എഴുത്തുകുത്ത്
ഭൂമിക ഭൂമിക തന്നെ1970കളിലാണ് സാഹിത്യത്തിന്റെ പരിസ്ഥിതി സാന്നിധ്യത്തിന് ശ്രദ്ധകിട്ടി തുടങ്ങിയത്. ജോസഫ് മീക്കർ (Joseph Meeker) എഴുതിയ The Comedy of Survival: Studies in Literary Ecology എന്ന കൃതിയിലാണ് ഇത്തരമൊരാശയംതന്നെ വ്യക്തമായി അവതരിപ്പിക്കപ്പെട്ടതും. പരിസ്ഥിതിവാദംപോലെ തെറ്റും ശരിയും ഏറക്കുറെ വ്യക്തമാക്കപ്പെടുകയും മറ്റു വൈജ്ഞാനികശാഖകളെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ecocriticism പെട്ടെന്നുതന്നെ തിടംവെച്ച്...
Your Subscription Supports Independent Journalism
View Plansഭൂമിക ഭൂമിക തന്നെ
1970കളിലാണ് സാഹിത്യത്തിന്റെ പരിസ്ഥിതി സാന്നിധ്യത്തിന് ശ്രദ്ധകിട്ടി തുടങ്ങിയത്. ജോസഫ് മീക്കർ (Joseph Meeker) എഴുതിയ The Comedy of Survival: Studies in Literary Ecology എന്ന കൃതിയിലാണ് ഇത്തരമൊരാശയംതന്നെ വ്യക്തമായി അവതരിപ്പിക്കപ്പെട്ടതും. പരിസ്ഥിതിവാദംപോലെ തെറ്റും ശരിയും ഏറക്കുറെ വ്യക്തമാക്കപ്പെടുകയും മറ്റു വൈജ്ഞാനികശാഖകളെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ecocriticism പെട്ടെന്നുതന്നെ തിടംവെച്ച് വളർന്നു.
ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘പീ… കോക്ക്’ എന്ന ചെറുകഥയിൽ (പുതുവർഷപ്പതിപ്പ്) പീകോക്ക് എന്ന വാക്ക് രണ്ടായി പിരിച്ചെഴുതുമ്പോൾ ‘പീ’ എന്ന വാക്കിന് മൂത്രമൊഴിക്കുന്നതിനോടും കോക്ക് എന്ന വാക്കിന് പുരുഷലിംഗത്തോടുമുള്ള ബന്ധം സൂചിതമാകുന്നുണ്ട്. ആണഹന്തയുടെ അധിനിവേശ സ്വഭാവവും കഥയിൽ അവിടവിടെ പ്രതിക്കൂട്ടിലാകുന്നുണ്ട്. പരിസ്ഥിതി സാഹിത്യവും വിമർശനവും ഏറെ പ്രാധാന്യം നേടിയിരിക്കുന്ന ഇക്കാലത്ത് ഈ കഥ ഏറെ ശ്രദ്ധേയമാണ്. ഹിച്ച്കോക്കിന്റെ ‘The Birds’ എന്ന സിനിമയുടെ അന്തരീക്ഷമാണ് കഥക്ക് പൊതുവേ ഉള്ളത്. തങ്ങളുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെടുത്തിയ മനുഷ്യനെ മൃഗങ്ങളും പക്ഷികളും വെറുതേവിടേണ്ടെന്ന് തീരുമാനിച്ചാലുണ്ടാവുന്ന ഭീകരത ഈ കഥയിലുണ്ട്.
