Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

പാട്ടെഴുത്തിന് ചില കൂട്ടിച്ചേർക്കലുകൾ, ഒപ്പം തിരുത്തുകളുംമാധ്യമം ആഴ്ചപ്പതിപ്പില്‍ 'ബൈജു ബാവ് ര'യിലെ ''ദുനിയാ കെ രഖ്‌ വാലെ'' എന്ന ഗാനത്തെക്കുറിച്ചുള്ള ഗാന ഗവേഷകന്‍ രവിമേനോന്റെ ലേഖനം വായിച്ചു (ലക്കം: 1292). ഹിന്ദി ചലച്ചിത്രഗാനപ്രേമിയെന്ന നിലയിൽ ആര്‍ത്തിയോടെയാണ് അത് വായിച്ചുതീര്‍ത്തത്. രവി മേനോന്റെ ശൈലി അത്രയേറെ ഇഷ്ടമാണ്. രവി മേനോൻ എഴുത്തിൽ പരിചയപ്പെടുത്തുന്ന ജോണി പറയുന്നത് ആ ഗാനം ആലപിക്കുന്നതിനിടയിൽ റഫി സാഹിബിന്റെ തൊണ്ടയില്‍നിന്ന് രക്തം വന്നു എന്നാണ്. അത് ശരിതന്നെയാണ്. പക്ഷേ സദസ്സില്‍ പാടിയപ്പോഴല്ല, ഗാനത്തിന്റെ റെക്കോഡിങ്ങിലായിരുന്നു അത് സംഭവിച്ചത്.ഈ ചിത്രത്തിൽ ലതാ മങ്കേഷ്കറുമൊത്തുള്ള...

Your Subscription Supports Independent Journalism

View Plans

പാട്ടെഴുത്തിന് ചില കൂട്ടിച്ചേർക്കലുകൾ, ഒപ്പം തിരുത്തുകളും

മാധ്യമം ആഴ്ചപ്പതിപ്പില്‍ 'ബൈജു ബാവ് ര'യിലെ ''ദുനിയാ കെ രഖ്‌ വാലെ'' എന്ന ഗാനത്തെക്കുറിച്ചുള്ള ഗാന ഗവേഷകന്‍ രവിമേനോന്റെ ലേഖനം വായിച്ചു (ലക്കം: 1292). ഹിന്ദി ചലച്ചിത്രഗാനപ്രേമിയെന്ന നിലയിൽ ആര്‍ത്തിയോടെയാണ് അത് വായിച്ചുതീര്‍ത്തത്. രവി മേനോന്റെ ശൈലി അത്രയേറെ ഇഷ്ടമാണ്. രവി മേനോൻ എഴുത്തിൽ പരിചയപ്പെടുത്തുന്ന ജോണി പറയുന്നത് ആ ഗാനം ആലപിക്കുന്നതിനിടയിൽ റഫി സാഹിബിന്റെ തൊണ്ടയില്‍നിന്ന് രക്തം വന്നു എന്നാണ്. അത് ശരിതന്നെയാണ്. പക്ഷേ സദസ്സില്‍ പാടിയപ്പോഴല്ല, ഗാനത്തിന്റെ റെക്കോഡിങ്ങിലായിരുന്നു അത് സംഭവിച്ചത്.

ഈ ചിത്രത്തിൽ ലതാ മങ്കേഷ്കറുമൊത്തുള്ള രണ്ട് ഡ്യൂയറ്റ് അടക്കം അഞ്ചു ഗാനങ്ങള്‍ ആദ്യമേ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. അതില്‍ ''മന്‍തര്‍പത്...'' എന്ന ഭജനയും ഉണ്ടായിരുന്നു. എന്നാല്‍ ''ദുനിയാ കെ രഖ് വാലെ...'' രണ്ടുദിവസം ഓർക്കസ്ട്രയോടുകൂടി ശ്രമിച്ചിട്ടും നൗഷാദിന് തൃപ്തിവന്നില്ല. അങ്ങനെ നൗഷാദ് ഒരു നിബന്ധന​െവച്ചു. രണ്ടാഴ്ച തുടര്‍ച്ചയായി ഇത് പ്രാക്ടീസ് ചെയ്യുക. മറ്റേതെങ്കിലും സംഗീതസംവിധായകരുമായി ബന്ധപ്പെടുകയോ അവരുടെ ഈണത്തിൽ ഏതെങ്കിലും ചിത്രത്തിന് പാടുകയോ അരുത്. തന്റെ കരിയര്‍ ഗുരുവായ സംഗീതസംവിധായകന്റെ നിർദേശമാണ്. പതിനഞ്ച് ദിവസം വീടടച്ചിരുന്ന് സാധകംചെയ്യാന്‍! അനുസരിക്കുകയേ നിവൃത്തിയുള്ളൂ. പറഞ്ഞ സമയത്തിനുശേഷം ഒറ്റ ടേക്കില്‍ ഇതേ ഗാനം റെക്കോഡ് ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ റെക്കോഡിങ്ങിനുശേഷം തൊണ്ടയില്‍നിന്നും രക്തംവന്ന റഫിക്ക് ഏതാനും ദിവസങ്ങള്‍ സംസാരിക്കാന്‍പോലും കഴിഞ്ഞില്ല. സിനിമാ ലോകം മുഴുവനും വിധിയെഴുതി, റഫിയുടെ കരിയര്‍ അവസാനിച്ചു. അഥവാ ശബ്ദം വീണ്ടെടുത്താൽതന്നെ ഒരിക്കലും പാടാന്‍ കഴിയില്ല. എന്നാല്‍, പിന്നീട് സംഭവിച്ചത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.

