Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

അതിമനോഹരമായ ഗൃഹാതുരതസി.എല്‍. ജോസിന്‍റെ മുഖചിത്രത്തോടെ കൈയില്‍ കിട്ടിയ ആഴ്ചപ്പതിപ്പിന്‍റെ (ലക്കം: 1259) ഇതളുകള്‍ ഓരോന്നായി മറിച്ചപ്പോള്‍ അദ്ദേഹം രചിച്ച മിഴിനീര്‍പൂക്കള്‍, ഒളിയമ്പുകള്‍, അവള്‍ മാത്രം, ഭീതി, കോളേജ് കുരുവികള്‍, നൊമ്പരങ്ങള്‍, മനസ്സില്‍ ഒരു ദീപം, ചങ്ങലക്കും ഭ്രാന്ത് തുടങ്ങിയ ഹ്രസ്വ നാടകങ്ങള്‍ മനസ്സിലൂടെ മിന്നിമറിഞ്ഞു. ഇരുപത്തിരണ്ടാം പേജിലെത്തിയപ്പോള്‍ അദ്ദേഹവുമായി പി.പി. പ്രശാന്ത് നടത്തിയ സംഭാഷണം കണ്ണിലെത്തി. പിന്നെ അതു ഭക്ഷിച്ചിട്ടേ മറ്റു വിഭവങ്ങളിലേക്ക് പോയുള്ളൂ.1970കളില്‍ ഞാന്‍ ചിറ്റൂർ ഗവ. കോളജിൽ പഠിക്കുന്ന കാലം. കോളജ് ഡേക്ക് അവതരിപ്പിക്കാന്‍ ഒരു നാടകം വേണം. ഇംഗ്ലീഷ് അധ്യാപകനും...

Your Subscription Supports Independent Journalism

View Plans

അതിമനോഹരമായ ഗൃഹാതുരത

സി.എല്‍. ജോസിന്‍റെ മുഖചിത്രത്തോടെ കൈയില്‍ കിട്ടിയ ആഴ്ചപ്പതിപ്പിന്‍റെ (ലക്കം: 1259) ഇതളുകള്‍ ഓരോന്നായി മറിച്ചപ്പോള്‍ അദ്ദേഹം രചിച്ച മിഴിനീര്‍പൂക്കള്‍, ഒളിയമ്പുകള്‍, അവള്‍ മാത്രം, ഭീതി, കോളേജ് കുരുവികള്‍, നൊമ്പരങ്ങള്‍, മനസ്സില്‍ ഒരു ദീപം, ചങ്ങലക്കും ഭ്രാന്ത് തുടങ്ങിയ ഹ്രസ്വ നാടകങ്ങള്‍ മനസ്സിലൂടെ മിന്നിമറിഞ്ഞു. ഇരുപത്തിരണ്ടാം പേജിലെത്തിയപ്പോള്‍ അദ്ദേഹവുമായി പി.പി. പ്രശാന്ത് നടത്തിയ സംഭാഷണം കണ്ണിലെത്തി. പിന്നെ അതു ഭക്ഷിച്ചിട്ടേ മറ്റു വിഭവങ്ങളിലേക്ക് പോയുള്ളൂ.

1970കളില്‍ ഞാന്‍ ചിറ്റൂർ ഗവ. കോളജിൽ പഠിക്കുന്ന കാലം. കോളജ് ഡേക്ക് അവതരിപ്പിക്കാന്‍ ഒരു നാടകം വേണം. ഇംഗ്ലീഷ് അധ്യാപകനും സിനിമ -നാടക അഭിനേതാവുമായ നരേന്ദ്ര പ്രസാദാണ് മെന്‍റര്‍. ആധുനിക നാടകങ്ങളെ പ്രമോട്ട് ചെയ്യുന്ന ആളാണ് അദ്ദേഹമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്‍റെ മനസ്സ് വായിച്ച സാറ് പറഞ്ഞു: ''ഇവിടത്തെ പ്രേക്ഷകര്‍ക്ക്‌ ആധുനിക നാടകങ്ങളൊന്നും ഏല്‍ക്കില്ല. നീ സി.എല്‍. ജോസിന്‍റെ ഏതെങ്കിലും നാടകം തിരഞ്ഞെടുക്കൂ. ഞാന്‍ സംവിധാനം ചെയ്യാം.'' അങ്ങനെ 'നക്ഷത്രവിളക്ക്' തിരഞ്ഞെടുത്ത് സാറിന്‍റെ സംവിധാനത്തില്‍ അരങ്ങേറിയപ്പോള്‍ ഉഗ്രന്‍ കൈയടികളായിരുന്നു. കോഴിക്കോട് സര്‍വകലാശാല യുവജനോത്സവ വേദിയില്‍ പ്രസ്തുത നാടകത്തിന് ഒന്നാം സമ്മാനം നേടിയതും എങ്ങനെ മറക്കാന്‍. തുടര്‍ വര്‍ഷങ്ങളില്‍ 'കറുത്ത വെളിച്ചം', 'നഷ്ടസ്വര്‍ഗം', 'യുഗതൃഷ്ണ' എന്നിവയും അവതരിപ്പിച്ചു.

