എഴുത്തുകുത്ത്
വെബ് സീരീസുകളെ അടയാളപ്പെടുത്തണംഒരു സാംസ്കാരിക വാരിക എന്ന നിലയിൽ മാധ്യമം വെബ് സീരീസുകളെ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ അതിയായി ആഗ്രഹിക്കുന്നു. പുതിയ സിനിമകൾ, പുതിയ പുസ്തകങ്ങൾ എന്നിവക്ക് സമാന്തരമായി അനേകം വെബ് സീരീസുകളും പുറത്തിറങ്ങുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന വൈവിധ്യമായ സ്വഭാവങ്ങളിലുള്ള വെബ്സീരീസുകൾ മലയാളികളുടെ മൊബൈൽ സ്ക്രീനുകളിലും...
Your Subscription Supports Independent Journalism
View Plansവെബ് സീരീസുകളെ അടയാളപ്പെടുത്തണം
ഒരു സാംസ്കാരിക വാരിക എന്ന നിലയിൽ മാധ്യമം വെബ് സീരീസുകളെ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ അതിയായി ആഗ്രഹിക്കുന്നു. പുതിയ സിനിമകൾ, പുതിയ പുസ്തകങ്ങൾ എന്നിവക്ക് സമാന്തരമായി അനേകം വെബ് സീരീസുകളും പുറത്തിറങ്ങുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന വൈവിധ്യമായ സ്വഭാവങ്ങളിലുള്ള വെബ്സീരീസുകൾ മലയാളികളുടെ മൊബൈൽ സ്ക്രീനുകളിലും നിറഞ്ഞോടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലാകട്ടെ, ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രകോപിപ്പിക്കുന്നതും കൃത്യമായ രാഷ്ട്രീയം പറയുന്നതുമായ അനേകം സീരീസുകൾ പുറത്തെത്തിക്കൊണ്ടിരിക്കുന്നു. സാങ്കേതിക മികവിലും ഉള്ളടക്കത്തിലും സിനിമകളെ പിന്നിലാക്കുന്ന സീരീസുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമകളുടെയും ലോക സിനിമയുടെയും ജാലകം മലയാളികൾക്ക് മുന്നിൽ തുറന്നുനൽകിയ മാധ്യമം വെബ്സീരീസുകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്.
സാജിദ് മലപ്പുറം
ഇന്ത്യയിൽ ഇതവസാനത്തേതല്ല
'നായകൻ വില്ലനാകുന്നു' എന്ന ഡോ. കഫീൽ ഖാന്റെ ആത്മകഥയുടെ മൊഴിമാറ്റം വായിച്ചു. (ലക്കം: 1271). സമകാലിക ഇന്ത്യയുടെ വർഗീയ സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് വിരൽചൂണ്ടുന്നതോടൊപ്പം, നിസ്വാർഥനായ ഒരു ഡോക്ടറുടെ നിസ്സഹായതയും തുറന്നുകാട്ടുന്നതിൽ പരിഭാഷകയായ മൃദുല ഭവാനി വിജയിച്ചിരിക്കുന്നു.
കഫീൽ ഖാനെതിരെ വന്ന ആരോപണങ്ങൾ എത്രത്തോളം അടിസ്ഥാനരഹിതവും പരിഹാസ്യപൂർണവുമാണെന്ന് എഴുത്ത് അടിവരയിടുന്നു.
ഗോരഖ്പുരിലെ 63 ശിശുക്കൾ ഓക്സിജൻ കിട്ടാതെ മരിച്ച മഹാദുരന്തത്തെ കഫീൽ ഖാനെ മറയാക്കി സിലിണ്ടർ മോഷണവും ഡോക്ടറുടെ അപാകതയുമാക്കിത്തീർക്കാനാണ് സംഘ്പരിവാർ തുടക്കം മുതൽ ശ്രമിച്ചത്.
എന്തായാലും, ഇന്ത്യയിൽ ഇതവസാനത്തേതല്ല എന്നുറപ്പാണ്. ന്യൂനപക്ഷ വിദ്വേഷമില്ലാതെ സംഘ്പരിവാറിന് നിലനിൽപില്ല എന്നതാണ് വസ്തുത. ഫാഷിസത്തിന്റെ പര്യവസാനം തകർച്ചയിലേക്കുതന്നെയാണ്. വർഗീയമുക്ത മതേതര ഇന്ത്യയെ നമുക്ക് പ്രത്യാശിക്കാം.
