എഴുത്തുകുത്ത്
ലീഗിന്റെ നല്ലകാലംഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിനെക്കുറിച്ച് തയാറാക്കിയ ഫീച്ചറുകളും ലേഖനങ്ങളും നന്നായി (ലക്കം: 1309). ലീഗിന്റെ ഏറ്റവും നല്ലകാലം ഏതെന്ന് അന്വേഷിച്ചാൽ 1960കളും പിന്നെ 1970കളുടെ ആദ്യ വർഷങ്ങളുമടങ്ങുന്ന വ്യാഴവട്ടക്കാലമെന്ന സുചിന്തിത നിരീക്ഷണമാണ് ഈയുള്ളവനുള്ളത്. 1973ല്‍ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മക്കയിൽവെച്ച് മരണപ്പെട്ടതിന് പിറകെയുള്ള രണ്ട്/മൂന്ന് വർഷങ്ങളിലാണ് മുസ്‍ലിം ലീഗിന്റെ തളർച്ച തുടങ്ങുന്നത്. പിന്നീടുള്ള രണ്ട് ദശകങ്ങളിൽ മുസ്‍ലിം ലീഗിൽ നിർഭാഗ്യകരമായ രണ്ട് പിളർപ്പുകൾ ഉണ്ടായി. അഖിലേന്ത്യാതലത്തിൽ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബും അബ്ദുറഹ്മാൻ ബാഫഖി തങ്ങളും നേതൃത്വം നൽകിയ ആ...
Your Subscription Supports Independent Journalism
View Plansലീഗിന്റെ നല്ലകാലം
ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിനെക്കുറിച്ച് തയാറാക്കിയ ഫീച്ചറുകളും ലേഖനങ്ങളും നന്നായി (ലക്കം: 1309). ലീഗിന്റെ ഏറ്റവും നല്ലകാലം ഏതെന്ന് അന്വേഷിച്ചാൽ 1960കളും പിന്നെ 1970കളുടെ ആദ്യ വർഷങ്ങളുമടങ്ങുന്ന വ്യാഴവട്ടക്കാലമെന്ന സുചിന്തിത നിരീക്ഷണമാണ് ഈയുള്ളവനുള്ളത്. 1973ല്‍ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മക്കയിൽവെച്ച് മരണപ്പെട്ടതിന് പിറകെയുള്ള രണ്ട്/മൂന്ന് വർഷങ്ങളിലാണ് മുസ്‍ലിം ലീഗിന്റെ തളർച്ച തുടങ്ങുന്നത്. പിന്നീടുള്ള രണ്ട് ദശകങ്ങളിൽ മുസ്‍ലിം ലീഗിൽ നിർഭാഗ്യകരമായ രണ്ട് പിളർപ്പുകൾ ഉണ്ടായി. അഖിലേന്ത്യാതലത്തിൽ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബും അബ്ദുറഹ്മാൻ ബാഫഖി തങ്ങളും നേതൃത്വം നൽകിയ ആ നാളുകൾ പ്രതികൂല ചുറ്റുപാടുകളുള്ളതായിരുന്നു. മുസ്‍ലിം സമുദായം വളരെ പിന്നാക്കവും ദരിദ്രവുമായിരുന്നു. ഭരണാധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ല. ഗൾഫിന്റെ സാധ്യതകളും വലുതായിട്ടൊന്നും തെളിഞ്ഞുവന്നിട്ടില്ല. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പലരും മുസ്‍ലിം ലീഗിനെയും മറ്റ് മുസ്‍ലിം സംഘടനകളെയും ഒട്ടും പരിഗണിക്കാറുണ്ടായിരുന്നില്ല. നിസ്വാർഥമായ ത്യാഗ പരിശ്രമങ്ങളായിരുന്നു അന്നത്തെ മുസ്‍ലിം ലീഗിന്റെ മുഖമുദ്ര. ഇക്കാര്യം വ്യക്തമാക്കാനുതകുന്ന ഒരു വസ്തുത വിവരിക്കാം.
