എഴുത്തുകുത്ത്
കൂർക്ക: അത്രമേൽ ചാരുതയാർന്ന കഥമാധ്യമം കഥാപതിപ്പ് വായിച്ചു. ഒന്നാം കഥ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ പി.എസ്. റഫീഖിന്റെ 'കൂർക്ക'യാണ്. കഥയിലെയും തിരക്കഥയിലെയും വഴക്കം കൊണ്ട് വായനക്കാരനെ ആകർഷിച്ച എഴുത്തുകാരനാണ് പി.എസ്. റഫീഖ്. ക്ലാസിക് കഥാഘടനയും ആധുനിക രചനാ സങ്കേതങ്ങളും ചേരുംപടി ചേർത്തുകൊണ്ടുള്ള റഫീഖിന്റെ എഴുത്തുരീതി നേരത്തേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. തിരക്കഥാകാരന്റെ ദൃശ്യവ്യഗ്രതയും സമ്പന്നതയും റഫീഖിന്റെ കഥകൾക്ക് സവിശേഷ...
Your Subscription Supports Independent Journalism
View Plansകൂർക്ക: അത്രമേൽ ചാരുതയാർന്ന കഥ
മാധ്യമം കഥാപതിപ്പ് വായിച്ചു. ഒന്നാം കഥ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ പി.എസ്. റഫീഖിന്റെ 'കൂർക്ക'യാണ്. കഥയിലെയും തിരക്കഥയിലെയും വഴക്കം കൊണ്ട് വായനക്കാരനെ ആകർഷിച്ച എഴുത്തുകാരനാണ് പി.എസ്. റഫീഖ്. ക്ലാസിക് കഥാഘടനയും ആധുനിക രചനാ സങ്കേതങ്ങളും ചേരുംപടി ചേർത്തുകൊണ്ടുള്ള റഫീഖിന്റെ എഴുത്തുരീതി നേരത്തേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. തിരക്കഥാകാരന്റെ ദൃശ്യവ്യഗ്രതയും സമ്പന്നതയും റഫീഖിന്റെ കഥകൾക്ക് സവിശേഷ ചാരുത പകരുന്നുണ്ട്.
സ്വാനുഭവങ്ങളുടെ തടവറയിൽ കഴിയാതെ അപരജീവിതങ്ങളുടെ നേർക്കാഴ്ചയിൽപെടാത്ത അവസ്ഥകളെ കൂടി സ്വാംശീകരിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് പരഭാഗശോഭ പകർന്നുകിട്ടുന്നത് എന്ന് 'കൂർക്ക' നമ്മോട് പറയുന്നു. സഹപാഠിയും ശരീരം വിൽപനക്കാരിയും മരണോന്മുഖയുമായ സീതയുമായി മൗലവി പുലർത്തുന്ന അസാധാരണമായ ആത്മബന്ധം കൂർക്കയോ കുമ്പളങ്ങയോ ആയി രൂപകം ചെയ്യപ്പെടുന്ന കാഴ്ച അതിമനോഹരം തന്നെ!
ഉറൂബിന്റെ 'പടച്ചോന്റെ ചോറ് ' എന്ന പഴയ കഥയിൽ അന്നം ആയി പ്രത്യക്ഷപ്പെടുന്ന മൗലവി, റഫീഖിന്റെ പുതിയ കഥയിൽ പ്രണയത്തിന്റെ തീക്ഷ്ണ രൂപമായാണ് വായനക്കാരനു മുന്നിൽ എത്തുന്നത്. മാംസനിബദ്ധമല്ല രാഗം എന്ന് മൗലവി പറഞ്ഞുറപ്പിക്കുന്നുമുണ്ട്. അവരുടെ രാഗത്തിന് ജന്നത്തുൽ ഫിർദൗസ് എന്ന അത്തറിന്റെ സുഗന്ധമാണ്. അതയാൾക്ക് സമ്മാനിച്ചത് സീതയാണ്.