മുഹമ്മദ് ഫാറസ് കെ.പി, വല്ലപ്പുഴ
വായനക്കാരെ കൊത്തിയെടുക്കുന്ന കവിത
ഒരേസമയം തീവ്രവും സൗമ്യവുമായ ശബ്ദത്തിൽ സംവേദിക്കുന്നു എന്നത് മോഹനന്റെ കവിതകളുടെ മൗലിക സ്വഭാവമാണ്. മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച (ലക്കം: 1271) 'തെയ്യത്തിനരികിൽ' എന്ന കവിതയിലും അതു സംഭവിക്കുന്നു. ഭീതിദമായ ഏതോ അജ്ഞാതശബ്ദത്തിന്റെ ഭീഷണിയും പുകയുന്ന കണ്ണുമായി നിൽക്കുന്ന കുഞ്ഞിന്റെ നെഞ്ചിടിപ്പുകളും വായനക്കാരനെ വിഹ്വലതയുടെ ഏകാന്തമായ ദ്വീപിൽ അകപ്പെടുത്തുന്നു.
കാവിലെ തെയ്യത്തെ രാത്രി തന്റെ അന്ധകാരംകൊണ്ട് കവചം ചെയ്തിരിക്കയാണ്. കുട്ടിക്ക് തെയ്യത്തിനരികിലെത്താനാവുന്നില്ല. അച്ഛനെവിടെ എന്ന ചോദ്യത്തിനു മുന്നിൽ അമ്മയുടെ മാത്രമല്ല, കുട്ടിയുടെ മനസ്സിലും കനലെരിയുന്നു. കാവിലേക്കുള്ള യാത്ര മുടങ്ങുമോ എന്നതിനേക്കാൾ തന്റെ അച്ഛനെന്തെങ്കിലും സംഭവിക്കുമോ എന്ന ആധി കുട്ടിയുടെ പതുങ്ങി നിൽപിലുണ്ട്.
കാലത്തിന്റേതായ ഒരു ഘടികാരദിശ ഈ കവിതയിൽ മോഹനൻ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അത് മനുഷ്യനും മനുഷ്യനുമിടയിൽ സംഭവിക്കുമെന്ന് ഭയപ്പെടുന്ന അപായസൂചനയാണോ, അതോ ഇരുട്ടിന്റെ മറ നീക്കി പ്രത്യക്ഷ്യപ്പെടുന്ന ദൈവത്തിന്റെ അടയാളമാണോ എന്നുള്ള സന്ദേഹം വായിക്കുമ്പോഴും വായനക്കുശേഷവും നമ്മെ പിന്തുടരുന്നു.
ഹനീഫ് സി
'പെപ്പറോമിയ പെല്ലുസിഡ' ഹൃദ്യം
ഒന്നോ രണ്ടോ പതിറ്റാണ്ടു മുമ്പുവരെ എല്ലാ കുതുഹൂല ബാല്യങ്ങളുടെയും ഓർമച്ചെപ്പിൽ വാടാതെ നിൽക്കുന്ന കുളിർപ്പച്ചയായിരുന്നു മഷിത്തണ്ട്. സ്ലേറ്റിന്റെ പ്രതലത്തിലെ ശരിയും തെറ്റും ഒരുപോലെ മായ്ച്ചു പുതിയപാഠത്തിലേക്ക് പുതുമോടിയിൽ ഒരുക്കാൻ മഷിത്തണ്ടുകൾ കുട്ടികളെ പ്രാപ്തമാക്കുന്നു. 'പെപ്പറോമിയ പെല്ലുസിഡ' എന്ന കഥയിലെ പട്രിഷ്യ, ജിനോയുടെ വിഷാദത്തെ മായ്ച്ചുകളഞ്ഞു പ്രസന്നമാക്കുന്നതിനും ഈ മഷിത്തണ്ടുതന്നെ നിമിത്തം (ലക്കം: 1271).
