എഴുത്തുകുത്ത്
അയിത്തജാതിക്കാരിൽ നിന്നു തമ്പിരാൻ എങ്ങനെ സ്കൂൾ വിദ്യാഭ്യാസം നേടി?കുന്നുകുഴി എസ്. മണി‘തിരുവിതാംകൂറിലെ പഞ്ചമ തമ്പിരാൻ’ എന്ന ചെറായി രാമദാസിന്റെ ലേഖനം പലതവണ വായിച്ചു. തിരുവനന്തപുരം തൈക്കാട് ‘ഫീൽഡ് വ്യൂ’ വീട്ടിലെ വി. തൊളസിലിംഗം എന്ന മേസ്തിരിയുടെ മകനാണ് തമ്പിരാൻ എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. ആ കാലത്ത് (1911ൽ) അയിത്തജാതിക്കാർക്ക് ഫീൽഡ്വ്യൂ എന്ന വീട്ടിൽ താമസിക്കാൻ പോന്ന സൗകര്യം എങ്ങനെ കിട്ടിയെന്ന കാര്യം അജ്ഞാതമാണ്. മാത്രമല്ല, അച്ഛൻ വി. തൊളസിലിഗം...
Your Subscription Supports Independent Journalism
View Plansഅയിത്തജാതിക്കാരിൽ നിന്നു തമ്പിരാൻ എങ്ങനെ സ്കൂൾ വിദ്യാഭ്യാസം നേടി?
കുന്നുകുഴി എസ്. മണി
‘തിരുവിതാംകൂറിലെ പഞ്ചമ തമ്പിരാൻ’ എന്ന ചെറായി രാമദാസിന്റെ ലേഖനം പലതവണ വായിച്ചു. തിരുവനന്തപുരം തൈക്കാട് ‘ഫീൽഡ് വ്യൂ’ വീട്ടിലെ വി. തൊളസിലിംഗം എന്ന മേസ്തിരിയുടെ മകനാണ് തമ്പിരാൻ എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. ആ കാലത്ത് (1911ൽ) അയിത്തജാതിക്കാർക്ക് ഫീൽഡ്വ്യൂ എന്ന വീട്ടിൽ താമസിക്കാൻ പോന്ന സൗകര്യം എങ്ങനെ കിട്ടിയെന്ന കാര്യം അജ്ഞാതമാണ്. മാത്രമല്ല, അച്ഛൻ വി. തൊളസിലിഗം അന്നൊരു മേസ്തിരി പണിക്കാരനായിരുന്നുവെന്നും പറയുന്നുണ്ട്. അത്തരത്തിലുള്ള ഒരു മേസ്തിരി പണിക്കാരന്റെ മകൻ തമ്പിരാൻ പുലയർ, പറയർ തുടങ്ങിയ അയിത്തജാതിക്കാരുടെ മക്കൾക്ക് സ്കൂൾ പ്രവേശനം നിഷിദ്ധമായിരുന്നപ്പോൾ ഏത് പാഠശാലയിൽനിന്നാണ് പഠിച്ച് മിടുക്കനായി ബി.എക്കാരനായത് എന്നും മറ്റും ലേഖനത്തിൽ പരാമർശമില്ല.
എന്നാൽ, തിരുവനന്തപുരം കോളജിൽ ബി.എ പാസ് കോഴ്സിന് ചേർന്നുപഠിക്കാൻ, ആ വിദ്യാർഥിക്ക് രണ്ടു കൊല്ലത്തേക്ക് പ്രതിമാസം 10 രൂപയുടെ സ്കോളർഷിപ് നൽകാൻ ദിവാൻ പി. രാജഗോപാലാചാരി ശിപാർശ ചെയ്യുന്നുമുണ്ട്. വള്ളുവകുലത്തിൽപെട്ട മേസ്തിരിയും കുടുംബവും മദ്രാസ് സംസ്ഥാനത്തുനിന്നും കുടിയേറിയതാണോ എന്ന് ലേഖകൻ സംശയിക്കുന്നുമുണ്ട്. ആ സംശയം ശരിയായിരിക്കാം. കാരണം വള്ളുവർ തിരുവിതാംകൂറിൽ ഏറെയൊന്നും കാണുന്നവരല്ല.
