എഴുത്തുകുത്ത്
സമാന്തര സിനിമാ കാലം
മലയാള പ്രസിദ്ധീകരണ ലോകത്ത് പുതുമയുള്ള ആനുകാലികങ്ങൾ അവതരിപ്പിച്ചും സമാന്തര സിനിമ പ്രവർത്തനലോകത്ത് ശക്തവും സജീവവുമായി അരനൂറ്റാണ്ടിലേറെ കാലമായി നിലകൊള്ളുന്ന ചെലവൂർ വേണുവിന്റെ സംഭവബഹുലമായ ജീവിതത്തിൽനിന്ന് കുറെയേറെ വിശേഷങ്ങൾ ‘കാലാന്തര’ത്തിലൂടെ പ്രേംചന്ദ് പറഞ്ഞത് ശ്രദ്ധേയമായി (ലക്കം:1344). സെൻസർ ബോർഡിനെ കബനി നദി ചുവന്നപ്പോൾ വിറളിപിടിപ്പിച്ചപ്പോൾ പ്രസക്തമായ പല രംഗങ്ങൾക്കും കത്രിക വീണു. ഈ സന്ദർഭത്തിലാണ് ‘തലവെട്ടി’ പടത്തിന് എന്തിന് അവാർഡ് കൊടുത്തു? എന്ന പ്രേംനസീറിന്റെ പ്രസ്താവന വന്നത്.
അതിന് പി.എ ബക്കർ ഒറ്റവരിയിൽ മറുപടി കൊടുത്തു! ചാണകം എറിഞ്ഞാൽപോലും മുഖത്ത് ഭാവം മാറാത്ത നടനാണ് പ്രേംനസീർ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ബക്കറിന് സംവിധാനംചെയ്ത പടങ്ങൾക്കൊക്കെ അവാർഡുകൾ തുടരെ കിട്ടിയപ്പോൾ പ്രേംനസീറിനെ ഇഷ്ടപ്പെട്ടിരുന്ന ഏതാനും സുഹൃത്തുക്കൾ ബക്കറിന്റെ സംവിധാനത്തിൽ നിത്യഹരിത നായകനെ കേന്ദ്രകഥാപാത്രമാക്കി പടം നിർമിച്ചത് മറ്റൊരു ചരിത്രം! ചുവന്ന തെരുവിന്റെ കഥ പറഞ്ഞ ‘ചാര’മായിരുന്നു ആ ചിത്രം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഒരിക്കൽപോലും പ്രേംനസീറിന് കിട്ടാതെ പോകുകയും ചെയ്തു.
(കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ)
കള്ളൻ കഥ പറയുമ്പോൾ
‘‘വെറുമൊരു
മോഷ്ടാവായോരെന്നെ
കള്ളനെന്ന് വിളിച്ചില്ലേ
താന്‍
കള്ളനെന്ന് വിളിച്ചില്ലേ’’-
എന്ന അയ്യപ്പപ്പണിക്കരുടെ കവിത ഓർമ വന്നു കമൽസിയുടെ ‘ഒരു കള്ളന്‍ കഥ പറയുന്നു’ എന്ന കഥ വായിച്ചപ്പോള്‍ (മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം: 1345). പരിമിതമായ ആടയാഭരണങ്ങളോടെ എന്നാൽ നിഷ്കളങ്കതയിൽ വിരിഞ്ഞ് പുഞ്ചിരി തൂകി നിൽക്കുന്ന കഥ കൊള്ളാം. ഒരു കള്ളനെങ്ങനെ ഇത്രക്കും മാന്യനാവാൻ കഴിയുമെന്ന് സംശയിക്കുന്നവർക്ക് കമൽസി നൽകുന്ന ഉത്തരമാണ് ഈ കഥ!
