Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്​

എഴുത്തുകുത്ത്​
cancel

യാത്രാവിവരണത്തിലെ പുതു മാതൃക1256, 1257 ലക്കങ്ങളിലായി എം.ആർ. രേണുകുമാർ എഴുതിയ 'ഹംപി: ശിലകളുടെ സാമ്രാജ്യം ' എന്ന യാത്രാവിവരണം നല്ല നിലവാരം പുലർത്തി. ലേഖകൻ കവിയും എഴുത്തുകാരനുമാെണന്ന് ആമുഖമായിത്തന്നെ നമ്മെ അറിയിക്കുന്നുണ്ട്, അതിന്റെ മികവ് യാത്രാവിവരണത്തിൽ ഉടനീളം കാണാനുമുണ്ട്. അനുവാചകർക്ക് ചിരപരിചിതമായ യാത്രാവിവരണത്തിന്റെ ആഖ്യാനശൈലിയല്ല അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. യാത്രയിലുടനീളം കാണുന്ന കാഴ്ചകളിലുള്ള തന്റെ നിലപാടുകൾ വെളിവാക്കുകയും അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാനുള്ള അവസരം വായനക്കാരന് നൽകിക്കൊണ്ട് അടുത്തതിലേക്ക് കടക്കുകയാണ് അദ്ദേഹം. ഒരു സന്ദർഭത്തിൽ,...

Your Subscription Supports Independent Journalism

View Plans

യാത്രാവിവരണത്തിലെ പുതു മാതൃക

1256, 1257 ലക്കങ്ങളിലായി എം.ആർ. രേണുകുമാർ എഴുതിയ 'ഹംപി: ശിലകളുടെ സാമ്രാജ്യം ' എന്ന യാത്രാവിവരണം നല്ല നിലവാരം പുലർത്തി. ലേഖകൻ കവിയും എഴുത്തുകാരനുമാെണന്ന് ആമുഖമായിത്തന്നെ നമ്മെ അറിയിക്കുന്നുണ്ട്, അതിന്റെ മികവ് യാത്രാവിവരണത്തിൽ ഉടനീളം കാണാനുമുണ്ട്. അനുവാചകർക്ക് ചിരപരിചിതമായ യാത്രാവിവരണത്തിന്റെ ആഖ്യാനശൈലിയല്ല അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. യാത്രയിലുടനീളം കാണുന്ന കാഴ്ചകളിലുള്ള തന്റെ നിലപാടുകൾ വെളിവാക്കുകയും അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാനുള്ള അവസരം വായനക്കാരന് നൽകിക്കൊണ്ട് അടുത്തതിലേക്ക് കടക്കുകയാണ് അദ്ദേഹം. ഒരു സന്ദർഭത്തിൽ, പുരാണേതിഹാസങ്ങളുമായി ബന്ധപ്പെടുത്തി സ്ഥലങ്ങളെ ചരിത്രവത്കരിക്കുന്ന നമ്മുടെ പൊതുരീതിയോടും അതിലെ പൊരുത്തക്കേടുകളോടും കലഹിക്കുന്ന ലേഖകന്റെ ബോധ്യവും അനുവാചകരിലേക്ക് പകരുന്നുണ്ട്.

പത്തുപേരടങ്ങുന്ന ഒരു മിഡിൽ ക്ലാസ് യാത്രാ സംഘത്തിന്റെ ഓരോ ചലനവും ഒരു ചലച്ചിത്രത്തിൽ എന്നവണ്ണം ഒപ്പിയെടുത്ത് അവതരിപ്പിച്ചിരിക്കുന്നു ഇവിടെ. പതിനൊന്നാമനായി നമ്മളും ഈ യാത്രാ സംഘത്തിൽ ചേരുന്ന അനുഭവം.

