എഴുത്തുകുത്ത്
പ്രമേയങ്ങളിൽ പുതുമ നിറച്ച സംവിധായകൻചെയ്ത സിനിമകളോരോന്നിലും പുതുമ നിറക്കാൻ സാധിച്ച ചലച്ചിത്രകാരനാണ് ഹരികുമാർ. തന്റെ സമകാലികരൊന്നും സംവിധാനരംഗത്ത് ഇല്ലാത്ത കാലത്തും ഇദ്ദേഹം സിനിമകളൊരുക്കുന്നതും അതുകൊണ്ടുതന്നെയാണ്. പലതും 'വാണിജ്യവിജയം' കൈവരിക്കാത്തതിനാൽതന്നെ സജീവമായ ചർച്ചകളിലും അധികം വരാറില്ല. പക്കാ ആർട്ട് ഫിലിമുകൾ എന്ന് വിളിക്കാവുന്ന ചിത്രങ്ങൾ ആയിരുന്നില്ല അതൊന്നും. മനോഹരമായ പാട്ടുകൾ പല ചിത്രങ്ങളുടെയും...
Your Subscription Supports Independent Journalism
View Plansപ്രമേയങ്ങളിൽ പുതുമ നിറച്ച സംവിധായകൻ
ചെയ്ത സിനിമകളോരോന്നിലും പുതുമ നിറക്കാൻ സാധിച്ച ചലച്ചിത്രകാരനാണ് ഹരികുമാർ. തന്റെ സമകാലികരൊന്നും സംവിധാനരംഗത്ത് ഇല്ലാത്ത കാലത്തും ഇദ്ദേഹം സിനിമകളൊരുക്കുന്നതും അതുകൊണ്ടുതന്നെയാണ്. പലതും 'വാണിജ്യവിജയം' കൈവരിക്കാത്തതിനാൽതന്നെ സജീവമായ ചർച്ചകളിലും അധികം വരാറില്ല. പക്കാ ആർട്ട് ഫിലിമുകൾ എന്ന് വിളിക്കാവുന്ന ചിത്രങ്ങൾ ആയിരുന്നില്ല അതൊന്നും. മനോഹരമായ പാട്ടുകൾ പല ചിത്രങ്ങളുടെയും പ്രത്യേകതയായിരുന്നു. അപൂർവമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്രകാരനുമായുള്ള വർത്തമാനങ്ങളൊക്കെയും ശ്രദ്ധിക്കാറുണ്ട്. എപ്പോഴും 'സുകൃതം' മുതലുള്ള ഹരികുമാറിനെ കുറിച്ചേ എല്ലാവർക്കും എഴുതാനും പറയാനുമുള്ളൂ. സിദ്ദീഖ് പെരിന്തൽമണ്ണ തയാറാക്കിയ അഭിമുഖത്തിനും മാറ്റമൊന്നുമില്ല (ലക്കം: 1293). എം.ടി തന്നെ തിരക്കഥയെഴുതി തന്റെ ജീവിതവുമായി ബന്ധമുള്ളതുകൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട സംരംഭമാണ് സുകൃതം. അതിന്റെ മുമ്പോ ശേഷമോ ഹരികുമാറിന്റെ ചലച്ചിത്രജീവിതത്തിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. കാബറെ നർത്തകിമാരുടെ കുടുംബജീവിതത്തിലേക്ക് എത്തിനോക്കിയുള്ള ശക്തമായ വിഷയമായിരുന്നു 'ആമ്പൽപ്പൂവെന്ന' കന്നി സംവിധാനത്തിലൂടെ ഹരികുമാർ കാണികളോട് സംവദിച്ചത്. 1980കളിലെ നവ സിനിമകളിലൊന്നായ 'സ്നേഹപൂർവം മീര', 'ഒരു സ്വകാര്യം', പുലി വരുന്നേ പുലി', 'എഴുന്നള്ളത്ത്' തുടങ്ങിയവയൊക്കെ പേര്പോലെ അതുവരെ കാണാത്ത പ്രമേയങ്ങൾ തന്നെയായിരുന്നു അവതരിപ്പിച്ചത്. കലാലയ രാഷ്ട്രീയം നന്നായി അവതരിപ്പിച്ച 'ജാലക'ത്തെക്കുറിച്ച് പോലും കേൾക്കുന്നത് ആകാശവാണി ''ഒരു ദളം മാത്രം...'' എന്ന പാട്ട് കേൾപ്പിക്കുമ്പോൾ മാത്രമാണ്! കലാമൂല്യവും സംഗീതത്തിന് പ്രാധാന്യവുമുള്ള ചിത്രങ്ങളായിരുന്നു ഹരികുമാർ ഒരുക്കിയത്. ലോഹിതദാസ്, ശ്രീനിവാസൻ, കലൂർ ഡെന്നീസ് തുടങ്ങിയവരും ഹരികുമാറിന് വേണ്ടി തിരക്കഥയെഴുതിയവരാണ്.
കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്
കരൾ പിളർക്കുന്ന ഗാനം
മാധ്യമം ആഴ്ചപ്പതിപ്പിൽ രവി മേനോൻ എഴുതിയ 'പാട്ടെഴുത്ത്' കാലികപ്രാധാന്യമുള്ളതും അതിലേറെ ഹൃദ്യവുമായിരുന്നു (ലക്കം: 1292).
റഫിയെന്ന അനശ്വര ഗായകനെ ലോകം ഓർക്കുന്നത് അദ്ദേഹം പാടിയ ആയിരക്കണക്കിന് പാട്ടുകളുടെ പേരിലാണ്. എന്നാൽ, ''ഓ ദുനിയാക്കെ രഖ് വാലേ'' എന്ന ഒറ്റ ഗാനം മാത്രം മതി റഫിയെന്ന ഗായകനെ മറ്റു ഗായകരിൽനിന്നും വ്യത്യസ്തനാക്കാൻ. നീണ്ട എഴുപതു വർഷം കഴിഞ്ഞിട്ടും ആ പാട്ടിന് ലഭിക്കുന്ന ജനപിന്തുണ ഇന്നും വിസ്മയാവഹമാണ്!
ഇന്ന് അനേകായിരം 'അഭിനവ റഫിമാർ' പൊട്ടിമുളക്കുന്നു. പല സംഗീത സദസ്സുകളിലും അവർ ''ഓ ദുനിയാക്കെ രഖ് വാലേ'' പാട്ടു പാടുന്നു. എന്നാൽ, റഫി പാടിവെച്ച ആ പാട്ടിന്റെ ഭാവതീവ്രത അതിനില്ല എന്ന് പാടുന്നവർക്കും അത് കേൾക്കുന്നവർക്കും മനസ്സിലാവും.
തന്റെ പ്രിയപ്പെട്ടവളുടെ ജീവൻ തിരിച്ചുകിട്ടാനായി ബൈജു (ഭരത് ഭൂഷൺ) സിനിമയിൽ തൊണ്ട പൊട്ടി പാടുമ്പോൾ ശിവനയനങ്ങളിൽനിന്നും അടർന്നുവീണ കണ്ണുനീരിനേക്കാൾ അധികം കണ്ണുനീർ റഫി ''ഓ ദുനിയാക്കെ രഖ് വാലേ'' എന്ന് പാടുമ്പോൾ കേൾവിക്കാരുടെ കണ്ണിൽനിന്നും അടർന്നുവീണിട്ടുണ്ടാവാം. ശിവ വിഗ്രഹത്തിന്റെ കണ്ണുകളിൽനിന്നും അടർന്നുവീണത് കദനകണ്ണീർ ആണെങ്കിൽ ശ്രോതാക്കളുടെ കണ്ണുകളിൽനിന്നും അടർന്നുവീണത് ആസ്വാദനത്തിന്റെ ആനന്ദക്കണ്ണീർ ആണെന്ന വ്യത്യാസം മാത്രം.
