എഴുത്തുകുത്ത്
ശ്രീകുമാരൻ തമ്പിക്ക് ഈ തെറ്റ് സംഭവിക്കരുതായിരുന്നുമാധ്യമം ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എഴുതിവരുന്ന 'സംഗീതയാത്രകൾ' എന്ന പംക്തിയിൽ സംഭവിച്ച പിഴവ് ചൂണ്ടിക്കാണിക്കുന്നത് ഉചിതമാകും. 'കലക്ടർ മാലതി' എന്ന ചിത്രത്തിലെ ഗാനങ്ങൾ പരിചയപ്പെടുത്തുന്നതിനിടയിൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ചിത്രത്തിലെ...
Your Subscription Supports Independent Journalism
View Plansശ്രീകുമാരൻ തമ്പിക്ക് ഈ തെറ്റ് സംഭവിക്കരുതായിരുന്നു
മാധ്യമം ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എഴുതിവരുന്ന 'സംഗീതയാത്രകൾ' എന്ന പംക്തിയിൽ സംഭവിച്ച പിഴവ് ചൂണ്ടിക്കാണിക്കുന്നത് ഉചിതമാകും. 'കലക്ടർ മാലതി' എന്ന ചിത്രത്തിലെ ഗാനങ്ങൾ പരിചയപ്പെടുത്തുന്നതിനിടയിൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ചിത്രത്തിലെ ''അമ്പലപ്പറമ്പിലെ-യാരാമത്തിലെ/ചെമ്പരത്തിപ്പൂവേ/അങ്കച്ചമയത്തിനണിയാനിത്തിരി/സിന്ദൂരമുണ്ടോ -സിന്ദൂരം?/ഉദയാസ്തമന പതാകകൾ പറക്കും/രഥവുമായ് നിൽപൂ കാലം –പുഷ്പ/ രഥവുമായ് നിൽപൂ കാലം'' എന്ന പ്രശസ്ത ഗാനവും ചേർത്തിട്ടുണ്ട് (ലക്കം: 1257). ബാബുരാജിന്റെ സംഗീതത്തിലെ ലാളിത്യത്തെയും മേൽഗാനത്തെ ഉപയോഗിച്ച് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, യഥാർഥത്തിൽ ഈ ഗാനത്തിന് സംഗീതം നൽകിയത് ജി. ദേവരാജൻ മാസ്റ്ററാണ്. ശ്രീകുമാരൻ തമ്പിയെപ്പോലൊരാൾക്ക് ഇങ്ങനെയാരു തെറ്റ് സംഭവിക്കാൻ പാടില്ലായിരുന്നു. കലക്ടർ മാലതിയിൽ വയലാർ തന്നെ എഴുതിയ ''അമ്പലപ്പറമ്പിൽനിന്നൊഴുകി ഒഴുകിവരും അഷ്ടപദി ഗാനം'' എന്ന ഗാനമാകാം തമ്പി ഉദ്ദേശിച്ചത്.
ടി. അബ്ദുൽ ഖാദർ, കൊടക്കാട്
പ്രകാശം പരത്തുന്ന വിജയൻ ചിന്തകൾ
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 'തുടക്കം' പ്രതിപാദ്യവിഷയം കാലിക പ്രസക്തമാണ് (ലക്കം:1285). 'ജാതിവാൽഭാരം' എന്ന തലക്കെട്ടിലെഴുതിയ 'തുടക്കം' ഈ പതിപ്പിന്റെ ഉള്ളടക്കത്തിലേക്ക് വാതിൽ തുറക്കുന്നു. തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ആക്ടിവിസ്റ്റ് എന്നീ നിലയിലെല്ലാം ശ്രദ്ധേയനായ ആതവൻ ദീച്ചന്യയുടെ രചനകളെക്കുറിച്ചും ദലിത് അവസ്ഥകളെക്കുറിച്ചും തമിഴിനെക്കുറിച്ചും പി.പി. പ്രശാന്തുമായി പങ്കുവെച്ച ചിന്തകൾ ജാതീയ ചിന്തകൾക്കെതിരെ, എറിയപ്പെട്ട സ്ഫോടനാത്മക ചിന്തകളാണ്.