ജീവിതഗന്ധിയായ നാടകങ്ങള്‍ എന്നുവേണം ജോസേട്ടന്‍റെ നാടകങ്ങളെ വിശേഷിപ്പിക്കാന്‍. ആകാശവാണി അവതരിപ്പിച്ച 'മണല്‍ക്കാട്', 'അഗ്നിവലയം' തുടങ്ങിയ നാടകങ്ങള്‍ മൊഴിമാറ്റത്തിലൂടെ രാജ്യത്തിലുടനീളം പ്രക്ഷേപണംചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഇന്ത്യയുടെ പൊതുസ്വത്തായി. എന്നാല്‍ പിന്നീട് വന്ന ട്രെന്റായ പ്രഫഷനല്‍ നാടകങ്ങളിലെ നാടകീയതയും സാങ്കേതികത്വവും ശബ്ദവും ബഹളവും ഇഷ്ടപ്പെട്ടില്ലെന്ന് പറയാന്‍ പലര്‍ക്കുമായില്ല. കാരണം, ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാല്‍ ആള്‍ പഴഞ്ചനായി മുദ്രകുത്തപ്പെടും. ഫുട്ബാളിനേക്കാള്‍ ഇഷ്ടം ക്രിക്കറ്റാണെന്ന് പറയാന്‍ നിര്‍ബന്ധിതരാകുന്ന ഇപ്പോഴത്തെ ഒരു വിഭാഗം യുവജനങ്ങളെപ്പോലെ. ക്രിക്കറ്റ് അറിയില്ലെന്ന് പറയുന്നത് കുറച്ചിലും കൾച്ചറില്ലായ്മയും ആണല്ലോ.

സാമൂഹിക പ്രശ്നങ്ങളാണ് ജോസേട്ടന്‍റെ വിളഭൂമി. അതില്‍ വിത്തെറിഞ്ഞ് നൂറുമേനി കൊയ്തെടുത്തു. അദ്ദേഹത്തിന്‍റെ ഒരു നാടകമെങ്കിലും അവതരിപ്പിക്കാത്ത കലാസമിതികളോ പള്ളി-ഉത്സവപ്പറമ്പുകളോ കേരളത്തില്‍ കാണുക ബുദ്ധിമുട്ടാണ്. ഇതിൽപരം എന്തു ഭാഗ്യമാണ് ഒരു നാടകകൃത്തിന് ലഭിക്കാനുള്ളത്? നവതി ആഘോഷിക്കുന്ന വേളയിലും എഴുതിക്കൊണ്ടിരിക്കുന്ന രണ്ടുപേരെയുള്ളൂ മലയാളത്തില്‍ -ജോസേട്ടനും മലയാളത്തിന്‍റെ പ്രിയ കഥാകൃത്തായ ടി. പത്മനാഭനും. ജോസേട്ടന് ആശംസകൾ നേരുന്നു.

