസ്തകം 16 ലക്കം ഒന്ന് എന്നാണ് ചേർക്കേണ്ടത്.

കുന്നുകുഴി എസ്. മണി

അച്യുതമേനോൻ മികച്ച ഭരണാധികാരി

പ്രേംചന്ദ് എഴുതുന്ന ‘കാലാന്തരം’ പംക്തിയിൽ അതുല്യനായ ഭരണാധികാരി മുൻ മുഖ്യമന്ത്രി അച്യുതമേനോനെ കുറിച്ചുള്ള വിലയിരുത്തൽ ശ്രദ്ധേയമായി (ലക്കം: 1330). അച്യുതമേനോൻ അടിയന്തരാവസ്ഥ കാലത്താണ് കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചത്. ‘അച്ചടക്കത്തിന്’ പ്രത്യേക പ്രാധാന്യം നൽകി ഭരണചക്രം തിരിക്കുന്ന ഒരു കാലമായിരുന്നല്ലോ അടിയന്തരാവസ്ഥയുടേത്.

നാവടക്കൂ, പണിയെടുക്കൂ എന്ന മുദ്രാവാക്യങ്ങളുടെ പ്രചാരണത്തിനിടയിലും അണിയറയിൽ ഭരിക്കുന്നവരും ബന്ധുജനങ്ങളും ചേർന്നു നടത്തിയ ദുരന്തനാടകങ്ങൾ ഏറെയായിരുന്നു. അവ വെളിച്ചത്തെത്താൻ കാലങ്ങൾ വേണ്ടിവന്നുവെന്നത് മറ്റൊരു യാഥാർഥ്യം. അപ്പോൾപോലും ഏറക്കുറെ നീതിയുക്തമായി തന്നെ അച്യുതമേനോൻ ഭരണചക്രം തിരിച്ചുവെന്നത് അദ്ദേഹത്തിന്റെ മാത്രം സവിശേഷതയായിട്ടു കാണണം. കൂട്ടുമുന്നണി സർക്കാറായിട്ടും അടിയന്തരാവസ്ഥയുടെ അനുകൂലസാഹചര്യം നിലനിന്നതിനാലാവാം പ്രലോഭനങ്ങൾ താരതമ്യേന കുറവായിരുന്നു. അനുകരണീയനായ ഒരു മുഖ്യമന്ത്രിയായി അച്യുതമേനോൻ പേരെടുത്തു.രാജൻ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം ഒരു തീരാക്കളങ്കമായി ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്തു.

ഇന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിമാർക്ക് അദ്ദേഹത്തിൽനിന്നും ഒത്തിരി പാഠങ്ങൾ പഠിക്കാനുണ്ട്. പക്ഷേ അദ്ദേഹം ചരിത്രത്തിൽ വളരെയധികം ചവിട്ടിമെതിക്കപ്പെട്ടോ എന്ന സംശയമുണ്ട്. അർഹിക്കുന്ന ആദരം അദ്ദേഹത്തിന് നൽകേണ്ടതുണ്ട്.

ശ്രീലകം വിശ്വനാഥ്, ആലപ്പുഴ

മനോഹരം, നല്ല വായനാനുഭവം

മാധ്യമം കഥാപതിപ്പിൽ പ്രിയ സുനിൽ എഴുതിയ കഥ വായിച്ചു. പുഴയെ സ്നേഹിച്ച ഷഹനാസിന്റെ കഥ മനോഹരമായിരിക്കുന്നു. ജീവിതസാഹചര്യങ്ങൾ മാറിമാറി വന്നപ്പോഴും, പ്രിയ തോഴി ഫായിസ പിരിഞ്ഞു പോയപ്പോഴും, പുഴ ഷഹനാസിനെ പിന്തുടർന്നു. അവളുടെ സമീപത്തൂടെയൊഴുകിക്കൊണ്ടേയിരുന്നു.

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ഊഷ്മള ഭാവങ്ങൾ നിറഞ്ഞ കഥ. ഒരു ദുരന്തത്തിലാണ് കഥയവസാനിക്കുന്നതെങ്കിലും പുതിയ സൂര്യോദയവും ജനൽക്കമ്പികൾക്കിടയിലൂടെ തലനീട്ടുന്ന ചുവന്ന ചെമ്പരത്തിയും പ്രണയത്തിന്റെ അനശ്വരതയുടെ പ്രതീകങ്ങളാകുന്നു. നല്ല വായനാനുഭവം.

സായ് ശങ്കർ മുതുവറ (ഫേസ്ബുക്ക്)

കഥാപതിപ്പ് അതിഗംഭീരം

കഥയുടെ ഇടവഴികൾ, പെരും പാതകൾ (ലക്കം: 1331)എന്ന ശീർഷകത്തിൽ ഇറങ്ങിയ കഥാപതിപ്പ് അതി ഗംഭീരമായ ഒരു അക്ഷരവിരുന്നായി. മനുഷ്യന്റെ ആദിമ ചോദനകളിൽ ഒന്നാണ് കഥ പറയലും കേൾക്കലുമെല്ലാം. പല കഥകളും വായിച്ചപ്പോൾ നടപ്പുശീലങ്ങളിൽനിന്നും ഒരുപാട് കുതറിമാറി പുതിയൊരു ഭാവുകത്വം പ്രദാനംചെയ്യുന്നതായി തോന്നി.

