എഴുത്തുകുത്ത്
യൂറോപ്പിന്റെ ഇരട്ടത്താപ്പുകൾകഴിഞ്ഞ ഏതാനും ലക്കങ്ങളിലായി യാസീൻ അശ്റഫ് 'മീഡിയ സ്കാനി'ൽ എഴുതുന്ന കാര്യങ്ങൾ വായിച്ചാൽ ഖത്തർ ലോകകപ്പിനെ എന്തുമാത്രം അസഹിഷ്ണുതയോടെയാണ് യൂറോപ്യൻ മാധ്യമങ്ങൾ നോക്കിക്കാണുന്നതെന്ന് മനസ്സിലാകും. വംശീയതക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുന്നുവെന്ന പേരിലാണ് യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പിനെത്തുന്നതെങ്കിലും അവരുടെ ഉള്ളിലുള്ള പശ്ചിമേഷ്യയോടുള്ള മുൻവിധികളും വെറുപ്പും അവരുടെ നടപടികളിൽ കാണാൻ സാധിക്കും. ഖത്തർ ലോകകപ്പിനെ അപകീർത്തിപ്പെടുത്താൻ ഓരോ ദിവസവും എന്തുമാത്രം കഥകളാണ് യൂറോപ്യൻ മാധ്യമങ്ങൾ മെനയുന്നത്. ലോകകപ്പ് ആരംഭിച്ചതോടെ കാര്യമായ വിമർശനങ്ങൾ ഉന്നയിക്കാൻ...
Your Subscription Supports Independent Journalism
View Plansയൂറോപ്പിന്റെ ഇരട്ടത്താപ്പുകൾ
കഴിഞ്ഞ ഏതാനും ലക്കങ്ങളിലായി യാസീൻ അശ്റഫ് 'മീഡിയ സ്കാനി'ൽ എഴുതുന്ന കാര്യങ്ങൾ വായിച്ചാൽ ഖത്തർ ലോകകപ്പിനെ എന്തുമാത്രം അസഹിഷ്ണുതയോടെയാണ് യൂറോപ്യൻ മാധ്യമങ്ങൾ നോക്കിക്കാണുന്നതെന്ന് മനസ്സിലാകും. വംശീയതക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുന്നുവെന്ന പേരിലാണ് യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പിനെത്തുന്നതെങ്കിലും അവരുടെ ഉള്ളിലുള്ള പശ്ചിമേഷ്യയോടുള്ള മുൻവിധികളും വെറുപ്പും അവരുടെ നടപടികളിൽ കാണാൻ സാധിക്കും.
ഖത്തർ ലോകകപ്പിനെ അപകീർത്തിപ്പെടുത്താൻ ഓരോ ദിവസവും എന്തുമാത്രം കഥകളാണ് യൂറോപ്യൻ മാധ്യമങ്ങൾ മെനയുന്നത്. ലോകകപ്പ് ആരംഭിച്ചതോടെ കാര്യമായ വിമർശനങ്ങൾ ഉന്നയിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. എന്നാൽ, അതിനിടയിലും ഫാൻസോണിലുണ്ടാകുന്ന ചെറിയ തിക്കും തിരക്കുകളും ചെറിയ ട്രാഫിക് േബ്ലാക്കുമെല്ലാമെടുത്ത് അവർ പെരുപ്പിച്ച് കാണിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾക്ക് മുന്നിൽനിൽക്കുന്ന ബ്രിട്ടീഷ് മാധ്യമങ്ങൾ അവരുടെ നാട്ടിൽ നടന്ന യൂറോകപ്പിൽ ഇംഗ്ലീഷ് ആരാധകർ ഇറ്റാലിയൻ ആരാധകരെ ആക്രമിച്ചതെല്ലാം സൗകര്യപൂർവം മറക്കുന്നു. ഏഷ്യയെയും ആഫ്രിക്കയെയുമെല്ലാം വർഷങ്ങളോളം അടിമകളാക്കിയും സമ്പത്ത് കൊള്ളയടിച്ചും നേടിയ പ്രതാപത്തിന് മുകളിലിരുന്നാണ് പല രാജ്യങ്ങളും ഇന്ന് ഈ രാജ്യങ്ങളെ അവജ്ഞയോടെ നോക്കുന്നത്. ഒരുപക്ഷേ നാളെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും മറ്റൊരു രീതിയിലുള്ള അവഹേളനവും വ്യാജപ്രചാരണങ്ങളുമുണ്ടാകും. ദക്ഷിണാഫ്രിക്കൻ ലോകകപ്പ് തന്നെ ഉദാഹരണം.
