എഴുത്തുക്കുത്ത്
സംവിധായകന്റെ കഴിവാണ്!
സംഗീതയാത്രകളുടെ 74 അധ്യായം അവസാനിക്കുമ്പോൾ (ലക്കം 1338) ശ്രീകുമാരൻ തമ്പി പറയുന്നു: പി. ഭാസ്കരന് മനോഹരമായി ചിത്രീകരിക്കാൻ പാകത്തിലുള്ള ഒരു സൂപ്പർഹിറ്റ് ഗാനം നൽകാൻ വയലാറിനും ദേവരാജനും സാധിച്ചില്ല എന്നതും ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു! ഭാസ്കരൻ മാഷോടുള്ള ഇഷ്ടക്കൂടുതലുകൊണ്ടാണ് തമ്പി ഇങ്ങനെയൊക്കെ പറയുന്നതെന്ന് വായനക്കാർക്ക് മനസ്സിലാകും. അങ്ങനെയൊക്കെ ഗാനം എഴുതിക്കൊടുക്കാൻ പറ്റുമോ? നമ്മുടെ സിനിമയുടെ സുവർണകാലത്ത് ഒരു സിനിമക്ക് തുടക്കം കുറിക്കുന്നത് പലപ്പോഴും എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകൾ റെക്കോഡ് ചെയ്യുന്നതിലൂടെയാണ്. മികച്ച സംവിധായകനാകുമ്പോൾ ഏത് ഗാനവും മനോഹരമായി ചിത്രീകരിക്കാൻ കഴിയണം! നാൽപതിലേറെ ചിത്രങ്ങൾ ഭാസ്കരൻ മാസ്റ്റർ സംവിധാനം ചെയ്തിട്ടുണ്ട്.
പലതും മലയാളികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന പശ്ചാത്തലവും കഥാപാത്രങ്ങളുംകൊണ്ട് സമ്പന്നമായിരുന്നെങ്കിലും കൊട്ടകകളിൽ സാമ്പത്തികമായി വിജയിച്ചത് അപൂർവമായിരുന്നു. നമ്മൾ കേമന്മാരായി കരുതുന്ന പല സംവിധായകരും ഈരടികളും ഈണവുമെല്ലാം മികച്ചതായിട്ടും ഗാനചിത്രീകരണത്തിന്റെ കാര്യത്തിൽ കിതക്കുകയും പരാജയപ്പെടുകയും ചെയ്യുന്നതായി കാണാം. ബിച്ചു തിരുമല, രവീന്ദ്രൻ, യേശുദാസ് എന്നിവർ പ്രധാന ശിൽപികളായ ‘‘ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...’’ ‘ചിരിയോചിരി’ക്കുവേണ്ടി ബാലചന്ദ്രമേനോൻ ചിത്രീകരിച്ചത് അതിനൊരു ഉദാഹരണമാണ്.
(കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ)
ബൗദ്ധികമായൊരു തിരുത്ത്
ചവിട്ടി നിൽക്കാൻ സ്വന്തമായി മണ്ണോ ഉയർന്നു പറക്കാൻ ആകാശമോ ഇല്ലാത്ത, രാജ്യം നഷ്ടപ്പെട്ട ഒരു ജനത നടത്തുന്ന ജീവൻ മരണ പോരാട്ടത്തിന്റെ നടുക്കുന്നതും ഒപ്പം വേദനിപ്പിക്കുന്നതുമായ ഫലസ്തീനിയൻ നേരുകൾ മറയില്ലാതെ തുറന്നുകാട്ടിയ പ്രത്യേക പതിപ്പ് (ലക്കം 1339) അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതക്കുള്ള ഐക്യദാർഢ്യമായി എന്നതാണ് പരമാർഥം.
കാഴ്ച നഷ്ടപ്പെട്ട മതവെറിയുടെയും ഒപ്പം, സകല സീമകളും ലംഘിച്ചുകൊണ്ടുള്ള സാമ്രാജ്യത്വ ദാസ്യത്തിന്റെയും ഭൂമികയിൽ നിലയുറപ്പിച്ച് ഭീകരതയുടെ അസ്തിവാരത്തിൽ പടുത്തുയർത്തപ്പെട്ട, അധിനിവേശവും നരവേട്ടയും മുഖമുദ്രയാക്കിയ ഒരു രാജ്യത്തെ പൂർണമായി സമാധാനത്തിന്റെ വെള്ളരിപ്രാവുകളാക്കി വെളുപ്പിച്ചെടുക്കാൻ മുത്തശ്ശിപത്രങ്ങൾ മുതൽ ചില സാംസ്കാരിക നായകർ വരെ വിയർപ്പൊഴുക്കുന്ന കാഴ്ചയാണ് കേരളത്തിന്റെ വർത്തമാന കാല അശ്ലീലതകളിലൊന്ന്.
