Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ബംഗാൾ: തീവ്ര സൗന്ദര്യമുള്ള കവിതമാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1300) വി.കെ. സുബൈദയുടെ വായനാനുഭവം ശ്രദ്ധേയമായി. ദീനം പിടിക്കാത്ത കഥകളും കവിതകളും മറ്റും പ്രസിദ്ധീകരിച്ച ‘പ്രസക്തി’ എന്ന മാസിക ഓർത്തു. അതിലാണ് കെ.ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ എന്ന കവിത വായിച്ചത്. ക്ഷുഭിതയൗവനങ്ങളുടെ കാലത്ത് കവി കവിതയുടെ സാരഥിയായി മാറുകയായിരുന്നു. തീവ്രസൗന്ദര്യം ഇന്നും ആ കവിത വിളംബരം ചെയ്യുന്നു. പുഷ്പിക്കാതിരുന്ന ആ കലാ സാംസ്കാരിക രാഷ്ട്രീയ ദർശനം ഇന്നും ഉയരുന്നുണ്ട്. പൊങ്ങാവുന്ന കരിയിലകളായി അവശേഷിക്കുന്നുണ്ട്. ലക്ഷോപലക്ഷം കർഷകരിലും പട്ടിണിപ്പാവങ്ങളിലും അതു പുകയുന്നുമുണ്ട്. തീയതിയും മുഹൂർത്തവും പ്രവചനാതീതം....

Your Subscription Supports Independent Journalism

View Plans

ബംഗാൾ: തീവ്ര സൗന്ദര്യമുള്ള കവിത

മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1300) വി.കെ. സുബൈദയുടെ വായനാനുഭവം ശ്രദ്ധേയമായി. ദീനം പിടിക്കാത്ത കഥകളും കവിതകളും മറ്റും പ്രസിദ്ധീകരിച്ച ‘പ്രസക്തി’ എന്ന മാസിക ഓർത്തു. അതിലാണ് കെ.ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ എന്ന കവിത വായിച്ചത്. ക്ഷുഭിതയൗവനങ്ങളുടെ കാലത്ത് കവി കവിതയുടെ സാരഥിയായി മാറുകയായിരുന്നു. തീവ്രസൗന്ദര്യം ഇന്നും ആ കവിത വിളംബരം ചെയ്യുന്നു. പുഷ്പിക്കാതിരുന്ന ആ കലാ സാംസ്കാരിക രാഷ്ട്രീയ ദർശനം ഇന്നും ഉയരുന്നുണ്ട്. പൊങ്ങാവുന്ന കരിയിലകളായി അവശേഷിക്കുന്നുണ്ട്. ലക്ഷോപലക്ഷം കർഷകരിലും പട്ടിണിപ്പാവങ്ങളിലും അതു പുകയുന്നുമുണ്ട്. തീയതിയും മുഹൂർത്തവും പ്രവചനാതീതം. അതു സംഭവിക്കുമെന്ന് ‘ബംഗാൾ’ എന്ന കവിത ഓരോ നാട്ടിലെയും ധൃതരാഷ്ട്രന്മാരെ ഓർമിപ്പിക്കുന്നുമുണ്ട്. അതിനാൽ കവി കെ.ജി.എസിനും ലേഖികക്കും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിവാദനങ്ങൾ.

ആര്യാട് വാസുദേവൻ, വൈറ്റില

ഗോത്രസമൂഹത്തിലെ സർവകലാവല്ലഭൻ

വയനാട്ടിലെ ഗോത്രസമൂഹത്തിൽനിന്ന് പാട്ടിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന വിനു കിടച്ചുലനെ പരിചയപ്പെടുത്തിയ രൂപേഷ് കുമാറിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി (ലക്കം: 1299). നൈസർഗികമായി കിട്ടിയ സംഗീത അഭിരുചി നിലനിർത്താനും വികസിപ്പിക്കാനും സർക്കാർ ജോലിപോലും ഉപേക്ഷിച്ച വിനു അസാധാരണ വ്യക്തിത്വമുള്ള ഒരു കലാകാരനാണ്. വയനാട്ടിലെ സർവോദയ ഹയർസെക്കൻഡറി സ്കൂളിലെ മാനേജർ അപരിഷ്കൃതനും മാടമ്പി സ്വഭാവത്തിന്റെ ഉടമയുമാണെന്നതിൽ സംശയമില്ല. വിനുവിന്റെ ജോലി ഔദാര്യമാണെന്ന് പ്രഖ്യാപിച്ചയാളുടെ മുഖത്തുനോക്കി, ഔദാര്യം തനിക്ക് വേണ്ടായെന്ന് നിഷേധസ്വരത്തിൽ പ്രതികരിച്ച് അടിമത്തത്തിനെതിരെ ശബ്ദമുയർത്തി കലയുടെ ലോകത്തേക്ക് മടങ്ങിയ വിനു, പ്രതികരണശേഷി നഷ്ടപ്പെട്ട ആധുനിക തലമുറക്ക് ഉദാത്ത മാതൃകയാണ്.