അവമതിയും അന്യതാബോധവും ഏതു പ്രായത്തെയും പിടികൂടുന്ന വികാരമാണ്. ജിനോയുടെ നേർരേഖയിലേക്ക് കൂർപ്പിച്ചു നിർത്തുന്ന കണ്ണിലെ കൃഷ്ണമണികളിൽ പട്രിഷ്യ വിഷാദം കലർന്ന സ്നേഹത്തിന്റെ തിരയിളക്കം കാണുന്നു. അവന്റെ അസാന്നിധ്യത്തിലും പ്രണയമെന്നോ സ്നേഹമെന്നോ നിർവചിക്കാൻ കഴിയാത്ത ഒരപൂർവ വികാരം കാലങ്ങളോളം അവൾ തന്റെ മനസ്സിൽ സൂക്ഷിക്കുന്നു.
പട്രിഷ്യയുടെ ഹൃദയത്തിൽ നോവും വിസ്മയവും പടർത്തി കഥയവസാനിക്കുന്നു. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ആർദ്രത കഥയിലുടനീളം ഒരു വിഷാദഛവിപോലെ പടർന്നിട്ടുണ്ട്. ജീവിതത്തെ ഇച്ഛകൾക്കനുസരിച്ച് വഴി നടത്താത്ത വിധിയുടെ വൈചിത്ര്യം ഈ കഥയിൽ മുഴച്ചു നിൽക്കുന്നു. സബീന എം. സാലിയുടെ എഴുത്ത് ഹൃദയം തൊട്ടിരിക്കുന്നു.
ഹംസുട്ടി പുളിക്കപ്പറമ്പ്
വായനയെ സമ്പുഷ്ടമാക്കിയ ലക്കം
തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ പിടിച്ചിരുത്തുന്ന രചനകളാണ് ലക്കം 1271ൽ ഉള്ളതെന്ന് പറയാൻ സന്തോഷമുണ്ട്. നാടകങ്ങളിലൂടെ പ്രശസ്തനായി സിനിമയിലെത്തി നിൽക്കുന്ന അപ്പുണ്ണി ശശിയുടെ യാത്രകൾ, നിസ്വാർഥ സേവനത്തിനുള്ള 'പ്രതിഫലമായി' ജയിലഴികൾക്കുള്ളിൽ കിടക്കാൻ വിധിക്കപ്പെട്ട ഡോ. കഫീൽ ഖാന്റെ ആത്മകഥാഭാഗം, പുലയസമുദായത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ ഒരുപാട് വേദനകൾ അനുഭവിക്കേണ്ടിവന്ന ടി. കരുണാകരന്റെ അനുഭവങ്ങൾ... എല്ലാംതന്നെ നല്ല വായനാനുഭവം നൽകി. അടിയന്തരാവസ്ഥയുടെ ഭീകരതകൾ ഞെട്ടലോടെ മാത്രമേ ഓർക്കാനാവൂ.
നാലു കവിതകളും ഉയർന്ന നിലവാരം പുലർത്തുന്നവയായി. എ.കെ. മോഹനന്റെയും കമറുദ്ദീന്റെയും കവിതകൾ ഹൃദയത്തിലേക്കാണ്ടിറങ്ങുന്നവയായി. അടുത്തകാലത്ത് വായിച്ചതിൽ മനോഹരമായ കഥയായിരുന്നു 'പെപ്പറോമിയ പെല്ലുസിഡ'. പട്രിഷ്യയുടെയും ജിനോയുടെയും കഥ, ലളിതഭാഷയിൽ, ദുർഗ്രാഹ്യതകളില്ലാതെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു! എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.
സീരപാണി തിരുവാലി
ഈ പ്രതിസന്ധികൾ സ്വയം സൃഷ്ടിച്ചതാണ്
'കമ്യൂണിസ്റ്റ് ലോകത്തെ പരിണാമങ്ങൾ' എന്ന ശീർഷകത്തിൽ (ലക്കം: 1272) വന്ന ലേഖനത്തിന്റെ അനുബന്ധമാണ് ഈ കുറിപ്പ്. ജാതി രോമകൂപങ്ങളിൽ വരെ പടർന്നുകയറിയ ഭാരതീയ സാമൂഹിക സാഹചര്യത്തെ വിലയിരുത്തി പ്രത്യയശാസ്ത്രത്തെ മാറ്റി പ്പണിയാൻ കഴിയാതെ പോയതാണ് സി.പി.എമ്മിന് പിണഞ്ഞ ഏറ്റവും വലിയ തെറ്റുകളിലൊന്ന്. ഫാഷിസം പടർന്നുകയറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ മൂന്നാം ബദൽ സ്വപ്നം കണ്ടു നടന്നതും, ചരിത്രപരമായ വിഡ്ഢിത്തമെന്ന് പിൽക്കാലത്തു വിശേഷിപ്പിക്കപ്പെട്ട പ്രധാനമന്ത്രിപദ തിരസ്കാരവും യു.പി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതുമുൾപ്പെടെ പാളിച്ചകളുടെ ഒരു ഘോഷയാത്രയിലൂടെയാണ് പാർട്ടി കടന്നുപോയത്.