സണ്ണി ജോസഫ്‌, മാള

എന്നെന്നും സൂക്ഷിച്ചുവെക്കേണ്ട ഒന്ന്

മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി സ്പെഷൽ പതിപ്പ് വായിച്ചു. ആഴ്ചപ്പതിപ്പിന്റെ കാൽനൂറ്റാണ്ട് ചരിത്രം അറിയാൻ സാധിച്ചു. മാധ്യമം പത്രം ആരംഭിച്ച് 11 വർഷങ്ങൾക്ക് ശേഷം 1998 ഫെബ്രുവരിയിൽ വന്ന മാധ്യമം ആഴ്ചപ്പതിപ്പിന് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ പ്രചാരവും ജനസമ്മതിയും നേടാൻ കഴിഞ്ഞത് നിസ്സാരകാര്യമല്ല. പ്രസിദ്ധീകരണങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. അപ്രിയ സത്യങ്ങൾ വിളിച്ചുപറയുമ്പോഴും അവശ, അധഃകൃത ജനങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിക്കുമ്പോഴും നോട്ടമിടുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. സമൂഹത്തിലെ അധഃകൃതർക്കും ആദിവാസി-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി താളുകൾ മാറ്റിവെക്കുന്ന അപൂർവം മാസികകളിലൊന്നാണിത്.

ഇതിൽ തുടക്കം പംക്തിയിൽ പറയുന്നപോലെ എഴുത്തുകാർക്ക് ഭയം ഇല്ലാതെ ഇരിക്കുകയും പ്രസാധനം ഭയത്തിൽ അമരുകയും ചെയ്താലോ? ഭയരഹിതരായഎഴുത്തുകാരും പ്രസാധകരും വായനക്കാരും ഒന്നിച്ചുനിന്നത് മാധ്യമം ആഴ്ചപ്പതിപ്പിന്റെ പ്രശസ്തി വർധിപ്പിച്ചു. പലപ്പോഴും അപ്രിയ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ, സവർണ ഫാഷിസ്റ്റ് ഭരണകൂട അനീതികൾ വിളിച്ചു പറയുമ്പോൾ സ്വാഭാവികമായും അവർ എതിർക്കും. പേടിച്ച് പല മാധ്യമങ്ങളും പിന്തിരിയും. ഇതിൽനിന്നും വിഭിന്നമാണ് മാധ്യമം ആഴ്ചപ്പതിപ്പും പത്രവും. പ്രതികാരബുദ്ധിയോടെ മീഡിയവൺ ചാനൽ നിരോധിച്ചതും നാം കണ്ടല്ലോ.

ഇതിൽ വളരെ ശ്രദ്ധിക്കപ്പെട്ട, വി.എം. ഇബ്രാഹീം എഴുതിയ ലേഖനത്തിൽ ആദിവാസി- ദലിതർക്കിടയിൽ എത്രയാണ് വരിക്കാർ/വായനക്കാർ എന്ന് പരിഹസിച്ചവർ ഉണ്ടല്ലോ. ഇവർ ഭൂരിപക്ഷവും പാവപ്പെട്ടവർ ആയതിനാൽ വരിക്കാർ സ്വാഭാവികമായും കുറവ് ആയിരിക്കും. പക്ഷേ, ഇന്ത്യൻ ജനസംഖ്യയുടെ 85 ശതമാനം ഉള്ള ഈ അവശ, പാർശ്വവത്കരിക്കെപ്പട്ട, മതന്യൂനപക്ഷങ്ങൾ (20 ശതമാനം) ഇവരുടെ ഉയർച്ച ഇന്ത്യയുടെയും ഉയർച്ചയാണ്. 15 ശതമാനം സവർണർ മാത്രം ഉയർന്നാൽ മതിയോ ഇന്ത്യയിൽ?

ഈ രജതജൂബിലിപ്പതിപ്പിൽ 'അർപ്പണം' (വി.കെ. ഹംസ അബ്ബാസ്), 'ആകാശത്തുനിന്ന് ഇടിച്ചിറങ്ങിയ സൈൻബോർഡ്' (കെ.പി. രാമനുണ്ണി), മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന്റെ 'വഴിത്തിരിവായതിങ്ങനെ', യാസീൻ അശ്റഫിന്റെ 'മാഗസിൻ ജേണലിസത്തിലെ ശതാബ്ദിപ്പകർച്ച' തുടങ്ങിയ മറ്റ് അനേകം പംക്തികളും ധാരാളം അറിവ് തരുന്നു. ഈ രജതജൂബിലിപ്പതിപ്പ് എന്നെന്നും സൂക്ഷിച്ചുവെക്കേണ്ടതാണ്.