കലാഭവൻ മണിയുടെ നാടൻപാട്ടുകളിൽ അദ്ദേഹത്തിന്റെ ജീവിതം ഉണ്ടായിരുന്നു. സമാനമായി, തന്റെ ജീവിതം പാട്ടുകളിലൂടെ അവതരിപ്പിച്ച് മു​ന്നേറുന്ന വിനു കിടച്ചുലന് സിനിമാലോകത്തും ശോഭനമായ ഭാവി ആശംസിക്കുന്നു. സർവകലാവല്ലഭനായ വിനുവിന്റെ പാട്ടിനോടുള്ള അദമ്യമായ സ്നേഹവും ആവേശവും ആദരണീയവും പ്രശംസനീയവുമാണ്.

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി

സൂക്ഷിച്ചുവെക്കേണ്ട റെക്കോഡ്

ശ്രീകുമാരൻ തമ്പി എഴുതുന്ന സംഗീതയാത്രകൾ വായിക്കാതിരിക്കാനാവില്ല. കാരണം അത് സംഗീതയാത്രകൾ മാത്രമല്ല, മലയാള ചലച്ചിത്ര ചരിത്രംകൂടിയാണ്. പഴയ സിനിമാ ചരിത്രത്തെക്കുറിച്ചും അതിലെ ഗാനങ്ങളെക്കുറിച്ചുമാണല്ലോ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നത്. പഴയ തലമുറക്ക് ഓർമ പുതുക്കാനും പുതിയ തലമുറക്ക് അന്നത്തെ സിനിമകളെക്കുറിച്ച് ശരിയായ അറിവ് നൽകാനും ഈ പംക്തി ഏറെ ഉപകരിക്കുന്നു. അതുകൊണ്ട് ഇത് എക്കാലത്തേക്കും സൂക്ഷിച്ചുവെക്കേണ്ടതായ ഒരു റെ​േക്കാഡ് തന്നെയാണ്.

കാലത്തിന്റെ ക്രമത്തിലാണ് അദ്ദേഹം സിനിമകളെക്കുറിച്ച് പറയുന്നത്. 1968ൽ റിലീസായ ‘യക്ഷി’ എന്ന മലയാറ്റൂരിന്റെ കഥയെ അവലംബിച്ചുള്ള അനശ്വരചിത്രം സംവിധാനംചെയ്തത് കെ.എസ്. സേതുമാധവൻ എന്ന സംവിധായകപ്രതിഭയാണ്. സേതുമാധവനെയും രാമു കാര്യാട്ടിനെയും എ. വിൻസെന്റിനെയും പി.എൻ. മേനോനെയും എം.ടി. വാസുദേവൻ നായരെയും മലയാള സിനിമക്ക് ഒരുകാലത്തും മറക്കാനാവില്ല. അക്കാലത്തെ അനശ്വരചിത്രം ഇവരിൽ ആരുടെയെങ്കിലും സംഭാവനകളാണെന്നുള്ളതുതന്നെ കാരണം.