പുലയരുടെ ഒരു ഉപജാതിയാണ് തിരുവിതാംകൂറിലെ വള്ളുവർ എന്ന് എഡ്ഗർ തഴ്സ്റ്റൻ 1901ലെ തിരുവിതാംകൂറിലെ സെൻസസ് അടിസ്ഥാനമാക്കി പറയുന്നുണ്ട്. 1891ലെ മദ്രാസ് സെൻസസ് റിപ്പോർട്ടിൽ വള്ളുവർ പറയരുടെ ഉപജാതിയാണെന്നും തഴ്സ്റ്റൻ തന്നെ പറയുന്നതായി ലേഖകനും പറയുന്നുണ്ട്. പുലയരുടെതന്നെ ഒരു വകഭേദമാണ് വള്ളുവർ എന്ന് ഞാൻ എന്റെ ‘പുലയർ നൂറ്റാണ്ടുകളി’ൽ എന്ന ഗ്രന്ഥത്തിൽ എഴുതിയപ്പോൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില വള്ളുവർ എന്നെ ഫോൺ ചെയ്തു ഭീഷണിപ്പെടുത്തുകയും ഫോണിലൂടെ അസഭ്യവർഷം ചൊരിഞ്ഞതും ഓർക്കുന്നു. കാരണം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വള്ളുവർ ഏതോ സവർണ ജാതിക്കാരെന്നാണ് വെപ്പ്. അവർക്ക് പുലയരോട് ഒട്ടിനിൽക്കാൻ താൽപര്യമില്ലത്രേ. അത്തരമൊരു വള്ളുവകുലജാതനായിരിക്കും അയ്യൻകാളിയുടെ കാലത്തെ തമ്പിരാൻ എന്ന് ഞാൻ സംശയിക്കുന്നു. 1911 കാലത്ത് ഈ വിദ്യാർഥി അയിത്തം കൂടാതെ ഏത് സ്കൂളിൽനിന്നാണ് പഠിച്ചിറങ്ങിയത്? അതേക്കുറിച്ച് ലേഖകനും മിണ്ടുന്നില്ല.
1911 ഡിസംബർ അഞ്ചിലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് അയ്യൻകാളി പ്രജാസഭ മെംബറായി നോമിനേറ്റ് ചെയ്യപ്പെടുന്നത്. 1911 ഡിസംബർ അഞ്ചിന്റെ തിരുവിതാംകൊട്ട് (കോട്) സർക്കാർ ഗസറ്റ് എന്റെ പക്കലുണ്ട്. എന്നിൽനിന്നാണ് പിൽക്കാലത്ത് കേരളമൊട്ടാകെ എത്തിയതും. ആഗസ്റ്റിൽ മഹാത്മ രാജ രാജശ്രീ അയ്യൻകാളി അവർകളെ സാധുജന പരിപാലന സംഘം (പുലയാസ്) എന്ന് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഗസറ്റിൽ 1673ാം പേജിൽ ഒമ്പതാം പേരുകാരനായി പ്രസിദ്ധീകരിച്ചു. മൊത്തം 16 പേരാണ് ഗസറ്റിൽ ഉള്ളത്. ഒന്നാം പേരുകാരൻ മഹാത്മാ അജരാജ ശ്രീ കെ.