കോഴിഫാമില്‍ ജോലിചെയ്യുന്ന ഒരാള്‍ കുടുംബത്തിന്‍റെ വിശപ്പു കണ്ട് പൊറുതിമുട്ടിയപ്പോൾ തന്റെ തൊഴിലിടത്തിൽനിന്നും രാത്രിയിൽ ഒരു കോഴിയെ മോഷ്ടിക്കുന്നു. അത് പാകം ചെയ്തുകൊണ്ടിരിക്കേ ഉറക്കമുണർന്നു വന്ന ഭാര്യയും മകളും അയാളോടൊപ്പം ഇരുന്ന് ആർത്തിയോടെ കോഴിക്കറി പങ്കുവെച്ച് കഴിക്കാന്‍ തുടങ്ങിയപ്പോൾ ഇടിത്തീപോലെ മുറ്റത്തെത്തിയ പൊലീസ് അയാളെ പിടികൂടുന്നു. ജയിലില്‍ കഞ്ചാവടിക്കാരുടെയും കൊലപാതകികളുടെയും കൂടെ കഴിയേണ്ടിവന്ന അയാളെ സഹൃദയനായ ഒരു വക്കീല്‍ ജാമ്യത്തിലിറക്കുന്നു. തിരിച്ചുപോകുമ്പോൾ സെക്രേട്ടറിയറ്റിന്റെ മുന്നില്‍ സത്യഗ്രഹം ഇരിക്കുന്ന കുറെ മനുഷ്യരെ കാണുന്നു. അനുജന്‍ മരിച്ചിട്ട് അന്വേഷണം നടക്കാത്തതില്‍ പ്രതിഷേധിച്ച് ശവപ്പെട്ടിയില്‍ കിടന്ന് സമരം ചെയ്യുന്ന ചേട്ടന്‍...
അപകടം പറ്റിയതിന്‍റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന മറ്റൊരാൾ...
ആയിരം ദിവസം പിന്നിട്ടിരിക്കുന്നു...
ഒരു തെണ്ടി എവിടെനിന്നോ കൊണ്ടുവന്ന ആഹാരപ്പൊതികളില്‍ അവസാനത്തെ വറ്റും തിരയുന്നു... വികസനപാതയുടെ രക്തസാക്ഷിയായ ഭര്‍ത്താവിനെ കൊന്നവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മകളെയും കൂട്ടി സത്യഗ്രഹമിരുന്ന സ്ത്രീയുടെ മകളെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് വര്‍ഷങ്ങളായി. സുബോധം നഷ്ടപ്പെട്ട അവർ ‘‘എനിക്കെന്‍റെ മകളെ തരൂ’’ എന്ന് വിലപിക്കുന്നു...
ഈ ആശ്രയമില്ലാത്തവരെ കണ്ടതോടെ കള്ളൻ നിരുദ്ധകണ്ഠനാകുന്നു!
അസംബന്ധാവസ്ഥയുടെ ദല്ലാളുകളാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണാധികാരികള്‍ എന്നത് വേറൊരു അസംബന്ധാവസ്ഥയാണെന്ന് പറഞ്ഞുതരുന്ന കഥാകാരന്‍ അനുവാചകരെ അപരിചിതവും, അസാധാരണവുമായ ഒരു അനുഭവലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
(സണ്ണി ജോസഫ്, മാള)
വത്സലയുടെ ഓർമകൾ
വയനാട് എന്ന ഭൂപ്രദേശത്തെപ്പറ്റി കാര്യമായിട്ടൊന്നുമറിയാതിരുന്ന കഥാകാരി ക്രമേണ ആ നാടിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പി. വത്സലയിലൂടെ സാഹിത്യലോകമറിയുന്നത്. തന്റെ എഴുത്തിൽ കൃത്യമായ ലക്ഷ്യവും നിലപാടും സൂക്ഷിച്ച എഴുത്തുകാരിയായിരുന്നു അവർ. ആദിവാസികളുടെ ജീവിതരീതിയും ദുരിതങ്ങളും മാത്രമല്ല പരിസ്ഥിതിയും കൃതികളിലവർ വിഷയമാക്കി.
കുടിയേറ്റം, ജന്മിത്തം, നക്സൽ പ്രസ്ഥാനം എന്നിവയിലെല്ലാം രചനകൾ നിർവഹിച്ചുകൊണ്ട് മലയാള സാഹിത്യത്തിൽ അനിഷേധ്യ ശക്തിയാണ് താനെന്ന് കഥാകാരി തെളിയിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതവും ഗോത്രവിലക്കും പരിസ്ഥിതി ചൂഷണവും അനുഭാവപൂർവം ചിന്തിക്കാൻ വത്സലയുടെ കൃതികൾ വായനക്കാർക്ക് ഇടം നൽകി. നദീം നൗഷാദിന്റെ ലേഖനത്തിൽ മേൽവസ്തുതകളെല്ലാം (ലക്കം: 1345) ഭംഗിയായി നിർവഹിച്ചിരിക്കുന്നു.