ഹബീബ്, പെരിന്തൽമണ്ണ
പാട്ടെഴുത്ത് മനോഹരം, പാട്ടുപോലെത്തന്നെ
സംഗീതത്തിന് ആസ്വാദകമനസ്സുകളെ ഏതറ്റംവരെ കൊണ്ടുപോകാമെന്നതിന്‍റെ തെളിവാണ് മുഹമ്മദ് റഫിയുടെ ''ഓ ദുനിയാ കേ രഖ് വാലെ...'' എന്നു തുടങ്ങുന്ന അനശ്വര ഗാനം. ആ പാട്ട് കേട്ട് കരയുന്നവരെയും ഇതികര്‍ത്തവ്യഥാമൂഢരായി ഇരിക്കുന്നവരെയും ദീര്‍ഘനിശ്വാസം വിടുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഗാനം ആലപിച്ച് കൈയടി നേടിയിട്ടുള്ള അനേകം ഗായകരില്‍ ഒരാളാണ് കൊച്ചിന്‍ ഇബ്രാഹിം. അങ്ങനെ പലരുടെയും തലോടല്‍ ഏറ്റുവാങ്ങി അനശ്വരതയിലേക്കുയര്‍ന്ന ഈ ഗാനത്തിന് 70 വയസ്സു തികയുന്ന വേളയില്‍ രവി മേനോന്‍ എഴുതിയ 'പാട്ടുകളുടെ ചക്രവര്‍ത്തി' എന്ന 'പാട്ടെഴുത്ത്' മനോഹരമായിരിക്കുന്നു (ലക്കം: 1292). ആസ്വാദകരുടെ വൈയക്തികമായ ഭാവങ്ങളും വൈകാരികമായ ചോദനകളും ഉണര്‍ത്തുന്ന ഇത്തരമൊരു ഗാനം ഇന്ത്യന്‍ പനോരമയില്‍ അപൂര്‍വമാണ്. ഇന്നും എത്രയോ പേര്‍ ഈ പാട്ട് ദിവസേനയെന്നോണം കേള്‍ക്കുന്നുണ്ട്? ബേപ്പൂര്‍ സുല്‍ത്താനും കോഴിക്കോട്ടെ റേഡിയോ കോയയും കൊരട്ടിയിലെ മാര്‍ട്ടിന്‍ ചേട്ടനും അവരില്‍ ചിലര്‍ മാത്രം. മുഹമ്മദ് റഫിയുടെ പാട്ടാരാധകര്‍ക്കുവേണ്ടി ഞായറാഴ്ച തോറും വീട്ടില്‍ മെഹ്ഫിൽ നടത്തുന്ന റേഡിയോ കോയ രവി മേനോന്‍ പരാമര്‍ശിച്ചിരിക്കുന്ന ജോണിയെപ്പോലെ മറ്റൊരത്ഭുതമാണ്. എന്‍റെ അറിവുപ്രകാരം മുഹമ്മദ് റഫി പാടിയിട്ടുള്ള ഒട്ടുമിക്ക ഗാനങ്ങളുടെയും എല്‍.പി ഡിസ്കുകള്‍ കോയാക്കയുടെ ശേഖരത്തിലുണ്ട്.