ഇത്തരമൊരു സാഹചര്യത്തിൽ അടിച്ചമർത്തപ്പെടുന്നവരെ അക്ഷരങ്ങൾകൊണ്ട് ചേർത്തുപിടിച്ച്, സാംസ്കാരിക കേരളത്തിന് ബൗദ്ധികമായൊരു തിരുത്ത് നൽകിയ വാരികക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
(ഇസ്മായിൽ പതിയാരക്കര)
മലയാള സിനിമയിലെ വ്യത്യസ്തനാം കെ.ജി. ജോർജ്
മലയാള സിനിമയിലെ ‘ജോർജിയൻ പരിപ്രേക്ഷ്യത്തെ കുറിച്ച് നല്ലൊരു വിശകലനം നൽകുന്നതിൽ മുഹമ്മദ് ശമീം രണ്ട് ഭാഗങ്ങളിലായി എഴുതിയ ലേഖനം വിജയിച്ചിരിക്കുന്നു. ലേഖകൻ അവസാന ഭാഗത്ത് പറയുന്നതുപോലെ ഇന്നും കെ.ജി. ജോർജിന്റെ സിനിമകൾ പുതുതായി റിലീസ് ചെയ്താൽ അത് കൈനീട്ടി സ്വീകരിക്കാൻ പ്രേക്ഷകർ ഉണ്ടായെന്നുവരും. കാരണം, യഥാർഥ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന രംഗങ്ങളും മുഹൂർത്തങ്ങളും നിറഞ്ഞുനിൽക്കുന്നതുതന്നെയാണ് കെ.ജി. ജോർജിന്റെ സിനിമകൾ എന്നതുതന്നെ. ‘യവനിക’, ‘ഇരകൾ’, ‘മറ്റൊരാൾ’, ‘പഞ്ചവടിപ്പാലം’, ‘ആദാമിന്റെ വാരിയെല്ല്’ ഇങ്ങനെ അദ്ദേഹത്തിന്റെ ഏതു സിനിമകൾ എടുത്തു പരിശോധിച്ചാലും ഇത് കാണാനാവും. ‘ഇരകളും’, ‘ആദാമിന്റെ വാരിയെല്ലു’മാണ് ലേഖനത്തിൽ പ്രധാനമായും ചർച്ചചെയ്യുന്നതെങ്കിലും ഏതാനും മറ്റു ചിത്രങ്ങളും കടന്നുവരുന്നത് ആ ചിത്രങ്ങളെക്കുറിച്ചും ഒരവബോധം നൽകുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമായ (പൊളിറ്റിക്കൽ സറ്റയർ) ‘പഞ്ചവടിപ്പാലം’ പരാമർശിക്കാതെ കെ.ജി. ജോർജ് സിനിമകളുടെ പഠനം പൂർത്തിയാകില്ല എന്ന ബോധ്യമുള്ളതുകൂടി കൊണ്ടാകാം ഒരു വരിയിലാണെങ്കിലും പരാമർശിച്ച് ‘പഞ്ചവടിപ്പാല’ത്തെയും കൂടെ നിർത്തിയത്. സിനിമക്കുള്ളിലെ സിനിമ ഒരുപക്ഷേ ശരാശരി മലയാളി സിനിമാസ്വദകർക്ക് പരിചിതമാണെങ്കിലും സിനിമക്കുള്ളിലെ നാടകം അത്ര പരിചയമുള്ള ഒന്നല്ല.
അത്തരമൊരു കഥയാണല്ലോ യവനികയുടെ ഇതിവൃത്തം. കെ.ജി. ജോർജിന്റെ ഏതു സിനിമയെടുത്താലും ഇങ്ങനെ വ്യത്യസ്തതയോ പുതുമയോ ദർശിക്കാനാവും. അവസാന ചിത്രമായ ‘ഇലവങ്കോട് ദേശം’ ചരിത്ര പശ്ചാത്തലത്തിലാണെങ്കിലും അധികമാരും കൈകാര്യം ചെയ്യാത്തവിധത്തിലാണ് അതിന്റെയും ദൃശ്യാവിഷ്കാരം. മുഖ്യധാര കച്ചവട സിനിമയല്ല കെ.ജി. ജോർജ് ലക്ഷ്യം വെച്ചതെങ്കിലും ശരാശരി പ്രേക്ഷകനെ നിരുത്സാഹപ്പെടുത്താത്ത രീതിയിൽ സിനിമയെ തിയറ്ററുകളിലെത്തിക്കാൻ കാണിച്ച പാടവവും അതിനോടൊപ്പം ചേർന്നുനിൽക്കുന്ന ആർജവവും മലയാള സിനിമയിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തതാണ്.