വി. നാരായണ പിള്ളയായിരുന്നു. ഉത്തരവ് ലഭിച്ചയുടൻ അയ്യൻകാളിയെ ആദ്യം വിവരം അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തത് തഹസിൽദാർ പ്രാങ്കുളം പത്മനാഭ പിള്ളയാണ്. പിന്നീട് പിള്ളയും അയ്യൻകാളിയും ഒരുമിച്ച് ദിവാൻ പി. രാജഗോപാലാചാരിക്ക് നന്ദി രേഖപ്പെടുത്തുവാൻ വീട്ടിലെത്തി. ദിവാൻ പി. രാജഗോപാലാചാരി അയ്യൻകാളിയെ ഹസ്തദാനം ചെയ്താണ് സ്വീകരിച്ചത്. അന്നൊന്നും അഞ്ചുമാസം മുമ്പ് നടന്ന പട്ടികജാതി വിദ്യാർഥി തമ്പിരാൻ ബി.എ പഠിച്ച കാര്യമൊന്നും ദിവാൻ അയ്യൻകാളിയോടും മറ്റും പറഞ്ഞില്ല? അപ്പോൾ തമ്പിരാൻ എന്ന ദലിത് വിദ്യാർഥിയുടെ ചരിത്രമായ ബി.എ പഠനം രഹസ്യമാക്കിവെക്കാനാണ് ദിവാൻ രാജഗോപാലാചാരിയും ശ്രമിച്ചതെന്ന് വ്യക്തം. വള്ളുവനായ തമ്പിരാൻ എന്ന ദലിത് വിദ്യാർഥിയുടെ ബി.എ പഠനം രഹസ്യമായിരുന്നുവെന്ന കാര്യം മനസ്സിലാക്കാം. അതുകൊണ്ടാകണം ഊരൂട്ടമ്പലത്തും പുല്ലാട്ടുമൊക്കെ അയിത്ത ജാതിയിലുള്ള കുട്ടികളെ വിദ്യാലയാധികൃതർ തല്ലി ഓടിച്ചിരുന്നപ്പോഴും ബി.എക്കാരനായ തമ്പിരാൻ എന്ന അയിത്തജാതി വിദ്യാർഥിക്ക് അനർഥവും സംഭവിക്കാതിരുന്നത്.
അല്ലെങ്കിൽ തമ്പിരാൻ എന്ന വള്ളുവ വിഭാഗത്തിൽപെട്ട വിദ്യാർഥി ആ കാലത്ത് ദലിതായിരിക്കില്ല. 1950ൽ ഡോ. ബി.ആർ. അംേബദ്കർ ഭരണഘടന നിർമിക്കുന്ന കാലത്തോളം വള്ളുവർ ദലിത് വിഭാഗത്തിന് പുറത്തായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ തിരുവിതാംകൂർ യൂനിവേഴ്സിറ്റി കോളജിൽ ബി.എക്ക് പഠിച്ചിട്ടും ആരും അറിയാതെപോയത്.
വള്ളുവർ യഥാർഥത്തിൽ പറയരിൽപെട്ട ഒരു വിഭാഗം മാത്രമല്ല, അവരുടെ പുരോഹിതരുംകൂടി ആകുന്നു. എന്നാൽ, തിരുവിതാംകൂറിൽ ഇവർ നാമമാത്രമാണ്. ഇവരൊക്കെ ഇപ്പോൾ ഉയർന്ന ജാതിക്കാരായിട്ടാണ് നടിക്കുന്നത്. 1901ലെ സെൻസസ് റിപ്പോർട്ടിൽപോലും പറയരിൽതന്നെ വിദ്യാഭ്യാസം സിദ്ധിച്ചവർ ഉണ്ടായിരുന്നു. അതേസമയം പുലയർക്ക് അക്ഷരാഭ്യാസം സിദ്ധിച്ചിരുന്നില്ല. അതുകൊണ്ടാണ് 1937ൽ ഗാന്ധിജി പങ്കെടുത്ത വെങ്ങന്നൂർ യോഗത്തിൽ പത്ത് ബി.എക്കാരെ കണ്ടിട്ട് മരിക്കണമെന്ന് ആവശ്യപ്പെടാൻ കാരണം. എന്തായാലും പുലയരിൽ ആരുംതന്നെ അയ്യൻകാളിയുടെ മരണംവരെ ബി.എക്കാരായിരുന്നില്ല. രേഖാചരിത്രകാരന്മാർ ഇനിയെങ്കിലും അത് ഓർത്താൽ നല്ലത്.
