എഴുത്തുകുത്ത്
ആദ്യം ഫുട്ബാൾ ഫെഡറേഷൻ നന്നാകണംഖത്തറിൽ പന്തുരുളാനിരിക്കേ മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ഫുട്ബാൾ പതിപ്പ് കാൽപന്തിന്റെ ആവേശങ്ങളെയെല്ലാം പകർത്തിവെക്കുന്നതായിരുന്നു. പ്രാദേശിക ഫുട്ബാൾ മുതൽ ആഗോള ഫുട്ബാൾ വരെയുള്ളവയുടെയെല്ലാം കാമ്പുള്ള വായന ലക്കം പ്രദാനംചെയ്തു. ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചും വായിക്കാനായി. എന്നാൽ, ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ പിടിപ്പുകേടുകളെയും അതിന്റെ തലപ്പത്ത് നടക്കുന്ന രാഷ്ട്രീയക്കളികളെയും കുറിച്ചും പ്രതിപാദിക്കണമായിരുന്നു. ബാഹ്യ ഇടപെടലുകളുടെ പേരിൽ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ (AIFF) ഫിഫ വിലക്കിയത് ഈ വർഷമാണ്. ഇവിടത്തെ ഫുട്ബാൾ വളരാത്തതിന്റെ പ്രധാന കാരണം ഇവിടത്തെ...
Your Subscription Supports Independent Journalism
View Plansആദ്യം ഫുട്ബാൾ ഫെഡറേഷൻ നന്നാകണം
ഖത്തറിൽ പന്തുരുളാനിരിക്കേ മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ഫുട്ബാൾ പതിപ്പ് കാൽപന്തിന്റെ ആവേശങ്ങളെയെല്ലാം പകർത്തിവെക്കുന്നതായിരുന്നു. പ്രാദേശിക ഫുട്ബാൾ മുതൽ ആഗോള ഫുട്ബാൾ വരെയുള്ളവയുടെയെല്ലാം കാമ്പുള്ള വായന ലക്കം പ്രദാനംചെയ്തു. ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചും വായിക്കാനായി. എന്നാൽ, ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ പിടിപ്പുകേടുകളെയും അതിന്റെ തലപ്പത്ത് നടക്കുന്ന രാഷ്ട്രീയക്കളികളെയും കുറിച്ചും പ്രതിപാദിക്കണമായിരുന്നു. ബാഹ്യ ഇടപെടലുകളുടെ പേരിൽ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ (AIFF) ഫിഫ വിലക്കിയത് ഈ വർഷമാണ്. ഇവിടത്തെ ഫുട്ബാൾ വളരാത്തതിന്റെ പ്രധാന കാരണം ഇവിടത്തെ ഫുട്ബാൾ അസോസിയേഷൻതന്നെയാണ്. ക്രിക്കറ്റിനെ പഴിച്ചിരിക്കാതെ ഫുട്ബാളിൽ നൂതനമായ എന്തെല്ലാം മാറ്റങ്ങളും സംവിധാനങ്ങളും ഒരുക്കാനാകും എന്നതിനെക്കുറിച്ച് ഫുട്ബാൾ ഫെഡറേഷൻ ചിന്തിക്കണം. ഐ.എസ്.എൽ കൊണ്ടുവന്ന മാറ്റങ്ങൾ നമുക്ക് മുന്നിലുള്ളതാണേല്ലാ. ലീഗിൽതന്നെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും ഊർജസ്വലതയും കരുത്തുമുള്ള വിദേശതാരങ്ങളെയും പരിശീലകരെയും എത്തിക്കാനും സൂപ്പർലീഗ് അധികൃതർ തയാറാകണം. യൂറോപ്പിന്റെ ആകെ ജനസംഖ്യയേക്കാളും ഇരട്ടിയോളം ജനങ്ങളുള്ള ഇന്ത്യയിൽനിന്ന് പന്തുതട്ടാനറിയുന്ന ഏതാനും പേരെ ചെറുപ്പം മുതലേ ഒരുക്കിയിറക്കുക എന്നത് ബാലികേറാമലയല്ല. മനസ്സും കൃത്യമായ ദിശയുമുണ്ടെങ്കിൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് അതിന് സാധിക്കാനാകും. ഇന്ത്യ ലോക ഫുട്ബാളിൽ മുദ്ര പതിപ്പിക്കുന്ന ആ ദിനത്തിനായി കാത്തിരിക്കാം.