ലോകത്ത് ഏറ്റവുമധികം ആസ്വാദകരുള്ള കലാരൂപമാണ് സംഗീതം. അതിന്‍റെ അമൂര്‍ത്തമായ ഭാവനാസിദ്ധിയുടെ മികവുകൊണ്ടാണ് ഇത്തരം ഗാനങ്ങള്‍ എഴുപതാണ്ട് പിന്നിട്ടിട്ടും മനസ്സിന്‍റെ മൃദുലതന്ത്രികളെ തൊട്ടുണര്‍ത്തുന്നത്. ഈ ഗാനവും രവി മേനോന്‍റെ പാട്ടെഴുത്തും ചങ്ങമ്പുഴ കവിതപോലെ ഏറെ ആസ്വദനീയം. ജീവന്‍ സ്ഫുരിക്കുന്ന ഭാഷ. വിരല്‍ത്തുമ്പില്‍ ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുള്ള ഈ എഴുത്തുകാരന്‍റെ പേര്‍ എവിടെ കണ്ടാലും ഞാന്‍ ശ്രദ്ധിക്കും. ഇന്ത്യന്‍ സംഗീതത്തിന്‍റെ കുലപതിയായ റഫിയെ കുറിച്ചെഴുതാന്‍ രവി മേനോനോളം സർഗപ്രതിഭയുള്ള മറ്റൊരാള്‍ ഇല്ല.
സണ്ണി ജോസഫ്, മാള
ജനകീയ സമരങ്ങളെ ഭയപ്പെടുന്ന വിപ്ലവ പാർട്ടികൾ!
ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യമായ ചലനങ്ങളാണ് സിവിൽ സമരങ്ങൾ. ഇന്ന് മുഖ്യധാരയിൽ ഞെളിഞ്ഞിരിക്കുന്ന മിക്കവാറും രാഷ്ട്രീയ പാർട്ടികളും അത്തരം ജനകീയ സമരങ്ങളിലൂടെ വളർന്നുവന്നവരാണ്. പക്ഷേ, സമരങ്ങളിലൂടെ നടന്നു കയറി അധികാരത്തിലെത്തിയ വിപ്ലവ പാർട്ടികൾപോലും ജനകീയ സമരങ്ങളെ ഭയപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ആവേശത്തോടെ സമരം നടത്തിയ പലരും അധികാരത്തിന്റെ ചെങ്കോൽ കൈയിൽ വരുമ്പോൾ സമരങ്ങളോട് അസഹിഷ്ണുതയും അമർഷവും പ്രകടിപ്പിക്കുന്ന പതിവ് കാഴ്ചകൾ തുടർന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരും പാർശ്വവത്കരിക്കപ്പെടുന്നവരും തീർച്ചയായും സ്വന്തം കിടപ്പാടവും ജീവിതവും സംരക്ഷിക്കാൻ സമരങ്ങളുടെ തീച്ചൂളയിലേക്കെടുത്തെറിയപ്പെടും. ഇതിനർഥം വികസനം വേണ്ട എന്നല്ല. തീർച്ചയായും ആധുനിക കാലഘട്ടത്തിൽ നാടിന്റെയും റോഡിന്റെയുമൊക്കെ വികസനം അനിവാര്യമാണ്. പക്ഷേ, ഓരോ സ്ഥലത്തും പ്രകൃതിയെ അറിഞ്ഞുവേണം വികസന പദ്ധതികൾ നടപ്പാക്കാൻ. അല്ലാതെ കോർപറേറ്റുകൾക്ക് വേണ്ടി ദേശത്തിലെ പാവപ്പെട്ട സാധാരണക്കാരെ വേരോടെ പിഴുതെറിഞ്ഞ് നടത്തുന്ന വികസന പേക്കൂത്തുകൾക്കെതിരെ തീർച്ചയായും ജനാധിപത്യ സമൂഹത്തിൽ പ്രതികരണങ്ങൾ ഉണ്ടാവും. അപ്പോൾ ജനങ്ങളുടെ ആവശ്യങ്ങൾ അവധാനപൂർവം പരിഗണിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, പരിഹരിച്ചു വേണം വികസന പദ്ധതികളുമായി മുന്നോട്ടുപോകാൻ. അല്ലാതെ, അധികാരത്തിന്റെ തിണ്ണബലത്തിൽ ജനകീയ സമരങ്ങൾ അടിച്ചമർത്തി ധാർഷ്ട്യത്തോടെ അധികാരത്തിന്റെ ലാത്തിയുമായി മുന്നോട്ടുപോകാൻ ഒരു ഭരണകൂടത്തിനും സാധ്യമല്ല.