തങ്ങൾ വംശനാശം വരുത്തിയ പക്ഷികൾക്കും കാട്ടുമൃഗങ്ങൾക്കും ദിവ്യപരിവേഷം നൽകി മനുഷ്യർ തങ്ങളുടെ പാപപരിഹാരം കണ്ടെത്തി സുരക്ഷിതരായി ഇരിക്കുന്നു. അരികുവത്കരിക്കപ്പെട്ടവരെ വാസ്തുഹാരകൾ കൂടിയാക്കിയിട്ട് അതിലൊരാളിനെ റബർസ്റ്റാമ്പാക്കുന്ന വിദ്യയാണ് ഇത്. പക്ഷേ മനുഷ്യരെപ്പോലെ ജന്തുക്കളെ പറ്റിക്കാനാകില്ല. ഇരകൾ വേട്ടക്കാരായി മാറുകതന്നെ ചെയ്യും. കഠോപനിഷത്തിലെ ഒരു ഭാഗവും ഈ കഥ ഓർമിപ്പിക്കുന്നു. വേണ്ടാത്ത പശുക്കളെ ദാനംകൊടുക്കുന്ന അച്ഛൻ വാജശ്രവസ്സിനോട് നചികേതസ്സ് ചോദിക്കുന്നു ഇനി ആർക്കാണ് തന്നെ ദാനം കൊടുക്കുന്നതെന്ന്. ശ്രീകണ്ഠന്റെ കഥയിൽ അച്ഛന്റെ അറവുമൃഗങ്ങളാകാൻ കുട്ടികൾ സന്നദ്ധത പ്രകടിപ്പിക്കുന്നു. ആ വാക്കുകളിൽ ഒരു വലിയ പാഠമുണ്ട്. മനുഷ്യന്റെ ഭാവിയാണ് കുട്ടികൾ. സന്തുലിതമായ ജൈവലോകവും മനുഷ്യന്റെ ഭാവിയാണ്. ഒരു ഭാവി മാത്രമായി ഇല്ലാതാവില്ല. കാരണം ജൈവലോകം ഒരു ക്ലോക്ക് വർക്ക് പോലെയാണ്. ഒരു ചക്രം മാത്രമായി കറങ്ങാതാവില്ല. ഒരു ചക്രത്തിന്റെ അസാന്നിധ്യം എല്ലാ ചക്രങ്ങളുടെയും നിശ്ചലതയിലേക്ക് നയിക്കും.
പ്രകൃതിയും സാഹിത്യകൃതികളുമായുള്ള ബന്ധത്തെയാണ് ഇക്കോ ക്രിട്ടിസിസം പഠനവിഷയമാക്കുന്നത് എന്നതിനാൽ ഒരു കൃതിയുടെ സൗന്ദര്യശാസ്ത്രപരമായ മികവിന് ഈ കാഴ്ചപ്പാട് മാത്രം മതിയാകില്ല. എങ്കിലും ‘ഇടം’ എന്നതിന്റെ പ്രാധാന്യം അളക്കുന്നതുകൊണ്ട് ആ കൃതിയുടെ സാംസ്കാരികനിലവാരം കൂടി അളക്കപ്പെടുമല്ലോ.
ഒരു മനുഷ്യനും അവൻ ജീവിക്കുന്ന ഭൂമിയുമായുള്ള ബന്ധം ശക്തമായി അവതരിപ്പിക്കണമെങ്കിൽ കൃതിക്ക് സൗന്ദര്യം പകരാതെ വഴിയില്ല. പ്രകൃതി കവിതകൾ നൂറ്റാണ്ട് മുമ്പുതന്നെ പ്രചാരം നേടിയവയാണ്. ആഖ്യാനകലകളിൽ പ്രകൃതി എപ്പോഴും കഥാഭൂമികയായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അതും കഥാപാത്രങ്ങളുമായുള്ള ബന്ധം മിക്കവാറും ശുഷ്കമായിരിക്കും. ഖസാക്കിലും പ്രധാനവേഷം പ്രകൃതി-മനുഷ്യ ബന്ധത്തിനല്ലല്ലോ.
ഈ കഥ പക്ഷേ ആ ബന്ധത്തെക്കുറിച്ചുതന്നെയാണ്. ആർദ്രമായി പറഞ്ഞിട്ടുമുണ്ട്. പ്രധാന കഥാപാത്രത്തിന് വളർച്ചയുണ്ട്. പിള്ളവായിൽ കള്ളമില്ല എന്ന് നാട്ടുഭാഷയിലും വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളുടെ ദീർഘദർശനം എന്ന് കാവ്യഭാഷയിലും പറയുന്നതുതന്നെയാണ് കഥയുടെ ൈക്ലമാക്സായി ഉപയോഗിച്ചിരിക്കുന്നത്.