മുഹമ്മദലി, തിരൂർ
കാലിക പ്രസക്തിയുള്ള കവിത
ദേശമംഗലം രാമകൃഷ്ണൻ എഴുതിയ 'നന്നാക്കികൾ' (ലക്കം: 1288) എന്ന കവിത സമകാലിക പ്രസക്തിയുള്ള വിഷയത്തെ തൊടുന്നു. വളരെ ഹൃദ്യമായ കവിത ഏതൊരു സാധാരണക്കാരനും മനസ്സിലാകുംവിധം ലളിതമാണ്. ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന കൊള്ളരുതായ്മയും അതിനെ ന്യായീകരിക്കുന്ന മനുഷ്യാവസ്ഥയും കവിതയിൽ വരച്ചിടുന്നു. ഒന്നിൽ കൂടുതൽ തവണ വായിക്കുമ്പോൾ പല അർഥങ്ങളും പകരാൻ കവിതക്ക് കഴിയുന്നുണ്ട്. ഇന്നത്തെ കാലത്തെ സദാചാര ചിന്തകളെ പരിഹാസരൂപേണ വിമർശിക്കുന്ന കവി സർവരും നാട് നന്നാക്കികളാകുമ്പോൾ ആരാരെ കുറ്റപ്പെടുത്തുമെന്ന് പരിഭവിക്കുന്നിടത്ത് കവിതയുടെ ശീർഷകം അന്വർഥമാകുന്നു.
''കൺപൊത്തി നിന്നോ കുഞ്ചിരാമാ'' എന്ന് തുടങ്ങുന്ന വരികളിലൂടെ സമകാലിക സമൂഹത്തിന്റെ കൺകെട്ട് സ്വഭാവത്തെ അപലപിക്കുകയാണിവിടെ.
ആർഷ കെ, തളിപ്പറമ്പ്
ആദ്യം നൽകുന്നതിലല്ല, യാഥാർഥ്യം നൽകുന്നതിലാണ് കാര്യം
'നേരറിയണോ, അതോ നേരത്തേ അറിയണോ..?' എന്ന തലക്കെട്ടിൽ യാസീൻ അശ്റഫ് എഴുതിയ 'മീഡിയാസ്കാൻ' (ലക്കം: 1288) വർത്തമാനകാല മാധ്യമങ്ങളുടെ മുഖം വ്യക്തമാക്കുന്നു. കടുത്ത റേറ്റിങ് മത്സരവും സെൻസേഷനലിസവും കാരണം ഇന്ന് മിക്ക മാധ്യമങ്ങളും വ്യാജവാർത്തകൾ നൽകുന്നുവെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. ലോകത്തെ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന ഗബ്രിയേൽ ഗാർസ്യ മാർകേസ് ജേണലിസത്തെ ലോകത്തിലെ ഏറ്റവും മികച്ച ജോലിയായിട്ടാണ് വിശേഷിപ്പിക്കുന്നത്.
