Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ഏക സിവിൽ കോഡ് ബഹുസ്വരതയെ ബാധിക്കില്ലഏക സിവിൽ കോഡുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1329ന്റെ സവിശേഷത. നിയമപരിജ്ഞാനമില്ലാത്ത ഒരു വായനക്കാരനായ ഞാൻ, എല്ലാവരുടെയും എഴുത്ത് ശ്രദ്ധയോടെയാണ് വായിച്ചത്. ഏക സിവിൽ കോഡ് നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭരണഘടനയുടെ അനുച്ഛേദം 44 പ്രകാരം ഏകീകൃത സിവിൽ നിയമസംഹിത രൂപവത്കരിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയും കടമയുമാണ്.ഏക സിവിൽ കോഡ് ബഹുസ്വരതയെ ബാധിക്കുന്ന വിഷയമേയല്ല. തുല്യതയുടെ പേരിൽ ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ ന്യൂനപക്ഷത്തിനുമേൽ അടിച്ചേൽപിക്കും എന്ന ഭയം അസ്ഥാനത്താണ്. ഏക സിവിൽ കോഡിന്റെ കരടുപോലും...

Your Subscription Supports Independent Journalism

View Plans

ഏക സിവിൽ കോഡ് ബഹുസ്വരതയെ ബാധിക്കില്ല

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1329ന്റെ സവിശേഷത. നിയമപരിജ്ഞാനമില്ലാത്ത ഒരു വായനക്കാരനായ ഞാൻ, എല്ലാവരുടെയും എഴുത്ത് ശ്രദ്ധയോടെയാണ് വായിച്ചത്. ഏക സിവിൽ കോഡ് നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭരണഘടനയുടെ അനുച്ഛേദം 44 പ്രകാരം ഏകീകൃത സിവിൽ നിയമസംഹിത രൂപവത്കരിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയും കടമയുമാണ്.

ഏക സിവിൽ കോഡ് ബഹുസ്വരതയെ ബാധിക്കുന്ന വിഷയമേയല്ല. തുല്യതയുടെ പേരിൽ ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ ന്യൂനപക്ഷത്തിനുമേൽ അടിച്ചേൽപിക്കും എന്ന ഭയം അസ്ഥാനത്താണ്. ഏക സിവിൽ കോഡിന്റെ കരടുപോലും പുറത്തുവരുന്നതിനുമുമ്പ് ലേഖകർ സംശയം ഉയർത്തുന്നതുതന്നെ ദുഷ്ടലാക്കോടെയാണ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ മലമ്പ്രദേശത്ത് വാഴവെക്കാനോ കോഴിയോ വളർത്താനോ പറ്റില്ല എന്ന പ്രചാരണങ്ങൾപോലെ അസ്ഥാനത്താണ് ഏക സിവിൽകോഡിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങൾ. ഏക സിവിൽ കോഡ് നടപ്പാക്കുന്നപക്ഷം വിവാഹബന്ധം ഏകപക്ഷീയമായി റദ്ദാക്കാനോ ഭാര്യക്കും പെൺമക്കൾക്കും തുല്യ അവകാശം നൽകാതിരിക്കാനോ കഴിയില്ല. ഇതിനെ ചുറ്റിപ്പറ്റിയാണ് യാഥാസ്ഥിതികർ യഥാർഥത്തിൽ എതിർക്കുന്നത്. ബഹുസ്വരതയും വൈവിധ്യവുമൊക്കെ തൽപരകക്ഷികൾ സന്ദർഭോചിതമായി ദുരുപയോഗിക്കുന്നു എന്നതാണ് വാസ്തവം.

ഭരണകൂടത്തിന് ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ പൊതു സിവിൽ കോഡ് ആവിഷ്കരിക്കാനും നടപ്പാക്കാനും സാധിക്കുമായിരുന്നു. രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടതുപോലെ, ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിയമങ്ങൾ ആധാരമാക്കിയല്ല, വ്യക്തിയുടെ അന്തസ്സ്, ലിംഗതുല്യത എന്നീ മതേതര തത്ത്വങ്ങൾ ആധാരമാക്കി വേണം ഏകീകൃത കുടുംബനിയമം രൂപപ്പെടുത്താൻ. നീതിയുടെ തുല്യവത്കരണമാകണം മോദി നടപ്പാക്കുന്ന സിവിൽ കോഡിന്റെ പരമലക്ഷ്യം.