(ഏഴംകുളം മോഹൻകുമാർ, അടൂർ)
നിർമിതബുദ്ധി കാലത്തെ കവിത
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന നിബുലാൽ വെട്ടൂരിന്റെ കവിത -നിർമിത ബുദ്ധിയുടെയും അതിന്റെ ഉൽപന്നമായ ചാറ്റ്ജിപിടിയുടെയും കാലം. ചാറ്റ്ജിപിടി സർഗാത്മക സാഹിത്യത്തിൽ ഇടപെടലുകൾ നടത്തുന്നു, കഥയും കവിതയും രചിക്കുന്നു. കൂടാതെ വായന മരിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകളും സജീവമാണ്. അതുകൊണ്ട് തന്നെ ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഗ്രന്ഥശാലകൾ ഒരേ സമയം അസാധ്യവും അനിവാര്യവും എന്ന തോന്നൽ പലപ്പോഴും ഉളവാക്കുന്നു.
അങ്ങനെ മുറിവേറ്റുനിൽക്കുന്ന ഒരു ഗ്രന്ഥശാലയുടെ വാങ്മയ ചിത്രമാകുന്നു ഈ കവിത. ഒരു തലമുറയുടെ സംവേദനശീലത്തെ മാത്രമല്ല ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരുന്നു പുസ്തകങ്ങൾ എന്ന യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തൽകൂടി ഇതിലുണ്ട്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പുസ്തകങ്ങളുടെയും കഥാപാത്രസവിശേഷതകളുടെയും മായാത്ത ഓർമകൾ പങ്കുെവച്ചുകൊണ്ടാണ് ഗ്രന്ഥശാലയുടെ ദയനീയാവസ്ഥ നമ്മെ കാണിച്ചുതരുന്നത്.
പണ്ടെങ്ങോ വായിച്ചാസ്വദിച്ച ‘ഖസാക്കിന്റെ ഇതിഹാസം’, ‘അസുരവിത്ത്’, ‘കാലഭൈരവൻ’, ‘പാണ്ഡവപുരം’, ‘നഷ്ടപ്പെട്ട നീലാംബരി’, ‘ആടുജീവിതം’ എന്നിങ്ങനെ അഞ്ചാറു പുസ്തകങ്ങൾ കവിതയിൽ പരാമർശിക്കുന്നുണ്ട്. കൂമൻകാവിൽ ഒറ്റക്ക് നിൽക്കുന്ന രവിയുടെയും ഗോവിന്ദൻ കുട്ടിയുടെയും നാട്ടിലേക്ക് പോയ നജീബിന്റെയുമൊക്കെ സൂചനകൾ പുസ്തകം തൊട്ടുമുമ്പ് വായിച്ചുതീർന്ന ഒരു അനുഭൂതി മനസ്സിലേക്ക് ഒഴുകിയെത്തുന്നു. അതോടൊപ്പം ബലക്ഷയം വന്ന ഭിത്തികൾ, ചിലന്തിവല കൊണ്ടു മൂടിയ മുറികൾ, എലികൾ കയറിയിരിക്കുന്ന കസേര എന്നിങ്ങനെയുള്ള ഗ്രന്ഥശാലയുടെ അവസ്ഥ പുസ്തകങ്ങളെ സ്നേഹിക്കുന്നവരിൽ ഉത്കണ്ഠയും അമ്പരപ്പും ഉളവാക്കുന്നുമുണ്ട്.