എന്നാൽ, മാധ്യമങ്ങൾ എത്രത്തോളം ഇതിനോട് നീതിപുലർത്തുന്നുെണ്ടന്ന ചോദ്യത്തിന് വർത്തമാന സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്. തങ്ങളുടെ അജണ്ടകൾക്കനുസരിച്ച് വാർത്തകളെ വളച്ചൊടിച്ച് യാഥാർഥ്യത്തിൽനിന്നും അകറ്റി വ്യാജം പ്രചരിപ്പിക്കുന്നവരെ മനസ്സിലാക്കാനും അവരുടെ ഹിഡൻ അജണ്ടകളെ തിരിച്ചറിയാനും സമൂഹം തയാറാവണം. നേരും വസ്‌തുതയും ഒഴുക്കിനെതിരെയാണെങ്കിൽ അവിടേക്ക് തുഴയാൻ സാധിക്കുന്നതാണ് യഥാർഥ മാധ്യമപ്രവർത്തനം. എല്ലാം വിശ്വസിക്കുന്നതിനപ്പുറം പിഴവുകൾ ചൂണ്ടിക്കാണിക്കുകയും എല്ലാ സോഴ്സുകളും വാർത്തയെല്ലന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടാക്കുകയും വേണം. ആദ്യം നൽകുന്നതിലല്ല, യാഥാർഥ്യം നൽകുന്നതിലാണ് യഥാർഥ ധർമമെന്ന് തിരിച്ചറിയണം. ഒരു ചെറിയ കള്ളമോ ഒരു പിഴവോ വാർത്തകളെ മുഴുവനായും കൊല്ലുമെന്ന് ചൂണ്ടിക്കാട്ടിയ മാർകേസിന്റെ വാക്കുകളെ മാധ്യമപ്രവർത്തകരെല്ലാം മനസ്സിരുത്തി വായിക്കണം.
മുബഷിർ മഞ്ഞപ്പറ്റ
വാട്സ്ആപ്പിൽനിന്ന് വിശാല ലോകത്തേക്ക് ഇറങ്ങുവിൻ
ഏറെ താൽപര്യത്തോടെ വായിച്ചുതീർത്ത കഥയാണ് എ.പി. സജിഷ എഴുതിയ 'തീവ്രലെഫ്റ്റ് (ലക്കം: 1287). കാലികപ്രസക്തിയുള്ള വിഷയം ഒട്ടും ബോറടിപ്പിക്കാതെ സമർഥമായി അവതരിപ്പിച്ചിരിക്കുന്നു. സൈബർ ലോകത്തിന്റെയും ജൈവലോകത്തിന്റെയും ഇടയിൽ ഉഭയജീവിയെപ്പോലെ കഴിയുന്ന ആധുനിക മനുഷ്യന്റെ വ്യഥകളെ തുറന്നുകാട്ടുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
ഓരോ വാട്സ്ആപ് ഗ്രൂപ്പിലും ഒരു തുരങ്കം ഒളിഞ്ഞിരിക്കുന്നതായാണ് കഥാനായികയായ വിനയക്ക് അനുഭവപ്പെടുന്നത്. ബോറടിപ്പിക്കുന്ന, ശുദ്ധവായു കടക്കാത്ത തുരങ്കങ്ങൾ. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന ചർച്ചകളിൽ തന്റെ ബോധ്യങ്ങളോട് മറ്റുള്ളവർ സമരസപ്പെടാതെയാവുമ്പോൾ ലെഫ്റ്റ് ആകുന്ന സ്വഭാവം വിനയക്കുണ്ട്. ഇത് പലതവണയായപ്പോൾ വീണ പേരാണ് തീവ്രലെഫ്റ്റ് എന്നത്. ഓരോതവണ ലെഫ്റ്റ് ആകുമ്പോഴും വിനയ ഒരു തുരങ്കത്തിൽനിന്നും രക്ഷപ്പെട്ടതുപോലെ ദീർഘനിശ്വാസം വിടുന്നു. ഇത്തരത്തിൽ വിരസമായിത്തീരുന്ന സൈബർലോകത്തുനിന്നും ജൈവലോക യാഥാർഥ്യങ്ങളിലേക്ക് കുതിക്കുകയാണ് വിനയ.
വിശാലമായ ആകാശത്ത് പാറിപ്പറന്നു നടക്കുന്ന കുഞ്ഞുകിളി അടഞ്ഞ ജനാലയിൽ തട്ടി മുറിയിലേക്ക് കയറാൻ കൊതിക്കുന്നതിൽ വിനയക്കുണ്ടാകുന്ന ആശ്ചര്യവും കിഷോർ കുമാറിന്റെ ഹൃദ്യമായ ഗാനാനുഭവങ്ങളും വായനമുറിയിൽനിന്നു ലഭിക്കുന്ന ഊർജവും ജൈവജീവിത യാഥാർഥ്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള കഥാകൃത്തിന്റെ ശക്തമായ ആഹ്വാനമായി കാണാം. വാട്സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും തുരങ്കങ്ങളിൽനിന്നുമുള്ള മടക്കം കഥാകൃത്ത് വിനയയിലൂടെ സ്വപ്നം കാണുന്നുമുണ്ട്. ഈ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിന്റെ ശുഭസൂചനകളോടെയാണ് കഥ അവസാനിക്കുന്നത്. ഇതിനായി തകർക്കപ്പെടുന്ന മൊബൈൽ ഫോണും വിള്ളൽവീഴുന്ന തുരങ്കഭിത്തികളും ബിംബകൽപന ചെയ്തിരിക്കുന്നു.