അന്നുരാത്രി കിടക്കുന്നതിനു മുമ്പ് അയാൾ ചങ്ങാതിക്ക് ഒരു സന്ദേശം അയക്കുന്നു- ''നാളെ ഞാൻ അവളെ കാണും. അവളുടെ മുഖത്തേക്ക് ഞാൻ കുപ്പി തുറന്ന് ജന്നത്തുൽ ഫിർദൗസ് ഒഴിക്കും.'' പ്രണയം കഥയില്ലായ്മയുടെ ഭ്രാന്തമായ വഴികളിലൂടെ മദിച്ച് ഒഴുകുമ്പോൾ പി.എസ്. റഫീഖിന്റെ 'കൂർക്ക' എന്ന കഥ വായനക്കാരനു മുന്നിൽ ആസ്വാദ്യകരമായ മെഴുക്കുപുരട്ടിയായി അനുഭവപ്പെടുന്നു.
റാഫി പള്ളിപ്പറമ്പിൽ
മനസ്സിൽ കൊളുത്തുന്ന കഥ
ക്ലീഷേകൾ ആവരുതെന്നും മുൻവായനയുടെ സ്വാധീനങ്ങൾ ഉണ്ടാവരുതെന്നും വായനസുഖം പ്രദാനം ചെയ്യുന്ന ഭാഷയുണ്ടാകണമെന്നും സർവോപരി, തന്റെ കഥ ശ്രദ്ധിക്കപ്പെടണമെന്നും അംഗീകരിക്കപ്പെടുമെന്നുമൊക്കെയുള്ള പലതരം ആലോചനകളും ആഗ്രഹങ്ങളുമാകും എഴുതാനിരിക്കുന്നവർക്കുണ്ടാകുക!
പലപ്പോഴും ഇത്തരം ആലോചനകൾ കഥയുടെ ആത്മാവിനെ ചോർത്തിക്കളയാറുണ്ട്. ഓണപ്പതിപ്പിനു വേണ്ടിയോ വാർഷികപ്പതിപ്പിനു വേണ്ടിയോ ഒരു കഥയെഴുതാൻ പത്രാധിപർ വിളിച്ചുപറഞ്ഞാൽ പുതിയതായി എന്തെഴുതണമെന്ന ആലോചനയിൽ എന്തെങ്കിലും എഴുതി അയക്കുന്ന കഥകളാണ് ഇപ്പോൾ ഇത്തരം പതിപ്പുകളിൽ ഭൂരിഭാഗവും! അതിമനോഹരമായ കഥകൾ സമ്മാനിച്ച പ്രഗല്ഭർ പോലും നിലവിൽ എഴുതുന്നത് വളരെ നിരാശജനകമായാണ്.
മാധ്യമം ആഴ്ചപ്പതിപ്പ് 'പുതു കഥയുടെ വഴിയേത്' എന്ന മുഖവിവരണത്തോടെ പുറത്തിറക്കിയതിൽ ചില കഥകൾ വായിച്ചു. ഭൂരിഭാഗം പേരും പുതിയ എഴുത്തുകാർ. എന്നാൽ, പല കഥകളും കഥക്കുവേണ്ടി കഥയെഴുതിയതുപോലെ തോന്നി.
അസംബന്ധങ്ങളെ സംഭവ്യമാക്കി തോന്നിക്കുന്നതിലാണ് ഒരു കഥയെഴുത്തുകാരന്റെ വിജയം. ഭാഷകൊണ്ടും പ്രയോഗംകൊണ്ടും ഘടനകൊണ്ടും കഥയെഴുത്തുകാരൻ ഒരു മാന്ത്രികന്റെ പണിയാണ് ചെയ്യുന്നത്. മാന്ത്രികന് വേഗവും കൈയടക്കവും വേണം. കൈയടക്കം നഷ്ടപ്പെടുമ്പോൾ ജാലവിദ്യ പൊളിയും.
കഥാകാരനും ജാലവിദ്യക്കാരനും അനുഭവിക്കുന്ന പ്രധാന പ്രശ്നം രഹസ്യത്തിന്റെ സൗന്ദര്യം അവർക്കനുഭവിക്കാനാവുന്നില്ല എന്നതായിരിക്കണം!
ആഴ്ചപ്പതിപ്പിൽ എനിക്ക് വ്യത്യസ്തമായി തോന്നിയ രണ്ട് കഥകൾ റഫീഖ് എഴുതിയ 'കൂർക്ക'യും പ്രിയ സുനിൽ എഴുതിയ 'റെവല്യൂഷണറി ഇറ'യുമാണ്. മുഴുവൻ കഥകൾ വായിക്കാത്തതുകൊണ്ടുതന്നെ ഇത് എല്ലാ കഥകളെയും പറ്റിയുള്ള ഒരു അഭിപ്രായവുമല്ല. എങ്കിലും 'റെവല്യൂഷണറി ഇറ' എവിടെയൊക്കെയോ കൊളുത്തുന്നുണ്ട്.