(കൃഷ്ണകുമാർ കാരയ്ക്കാട്, ചെങ്ങന്നൂർ)
ക്ലാസ് മുറികൾ ചരിത്രത്തെ വികൃതമാക്കാനുള്ളതല്ല
ചരിത്രത്തെ മാത്രമല്ല, രാജ്യത്തിന്റെ പേരുതന്നെ മാറ്റി എന്തിന്റെയൊെക്കയോ അപ്രമാദിത്വം സ്ഥാപിക്കാൻ വർഗീയശക്തികൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന വർത്തമാനകാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിലേക്ക് കടന്നുകയറിയാൽ പണി എളുപ്പമാക്കാമെന്നു കരുതിയാണ് തങ്ങൾക്ക് ദഹിക്കാത്ത പലതും ചരിത്രപുസ്തകത്തിൽ വെട്ടിമാറ്റുകയും മറ്റു പലതും തിരുകിക്കയറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ചരിത്രം ക്ലാസ് മുറിയിൽ വികൃതമാക്കാനുള്ളതല്ല എന്ന തിരിച്ചറിവു നൽകിയ ഒന്നാംതരം ലേഖനമായിരുന്നു കെ.വി. മനോജ് എഴുതിയ ‘ജനാധിപത്യ വിദ്യാഭ്യാസത്തിനുള്ളിലെ ഫാഷിസ്റ്റ് ക്ലാസ് മുറികൾ’.
കേവലം ഇന്ത്യാ ചരിത്രത്തിൽനിന്നും സുൽത്താൻ ഭരണ കാലവും മുഗൾ ഭരണകാലവും ഒഴിവാക്കൽ മാത്രമല്ല ഇക്കൂട്ടർ ലക്ഷ്യമിടുന്നത്, സ്വതന്ത്ര്യസമര കാലംതൊട്ട് തങ്ങൾ മനസ്സിൽ കുറിച്ചിട്ടത് എന്താണോ അതിന്റെ പൂർത്തീകരണമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. രാഷ്ട്രപിതാവിന്റെ ഘാതകനെപ്പോലും മഹത്ത്വവത്കരിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ പാഠപുസ്തകങ്ങൾ വെട്ടിത്തിരുത്താൻ ശ്രമിക്കുന്നതിൽ എന്ത് അത്ഭുതപ്പെടാനിരിക്കുന്നു. എങ്കിലും രാജ്യത്തിന്റെ മഹത്തായ ചരിത്രപാഠങ്ങളെ തമസ്കരിക്കാനുള്ള വർഗീയ ശ്രമങ്ങളെ പ്രതിരോധിച്ചേ പറ്റൂ.
അതുകൊണ്ടു തന്നെ ജനാധിപത്യ വിദ്യാഭ്യാസത്തിനുള്ളിലെ ഫാഷിസ്റ്റ് ക്ലാസ് മുറികളെ കാണാതെ പോകരുത് എന്ന സൂചനയാണ് പ്രസ്തുത ലേഖനം മുന്നോട്ടുവെക്കുന്നത്. ഫാഷിസവും വർഗീയതയും മുമ്പെങ്ങുമില്ലാത്ത വിധം രാജ്യത്തെ അതിലേക്ക് അടുപ്പിക്കുമ്പോൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറേണ്ട നമ്മുടെ കുട്ടികൾ വർഗീയവത്കരിക്കപ്പെട്ടതും വികൃതവുമായ ചരിത്രം പഠിക്കാൻ ഇടവരരുത്.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
ഗസ്സയുടെ വർത്തമാനം
ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള ആഖ്യാനങ്ങൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. വംശീയ മുൻവിധിയോടെയും മറ്റും പല ‘വിശാരദ’ന്മാരും സയണിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ തീർത്തും വ്യത്യസ്തമായ നിലപാടാണ് ജെ.എൻ.യുവിൽ പശ്ചിമേഷ്യൻ പഠന വകുപ്പിലെ പ്രഫസറായ എ.കെ. രാമകൃഷ്ണന്റേതെന്ന് തോന്നുന്നു. വിഷയത്തിൽ, മലയാളത്തിൽ വന്ന ഏറ്റവും ഗഹനവും സത്യസന്ധവുമായ വിശകലനം അദ്ദേഹത്തിന്റേതാണെന്ന് നിസ്സംശയം പറയാം.