ഷക്കീൽ ബദായൂനി എന്ന പ്രതിഭാശാലിയായ ഗാനരചയിതാവിന്റെ രചനാവൈഭവവും നൗഷാദ് എന്ന ഗന്ധർവ സംഗീതസംവിധായകന്റെ സംഗീത മികവും റഫിയെന്ന ഗന്ധർവ ഗായകന്റെ ഘനഭംഗീരമായ ശബ്ദവും സമഞ്ജസമായി സമ്മേളിച്ചപ്പോൾ പിറവികൊണ്ട അനശ്വര ഗാനമാണ് ''ഓ ദുനിയാക്കെ രഖ്വാലേ...'' ഇനി അങ്ങനെയൊരു പാട്ട് ഉണ്ടാവുക എന്നത് അസംഭവ്യവുമാണ്.
''ഓ ദുനിയാക്കേ രഖ്വാലേ'' എന്ന് റഫി കരൾ പൊട്ടി പാടുന്ന സമയത്ത് ഈ പ്രപഞ്ച സ്രഷ്ടാവായ ഈശ്വരന്റെ കണ്ണുകളും ഒരുപക്ഷേ നിറഞ്ഞിട്ടുണ്ടാകാം.
ഇ.പി. മുഹമ്മദ്, പട്ടിക്കര
ജോളി ചിറയത്തിന് അഭിവാദ്യങ്ങൾ
ജോളി ചിറയത്ത്/അജിത് എം. പച്ചനാടൻ സംഭാഷണം വായിച്ചു (ലക്കം: 1293). സുതാര്യവും വ്യക്തവുമായ അഭിപ്രായപ്രകടനങ്ങൾ സത്യസന്ധമായി നടത്തുന്ന ഉന്നതമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ജോളിയെന്നാണ് മനസ്സിലാകുന്നത്. മതത്തിന്റെയും ജാതിയുടെയും മറവിൽ നടമാടുന്ന ഉച്ചനീചത്വങ്ങളെ വ്യക്തമായിട്ട് തിരിച്ചറിഞ്ഞ ജോളിയുടെ നിലപാടുകൾ മാതൃകാപരമാണ്. ദലിത് ക്രൈസ്തവർ നേരിടുന്ന വിവേചനം അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. വേദോപദേശ ക്ലാസിൽ പഠിക്കുന്നതിന്റെ നേർവിപരീതമാണ് പള്ളികളിൽ നടക്കുന്നതെന്ന മോളിയുടെ അനുമാനം ഏതുകാലത്തും അക്ഷരാർഥത്തിൽ വാസ്തവമാണ്.
എങ്കിലും ഡബ്ല്യു.സി.സി എന്ന സംഘടന ട്രേഡ് യൂനിയൻ സ്വഭാവത്തിലേക്ക് പരിണാമം ചെയ്താൽ സിനിമാലോകത്ത് പരിവർത്തനമുണ്ടാകുമെന്നുള്ള ജോളിയുടെ പ്രതീക്ഷ വ്യാമോഹം മാത്രമാണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവരടങ്ങുന്ന പുരുഷാധിപത്യത്തെ തകർക്കുവാൻ ഒരു സംഘടനക്കും കഴിയില്ല. കാരണം അവരെ ചുറ്റിപ്പറ്റിയാണ് മലയാള സിനിമ നിലനിൽക്കുന്നത്. ഹേമ കമീഷൻ റിപ്പോർട്ട് വെളിച്ചം കാണാത്തത് മമ്മൂട്ടിക്ക് സർക്കാറിലുള്ള സ്വാധീനം കൊണ്ടാകാൻ സാധ്യതയുണ്ട്.
