എഴുത്തുകുത്ത്
‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി?‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന പേരിൽ ഏഴ് ദശാബ്ദങ്ങൾക്കു മുമ്പുണ്ടായ വിഖ്യാത നാടകത്തെ അതിന്റെ സപ്തതിവർഷത്തിൽ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ബൈജു ചന്ദ്രൻ ഓർത്തെടുത്തത് നന്നായി (ലക്കം: 1294). കമ്യൂണിസം ഒരു വൈകാരികാവേശം മാത്രമാണ്. അതിന് ഒരു വ്യവസ്ഥാപിത ഭരണവർഗ പാർട്ടികളിൽനിന്നും വ്യത്യസ്തമായ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളുണ്ടെന്ന്...
Your Subscription Supports Independent Journalism
View Plans‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി?
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന പേരിൽ ഏഴ് ദശാബ്ദങ്ങൾക്കു മുമ്പുണ്ടായ വിഖ്യാത നാടകത്തെ അതിന്റെ സപ്തതിവർഷത്തിൽ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ബൈജു ചന്ദ്രൻ ഓർത്തെടുത്തത് നന്നായി (ലക്കം: 1294). കമ്യൂണിസം ഒരു വൈകാരികാവേശം മാത്രമാണ്. അതിന് ഒരു വ്യവസ്ഥാപിത ഭരണവർഗ പാർട്ടികളിൽനിന്നും വ്യത്യസ്തമായ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളുണ്ടെന്ന് തെളിയിക്കാൻ നാളിതുവരെ സാധിച്ചിട്ടില്ല. കാരണം, അതൊരു ഉട്ടോപ്യൻ പ്രത്യയശാസ്ത്രമാണ്. ജോർജ് ബർണാഡ്ഷാ ഒരിക്കൽ പറഞ്ഞത് ഓർമ വരുന്നു: ‘‘നാൽപത് വയസ്സുവരെ ഒരാൾ കമ്യൂണിസ്റ്റായില്ലെങ്കിൽ അയാൾക്ക് ഹൃദയമില്ല. നാൽപത് വയസ്സിനുശേഷവും കമ്യൂണിസ്റ്റാണെങ്കിൽ അയാൾക്ക് ബുദ്ധിയുമില്ല.’’ കമ്യൂണിസത്തിന്റെ വർത്തമാന രാഷ്ട്രീയ കളികൾ കാണുമ്പോൾ ബർണാഡ് ഷായുടെ ആ കണ്ടെത്തലിനെ നമിക്കാൻ തോന്നുന്നു.
തൊണ്ണൂറുകളിൽ സാർവദേശീയതലത്തിലും അതിനുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലും അത് തകർന്നു തുടങ്ങി. 1964ൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അത് രണ്ടായി പിളർന്നു. സി.പി.ഐ, സി.പി.എം എന്നീ പേരുകളിലായി. അതിനുശേഷം എത്രയോ പിളർപ്പുകൾ കമ്യൂണിസ്റ്റ് അനുകൂലികളിലും അവരുടെ കലാസാഹിത്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവരിലും സൈദ്ധാന്തികരിലും ഹൃദയഭേദകത്വമുണ്ടാക്കി. ഒ.എൻ.വി ഒരിക്കൽ എഴുതി: ‘‘ഭൂമി കന്യയേ വേൾക്കാൻ വന്ന മോഹമേ!/ ഇന്ദ്രകാർമുകം കുലച്ചു നീ തകർത്തെന്നോ...’’ ആ സ്വപ്ന വാർമഴ വില്ല് കുലച്ചുതകർക്കുകയാണ് ഉണ്ടായത്. കിട്ടിയതോ അവയുടെ സ്വപ്നരംഗത്തിന്റെ വളപ്പൊട്ടുകളും. കക്ഷിരാഷ്ട്രീയക്കാരന് പിന്നെയും അതിജീവന തന്ത്രങ്ങൾ കാണും. പക്ഷേ, അത് നിസ്വവർഗങ്ങൾ കണ്ട അവരുടെ സ്വപ്ന സാക്ഷാത്കാരമല്ല.
