എഴുത്തുകുത്ത്
ടി.കെ. ഹംസ കണ്ണടച്ചാലും സത്യങ്ങൾ ഇല്ലാതാകില്ലചെന്നൈയിൽ നടന്ന ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് ചെയ്ത കവർസ്റ്റോറി (ലക്കം: 1309) അവസരോചിതമായി. അഭിനന്ദനങ്ങൾ.ഏഴരപ്പതിറ്റാണ്ടായിട്ടും ഉത്തരേന്ത്യയിൽ ലീഗിന് ശ്രദ്ധേയ സാന്നിധ്യമായി വളരാൻ കഴിയാതെ പോയ കാരണങ്ങളിലൊന്ന് നിശ്ചയമായും അതിന്റെ പേര് തന്നെയാവാം. അതു മാത്രമല്ല, ഇന്ത്യയിലെ ഇതരഭാഗങ്ങളിലേക്ക് കണ്ണയക്കാനും മുസ്‍ലിം ജനവിഭാഗത്തെ രാഷ്ട്രീയമായി ശാക്തീകരിക്കാനും നേതൃത്വം കുറച്ചെങ്കിലും ശ്രമം തുടങ്ങിയത് താരതമ്യേന അടുത്തകാലത്ത് മാത്രമാണ് എന്നതുമാവാം. എങ്കിലും കേരളത്തിൽ...
Your Subscription Supports Independent Journalism
View Plansടി.കെ. ഹംസ കണ്ണടച്ചാലും സത്യങ്ങൾ ഇല്ലാതാകില്ല
ചെന്നൈയിൽ നടന്ന ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് ചെയ്ത കവർസ്റ്റോറി (ലക്കം: 1309) അവസരോചിതമായി. അഭിനന്ദനങ്ങൾ.
ഏഴരപ്പതിറ്റാണ്ടായിട്ടും ഉത്തരേന്ത്യയിൽ ലീഗിന് ശ്രദ്ധേയ സാന്നിധ്യമായി വളരാൻ കഴിയാതെ പോയ കാരണങ്ങളിലൊന്ന് നിശ്ചയമായും അതിന്റെ പേര് തന്നെയാവാം. അതു മാത്രമല്ല, ഇന്ത്യയിലെ ഇതരഭാഗങ്ങളിലേക്ക് കണ്ണയക്കാനും മുസ്‍ലിം ജനവിഭാഗത്തെ രാഷ്ട്രീയമായി ശാക്തീകരിക്കാനും നേതൃത്വം കുറച്ചെങ്കിലും ശ്രമം തുടങ്ങിയത് താരതമ്യേന അടുത്തകാലത്ത് മാത്രമാണ് എന്നതുമാവാം. എങ്കിലും കേരളത്തിൽ ലീഗ് നിർണായക ശക്തിയായി. പേരിൽ സമുദായനാമം വഹിക്കുമ്പോൾതന്നെ വിഭാഗീയ രാഷ്ട്രീയമല്ല, മതേതരത്വത്തിൽ ഊന്നിയുള്ള ജനകീയ രാഷ്ടീയമാണ് ലീഗ് എക്കാലത്തും പ്രയോഗവത്കരിച്ചത് എന്നതാവാം ഇതിന് കാരണം. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറ്റവും കുടുതൽ കാലം വിദ്യാഭ്യാസ വകുപ്പ് ഭരിച്ച പാർട്ടി എന്ന നിലക്ക് ലീഗിന്റെ സംഭാവന തുലോം വലുതാണ്. വിദ്യാഭ്യാസ മുന്നേറ്റമാണല്ലോ ആഗോളശ്രദ്ധ നേടിയ കേരള വികസന മാതൃക അടക്കമുള്ള നേട്ടങ്ങളിലേക്ക് കേരളത്തെ എത്തിച്ചത്. വിദ്യാഭ്യാസത്തിൽ മാത്രമല്ല, മുസ്‍ലിം സമുദായത്തെ കേരളത്തിന്റെ സാമൂഹികരംഗത്ത് ലയിപ്പിച്ചെടുത്തതിലും ലീഗ് നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
ലേഖകരിൽ ഒരാളൊഴികെ എല്ലാവരുംതന്നെ പൊതുവെ ലീഗിന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളെ വസ്തുനിഷ്ഠമായി (സാധ്യതകളെയും പരിമിതികളെയുമടക്കം) അവലോകനം ചെയ്യാനാണ് ശ്രമിച്ചത്. പി.ടി. നാസർ ലീഗിന്റെ ഇടതു ബാന്ധവത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശാൻ തുനിഞ്ഞത് കൗതുകമായി. ഒ. അബ്ദുറഹ്മാൻ തന്റെ ലേഖനത്തിൽ, ലീഗ് ഉണ്ടാക്കിയ നേട്ടങ്ങളെ പുകഴ്ത്തുന്നതോടൊപ്പം അതിന് കൊടുക്കേണ്ടിവന്ന ‘വില’യെക്കുറിച്ചുള്ള ആശങ്കയും പങ്കുവെക്കുന്നുണ്ടെങ്കിലും എന്താണ് ആ ‘വില’ എന്നദ്ദേഹം വിശദീകരിച്ചു കണ്ടില്ല. എന്നാൽ ടി.കെ. ഹംസയാകട്ടെ, വസ്തുനിഷ്ഠമായ രാഷ്ട്രീയ വിശകലനത്തിന് മുതിരുന്നതിന് പകരം തന്റെ പാർട്ടി സ്ഥിരമായി ചെയ്തുവരുന്ന അന്ധമായ ലീഗ് വിമർശനത്തിന് മാത്രമാണ് മാധ്യമത്തിന്റെ താളുകൾ ഉപയോഗിച്ചത് എന്ന് പറയേണ്ടിവരും.