ഒരു പിന്നാക്ക വിഭാഗക്കാരനെ/കാരിയെ പ്രസിഡന്റാക്കിയതുകൊണ്ടോ, പ്രധാനമന്ത്രിയാക്കിയതുകൊണ്ടോ മാത്രം അവരുടെ പ്രശ്നങ്ങൾ പരിഹൃതമാകും എന്ന് പറഞ്ഞുകൂടാ. ബ്രാഹ്മണിക് മേധാവിത്വം, ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ എല്ലാം ഇന്നുമിവിടെ ശക്തമാണ്. മുമ്പ് ബാഹ്യതലങ്ങളിൽ സുശക്തമായിരുന്ന ജാതിചിന്തകൾ ഇന്ന് മനുഷ്യന്റെ ആന്തരതലങ്ങളിലായെന്നു മാത്രം. നവോത്ഥാന ചിന്തകളും ഗാന്ധിയൻ ചിന്താ മുന്നേറ്റങ്ങളും എല്ലാം ഇവിടെ സംഭവിച്ചിട്ടുണ്ട്. സോഷ്യലിസത്തിന്റെയും മാർക്സിസത്തിന്റെയും മുന്നേറ്റങ്ങളുമുണ്ടായിട്ടുണ്ട്. എന്നിട്ടും തിരുനക്കരതന്നെ കഴിയുന്ന ആദിവാസികൾ, ദലിതർ, മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങൾ, ജാതിയിൽ താഴ്ന്നവർ ഇവരൊക്കെ അവഗണനയും പാർശ്വവത്കരണങ്ങളും അന്യവത്കരണവും അനുഭവിക്കുന്നുണ്ട് എന്ന നഗ്നസത്യം അനിഷേധ്യമാണ്.
എല്ലാത്തിനുമെതിരായി കടന്നുവന്ന വിപ്ലവ പ്രസ്ഥാനമായ മാർക്സിസം ഇന്നിവിടെ വൈകല്യം ബാധിച്ചു കിടക്കുകയാണ്. എം.എൻ. വിജയൻ മാഷിനെക്കുറിച്ച് ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പ് ആ ജീർണതയെ ഓർമിപ്പിച്ചു. ഗാന്ധിജിയുടെ ലക്ഷ്യസാക്ഷാത്കാരങ്ങളിൽനിന്ന് അകന്നുപോയ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെപ്പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വന്നുപെട്ട ദുരന്തപരിണതി വ്യക്തമാക്കുന്നതായിരുന്നു വിജയൻ മാഷിന്റെ 15ാം ചരമവാർഷികത്തിൽ ജോജി എഴുതിയ 'ശൈത്യത്തിലേക്ക് തീക്കാറ്റ് പടരുമ്പോൾ' എന്ന ലേഖനം. ആശയശൈഥില്യത്തിന്റെ ശൈത്യം ഇന്ന് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സർക്കാറിന്റെ ഭരണ ചെയ്തികളിലും കാണാം. ഈ വ്യതിയാനദിശയിലേക്ക് തീക്കാറ്റ് പടർത്തിയ വിജയൻ ചിന്തകൾ ഈ ഇരുട്ടിലും പ്രകാശം പരത്തുന്നു.
കെ.ടി. രാധാകൃഷ്ണൻ കൂടാളി
യു.എ.പി.എക്കെതിരെ പടപൊരുതണം
മാധ്യമം ആഴ്ചപ്പതിപ്പിൽ 'നിയമ ഭീകരതയുടെ മനുഷ്യവിരുദ്ധ വഴികൾ' എന്ന തലക്കെട്ടിൽ അഡ്വ. കെ.എസ്. മധുസൂദനൻ എഴുതിയത് വായിച്ചു. ക്രൂരമായ യു.എ.പി.എയുടെ വിവേചനത്തിന് ഇരയാകുന്നവരിൽ ഇന്ന് കൂടുതലും കേന്ദ്രസർക്കാറിനെ എതിർക്കുന്നവരാണ്. ഇതിൽതന്നെ മുസ്ലിം, ദലിത് വിഭാഗങ്ങളാണ് കൂടുതൽ. ഇവിടത്തെ ഉയർന്ന ജാതി സവർണ ഹിന്ദുക്കൾ വളരെ കുറച്ച് മാത്രമേ ഈ ക്രൂരമായ നടപടിക്ക് ഇരയാവുന്നുള്ളൂ. കാരണം ഇവരാണല്ലോ ഭരണവർഗം. ഇന്ത്യ മതേതര, ജനാധിപത്യ രാജ്യം എന്ന് പറയുമ്പോഴും അതിന് വിരുദ്ധമായ കാര്യങ്ങളാണ് ബി.ജെ.പി ഭരണത്തിൻ കീഴിൽ നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന ജനാധിപത്യ മതേതരവാദികളും കിരാത നിയമങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. ടീസ്റ്റ സെറ്റൽവാദും ആർ.ബി ശ്രീകുമാറുമെല്ലാം ഉദാഹരണം.
