എഴുത്തുകുത്ത്
കെ.പി.എ.സി ലീലയെ പരിഗണിച്ചതിന് നന്ദിസിനിമയുടെ വെള്ളിത്തിളക്കത്തിൽ നാടകത്തിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത, ഒരു തലമുറയെ പിടിച്ചുകുലുക്കിയ ഒരുപാട് പേർ അവഗണിക്കപ്പെട്ടിട്ടുണ്ട്. എത്രയോ വാർഷികപ്പതിപ്പുകളും ഓണപ്പതിപ്പുകളുമെല്ലാം കേരളത്തിൽ ഇറങ്ങുമ്പോഴും നാടകമെന്ന കലയെ പലപ്പോഴും പൂർണമായി പുറത്തുനിർത്തുന്നതാണ് പതിവ്. കെ.പി.എ.സി ലീലയെ പുതുതലമുറ ഓർക്കുന്നത് ഒരുപക്ഷേ ‘പൂക്കാലം’ സിനിമയിലെ നായിക എന്ന തലത്തിലാകും. ഈ സാഹചര്യത്തിൽ വാർഷികപ്പതിപ്പിൽ ദീർഘമായി ലീലയെ ഉൾപ്പെടുത്തിയതും തുടർലക്കങ്ങളിൽ കൂടുതൽ വിശേഷങ്ങൾ ഉൾപ്പെടുത്തിയതും ഒരു നാടകപ്രേമിയെന്ന നിലയിൽ...
Your Subscription Supports Independent Journalism
View Plansകെ.പി.എ.സി ലീലയെ പരിഗണിച്ചതിന് നന്ദി
സിനിമയുടെ വെള്ളിത്തിളക്കത്തിൽ നാടകത്തിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത, ഒരു തലമുറയെ പിടിച്ചുകുലുക്കിയ ഒരുപാട് പേർ അവഗണിക്കപ്പെട്ടിട്ടുണ്ട്. എത്രയോ വാർഷികപ്പതിപ്പുകളും ഓണപ്പതിപ്പുകളുമെല്ലാം കേരളത്തിൽ ഇറങ്ങുമ്പോഴും നാടകമെന്ന കലയെ പലപ്പോഴും പൂർണമായി പുറത്തുനിർത്തുന്നതാണ് പതിവ്. കെ.പി.എ.സി ലീലയെ പുതുതലമുറ ഓർക്കുന്നത് ഒരുപക്ഷേ ‘പൂക്കാലം’ സിനിമയിലെ നായിക എന്ന തലത്തിലാകും. ഈ സാഹചര്യത്തിൽ വാർഷികപ്പതിപ്പിൽ ദീർഘമായി ലീലയെ ഉൾപ്പെടുത്തിയതും തുടർലക്കങ്ങളിൽ കൂടുതൽ വിശേഷങ്ങൾ ഉൾപ്പെടുത്തിയതും ഒരു നാടകപ്രേമിയെന്ന നിലയിൽ സ്വാഗതംചെയ്യുന്നു.
പ്രശാന്ത്, കണ്ണൂർ
ഉൾപ്പെരുക്കത്തോടെ വായിച്ചുതീർത്തു
അനുഭവങ്ങളുടെ അത്രയേറെ ഉച്ചാലുകാലത്തെ ഗോത്ര കവിതയുടെ വർത്തമാനങ്ങളാക്കുന്ന പ്രിയപ്പെട്ട ഗോത്രകവി സിന്ധു മാങ്ങണിയന്റെ ആത്മകഥയുടെ ചില ഭാഗങ്ങൾ ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1332) വായിച്ചപ്പോൾ വല്ലാത്തൊരു ഉൾപ്പെരുക്കത്തോടെയല്ലാതെ വായനയെ വഴിനടത്താനായില്ല. അത്രമാത്രം പെരുമഴയും വേനലും കോടമഞ്ഞും ആ ഗോത്രജീവിതത്തിൽ പെയ്തിറങ്ങിയിട്ടുണ്ട്. സിന്ധുവിന്റെ ആത്മകഥക്ക് അജിത് എം. പച്ചനാടൻ എഴുതിയ പഠനം അകവും പുറവും ഒരേപോലെ ചേർത്ത് മെടെഞ്ഞടുക്കുന്ന വട്ടി നെയ്ത്തിന്റെ കൈയടക്കംപോലെയാണ് അനുഭവപ്പെടുന്നത്. ഗോത്രജീവിതത്തിന്റെ അകവും പുറവും എഴുത്തുകൊണ്ടും ഭാഷകൊണ്ടും ആ പഠനത്തിൽ അടുക്കിവെച്ചിരിക്കുന്നു.