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി

താഹിർ മഹ്മൂദിന്റെ അഭിപ്രായങ്ങ ശ്രദ്ധേയം

മാധ്യമം ആഴ്ചപ്പതി​പ്പിന്റെ ഏക സിവിൽ കോഡ് പ്രത്യേക ലക്കത്തിൽ പ്രഫ. താഹിർ മഹ്മൂദ് പങ്കുവെച്ച ചിന്തകൾ പ്രസക്തിയുള്ളതാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‍ലിംകൾ അമിതാവേശം കാണിക്കുന്നത് നിർത്തണമെന്ന അദ്ദേഹത്തിന്റെ വാദത്തോട് യോജിക്കുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ എല്ലാ വിഭാഗങ്ങളിൽനിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന് കേന്ദ്രത്തിനറിയാം. എങ്കിലും, അവർ മുസ്‍ലിംകൾ തെരുവിലേക്ക് ഇറങ്ങുന്നത് കാത്തിരിക്കുകയാണ്. അവർക്കത് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള നിക്ഷേപമാണ്. മാത്രമല്ല, മുസ്‍ലിംകളുടെ പ്രതിഷേധം ഉയർത്തിക്കാട്ടി ഇവർ അനർഹമാ​യ എന്തോ അനുഭവിക്കുന്നു എന്ന തോന്നലുണ്ടാക്കാനും സാധിക്കും. അതുകൊണ്ടുതന്നെ മുസ്‍ലിം സംഘടനകൾ ഈ വിഷയത്തിൽ വിവേകത്തോടെ ചിന്തിക്കണം. ചില മതേതര പാർട്ടികളടക്കം ഈ വിഷയത്തിൽ മുസ്‍ലിം സെന്റിമെന്റ്സിനെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതും തിരിച്ചറിയാനാകണം. ഇസ്‍ലാമിന്റെ പേരിൽ ഒട്ടും ഇസ്‍ലാമികമല്ലാത്ത ചില നിയമങ്ങൾ വ്യക്തിനിയമങ്ങളിലുണ്ട്. അതിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടത്തുകതന്നെ വേണം. പക്ഷേ, അത് ബി.ജെ.പിയെ ഏൽപിക്കുന്നത് ആത്മഹത്യാപരമാണ്.

മുഹമ്മദ്, തിരൂർ

മതേതര വിശ്വാസികൾ പ്രതികരിക്കണം

‘ഏക സിവിൽ കോഡ് ആർക്കു വേണ്ടി?’ എന്ന തലക്കെട്ടിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന വിവിധ ലേഖനങ്ങൾ വായിച്ചു (ലക്കം: 1329). ഇവയിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞ വസ്തുത ഇത് വെറും പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണെന്നാണ്. സംഘ് പരിവാർ അജണ്ട നടപ്പാക്കി ഒച്ചവെച്ച് ബി.ജെ.പിക്ക് വീണ്ടും അധികാരത്തിൽ കയറാനുള്ള മാർഗം എന്നതിനപ്പുറം ഇത് ഒന്നുമല്ല. ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് മതേതര വിശ്വാസികളുടെ ബാധ്യതയാണ്.

നേമം താജുദ്ദീൻ

വർഗീയ അജണ്ടകൾക്കെതിരെ ഒത്തൊരുമിക്കുക

അംബേദ്കറുടെ പേരിൽ കീഴാള സമുദായങ്ങളെ ഹിന്ദുരാജിന് കീഴിലാക്കാൻ നോക്കണ്ട എന്ന ശീർഷകത്തിൽ കെ. സന്തോഷ് കുമാര്‍ എഴുതിയ ലേഖനം (ലക്കം: 1330) ഏക സിവിൽ കോഡ് മുൻനിർത്തിയുള്ള ഹിന്ദുത്വ അജണ്ടയെ പൊളിച്ചെഴുതിയ ഒന്നായി അനുഭവപ്പെട്ടു. ഒരേ മാലയിൽ കോർത്തെടുക്കപ്പെട്ട വ്യത്യസ്ത തരം മുത്തുകൾപോലെ, ഒരേ കവിതയിലെ വരികളെ അനുസ്മരിപ്പിക്കുമാറ്, ഒരേ കടലിലെ മത്സ്യങ്ങൾപോലെ, ബഹുസ്വരതയിൽ വിരിഞ്ഞുനിൽക്കുന്ന ഇന്ത്യയെന്ന ഏകത്വത്തിന്റെ സൗന്ദര്യം പാടെ തച്ചുടച്ചുകൊണ്ട് ഒരൊറ്റ സംസ്കാരത്തിന്റെ കീഴിൽ തളച്ചിടാനുള്ള ഗൂഢപദ്ധതിയെ കേവലം ഒരു മുസ്‍ലിംപ്രശ്നമായി ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ മതേതര പാർട്ടികൾപോലും ചൂട്ടുപിടിച്ച് കൊടുക്കുന്നു എന്നതാണ് വർത്തമാനകാല ദുരവസ്‌ഥ.