വെളിച്ചത്തിനോട് മുഖം തിരിക്കുന്ന ചുവന്ന തെരുവിലെ ജീവിതങ്ങളും നഗര മാലിന്യക്കൂമ്പാരത്തിന്റെ സഹയാത്രികയായ വനിതയും ധനികനായ എം.എൽ.എയുടെ വീരകഥകൾ അയവിറക്കുന്ന ഡ്രൈവറും ലേഖകന്റെ മനസ്സിലെ നൊമ്പരക്കാഴ്ചയായ എല്ലും തോലുമായ റിക്ഷാക്കാരനും ആസ്വാദകനിൽ ഉല്ലാസയാത്രയുടെ ഹർഷാരവങ്ങളുടെ അനുരണനങ്ങളല്ല എത്തിക്കുന്നത്. മറിച്ച് നമ്മുടെ പൊതുസമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അവസ്ഥാന്തരങ്ങളുടെയും അവയുടെ അപരിഹാര്യമായ വ്യഥയുടെയും തീനാമ്പുകളാണ്.

ചരിത്രസ്ഥലികളിലെ കാഴ്ചക്കാരുടെയിടയിൽ വേറിട്ടുനിൽക്കുന്ന രാജസ്ഥാനിയുടെ വിവരണവും ഒരു രേഖാചിത്രമായി മുന്നിൽ വരുന്നു.

ഹംപിയിലെ വൈവിധ്യമായ കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ച് നടത്തിക്കുന്നതിലും അവയുടെ പശ്ചാത്തലവിവരണത്തിലും നല്ല മേന്മ അവകാശപ്പെടാം.

ഒരു ന്യൂനതയായി കണ്ടെത്താനാകുന്നത്, ഹംപിയുടെ ചരിത്രപശ്ചാത്തലം ആദ്യമേ തന്നെ വിവരിക്കേണ്ടിയിരുന്നു. എങ്കിൽ മാത്രമേ സാധാരണക്കാരായ വായനക്കാർക്ക് പൂർണരൂപത്തിൽ ഇതിലേക്ക് എത്തിച്ചേരാനാകുകയുള്ളൂ.

ബദറുദീൻ എം, കുന്നിക്കോട്

തീവ്ര ഹിന്ദുത്വത്തിന് പരിഹാരം മൃദു ഹിന്ദുത്വമല്ല

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തുകയായിരുന്നു ലക്കം: 1256ൽ എ.എസ്. സുരേഷ് കുമാർ എഴുതിയ 'ഉത്തർപ്രദേശും പഞ്ചാബും നൽകുന്ന സൂചനകൾ' എന്ന ലേഖനം.

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചു. കോൺഗ്രസിന് ആകെയുണ്ടായിരുന്ന പഞ്ചാബ് നഷ്ടപ്പെടുകയും ചെയ്തു. വർഗീയതയോടും വംശീയതയോടും അപരവത്കരണത്തോടും രാജ്യത്തിന്റെ മനസ്സ് എത്രത്തോളം പാകപ്പെട്ടുകഴിഞ്ഞു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

കോൺഗ്രസിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. ഒരു കാലത്ത് കുത്തകയായിരുന്ന ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട അന്നുമുതൽ വാഗ്ദാനപ്പെരുമഴകൾക്കപ്പുറം താഴേത്തട്ടുകളിൽ ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രവർത്തനത്തിന് പകരം ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി ഹിന്ദുത്വ വോട്ടുകൾ സമാഹരിക്കുന്നതിലായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. വിജയം കരസ്ഥമാക്കാൻ തെല്ലും സാധ്യത ഇല്ലാതിരുന്നിട്ടും ഉത്തർപ്രദേശിൽ എസ്.പിയും ബി.എസ്.പിയും കോൺഗ്രസും ഒറ്റക്കൊറ്റക്ക് മത്സരിച്ചതും വൻതോതിൽ വോട്ടുകൾ ഭിന്നിക്കാൻ കാരണമായി. പല മണ്ഡലങ്ങളിലെയും ഫലങ്ങൾ സൂചിപ്പിക്കുന്നത് സഖ്യമായി മത്സരിച്ചിരുന്നെങ്കിൽ ബി.ജെ.പിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ കഴിയുമായിരുന്നുവെന്നതാണ്. അതിനു പകരം പരസ്പരം വെല്ലുവിളികൾ നടത്തി മുഴുവൻ സീറ്റുകളിലും ഞങ്ങൾ ഒറ്റക്ക് തന്നെ മത്സരിച്ച് ജയിക്കുമെന്ന് പറയുന്നത് മൗഢ്യമാണ്. പ്രചാരണ കാലയളവിൽ ഹിന്ദു വോട്ടുകൾ സമാഹരിക്കുന്നതിന് മൃദു ഹിന്ദുത്വ നിലപാടുകളെടുത്ത് പരാജയപ്പെടുമ്പോൾ ഇ.വി.എമ്മിൽ പഴിചാരി തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് കൈ കഴുകുന്നതിന് പകരം ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആശയാടിത്തറകളിലേക്ക് മടങ്ങുകയാണ് കോൺഗ്രസ്‌ ചെയ്യേണ്ടത്. ഈ രാജ്യം കോൺഗ്രസിന്റെ പൂർവ പ്രതാപത്തിലുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്.