ഒരുപക്ഷേ നമ്മൾ പറഞ്ഞു നടക്കുന്ന, പറയാൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ മറ്റൊരാൾ പറയുമ്പോൾ അവരോടോ കഥാപരിസരത്തോടോ തോന്നുന്ന ഒരു മുൻപരിചയമുണ്ടെന്ന തോന്നലാകും!
ഇന്നാട്ടിലെ പൊതുസദാചാര ബോധങ്ങളിൽ ജീവിക്കുകയും എന്നാൽ, ജൈവികമായ എല്ലാ ചോദനകളും അമർത്തിവെക്കുകയും ഒരു സാധ്യത കിട്ടിയാൽ പുറത്തെടുക്കാൻ വെമ്പൽകൊള്ളുകയും ചെയ്യുന്നവർക്ക് ഈ കഥ അടിവയറ്റിൽ ഒരാന്തലുണ്ടാക്കും.
ക്രമപ്പെടുത്തിവെച്ച സുഖപരിസരങ്ങളെ ക്രമരഹിതമാക്കും. നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന മധ്യവയസ്ക പുതിയ കാലത്തെ കാണുമ്പോഴുണ്ടാകുന്ന ആകുലതകളും കൗതുകങ്ങളും, നഷ്ടബോധങ്ങളും കുറ്റബോധങ്ങളുമെല്ലാം കഥ വായിക്കുമ്പോൾ അനുഭവിക്കാം!
അറിഞ്ഞോ അറിയാതെയോ കഥയിൽ മനഃശാസ്ത്രപരമായ ഒരു സമീപനമുണ്ട്.
ചില സ്വപ്നങ്ങളും ചില തോന്നലുകളും നമ്മൾ പുറത്തുപറയാൻ ഭയപ്പെടും. മറ്റൊരാൾക്ക് മുന്നിൽ നമ്മൾ മോശക്കാരനായി തോന്നുമോ എന്ന ഭയമാണിതിന്റെ കാരണം. എന്നാൽ, അവ നമ്മൾ ഉള്ളിൽ ഒരു ഗൂഢാനന്ദമായി കൊണ്ടുനടക്കുകയും ചെയ്യും. ഇങ്ങനെ ഓരോ വ്യക്തിയിലും ഇത്തരം ഗൂഢാനന്ദങ്ങളുണ്ടാകും. ഭൂരിപക്ഷം പേരുടെ കാര്യത്തിലും ഈ ഗൂഢാനന്ദം (Hidden Pleasure) നിലവിലെ മൂല്യബോധങ്ങളോട് ചേർന്ന് നിൽക്കുന്നവയാകണമെന്നില്ല. ഇത് വളരെ കൗതുകകരമായ ഒരു കാര്യമാണ്. വ്യക്തിപരമായുള്ള ഈ ഗൂഢാനന്ദസങ്കൽപങ്ങൾ ചേർത്തുവെച്ചാൽ ഒരു സമാന്തരമായ ലോകം വെളിവാകും. അവിടെ നിലവിലെ ലോകവും മൂല്യബോധങ്ങളും ചെറുതാവുന്നതും കാണാം.
സത്യത്തിൽ എന്താണ് യാഥാർഥ്യം, എന്താണ് സമാന്തരം എന്ന് നമ്മൾ ആശങ്കപ്പെട്ടേക്കാം. സമാന്തരം തന്നെയല്ലേ യഥാർഥമെന്നും യഥാഥമെന്നു പറയുന്നത് പലരുടെയും താൽപര്യങ്ങൾക്കുവേണ്ടി നിർമിച്ച കെട്ടുകഥകളല്ലേ എന്നും തോന്നിയേക്കാം.
ക്ലബ് ഹൗസ് വഴി പരിചയപ്പെട്ട മദാമ്മ, ''നിങ്ങളുടെ ആദ്യ അനുഭവം'' എന്തായിരുന്നു എന്ന് മധ്യവയസ്കയോട് ചോദിക്കുമ്പോൾ ഒരു കുടുംബിനി എന്ന നിലയിൽ അവർ അസ്വസ്ഥയാകുന്നുണ്ട്. ഭർത്താവെന്ന പതിവ് ഉത്തരത്തിന് അപ്പുറമായി മറ്റൊരു ഉത്തരത്തിനായുള്ള ചോദ്യം അവരെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ, ചോദ്യം മറിച്ചു ചോദിക്കുമ്പോൾ അത് മൂന്നാമത്തെ സ്റ്റെപ് ഫാദറാണെന്ന് കേൾക്കുമ്പോഴുള്ള ഞെട്ടലാണ് 'റെവല്യൂഷണറി ഇറ' അഥവാ വിപ്ലവ യുഗം!