പുരാണവും വർത്തമാനകാലവും ഇടകലർത്തിയാണ് കഥ തുടങ്ങുന്നത്. ആഖ്യാതാവ് ഇത് തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്ത ഒരാളാണെന് തുടർന്ന് നമുക്ക് മനസ്സിലാകുന്നു. അയാളും അതിജീവനത്തിന്റെ പാതയിലാണ്. തുടർന്ന് വരുന്ന ഖണ്ഡികയിലെ പരുന്ത് ചൂഷണത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമാണ്. മാതാപിതാക്കളെക്കാൾ മൊബൈലുകളെ വിശ്വസിക്കുന്ന കുട്ടികൾ, നിലനിൽപിനെക്കാൾ പ്രധാനമാണ് നിലപാടുകൾ എന്ന കാപട്യം കൊണ്ടുനടക്കുന്ന ബിന്ദു എന്ന അധ്യാപിക, നാടിനെ ഒന്നാകെ ബാധിക്കുന്ന പ്രശ്നങ്ങൾ പരസ്പരം പങ്കുവെച്ച് പരിഹാരം കാണാത്ത സമൂഹം എന്നിവയൊക്കെ തുടർന്ന് കഥയിൽ തെളിയുന്നു, ലാളിത്യത്തിന്റെ മേൽമൂടിയുള്ള ഈ കഥ അങ്ങനെ സങ്കീർണമായ ഉള്ളും പേറുന്നു.
ശ്രീകുമാർ എഴുത്താണി
പുതുവർഷം; പുതുവസന്തങ്ങളുടേത്
വിരൽതുമ്പിലൂടെ സംസാരിക്കുകയും, ഇമോജികളിലൂടെ വികാരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു പുതിയ കാലത്ത്, വ്യത്യസ്ത ധാരകളിലെ ചിന്തകളും എഴുത്തും നിലപാടുകളും അണിനിരത്തി ഒരുകൂട്ടം ചെറുപ്പത്തിന്റെ ഉച്ചത്തിലുള്ള വാക്കുകളുടെ തുടിപ്പുകളാൽ സമൃദ്ധമായ ആഴ്ചപ്പതിപ്പിന്റെ പുതുവർഷത്തിലേക്കുള്ള ചിറകടിയൊച്ചകൾ പ്രതീക്ഷകൾക്കുമപ്പുറമായി.
എഴുത്തിന്റെ ദൗത്യത്തെക്കുറിച്ചും, സാഹിത്യം സമൂഹത്തിനോട് ചേർന്നു നിൽക്കേണ്ട വിധത്തെക്കുറിച്ചും ആത്മാവ് തുറന്ന് സംവദിക്കുന്ന ഗീതാഞ്ജലി ശ്രീയുടെ വാക്കുകൾ വായനയുടെ ആത്മാവ് തൊട്ടു. ഓർമയുടെ അറകളിൽനിന്നും ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അടർത്തിയെടുത്ത ഒരു സിനിമാ സ്റ്റൈൽ കോമഡി-ത്രില്ലർ വായനക്ക് ദൃശ്യവിസ്മയമായി.
ചെറുപ്പത്തിന്റെ വലുപ്പം കൃത്യമായി അടയാളപ്പെടുത്താനുതകുന്ന ഈ ലക്കം ആഴ്ചപ്പതിപ്പ് സമൂഹത്തിന്റെയും പ്രകൃതിയുടെയും മനുഷ്യത്വത്തിന്റെയും വ്യത്യസ്തതലങ്ങളെ ആവിഷ്കരിക്കുന്ന നിരവധിയായ കഥകളും കവിതകളുംകൊണ്ട് ധന്യമായി.