ദശാബ്ദങ്ങളിലേറെ കാലം ബംഗാളിൽ കമ്യൂണിസ്റ്റ്-ഇടതുപക്ഷ സഖ്യങ്ങൾ ഭരിച്ചു. അവിടെ എന്തുണ്ടായി? നന്തിഗ്രാമിൽ, ബുദ്ധദേവ് ഭട്ടാചാര്യയുടെ സർക്കാർ കോർപറേറ്റുകൾക്കായി ഭൂമി നൽകി. മാത്രമല്ല, അതിൽ പ്രതിഷേധിച്ച ഭൂരഹിതരായ സാധാരണക്കാെര ആക്രമിക്കുകയും ചെയ്തു. ഇതാണോ ഇവിടത്തെ നിസ്വവർഗം ഒരുകാലത്ത് കണ്ട കമ്യൂണിസ്റ്റ് സ്വർഗം? 1957ൽ ഇന്ത്യയിലാദ്യമായി കമ്യൂണിസ്റ്റ് ഭരണം ഇ.എം.എസിന്റെ നേതൃത്വത്തിൽ വന്നപ്പോൾ അന്നത്തെ പൊലീസ് രാജിൽ കാട്ടാമ്പള്ളിയിലും കീഴ്പ്പള്ളിയിലും ചന്ദനത്തോപ്പിലും മൂന്നാറിലും വെടിയേറ്റ് മരിച്ചത് ഇവിടത്തെ ഭൂരഹിതരായ പാവങ്ങളായിരുന്നു. എന്നിട്ടും നിങ്ങൾ വിപ്ലവ ജാർഗണുകൾ മുഴക്കുന്നത് ആർക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്?
കോൺഗ്രസിന്റെ ഭരണകുത്തക തകർത്ത് പാവപ്പെട്ടവരുടെ ലോകം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വരുന്ന നിങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ നിങ്ങളും അവരും ഒന്നുതന്നെയെന്ന് സാധാരണ ജനം പറഞ്ഞാൽ അവരെ കുറ്റപ്പെടുത്തുവാൻ കഴിയുമോ? ഇവിടെയാണ് സിവിക് ചന്ദ്രനെഴുതിയ നാടകത്തിലെ ചോദ്യം പ്രസക്തമാകുന്നത്. ‘‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി?’’
കെ.ടി. രാധാകൃഷ്ണൻ കൂടാളി
ഇന്ത്യയെ പകർത്തുന്ന കഥ
‘വിശുദ്ധ പശു’ എന്ന ഒരു ചെറുകഥ വളരെ കാലങ്ങൾക്കുമുമ്പ് മാധവിക്കുട്ടി എഴുതിയത് വരാൻ പോകുന്ന ഭീകരകാലത്തെ മുൻകൂട്ടി കണ്ടല്ല. എന്നാൽ, സ്വപ്നം യാഥാർഥ്യമാകുന്നതുപോലെ ആ ഭീകരകാലം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ‘പശുപഥം’ (ലക്കം: 1293) എന്ന കഥയിൽ കഥാനായകൻ സ്വപ്നം കാണുന്നതാണെങ്കിലും ചൂണ്ടുപലക വരാനിരിക്കുന്ന ഭീകരദിനങ്ങളെയാണ്. വർത്തമാന ഇന്ത്യയെ പകർത്തുന്ന കഥയെഴുതിയ ട്രൈബി പുതുവയലിന് ആശംസകൾ.
ടി.ഡി. ഗോപാലകൃഷ്ണ റാവു, തെക്കേടത്ത്
ഹൃദയം നനക്കുന്ന കവിത
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1294ൽ നിബുലാൽ വെട്ടൂർ എഴുതിയ കവിത ‘മഴച്ചിത്രങ്ങൾ’ ഹൃദയത്തെ നനക്കുന്നു.
മുറ്റത്ത് പൂക്കും
മുക്കുറ്റി പോൽ
പൊട്ടിത്തെറിച്ചു
വിടരും തുള്ളികൾ...