രോഹിത് വെമൂല സിനിമക്ക് വിഷയമാകാത്തത് സിനിമാലോകത്തുള്ള അദൃശ്യമായ സവർണ ചിന്താഗതിയാണ്. സിനിമാലോകത്തുനിന്ന് വേറിട്ട ശബ്ദം വിളംബരംചെയ്ത ജോളി ചിറയത്തിന് അഭിവാദ്യങ്ങൾ. ജീവിക്കുന്ന സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചലനങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന ജോളി സ്ഥലകാല ബോധമില്ലാതെ ജീവിക്കുന്ന കലാകാരന്മാരിൽനിന്നും വേറിട്ടുനിൽക്കുന്നു.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
കാലം മറുപടി പറയണം
ഭരണഘടന നിർമാണസഭയിൽ അംഗമായിരുന്ന ദാക്ഷായണി വേലായുധന് നേരിടേണ്ടിവന്ന അവഗണനയുടെ ചരിത്രം ചെറായി രാമദാസ് വരച്ചിടുമ്പോൾ (ലക്കം: 1293) അവർക്കുണ്ടായ അവഗണന പുറംലോകം അറിയുക മാത്രമല്ല, മറിച്ച് നാം പൊക്കിക്കെട്ടിയ പല ബിംബങ്ങളുടെയും മുഖംമൂടി അഴിഞ്ഞുവീഴുക കൂടി ചെയ്യുകയാണ്. ഭരണഘടനാ ശിൽപിയും ദലിത് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ വക്താവുമായിരുന്ന ഡോ. അംബേദ്കറോടുപോലും യോജിക്കാനാകാതെ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ ദാക്ഷായണി അക്ഷരാർഥത്തിൽ ഒറ്റപ്പെടുകയായിരുന്നുവെന്ന് ലേഖനത്തിൽനിന്ന് വായിച്ചെടുക്കാം.
അന്ന് തന്നോടൊപ്പം സമാന നിലയിൽ പ്രവർത്തിച്ചിരുന്നവരിൽ എല്ലാവർക്കും തന്നെ ഉത്തരവാദിത്തപ്പെട്ടവർ പുതിയ ലാവണങ്ങൾ സൃഷ്ടിച്ചുകൊടുത്തപ്പോഴും ദാക്ഷായണി വേലായുധൻ മാത്രം തഴയപ്പെട്ടതിന് കാലം തന്നെയാണ് മറുപടി പറയേണ്ടത്. സാക്ഷാൽ ജവഹർലാൽ നെഹ്റുവിൽനിന്നും കോൺഗ്രസ് പാർട്ടിയിൽനിന്നുതന്നെയും വേണ്ടത്ര പരിഗണന കിട്ടിയില്ല എന്നത് വേദനാജനകംതന്നെ. തന്റെ ഉറച്ച നിലപാടുകളും ദലിത് സത്രീ എന്ന ലേബലുമാണ് അവഗണനക്ക് കാരണമായതെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
ആ കഥയിലുണ്ട് നമ്മുടെ ജീവിതവും
പശുക്കളെ വളര്‍ത്തി പാൽ വിറ്റ് ജീവിക്കുന്ന ജമാലിന്റെ കഥയാണ് 'പശുപഥം'. നാമോരോരുത്തരുടെയും ജീവിതം അതിൽ തെളിഞ്ഞുകാണുന്നു (ലക്കം: 1293). നമ്മുടെ രാജ്യത്ത് അടുത്തകാലത്തായി പുഷ്ടി പ്രാപിച്ചുകൊണ്ടിരിക്കുന്ന പശുസ്നേഹത്തിന്റെ യഥാർഥ ലക്ഷ്യം പറഞ്ഞുതരുന്ന ട്രൈബി പുതുവയലിന്റെ ഈ കഥ വായിച്ചുതീരുമ്പോള്‍ അതുണര്‍ത്തുന്ന വികാരം വജ്രതുല്യമായ ജ്വാലയായി മനസ്സില്‍ കത്തിനില്ക്കുന്നു. സത്യത്തില്‍ ഇതാണ് ഇന്ത്യ. പ്രകൃതിസ്നേഹത്തിന്റെ പേരില്‍, ജന്തുസ്നേഹത്തിന്റെ പേരില്‍, പട്ടിസ്നേഹത്തിന്റെ പേരില്‍ നമ്മള് കാട്ടിക്കൂട്ടുന്ന ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കു പിറകില്‍ കാണാച്ചരടില്‍ കെട്ടിയ ഒരു അജണ്ടയുണ്ട് -കോർപറേറ്റ് മാഫിയകളെ ഊട്ടിവളര്‍ത്തുന്ന അജണ്ടയാണത്. ഭരണകൂടങ്ങള്‍ അതിന് പാദസേവചെയ്യുന്നു. ഗ്രാമീണത തകരുന്നിടത്ത് നാഗരികത വളര്‍ന്നുവരാന്‍ കാത്തുനില്‍ക്കുകയാണ് കോർപറേറ്റുകള്‍. ''ഇതാണ് മക്കളെ നമ്മുടെ ഇന്ത്യ'' എന്ന് ഈ കഥയിലൂടെ ൈട്രബി പുതുവയല്‍ പറഞ്ഞുതരുമ്പോള്‍ അതിന് ചന്തം ചാര്‍ത്തുകയാണ് ചിത്രകാരിയായ ചിത്ര എലിസബത്ത്. അഭിനന്ദനങ്ങള്‍.