കേരളത്തിലെ പിണറായിക്കാലത്തിലൂടെ കടന്നുപോവുമ്പോൾ അദ്ദേഹം സെക്രട്ടറി പദവിയിൽ ഇരുന്ന സമയത്താണ് ഏറ്റവും കൂടുതൽ മുതലാളിത്ത ചങ്ങാത്തപാതയിലൂടെ പ്രസ്ഥാനം നടക്കാൻ തുടങ്ങിയത് എന്നത് വിസ്മരിക്കാനാകില്ല.
ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സംഘി വിധേയത്വവും അണികളിൽ തൊഴിലാളികളെക്കാൾ കൂടുതൽ ചെറുകിട, ഇടത്തരം മുതലാളിമാർ പിടിമുറുക്കുന്നതുമൊക്കെ കമ്യൂണിസ്റ്റ് ലോകത്തെ പരിണാമങ്ങളിൽ ചിലതുമാത്രമാണ്.
പൊതുജനത്തിന്റെ പരിദേവനങ്ങൾക്ക് ചെവികൊടുക്കാതെ 'വികസനങ്ങൾക്ക്' വേണ്ടിയുള്ള പിടിവാശികളും, മൂല്യച്യുതികൾ തിരുത്തപ്പെടാതെയുള്ള ന്യായീകരണങ്ങളും എല്ലാം വലിയ പ്രതിസന്ധിയുടെ പടുകുഴിയിലേക്കാണ് പാർട്ടിയെ തള്ളിവിട്ടു കൊണ്ടിരിക്കുന്നത്.
ചുരുക്കത്തിൽ ആദർശങ്ങൾ അക്ഷരങ്ങളിൽമാത്രം ഒതുങ്ങിപ്പോയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കാലഘട്ടങ്ങളുടെ പ്രശ്നങ്ങളെ തരണം ചെയ്തു മുന്നോട്ടു പോകാൻ കഴിയുമോ എന്ന കാര്യം നമുക്ക് കാലത്തിനു വിട്ടുകൊടുക്കാം.
ഇസ്മായിൽ പതിയാരക്കര
അടിയന്തരാവസ്ഥയുടെ ഓർമകളുണ്ടായിരിക്കണം
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1271) 'ആ ദിനങ്ങൾ ഇനി വരരുത്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അടിയന്തരാവസ്ഥക്കെതിരെ പോരാടിയ രാഷ്ട്രീയ നേതാക്കളുടെ അനുഭവക്കുറിപ്പുകൾ വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു.