ജനാധിപത്യത്തിന്റെ വിജയം
ആഴ്ചപ്പതിപ്പ് മീഡിയ സ്പെഷൽ ലക്കം വായിച്ചു (ലക്കം: 1312). മീഡിയവൺ ചാനൽ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിലൂടെ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും ഒരിക്കൽകൂടി ജനമനസ്സിൽ തിളങ്ങി. ഒപ്പം കോടതിയിലുള്ള വിശ്വാസ്യത വർധിക്കുകയും ചെയ്തു. ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന മോദിയുടെ നയം ബി.ജെ.പിയുടെ ശവക്കല്ലറ തീർക്കുമെന്നത് ഉറപ്പാണ്. ഭരണകൂടം മനുഷ്യപക്ഷ വീക്ഷണം ഉള്ളവരായിരിക്കണം. ഭരിക്കുന്നവർ ഏകാധിപതികളായി അധഃപതിക്കുന്ന സാഹചര്യത്തിലാണ്, മീഡിയവൺപോലുള്ള ചാനലുകൾ പൗരന്റെ മൗലികാവകാശത്തിനുവേണ്ടി പോരാട്ടം തുടരേണ്ടിവരുന്നത്.
രാഷ്ട്രീയമായ എതിർപ്പ് ഒഴിവാക്കുന്നതിനും പിന്തുണ തേടുന്നതിനും സർക്കാർ സംവിധാനങ്ങൾ ഇത്രയധികം വ്യാപകമായി ദുരുപയോഗിക്കപ്പെട്ട കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ല. കേന്ദ്ര ഏജൻസികൾ കുറ്റപത്രം ചാർത്താത്ത, അന്വേഷണം നടത്താത്ത, ഭീഷണിപ്പെടുത്താത്ത ബി.ജെ.പി ഇതര സർക്കാറുകൾ രാജ്യത്തില്ല. എന്നാൽ, ജനാധിപത്യം ഉറപ്പുനൽകുന്ന അവകാശം വിനിയോഗിക്കുന്നതിൽനിന്നും ചാനലിനെ -മാധ്യമങ്ങളെ- തടയാനാകില്ല എന്ന സത്യമാണ് മീഡിയവൺ ചാനലിന്റെ പോരാട്ടവും സുപ്രീംകോടതിയുടെ അനുകൂല വിധിയും സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ പൊരുതി വിജയിച്ച മീഡിയവണിന്റെ പ്രവർത്തകർക്ക് ആത്മാഭിമാനത്തിന്റെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു.
ഫാ. ഡാർലി മുളന്തുരുത്തി
പാകിസ്താനിലേക്കുള്ള തീവണ്ടി
അടുത്തകാലത്ത് വായിച്ച കഥകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ആഴ്ചപ്പതിപ്പ് (ലക്കം: 1309) പ്രസിദ്ധീകരിച്ച സലീം കുരിക്കളകത്തിന്റെ ‘പാകിസ്താനിലേക്കുള്ള തീവണ്ടി’. ഒരു കഥ ഉജ്ജ്വലമാകുന്നത് അതിന്റെ ക്രാഫ്റ്റും (രചന) അനാട്ടമി (ആന്തരഘടന)യും മികവാർന്ന് വരുമ്പോഴാണ്. ഒപ്പം അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം അത്യന്തം സമകാലികമാവുക എന്നതും പ്രധാനമാണ്. അങ്ങനെ രചനാതന്ത്രത്തിലും മുന്നോട്ടുവെക്കുന്ന സൂക്ഷ്മ രാഷ്ട്രീയത്തിലും സലീമിന്റെ കഥ വളരെ മിഴിവാർന്നുനിൽക്കുന്നു. മുസാഫർ അലിയാണ് കഥയിലെ തുരട്. അയാളുടെ സംഘർഷങ്ങളും വിഹ്വലതകളും വിഭ്രാന്തികളുമാണ് കഥയുടെ കാമ്പ്. അലി അവിശ്വാസിയാണ്. തന്റെ സ്വാഭാവികമായുള്ള സ്വത്വബോധത്തെ അയാൾ ഒട്ടുമേ ഏറ്റെടുക്കുന്നില്ല. എന്നിട്ടും ഒരു കെട്ട് കടലാസവുമായാണയാൾ കഴിഞ്ഞുകൂടുന്നത്. ആ കടലാസുകളൊക്കെയും അയാൾ സമാഹരിച്ചത് ഒരുപാട് ഓഫിസുകളിൽ കയറിയിറങ്ങിയാണ്. ഇതിന്റെയൊക്കെ നിരവധി പകർപ്പുകൾ മുസാഫർ അലി എടുത്തു സൂക്ഷിക്കുന്നുണ്ട്. അതീ ദേശത്തുള്ള അദ്ദേഹത്തിന്റെ വേരുപടലങ്ങളുടെ സൂക്ഷ്മരേഖകളാണ്. ഏത് നേരത്തായിരിക്കും ഈ അവിശ്വാസിയായ താൻ ദേശത്തുനിന്ന് തിരസ്കരിക്കപ്പെടുക എന്ന ആധി അയാളുടെ ഒഴിയാബാധയാണ്. ഖുശ്വന്ത് സിങ്ങിന്റെ ‘ട്രെയിൻ ടു പാകിസ്താൻ’ എന്ന നോവൽ മുസാഫർ അലി പലവട്ടം എടുത്തു വായിക്കുന്നുണ്ട്. മുസാഫർ അലി ഈ കഥയിൽ ഒരു പ്രതീകം മാത്രമാണ്. ഇങ്ങനെയൊരു പ്രതീക നിർമിതിയിലൂടെ കഥാകാരൻ സൃഷ്ടിക്കുന്നത് വളരെ സാമാന്യമായ വർത്തമാന രാഷ്ടീയ പരിസരത്തെയാണ്. ഇത് പ്രധാനവുമാണ്. സാദത്ത് ഹസൻ മന്റോയുടെ വിഭജനകാല കഥകളോട് കിടനിൽക്കുന്നതാണ് കുരിക്കളകത്തിന്റെ ഈ കഥ. മന്റോയുടെ കഥകൾക്ക് മലയാളത്തിൽ പ്രഫ. എ.പി. സുബൈറിന്റെയും എ.പി. കുഞ്ഞാമുവിന്റെയും പരിഭാഷകളുണ്ട്.
കഥയിൽ പാരിസ്ഥിതികമായ ഒരു സൂക്ഷ്മവായനയും സാധ്യമാണ്. തന്റെ ദേഹത്ത് പക്ഷിക്കാഷ്ഠം വന്നു വീണതിന് പരിഹാരം പറയുന്ന ഒരു മധ്യവർഗ സുന്ദരി കഥയിലുണ്ട്. ‘‘ഈ മരങ്ങളൊക്കെയും മുറിച്ചുമാറ്റാത്തത് എന്തുകൊണ്ടാണ് ’’ എന്ന ലളിതയുക്തിയാണ് അവർ മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഈ പ്രസ്താവനയെ അത്യന്തം രാഷ്ട്രീയപരമായ ഒരു സമസ്യയിലേക്കാണ് എഴുത്തുകാരൻ എടുത്തു നിർത്തുന്നത്. ഏതോ വിദൂരദേശത്തുനിന്ന് നിർവിഘ്നം പാറിവരുന്ന കിളികൾക്ക് കയറിപ്പാർക്കാൻ ശതശാഖികൾ വിടർത്തി നൽകുന്ന മരങ്ങൾ എത്ര കുലീനർ. തലമുറകളായി ദേശത്ത് ജനിച്ചുവളർന്ന ഒരു കൂട്ടം മനുഷ്യർ നിഷ്കരുണം ബഹിഷ്കൃതരായേക്കുന്ന ഒരു രാഷ്ടീയം സമാന്തരമായി കഥയിൽ സംഭവിക്കുന്നു. ഈ സമീകരണം കഥയെ അത്യന്തം സാന്ദ്രമധുരമാക്കുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയിൽ മനംനൊന്ത് നടരാജ ശർമ പണിത സ്നേഹശിൽപത്തെ മുൻനിർത്തിയുള്ള തത്ത്വശാസ്ത്ര വിശകലനം കഥയുടെ പരഭാഗശോഭയെ മിനുക്കമുള്ളതാക്കുന്നു.