യുവത്വത്തിലാണ് ഭാവിയുടെ പ്രതീക്ഷ എന്നതുപോലെ, മാധ്യമം ആഴ്ചപ്പതിപ്പിലൂടെയാകും ഒരുപക്ഷേ, ഇനിയും നവ സർഗാത്മകതയുടെയും സാഹിത്യത്തിന്റെയും വേറിട്ട ചിന്തകളുടെയും അടിയൊഴുക്കുകൾ കാലത്തിന്റെ ഹൃദയത്തിലൂടെ ഒഴുകാനിരിക്കുന്നത്.
എം.കെ. ആസിഫ് മാളിയേക്കൽ, കാളികാവ്
യുവതക്ക് പറയാനുള്ളത്
പുതുമകൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നതിൽ മാധ്യമം ആഴ്ചപ്പതിപ്പിനെ വെല്ലുന്ന ആനുകാലികങ്ങൾ മലയാളത്തിൽ വേറെയില്ലെന്നാണ് കഴിഞ്ഞ 20 വർഷത്തെ മാധ്യമം വായന എന്നോട് പറയുന്നത്. ‘‘LISTEN WHAT YOUTH SAY’’ എന്ന കവർ വാക്യത്തോടെ ഇറക്കിയ ലക്കം അതിനുള്ള തെളിവാണ്. ഞാനൊരു കഥാസ്വാദകനായതുകൊണ്ടാകാം യുവനിരക്കാരുടെ അഞ്ചു കഥകളിലേക്കാണ് ആദ്യം കണ്ണെത്തിയതെങ്കിലും ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ ‘അമിതാഭ് ബച്ചന് ഒരു ബാര്‍ബര്‍ ഷാപ്പുകാരനോട് ചെയ്തത്’ എന്ന അനുഭവക്കുറിപ്പ് കണ്ടപ്പോള്‍ അത് വായിച്ചിട്ട് മുന്നോട്ടുപോയാല്‍ മതിയെന്ന് മനസ്സു മന്ത്രിച്ചു. കുറെ നാളുകളായി ശിഹാബുദ്ദീനെ വായിച്ചിട്ട്. കഴിഞ്ഞ ഓണപ്പതിപ്പുകളിലൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല.
വളപട്ടണം പൊയ്ത്തുംകടവ് ഗ്രാമത്തിന്റെ രേഖാചിത്രങ്ങളാണ് ആ അനുഭവക്കുറിപ്പില്‍ വരച്ചിട്ടിരിക്കുന്നത്. അതിലൂടെ പൊയ്ക്കൊണ്ടിരിക്കവേ എന്റെ ഗ്രാമത്തിലെ ചില മനുഷ്യരും ഓർമയിലേക്ക് കടന്നുവന്നു. ശിഹാബുദ്ദീന്റെ ‘വനജ’ ഞങ്ങളുടെ ‘ജോളി’ ടാക്കീസാണ്. അതുപോലെ ശിഹാബുദ്ദീന്റെ അലിക്ക എന്ന മുടിവെട്ടുകാരന് ഞങ്ങള്‍ക്ക് കുട്ടപ്പനാണ്. നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യർ ജീവിച്ചിരുന്ന പഴയ കാലത്തിന് ജീവന് പകരുകയാണ് ശിഹാബുദ്ദീന്. അക്കാലങ്ങള്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലല്ലോ എന്നോർത്തപ്പോൾ മനസ്സില്‍ ദുഃഖം കിനിഞ്ഞു.
ആധുനികതയുടെ മുഖംമൂടിയണിഞ്ഞ കുറെ കെട്ടുകാഴ്ചകള്‍ മാത്രമായി നമ്മുടെ ഗ്രാമങ്ങൾ മാറിയിരിക്കുന്നു. ലഹരിയുടെ ഉന്മാദങ്ങള്, ചായക്ക് മധുരം കുറഞ്ഞാല്‍ കുത്തിക്കൊല്ലല്‍, ബലാത്സംഗം, ബാലപീഡനം, പിടിച്ചുപറി... അങ്ങനെ അമ്മ-പെങ്ങന്മാരോടൊപ്പം പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നമട്ടിലങ്ങനെ കഴിഞ്ഞുപോകുന്നു.