1969ൽ ഇന്ത്യയുടെ പ്രസിഡന്റായിരുന്ന സാകിർ ഹുസൈന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എ.ഐ.സി.സി സ്ഥാനാർഥി നീലം സഞ്ജീവറെഡ്ഡിക്കെതിരെ അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന വി.വി. ഗിരിയെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മത്സരിപ്പിച്ചു. ഇത് കോൺഗ്രസിൽ പിളർപ്പുണ്ടാക്കി. അന്ന് ഇടതുപക്ഷം ഉൾപ്പെടെ പലരും ഇന്ദിരയുടെ സ്ഥാനാർഥിയെ പിന്തുണച്ചു. മൊറാർജി ദേശായി, നിജലിംഗപ്പ, കാമരാജ് തുടങ്ങിയവർ ഉൾപ്പെടെ ഔദ്യോഗിക വിഭാഗത്തെ സോഷ്യലിസത്തോട് ആഭിമുഖ്യമില്ലാത്ത, മുതലാളിത്ത ലോബിയോട് ചേർന്നുനിൽക്കുന്ന വിഭാഗമായിട്ടാണ് പൊതുവേ അന്ന് മനസ്സിലാക്കപ്പെട്ടത്. വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിലാണ് വി.വി. ഗിരി ജയിച്ചത്. അന്ന് ഖാഇദെമില്ലത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ പിന്തുണ ഇന്ദിരാ വിഭാഗം തേടുകയും മുസ്‍ലിം ലീഗ് നിരുപാധികം പിന്തുണക്കുകയും ചെയ്തു. മുസ്‍ലിം ലീഗിന് അന്ന് ലോക്സഭയിലും രാജ്യസഭയിലുമായി 7 എം.പിമാർ ഉണ്ടായിരുന്നു. കൂടാതെ കേരളത്തിൽ 14 എം.എൽ.എമാർ, പശ്ചിമ ബംഗാളിൽ 7, തമിഴ്നാട്ടിൽ മൂന്ന്, മഹാരാഷ്ട്രയിൽ ഒന്ന് വീതം എം.എൽ.എമാരും ഉണ്ടായിരുന്നു. അന്ന് ഇന്ദിരയും വി.വി. ഗിരിയുമൊക്കെ ഖാഇദെമില്ലത്തിനെ നന്ദി അറിയിച്ചിരുന്നു.
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ വിയോഗത്തിനുശേഷം തമിഴ്നാട് രാഷ്ട്രീയത്തിലും ലീഗ് പിറകോട്ട് പോയിരിക്കുന്നു. പഴയ പ്രതാപം ഇല്ലെന്നു തോന്നുന്നു.
പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി
ജയേഷിന്റെ കഥ ദുര്‍ഗ്രാഹ്യതയാല്‍ മൂടപ്പെട്ടോ?
കഥകള്‍ക്ക് സൗന്ദര്യം നല്‍കുന്നത് അതിന്‍റെ നിഗൂഢതകളും സങ്കീർണതകളുമാണെന്ന് എവിടെയോ വായിച്ചതായി ഓർമവന്നു എസ്. ജയേഷിന്‍റെ 'ശുക്രനാട്' വായിച്ചപ്പോള്‍ (ലക്കം: 1310). തെളിമയോടെയും, ലാളിത്യത്തോടെയും എഴുതിത്തുടങ്ങിയ ഈ കഥയുടെ അന്ത്യം ദുര്‍ഗ്രാഹ്യതയാല്‍ മൂടപ്പെട്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ‘അങ്ങകലെ ശുക്ര നക്ഷത്രത്തില്‍ കൂട്ടമായി മേഞ്ഞുനടക്കുന്ന ആടുകളെ കണ്ടു' എന്നെഴുതി അവസാനിപ്പിക്കുന്ന ഈ കഥയിലൂടെ കഥാകൃത്ത് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല. ഇപ്പോഴത്തെ ചില കഥാകൃത്തുകള്‍ സഹൃദയരായ വായനക്കാരെ എന്തിനാണിങ്ങനെ ഇരുട്ടിൽ നിര്‍ത്തുന്നതെന്ന് മനസ്സിലാകുന്നില്ല. കഥകള്‍ ബുദ്ധികൊണ്ടോ ഭാവനകൊണ്ടോ നിർധാരണം ചെയ്യപ്പെടേണ്ടവയല്ല.