ആഴ്ചപ്പതിപ്പിന്റെ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച അദ്ദേഹവുമായുള്ള അഭിമുഖം (1343,1344) ഏറെ ശ്രദ്ധേയമാണ്. ഇസ്രായേൽ എന്ന വംശീയ രാഷ്ട്രത്തിന്റെ പിറവിയുടെ ചരിത്ര പശ്ചാത്തലം, പിന്നീട് നടന്ന അധിനിവേശങ്ങൾ എന്നിവയെല്ലാം വസ്തുതയുടെ വെളിച്ചത്തിൽ ലളിതമായി അദ്ദേഹം വിശദീകരിക്കുന്നു. അതോടൊപ്പം, ഹമാസിനെ പൈശാചികവത്കരിക്കാനുള്ള സാമ്രാജ്യത്വ അജണ്ടകളെയും അദ്ദേഹം തുറന്നുകാണിക്കുന്നുണ്ട്.
അഭിമുഖത്തിന്റെ രണ്ടാം ഭാഗത്ത് വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറ്റത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഏറെ പ്രസക്തം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഇന്ന് സാമ്രാജ്യത്വവിരുദ്ധത എന്നതും ആധിപത്യവിരുദ്ധത എന്നതും ഒരു രാഷ്ട്രീയമൂല്യംപോലും അല്ലാതായി മാറുന്നു എന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ അധഃപതനം. ഇസ്ലാമോഫോബിയയിലൂന്നിയ വലതുപക്ഷ പ്രത്യയശാസ്ത്രം പ്രധാനപ്പെട്ട രാഷ്ട്രീയ മൂല്യങ്ങൾ പണയംവെക്കുന്ന രീതിയിലേക്ക് നമ്മുടെ രാഷ്ട്രത്തെ മാറ്റിക്കൊണ്ടിരിക്കുന്നു. ആർ.എസ്.എസും ബി.ജെ.പിയും പോലെയുള്ള സംഘടനകൾ ഇത്തരം നിലപാട് ആദ്യം മുതലേ എടുക്കുന്നതാണ്. പക്ഷേ, ഇത് ഇന്ത്യയിലെ പല ജനവിഭാഗങ്ങളുടെയും കൂടി കാഴ്ചപ്പാടായി മാറുന്നിടത്താണ് വലിയ രാഷ്ട്രീയപ്രശ്നം.’’
നിലവിലെ പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരമെന്നും അദ്ദേഹം നിർദേശിക്കുന്നുണ്ട്. അഭിമുഖത്തിന്റെ അവസാന ഭാഗത്ത് ഇങ്ങനെ വായിക്കാം: ‘‘ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചിട്ട് യഹൂദവിരുദ്ധ നിലപാടുമായി, ഇന്ന് ഇസ്രായേൽ ചെയ്യുന്നതുപോലെ മറ്റൊരു രാഷ്ടം ഉണ്ടാകുന്നതിൽ വലിയ കാര്യമൊന്നുമില്ല. വിവേചനം ഇല്ലാത്ത ഒരു രാഷ്ട്രീയവ്യവസ്ഥയാണ് അവർ മുന്നിൽ കാണുന്നത്.
ഒരു രാഷ്ട്രം വേണോ, രണ്ടു രാഷ്ട്രം വേണോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഒരു പരിധിക്കപ്പുറം വലിയ പ്രസക്തിയൊന്നുമില്ല. കാരണം, ഒരു ജനത അവരുടെ സമരങ്ങളിലൂടെ ആർജിക്കുന്ന അനുഭവംവെച്ച് അവർതന്നെ തീരുമാനിക്കുന്നതാണ്, അവരുടെ രാഷ്ട്രീയ ഭാവി. അത് സമരത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഒരു പ്രക്രിയയാണ്. അതുകൊണ്ട് ഫലസ്തീൻകാരുടെ ഹ്യൂമൻ ഏജൻസി അംഗീകരിക്കുകയാണ് നാം ചെയ്യേണ്ടത്. ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ അവരുടെ സമരരീതി, അതിന്റെ ഭാവി എന്നിവയൊക്കെ നാം മുൻകൂട്ടി തീരുമാനിക്കുന്നതിൽ അർഥമില്ല. അവർതന്നെ, അവരുടെ സാഹചര്യത്തിനനുസരിച്ച് ഉരുത്തിരിച്ചെടുക്കേണ്ട രാഷ്ട്രീയ പരിഹാരങ്ങളാണവ.’’