1968ൽ ‘യക്ഷി’ എന്ന സിനിമ തിയറ്ററിൽ ഇരുന്ന് കണ്ടത് ഇന്നും ഓർക്കുന്നു. ആ സിനിമയിൽ ആസ്വാദകന്റെ ഹൃദയത്തിൽ പതിഞ്ഞ ‘‘സ്വർണചാമരം വീശിയെത്തുന്ന’’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മിഴിവോടെ മനസ്സിലുണ്ട്. ഈ ഗാനത്തിന്റെ ഓരോ വരിയും ഓരോ പദവും ആസ്വാദകന്റെ ഹൃദയത്തെ തൊടുന്നു എന്ന് ശ്രീകുമാരൻ തമ്പി എഴുതിയത് എത്രയോ ശരി. ഈ ഗാനം മനസ്സിൽ കൊണ്ടുനടക്കാത്ത ഒരു മലയാളിപോലും അക്കാലത്തുണ്ടായിരുന്നില്ല എന്നും ആ ഗാനം മൂളാത്ത മലയാളികൾ അപൂർവമാണെന്നും ശ്രീകുമാരൻ തമ്പി ഓർമിപ്പിക്കുന്നു. യേശുദാസിന്റെയും പി. ലീലയുടെയും മധുരശബ്ദം മനോഹരമാണ്. വയലാറിന്റെ ഹൃദ്യമായ രചനക്ക് ദേവരാജൻ നൽകിയ സംഗീതം അത്രമാത്രം ഉദാത്തമായിരുന്നുവെന്നും അദ്ദേഹം എഴുതി.

‘‘ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാ ശയ്യയില്‍വ ന്നു പൂവിടുമായിരുന്നു ഞാൻ എ ന്നുമീ പർണശാലയില്‍’’ എന്നും

‘‘ഗായികേ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ... കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രികൾ വന്നു ചൂടിക്കുമായിരുന്നു ഞാൻ എന്നിലെ രാഗമാലിക’’ എന്നുമെല്ലാം കാമുകീകാമുകഹൃദയം തുറക്കുന്ന വികാരമുൾക്കൊണ്ട് എഴുതാൻ വയലാറിനേ കഴിയൂ. ‘യക്ഷി’യിലെ മറ്റു നാലു ഗാനങ്ങളും ആ ചിത്രത്തിന്റെ വിജയത്തിന് കാരണമായെന്ന് ശ്രീകുമാരൻ തമ്പി എഴുതി. ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയവും പ്രശസ്തിയും കൂടുതൽ നല്ല ചിത്രങ്ങൾ നിർമിക്കാൻ എം.ഒ. ജോസഫിന് ​പ്രേരകമാവുകയും അങ്ങനെ നിർമാതാവ് എന്ന നിലയിൽ പ്രശസ്തനാകാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തുവെന്ന് തമ്പി സാക്ഷ്യപ്പെടുത്തുന്നു. ഈ പംക്തി സിനിമാ പ്രേമികളെ ഹഠാദാകർഷിക്കുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിന് ഹാർദവമായ അഭിവാദ്യങ്ങൾ. എത്രയോ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സംഭാവന ചെയ്ത സിനിമാ പ്രതിഭയാണ് അദ്ദേഹം.

സദാശിവൻ നായർ

ദലിത് ആദിവാസി ഇക്വിറ്റി

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഏഴുപതിറ്റാണ്ട് കഴിഞ്ഞ് ദലിത് ആദിവാസി സംയുക്ത സമിതി എന്നൊരു പ്ലാറ്റ് ഫോമിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ‘പ്രതിധ്വനി’ എന്നൊരു സമ്മേളനം നടന്നതായി കാണുന്നു. ഇതിൽ വളരെ സന്തോഷവും പ്രതീക്ഷയുമുണ്ട്. (മാധ്യമം ആഴ്ചപ്പതിപ്പ്: ലക്കം 1294, പുന്നല ശ്രീകുമാറുമായുള്ള അഭിമുഖം).

ദലിതരെയും ആദിവാസികളെയും സ്പർശിക്കുന്ന വിഷയങ്ങൾ മാധ്യമം ആഴ്ചപ്പതിപ്പിൽ കുറച്ചൊന്നുമല്ല അച്ചടിച്ചുവന്നിട്ടുള്ളത്.

ഏകദേശം ഇന്ത്യൻ ജനതയുടെ 25 ശതമാനം വരുന്ന ഈ കീഴാള വിഭാഗോദ്ധാരണ പ്രശ്നങ്ങൾ ഇന്നും അപരിഹാര്യമായി തന്നെ തുടർന്നുപോകുന്നു. കേരളത്തിൽ ഈ ജനത ഇരു രാഷ്ട്രീയമുന്നണികളുടെയും ശാഖകളാണ്. ഈ മുന്നണികളുടെ തലപ്പത്തുള്ളവർ ആകട്ടെ വരേണ്യരും. അവരെ സംബന്ധിച്ചിടത്തോളം ജാതിശക്തികളുടെ ഊരാക്കുടുക്കിൽനിന്നു രക്ഷപ്പെടാനും സാധ്യമല്ല.