കോൺഗ്രസിന് ആർ.എസ്.എസിനോട് എതിർപ്പില്ലാത്തതുകൊണ്ടാണ് ആ പാർട്ടിക്കാർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതെന്ന് ടി.കെ. ഹംസ പറയുന്നു. അതിനാൽ തന്നെ കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും പറയുന്നു. കോൺഗ്രസുകാർ ഒന്നൊന്നായി ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരിക്കുന്നു എന്നത് ശരിതന്നെയാണ്. അതുപക്ഷേ ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായിട്ടാണ് എന്ന് വിധിക്കുന്നത് അതിവായനയാവും. ഇന്ത്യൻ രാഷ്ട്രീയ ഗതിവിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്കും ആ വാദം സ്വീകാര്യമാവില്ല. അധികാരത്തിന്റെ തിണ്ണബലത്തിന്റെയും തജ്ജന്യമായ ദണ്ഡന ബലത്തിന്റെയും അക്കൗണ്ടിലാണ് അത് പെടുത്തേണ്ടത്. പണം മാത്രമല്ല, ഇ.ഡി, സി.ബി.ഐ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും കാട്ടി പേടിപ്പിച്ചാണ് പലരെയും ബി.ജെ.പിയിലേക്ക് ചേർക്കുന്നത് എന്നത് ഒരു രഹസ്യമല്ലല്ലോ. ഇനി ഹംസയുടെ വാദം അംഗീകരിച്ചാൽത്തന്നെ ഒരുപാട് കാലം ത്രിപുര ഭരിച്ച അദ്ദേഹത്തിന്റെ പാർട്ടിയിലെ സിംഹഭാഗവും നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ബി.ജെ.പിയായതിനെ എങ്ങനെ വിശദീകരിക്കും?
മുൻകാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ ഉന്നതിയിലാണ് കേരളത്തിലെ മുസ്‍ലിം ജനവിഭാഗം എന്ന് ഹംസയും അംഗീകരിക്കുന്നുണ്ട്. അത് സാധ്യമാക്കിയതിൽ നിർണായകമായ ഒരു പങ്ക് ലീഗിനവകാശപ്പെട്ടതാണ് എന്നംഗീകരിക്കാൻ അദ്ദേഹം തയാറല്ല. ലീഗിന്റെ മാത്രമല്ല, കേരളത്തിന്റെ സവിശേഷമായ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിന്റെയും സംഭാവനയായി വേണം അതിനെ വിലയിരുത്താൻ എന്നത് ശരിയാണ്. അപ്പോൾപോലും കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലകശക്തിയായത് ദീർഘകാലം വിദ്യാഭ്യാസ വകുപ്പ് ഭരിച്ച മുസ്‍ലിം ലീഗ് മന്ത്രിമാരാണ് എന്നംഗീകരിക്കാതിരിക്കുന്നത് സത്യസന്ധതയല്ല. കേരളത്തിന്റെ ഈ നേട്ടം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അക്കൗണ്ടിൽ വരവുവെക്കാൻ ചിലർ ശ്രമിച്ചുകാണാറുണ്ട്. എന്നാൽ, മൂന്നര പതിറ്റാണ്ട് ഇടവേളകളില്ലാതെ ഭരിച്ച ബംഗാളിൽ എന്തേ ഈയൊരു മുന്നേറ്റമുണ്ടായില്ല എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല.