രൂപത്തിലും ഭാവത്തിലും ഭക്ഷണത്തിലും ആരാധനയിലും അടക്കമുള്ള ജീവിതത്തിലെ സകല മേഖലകളിലും വ്യത്യസ്തത പുലർത്തുന്ന ഒരു വലിയ സമൂഹത്തെ ഒറ്റ നിയമത്തിൽ തളച്ചിടുക എന്നത് തീർത്തും അപ്രാ​േയാഗികമായ ഒന്നാണ്. അത് അറിഞ്ഞുകൊണ്ടുതന്നെ ഒരു വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു മാത്രം നടത്തുന്ന ഇത്തരം ഗിമ്മിക്കുകൾ ഒന്നിച്ചു നിന്ന് ചെറുത്തു തോൽപിക്കുക എന്നത് രാജ്യസ്നേഹികളായ ഓരോ ഭാരതീയന്റെയും കടമയാണ്.

ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ

ഒട്ടും ബോറടിപ്പിക്കാത്ത കഥ

ഖസാക്കിൽ ഒ.വി. വിജയൻ ഷെയ്ഖ് തങ്ങൾ സഞ്ചരിക്കുന്ന ചടച്ചു കിഴവനായ ഒരു പാണ്ടൻ കുതിരയെക്കുറിച്ച് പറയുന്നുണ്ട്. ‘‘അന്ത കുതിരയ്ക്കി ആര് തൊണ?’’ എന്ന നോവലിലെ ചോദ്യം സാഹിത്യത്തിലും പ്രസക്തമാണ്. കേടറ്റ ആയിരമായിരം കുതിരകളുടെ പിന്നാലെ ഓടുന്ന കുറേ പാവം കുതിരകളുണ്ട്. അങ്ങനെ ഓടുന്നവർക്കറിയാവുന്നത്ര വിജയങ്ങളുടെ തിളക്കം മറ്റുള്ളവർക്ക് അറിയണമെന്നില്ല. അവരുടെ പ്രതീക്ഷകളുടെ കനൽച്ചൂട്, പരിലാളനകൾ ഏറ്റ് പായുന്ന മുൻനിരക്കാർക്ക് അറിയണമെന്നില്ല.

എന്നെങ്കിലും ഒന്നാമനാകണമെന്ന സ്വപ്നത്തേക്കാൾ, ഈ സാഹിത്യഭൂമികയിലെ താഴ് വാരങ്ങളിലും മരുഭൂമിയിലൂടെയുമെല്ലാം തളരാതെ ഓടിക്കൊണ്ടേയിരിക്കണം എന്ന അദമ്യമായ ആഗ്രഹത്തോടെ കഥകൾ എഴുതുന്ന കഥാകാരന്മാരിൽ ഒരാളാണ് പ്രിയപ്പെട്ട ജ്യോതിബസു കീഴാറൂർ.

കഥ വന്നാലുടൻ ആഘോഷിക്കുവാനോ വാഴ്ത്തുപാട്ടുകൾ പാടാനോ ഒന്നും ഇവർക്കൊന്നും അധികം ആരുമില്ല. അത്തരം ചടച്ച കുതിരകളുടെ ഓട്ടം എഴുതിത്തുടങ്ങിയ നാൾ മുതൽ ഈ നിശ്വാസംവരെ നന്നായി അറിയാവുന്ന ഒരാൾ എന്ന നിലയിൽ ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് ഞാൻ ജ്യോതിബസുവിന്റെ ‘ഒരു കൊലപാതക സിനിമയുടെ തിരക്കഥ’ എന്ന കഥ മാധ്യമം ആഴ്ചപ്പതിപ്പിൽ വായിച്ചത് (ലക്കം: 1329). ഒട്ടും ബോറടിച്ചില്ല.