ഒരു കര്‍ഷക ഗ്രാമത്തില്‍നിന്ന് യാതൊരു തെളിവുകളുമില്ലാതെ അപ്രത്യക്ഷമാകുന്ന ആടുകളെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും, ആടുകളുടെ ഉടമസ്ഥരും, അവര്‍ക്കിടയില്‍ നഷ്ടപ്പെടുവാന്‍ ഒരു കണ്ടന്‍പൂച്ച പോലുമില്ലാത്ത ചെന്താമരയും, അയാളുടെ രഹസ്യ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ സരോജിനിയും അടങ്ങുന്ന കഥാപാത്രങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു. മുത്തിക്കാവ് അമ്പലത്തില്‍ ബെന്യാമിന്‍റെ ‘ആടുജീവിതം’ കഥാപ്രസംഗമായി അവതരിപ്പിക്കുന്നതറിഞ്ഞ് അവശേഷിച്ച ആടുകളെ വീട്ടിനുള്ളില്‍ അടച്ചിട്ട് കാവിലേക്ക് പോവുകയാണ് ഗ്രാമവാസികള്‍. ആ തക്കം നോക്കി സരോജിനിയെ പ്രാപിക്കുന്ന ചെന്താമര ആട്ടിൻകാട്ടത്തിന്‍റെ നാറ്റം തന്നിലേക്കും, കള്ളിന്‍റെ ദുര്‍ഗന്ധം അവളിലേക്കും സംക്രമിപ്പിച്ചുകൊണ്ട് തിരിച്ചുപോരുമ്പോള്‍ കഥാപ്രസംഗം മടുത്ത് ഇറങ്ങിപ്പോന്ന ഭാര്യയെയും, മകനെയും കാണുന്നു. കുട്ടിയുടെ ആഗ്രഹപ്രകാരം വഴിയോരക്കടയില്‍ തൂക്കിയിട്ടിരുന്ന ഒരു ബൈനോക്കുലര്‍ അച്ഛന്‍ വാങ്ങിക്കൊടുക്കുന്നു. അതിലൂടെ ആകാശത്തേക്ക് നോക്കിയ കുട്ടി പരിഭ്രമത്തോടെ ബൈനോക്കുലര്‍ അച്ഛനു നേരെ നീട്ടുന്നു. അതിലൂടെ നോക്കിയ ചെന്താമര അങ്ങകലെ ശുക്രനക്ഷത്രത്തില്‍ കൂട്ടമായി മേഞ്ഞുനടക്കുന്ന 23 ആടുകളെ കാണുന്നതോടെ കഥയുടെ തിരശ്ശീല താഴുന്നു.
ഭാവനയുടെ ചില അപൂര്‍വ മിന്നലാട്ടങ്ങള്‍ കഥയില്‍ കാണാമെങ്കിലും ആഖ്യാനത്തില്‍ എന്തൊക്കെയോ പാളിച്ചകള്‍ വന്നതുപോലെ തോന്നുന്നു. അകാലത്തില്‍ വിടചൊല്ലിയ ജയേഷിന് അഭിവാദ്യങ്ങള്‍ നല്‍കിക്കൊണ്ട് ഒരു പ്രിയവായനക്കാരൻ.
സണ്ണി ജോസഫ്, മാള
പ്രതീക്ഷ നൽകുന്ന വിധി
‘മീഡിയവൺ – നീതി’ എന്ന തലക്കെട്ടിൽ എഴുതിയ ‘തുടക്ക’ത്തോട് (ലക്കം: 1311) അനുബന്ധമായി ഏതാനും കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു.