അരുൺ ജി.എം (ഫേസ്ബുക്ക്)
മനസ്സിൽ മഴവില്ലു തീർക്കുന്ന കഥ
തന്റെ സ്വത്വം തിരിച്ചറിയാനും അത് ആസ്വദിച്ച് ജീവിക്കാനും ഭൂമിയിൽ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾക്ക് പറ്റും. അതവർക്കൊരു സമസ്യയല്ല. സാമൂഹിക ജീവിയായതുകൊണ്ട് മനുഷ്യനു മാത്രം അതൊരു പ്രശ്നമാകുന്നു. സ്വത്വപ്രകാശനത്തിനു സാധിക്കാത്ത മനുഷ്യജീവിതങ്ങൾ സാഹിത്യത്തിൽ പ്രമേയമായിട്ട് അധികം കാലമായില്ല. സങ്കീർണമായ ഈ അനുഭവത്തെ കാവ്യാത്മകമാക്കി അവതരിപ്പിക്കുകയാണ് പ്രിയ സുനിലിന്റെ ‘ഇദ്ദയിൽ വിരിഞ്ഞ ചെമ്പരത്തി’ എന്ന കഥ (ലക്കം: 1331). ഭർത്താവിന്റെ മരണത്തിനുശേഷം ആചരിക്കുന്ന ഇദ്ദയിൽ മുറ്റത്തു വിടർന്ന് തന്റെ ഏകാന്തതയിലേക്ക് തലനീട്ടിയെത്തിയ ചെമ്പരത്തിയോട്, തന്റെ വ്യത്യസ്തതയെ വെളിപ്പെടുത്തുകയാണ് ഷഹനാസ്. സമൂഹം കൽപിച്ചു തന്നിരിക്കുന്ന ലിംഗപരമായ ബൈനറികൾക്കപ്പുറം നിൽക്കുന്ന തന്റെ സ്വത്വപ്രതിസന്ധിയെ വെളിപ്പെടുത്താൻ അവൾക്കു മറ്റാരുമില്ല. വെളിപ്പെട്ടവൻ മലമുകളിൽനിന്നു ചെമ്പരത്തിച്ചുവപ്പായി പാറക്കെട്ടുകളിൽ ചിതറിത്തെറിച്ചു. അവളുടെ ജീവിതം അവൾക്കു മാത്രം വായിക്കാൻ കഴിയുന്ന ഭാഷയിലെഴുതിയ പുസ്തകമായി മാറി, അവളെപ്പോലുള്ള ചിലരിലേക്കു മാത്രം വിവർത്തനം ചെയ്യപ്പെട്ടു.
പുഴയും പെണ്ണും അവർക്കെതിരെ ജ്വലിക്കുന്ന സൂര്യനു നേരെ അവർ സൃഷ്ടിക്കുന്ന മഴവില്ലും... ഇത്രയും മതി കഥാകാരിക്ക് സങ്കീർണമായ സ്വത്വപ്രതിസന്ധിയെ കഥയുടെ അച്ചിലേക്കു പകർത്തിയൊഴുക്കാൻ. പുഴയിൽ നീന്തുന്ന പെണ്ണുങ്ങളെയും അവരുടെ കാമനകളെയും സൂര്യപ്രകാശത്തിനുനേരെ വിതർത്ത പുഴവെള്ളംപോലുള്ള സുതാര്യഭാഷകൊണ്ട് ആവിഷ്കരിച്ച് വായനക്കാരുടെ മനസ്സിൽ മഴവില്ലു തീർക്കുകയാണ് കഥാകാരി. പ്രണയത്തിന്റെ മഴവില്ല്.
വരാൽ മത്സ്യംപോലെ പലതവണ തന്നിൽനിന്നുമൂർന്നുപോയ ഇണകളെപ്പോലെ കൃഷ്ണയും നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ അകപ്പെട്ട ഷഹനാസിനെ ഭർത്താ(?)വിന്റെ ദുർമരണം എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കാനുള്ള ഇടം (space) കഥാകാരി തരുന്നുണ്ട്. എന്നും തന്റെ പ്രണയത്തിന് പശ്ചാത്തലമായിരുന്ന പുഴ, ഇണകൾ മാറിപ്പോയാലും തന്നെ തിരഞ്ഞെത്തിയത് ഷഹനാസിന് തിരിച്ചറിയാൻ കഴിഞ്ഞു. തന്നെ തന്റെ ഗന്ധംകൊണ്ടുതന്നെ തിരിച്ചറിയാൻ കഴിയുന്ന പുഴയുടെ പേരുള്ളവൾ തൊട്ടടുത്തുവന്നപ്പോൾ എന്നും രാവിൽ കെട്ടിയാടുന്ന വേഷപ്പകർച്ചകളെ ഒഴിവാക്കി ജീവിതം അതിന്റെ തനിമയിൽ ആസ്വദിക്കാൻ തീരുമാനിച്ച ഷഹനാസിനെ കഥാകാരി ഉപയോഗിക്കുന്ന ഇമേജറികളും രൂപകങ്ങളുമാണ് കഥയെ വ്യത്യസ്തമാക്കുന്നത്. സമൂഹമംഗീകരിക്കാത്ത പലതും സാഹിത്യത്തിലാവിഷ്കരിക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയുന്നത് ആ ആവിഷ്കരണത്തിലെ മികവുകൊണ്ടാണ്. ഈ കഥ പ്രിയയുടെ മികച്ച കഥകളിലൊന്നാവുന്നതും അതുകൊണ്ടു തന്നെ. കഥാകാരി പറയാതെ പറയുന്ന കഥയുടെ ചുഴികളിൽ വായനക്കാർക്ക് മുങ്ങാംകുഴിയിടാം. അതിരസകരമായി നമ്മൾ ഈ കഥയിലേക്ക് സ്നാനപ്പെടുന്നു.