പാരായണക്ഷമതയുള്ള, ഒതുക്കമുള്ള, വലിയ ഡെക്കറേഷനൊന്നും ഇല്ലാത്ത ഒരു നല്ല കഥ. രസമുള്ള കുറച്ചധികം പ്രയോഗങ്ങളുമുണ്ട്.

ഇത്രയും കുറിച്ചത് ജ്യോതിബസുവിനെ രണ്ട് പതിറ്റാണ്ടിനോടടുത്ത് തിരുവനന്തപുരത്തെ നിരവധി വേദികളിൽ ഞാൻ കാണുന്ന ഒരു കഥാകൃത്ത് കൂടിയായതുകൊണ്ടാണ്. വേണമെങ്കിൽ കൊടുക്കാം, അതിനേക്കാൾ എളുപ്പം ഒഴിവാക്കാം – എന്നൊരു ചോയ്സ് മുന്നിലുള്ളപ്പോൾ ഒഴിവാക്കാതിരിക്കുന്നതിൽ ഒരു വലിയ നീതിയുണ്ട്. അത്തരമൊരു നീതി, കിതച്ചോടുന്നവരോട് എന്നും കാണിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിനോടാണ് പ്രത്യേകിച്ച് നന്ദി പറയേണ്ടത്. ജ്യോതിബസുവിന്റെ കഥകൾ തളരാതെ ഇനിയും ഓടട്ടെ, വിജയം ആരുടെയും കുത്തകയല്ല. എന്റെ പരിമിതയിടത്ത് ഈ കഥാകാരനും അദ്ദേഹത്തിന്റെ കഥക്കുമായി ഒരു വാക്ക് പറഞ്ഞുപോകേണ്ടത് നീതിയാണെന്ന് വിശ്വസിക്കുന്നു.

ശ്രീകണ്ഠൻ കരിക്കകം

സിനിമയെ പ്രണയിക്കുന്നവരു​ടെ കഥ

ജ്യോതിബസു കീഴാറൂർ ഹൃദയത്തെ മുറിച്ചുവെച്ച് നിർമിച്ചിരിക്കുന്ന കഥയാണ് മാധ്യമം ആഴ്ചപ്പതിപ്പിലെ ‘ഒരു കൊലപാതക സിനിമയുടെ തിരക്കഥ’. ​‘‘െട്രയിനിൽ കയറും മുമ്പുതന്നെ ഞാനത് തീരുമാനിച്ചുറപ്പിച്ചിരുന്നു’’ എന്ന് പറഞ്ഞാണ് കഥ തുടങ്ങുന്നത്. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാ സംവിധാനം പഠിച്ച് ഉയർന്ന മാർക്കോടെ പാസായി സിനിമാ മോഹവുമായി ഇറങ്ങിത്തിരിച്ച് ഇരുപതു വർഷമായ ഒരു മനുഷ്യന്റെ ജീവിതമാണ് ജ്യോതിബസു പറയുന്നത്.

ട്രെയിനിലൂടെ കഥ കുതിക്കുന്നു. താടിയും മുടിയും വളർത്തിയ മധ്യവയസ്കൻ കടന്നുകയറിയതിനുശേഷം ജ്യോതിബസു നൊമ്പരമൊതുക്കിയാണ് കഥ പറയുന്നത്.

കഥയുടെ ക്ലൈമാക്‌സിലെ ട്വിസ്റ്റിലൂടെ വായനക്കാരന്റെ കണ്ഠമിടറിക്കുന്നു. മികച്ച ഘടനാബലമുള്ള, ഹൃദയത്തെ പിടപ്പിക്കുന്ന കഥ മനോഹര ഭാഷയിൽ പറഞ്ഞിരിക്കുന്നു.

സിനിമ കെണിയാണ്. ചില മനുഷ്യരെ അതു പെടുത്തിക്കളയുന്നു. സിനിമയെ പ്രണയിക്കുന്ന ചിലരുടെ കൂടി കഥയാണിത്. ജ്യോതിബസു ആകാംക്ഷ നിലനിർത്തി എഴുതിയ കഥ മികച്ച ക്രാഫ്റ്റിന് ഉദാഹരണമാണ്. മനോഹരമായ എഡിറ്റിങ്. പ്രമേയത്തിൽ വ്യത്യസ്തത പുലർത്തിയ കഥ നല്ല വായനാനുഭവം പകരുന്നു.

സന്തോഷ് ഇലന്തൂർ

News Summary - madhyamam weekly letters