ഏറെക്കാലത്തെ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിടനൽകി ‘മീഡിയവൺ’ ചാനലിന് അനുകൂലമായി സുപ്രീംകോടതി വിധി പറഞ്ഞപ്പോൾ മനസ്സ് ശരിക്കും നിറഞ്ഞു. നാം ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്ന് വീണ്ടും ഓർമിപ്പിച്ച വിധി. മാത്രമല്ല, ഈ കാലത്തും വരും കാലത്തും പ്രസക്തമായേക്കാവുന്ന വിധി കൂടിയാണിത്.
‘‘പൗരാവകാശങ്ങൾ നിഷേധിക്കാൻ രാജ്യ സുരക്ഷയെ സർക്കാർ ഉപയോഗിക്കുന്നു. ഇത് രാജ്യത്തെ നിയമവ്യവസ്ഥക്ക് ചേർന്ന സമീപനമല്ല. അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ ‘മീഡിയവൺ’ കേസിൽ രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. ‘മീഡിയവണി’ന്റെ രാജ്യവിരുദ്ധയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ-എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ല’’ -തുടങ്ങിയ കോടതി നിരീക്ഷണങ്ങൾ വലിയ പ്രതീക്ഷ പകരുന്നു.
അപ്പോഴും മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വലിയ വാർത്തയെ അമ്പേ തിരസ്കരിച്ചു. പ്രമുഖ ചാനലുകളിലെല്ലാം ചെറിയ സ്ക്രോളുകളിൽ വാർത്തയൊരുങ്ങി. മുസ്‍ലിം മാനേജ്മെന്റിലുള്ള പത്രങ്ങളിൽ ചിലതുപോലും വാർത്ത നന്നേ ഒതുക്കിയാണ് കൊടുത്തത്. അതേ സമയം ദേശീയ മാധ്യമങ്ങൾ വിധിയുടെ പ്രാധാന്യം തിരിച്ചറിയുകയും ഒന്നാം പേജിൽ പ്രാമുഖ്യത്തോടെ നൽകുകയും ചെയ്തു. ഈ സുപ്രധാന വിധിക്കിടയിൽ പോലും സങ്കുചിതമായ രാഷ്ട്രീയം കലർത്തുന്നവരുണ്ട്. ഈ വിധി കേന്ദ്ര സർക്കാറിനെയും ആർ.എസ്.എസിനെയും സ്വാധീനിച്ച് നേടി എന്നാണ് അവർ പറയുന്നത്. കേന്ദ്രസർക്കാറിനെ അടിമുടി ഉലക്കുന്ന ഇത്തരം ഒരു വിധി സ്വാധീനത്തിലൂടെ നേടിയെടുക്കാനാകും എന്ന് വിശ്വസിക്കുന്നവരോട് കൂടുതലൊന്നും പറയാനില്ല. തളരാതെ പൊരുതിയ ‘മീഡിയവൺ’ ഉടമകൾക്കും മാധ്യമപ്രവർത്തകർക്കും പിന്തുണച്ച ജനാധിപത്യവാദികൾക്കും ഹൃദയം നിറഞ്ഞ സല്യൂട്ട്.