ദിലീപ്, മുതുകുളം

രാഷ്ട്രീയ- സാമൂഹിക അവബോധത്തിന്റെ ഉണർത്തുപാട്ട്

മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി പതിപ്പ് കുറച്ചൊക്കെ വായിച്ചു. പല തിരക്കുകാരണങ്ങളാലാണത്. വീണ്ടും വായന തുടങ്ങും. അത്രയും വായനാനുഭവങ്ങൾ അത് തരും. 1987ലാണ് ഈ പത്രം (ചിറക്) വിടർന്നുതുടങ്ങിയത്. ഭൂമിയിലുള്ള ഏതു സൂക്ഷ്മ സംഭവങ്ങളയും ഇത് കാണുന്നു. പത്രപ്രവർത്തനത്തിന്റെ അനന്തനീലാകാശമാണ് ഇതിന്റെ കർമമേഖല. വർഷങ്ങളായി ഇതെഴുതുന്നയാൾ 'എഴുത്തുകുത്തി'ലൂടെ പല വായനാനുഭവങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. പലതിന്റെയും മൂടുതാങ്ങികളായി വർത്തമാന പത്രപ്രവർത്തനരംഗം അധഃപതിച്ചുകൊണ്ടിരിക്കുന്ന ഈ ദശാസന്ധിയിൽ മാധ്യമം പുലർത്തുന്ന മാധ്യമധർമം എടുത്തുപറയേണ്ടുന്നതാണ്. പ്രഗല്ഭരായ എത്രയോ എഴുത്തുകാരുടെ രചനകൾ ഇതിന്റെ താളുകളെ ഭാസുരോജ്വലമാക്കിയിട്ടുണ്ട്. ഏറെ എഴുത്തുകാരെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. ഭരിക്കുന്നവരെ അഥവാ വാഴുന്നവരെ അന്ധമായി വാഴ്ത്തുന്ന സ്വഭാവം ഇതിനില്ല; വീഴുന്നവരെ അന്ധമായി അപഹസിക്കുന്നതും.

അടിസ്ഥാനവർഗ വിമോചന വിപ്ലവ പുരോഗമന പ്രസ്ഥാനം അപചയവിധേയമായി തങ്ങളുടെ ചരിത്രപരമായ രാഷ്ട്രീയദൗത്യം നിർവഹിക്കാൻ കഴിയാതെവന്നപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്, വിശിഷ്യ കേരള രാഷ്ട്രീയത്തിന് സംഭവിച്ച രാഷ്ട്രീയാപചയങ്ങൾ വ്യക്തമായി ഉയർത്തിക്കാട്ടാൻ മാധ്യമം ആഴ്ചപ്പതിപ്പിന് സാധിച്ചു. അതിന്റെ രജതജൂബിലി വർഷത്തിൽ ഇത് നിതരാം പിന്തുടരാൻ അതിന് സാധിക്കുന്നു.

കെ.ടി. രാധാകൃഷ്ണൻ കൂടാളി

'താൻ' കഥ

വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ബി.എ ഇംഗ്ലീഷിന് പഠിക്കുമ്പോഴാണ് കഥാകൃത്തായ വത്സലൻ വാതുശ്ശേരിയുമായി പരിചയപ്പെടുന്നത്. കലാകൗമുദിയിൽ 'സാഹിത്യവാരഫലം' എഴുതുന്ന പ്രഫ. കൃഷ്ണൻനായർ വത്സലൻ വാതുശ്ശേരിയുടെ കഥയെപ്പറ്റി സ്ഥിരമായി നല്ല അഭിപ്രായം എഴുതിയിരുന്ന കാലമായിരുന്നു അത്. അന്ന് വത്സലൻ കാര്യവട്ടത്തെ ഡോക്ടർ വിദ്യാർഥിയാണ്. കാര്യവട്ടത്തെ, പിഎച്ച്.ഡിക്കാരനായ എന്റെ നാട്ടുകാരൻ ഡോ. ശിശുപാലനാണ് എനിക്ക് വത്സലനെ പരിചയപ്പെടുത്തിയത്. ഞങ്ങൾ ഒരുമിച്ച് നഗരത്തിൽ ഒരിക്കൽ സിനിമ കാണാൻ പോയി. ഞാൻ നഗരത്തിലെ ഒരു ഉയർന്ന ലോഡ്ജിലാണ് താമസിക്കുന്നതെന്നറിഞ്ഞപ്പോൾ വത്സലൻ ചെലവിനെപ്പറ്റി അമ്പരപ്പ് പ്രകടിപ്പിച്ചു. അപ്പോൾ ശിശുപാലൻ ഇങ്ങനെ പറഞ്ഞു: ''അനിലിന്റെ അച്ഛൻ വലിയ ധനികനായ ഉദ്യോഗസ്ഥനാണ്.'' വാതുശ്ശേരി ചിരിച്ചു!

അധികാരിയുടെ മകനായ, റിട്ട. തഹസിൽദാരായ, നായർ വംശജനായ, സവർണ ജാതിക്കാരനായ ശങ്കരൻ നായർ- പറമ്പ് കിളക്കാൻ വന്ന കാളൻ ചെറുമകന്റെ ചെക്കനായ ശിവൻ. രണ്ട് വിരുദ്ധ ജാതികൾ. ഇവർ തമ്മിലുള്ള സംഘർഷമാണ് 'താൻ' കഥയുടെ അടിസ്ഥാനം. 'നായർ' ചേർക്കാതെ വെറും 'ശങ്കരാ'എന്നുള്ള ശിവന്റെ വിളി ശങ്കരൻ നായർക്ക് തന്റെ പിതാമഹന്മാരെവരെ ചേറിൽ തള്ളുന്നതിന് തുല്യമാണ്. തോളോളം നീളമുള്ള തൂമ്പ ഒരു തൂണുപോലെ ഉറപ്പിച്ചുനിന്നാണ് ശിവൻ എന്ന ദലിതൻ അക്ഷോഭ്യനായി മറുപടി നൽകുന്നത്. ''എടോന്നും, താനെന്നുമൊക്കെ വിളിക്കാൻ ഞാൻ നിന്റെ കൊച്ചമ്മേടെ മോനോ?'' എന്ന് സിംഹത്തെപ്പോലെ വാ പിളർന്ന് ശങ്കരൻ നായർ നിവർന്ന് നിൽക്കുന്നു. അതിന് ശിവൻ നൽകുന്ന മറുപടി, ''തനിക്കെന്നെ നീന്ന് വിളിക്കാമെങ്കിൽ എനിക്ക് തന്നെ താനെന്നും വിളിക്കാ''മെന്നാണ്.

''പാതി ദിവസത്തെ കൂലി തന്നേക്കാം, അതും വാങ്ങി പൊയ്ക്കോടാ ചെറ്റേ'' എന്നാണ് നായരുടെ പ്രതികരണം! പറമ്പ് കെളയ്ക്കാൻ വേണ്ടി വിളിച്ച് വരുത്തിയിട്ട് ഇപ്പോൾ പണിയാണ്ട് ഇറങ്ങിപ്പോകാൻ പറയുന്നത് മര്യാദയല്ല, എന്ന് ശിവൻ പറയുന്നു. ശിവന്റെ ശബ്ദത്തിൽ ഒരു കാട്ടുമൃഗത്തിന്റെ മുരടിപ്പ്, നായർ വിരണ്ടുനിന്നുപോയി. ശിവന്റെ ''നീ'', ''താൻ'' എന്നൊക്കെയുള്ള വിളികൾ കല്ലിനെക്കാൾ തല പിളർക്കുന്നതായി നായർക്ക് അറിവായി. തെന്റയുള്ളിലെ അധികാരിയുടെ ചോരയോട്ടത്തിന് സ്പീഡ് കുറഞ്ഞതായി നായർ അറിഞ്ഞു. ശിവൻ, അധികാരിയുടെ രക്തക്കുഴലുകൾക്ക് കെട്ടുകളിടുകയാണ്! സ്ഥലത്തെ പാർട്ടിക്കാർ, പൊലീസുകാർ, വക്കീലന്മാർ, ഡെപ്യൂട്ടി കലക്ടർ വരെ തന്റെ സുഹൃത്തുക്കൾ ആണ്. പക്ഷേ, നായരുടെ ഏഴാമിന്ദ്രിയം ഗ്രഹിച്ചപോലെ ശിവൻപറഞ്ഞു: ''ഇവിടെന്ന് വീടുവരെ എത്തണ്ടേ. മരണത്തിൽനിന്ന് ജീവിതത്തിലേക്കുള്ള ദൂരം ഓടിയെത്താൻ തനിക്ക് കഴിയില്ല.'' അതിന് മറുപടിയായി ശങ്കരൻ നായർ, തന്റെ ജാതിസ്ഥാനത്തിന്റെ മാഹാത്മ്യം പറഞ്ഞു. പക്ഷേ, അതും വിജയിച്ചില്ല. ജാതിക്കാർഡുകൊണ്ടുള്ള വാൾ പ്രയോഗം ഏശുന്നില്ല. ശങ്കരൻ നായരോട് ശിവൻ ഇങ്ങനെ പറഞ്ഞു: ''എന്റച്ഛൻ കാളനും, അപ്പൂപ്പൻ കോരനും തന്നെക്കാൾ പ്രായമുള്ളവരായിരുന്നു. അവരെ താൻ 'നീ' എന്നും 'എടാ' എന്നുമല്ലാതെ വിളിച്ചിരുന്നില്ലല്ലോ!''