തമിഴ്നാട്ടിലെ ലീഗിനെ കൊച്ചാക്കുകയും കോൺഗ്രസിൽ ആർ.എസ്.എസ് സ്വാധീനം ആരോപിക്കുകയും ചെയ്യുന്ന ഹംസയുടെ പാർട്ടി, കോൺഗ്രസ്-ലീഗ് മുന്നണിയിലിരുന്നാണ് തമിഴ്നാട്ടിൽനിന്ന് ലോക് സഭയിലേക്ക് മൂന്നു സീറ്റ് നേടിയത് എന്നതൊരു വസ്തുതയല്ലേ. ലീഗിനെ കളിയാക്കുന്ന ഹംസ രാഹുലിന്റെ ചിത്രംവെച്ച് വോട്ടുപിടിച്ചാണ് സി.പി.എം സ്ഥാനാർഥികൾ അവിടെ ജയിച്ചുകയറിയതെന്ന് ഓർക്കാതെ പോവുന്നു.
എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും കേരളത്തിലെങ്കിലും ഗണ്യമായ വിഭാഗം മുസ്‍ലിംകളെ പക്വതയാർന്ന ജനകീയ രാഷ്ട്രീയ വിഭാഗമായി പരുവപ്പെടുത്തിയെടുത്തതിൽ ലീഗ് വഹിച്ച പങ്കിനെ ആർക്കും വില കുറച്ചു കാണാനാവില്ല. ഭരണരംഗത്ത് സ്വന്തം ശക്തിക്കനുസൃതമായ ഭാഗധേയം നേടിയെടുക്കുന്നതിൽ ലീഗ് നേതൃത്വം പലപ്പോഴും പരാജയമായിരുന്നുവെങ്കിലും.
എം.പി.കെ. അഹമ്മദ് കുട്ടി, പൈതോത്ത്
പ്രിയപ്പെട്ട ജയേഷിന് വിട
അടുത്തിടെ വിടപറഞ്ഞ കഥാകൃത്ത് എസ്. ജയേഷ് അവസാനമായി എഴുതിയ ‘ശുക്രനാട്’ എന്ന കഥ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു (ലക്കം: 1310). ഇതുവരെ ഈ കഥാകൃത്തിന്റെ കഥകൾ വായിച്ചിട്ടില്ലാത്തവർക്ക് ആ രചനാശൈലി മനസ്സിലാക്കുവാൻ ഈ കഥ ഉപകാരപ്പെടും.
അകാലത്തിൽ അരങ്ങൊഴിയാൻ വെമ്പിനിൽക്കുന്നവരുടെ രചനകളിൽ തെളിഞ്ഞുകാണുന്ന മൃത്യു ബോധം എന്ന യഥാർഥ ‘‘പരമേശ പരമാർഥ ഭക്തി’’ പ്രത്യക്ഷപ്പെടുന്ന വഴികൾ നമ്മെ അത്ഭുതപ്പെടുത്തും. (ബിജു കാഞ്ഞങ്ങാടിന്റെ കവിതയിലും അത് ഉണ്ടായിരുന്നു.) തമിഴ്നാട്ടിലോ പാലക്കാട് ജില്ലയിലോ എന്ന് തോന്നിക്കുന്ന ഒരു വിദൂര ഗ്രാമത്തിലെ വീടുകളിൽനിന്നും കളവുപോകുന്ന ആടുകളിലൂടെയാണ് ജയേഷ് കഥയുടെ പുറന്തോട് മെനഞ്ഞിരിക്കുന്നത്. മറ്റെല്ലാ വളർത്തുമൃഗങ്ങളും സുരക്ഷിതരായിരിക്കെ ആടുകൾ മാത്രം അവിടെ അപ്രത്യക്ഷരാകുന്നു!
ഒരു ഉത്സവപ്പറമ്പിൽ ‘ആടുജീവിതം’ എന്ന ബെന്യാമിന്റെ നോവൽ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കുന്നയിടത്തുനിന്നും കഥ വേഗം സഞ്ചരിക്കുന്നു. ആട് ഈ കഥയിലെ ഒരു പ്രതീകമാണെന്നാണ് നാം മനസ്സിലാക്കുന്നത്. ഒടുക്കം കഥാകാരൻ നമുക്കു നേരെയും നീട്ടുന്ന ഒരു ബൈനോക്കുലറിലൂടെയാണ്.
ജയേഷ് ജീവിച്ചിരിക്കുമ്പോൾ തന്നെ ആ രചനകൾക്ക് ഇടം നൽകി പ്രോത്സാഹിപ്പിച്ചിട്ടുള്ള മാധ്യമം ആഴ്ചപ്പതിപ്പ് നൽകുന്ന ഈ ആദരത്തിന് അന്തസ്സേറെയുണ്ട്.
കൂട്ടുകാരാ... നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഈ കഥയുടെ പി.ഡി.എഫ് എനിക്ക് വായിക്കുവാൻ അയച്ചുതരുമായിരുന്നു. പ്രിയ സുഹൃത്തിന് വിട.