രവി മേനോന്‍ സൂചിപ്പിച്ച മറ്റൊരുകാര്യം 'ബൈജു ബാവ് ര'യുടെ കാലഘട്ടത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ചലച്ചിത്രഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തുതുടങ്ങിയിരുന്നില്ല എന്നുള്ളതാണ്. അത് അദ്ദേഹത്തിന് പറ്റിയ ചെറിയൊരു പിശകാണെന്ന് തോന്നുന്നു. നാൽപതുകളുടെ മധ്യം മുതലേ ചലച്ചിത്രഗാനങ്ങള്‍ അന്നത്തെ ഓള്‍ ഇന്ത്യ റേഡിയോയിൽ സുലഭമായിരുന്നു. എന്നാല്‍, പുതിയതായി അധികാരമേറ്റ ബി.വി. കെസ്കര്‍ എന്ന വാര്‍ത്താവിതരണ വകുപ്പുമന്ത്രി അത് നിര്‍ത്തലാക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന് വിരുദ്ധമായി പാശ്ചാത്യ സംഗീതോപകരണങ്ങളുടെ ഉപയോഗം കൂടുതലുള്ള ഗാനങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തെ തകര്‍ക്കും എന്നായിരുന്നു. ഹിന്ദുസ്ഥാനി, കർണാടക കച്ചേരികള്‍ മാത്രം പ്രക്ഷേപണം ചെയ്താല്‍ മതി എന്നായിരുന്നു തിട്ടൂരം. ഇത് സുവർണാവസരമായി ഏഷ്യയിലെ ആദ്യത്തെ റേഡിയോ നിലയം സിലോണ്‍ റേഡിയോ ഉപയോഗപ്പെടുത്തി. അമീന്‍സായാനിയുടെ നേതൃത്വത്തില്‍ 1952 ഡിസംബറില്‍ 'ബിനാകാ ഗീത് മാല'യുടെ പ്രക്ഷേപണത്തിന് ആരംഭംകുറിച്ചു. തുടക്കത്തില്‍ എല്ലാ ബുധനാഴ്ചയും എട്ടു മുതല്‍ എട്ടര വരെയായിരുന്നു പ്രക്ഷേപണം. ശ്രോതാക്കളില്‍നിന്നു കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രക്ഷേപണം തുടങ്ങി. അക്കാലത്തെ ബോംബെ നഗരത്തില്‍ ബുധനാഴ്ച രാത്രി അരമണിക്കൂര്‍ മരുഭൂമിപോലെയായിരുന്നു എന്നാണ് പറഞ്ഞുകേട്ടത്. എല്ലാവരും 'ബിനാകാ ഗീത് മാല' കേള്‍ക്കാന്‍ റേഡിയോക്ക് മുന്നിലായിരിക്കും. പിന്നീട് 1957ല്‍ ആണ് ആകാശവാണി എന്ന പേരില്‍ വീണ്ടും പേര് മാറ്റി വിവിധ്ഭാരതിയിലൂടെ ചലച്ചിത്ര ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തുതുടങ്ങിയത്.

'ബൈജു ബാവ് ര' റിലീസായി രണ്ടു മാസത്തിനുശേഷംതന്നെ തുടക്കംകുറിച്ച ഗീത് മാലയിലൂടെ കൂടുതല്‍ പ്രക്ഷേപണം ചെയ്തത് 'അനാർക്കലി'യിലെയും 'ബൈജുബാവ് ര'യിലെയും ഗാനങ്ങളായിരുന്നു.