സിജി വി.എസ്
മിഴിവുള്ള കഥ
മാധ്യമം കഥാപതിപ്പിൽ സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ‘കല്ല്, കോഴി, മനുഷ്യൻ’ വായിച്ചു (ലക്കം: 1331). തട്ടും തടവുമില്ലാതെ അനായാസ വായനക്ക് പറ്റുന്ന രചന. കോഴി മനുഷ്യന്റെ അനന്തമായ, നിലക്കാത്ത ആശകളുടെ, ആസക്തികളുടെ, സ്നേഹങ്ങളുടെ, ജീവിതകാമനകളുടെ ഒക്കെ പ്രതീകമാണോ! എനിക്കങ്ങനെ തോന്നി. അതുകൊണ്ടായിരിക്കണം അത് ദുരിതപൂർണവും ദുരന്തവും ആയി മാറുന്നത്. അല്ലെങ്കിൽ അതിനെത്തന്നെയാണല്ലോ ജീവിതം എന്ന് പറയുന്നത്. അയ്യപ്പൻ നായരും കുര്യാപ്പിയും കല്യാണിയും (കോഴിയും) മിഴിവുള്ള കഥാപാത്രങ്ങളായി. അഭിനന്ദനങ്ങൾ.
ലത കെ.വി (ഫേസ്ബുക്ക്)
നേരിനെയും കപടതയെയും കൂട്ടിക്കെട്ടിയ കഥ
മാധ്യമം കഥാപതിപ്പിൽ എം. പ്രശാന്ത് എഴുതിയ ‘തെമ്മാടികളുടെ രാത്രി’ എന്ന കഥ വായിച്ചു. അനുഭവങ്ങൾ ഊറിക്കൂടി, മനസ്സിനുള്ളിൽ കിടന്നുറച്ച് വാശിയായി ഉറച്ച തീരുമാനമായി രൂപാന്തരം പ്രാപിക്കുന്നൊരവസ്ഥയുണ്ട്. പുറത്തു ചാടാൻ അവസരം കാത്തിരിക്കുന്ന വാശിക്ക് സന്ദർഭം ഒത്തുവരുമ്പോൾ ഉണ്ടാവുന്ന കുതിപ്പിൽ സർവ എതിർപ്പിനെയും നിഷ്പ്രയാസം തകർക്കാൻ പറ്റും.
ചതിയുടെ ചുഴിയിൽപെട്ട് സ്വയം ഇല്ലാതാവുന്ന അപ്പന്റെ മരണം തീർത്ത വേദനയുടെ ആഴങ്ങളിൽനിന്നാണ് തോമക്കുള്ളിൽ അയാൾപോലുമറിയാതെ തീരുമാനങ്ങൾ ഉറക്കുന്നത്. “ഇനിയുള്ള ദിവസങ്ങൾ തീർത്തും തനിച്ചാവണമച്ചോ!” എന്ന പറച്ചിലോടുകൂടി ആ വാശിക്കുള്ളിലേക്ക് അയാൾ ഊളിയിടുന്നു. വർഷങ്ങൾക്കുശേഷം തന്റെ പേര് മുഴുവൻ പറഞ്ഞ ദീദിമോസച്ചന്റെ വിശ്വാസം തീർത്ത മുറിവിൽനിന്നുമുള്ള തോണിയിലാണ് തോമ തന്റെ തീരുമാനം ചുറ്റുപാടിനെ അറിയിക്കാൻ പോവുന്നത്. “നാളെ ഇടവകക്കാർ കാണേണ്ടത് കൊച്ചാപ്പിച്ചേട്ടന്റെ ഉയിർത്തെഴുന്നേൽപാണ് തോമാ!” എന്ന അവസരം ഒത്തുവന്നപ്പോൾ തോമ തെമ്മാടിക്കുഴിയിൽ ജീവിതം ജയിക്കുന്നു.