അധഃസ്ഥിതരുടെയും പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും അസ്തിത്വം തന്നെ റദ്ദ് ചെയ്യപ്പെടുന്ന ഭീതിദമായ വർത്തമാന പരിസരങ്ങളിൽ നിരാലംബ സമൂഹങ്ങളെ അക്ഷരങ്ങൾ കൊണ്ട് ചേർത്തുപിടിക്കുക എന്ന വലിയ കർത്തവ്യത്തിന്റെ കൂടെ എഴുത്തുകാർ ചേർന്ന് നിൽക്കേണ്ടതുണ്ട് എന്നുകൂടി ഉണർത്തുന്നു.

ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ

ചരി​ത്രത്തെ മാറ്റിയെഴുതാൻ സമ്മതിക്കരുത്

കെ. സന്തോഷ് കുമാർ എഴുതിയ ‘അംബേദ്​കറുടെ പേരിൽ കീഴാള സമുദായങ്ങളെ ഹിന്ദുരാജിന്​ കീഴിലാക്കാൻ നോക്കണ്ട’ എന്ന ലേഖനം ഉചിതവും കാലികപ്രസക്തിയുള്ളതുമായി.

ഇന്ത്യാ മഹാരാജ്യത്തിന്റെ ശിൽപികളിൽ പലരുടെയും എഴുത്തുകളിൽനിന്നും പ്രഭാഷണങ്ങളിൽനിന്നും തങ്ങൾക്കനുകൂലമായത് മാത്രം വെട്ടിയെടുത്തുകൊണ്ട് തങ്ങ​ളുടെ സ്ഥാപിത താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് സംഘ്പരിവാറിന്റെ സ്ഥിരം ​ശൈലിയാണ്. ഗാന്ധിയും സുഭാഷ് ച​ന്ദ്രബോസും അംബേദ്കറും ശ്രീനാരായണ ഗുരുവുമെല്ലാം അതിന് ഇരയായിട്ടുണ്ട്.

ഹിന്ദുമതത്തോടും ജാതി​ശ്രേണിയോടും ജീവിതകാലം മുഴുവൻ കലഹിച്ച അംബേദ്കറെ റാഞ്ചിയെടുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ ചരിത്രരേഖകൾ അക്കമിട്ട് നിരത്തി പൊളിച്ചെഴുതാൻ ലേഖകനായിട്ടുണ്ട്.

ചരിത്രത്തെ മാറ്റിയെഴുതാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ എഴുത്തുകാരെ അണിനിരത്തി പോരാട്ടം നടത്താനുള്ള ആഴ്ചപ്പതിപ്പിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കുന്നു.

ഈ ലേഖനംകൂടി വന്നപ്പോൾ ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് നടത്തിയ ബഹുമുഖ സംവാദത്തിന് ഒരിതൾകൂടി രൂപപ്പെട്ടു. പക്ഷേ, മുഖ്യധാര ഇടതുപക്ഷമെന്ന് നാം വിളിക്കുന്ന ഇടതു രാഷ്ട്രീയ പാർട്ടികളിലെ ആരുടെയും ലേഖനങ്ങൾ ഈ വിഷയത്തിൽ കണ്ടില്ല. സി.പി.എം അടക്കമുള്ള പാർട്ടികളുടെ ഇടപെടലുകളെ സംശയത്തോ​ടെ കാണുന്ന ലേഖനം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ അത്തരമൊന്ന് കൂടി വേണമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്.

ആനന്ദ് കെ

അറിയിപ്പ്​

ചങ്ങമ്പുഴ സ്മാരക പ്രബന്ധ മത്സരം

ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി പ്രബന്ധ മത്സരം നടത്തുന്നു. വിഷയം ‘വൈക്കം സത്യഗ്രഹം – ചരിത്രവും സമകാലികതയും’ എന്നതാണ്.

ഏറ്റവും മികച്ച പ്രബന്ധത്തിന് 10,001 രൂപയും പ്രശസ്തി പത്രവും 2023 ഒക്ടോബറിൽ മഹാകവി ചങ്ങമ്പുഴയുടെ ജന്മദിനാഘോഷ വേദിയിൽ നൽകുന്നതാണ്.

നിബന്ധനകൾ

1. പ്രബന്ധം 30 പേജിൽ കവിയരുത്.

2. കടലാസിന്റെ ഒരു പുറത്ത് മാത്രമാണ് എഴുതേണ്ടത്.

3. പേരും, മേൽവിലാസവും ഫോൺനമ്പറും പ്രത്യേകമായി കൂടെച്ചേർക്കേണ്ടതാണ്.

4. പഠിക്കുന്ന കോളജിലെ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം ചേർക്കണം.

5. പ്രബന്ധം സെപ്റ്റംബർ 25ാം തീയതിക്കു മുമ്പായി സെക്രട്ടറി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ഇടപ്പള്ളി –682024 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. ഫോൺ: 8078156791

ഏകദിന ക്യാമ്പ്

ഞാറ്റുവേല സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ ഏകദിന ക്യാമ്പ് ‘ഇഡിബിയ’ 2023 സെപ്റ്റംബർ 17ന് നടത്തുന്നു. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവിൽ നടത്തുന്ന പരിപാടിയിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് പ​ങ്കെടുക്കാം. താൽപര്യമുള്ളവർ അവരുടെ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഒരു രചന സഹിതം രജിസ്റ്റർ ചെയ്യണം. 50 പേർക്കാണ് ക്യാമ്പിൽ പ​ങ്കെടുക്കാനാകുക. രാവിലെ 9.30ന് എത്തണം.

ഭക്ഷണം, ടി.എ എന്നിവ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിനെക്കുറിച്ചുള്ള വിശദാശംശങ്ങൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭ്യമാക്കും. പ്രൊഫൈലും രചനയും 7591986999 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ archanagari999@gmail.com എന്ന മെയിലിൽ അയക്കുകയോ വേണം.

News Summary - madhyamam weekly letter