കേരളത്തിൽ അടുത്തിടെ നടന്ന രണ്ട് പ്രധാന സമരങ്ങളായ ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരത്തെയും സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള സമരങ്ങളെയും ഇടതുപക്ഷ സർക്കാർ നേരിട്ടത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമർത്തിയും തീവ്രവാദ ചാപ്പകുത്തിയുമാണ്, ഒരുപാട് സമരങ്ങൾക്കും പോരാട്ടങ്ങൾക്കും നേതൃത്വം കൊടുത്ത ഇടതുപക്ഷംപോലും നേരിടുന്നത് എന്നറിയുമ്പോൾ അധികാരം രാഷ്ട്രീയ പാർട്ടികളെ എത്രത്തോളം ദുഷിപ്പിക്കുന്നു എന്ന് തെളിയുന്നു. ഇപ്പോൾ കോതിയിൽ നടന്നുകൊണ്ടിരിക്കുന്ന മാലിന്യപ്ലാന്റ് വിരുദ്ധ സമരത്തെയും സമാന രീതിയിൽതന്നെയാണ് സർക്കാർ നേരിടുന്നത്. ജനങ്ങൾ നിലനിൽപിനുവേണ്ടി പോരാടുമ്പോൾ അതിനെ അടിച്ചമർത്തുന്നതിനു പകരം സമരത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് അർഹമായ നഷ്ടപരിഹാരം നൽകി മുന്നോട്ടുപോകുക എന്നതാണ് കരണീയം. അല്ലെങ്കിൽ അധികാരത്തിന്റെ കിരീടവും ചെങ്കോലും ജനങ്ങൾ തിരിച്ചുമേടിക്കുന്ന കാലം വിദൂരമല്ല.
നജീബ് കാഞ്ഞിരോട്
സൈക്കോ ത്രില്ലർ കഥ
പെൺ ഐഡികളുടെ പച്ച കത്താൻ കാത്തിരിക്കുകയാണ് എഫ്.ബിയിലെ പൂവാലന്മാർ. ചാറ്റടിച്ച് 'ഓളെ മയക്കാൻ', അവയിൽനിന്നും വല്ല പോസ്റ്റും വീഴാൻ കാത്തിരിക്കുകയാണ് വെറിയാണുങ്ങൾക്ക് ഓളെ തെറികമന്റുകളിലൂടെ വട്ടം കറക്കാൻ. ഈ രണ്ട് സമസ്യകൾക്കുമിടയിലാണ് മാധ്യമപ്രവർത്തകയായ നിലീന സുരക്ഷയോടെ ആൺ വ്യാജ ഐ.ഡിയിൽ സാമൂഹിക വിമർശനത്തിന് സൈബറിടം തേടിയത്. ഏതോ ഭോജ്പൂരി നടന്റെ മുഖംവെച്ച് ഒരു സൈമൺ സക്കറിയ. പിന്നെ ഇരുവരും രണ്ടായി മാറി സാമൂഹിക തിന്മകൾക്കെതിരെ രണ്ട് തരത്തിൽ പ്രതികരിക്കുന്നു. അഥവാ പുരുഷസുരക്ഷയുടെ പരബോധത്തോടെ എഴുത്തിലൂടെയും കായികമായും എതിരിടുന്നു. ഇവിടെ നിലീനയിൽനിന്നും വേറിട്ട് സൈമൺ സക്കറിയ സാമൂഹിക തിന്മകൾ ചെയ്യുന്നവരെ കായികമായി നേരിടുന്നതായി അവൾക്ക് തോന്നുന്നു. തന്നിലെ പരബോധം കൊലയും അക്രമവും നടത്തുന്നു. വ്യാജ ഐ.ഡി തന്നിലുണ്ടാക്കിയ മാനസിക വ്യാധിയെ പറ്റി ഉത്കണ്ഠപ്പെടുന്ന അവൾതന്നെയാണോ കൊല ചെയ്യുന്നതെന്ന് സംശയിച്ചുപോകും.