ഒരുപക്ഷേ ലോകത്ത് ആദ്യമായി പാസ്വേഡ് ഉപയോഗിച്ച ആലിബാബയെപ്പോലെ സൈബർ ലോകത്ത് എല്ലാവരും സ്വന്തമായി തുറക്കുന്ന ഓരോ തുരങ്കങ്ങളുടെ ഉടമകളല്ലേ? ഈ തുരങ്കങ്ങളിൽപെട്ട് മുന്നോട്ടും പിന്നോട്ടും മാത്രം ചലിക്കാൻ കഴിയുന്ന കൂത്താടികളെപ്പോലെ ജീവിതം പാഴാക്കാതെ ഈ വിശാലമായ ലോകം ആസ്വദിക്കാൻ സുന്ദരമായ ഈ കഥ ആഹ്വാനംചെയ്യുന്നു.
ബദറുദ്ദീൻ എം, കുന്നിക്കോട്
മനുഷ്യനെ വരച്ചിടുന്ന കഥ
മാധ്യമം ആഴ്ചപ്പതിപ്പിൽ മധു തൃപ്പെരുന്തുറ എഴുതിയ 'കാന്നബിസ്' വായിച്ചു (ലക്കം: 1289). കഥയെ കൈകാര്യംചെയ്ത ഭാഷയും ദർശനങ്ങളും പുതുമ നൽകി. മനുഷ്യമനസ്സിന്റെ അടിത്തട്ടിൽ എപ്പോഴും മാംസംതീനിയായ ഒരു മൃഗം ഒളിച്ചിരിക്കുന്നതായി കഥാകൃത്ത് വരച്ചിടുന്നു.
ലാഭത്തിനായി വിൽപനക്കു വെച്ചിരിക്കുന്ന മനഃസാക്ഷിയാണ് ഈ കഥയുടെ അന്തർധാര. പ്രകൃതിയുടെ ആഹാരചക്രത്തിലെ ഒരു സാദാ മെംബർ മാത്രമാണ് ഈ സാംസ്കാരിക വീമ്പിളക്കലിനിടയിലും മനുഷ്യനെന്ന് കഥ വരച്ചു കാണിച്ചു. കഥാകൃത്തിന് ആശംസകൾ.
അനിൽ കുമാർ എസ്.ഡി. (ഫേസ്ബുക്ക്)
അറിയിപ്പ്: ആശാൻ യുവകവി പുരസ്കാരം
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരത്തിന് കാവ്യസമാഹാരങ്ങൾ ക്ഷണിക്കുന്നു. 2021 മാർച്ച് 31നു ശേഷം പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങളാണ് പരിഗണിക്കുന്നത്. 2022 ഡിസംബർ 31ന് 45 വയസ്സ് തികയാത്തവർക്ക് നേരിട്ടോ പ്രസാധകർ വഴിയോ ആസ്വാദകർ വഴിയോ കാവ്യസമാഹാരങ്ങൾ അയക്കാം. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് പുരസ്കാരം. കാവ്യസമാഹാരങ്ങളുടെ മൂന്നു കോപ്പി 2022 ഡിസംബർ 31നു മുമ്പ് കൺവീനർ, ആശാൻ യുവകവി പുരസ്കാര സമിതി, ആശാൻ മെമ്മോറിയൽ അസോസിയേഷൻ, കായിക്കര പി.ഒ, തിരുവനന്തപുരം 69 53 07 എന്ന വിലാസത്തിൽ ലഭിക്കണം.