രതിയുടെ സാധ്യതകളെ എഴുത്തുകാരൻ കഥയിൽ ധീരമായി പരീക്ഷിക്കുന്നു എന്നത് ഏറെ കൗതുകം തന്നെയാണ്. വിഹിതവിധമായ രതി ഒരു വിമലീകരണ പ്രക്രിയയാണെന്ന് കഥയിൽ വായിക്കാം. അതൊരു ശമനമാർഗംകൂടിയാണ്. രതിലോകത്തെ അത്യന്തം സർഗാത്മകമായി മലയാളത്തിൽ ആലോചിച്ചത് ഒ.വി. വിജയനാണ്. അത് സമ്പൂർണ മനുഷ്യന്റെ സ്വാഭാവികമായ ഒരു സിദ്ധിയാണ്. അങ്ങനെ രതിയും പരിസ്ഥിതിയും മധ്യവർഗ പൊങ്ങച്ചവും ഒരു പ്രത്യേക സ്വത്വബോധം ആവാഹിക്കുന്ന മനുഷ്യർ നേരിടുന്ന വിഭ്രാന്തിയും സമം ചേർത്ത് മഴവില്ല് പോലെ ചന്തം ചാർത്തുന്ന കഥ വായനക്കാരെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും. വായനയും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഈയൊരു രാഷ്ട്രീയമേറ്റെടുക്കുന്നവർക്ക് ഇക്കഥ അനുഭൂതി പകരും.
കുഞ്ഞാലി പി.ടി
ഒരു ഗാനം വിട്ടുപോയി
ആഴ്ചപ്പതിപ്പിലെ സ്റ്റാര്‍ പംക്തികളാണ് ശ്രീകുമാരന്‍ തമ്പിയുടെ സംഗീതയാത്രകളും യാസീന്‍ അശ്റഫിന്റെ മീഡിയാസ്കാനും. പലപ്പോഴും ഈ പംക്തികള്‍ മുടങ്ങാറുണ്ട്. സംഗീതയാത്രകള്‍ അമ്പത്തിരണ്ടാം അധ്യായത്തിൽ (ലക്കം: 1310) 1969ല്‍ പുറത്തിറങ്ങിയ ‘കണ്ണൂര്‍ ഡീലക്സി’ലെ ഗാനങ്ങളെ വിലയിരുത്തിയപ്പോള്‍ ആചിത്രത്തിലെ അദ്ദേഹത്തിന്റെതന്നെ ഒരു ഗാനം അവഗണിച്ചത് മറവിയാലോ അതോ മനപ്പൂർവമോ..! അറുപതുകളിലെയും എഴുപതുകളിലെയും ൈക്ലമാക്സ്ശൈലിയിലെ ചിത്രത്തിലെ അവസാന രംഗത്തിലെ ഒരു ഖവ്വാലി. സംഗീതം ദക്ഷിണാമൂര്‍ത്തി.
എന്നാല്‍, ഈ ഗാനത്തിന്റെ സൃഷ്ടിയില്‍ ദക്ഷിണാമൂര്‍ത്തിക്ക് പ്രത്യേകിച്ച് ഒരു റോളുമില്ല. കാരണം 1960ലെ ‘ബര്‍സാത് കി രാത്’ലെ റോഷന് ട്യൂൺ ചെയ്ത് മന്നാഡേയും ആശാഭോസ് ലെയും സുധാ മല്‍ഹോത്രയും സംഘവും പാടിയ ‘‘നാ തൊ കാര്‍വാ കി തലാശ് മേ...’’ എന്ന ഹിറ്റ് ഖവ്വാലിയുടെ ട്യൂണിന് അനുസരിച്ച് തമ്പി എഴുതിയതാണ്. കാരണം, ഈ ഗാനം ചിത്രത്തിന്റെ സൗണ്ട് ട്രാക്കില്‍ മാത്രമേയുള്ളൂ, ഗ്രാമഫോണ്‍ റെക്കോഡിലോ ആകാശവാണിയിലോ എസ്.എൽ.ബി.സിയിലോ പ്രക്ഷേപണംചെയ്തു കേട്ടിട്ടുമില്ല. അതേസമയം ഇതേ രാഗത്തില്‍ കറുത്ത കൈയില്‍ ബാബുരാജ് ഒരു ഖവ്വാലി ഒരുക്കിയിട്ടുണ്ട്, ‘‘പഞ്ചവർണ തത്തപോലെ കൊഞ്ചിവന്ന പെണ്ണേ’’ എന്ന ഗാനം.
അദ്ദേഹത്തെയും സംഗീതപ്രിയരായ വായനക്കാരെയും ഓർമിപ്പിക്കാൻ വേണ്ടി മാത്രം എഴുതിയതാണ്.