സവർണ ജാതിക്കാരും ദലിതരും തമ്മിലുള്ള സംഘർഷമാണ് 'താൻ' കഥയുടെ തുടക്കവും ഒടുക്കവും. ശിവൻ എന്ന അധഃസ്ഥിതന്റെ രൂപമാണ് ഈ കഥയുടെ ചിത്രം.

അനിൽ രാമചന്ദ്രൻ കൃഷ്ണപുരം

ഭരണകൂട നിരീക്ഷണത്തിന്റെ തീക്ഷ്ണമുഖം

'ഇതാണ് ക്രൈം' എന്ന തലക്കെട്ടിൽ (ലക്കം: 1259) എഴുതിയ 'തുടക്കം' ഏറെ പ്രസക്തമാണ്. ഏതെങ്കിലും കേസിൽ അറസ്റ്റിലാവുകയോ കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്നവരുടെ ജൈവ, ശരീര സാമ്പിളുകൾ ശേഖരിക്കാൻ പൊലീസ് കോൺസ്റ്റബിളിന് അനുമതി നൽകുന്ന ബിൽ പാർലമെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ ഭവിഷ്യത്തുക്കളെപ്പറ്റി പാർലമെന്റിൽ പ്രതിപക്ഷം ഘോരഘോരം വാദിച്ചു. ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ട് വിശദപഠനം നടത്തണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് മോദിപക്ഷം അതെല്ലാം തട്ടിമാറ്റി. ഇനി അതൊരു നിയമമായി മാറാൻ അൽപം കടമ്പകൾകൂടിയേ ബാക്കിയുള്ളൂ.

ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമത്തേക്കാൾ ഏറെ കടുത്തതാണ് ഈ നിയമമെന്ന് പലരും ഇതിനകം തന്നെ വിമർശിച്ചിട്ടുണ്ട്. ഒരർഥത്തിൽ, ഇവിടെ നടക്കുന്നത് ഡി.എൻ.എ പരിശോധനയാണ്. പ്രതികളെ ശാസ്ത്രീയമായി തിരിച്ചറിയാൻ വേണ്ടിയാണ് ഈ നിയമമെന്നാണ് ഭരണപക്ഷത്തിന്റെ വാദം. എന്നാൽ, ഡി.എൻ.എ പരിശോധനയിലൂടെ പ്രതി മാത്രമല്ല തിരിച്ചറിയപ്പെടുക, അയാളുടെ കുടുംബവും വംശവുംതെന്നയും നിരീക്ഷണത്തിലാകും. ഇതുതന്നെയാണ് നിലവിൽ ഭരണകൂടം ആഗ്രഹിക്കുന്നതും. സ്വാഭാവികമായും ഈ നിയമം ആർക്കെതിരെയാകും പ്രയോഗിക്കുക എന്നതും ഊഹിക്കാവുന്നതേയുള്ളൂ. ആ അർഥത്തിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ ഇൗ നിയമത്തിന്റെ കാര്യത്തിലും ഉണ്ടാകേണ്ടതായിരുന്നു. നിർഭാഗ്യവശാൽ കാര്യമായ ചലനങ്ങളൊന്നുമുണ്ടായില്ല. എല്ലാം ചട്ടപ്പടി നടന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത 'തുടക്കം' പ്രസക്തമായത്.