എന്ന വരികളിലൂടെ നിബുലാൽ മഴച്ചിത്രങ്ങൾ കാണാൻ വായനക്കാരെ ക്ഷണിക്കുന്നു. മഴ ഒരിടത്ത് സന്തോഷം തീർക്കുമ്പോൾ തന്നെ മറുവശത്ത് സമൂഹത്തിന്റെ താഴേക്കിടയിൽ ഉള്ളവർക്ക് കിടപ്പാടം നഷ്ടമാകുന്നതിന്റെ വേദനിപ്പിക്കുന്ന ചിത്രങ്ങളും നൽകുന്നു.
നാടൻ ബിംബങ്ങളിലൂടെയാണ് ഈ കവിതയിൽ വാങ്മയചിത്രങ്ങൾ നിർമിക്കുന്നത്. വർഷകാലത്തെ മഴയിൽ കുരുത്ത് വസന്തകാലത്ത് വിടരുന്നതാണ് മുക്കുറ്റി. ഋതുക്കളുടെ പരസ്പരബന്ധത്തെ തന്നെയാണ് ആദ്യവരിയിൽ പറയുന്നത്. ഒപ്പം മഴത്തുള്ളി മണ്ണിൽ വീണു ചിതറുമ്പോൾ അത് മുക്കുറ്റിയുടെ രൂപത്തിൽ ആകുന്നു. കവിയുടെ സൂക്ഷ്മ നിരീക്ഷണപാടവമാണ് ഇത്.
ആ സൂക്ഷ്മനിരീക്ഷണം അവസാനവരികളിൽ വരെ കാണാൻ കഴിയും. അവസാന വരികളിലെ കവിഭാവന വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു.
കുട്ടികൾക്ക് മഴ അത്ഭുതവും ആഹ്ലാദവുമാണ് സൃഷ്ടിക്കുന്നത്. അവർ മുറ്റത്ത് ഇളം കാലുകൾകൊണ്ട് നിർമിക്കുന്ന ചിത്രങ്ങൾ ഓർമപ്പെടുത്തൽ കൂടിയാണ്. പുതുതലമുറയിൽ എത്ര പേർക്ക് മഴയനുഭവം ഉണ്ട്..? അമ്മയുടെ ഈർക്കിലി ചൂലും മഴവെള്ളം തൂത്ത് കളയലും ഗൃഹാതുരത ഉണർത്തുന്നവയാണ്.
കാഴ്ചകൾ കണ്ടു കഴിയുമ്പോൾ സാന്ദ്രമായ ഒരു വിങ്ങൽ ഉള്ളിലൊതുക്കുന്ന അനുഭവം. വേലിക്കെട്ടുകൾ തകർത്ത് മഴത്തുള്ളികൾ പാഞ്ഞു പോകുമ്പോൾ ഹൃദയം പൊട്ടിപ്പോകുന്ന രംഗങ്ങൾ മനസ്സിൽ ഓടിയെത്തും. ഹൃദയത്തെ പിടപ്പിക്കുന്ന അതിമനോഹര കവിത.
സന്തോഷ് ഇലന്തൂർ
പ്രഫ. നിവേദിതയുടെ ആശങ്കകൾ
പ്രഫ. നിവേദിത മേനോനുമായി പി.പി. പ്രശാന്ത് നടത്തിയ അഭിമുഖം കേന്ദ്രം ഭരിക്കുന്നവർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢതന്ത്രങ്ങൾ വായനക്കാർക്ക് മനസ്സിലാക്കാൻ സഹായകരമായി (ലക്കം: 1292). ബോളിവുഡ് ചിത്രം ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ ഗോവ ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ വിമർശനം ഉന്നയിച്ചത് ഇസ്രായേലുകാരനായ നദവ് ലപിഡാണ്. വിദ്വേഷപ്രചാരണ ചിത്രത്തിന് മേളയിൽ മത്സരിക്കാൻ എങ്ങനെ സാധിച്ചു എന്നാണ് നദവ് ചോദിച്ചത്. ഇസ്രായേലുകാരന് മോദിയെ ഭയപ്പെടേണ്ടതില്ലല്ലോ..!