സണ്ണി ജോസഫ്, മാള
ഇതാണ് ചെറുകഥ
ഒരു കഥയെഴുതുക -എന്നാൽ ആ സാഹിത്യ രൂപത്തിന്റെ വിശാലമായ സാധ്യതകൾ തിരയുക എന്നുകൂടിയാണ്. അടുത്തകാലത്ത് മലയാള ചെറുകഥ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സിനിമയിലേക്ക് ഒരു 'വഷളൻ' നോട്ടമെറിഞ്ഞുകൊണ്ടുള്ള കഥാകൃത്തുക്കളുടെ പേനയുന്തലാണ്.
എന്നാൽ, അങ്ങനെയൊന്നുമല്ലാതെ കഥയിൽ ഭാഷകൊണ്ടും ഭാവനകൊണ്ടും സൃഷ്ടിക്കാൻ കഴിയുന്ന ഒരു മികച്ച വായനാനുഭവം തരുന്നു, മാധ്യമം ആഴ്ചപ്പതിപ്പിൽ വി. പ്രവീണ എഴുതിയ ' പ്രകാശം പരത്താത്ത പെൺകുട്ടി' എന്ന കഥ (വി. പ്രവീണയുടെ ഒരു കഥ ഞാൻ ആദ്യമായാണ് വായിക്കുന്നത്).
കഥയിൽ സിനിമയുടെ ദൃശ്യ സാധ്യതകൾ കുത്തിത്തിരുകുമ്പോൾ എന്താണോ നഷ്ടമാകുന്നത്, അതാണ് ശരിക്കും ചെറുകഥ വായനയിൽ ആവശ്യപ്പെടുന്നത്. ആ പരിശുദ്ധി കാണാം, ഈ കഥയിൽ.
മരുപ്പച്ചക്ക് നിഘണ്ടുവിൽ 'തോന്നിച്ച' എന്ന പേരാണ് വേണ്ടെതെന്ന് പറയുന്നതു മുതൽ ചുരം കയറി ചെല്ലുമ്പോൾ കാണുന്ന വീടിന്റെ മുന്നിലുള്ള ചാണകം മെഴുകിയ ക്രീസിൽ ക്രിക്കറ്റ് ഇതിഹാസം ലാറയെ കാണുന്നതിൽ വരെ കൗതുകങ്ങളുണ്ട്. കഥാകൃത്ത് ടി. പത്മനാഭനും പുനത്തിലും എം.എൻ. വിജയൻ മാഷും സിനിമാക്കാരായ ജിത്തു ജോസഫും ബേസിലും ടൊവീനോയുമൊക്കെ കഥയിൽ ഭാവനയുടെ ചിറകുകൾ വിടർത്തി സുന്ദരമായി കടന്നുവരുന്നു. സംശയം വേണ്ട, സിനിമയുടെ ദൃശ്യ സാധ്യതക്കപ്പുറം ഭാവനയുടെ ആയിരം കാതം സഞ്ചരിക്കുന്ന മാന്ത്രികത ചെറുകഥക്കുണ്ട്. അങ്ങനെ കഥകൾ സൃഷ്ടിക്കാൻ ചെറിയ ഭാവനയൊന്നും പോരാ. അത്തരമൊരു ഭാവനയിലേക്കുള്ള വെള്ളിമീൻ ചാട്ടം കാണാം, ഈ കഥയിൽ. അടുത്തകാലത്ത് വായിച്ചതിൽ എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കഥ.