'ബൈജു ബാവ് ര'യിലെ നായകന്‍ ഭരത് ഭൂഷന്റെ ജീവിതാവസാന കാലത്തെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. അമ്പതുകളിലും അറുപതുകളിലും നിറഞ്ഞുനിന്ന, പ്രേംനസീറിന്റെ മുഖച്ഛായയോട് സാമ്യമുള്ള ഭരത് ഭൂഷന്‍, തന്റെ സഹോദരന്റെ നിർബന്ധത്തിനു വഴങ്ങി നിർമാതാവായി. പക്ഷേ, അതിലൂടെ വൻ സാമ്പത്തിക ബാധ്യതയേല്‍ക്കേണ്ടിവന്ന് പാപ്പരായി. അവസാനകാലത്ത് നിമിഷങ്ങള്‍ മിന്നിമറിയുന്ന എക്സ്ട്രാ റോളുകളില്‍ അഭിനയിച്ചും ഷൂട്ടിങ് കഴിഞ്ഞ് ലൈന്‍ബസുകളില്‍ തൂങ്ങിക്കിടന്ന് യാത്രചെയ്തും പോന്നു. സിനിമയില്‍നിന്ന് വരുമാനം കുറഞ്ഞതോടെ അജ്ഞാതനാമത്തിൽ കാവല്‍ക്കാരന്റെ ജോലിയടക്കം ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു. ഒറ്റമുറി വീട്ടില്‍ മൂന്നു പതിറ്റാണ്ടുമുമ്പ് ഒരു ജനുവരിയില്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതത്താല്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ ഏകാന്തനായാണ് അദ്ദേഹം ജീവിച്ചുപോന്നത്. ഭരത് ഭൂഷന്‍ മൊഴിമാറ്റ സിനിമയിലൂടെ മലയാള കുടുംബപ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു. രാജശ്രീയുടെ 'തക്‍ദീര്‍' എന്നചിത്രം മൊഴിമാറ്റി 'വിധി' എന്ന പേരില്‍ കേരളത്തില്‍ അറുപതുകളുടെ അവസാനം റിലീസ്ചെയ്ത് തകര്‍ത്ത് ഓടിയിരുന്നു.

കരീംലാല, കൈപമംഗലം

വിശപ്പിന്റെയും പ്രണയത്തിന്റെയും ചരിത്രസാക്ഷ്യങ്ങൾ

മനോഹരമായൊരു കഥക്ക് ആസ്വാദനം എഴുതുകയെന്നാൽ എന്നെ സംബന്ധിച്ചിടത്തോളം കരയിൽ പിടിച്ചിട്ട മത്സ്യത്തെപ്പോലെ പിടച്ചിലുണ്ടാക്കുന്ന ഒരു സംഗതിയാണ്. അത്തരത്തിൽ എന്റെ ശ്വാസവേഗങ്ങളെ ത്വരിതപ്പെടുത്തിയ ഒരു കഥ അടുത്ത് വായിച്ചു. അത് ആഴ്ചപ്പതിപ്പിൽ ഉണ്ണികൃഷ്ണൻ കളീക്കൽ എഴുതിയ 'ഹോട്ടൽ രാജഗോപാൽ' എന്ന കഥയാണ് (ലക്കം: 1292). ഈ കഥാവായനക്കുശേഷം ഏതാനും നിമിഷങ്ങളിൽ ഞാൻ ഒറ്റപ്പെട്ടുപോയി എന്നത് ഏറ്റവും സത്യസന്ധമായ കാര്യമാണ്.

അപൂർവം കഥകളുടെ വായനകളിലാണ് ഞാൻ ഇവ്വിധം ഏകാന്തതയുടെ ദിവ്യാനുഭൂതികളിലേക്ക് എത്തിപ്പെട്ടിട്ടുള്ളത്.

ഉണ്ണിക്കൃഷ്ണൻ കളീക്കലിന്റേതായി ഞാൻ ആദ്യം വായിക്കുന്ന കഥയാണ് 'ഹോട്ടൽ രാജഗോപാൽ'. എങ്കിലു ഈ കഥ എന്നെ അത്രമേൽ സ്വാധീനിച്ചു.

വിശപ്പിന്റെയും പ്രണയത്തിന്റെയും ചരിത്രസാക്ഷ്യങ്ങളാൽ നിർമലമായ മനുഷ്യബന്ധങ്ങളുടെ കൊടുക്കൽ വാങ്ങലുകളെ ചിത്രീകരിക്കുന്ന ഈ കഥ നമ്മുടെ ജീവിത യാഥാർഥ്യങ്ങളുടെ ഇടയിലെ വിഭിന്നങ്ങളുടെ സങ്കലനത്തെ (കഥാകാരന്റെ പ്രയോഗം) ആഖ്യാനപ്പെടുത്തുന്നു. അത്തരത്തിൽ ഈ കഥ വിശപ്പിനെയും പ്രണയത്തെയും കുറിച്ചുള്ള നമ്മുടെ ധാരണകളിൽ അനിതരസാധാരണമായ വിള്ളൽ വീഴ്ത്തിക്കൊണ്ട് കാറ്റു പിടിച്ച ഒരു മരം കണ​ക്ക് നമ്മെ തനിച്ചാക്കുന്നു. പ്രിയ കഥാകാരനും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.

സുനിൽ മംഗലത്ത്,  തലയോലപ്പറമ്പ്