ഫസൽ വെള്ളുവങ്ങാട്

അധികാരമോഹത്തിൽനിന്ന് മുക്തരാകണം

ലക്കം: 1256ൽ എ.എസ്. സുരേഷ് കുമാർ എഴുതിയ 'ഉത്തർപ്രദേശും പഞ്ചാബും നൽകുന്ന സൂചനകൾ' എന്ന ലേഖനമാണ് ഈ കത്തിന് ആധാരം. ഇന്ദിരക്ക് തീറെഴുതിയ ഭൂമിയല്ല ഭാരതം, ഹിന്ദുരാഷ്ട്രവാദികളുടെ സ്വന്തമല്ല ഭാരതം എന്ന് മുദ്രാവാക്യമുയർന്ന ഒരു കാലമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് സംഘ്പരിവാർ, ഇന്ത്യ ഭരിക്കുന്ന കാലത്തിലാണ് ഇന്ന് ഭാരതം. കോൺഗ്രസിന് ഇനിയൊരു ഭാവിയുണ്ടോ എന്ന് സംശയിക്കുന്നവരുണ്ടിന്ന്. ഇന്ത്യയുടെ നിലനിൽപ് തെന്ന കോൺഗ്രസിന്റെ കൈകളിലാണെന്ന് രാഷ്ട്രീയ പ്രതിയോഗികൾ പോലും സമ്മതിക്കുന്നുമുണ്ട്. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർ കോൺഗ്രസിനെതന്നെയാണ് ഭയപ്പെടുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെ അടിസ്ഥാനമാക്കി കോൺഗ്രസിന്റെ കഥ കഴിഞ്ഞു എന്നു വിചാരിക്കുന്നവരും ഏറെയുണ്ട്. 2024ൽ ബി.ജെ.പി തന്നെ തിരിച്ചുവരുമെന്ന് പറയാനാവില്ല. അത്ഭുതങ്ങൾ സംഭവിച്ചേക്കാം. കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികളുടെ ഭിന്നിപ്പും അധികാരമോഹവുമാണ് ബി.ജെ.പിയുടെ വിജയരഹസ്യം.

കോൺഗ്രസിനെ പുറത്തുനിർത്തി ഒരു പ്രതിപക്ഷ ഐക്യമുണ്ടായാൽ തന്നെ അവർക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുകയില്ല. കോൺഗ്രസിന്റെ സഹായത്തോടുകൂടി ഒരു ഭരണമാണ് പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നത്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമില്ലാതിരിക്കുകയും പ്രതിപക്ഷത്തിന് കോൺഗ്രസിന്റെ പിന്തുണയോടുകൂടി ഭരിക്കാൻ സാധ്യമാവുകയും ചെയ്യുക എന്ന സാധ്യതക്കാണ് ഇനി പ്രതീക്ഷയുള്ളത്. പ്രതിപക്ഷം ഭിന്നിച്ചുനിന്നാൽ അതും സാധ്യമാവുകയില്ല. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും പ്രധാനമന്ത്രിസ്ഥാനമോഹമുണ്ട്. തൃണമൂൽ കോൺഗ്രസാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്. ആം ആദ്മി പാർട്ടിക്ക് തൃണമൂലിനോളം സാധ്യത കാണുന്നില്ല. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾ അവരുടെ കൈയിൽ ഉണ്ടെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ഫലം മറിച്ചായിക്കൂടെന്നില്ല.