1975 ജൂൺ 25: ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും മനിതമന്ത്രമുരുവിട്ട ഈ ഭാരതപുണ്യഭൂമിയിൽ ഭയാനകമായ തേറ്റകളോടുകൂടിയ ഒരു കറുത്ത ഭീകരസത്വം കടൽകേറി വന്നു. 'അടിയന്തരാവസ്ഥ'! മനുഷ്യന്റെ ശ്വസിക്കാനുള്ള ജൈവികവും പ്രാകൃതികവുമായ അവകാശങ്ങളെപ്പോലും നിഷേധിച്ചുകൊണ്ട് ആ ഭീകര സത്വം വളരാൻ തുടങ്ങി. ഭാരതഭൂമി വിഷലിപ്തമാക്കികൊണ്ട്. ഇതിന്റെ ഭീകരവാഴ്ച തടയാൻ ഇന്ത്യൻ ജനാധിപത്യ ശക്തികൾ സടകുടഞ്ഞെഴുന്നേറ്റു. രോഗചികിത്സയിൽ കഴിയുന്ന ജയപ്രകാശ് നാരായണൻ എന്ന സോഷ്യലിസ്റ്റും ജനാധിപത്യ വിശ്വാസിയുമായ നേതാവ് ഇതിന്റെ നേതൃത്വമേറ്റെടുത്തുകൊണ്ട് ഉയർന്നുവന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഈ ജാഗരസംഗരഭൂമിയിൽ ജനാധിപത്യശക്തികളെല്ലാം ജെ.പിക്ക് പിന്നിൽ അണിനിരന്നു. എന്തായിരുന്നു ആ കാലം? റഷ്യയിൽ സ്റ്റാലിന്റെ കാലത്തും ജർമനിയിൽ ഹിറ്റ്ലറുടെ കാലത്തും അരങ്ങ് തകർത്താടിയ, ഭീകരവാഴ്ചയുടെ സാദൃശ്യമുള്ള ഫാഷിസ്റ്റ് രാഷ്ട്രീയ ഭീകരത. ജനാധിപത്യത്തിലൂടെയും സോഷ്യലിസത്തിലൂടെയും മതേതരത്വത്തിലൂടെയും ലോകം ശ്രദ്ധിച്ച നേതാവ് ജവഹർലാൽ നെഹ്റുവിന്റെ അരുമസന്താനം ഇന്ദിര ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നാണതിന്റെ വൈരുധ്യാത്മകത. എന്തുകൊണ്ട്, ജനാധിപത്യം കൊടിയടയാളമായി സ്വീകരിച്ച ഇന്ത്യ ഈ സവിശേഷ സാഹചര്യത്തിലെത്തിച്ചേർന്നുവെന്നുള്ളത് ഗവേഷണ വിഷയമാക്കാം. ഈ കെട്ടകാലത്ത് അടിയന്തരാവസ്ഥയുടെ ഓർമകളുണ്ടായിരിക്കണം. അടിയന്തരാവസ്ഥാനന്തരമുള്ള 47 വർഷക്കാലത്തെ, നമ്മുടെ ഗ്രാഫ് എങ്ങോട്ടാണ് ? മനുഷ്യനിന്നിവിടെ അഭയാർഥികളാണ്. മേലാളന്മാർ കെട്ടുന്ന ഇരുൾക്കൊട്ടകളിൽ കഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് നാമിപ്പോഴും.
കെ.ടി. രാധാകൃഷ്ണൻ കൂടാളി
കാത്തിരിക്കുന്നു, സംഗീതചരിത്രം വായിക്കാൻ
പാട്ടിനോട് വാസനയുള്ളവർ നല്ല ഗാനങ്ങൾ മറക്കുകയില്ല. ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്രഗാന ചരിത്രം വായിക്കാനുള്ള പ്രേരണയും അതുതന്നെയാണ്. ഗാനങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ അർഹതയുള്ള ഗാനരചയിതാവും സംഗീതപ്രിയനുമാണ് അദ്ദേഹം. ചിത്രങ്ങളിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഗാനങ്ങൾ ആവശ്യമായിവരുന്നത് എന്ന് നന്നായി അറിയാവുന്നയാളാണ് അദ്ദേഹം. എത്രയോ ചിത്രങ്ങൾക്ക് അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ചലച്ചിത്രഗാനങ്ങളിലെ വരികളെ അതിമനോഹരമായ രാഗമാലികയാക്കി മാറ്റുന്ന മുഹൂർത്തങ്ങൾ അദ്ദേഹം ഓർത്തെടുക്കുകയാണ്. ഗാനങ്ങളുടെ സൗന്ദര്യം തെളിയിച്ച വർഷമായിരുന്നു 1965. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'മുറപ്പെണ്ണ്' ജനശ്രദ്ധയാകർഷിച്ചത് അതിലെ മികച്ച ഗാനങ്ങൾകൊണ്ടുകൂടിയാണ്. എം.ടി. വാസുദേവൻ നായർ തിരക്കഥാകൃത്തായി സിനിമയിൽ പ്രവേശിക്കുന്നത് മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെയാണ്. മുറപ്പെണ്ണിലെ ഗാനങ്ങളിൽ ഏറ്റവും മികച്ചതാണ് ''കരയുന്നോ പുഴ ചിരിക്കുന്നോ...'' എന്ന അനശ്വരഗാനം. ബന്ധങ്ങളുടെ അടുപ്പവും അകൽച്ചയും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗാനമാണിത്.