ഭരണഘടന പ്രകാരം 30 ശതമാനം പദ്ധതി വിഹിതം ഇവർക്കായി ചെലവഴിക്കേണ്ടതുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി ഇവരെ കോളനികളിൽ തളച്ചിടുന്ന നടപടി ക്രമങ്ങളാണുള്ളത്. മറ്റു സ്റ്റേറ്റുകളിലെ ഈ വിഭാഗത്തിന്റെ അവസ്ഥ കേരളത്തേക്കാൾ പരമദയനീയമാണ്. കുടിവെള്ളം, പഠനോപകരണങ്ങൾ, പഠനസൗകര്യം, കോളനിറോഡുകൾ എന്നിവക്കെല്ലാം സംസ്ഥാന സർക്കാർ ധാരാളം ഫണ്ടുകൾ നീക്കിവെക്കുന്നുണ്ട്. അതുപോലെ പട്ടികജാതി വകുപ്പുണ്ട്. വകുപ്പ് മന്ത്രിയും ഡിപ്പാർട്മെന്റുമുണ്ട്. പക്ഷേ ഭരിക്കുന്ന പാർട്ടിയുടെ നിലപാടനുസരിച്ച് മാത്രം ഇവരുടെ വികസന നിലവാരം നിർണയിക്കാനാവും. കോളനി മതിൽക്കെട്ടുകളിൽ നിന്ന് മുഖ്യധാരയിലെത്താൻ ഈ വർഗത്തിന് ഇനിയും എത്രകാലം എടുക്കുമെന്നറിയില്ല.

ഇതുസംബന്ധമായി ചരിത്രപരമായ ചില വസ്തുതകൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ സവിശേഷ ബഹിഷ്കരണ രൂപമാണ് ജാതി. ദലിതരെ ഉദ്ധരിക്കാനായി ഡോ. അംബേദ്കർ നിരന്തര പരിശ്രമങ്ങൾ നടത്തിയിരുന്നു. എങ്കിലും അത് പൂർണ ഫലത്തിലെത്തിയെന്ന് പറയാനാകില്ല.

എന്നാൽ, കായികാധ്വാനികളും കാർഷികവൃത്തി പരിചയമുള്ളവരും കൂലിവേല നിർവഹിക്കുന്നവരും ഇവ രാണ്. മണ്ണിന്റെ മക്കൾ എന്ന പ്രത്യേക പേർ ഇവർക്കുണ്ട്.

ദലിതർക്ക് ഭൂമിയില്ല എന്ന പല്ലവി തുടങ്ങിയിട്ട് ഏറെക്കാലമായി. കുടികിടപ്പ് കാലത്ത് ഭൂമി ഉടമകളിൽനിന്ന് 10 സെന്റ് ഭൂമി വീതം ഉടമസ്ഥർ ഇവർക്ക് നൽകാനുള്ള നിയമം സർക്കാർ നിർമിച്ചിരുന്നു. അതൊരു അത്ഭുതമായിരുന്നു. ആദിവാസികൾക്ക് ഭൂമിയില്ലാഞ്ഞിട്ടല്ല, അട്ടപ്പാടിയിലും മറ്റും അത് കൈവശപ്പെടുത്തുകയാണ് ഉണ്ടായത്.

ആഗോളീകരണം, ഓപൺ ഇക്കണോമി, ഐ.ടി മേഖല, സ്വകാര്യവത്കരണം എന്നീ ഉദാര സാമ്പത്തികരീതികൾ വന്നപ്പോൾ എസ്.സി/എസ്.ടി വിഭാഗങ്ങൾ മറ്റു ചെറുകിടക്കാരോടൊപ്പം കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവന്നു. കാർഷിക മേഖല തകരുകയും ചെറുകിട ഇടപാടുകൾ ഇല്ലാതാകുകയും ചെയ്തതാണ് കാരണം. വ്യവസായ ഭീമന്മാരും വൻ വാണിജ്യ സംവിധാനങ്ങളും നാട്ടിൽ ഉയർന്നുവന്നു. സർക്കാറുകൾ താരതമ്യേന ദുർബലരായി. സർക്കാർ നിയമങ്ങൾക്കും വിലയില്ലാതായി. നീതിപീഠങ്ങളിലും ഇതിന്റെ നിലപാടുകൾ ഉണ്ടായി.