പുതിയ കഥാകൃത്തുക്കൾക്ക് മാധ്യമം ആഴ്ചപ്പതിപ്പ് നൽകുന്ന പ്രോത്സാഹനങ്ങൾക്ക് അഭിനന്ദനങ്ങൾ.
ശ്രീകണ്ഠൻ കരിക്കകം (ഫേസ്ബുക്ക്)
പ്രാധാന്യമുള്ള അഭിമുഖം
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1294) പുന്നല ശ്രീകുമാറുമായി എം. ഷിബു നടത്തിയ അഭിമുഖം വായിക്കുകയുണ്ടായി. വളരെ പ്രാധാന്യം തോന്നിയ ഒരു അഭിമുഖമായി അതിനെ മനസ്സിലാക്കുന്നു.
1. ഉപജാതി പ്രസ്ഥാനങ്ങളിൽനിന്നും ദലിത്-ആദിവാസി സംയുക്ത ബോധ്യത്തിലേക്കുള്ള വളർച്ച.
2. നവോത്ഥാനത്തെ കേവല പ്രഭാഷണങ്ങൾ വിട്ട് ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, സ്ഥാപനം എന്നിവയിലേക്ക് നവീകരിക്കുന്നത്.
3. അധികാര സംവിധാനങ്ങളുടെ മധ്യവർഗ-ഉപരിവർഗ വരേണ്യ താൽപര്യങ്ങളെ തിരിച്ചറിയുന്നതും വിമർശിക്കുന്നതും.
4. സംവാദങ്ങളും ചർച്ചകളും അടിത്തട്ടിന്റെ ജനാധിപത്യത്തിന് അനിവാര്യമാകുന്നതിനെക്കുറിച്ചുള്ള ആലോചനകൾ
ഉൾപ്പെടെ നിരവധി കാഴ്ചപ്പാടുകൾ ഈ അഭിമുഖത്തിൽ കാണാൻ സാധിച്ചു. ആശംസകൾ.
എം.ബി. മനോജ്
ജാഗ്രതയോടെയിരിക്കാൻ ഉണർത്തുന്ന കഥ
മാധ്യമം ആഴ്ചപ്പതിപ്പിലെ ട്രൈബി പുതുവയലിന്റെ 'പശുപഥം' എന്ന കഥ വായിച്ചു (ലക്കം: 1293).
ഏതൊരു ഇന്ത്യക്കാരനും ഈ കാലഘട്ടത്തിൽ നടുക്കത്തോടെ കാണുന്ന സ്വപ്നമാണ് 'പശുപഥ'ത്തിലെ ജമാലും കാണുന്നത്. കോർപറേറ്റുകളും ഭരണകൂടവും ചേർന്ന് എങ്ങനെയൊക്കെയാണ് പാവപ്പെട്ട മനുഷ്യരുടെ ഉപജീവനമാർഗങ്ങളെ വേട്ടയാടുന്നത് എന്ന കഥാകൃത്തിന്റെ ആകുലതയിൽനിന്നാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. വരുംകാലങ്ങളിൽ ഇപ്രകാരം സംഭവിക്കാതിരിക്കാൻ നമ്മൾ ജാഗ്രതയോടെയിരിക്കണം എന്ന സൂചനയും കഥ പങ്കുവെക്കുന്നു. വൈറ്റിലയിൽ ഇപ്രകാരം പശു വളർത്തുന്ന ഒരു ക്ഷീരകർഷകനെ ഞാനും കണ്ടിട്ടുണ്ട്. ആന വളർത്തുന്നതിന് നിരോധനമുള്ള ഡൽഹിയിൽ ആന വളര്‍ത്തിയിരുന്ന ഒരു മനുഷ്യന്റെ കഷ്ടപ്പാടുകൾ കുറേക്കാലം മുമ്പ് പത്രത്തിൽ വായിച്ചതും ഈ കഥയിലൂടെ കടന്നുപോയപ്പോൾ ഓർമ വന്നു. സമകാലിക ലോകത്തോട് ചേർന്നു നിൽക്കുന്ന മികച്ച വായനയാണ് 'പശുപഥ'ത്തിന്റേത്. ആശംസകൾ അഭിനന്ദനങ്ങൾ.