ഒരു മൊഴിമാറ്റമടക്കം ആറു കഥകൾ വായിച്ചതില്‍ എനിക്കിഷ്ടപ്പെട്ടത് നിഷ അനില്‍കുമാര്‍ എഴുതിയ ‘ഗാന്ധിയുടെ കാമുകി’ മാത്രം. മറ്റുള്ളവയില്‍ ചിലത് കൃത്രിമത്വത്താൽ അരോചകമായപ്പോള്‍ ചിലത് മനസ്സിലാവാതെ പോയി. പണ്ഡിതനും പാമരനും ഒരുപോലെ മനസ്സിലാകുന്നതാകണം അല്ലാതെ ബുദ്ധികൊണ്ട് നിർധാരണം ചെയ്യേണ്ടവയല്ല കഥകള്‍. ഒരു പൂ വിരിയുംപോലെ ആസ്വാദകമനസ്സുകളില്‍ അനുഭൂതികൾ നിറക്കാന്‍ അവക്ക് കഴിയണം. കവിതക്കും ബാധകമാണ് ഈ നിര്‍വചനം. സച്ചിദാനന്ദന്, കെ.ജി.എസ്, സാവിത്രി രാജീവന്, പി. രാമന്, എസ്. ജോസഫ് തുടങ്ങിയവരുടെ കവിതകള്‍ ആസ്വാദകനയനങ്ങളില് അഞ്ജനമെഴുതിക്കുംവിധം ഭാവനാസമ്പന്നം. പുതു കവിതകളില്‍ നിഷ നാരായണന്റെ ‘മുംബൈക്ക് മീതെ ഇവള്‘, ജെനി ആൻഡ്രൂസിന്റെ ‘കൂടാരരാത്രി’ എന്നിവ മനസ്സിൽ പ്രകാശം പരത്തി. പുതുവര്‍ഷത്തെ പുണരാനെത്തിയ മാധ്യമത്തിന്റെ ഈ ഉദ്യമം പ്രതീക്ഷ നല്കുന്നു.
സണ്ണി ജോസഫ്, മാള
അറിയിപ്പ്
പുതുകഥ ചെറുകഥാ ശിൽപശാല
തനിമ കലാ സാഹിത്യവേദി കേരള ‘പുതുകഥ’ എന്ന പേരില്‍ ഫെബ്രുവരി 11, 12 (ശനി, ഞായര്‍) തീയതികളില്‍ ആലുവയില്‍ ദ്വിദിന കഥാശിൽപശാല സംഘടിപ്പിക്കുന്നു. പുതുകഥകളുടെ സങ്കേതങ്ങളെക്കുറിച്ച പഠനങ്ങൾക്കാണ് ഊന്നല്‍. ശിഹാബുദ്ദീന് പൊയ്ത്തുംകടവാണ് ഡയറക്ടര്‍. കഥാകൃത്തുകളും നിരൂപകരും ക്ലാസുകള്‍ നയിക്കും. 18നും 45നും ഇടയില്‍ പ്രായമുള്ള താല്പര്യമുള്ളവര് സ്വന്തം കഥയുടെ കോപ്പി ബയോഡേറ്റ സഹിതം ഡോ. എം. ഷാജഹാന്, കണ്‍വീനര്‍, പുതുകഥ ശിൽപശാല, തനിമ കലാസാഹിത്യ വേദി, പി.ബി നമ്പര്‍: 833, മാവൂര്‍ റോഡ്, കോഴിക്കോട്. 673 004 എന്ന വിലാസത്തിലോ thanimakv@gmail.com ഇ-മെയിലിലോ ജനുവരി 31നു മുമ്പായി അപേക്ഷിക്കുക. ഫോണ്‍ 8848617484, 9946227590.