കരീംലാല കൈപ്പമംഗലം
‘മദ്റസ സർവേയുടെ രാഷ്ട്രീയം’
ആഴ്ചപ്പതിപ്പ് (ലക്കം: 1311) വായിച്ചു. ഉള്ളടക്കം തിരഞ്ഞെടുത്തതിൽ ഉണ്ടായിട്ടുള്ള ജാഗ്രതയും സർഗാത്മകതയും അഭിനന്ദനമർഹിക്കുന്നു. പി.എ. പ്രേംബാബു എഴുതിയ ‘മദ്റസ സർവേയുടെ രാഷ്ട്രീയം’ എന്ന ലേഖനം കാലികപ്രസക്തവും അതീവ ഗൗരവത്തോടെ സമീപിക്കേണ്ടതുമായ ഒന്നാണ്. ഹിന്ദുത്വത്തിലൂന്നിയ തീവ്രദേശീയത എത്രമാത്രം ആപൽക്കരമാണെന്നും അപരവിദ്വേഷം വളർത്തുന്നതിൽ ഫാഷിസം എത്രമാത്രം വിജയിച്ചിരിക്കുന്നു എന്നും ലേഖനം വെളിച്ചപ്പെടുത്തുന്നു. മദ്റസകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ച് അവ തീവ്രവാദികളെ സൃഷ്ടിക്കുന്നതിനുള്ള സ്ഥാപനങ്ങളാണെന്ന രീതിയിൽ വിദ്വേഷം പടർത്തുകയാണ്.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് മതപാഠശാലകൾ നിലനിൽക്കുമ്പോൾതന്നെയാണ് രാജാറാം മോഹൻ റോയിയെപ്പോലുള്ള മഹാന്മാർ മദ്റസയിൽ പഠിച്ചുവളർന്നത്. മദ്റസകളെ ദേശവിരുദ്ധ സ്ഥാപനങ്ങളായി ചാപ്പ കുത്താനുള്ള ഭരണകൂടത്തിന്റെ നീക്കം എന്നത് ലേഖനം സമഗ്രതയോടെ വിസ്തരിക്കുന്നു. വിശകലനങ്ങളിലെ സുതാര്യതയും ഭാഷാപരമായ സംശുദ്ധതയും പ്രശ്നത്തിന്റെ ഗൗരവം ചോർന്നുപോകാതെ വായനക്കാരന് നൽകുന്നു. മികവുറ്റ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.
കെ.എൻ. സുജാത, കലഞ്ഞൂർ
പ്രാധാന്യമുള്ള ലേഖനം
മദ്റസകളെ കുറിച്ച് പലർക്കും അറിയാത്ത വിദ്യാഭ്യാസപരമായ പ്രതിരോധ ചരിത്രം വളരെ സൂക്ഷ്മമായി അപഗ്രഥിച്ച് രേഖപ്പെടുത്തുന്ന പി.എ. പ്രേംബാബുവിന്റെ ലേഖനം ‘മദ്റസ സർവേയുടെ രാഷ്ട്രീയം’ (ലക്കം: 1311) ഈ വർഗീയവിദ്വേഷത്തിന്റെ കാലത്ത് ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
ജനാധികാരം നിലംപൊത്തുകയും രാജ്യത്തിനകത്ത് കൃത്രിമ ആഭ്യന്തരശത്രുക്കളെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന ഫാഷിസത്തിന്റെ പ്രയോഗ പദ്ധതികളിൽ ഒന്നാണ് പ്രതിരോധ ചരിത്രത്തിൽ വേരുകളുള്ള മദ്റസകളെ ഇല്ലാതാക്കുക എന്നതെന്ന് ആധികാരികമായി ബോധ്യപ്പെടുത്താൻ ഈ ലേഖനത്തിന് കഴിയുന്നു.