ശ്രീകണ്ഠൻ കരിക്കകം
ബോഡി: വായിക്കേണ്ട കവിത
ലക്കം 1310ൽ ശൈലൻ എഴുതിയ കവിത ബോഡിഷെയിമിങ്ങിനെയും അതിനാൽ വേദന അനുഭവിക്കുന്നവരെയും വരച്ചിടുന്നു. സാഹിത്യോത്സവത്തിന് പോയ അനുഭവമാണ് കവിയെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. പൊതുവെ സാഹിേത്യാത്സവങ്ങൾക്ക് പോകുന്നവരൊക്കെ എഴുത്തും വായനയും പുരോമന ചിന്തയും ഉള്ളവരാണെന്നാണല്ലോ വെപ്പ്. അവർ പോലും ഒരു മനുഷ്യന്റെ ഉടലളവുകളെക്കുറിച്ചും ശരീര ആകൃതിയെക്കുറിച്ചും വ്യാകുലരാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. മനുഷ്യന്റെ ശരീരപ്രകൃതിയും മറ്റും കൈവരിക്കുന്നത് ഒരു പരിധിവരെ ജനിതക കൈമാറ്റങ്ങളിലൂടെയാണെന്ന് പറയുന്ന കവി ലളിതമായ ഭാഷയിൽ പറയാനുള്ളതെല്ലാം പറഞ്ഞുവെക്കുന്നു. സമൂഹമാധ്യമങ്ങളിൽ ബോഡിഷെയിമിങ്ങിനെക്കുറിച്ച് ഘോരഘോരം പറയുന്നവരിൽനിന്നുള്ള ഈ അനുഭവം കവിയെ വല്ലാതെ വേദനിപ്പിച്ചെന്ന് തോന്നുന്നു.
‘‘ജനിതകക്കോവണികളൊക്കെയൊന്ന്
പൊളിച്ച് വാർത്ത് വാർണിഷടിക്കണം...
ക്രോമസോമുകളെപ്പിടിച്ച്
ജിമ്മിൽ വിടണം.
സിക്സ് പാക്കാവണമെനിക്കും,
സാഹിത്യോത്സവങ്ങൾക്ക് പോവണമിനിയും’’
എന്ന വരികളിൽ കവിയുടെ പ്രതിഷേധം തെളിഞ്ഞുകാണാം.
സദാശിവൻ, കോഴിക്കോട്
സുഹ്‌റ പടിപ്പുര കാവ്യ പുരസ്കാരം
മലപ്പുറം ജില്ലയിലെ കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സുഹ്‌റ പടിപ്പുര ഫൗണ്ടേഷൻ’ ഏർപ്പെടുത്തുന്ന രണ്ടാമത് സുഹ്‌റ പടിപ്പുര കാവ്യ പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. 45 വയസ്സിൽ താഴെയുള്ളവരുടെ 2022 വർഷത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 5000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് നൽകുക. മേയ് അഞ്ചിന് മുമ്പായി രണ്ട് കോപ്പികൾ അയക്കണം. വിലാസം: കൺവീനർ, സുഹ്‌റ പടിപ്പുര ഫൗണ്ടേഷൻ, സി.എച്ച്.എസ്.എസ് അടക്കാകുണ്ട്, അടക്കാകുണ്ട് പി.ഒ. 676525, മലപ്പുറം ജില്ല. ഫോൺ: 9446730731.
കമ്പളത്ത് രണഗീതം പുരസ്കാരം
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായരുടെ നാൽപതാം ചരമവാർഷികം പ്രമാണിച്ച് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മാപ്പിളപ്പാട്ട് ശൈലിയിൽ എഴുതുന്ന ഒരു സമരഗീതത്തിന് കമ്പളത്ത് രണഗീതം പുരസ്കാരം നൽകും. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം, ഉപ്പ് സത്യഗ്രഹം, ക്വിറ്റിന്ത്യാസമരം, നാവിക കലാപം, ഐ.എൻ.എ യുദ്ധം, മലബാർ സമരം, ചൗരിചൗര തുടങ്ങിയ ഏതെങ്കിലും സമരത്തെയോ സ്വാതന്ത്ര്യസമരത്തെ പൊതുവിലോ പ്രതിപാദിക്കുന്ന കാവ്യത്തിനാണ് അവാർഡ് നൽകുക. കാഷ് പ്രൈസും പ്രശംസാപത്രവും ഉൾക്കൊള്ളുന്ന അവാർഡിന് 40 വരിയിൽ കവിയാത്ത രചനകൾ രചയിതാവിന്റെ പേരും വിലാസവും ഫോൺനമ്പറും സഹിതം ഡി.ടി.പി പ്രിന്റെടുത്ത് കൺവീനർ, കമ്പളത്ത് രണഗീതം പുരസ്കാര സമിതി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി -673638, മലപ്പുറം ജില്ല, എന്ന വിലാസത്തിൽ 2023 ഏപ്രിൽ 25നകം ലഭിക്കണം.