അബ്ദുന്നാസിർ മഅ്ദനിയെ തന്നെ കേസ് നീട്ടിക്കൊണ്ടുപോയി നരകയാതന അനുഭവിപ്പിക്കുന്നത് മുസ്ലിം ആയതുകൊണ്ട് കൂടിയാണ്. കലാപക്കേസിൽ മോദിയടക്കം എല്ലാവരെയും കുറ്റമുക്തമാക്കിയ സുപ്രീംകോടതി വിധി ന്യൂനപക്ഷങ്ങൾക്ക് നീതി കിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പടപൊരുതണം.
ആർ. ദിലീപ്, മുതുകുളം
വായനക്കാർക്ക് അവബോധം നൽകുന്ന എഴുത്ത്
'നിയമ ഭീകരതയുടെ മനുഷ്യവിരുദ്ധ വഴികൾ' എന്ന അഡ്വ. കെ.എസ്. മധുസൂദനൻ എഴുതിയ ലേഖനം ശ്രദ്ധേയമായി (ലക്കം: 1285). രാജ്യത്തെ ടാഡ, പോട്ട, യു.എ.പി.എ പോലുള്ള നിയമങ്ങളുടെ ചരിത്രം പരിശോധിക്കുകയാണ് ലേഖകൻ.
നിയമങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും ഇവ അടിച്ചമർത്തലിന്റെ ഉപകരണമായി മാറിയതെങ്ങനെയാണെന്നും ലേഖകൻ സമർഥിക്കുന്നു. ഡെവലപ്മെന്റ് ടെററിസം (വികസന ഭീകരവാദം) പോലുള്ള പുതിയ വാക്കുകൾ കണ്ടെത്തി ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലുണ്ടാകുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെയും കേസിന്റെ അന്വേഷണ ഭാഗങ്ങൾക്കപ്പുറം സഞ്ചരിച്ച് കേസുകൾ നീട്ടിക്കൊണ്ടുപോയി യാഥാർഥ്യത്തിലേക്കും നീതിയിലേക്കുമെത്താതെയുണ്ടാകുന്ന അന്വേഷണ സ്വഭാവത്തെയും ലേഖകൻ ചോദ്യം ചെയ്യുന്നു.
ഇത്രയും കാലത്തെ അനുഭവാടിസ്ഥാനത്തിൽ ഈ നിയമങ്ങൾ സൃഷ്ടിച്ച ആഘാതം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞ് നിയമവിദഗ്ധർ, മനുഷ്യാവകാശ പ്രവർത്തകർ, നിയമപാലകർ, സാമൂഹിക പണ്ഡിതർ, ചരിത്രകാരന്മാർ അടക്കമുള്ള എല്ലാവരും ചേർന്ന് ഇവ പിൻവലിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ലേഖനം ആവശ്യപ്പെടുന്നു. നിയമവഴികളും നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധവും വായനക്കാർക്ക് നൽകാൻ ലേഖനത്തിന് കഴിഞ്ഞിട്ടുണ്ട്.
മുബഷിർ മഞ്ഞപ്പറ്റ
പൂട: നാട്ടുഭാഷയുടെ ലാവണ്യം
രാഹുൽ പഴയന്നൂർ എഴുതിയ 'പൂട' അനർഗളം ഒഴുകുന്ന ഒരു കാട്ടരുവിയിൽകൂടിയുള്ള തോണിയാത്ര പോലെ സുന്ദരമായിരിക്കുന്നു. വന്യജീവിതങ്ങളുടെ ചുരമാന്തലുകളും കാട്ടുപൂക്കളുടെ മണവും ഞരമ്പുകളെ തളർത്തുന്ന പാൽപായലിന്റെ ഗന്ധവും നമുക്ക് ഈ കഥയിൽ അനുഭവിക്കാം.യു.എ. ഖാദറിന്റെ കഥകൾ പോലെ നാട്ടുഭാഷയുടെ ലാവണ്യം തുളുമ്പുന്ന കഥയാണിത്. തന്നെയുമല്ല കഥാതന്തുവും ആഖ്യാനഭാഷയും നീരക്ഷീരന്യായം പോലെ വേർപിരിക്കാൻ കഴിയാത്തതാെണന്നും പറയാം.
ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാകുന്ന സംഘട്ടനത്തിൽപെട്ട് ജീവരക്ഷാർഥം ഓടുന്നതിനിടയിലാണ് രേണുകനും പമ്മനും തമ്മിൽ കണ്ടുമുട്ടുന്നത്. അതും കനത്ത ഇരുളിന്റെ മറവിൽ. തുടർന്ന് ഇണപിരിയാ ചങ്ങാതിമാരാകുന്ന ഇവർ ഒരുമിച്ച് കടന്നുപോകുന്ന കുറഞ്ഞൊരു കാലഘട്ടമാണ് കഥയുടെ ഭൂമിക.
കാട്ടരുവികൾ നിറഞ്ഞൊഴുകുന്ന വനാതിർത്തിയിൽ ഉള്ള ഒരു ഗ്രാമം. അവിടെ എത്തിപ്പെടുന്ന ഇവരെ തേടിയെത്തുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് കഥയായി ഒഴുകുന്നത്. ഒരു മലയോര ഗ്രാമത്തിൽ ഉണ്ടാകാവുന്നതെല്ലാം അവിടെയുണ്ട്. മാടനും മറുതയും ഒടിയനും അടിയാനും ഉടയോനും മദ്യവും മദിരാശിയും തുടങ്ങി വന്യമൃഗങ്ങളോടുള്ള പോരാട്ടവും ജീവിതസമരങ്ങളുമെല്ലാം ഈ ഒരു ചെറിയ കാൻവാസിൽ വരച്ചിരിക്കുന്നു.
ഒരു ബൃഹത്തായ നോവലിനുള്ള കഥയുണ്ട് ഇതിൽ. സുതാര്യമായ ഒരു മൂടുപടത്തിൽകൂടി കാണുന്ന നിഴൽ നാടകംപോലെ കഥയിൽ ഉടനീളം ഒരു മിസ്റ്റിസിസം വായനക്കാരന് അനുഭവപ്പെടുന്നു.
ബദറുദ്ദീൻ എം, കുന്നിക്കോട്
പച്ചയിൽ ചവിട്ടുമ്പോൾ
യൂസഫ് നടുവണ്ണൂരിന്റെ കവിത 'പച്ചയിൽ ചവിട്ടുമ്പോൾ' (ലക്കം: 1287) ഹൃദ്യമായി. പരിചിതബിംബങ്ങളാൽ ആസ്വാദനത്തിന്റെ പച്ചപ്പ് വിരിയിക്കുകയാണ് കവി. കുട്ടിക്കാലത്തെ ഒരു തമാശക്കളിയുടെ അവതരണത്തിലൂടെ ജീവിതത്തിന്റെ വ്യാഖ്യാന ക്ഷമമല്ലാത്ത നിരവധി ഊടുവഴികൾ കവി തുറന്നിടുന്നു. ഒറ്റ വായനയിൽതന്നെ മൂന്നോ നാലോ വ്യത്യസ്ത അർഥതലങ്ങളിലേക്ക് കവിത ചവിട്ടിക്കയറിപ്പോകുന്നു. ചവിട്ടുക എന്ന വാക്കിന് തൊഴിക്കുക എന്നൊരർഥംകൂടിയുണ്ടെന്നോർക്കുക. പച്ച ചവിട്ടി നശിപ്പിക്കുക എന്നും പച്ച ചൂടി നിൽക്കുക എന്നുമുള്ള അർഥങ്ങളിലൂടെ ശീർഷകംതന്നെ കവിതയായിത്തീരുന്നു.
വർത്തമാനകാല വിഹ്വലതകളെ കവിതയിലൂടെ ലളിതമായി വരച്ചുകാട്ടുന്നു. ആഴമുള്ള കുളത്തിനടിഭാഗം തെളിഞ്ഞ വെള്ളം പ്രദർശിപ്പിക്കുന്നതുപോലെ കവിതയുടെ ആഴം തെളിഞ്ഞ ഭാഷയിലൂടെ തിളങ്ങുന്നു.
''പച്ച കാണാത്തിടത്ത് പകച്ചു നിന്നു''
''മുന്നോട്ട് പോകാനാവാത്ത
പിന്നോട്ടില്ലാത്ത യാത്രകൾ''
''പകൽ തിന്നു തളർന്ന രാവ്''
''വഴി കാണാക്കണ്ണുകൾ മിഴിക്കുന്ന ആകാശം''
-ഇങ്ങനെ കവിത തുളുമ്പുന്ന നിരവധി വരികളുണ്ടീ കവിതയിൽ.