കോൺഗ്രസിനും തൃണമൂലിനും നല്ല പിന്തുണയുണ്ടായാലേ ഈ സ്വപ്നം സാക്ഷാത്കരിക്കുകയുള്ളൂ. വോട്ടുശതമാനത്തിലല്ല, സീറ്റുകിട്ടുന്നതിലാണ് കാര്യമിരിക്കുന്നത്. വോട്ടുശതമാനം സംഘത്തിനും കുറഞ്ഞുവരുകയാണ്. സ്റ്റേറ്റുകളിൽ 70 ശതമാനം വോട്ടെങ്കിലും ചെയ്യപ്പെടുകയാണെങ്കിൽ ബി.ജെ.പിക്ക് ഇന്നുള്ള സീറ്റിൽ വലിയ കുറവ് വരാനാണ് സാധ്യത. പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയും കോൺഗ്രസിന്റെ സീറ്റ് വർധിക്കുകയും ചെയ്താൽ ബി.ജെ.പി പരാജയപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ, വിജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവർ പയറ്റിനോക്കാതിരിക്കുകയില്ല. ബി.ജെ.പിയുടെ പിന്നിലും പാർട്ടികൾ ഉണ്ടാകുമെന്ന് തീർച്ചയാണ്. വർഗീയ കാർഡിറക്കി അവർ വിജയം ഉറപ്പിക്കുകയും ചെയ്യും. അതുകൊണ്ട് 2024ൽ എന്തു സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ല. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിച്ചു നിർത്തുന്നതിലാണ് പരിവാറിന്റെ വിജയം. അതവർ ഏതുവിധേനയും വിജയകരമായി നടപ്പാക്കുകയും ചെയ്യും.

സാധ്യതകളുടെ ഗെയിം ആണല്ലോ തെരഞ്ഞെടുപ്പ്. കൂടുതൽ ഗോൾ സ്കോർ ചെയ്യുന്നവരാണ് ഗെയിമിൽ ജയിക്കുന്നത്. അതാരായിരിക്കുമെന്ന് മുൻകൂട്ടി പറയുക വിഷമമാണ്. നേതാക്കൾ അധികാരമോഹത്തിൽനിന്ന് മുക്തരായെങ്കിലേ കോൺഗ്രസിന് ഇനി സാധ്യതയുള്ളൂ. അധികാരത്തിനുവേണ്ടിയുള്ള മൽപ്പിടിത്തമാണ് കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത്. ഗാന്ധി കുടുംബത്തെ പഴിചാരി നേതൃത്വം പിടിച്ചുപറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ഗാന്ധികുടുംബം നേതൃസ്ഥാനത്തില്ലെങ്കിൽ കോൺഗ്രസ് ഛിന്നഭിന്നമാകുമെന്ന് ഭിന്നിച്ചുനിൽക്കുന്നവർക്ക് അറിയുകയും ചെയ്യാം. എങ്കിലും അവർ പയറ്റിനോക്കുകയാണ്, വിജയിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

സദാശിവൻ നായർ ആലപ്പുഴ

ഉറവകൊള്ളട്ടെ, ഒരു പിടി നല്ല ചിത്രങ്ങൾ

സിനിമ പ്രവർത്തകനായ അമൽ നീരദുമായി രൂപേഷ് കുമാർ നടത്തിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം (ലക്കം: 1257) വായിച്ചപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ കുറിപ്പിന് ആധാരം. മലയാള ചലച്ചിത്ര ലോകം പുതച്ചു കിടന്ന വരേണ്യ ബോധത്തിന്റെ കരിമ്പടത്തെ വലിച്ചു മാറ്റുന്നതിൽ ചെറുതല്ലാത്ത ഒരു പങ്കുവഹിച്ച വ്യക്തികളിലൊരാളാണ് അമൽ എന്നു പറയാതെ വയ്യ.

കീഴാളനും ദലിതനും മുസ്‍ലിമുമൊക്കെ പലപ്പോഴും വല്ലാതെ അപരവത്കരിക്കപ്പെട്ട തരത്തിൽ അവതരിപ്പിക്കപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി. ഉന്നത ജാതിയിൽപെട്ട നായക കഥാപാത്രങ്ങളാൽ അപഹസിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരായിരുന്നു കീഴാള കഥാപാത്രങ്ങൾ പലപ്പോഴും.