കൊല്ലങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ നടന്ന ഒരു കഥയുണ്ട്. മാധവ് സോളങ്കി എന്ന കോൺഗ്രസുകാരനായ പിന്നാക്കക്കാരൻ അവിടത്തെ പിന്നാക്കവിഭാഗമായ ക്ഷത്രിയർ, മുസ്‍ലിംകൾ എന്നിവരെയും ദലിതർ-ആദിവാസികൾ എന്നിവരെയും സംഘടിപ്പിച്ച് തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചു. രണ്ട് പ്രാവശ്യം അധികാരത്തിൽ കയറി. ഈ വിഭാഗങ്ങൾക്ക് സംവരണം മുതലായവയും ഏർപ്പെടുത്തി. പക്ഷേ, ഉന്നതരായ ബ്രാഹ്മണ -ബനിയ-പട്ടേൽ സമുദായങ്ങൾക്ക് ഇത് സഹിക്കുമായിരുന്നില്ല. അവർ ദലിതരിലും മുസ്‍ലിംകളിലും രൂക്ഷമായ കലാപം അഴിച്ചുവിട്ടു. അവസാനം കേന്ദ്ര ഭരണം ​ൈകയാളിയിരുന്ന രാജീവ് ഗാന്ധി മുഖ്യമന്ത്രി മാധവ് സോളങ്കിയെ മാറ്റുകയാണുണ്ടായത്. അന്നു മുതൽ ഗുജറാത്തിൽ കോൺഗ്രസിന് നിലനിൽപില്ലാണ്ടായി.

ഒരു കാര്യംകൂടി നാം സ്മരിക്കുക. വി.പി. സിങ് പ്രധാനമന്ത്രിയായപ്പോൾ അവശവിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നടപ്പാക്കി. വടക്കേ ഇന്ത്യയിൽ നടന്ന എതിർപ്പുകളും പൊല്ലാപ്പുകളും ഇന്നും വിസ്മരിക്കാനായിട്ടില്ല. 1957ലെ ആദ്യത്തെ കേരള കമ്യൂണിസ്റ്റ് മന്ത്രിസഭ നിലംപതിച്ചത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫസർ മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ കൊണ്ടുവന്നതുകൊണ്ടാണെന്ന് നമുക്കറിയാം. അപ്പോൾ നാം മനസ്സിലാക്കേണ്ടത് ഈ ജാതിശക്തികൾ, ഇത്തരം കീഴാളർക്കും പിന്നാക്കക്കാർക്കും ഗുണകരമായിട്ടുള്ള കാര്യങ്ങൾ കൊണ്ടുവരുമ്പോൾ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു.

വി.എം. ഹംസ, മരേക്കാട്

അറിയിപ്പ്

ഷോർട്ട് ഫിലിം ക്ഷണിച്ചു

കാസർകോട്: മാർച്ചിൽ കാസർകോട് വെച്ച് നടക്കുന്ന അഞ്ചാമത് ‘കാസർകോട് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റ്’ മത്സര വിഭാഗത്തിലേക്ക് ഷോർട്ട് ഫിലിം ക്ഷണിച്ചു. +2 വരെയുള്ള കുട്ടികൾ 10 മിനിറ്റ് ദൈർഘ്യമുള്ളതും പൊതുവിഭാഗത്തിലുള്ളവർ 30 മിനിറ്റ് ദൈർഘ്യമുള്ളതുമായ വിഡിയോയാണ് അയക്കേണ്ടത്. മലയാളം, ഇംഗ്ലീഷ് അല്ലാത്ത ഫിലിമുകൾക്ക് സബ് ടൈറ്റിൽ വേണം. കേരളത്തിലെ പ്രശസ്ത സിനിമ സംവിധായകർ അടങ്ങുന്ന ജൂറി ആയിരിക്കും വിധി നിർണയിക്കുക. ജനറൽ വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 10 ഷോർട്ട് ഫിലിമുകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും ശിൽപവും സമ്മാനിക്കും. വിവിധ കാറ്റഗറികളിലുള്ള അവാർഡുകളും ഉണ്ടായിരിക്കും. ഫെബ്രുവരി 20 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം. കൂടുതൽ വിവരങ്ങൾക്ക് +91 8891343357, +91 9400432357 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


News Summary - madhyamam weekly letters