കെ.എസ്. ദിലീഷ് ഷൺമഥരൻ
മനോഹരമായ കഥ
പ്രിയസുഹൃത്ത് ട്രൈബി പുതുവയൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ 'പശുപഥം' എന്ന ചെറുകഥ വായിച്ചു. വർത്തമാനകാല സാഹചര്യങ്ങൾക്ക് നേരെ തിരിച്ചുവെച്ച ഒരു കണ്ണാടിപോലെയാണീ കഥ എന്ന് ഒറ്റ വായനയിൽതന്നെ പറയാം. എറണാകുളം നഗരത്തിലെ ക്ഷീര കർഷകനായ ജമാലിനും അദ്ദേഹത്തിന്റെ വെച്ചൂർ പശുവിനും നേരിടേണ്ടിവരുന്ന ഒരു സാങ്കൽപികമായ അവസ്ഥയെ രസകരമായി കഥയിൽ അവതരിപ്പിക്കുന്നു. കാർഷിക ഗവേഷണങ്ങളുടെ ഭാഗമായ, ദേശീയ ജനുസായി അംഗീകരിക്കപ്പെട്ട വെച്ചൂർ പശുവിനെ കഥാപാത്രമായി തിരഞ്ഞെടുത്തത് യാദൃച്ഛികമാകാൻ തരമില്ല. എഴുത്ത് മനോഹരം. അഭിനന്ദനങ്ങൾ.
രജിമോൻ ശ്രീധർ കീച്ചേരി (ഫേസ്ബുക്ക്)
നമ്മുടെ ഭാവിയും ശുഭകരമല്ല
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന 'മീഡിയ സ്കാൻ' പംക്തിയിലൂടെ കർണാടകയിലെ ഒരു എൻജിനീയറിങ് വിദ്യാർഥിയെ സ്വന്തം അധ്യാപകൻ വംശീയാധിക്ഷേപം നടത്തിയ സംഭവം വായിക്കാനിടയായി. വിഴിഞ്ഞം തുറമുഖ പ്രശ്നത്തിന്റെ പേരിൽ പ്രക്ഷോഭകാരികളുടെ കൺവീനർ കൂടിയായ ക്രിസ്ത്യൻ പുരോഹിതൻ മന്ത്രി വി. അബ്ദുറഹ്മാനെ വംശീയമായി ആക്ഷേപിച്ചതും ഇതുമായി കൂട്ടിവായിക്കണം. ആ പേരിൽതന്നെ തീവ്രവാദം ഉണ്ട് എന്നായിരുന്നു പുരോഹിതന്റെ പ്രസ്താവന. വംശീയതയുടെയും വർഗീയതയുടെയും വിഷവിത്തുകൾ തെക്കേ ഇന്ത്യയിലേക്കും ആഴത്തിൽ പടർന്നിരിക്കുന്നു. ദക്ഷിണേന്ത്യയുടെ ഭാവിയും ശുഭകരമല്ലെന്ന് വേണം മനസ്സിലാക്കാൻ.
മുഹമ്മദ് നാഫിഹ്, കൊടുവള്ളി