മുബശ്ശിർ, മലപ്പുറം
രാഹുലല്ലാതെ മറ്റാര്
രാഹുൽ ഗാന്ധിയുടെ ലോക്സഭയിൽനിന്നും അയോഗ്യനാക്കിയ സാഹചര്യത്തിൽ അദ്ദേഹത്തെ കവർ ചിത്രവുമായി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ഉചിതമായി. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഇന്ത്യയിലെ മറ്റൊരു മുഖ്യധാര രാഷ്ട്രീയ നേതാവും രാഹുലിനോളം കേന്ദ്ര സർക്കാറിനെ എതിർത്തിട്ടില്ല, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയിട്ടുമില്ല. മറ്റുപ്രധാന പ്രതിപക്ഷ പാർട്ടിയിലെ നേതാക്കളിൽ അധികവും നിശ്ശബ്ദരായിരിക്കുകയോ തങ്ങളുടെ നേർക്ക് പത്തിവിടർത്തുമ്പോഴോ മാത്രമാണ് കേന്ദ്ര സർക്കാറിനെതിരെ ഉണർന്നെണീറ്റിട്ടുള്ളത്. എന്നാൽ, രാഹുൽ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിവരുന്നു. ഇതിൽ കൂടുതൽ ആയിക്കൂടേ എന്ന് വേണമെങ്കിൽ ചോദിക്കാം. അപ്പോഴും ആർ.എസ്.എസ് വിരുദ്ധ സന്ദേശവുമായി അദ്ദേഹം കൊണ്ട വെയിലും മഴയും മഞ്ഞും നമുക്ക് മുന്നിലുണ്ട്. സ്വന്തം പാർട്ടിയിലെ നേതാക്കൾ കൂടൊഴിയുമ്പോഴും ബി.ജെ.പിയെ പുൽകുമ്പോഴും രാഹുൽ കാണിക്കുന്ന ഈ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തെ ഇന്നല്ലെങ്കിൽ നാളെ ജനം അംഗീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
സത്യൻ, തലശ്ശേരി
ലേഖകന് അഭിനന്ദനങ്ങൾ
ബുദ്ധമതം കേരളത്തിൽ എങ്ങനെ തിരോഭവിച്ചു? എന്ന ശിഹാബുദ്ദീൻ ആരാമ്പ്രത്തിന്റെ ലേഖനം പല പുതിയ വിവരങ്ങളിലേക്കും വെളിച്ചം വീശുന്നു. how buddha disappeared from india എന്ന് ഗൂഗ്ളിൽ ഒരു സെർച് കൊടുത്താൽ പ്രധാനമായും കാണുക മുസ്‍ലിം രാജാക്കൻമാരുടെ വരവോടെയാണ് എന്നാണ്. അതല്ലെങ്കിൽ ഹിന്ദുമതത്തിന്റെ പുനരുദ്ധാരണമെന്നും കാണാം. അതിനപ്പുറത്തേക്ക് ബുദ്ധ-ജൈന മതങ്ങൾക്ക് നേരെ നടന്ന കൂട്ടക്കൊലകളും അതിക്രമങ്ങളും കാര്യമായി എവിടെയും രേഖപ്പെടുത്തിയില്ല എന്നുതോന്നുന്നു. അതല്ലെങ്കിൽ ബോധപൂർവം മറച്ചുവെക്കപ്പെട്ടു. തമിഴ്നാട്ടിലും കേരളത്തിലും ബുദ്ധമതങ്ങൾ ക്രൂരമായി ഹിംസിക്കപ്പെട്ടതിന്റെ ഭൂതകാലചരിത്രത്തിലേക്ക് വെളിച്ചം വീശിയ ലേഖകന് അഭിവാദ്യങ്ങൾ.
ഹംസ, മണ്ണാർക്കാട്
ബ്രാഹ്മണരും പശുവും
രാജ്യത്തെ പശു മേഖലകളിൽ പശുക്കടത്ത് , ബീഫ് കൈവശം വെക്കൽ എന്നീ ആരോപണങ്ങളുടെ പേരിൽ നടന്നുവരുന്ന കൊലപാതകങ്ങൾ ജനമനസ്സുകളിൽ സൃഷ്ടിക്കുന്ന വേദന അതിതീക്ഷ്ണമാണ്. രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, ബന്ധുവായ നാസർ എന്നിവർ ഹരിയാനയിൽ മേൽപ്പറഞ്ഞ കാരണങ്ങൾ ആരോപിക്കപ്പെട്ട് ഹിന്ദുത്വവാദികളാൽ കൊല്ലപ്പെട്ടപ്പോൾ, അവരുടെ മരണവീടുകളിൽ പോയി വസ്തുതാന്വേഷണം നടത്തി തൗഫീഖ് അസ്‌ലം എഴുതിയ ലേഖനം (ലക്കം: 1306) വായിച്ചു കഴിഞ്ഞപ്പോൾ മനസ്സൊന്ന് പിടഞ്ഞു.