കഥാപശ്ചാത്തലം കേരളത്തിൽ എവിടെയാണെങ്കിലും മുസ്‍ലിം കഥാപാത്രത്തെക്കൊണ്ട് മലപ്പുറം ഭാഷ മാത്രം സംസാരിപ്പിക്കുന്നതും, അവർക്കു നിർബന്ധമായും ഒന്നിൽ കൂടുതൽ പത്നിമാരും ഒരുപാട് മക്കളും ഉണ്ടാകണമെന്നുമൊക്കെയുള്ള നടപ്പ് രീതിയിൽനിന്നും അഭ്രകാവ്യങ്ങളെ മാറ്റിപ്പണിയാൻ അമൽ ഉൾപ്പെടെ ഉള്ള പുതുസംവിധായകർക്കു കഴിഞ്ഞിട്ടുണ്ട്.

ക്രൈസ്തവ, ഹിന്ദു, വരേണ്യ നായക സങ്കൽപങ്ങളിൽ പലപ്പോഴും അദ്ദേഹവും തളക്കപ്പെട്ടപോലെ തോന്നിയിട്ടുണ്ടെങ്കിലും, മേൽപ്പറഞ്ഞ തരത്തിലുള്ള പല ശീലങ്ങളും പൊളിച്ചെഴുതാൻ അമലിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവരെയും തുല്യമായി ഉൾക്കൊള്ളുന്ന നല്ല ചലച്ചിത്രങ്ങൾ അദ്ദേഹത്തിൽനിന്ന് ഉറവയെടുക്കട്ടെ എന്ന് ആത്മാർഥമായി ആശിക്കുന്നു.

ഇസ്മായിൽ പതിയാരക്കര

ലതാമങ്കേഷ്കർ 'തസ്കരവീരനി'ൽ പാടി

ആഴ്ചപ്പതിപ്പിന്റെ 1254ാം ലക്കത്തിലെ ശ്രീകുമാരൻ തമ്പിയുടെ സിനിമാഗാനയാത്രകളിൽ 'തസ്കരവീരൻ' എന്ന സിനിമയിലെ ചില പാട്ടുകൾ മാത്രമേ സ്പർശിച്ചുള്ളൂ. തമ്പിയുടെ ശ്രദ്ധ പതിയാത്ത, എത്ര കേട്ടാലും മതിവരാത്ത ചില ഗാനങ്ങൾകൂടി അതിലുണ്ട്. ലതാമങ്കേഷ്കർ ആദ്യം മലയാള സിനിമയിൽ പാടുന്ന സിനിമകൂടിയാണിത്. ഒരു ഹിന്ദി ഖവാലി ഗാനം. അതുപോലെ ''സഫലം...സഫലം മനം കടിഞ്ഞാണുവിട്ടു നിൻപിറകെ പായുതേ പായുതേ പായുതേ'' എന്ന ഗാനം അതിമനോഹരമാണ്. ''കള്ളനൊരുത്തൻ വന്നല്ലൊ കണ്ണും കാട്ടി നടന്നല്ലൊ പുകില് പറഞ്ഞ് പറഞ്ഞവനൊടുവിൽ കരളുംകൊണ്ട് കവർന്നല്ലോ...'' എന്ന പി. ലീലയും ശാന്ത പി. നായരും പാടിയ ഗാനം എന്റെ കുട്ടിക്കാലത്ത് മുതിർന്നവരിൽനിന്നും കേട്ടിരുന്നു. ഒരു മാപ്പിളപ്പാട്ടിന്റെ പാറ്റേണിലാണ് ചടുലമായ ഈ ഗാനം. എം.എൻ. പിഷാരടി എഴുതിയ 'ആനറാഞ്ചൽ' എന്ന ഡിറ്റക്ടിവ് നോവലാണ് 'തസ്ക്കരവീരനും' 'മലൈക്കള്ളനും' 'ആസാദു'മായത്. സത്യൻ ഡബിൾ റോളിൽ (ഒരു മുസ്‍ലിം വേഷത്തിലും നായക കഥാപാത്രമായും) വരുന്ന സിനിമകൂടിയാണിത്.