'കാവ്യമേള'യിലെ എല്ലാ പാട്ടുകളും ജനങ്ങൾ ഏറ്റുവാങ്ങി. ഇതിൽ പി. ലീലയും യേശുദാസും ഒരുമിച്ച് പാടിയ ''സ്വപ്നങ്ങൾ സ്വപ്നങ്ങളേ...'' എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം മറക്കാനാവാത്തതാണ്. പാട്ടുകളുടെ മേന്മയാണ് ഈ ചിത്രത്തിന്റെ വിജയത്തിന് നിദാനമെന്ന് തമ്പിസാർ പറഞ്ഞതും ശരിതന്നെയാണ്. വയലാറിന്റെ ''ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമവരും...'' എന്ന ഗാനം എത്ര ശ്രുതിമധുരവും കാവ്യാത്മകവുമാണ്. യേശുദാസിന്റെ ആലാപനവും ദേവരാജന്റെ സംഗീതവും കൂടിയാകുമ്പോൾ പാട്ടിന് ഇരട്ടിമധുരമായി. 'ശകുന്തള' എന്ന ചിത്രത്തിൽ ഇതുപോലെ ശ്രവണസുഖം നൽകുന്ന പാട്ടുകൾ വേറെയുണ്ട്. വയലാർ-ദേവരാജൻ കൂട്ടുകെട്ടിലെ നാഴികക്കല്ലുകൾതന്നെയാണ് ശകുന്തള എന്ന ചിത്രത്തിലെ ഗാനങ്ങൾ.
ചില ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മൾ ആ പാട്ടുകളുടെ പിറവിയെക്കുറിച്ച് ഓർമിക്കും. ''നീലക്കാടുകൾ മലർമെത്ത വിരിക്കുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ വരും'' എന്ന ദുഷ്യന്തൻ സ്വപ്നം കാണുന്ന സുന്ദരമുഹൂർത്തം നാമൊരിക്കലും മറക്കുകയില്ല. ഇതൊക്കെയാണ് പാട്ടിന്റെ സന്ദർഭോചിതമായ സന്നിവേശംകൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ. ശംഖുപുഷ്പം കണ്ണെഴുതുന്നതും നീലക്കാർമുകിൽ കരിവണ്ട് മുരളുന്നതും വിഭാവനചെയ്യാൻ വയലാറിനേ സാധ്യമാവുകയുള്ളൂ. അതുപോലെ ''താമരയിലകളിൽ അരയന്നപ്പെണ്‍കൊടി , കാമലേഖനമെഴുതുമ്പോൾ'' എന്നെഴുതാനും. ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകൾ ചരിത്രനിയോഗങ്ങളാണ്. ആസ്വദിക്കാൻ സഹൃദയലോകം കാത്തിരിക്കുന്നുമുണ്ട്. തമ്പിസാറിന് അഭിവാദ്യങ്ങൾ. മാധ്യമം ആഴ്ചപ്പതിപ്പിനും.
സദാശിവൻ നായർ എരമല്ലൂർ
പി.പി. ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരം
പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും പി.പി. ജാനകിക്കുട്ടി സ്മാരക ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പി.പി. ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ജൂലൈ 1 മുതല്‍ 2022 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച യുവ കവികളുടെ കവിതാ സമാഹാരത്തിനാണ് പുരസ്കാരം. എഴുത്തുകാര്‍ 40ന് താഴെ പ്രായമുള്ളവരാകണം. കവിതാ സമാഹാരത്തിന്റെ മൂന്നു കോപ്പികളും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും 2022 ജൂലൈ 31നകം കിട്ടുന്ന വിധത്തില്‍ അയക്കേണ്ടതാണ്.
വിലാസം: പി.പി. വാസുദേവന്‍, ജാനകിക്കുട്ടി സ്മാരക ട്രസ്റ്റ്, ഫ്ലാറ്റ് നമ്പര്‍ 7, മാമിച്ചി അപ്പാർട്മെന്റ്, ഫയര്സ്റ്റേഷന് റോഡ്, പെരിന്തല്‍മണ്ണ 679322.