മുഹമ്മദ് അഷ്റഫ് എം.കെ
വലിയ
പ്രതീക്ഷ
നൽകുന്ന
നോവൽ
''തന്റെ മകൻ മൃഗത്തിന്റെ അനുസരണയും മനുഷ്യരുടെ ധാർമികതയും കൂടിക്കലർന്ന ജീവിയായി മാറുമെന്ന് അയാൾക്കറിയില്ലായിരുന്നു.'' ഫ്രാൻസിസ് നൊറോണയുടെ മാധ്യമം ആഴ്ചപ്പതിപ്പിൽ ആരംഭിച്ച 'മുടിയറകൾ' എന്ന നോവലിൽ സത്യാനന്തരകാലത്തിന്റെ സവിശേഷമായ അടയാളപ്പെടുത്തല്‍ കാണാൻ കഴിയും. ഉത്തരാധുനികതയിൽ സജീവമായ എഴുത്തുകാരനാണ് ഫ്രാൻസിസ് നൊറോണ.
സോദ്ദേശ്യയുക്തിരാഹിത്യത്തെ കൂട്ടുപിടിച്ച ഉത്തരാധുനികതക്ക് ശേഷം ഒരു സാഹിത്യരചനാ സമീപനം ഉണ്ടായെന്നും അതിനെ 'സത്യാനന്തരകാല സാഹിത്യം' എന്ന് വിശേഷിപ്പിക്കാമെന്നുമാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. കേട്ടറിവിൽ കാക്കകളെ തിന്നുന്ന അപ്പനെ കുഞ്ഞാപ്പിയുടെ ഓർമയിൽ മാത്രമല്ല വായനക്കാരുടെ ഉള്ളടരുകളിലേക്ക് അനായാസം പ്രവേശിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. ലളിതമായ ഭാഷയിൽ സങ്കീർണമായതും ദണ്ണപ്പെടുത്തുന്നതുമായ ജീവിതപരിസരങ്ങളെ വരഞ്ഞിടുന്നു. വലിയ പ്രതീക്ഷ നൽകുന്ന നോവലാണ് 'മുടിയറകൾ'.
ജിനു
അറിയിപ്പ്
യങ് ആർട്ടിസ്റ്റ് അവാർഡ്
ചിത്ര-ശില്പകലയിലെ പുതുവാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനായി അമ്യൂസിയം ഗാലറി ഓഫ് മോഡേൺ ആര്‍ട്ട് നല്കുന്ന കെ.പി. കൃഷ്ണകുമാര്‍ യങ് ആർട്ടിസ്റ്റ് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 18നും 35നും ഇടയിൽ പ്രായമുള്ള, ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികളായ യുവ കലാകാരന്മാർക്ക് അവാർഡിന് അപേക്ഷിക്കാം. തിരുവനന്തപുരത്തെ ഭാവഗീതം ആർട്ട് കലക്ഷന്‍സിന്റെ സഹകരണത്തോടെയാണ് പുരസ്കാരം നല്‍കുന്നത്.
പെയിന്റിങ്, ശില്പം എന്നിവയാണ് ആദ്യവര്‍ഷത്തെ അവാര്‍ഡിനായി പരിഗണിക്കുന്നത്. പ്രാഥമിക ജൂറി തെരഞ്ഞെടുക്കുന്ന കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം വെള്ളയമ്പലത്തെ അമ്യൂസിയം ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി 31 വരെ പ്രദര്‍ശനം സംഘടിപ്പിക്കും. ഇവയില്‍നിന്ന് ഇന്ത്യയിലെ കലാരംഗത്തെ പ്രമുഖ വ്യക്തികളടങ്ങുന്ന മൂന്നംഗ ജൂറി കണ്ടെത്തുന്ന പുരസ്കാര ജേതാവിനെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രഖ്യാപിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നവംബര്‍ 30ന് വൈകീട്ട് അഞ്ചു മണിക്കകം മത്സരത്തിനുള്ള ചിത്രത്തിന്റെയോ ശില്പത്തിന്റെയോ ഫോട്ടോഗ്രാഫ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 85890 61461, 98110 69958 എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭ്യമാണ്.
വെണ്ണിക്കുളം സ്മാരക പുരസ്കാരം
പ്രവാസി സംസ്കൃതിയുടെ 2022ലെ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ, ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കഥ, കവിത തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വർഷം പുരസ്കാരം നൽകുന്നത്.
പുരസ്കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികൾ വീതം ലാൽജി ജോർജ്, തുഷാരം, വെണ്ണിക്കുളം പി.ഒ. തിരുവല്ല- 689544, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ 2022 ഡിസംബർ 15നകം അയക്കേണ്ടതാണ്.