മലയാളിസമൂഹം ഇന്ന് വല്ലാത്തൊരു ഘട്ടത്തിലാണ്. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ. സമൂഹമാധ്യമങ്ങൾ വഴി വിദേശ നാടുകളിലെ സംസ്കാരങ്ങളെ പറ്റി അറിയുമ്പോൾ തങ്ങൾക്ക് നിലവിലുള്ള സ്വാതന്ത്ര്യം പോരാ എന്നവർ മനസ്സിലാക്കുന്നുണ്ട്. എന്നാൽ, ഇതേ സ്വാതന്ത്ര്യം തന്റെ പങ്കാളിക്കോ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ മറ്റടുത്തവർക്കോ ലഭ്യമാകുന്നതിൽ അവർ ആശങ്കപ്പെടുന്നുമുണ്ട്. അനുവർത്തിച്ചുവന്നിരുന്ന ശീലങ്ങളിൽനിന്നും കൊണ്ടുനടന്നിരുന്ന ബോധ്യങ്ങളിൽനിന്നും മാറേണ്ടിവരുമ്പോഴുള്ള വല്ലാത്തൊരു മാനസിക സംഘർഷം അവർ അനുഭവിക്കുന്നുണ്ട്. എങ്കിലും രഹസ്യസ്വഭാവത്തിൽ ഇവിടെ മറ്റൊരു ലോകം വളർന്നിട്ടുമുണ്ട്. പലരും, ആ ലോകം രഹസ്യസ്വഭാവം വിട്ട് മറനീക്കി പുറത്തു വരുന്നതും നോക്കി കാത്തിരിപ്പാണ്.
ഷഹീൻ ബക്കർ, എടപ്പാൾ
കാലം ആവശ്യപ്പെടുന്ന കഥ
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് സമയ പരിധി നിശ്ചയിക്കുന്നതാരാണെന്ന ചോദ്യമുയർത്തിയ സിനിമയും നായികയും സമൂഹത്തിൽ വലിയ തരംഗം സൃഷ്ടിച്ചിട്ട് കാലമധികമായില്ല. മുപ്പതു വയസ്സു കഴിഞ്ഞ് നൃത്തം പഠിക്കുന്ന കുടുംബിനിയെ പുച്ഛം കലർന്ന ആശ്ചര്യത്തോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു. പൊതുനിരത്തിൽ ആത്മവിശ്വാസത്തോടെ വണ്ടിയോടിച്ചു പോകുന്ന പെണ്ണുങ്ങൾ സാധാരണ കാഴ്ചയാവുന്നു.
പിതാവ്, ഭർത്താവ്, മകൻ എന്നിവർ നിശ്ചയിച്ച പരിധിക്കുള്ളിൽ കുടുംബം എന്ന വ്യവസ്ഥിതിയെ ചുറ്റിക്കൊണ്ടിരുന്ന ഉപഗ്രഹപദവിയെ തകർത്തുകൊണ്ട് തന്റെ സ്വകാര്യ സന്തോഷങ്ങളെ ആസ്വദിക്കാൻ അവൾക്ക് ധൈര്യം ലഭിച്ചത് വിവര സാങ്കേതിക വിനിമയരംഗത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റത്തിലൂടെയാണ്.
തന്റെ സർഗാത്മകമായ വാഴ്വിനെ അടയാളപ്പെടുത്തുന്ന സൈബറിടം നൽകുന്ന അപരിമേയമായ സ്വാതന്ത്ര്യം അവളുടെ ജീവിതത്തെ മാത്രമല്ല, പൊതുബോധത്തെ തന്നെ മാറ്റി മറിച്ചു. സാഹിത്യത്തിലും സിനിമയിലും ആ മാറ്റം ഏറെ പ്രകടമായി. കോവിഡിന്റെ വരവോടെ ജീവിതംതന്നെ വിരൽത്തുമ്പിലെ ഒരു ക്ലിക്കിലേക്ക് ചുരുങ്ങുകയും ചെയ്തു.