ബന്ധങ്ങളെയും വിശ്വാസങ്ങളെയും നേരിനെയും കപടതയെയും കൂട്ടിക്കെട്ടിയ കഥ.
ഫെബിന പി.എസ്
ഭാഷയൊതുക്കമുള്ള കഥ
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന പ്രിയ സുനിലിന്റെ കഥ ‘ഇദ്ദയിൽ വിരിഞ്ഞ ചെമ്പരത്തി’ മനസ്സിൽ വല്ലാത്ത നീറ്റലോ വീർപ്പുമുട്ടലോ ആയി വായനക്കുശേഷവും ചുവന്ന ഇതളും വിരിച്ചുനിൽക്കുകയാണ്. ഭാഷയെ അടക്കിയൊതുക്കി വരിയിലൂടെ നടത്തി തുളുമ്പിപ്പോകാതെ റോസക്ക് ചെമ്പരത്തിയോ, ചെമ്പരത്തിക്ക് റോസയോ ആകാൻ പറ്റില്ല എന്ന് പ്രിയ വെളിപ്പെടുത്തുന്നു. ലൈംഗിക സ്വത്വങ്ങൾ അവരവരുടെ മാത്രം പ്രശ്നമാണ്. അത് അബ്നോർമലായി കാണുന്നത് ലോകത്തിന്റെ സ്വഭാവമാണ്. അനുഭവിക്കുന്നവർക്ക് അതത്രത്തോളം സ്വാഭാവികമാണ്. പ്രിയയുടെ കഥയിലെ ഭാഷയൊതുക്കം എനിക്കെപ്പോഴും പ്രിയപ്പെട്ടതാണ്. മുഖ്യധാരയിൽനിന്നകന്നു നിൽക്കുന്നവരുടെ പ്രശ്നങ്ങളിലേക്കു മിഴിക്കുന്ന തൂലികത്തുമ്പ്.
പ്രസന്ന പാർവതി
അച്യുതമേനോൻ സി.പി.എം ആയിരുന്നെങ്കിൽ
‘‘അടിയന്തരാവസ്ഥയുടെ പേരിൽ, രാഷ്ട്രീയ ചരിത്രത്തിൽ പ്രതിനായക സ്ഥാനത്താണ് സി. അച്യുതമേനോനെ പലരും വിലയിരുത്തുന്നത്. കേരളം വേണ്ടവിധം സി. അച്യുതമേനോനെ അംഗീകരിച്ചിട്ടുേണ്ടാ?’’ –ഈ ചോദ്യത്തോടെ പ്രേംചന്ദ് എഴുതിയ ‘കാലാന്തരം’ വായിച്ചു (ലക്കം: 1330).
അച്യുതമേനോൻ ഇന്ന് ഓർമിക്കപ്പെടുന്നില്ല എന്ന് പറയുന്നത് ശരിതന്നെയാണ്. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.ഐയുടെ തന്നെ നിലവിലെ സ്ഥിതിയെന്താണ്? ആ പാർട്ടിതന്നെ വിസ്മൃതിയിൽ ആയിക്കൊണ്ടിരിക്കുകയാണ്. ആ പാർട്ടിയുടെ സംഭാവനകളോ പി.കെ.വിയെപ്പോലെ എം.എൻ. ഗോവിന്ദൻ നായരെപ്പോലുള്ള നേതാക്കളോ ഒന്നും പൊതുസമൂഹത്തിന് മുന്നിലില്ല. സി.പി.എമ്മിന്റെ സംഘടനാശേഷിയിൽ ലഭിക്കുന്ന ഏതാനും സീറ്റുകൾ മാത്രമാണ് ഇന്ന് ആ പാർട്ടിക്കുള്ളത്. ദേശീയ പാർട്ടി പദവിപോലും പോയിരിക്കുന്നു.
ആ പാർട്ടിക്ക് ശക്തിയില്ലാത്തതുകൊണ്ടുതന്നെ അവരുടെ ഏറ്റവും വലിയ നേതാവിനെയും ജനം മറന്നുതുടങ്ങിയിരിക്കുന്നു. എ.കെ.ജിയും ഇ.എം.എസും കേരളത്തിൽ ഓർക്കപ്പെടാത്ത ഒരു ദിവസവുമില്ല. ഒരുപക്ഷേ അച്യുതമേനോൻ സി.പി.എം ആയിരുന്നെങ്കിൽ അദ്ദേഹവും ആഘോഷിക്കപ്പെടുമായിരുന്നു. അപ്പോൾ അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണനയല്ല, അതിലപ്പുറമുള്ളതുതന്നെ കിട്ടിയേനെ.
ഷാഫി, വേങ്ങര