(ദിലീപ് വി. മുഹമ്മദ്)
ഹമാസും ദർവീശും
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ‘തുടക്കം’ (1338) ഉള്‍നീറുന്ന ഫലസ്തീന് വേദനകളോടുകൂടിയായിരുന്നു. പിന്നീടുള്ള രണ്ടു പേജിലായി കൊടുത്ത മഹ്മൂദ് ദർവീശിന്റെ കവിതകള്‍ക്ക് സമകാല സാഹചര്യത്തല്‍ ഏറെ പ്രസക്തിയുണ്ട്. 1941-2008 വരെയുള്ള ദർവീശ് കാലങ്ങളില്‍ ഫലസ്തീനുവേണ്ടി അയാള്‍ ഒട്ടനവധി കവിതകള്‍ പാടി. അദ്ദേഹത്തിന്റെ ‘ഐഡന്റിറ്റി കാര്‍ഡ്’ എന്ന കവിത ഏറെ പ്രശസ്തവും പല വിവാദങ്ങള്‍ക്ക് ഇരയായതുമാണ്. ‘ഞാന്‍ ഒരു അറബിയാണ് എന്ന് എഴുതുക’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന കവിതയുടെ അവസാനം കവി പറയുന്നത് ഇങ്ങനെയാണ് ‘‘അതുകൊണ്ട് ആദ്യ പേജിന്റെ മുകളില്‍ എഴുതുക ഞാന്‍ ആളുകളെ വെറുക്കുകയോ അതിക്രമിച്ച് കയറുകയോ ചെയ്യുകയില്ല, പക്ഷേ എനിക്ക് വിശന്നാല്‍ കൊള്ളക്കാരന്റെ മാംസം എന്റെ ഭക്ഷണമാവും, സൂക്ഷിക്കുക, എന്റെ വിശപ്പിനെ, എന്റെ രോഷത്തെ.’’
‘പാസേഴ്സ് ബിറ്റ് വീന് ദി പാസിങ് വേഡ്സ്’ എന്ന മറ്റൊരു കവിതയും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. ഫലസ്തീന്റെ ദേശീയ കവി എന്ന വിശേഷിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതകളഖിലവും ഫലസ്തീനുവേണ്ടി ശബ്ദിക്കുന്നു എന്നതുതന്നെയായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍. മഹ്മൂദ് ദര്‍വീശിന്റെ കവിതാസമാഹരം മാധ്യമം ബുക്സ് പ്രസിദ്ധീകരിക്കാനിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. അദ്ദേഹത്തിന്റെ രാഷ്ട്രീയംകൂടി ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.
ഫലസ്തീനികള്‍ക്കും യഹൂദര്ക്കുമിടയിലുള്ള അനുരഞ്ജനത്തെയാണ് ദർവീശ് ആഗ്രഹിച്ചിരുന്നത്. ഹമാസിന്റെ രാഷ്ട്രീയ രംഗപ്രവേശനത്തെ താലിബാനോട് ഉപമിച്ചതും പല സാഹചര്യങ്ങളിലും ഹമാസ് ദർവീശിന്റെ പ്രതിപക്ഷത്ത് വന്നതും അടിവരയിടേണ്ട രാഷ്ട്രീയ നിലപാടുകളാണ്.
(അബ്ദുൽ ബാസിത്)
അഞ്ചു കടലാസാണ് ‘പൂമ്പാറ്റ’ സിനിമ
ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രയിൽ (ലക്കം 1337) ‘പൂമ്പാറ്റ’ എന്ന സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ ചിലകാര്യങ്ങൾകൂടി ഓർമയിലെത്തുന്നു. കാരൂരിന്റെ ചെറുകഥയല്ല സിനിമയായത്.
‘അഞ്ചു കടലാസ്’ എന്ന പേരിൽ അദ്ദേഹം എഴുതിയ ബാലസാഹിത്യ കൃതി-നോവലാണ് ‘പൂമ്പാറ്റ’യായത്. ആ സിനിമ ഇറങ്ങിയ കാലത്ത് സ്കൂളിൽനിന്നും കുട്ടികളെ കൊണ്ടുപോയി കാണിച്ചിരുന്നു. ടിക്കറ്റ് നിരക്കിലും ഇളവുണ്ടായിരുന്നു. കഥയുമായി ചേർന്നുനിൽക്കുന്നതാണ് ഇതിലെ ഗാനങ്ങളെല്ലാം. പ്രത്യേകിച്ച്, ‘‘അരിമുല്ലച്ചെടി വികൃതിക്കാറ്റിനെ...’’ എന്ന ഗാനം.
അതിനുമുമ്പ് കുട്ടികളുടേതായ ‘പൊന്നുമോൻ’ എന്നൊരു സിനിമക്കും സ്കൂളിൽനിന്ന് കൊണ്ടുപോയി കാണിച്ചിരുന്നു. കുട്ടികളുടെ സിനിമയല്ലെങ്കിലും ‘ശരശയ്യ’യും കുട്ടികളെ കുറഞ്ഞനിരക്കിൽ സ്കൂളിൽനിന്നു കൊണ്ടുപോയി കാണിച്ചിരുന്നു. (‘പൊന്തമോൻ’ എന്ന സിനിമയുടെ പേരുപോലും സിനിമാരേഖകളിലില്ല! 1968ലാണ് ഞാൻ ഈ സിനിമ കണ്ടത്.)