ഹിന്ദുത്വവാദികളുടെ ദേശവിരുദ്ധതയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചിരിക്കുന്ന നിവേദിത ധീരയാണ്. ഒരു പ്രൊപഗാൻഡ സിനിമയിലൂടെ അവരെ പിന്നോട്ടുനടത്താനാകില്ല.
ഭരണകക്ഷിയുടെ താൽപര്യം നടപ്പാക്കുന്ന തെരഞ്ഞെടുപ്പു കമീഷനെ നിയമിക്കുന്ന മോദി സർക്കാർ, തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കും എന്ന നിവേദിതയുടെ ആശങ്ക അസ്ഥാനത്തല്ല. മുഖ്യ കമീഷണറെയും കമീഷണർമാരെയും നിയമിക്കുന്നത് കേന്ദ്ര സർക്കാറാണ്. കമീഷണറെ നിയമിക്കാൻ സ്വതന്ത്രസംവിധാനം വേണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്ന കാലയളവിൽ നിവേദിതയുടെ അഭിപ്രായങ്ങൾ അർഥവത്താണ്. ഇന്ത്യയെ രക്ഷിക്കാൻ കൂട്ടുമുന്നണി ഉണ്ടാകേണ്ടത് രാജ്യത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. കോൺഗ്രസ് ദുർബലമായിരിക്കുന്നതിനാൽ, കൂട്ടുകക്ഷി ഭരണമല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്നതാണ് യാഥാർഥ്യം. 2024ലെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ തിരിമറി നടത്തി ബി.ജെ.പി വീണ്ടും അധികാരത്തിൽ വരാതിരിക്കാനുള്ള ജാഗ്രത പാലിക്കാനെങ്കിലും നിലവിലെ പ്രതിപക്ഷങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ രാജ്യം ഛിന്നഭിന്നമാകും.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
തീപ്പന്തംപോലെ ഒരു കഥ
അനീഷ് ബര്‍സോം എഴുതിയ ‘ജോസൂട്ടി എന്ന കൊലയാളി’ (ലക്കം: 1295) അതിക്രൂരമായൊരു പ്രതികാരത്തിന്റെ കഥ പറയുന്നു. ധൈര്യമുള്ളവര്‍ എതിരാളിയുടെ ഒളിസങ്കേതത്തില്‍ ചെന്ന് പ്രതികാരം വീട്ടുമെന്ന് പറയാറില്ലേ. അങ്ങനെയുള്ള ഒരു പ്രതികാരം നടത്തിയ ജോസൂട്ടി എന്ന സാധാരണ മനുഷ്യന്റെ അസാധാരണ കഥ ചോരയിറ്റുന്ന വാക്കുകളില്‍ കഥാകൃത്ത് ആലേഖനം ചെയ്തിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു തവണ ഞാനിത് വായിച്ചു. തുടർന്ന് ഇഷ്ടമുള്ള രചനകള്‍ സൂക്ഷിച്ചുെവക്കുന്ന ഷെല്‍ഫില്‍ വെച്ചു. കുറ്റവാളി മനസ്സുകളെ പോസ്റ്റ് മോര്‍ട്ടം ചെയ്തും ഗൃഹപാഠം ചെയ്തും എഴുതിയിട്ടുള്ള ഈ കഥ മനസ്സില്‍ അനന്യസാധാരണമായൊരു വികാരം സൃഷ്ടിക്കുന്നു. പ്രമേയത്തിനിണങ്ങുന്ന ക്രൂരതയുടെ ഭാഷ കഥക്ക് ചന്തം ചാര്‍ത്തുന്നുണ്ട്. തന്റെ മകളെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന ഒരു അധ്യാപകന് അയാള്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ ചെന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ച് അപ്രത്യക്ഷനാകുന്ന ജോസൂട്ടിയുടെ കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ഉറക്കം കെടുത്തുന്നു. ഒരു തീപ്പന്തംപോലെ ഈ കഥ മനസ്സില്‍ ജ്വലിച്ചു നില്ക്കുന്നു. ഒരു ക്രൈംത്രില്ലര്‍ സിനിമക്കുള്ള സാധ്യത ഞാനിതില്‍ കാണുന്നു.
സണ്ണി ജോസഫ്, മാള