ഫേസ്ബുക്കിനും വാട്സ്ആപ്പിനും ട്വിറ്ററിനുമൊക്കെ ശേഷം കോവിഡ് കാലത്ത് ഞാൻ ഏറെ ശ്രദ്ധിച്ച ഒരാപ്പാണ് ക്ലബ്ഹൗസ്. നമുക്കിഷ്ടപ്പെട്ട സർഗാത്മകമായതും അല്ലാത്തതുമായ വിഷയങ്ങളെക്കുറിച്ച് സമാന മനസ്കരായവരോടൊത്തു വിശാലമായി സംസാരിക്കാൻ സാധിക്കുന്ന ഒരിടം.
അത്തരം ഒരിടം, റിട്ടയർചെയ്തു വീട്ടിൽ പേരക്കുഞ്ഞിനെയും കളിപ്പിച്ചുകൊണ്ട് അത് മാത്രമാണ് തന്റെ ലോകമെന്ന് കരുതി ജീവിക്കുന്ന ഒരു മധ്യ വർഗ വീട്ടമ്മയുടെ ജീവിതത്തിലും ചിന്തകളിലും ഉണ്ടാക്കുന്ന വിപ്ലവകരമായ വഴിത്തിരിവിനെ അടയാളപ്പെടുത്തുകയാണ് പ്രിയ സുനിലിന്റെ 'റെവല്യൂഷണറി ഇറ' എന്ന കഥ (ലക്കം: 1281).
പദ്മിനി പദ്മനാഭൻ എന്ന റിട്ടേയഡ് കോളജ് അധ്യാപികയുടെ ജീവിതത്തെയും ചിന്തകളെയും 'പോയട്രി ലവേഴ്സ്' എന്ന ക്ലബ് ഹൗസ് കൂട്ടായ്മയിലെ കരോളിൻ എമ്മ ഫ്രഡ്ഡി എന്ന വിദേശി സുഹൃത്ത് സ്വാധീനിക്കുന്നു.
സ്വന്തമെന്ന് കരുതുന്ന ജീവിതം എത്രമാത്രം തന്റേതായിരുന്നുവെന്ന് അവൾ തിരിച്ചറിയാൻ തുടങ്ങുന്നിടത്തു കഥ അവസാനിക്കുന്നുവെങ്കിലും അവളുടെ ജീവിതം തുടങ്ങുന്നത് അവിടെനിന്നുമാണ്.
കുടുംബം, ജോലി എന്നതിനപ്പുറം പെണ്ണുങ്ങൾക്ക് സ്വന്തമായി ഒരിടമുണ്ടെന്നുള്ള തിരിച്ചറിവും സ്വയം ആവിഷ്കരിക്കാൻ കരുത്തും പകർന്ന സൈബറിടങ്ങളെ തന്റെ കഥയിലൂടെ അടയാളപ്പെടുത്താൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ആശംസകൾ.
സിജി സനിൽ
ഒറ്റപ്പെട്ട പ്രതീക്ഷകൾ
'വെറുപ്പ് വ്യാപാരത്തിലെ കൂട്ടക്കൊലകൾ' എന്ന തലക്കെട്ടിൽ പി.പി. പ്രശാന്ത് രേവതി ലോളുമായി നടത്തിയ അഭിമുഖം (ലക്കം: 1282) വർത്തമാന യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഗുജറാത്ത് വംശഹത്യയുടെ നാനാ വശങ്ങളും ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട സുപ്രീംകോടതി വിധിയും അഭിമുഖത്തിൽ വസ്തുനിഷ്ഠമായും സത്യസന്ധമായും രേവതി ലോൾ പറഞ്ഞുതരുന്നുണ്ട്. വർത്തമാന കാല ഇന്ത്യയുടെ വേദനകളും ദുരവസ്ഥകളും അഭിമുഖം അനാവരണം ചെയ്യുന്നു. വർത്തമാനകാല ഇന്ത്യയിൽ രേവതി ലോളിനെപ്പോലുള്ളവർ ഒരു പ്രതീക്ഷയാണ്.