'ദേവസുന്ദരി' എന്ന സിനിമക്കായി തിക്കുറിശ്ശി എഴുതിയ 25 പാട്ടുകളും ശ്രദ്ധിക്കപ്പെടാതെപോയെന്ന് പറയുന്ന 'യുക്തി' അജ്ഞാതമാണ്. ഒരു സിനിമയിൽ രണ്ട് ഡസനോളം പാട്ടുകളുണ്ടാകുക. അതിലൊന്നുപോലും ആരും മൂളാതിരിക്കുക. പ്രഗല്ഭനായ തിക്കുറിശ്ശി ഗാനരചന നടത്തിയിട്ടും..?

റഷീദ് പി.സി പാലം നരിക്കുനി

ഉള്ളിൽ തൊടുന്ന ഓർമയെഴുത്ത്

ഇത് ഓർമയെഴുത്തുകളുടെ പൂക്കാലം. ആഴ്ചപ്പതിപ്പിൽ യു.കെ. കുമാരന്‍റെ 'ഏകാകിയുടെ അക്ഷരയാത്ര' വായനയെ ഉദ്ദീപിപ്പിക്കുന്ന മികച്ച എഴുത്താണ്. മനസ്സില്‍ അനുഭൂതികളുടെ പഞ്ചാമൃതം നിറയ്ക്കുന്ന വായനാനുഭവങ്ങള്‍. ഹൃദയരക്തത്തില്‍ തൂലിക മുക്കി എഴുതിയ വാക്കുകള്‍.

യു.കെ. കുമാരന്‍റെ 'ഓർമയെഴുത്തി'ലൂടെ കടന്നുപോകവേ ഞാനിതുവരെ കേള്‍ക്കാത്ത നിരവധി കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. അതിലൊന്നാണ് എം.ടിയുടെ 'ചെറുപുഞ്ചിരി' ചരിതം. 'നാലു കൂട്ടുകാര്‍, നാലുപേരും പോയി' എന്ന, ലക്കം: 1257ലെ അധ്യായം എന്‍റെ കണ്ണുകള്‍ നനയിച്ചു. ആ നാലുപേരില്‍ ഒരാളായ ടി.വി. കൊച്ചുബാവ എന്‍റെയും സുഹൃത്തായിരുന്നു. കുറച്ചുകാലം ഗള്‍ഫില്‍ ഉണ്ടായിരുന്ന കൊച്ചുബാവ ഷാര്‍ജയിലായിരുന്നു താമസം. പകല്‍ മുഴുവന്‍ സുഹൃത്തുക്കളോടൊപ്പം നാടുചുറ്റലും രാത്രിയില്‍ എഴുത്തുമായിരുന്നു പതിവ്. അങ്ങനെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചാല്‍ ആരെയെങ്കിലും വായിച്ചുകേള്‍പ്പിച്ചാലെ ചങ്ങാതിക്ക് സമാധാനമാകൂ. പകല്‍ജോലിയുടെ ക്ഷീണത്തില്‍ ഉറങ്ങാന്‍ കിടക്കുന്ന എന്നെ അവന്‍ ഉറക്കത്തിന്‍റെ മൂർധന്യത്തില്‍ വിളിച്ചുണര്‍ത്തും.''എടാ, നീയിതൊന്ന് കേള്‍ക്ക്'' എന്നുപറഞ്ഞ്‌ വായന തുടങ്ങും. അതിനെക്കുറിച്ച് എന്ത് അഭിപ്രായം പറഞ്ഞാലും വിരോധമില്ല. മറ്റുള്ളവരെ വായിച്ചുകേള്‍പ്പിക്കുമ്പോഴാണത്രേ തന്‍റെ എഴുത്തിന്‍റെ 'ക്ലാസ്' അവൻ തിരിച്ചറിയുന്നത്.

ഒരുപാട് പുതുമ നിറഞ്ഞ വിശേഷങ്ങള്‍ അറിയാനും വിസ്മൃതിയിലാണ്ടവ ഓർമിച്ചെടുക്കാനും ഉതകുന്നതാണീ ഓർമയെഴുത്ത്.

സണ്ണി ജോസഫ്‌, മാള

News Summary - madhyamam weekly letter