അപർണ കുറുപ്പ് മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ (ലക്കം: 1292) 'ഫേക്ക് ഐ.ഡി' എന്ന കഥയെ സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുത്താം. വായനയെ നിരാശപ്പെടുത്തില്ല.
നസ്റു ഷമി കറുപ്പംവീട്, ഫേസ്ബുക്ക്
അറിയിപ്പ്:
തനിമ പുരസ്‌കാരം
14ാമത് തനിമ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2019, 2020, 2021 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യ ചെറുകഥാ സമാഹാരമാണ് ഇത്തവണ മത്സരത്തിന് പരിഗണിക്കുന്നത്. കൃതികള്‍ മലയാളത്തിൽ എഴുതപ്പെട്ടതും മൗലികവുമായിരിക്കണം. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും കൃതികള്‍ അയക്കാം. 10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്നു കോപ്പികള്‍ 2023 ജനുവരി 20നകം താഴെ വിലാസത്തില്‍ അയക്കുക. കണ്‍വീനര്‍, തനിമ പുരസ്‌കാരം, തനിമ കലാസഹിത്യവേദി കേരള, പി.ബി നമ്പര്‍: 833, മാവൂര്‍ റോഡ്, കോഴിക്കോട് - 673 004. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 9946227590.
പേരക്ക ബുക്‌സ് സാഹിത്യ അവാർഡ്
പേരക്ക ബുക്‌സ് മൂന്നാമത് സാഹിത്യ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ബാലസാഹിത്യകൃതികള്‍ക്കാണ് പുരസ്‌കാരം. നോവല്‍, കഥകള്‍, പ്രമുഖരുടെ ജീവചരിത്രം, വൈജ്ഞാനികം, സന്മാര്‍ഗ കഥകള്‍, ജന്തു കഥകള്‍, നാടോടിക്കഥകളുടെ സ്വതന്ത്ര പുനരാഖ്യാനം തുടങ്ങിയ കൃതികളാണ് അയക്കേണ്ടത്. കവിതകളും നാടകങ്ങളും പരിഗണിക്കില്ല. പുരസ്‌കാരം നേടുന്ന കൃതിക്ക് 10,000 രൂപയും 10,000 രൂപയുടെ പുസ്തകങ്ങളും പുരസ്‌കാരം നല്‍കും. രണ്ടും മൂന്നും സ്ഥാനം നേടുന്ന കൃതികള്‍ക്ക് യഥാക്രമം 10000, 7000 രൂപയുടെ പുസ്തകങ്ങളാണ് പുരസ്‌കാരമായി നല്‍കുക. തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പേരക്ക ബുക്‌സ് പ്രസിദ്ധീകരിക്കും. 100 പേജില്‍ കവിയാത്ത ഡി.ടി.പി ചെയ്ത മാറ്ററാണ് അയക്കേണ്ടത്. രചനകള്‍ perakkaonam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിൽ അയക്കാം. തപാൽ വഴിയാണെങ്കിൽ ഹംസ ആലുങ്ങല്‍, പേരക്ക ബുക്‌സ്, പുതിയ ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്, ഫസ്റ്റ് ഫ്ലോർ, റൂം നമ്പര്‍ 23, മാവൂര്‍ റോഡ്, കോഴിക്കോട്, 673001. 9946570745 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി: 2023 ഫെബ്രുവരി 20.