കാലങ്ങളായി ഇന്ത്യയിൽ പശുവിന്റെ പേരിൽ നടന്നുവരുന്ന ഭീകര കൊലപാതകങ്ങൾ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന മതേതരത്വത്തിനും ബഹുസ്വരതയ്ക്കും സാഹോദര്യത്തിലും സർവോപരി ഭരണഘടനാ മൂല്യങ്ങൾക്കും ഏൽപിക്കുന്ന പോറലുകൾ അത്യഗാധമാണ്. ഹിന്ദു തീവ്രവാദികളുടെ കൊലക്കത്തിക്കിരയാകുന്നവർ രാജ്യത്തെ മുസ്‍ലിംകളും ദലിതരും ആദിവാസികളും മാത്രമാണെന്ന് ഇതേവരെയുള്ള കണക്കുകൾ കൃത്യമായി സൂചിപ്പിക്കുന്നുവെങ്കിലും, ഈ ആൾക്കൂട്ടക്കൊലകൾക്ക് തടയിടാൻ കേന്ദ്രസർക്കാറിന് കഴിയുന്നില്ല. ഇത് നമ്മുടെ ജനാധിപത്യ സങ്കൽപങ്ങൾക്ക് മങ്ങലേൽപിക്കുന്ന സർക്കാർ നിഷ്ക്രിയത്വത്തിന്റെ പേരായി അവശേഷിക്കുന്നു. ഫാഷിസം എന്നു പറയുന്നത് സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം എന്നീ ആദർശങ്ങളുടെ നിരാകരണമാണ്. ഫാഷിസത്തിന്റെ യഥാർഥ ഇന്ത്യൻ പതിപ്പാണ് ബ്രാഹ്മണിസത്തിലധിഷ്ഠിതമായ ഹിന്ദുത്വം. അതുകൊണ്ടാണ് ഹിന്ദുത്വം ഒരു സാമൂഹിക – മത വ്യവസ്ഥ മാത്രമല്ല, അത് ഒരു സാമൂഹിക സ്വേച്ഛാധിപത്യം (social despotism) കൂടിയാണെന്ന് പറയപ്പെടുന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക വിപ്ലവം അസാധുവാക്കുന്ന റദ്ദ് ചെയ്യുന്ന ചിന്താസരണിയും സാമൂഹിക വ്യവസ്ഥിതിയുമാണ് ബ്രാഹ്മണിസം.