മമ്മൂട്ടി കവിയൂർ
നമുക്ക് സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കാം
മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ രേവതി ലോളുമായി (ലക്കം: 1282) അവരുടെ 'വെറുപ്പിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകത്തെ മുൻനിർത്തി നടത്തിയ അഭിമുഖം വായിച്ചു. ലോകത്തെ ഞെട്ടിച്ച ഗുജറാത്ത് വംശഹത്യയുടെ ഭയാനകത മനുഷ്യസ്നേഹികൾക്കു മുന്നിൽ അഭിമുഖം കുടഞ്ഞിടുന്നുണ്ട്. ഗോദ്ര തീവെപ്പിന്റെ സ്വാഭാവിക പ്രതികരണം എന്ന നിലയിൽ സംഘ്പരിവാർ ചാനൽ മുറികളിരുന്നു നിസ്സാരവത്കരിക്കുന്ന ഈ കൂട്ടക്കുരുതി ഗോദ്രക്കും മാസങ്ങൾക്കു മുമ്പേ ആസൂത്രണം ചെയ്തതാണെന്ന് മനസ്സിലാക്കാം. എന്നാൽ, മാധ്യമങ്ങൾ ഇത് പുറത്തുകൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു. അല്ലെങ്കിൽ ബോധപൂർവം പിന്മാറി.
സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ നടന്ന വർഗീയ കലാപങ്ങളിലെല്ലാം ഒരുഭാഗത്ത് ചോരയിറ്റുന്ന വാളുമായി നിലകൊണ്ട ഒരു പ്രത്യയ ശാസ്ത്രത്തെ അതിന്റെ ശരിയായ അളവിൽ ലോകത്തിനു മുന്നിൽ തുറന്നു വെക്കുന്നതിൽ ഇന്ത്യയിലെ മതേതര ചേരി ഒരു വലിയ പരാജയമാണെന്ന് പറയേണ്ടിവരുന്നതിൽ ദുഃഖമുണ്ട്.
അസത്യങ്ങൾ ഘോഷയാത്രയായി സമൂഹത്തെയാകെ മൂടുന്ന തരത്തിൽ ഇരുട്ട് പരന്നുകൊണ്ടിരിക്കുന്ന വർത്തമാനത്തിൽ സത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് തന്നെയാണ് ഫാഷിസത്തെ നേരിടാനുള്ള ഏറ്റവും നല്ല വഴി.
ഇസ്മായിൽ പതിയാരക്കര
ഈ കഥ കാണാതെ പോകരുത്
ആത്മാവിന്റെ ഹർഷങ്ങൾ ശരീരത്തിൽ തിരിച്ചറിയുമ്പോൾ ദൈവത്തിന് നന്ദി പറയണമെന്നുള്ള സിസ്റ്ററമ്മയുടെ വാക്കുകളിലൂടെ കുതിക്കുന്ന 'മിണ്ടാമഠം' എന്ന ജേക്കബ് എബ്രഹാമിന്റെ കഥ ഉള്ളുപൊള്ളിക്കുന്നു. കന്യാസ്ത്രീകളുടെ ജീവിതങ്ങളാണ് ചെത്തിമിനുക്കി ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദുഃഖങ്ങൾ ഒളിപ്പിച്ച സിസ്റ്ററുടെ മുഖം കഥയിൽ നിന്ന് വായിച്ചെടുക്കുമ്പോൾ മനസ്സിൽ മെഴുകുതിരിനാളംപോലെ പ്രകാശിക്കും. മലയാള കഥാസാഹിത്യത്തിൽ ഏറെ ചർച്ചചെയ്യേണ്ട ഈ കഥ കാണാതെ പോകരുത്.
സന്തോഷ് ഇലന്തൂർ (ഫേസ്ബുക്ക്)
അറിയിപ്പ്
അയനം-എ. അയ്യപ്പൻ കവിതാ പുരസ്കാരം
കവി എ. അയ്യപ്പന്റെ ഓർമക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തുന്ന പതിനൊന്നാമത് അയനം-എ. അയ്യപ്പൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2019 ജനുവരി മുതൽ 2022 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയക്കാം. പുസ്തകത്തിന്റെ നാലു കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം -ഡോ. സുകുമാർ അഴീക്കോട് ഇടം, ചേലൂർ സെവൻത് അവന്യൂ, റൂം നമ്പർ 5 സി, കോരപ്പത്ത് ലെയിൻ, തൃശൂർ 20. മൊബൈൽ 9388922024 എന്ന വിലാസത്തിൽ 2022 ഒക്ടോബർ 25ന് മുമ്പായി ലഭിച്ചിരിക്കണം.