ഗോപകുമാർ നന്ദാവനം, തിരുവനന്തപുരം

സി.എൽ. ജോസിനൊരു വിയോജനക്കുറിപ്പ്

ജോസേട്ടനുമായി (സി.എൽ. ജോസ്) പി.പി. പ്രശാന്ത് നടത്തിയ അഭിമുഖം (ലക്കം: 1259) വായിച്ചു. നവതിയിലേക്ക് പ്രവേശിച്ച ജോസേട്ടന്റെ തിയറ്റർ ഇടപെടലുകളെ അടയാളപ്പെടുത്തിയ ആഴ്ചപ്പതിപ്പിന് അഭിനന്ദനങ്ങൾ! എന്നിരുന്നാലും, അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ഒരു നിരീക്ഷണത്തോട് വിയോജിക്കാതെ വയ്യ. പുതിയ കാലത്തെ നാടകങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: ''ജീവിതബന്ധിയാകണം നാടകങ്ങൾ. നാടകം എന്നത് ജനകീയ കലയാണ്. അത് ജനങ്ങളിൽനിന്ന് അകലുമ്പോൾ ജനങ്ങൾ നാടകത്തിൽനിന്ന് അകലും. പ്രേക്ഷകന്‍റെ മനസ്സിലാണ് നാടകം നടക്കേണ്ടത്. അവൻ നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്കുണ്ടായ അനുഭവമാണ്, എെന്‍റ സുഹൃത്തിന്‍റെ ജീവിതമാണിത് എന്ന തോന്നലുണ്ടാകണം. അങ്ങനെ നാടകം ഉള്ളിൽ തട്ടണം... ഇന്ന് ആധുനിക നാടകങ്ങളുടെ ശൈലി വേറെയാണ്. ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെക്കാൾ അവർ പ്രാധാന്യം കൊടുക്കുന്നത് സംഗീതം, ദൃശ്യഭംഗി, ലൈറ്റിങ് എന്നിവ അടങ്ങുന്ന സാങ്കേതിക കാര്യങ്ങൾക്കാണ്. അതിന് പ്രാധാന്യം കൊടുക്കുമ്പോൾ നാടകത്തിന് വേണ്ടത് എന്താണ് എന്നത് ചോർന്നുപോകുന്നു. ദുർഗ്രഹമായ ഇതിവൃത്തങ്ങൾ പ്രേക്ഷകനെ മടുപ്പിക്കുന്നു. നാടകം കണ്ടുകഴിയുമ്പോൾ എന്താണ് ഉദ്ദേശിച്ചത് എന്നത് ചോദിച്ചു മനസ്സിലാക്കേണ്ട ഗതികേടുണ്ട്. മറ്റൊരാൾ മനസ്സിലാക്കിപ്പിച്ചുകൊടുത്താലേ നാടകം മനസ്സിലാകൂവെങ്കിൽ നല്ല നാടകമായി ഞാൻ വിലയിരുത്തില്ല.''

പുതിയകാല നാടകങ്ങൾ സംഗീതത്തിനും ദൃശ്യഭംഗിക്കും ലൈറ്റിങ്ങിനുമൊക്കെ പ്രാധാന്യം കൊടുക്കുന്നുവെന്നത് ശരിതന്നെ. എന്നുവെച്ച്, അത് ജീവിതഗന്ധിയല്ലെന്ന് പറയാനാവില്ല. പുതുതലമുറയിലെ നാടകപ്രവർത്തകർ ലഭ്യമായ സാങ്കേതിക വിദ്യകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതുകൊണ്ടാണ് അവയത്രയും കൂടുതൽ കളർഫുളായി അനുഭവപ്പെടുന്നത്. ആ സങ്കേതത്തിലൂടെ പുതിയ കാലത്തെ ജീവിത യാഥാർഥ്യങ്ങളെത്തന്നെയാണ് അവർ വരച്ചുകാട്ടുന്നത്. അതുകൊണ്ടുകൂടിയാണ്, അടുത്തകാലത്തായി നടന്നുകൊണ്ടിരിക്കുന്ന നാടകോത്സവങ്ങൾക്ക് പതിവിൽ കവിഞ്ഞ ജനകീയ പങ്കാളിത്തം കണ്ടുവരുന്നതും. നാടകരംഗത്തെ പുതിയ തലമുറ നടത്തിക്കൊണ്ടിരിക്കുന്ന തിയറ്റർ പരീക്ഷണങ്ങളും ശ്രദ്ധേയമാണ്.

ഹരിഹരൻ, ആറന്മുള

News Summary - madhyamam weekly letter