ഹൈന്ദവ ആചാരങ്ങളും ഹൈന്ദവ മതഗ്രന്ഥങ്ങളും പശുവുമായി ചരിത്രാതീതകാലം മുതൽ എത്തരത്തിലൊക്കെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് നോക്കാം. ഹിന്ദുമത ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനം എന്ന് പറയപ്പെടുന്ന ഋഗ്വേദത്തിലാണ് യാഗം എന്ന ആചാരത്തെ പ്രതിപാദിക്കുന്നത്. പാൽ, ധാന്യം, നെയ്, മാംസം, സോമരസം എന്നിവ കൊണ്ടുള്ള യാഗങ്ങൾ വേദകാലത്ത് പതിവായിരുന്നു. എല്ലാ വിഭാഗത്തിലും പെട്ട ഹിന്ദുക്കൾ ചരിത്രാതീതകാലത്ത് പശുക്കളെ ഭക്ഷിച്ചിരുന്നു. പശുക്കളെ ബലി കഴിക്കുന്നതിനെക്കുറിച്ച് ഋഗ്വേദത്തിൽ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ആര്യന്മാരുടെ ഋഷിവര്യനായ യജ്ഞവൽക്യൻ ‘‘ഞാൻ അത് ഭക്ഷിക്കാറുണ്ട്, മാർദവമുള്ളതാണെങ്കിൽ’’ എന്ന് പറയുന്നുണ്ട്. പശുബലിക്കുവേണ്ടി ഏതെങ്കിലും അബ്രാഹ്മണൻ ഒരു ബ്രാഹ്മണനെ ക്ഷണിക്കാത്ത ഒരു ദിവസംപോലും ഇല്ലായിരുന്നു , അതിനാൽതന്നെ ബ്രാഹ്മണന് ദിവസവും മാംസം ലഭിക്കുമായിരുന്നു. അത്രേയബ്രാഹ്മണത്തിൽ ബലി മൃഗത്തെ എങ്ങനെ കൊല്ലാം എന്നുമാത്രമല്ല അതിന്റെ മാംസം ഏത് രീതിയിൽ ആർക്കൊക്കെ പങ്കുവെക്കാം എന്നുകൂടി വ്യവസ്ഥ ചെയ്യുന്നുണ്ട്.
പിന്നീട് ബ്രാഹ്മണർ ഗോമാംസം ഉപേക്ഷിക്കാൻ നിർബന്ധിതനായി. അത്തരത്തിൽ ഗോമാംസം ഉപേക്ഷിക്കേണ്ടിവന്നതിന്റെ കാരണം അംബേദ്കർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ ബുദ്ധമതത്തിന്റെ ഉയർച്ചയോടുകൂടിയായിരുന്നു അത്. മാനവികതയുടെയും അഹിംസയുടെയും യുക്തിചിന്തയുടെയും അടിത്തറയിൽ ഉടലെടുത്ത ബുദ്ധമതത്തിന്റെ മേൽ ആധിപത്യം ഉറപ്പിക്കാൻ ബ്രാഹ്മണർ സ്വീകരിച്ച അനേകം കുതന്ത്രങ്ങളിൽ ഒന്നാണിതെന്ന് അംബേദ്കർ അഭിപ്രായപ്പെടുന്നുണ്ട്.
ലോകം ഉറ്റുനോക്കുന്ന ജനാധിപത്യ ഇന്ത്യയിൽ, ഭക്ഷണത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുക എന്നുള്ളത് തികച്ചും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണ്. പശു എന്ന മൃഗത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഭീകരതക്ക് കേന്ദ്ര സർക്കാർ തടയണയിടുന്നിെല്ലങ്കിൽ രാജ്യം തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട.
‘പശുവിന്റെ പേരിൽ നടന്ന ചില കൊലപാതകങ്ങൾ’ ലേഖകൻ ലിസ്റ്റ് ചെയ്തപ്പോൾ 2022 മേയ് മൂന്നാം തീയതി അർധരാത്രിയിൽ മധ്യപ്രദേശിലെ സിയോണി ജില്ലയിലെ സാഗർ ഗ്രാമത്തിൽ ബീഫ് കൈവശം വെച്ചു എന്ന ആരോപണത്തിൽ ഹിന്ദുത്വ പ്രവർത്തകരുടെ കൊലക്കത്തിക്കിരയായി മരിച്ചുവീണ ധൻഷ, സമ്പത്ത്‍ലാൽ വട്ടി എന്നീ പാവപ്പെട്ട ആദിവാസികളുടെ കൊലപാതകത്തെക്കുറിച്ചെഴുതിയതായി കണ്ടില്ല.