ചരിത്രത്തെ അതേപടി പകർത്തി എഴുതാതെ, ചരിത്രത്തോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം തേടുന്ന പി.എ. പ്രേംബാബുവിന്റെ വിവരണ ശൈലി വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിൽ അന്തര്‍ലീനമായ വൈരുധ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ പര്യാപ്തമാകുന്നുണ്ട്. ചരിത്രത്തെക്കുറിച്ച് സംസാരിക്കാൻ എല്ലാവർക്കും തുല്യ അധികാരം ഉണ്ട്. ഭരണകൂടംതന്നെ ചരിത്രത്തെ കീറിയെറിയുന്ന കാലത്ത് ഇത്തരം ലേഖനങ്ങൾ ജനാധിപത്യ-മതേതര സമൂഹത്തിനുള്ള പ്രതീക്ഷയാണ്.
അനു, കണ്ണൻകുളങ്ങര
ഓർമകളെ തിരികെ വിളിപ്പിച്ച കഥ
എന്റെ നാട്ടിൽ കന്നുപൂട്ടി നടന്ന ചാമി എന്നൊരു മനുഷ്യൻ ഉണ്ടായിരുന്നു. ഓർമകൾ റിവേഴ്സ് ഗിയർ ഇടുമ്പഴാ ചാമി പെട്ടെന്നിങ്ങനെ കേറിവന്നത്. ചാമിക്ക് ഗൾഫിൽ പോകണമെന്നതാണ് ജീവിതവ്രതം തന്നെ. മധ്യവർഗത്തിനു പോലും സ്വപ്നം കാണാൻ പറ്റാതിരുന്ന ഒരുകാലത്ത് അവർണ വിഭാഗത്തിൽപെട്ട ഒരാൾ ഗൾഫിൽ പോകാൻ ആഗ്രഹിച്ചത് എല്ലാവരിലും കൗതുകമുണ്ടാക്കി. ചാമിയുടെ ആഗ്രഹം ‘ഒരിക്കലും നടക്കാത്ത സ്വപ്നം’ മാത്രം ആയി തീർന്നു പോവുകയും നാട്ടുകാരുടെ പരിഹാസം സഹിക്കാൻ വയ്യാതെ ചാമി നാട് വിടുകയും ചെയ്തു.
ആഴ്ചപ്പതിപ്പിൽ വന്ന (ലക്കം: 1311) ഷബ്ന മറിയത്തിന്റെ ‘പൂട്ട്’ എന്ന കഥ വായിച്ചു. വായിച്ചു തീർന്നപ്പോഴാണ് ഈ ദിവാകരനെ ഞാൻ മുമ്പെപ്പോഴോ കണ്ടിട്ടുണ്ടല്ലോ എന്നോർത്തത്. എന്റെ ഓർമകളിലെ ചാമിയണ്ണൻ തന്നെ. ദിവാകരനും ചാമിയെ പോലെ തന്നെ മറ്റു തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിൽ ദിവാകരനും പ്രവാസിയാകുന്നു.
കേരളത്തിൽനിന്നും കൂടിപ്പോയാൽ തമിഴ്നാട് വരെ എത്തുന്ന ഒരുകാലത്തെ അസംഖ്യം തൊഴിൽ രഹിതരിൽ ഒരാളിലൂടെ കഥ പറയുന്ന ഷബ്നയുടെ വിവരണം മികച്ചതാണ്.
ഒരു ദേശം മുഴുവനായും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിൽപോലും കഥയിലുടനീളം മെറ്റഫറുകളായി ദേശമുണ്ട്. മനുഷ്യരുണ്ട്. അവരുടെ നെടുവീർപ്പുകളുണ്ട്, അമ്പരപ്പിക്കുന്ന പരിണാമങ്ങൾ ഉണ്ട്. ഒരു പുരുഷ കഥാപാത്രത്തിന്റെ നിർമിതി സ്ത്രീകൾ എഴുതുമ്പോൾ ചില ലൂപ് പരിപാടികൾ അതിൽ മുഴച്ചുനിൽക്കാറുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
പക്ഷേ, ഷബ്നയുടെ എഴുത്ത് അതിൽ കൃത്യമായി നീതിപുലർത്തിയിട്ടുണ്ട്. പുതു എഴുത്തുകാരിൽ ഷബ്ന തന്റെ ഇടം കണ്ടെത്തുമെന്നതിൽ ഒരു സംശയവും വേണ്ട.
മിത്ര നീലിമ, ഫേസ്ബുക്ക്