പി.ടി. വേലായുധൻ ഇരിങ്ങത്ത്, പയ്യോളി
അറിയിപ്പ്
മാടമ്പ് കുഞ്ഞുക്കുട്ടൻ ഫൗണ്ടേഷൻ ഏകദിന സാഹിത്യോത്സവം
ഭ്രഷ്ട് നോവലിന്റെ 50ാം വർഷം പ്രമാണിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെയും നോവൽ എന്ന സാഹിത്യരൂപത്തെയും അധികരിച്ചു മാടമ്പ് കുഞ്ഞുക്കുട്ടൻ ഫൗണ്ടേഷൻ ഏകദിന സാഹിത്യോത്സവവും സെമിനാറുകളും സംഘടിപ്പിക്കുന്നു. മേയ് 11ന് തൃശ്ശൂരിലാണ് പ്രോഗ്രാം. പ്രഗല്ഭ ചരിത്രകാരന്മാർ, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. ഇതിൽ ഡെലിഗേറ്റ് ആയി പങ്കെടുക്കുന്നതിന് ബിരുദതലം മുതലുള്ള വിദ്യാർഥികൾക്കും അവസരമുണ്ട്. താൽപര്യമുള്ളവർ 09446033249 എന്ന നമ്പറിൽ ബന്ധപ്പെടുക
സുഹ്‌റ പടിപ്പുര കാവ്യ പുരസ്കാരം
മലപ്പുറം ജില്ലയിലെ കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സുഹ്‌റ പടിപ്പുര ഫൗണ്ടേഷൻ’ ഏർപ്പെടുത്തുന്ന രണ്ടാമത് സുഹ്‌റ പടിപ്പുര കാവ്യ പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. 45 വയസ്സിൽ താഴെയുള്ളവരുടെ 2022 വർഷത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 5000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് നൽകുക. താൽപര്യമുള്ളവർ മേയ് അഞ്ചിന് മുമ്പായി രണ്ട് കോപ്പികൾ അയക്കണം.
വിലാസം: കൺവീനർ, സുഹ്‌റ പടിപ്പുര ഫൗണ്ടേഷൻ, സി.എച്ച്.എസ്.എസ് അടക്കാകുണ്ട്. അടക്കാകുണ്ട് പി.ഒ, 676525. മലപ്പുറം ജില്ല. ഫോൺ 9446730731
ബുധസംഗമം സാഹിത്യപുരസ്കാരം
കാലടി എസ്.എന്‍.ഡി.പി. ലൈബ്രറിയിലെ പ്രതിവാര സാംസ്‌കാരിക കൂട്ടായ്മയായ ബുധസംഗമത്തിന്റെ ദശവാര്‍ഷികാഘോഷ ഭാഗമായി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. ഈ വര്‍ഷം കഥാവിഭാഗത്തില്‍ 2018, 2019, 2020, 2021, 2022 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുക. ശിൽപവും പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
ഗ്രന്ഥകര്‍ത്താക്കള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വായനക്കാര്‍ക്കോ പ്രസാധകര്‍ക്കോ സാഹിത്യസാംസ്കാരിക സംഘടനകള്‍ക്കോ ഗ്രന്ഥശാലകള്‍ക്കോ പുരസ്കാരപരിഗണനക്ക് പുസ്തകങ്ങള്‍ അയച്ചുതരാവുന്നതാണ്. കൃതികളുടെ 3 പ്രതികള്‍ വീതം സെക്രട്ടറി എസ്.എന്‍.ഡി.പി. ലൈബ്രറി, കാലടി തപാല്‍, എറണാകുളം-683 574 എന്ന വിലാസത്തില്‍ അയച്ചുതരാവുന്നതാണ്. അവസാന തീയതി -ഏപ്രിൽ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947882499 എന്ന നമ്പറില്‍ വിളിക്കുക.
കെ.വി. തമ്പി പുരസ്കാരം
കവിയും വിവർത്തകനും അധ്യാപകനുമായിരുന്നു പ്രഫ. കെ.വി. തമ്പിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ കവിത സമാഹാരങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
കൃതികളുടെ മൂന്നുകോപ്പി മേയ് 20ന് മുമ്പായി വകുപ്പ് മേധാവി, മലയാളം ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം, കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട, 689645 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.