എഴുത്തുകുത്ത്
1921 ആഖ്യാനങ്ങളിലെ ദുരവസ്ഥകൾ
ബാബുരാജ് ഭഗവതി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മലബാർ കലാപവും ഈഴവരും തമ്മിൽ എന്ത്?’ (ലക്കം: 1344, 1345) എന്ന എന്നെ ആകർഷിച്ച ലേഖനത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
ആദ്യംതന്നെ ലേഖകൻ ഇങ്ങനെ തുടങ്ങുന്നു: ‘‘മലബാർ കലാപവും ഈഴവരും (തിയ്യരും) തമ്മിലുള്ള ബന്ധത്തിൽ ആദ്യം ശ്രദ്ധ ആകർഷിക്കുന്നത് കുമാരനാശാന്റെ ‘ദുരവസ്ഥ’യിലെ ചില പ്രയോഗങ്ങളാണ്. ‘ദുരവസ്ഥ’ക്ക് അനുകൂലവും പ്രതികൂലവുമായ ആഖ്യാനങ്ങൾകൊണ്ട് മലബാർ കലാപത്തെ കുറിച്ചുള്ള ഈഴവ ഇടപെടലുകളെ ഒതുക്കുകയാണ് സാധാരണ ചെയ്യുന്നത്. സമ്പന്നമായ ചരിത്രമുള്ള രണ്ടു സമൂഹങ്ങളെ പരസ്പരം എതിരു നിർത്തി അതിന്റെ വൈവിധ്യങ്ങളെ മറച്ചുവെക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം.’’
ലേഖകൻ ആ മറച്ചുവെക്കലിനെ അനാവരണംചെയ്യുന്നത് അന്നത്തെ ദേശീയ നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും സ്വാധീനത്തിലേക്ക് കൂടുതൽ കടക്കാതെ, തെക്കുനിന്നുള്ള നാരായണ ഗുരുവിനോടും കുമാരനാശാനോടും ടി.കെ. മാധവനോടുമൊപ്പം മറ്റു മലബാറിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ ചില ചരിത്രപുരുഷന്മാരുടെ ചിന്താഗതിയിലെ വൈവിധ്യമാർന്ന മാറ്റങ്ങളെ മാത്രം മുൻനിർത്തിയാണ്. അവിടെയും മതംമാറ്റമെന്ന ഒരു വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധതിരിച്ചപ്പോൾ മലബാർ സമരങ്ങളുടെ രാഷ്ട്രീയമാനങ്ങൾക്കും അതിന്റെ ചരിത്ര പശ്ചാത്തലങ്ങൾക്കും മങ്ങലേൽപ്പിക്കുകയാണ് ഉണ്ടായത്.
ആദ്യംതന്നെ സൂചിപ്പിക്കുന്ന കുമാരനാശാനിലേക്ക് വന്നാൽ അദ്ദേഹം ഒരു ചരിത്രവസ്തുതയെ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നുണ്ട്: ‘‘മാപ്പിള കലാപത്തിനെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുത്ത കുമാരനാശൻ പിൽക്കാലത്ത് പുനർചിന്തക്ക് തയാറായിരുന്നുവെന്ന് അതിൽ നേരിട്ടിടപെട്ട സീതിസാഹിബ് വെളിപ്പെടുത്തിയിരുന്നു. 1922ൽ ‘ദുരവസ്ഥ’ എഴുതിത്തീർത്തശേഷം മുസ്ലിം സമൂഹത്തിൽനിന്നും വലിയ എതിർപ്പുണ്ടായി.
ഇതിന് പരിഹാരം കാണാൻ കുമാരനാശാൻതന്നെ മുൻകൈയെടുത്തു. അദ്ദേഹം വക്കം മൗലവിയുമായി തിരുവനന്തപുരം മുസ്ലിം ഹോസ്റ്റലിൽവെച്ച് ഒരു കൂടിക്കാഴ്ച നടത്തി. താൻ മുസ്ലിംകളെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ആശാൻ തുറന്നുപറഞ്ഞു. പ്രായശ്ചിത്തമായി മറ്റൊരു കൃതി എഴുതുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതിനുമുമ്പ് കുമാരനാശാൻ പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മരിച്ചു.’’
ബ്രിട്ടീഷ് ഇന്ത്യയിൽപെട്ട മദിരാശിയുടെ ഭാഗമായ മലബാറിലെ പരിഷ്കൃത ഹിന്ദു തത്ത്വശാസ്ത്രത്തിന്റെ പ്രചാരകരായ ബ്രഹ്മസമാജംപോലുള്ള സംഘടനകളിൽ ആകൃഷ്ടരായ ഈഴവ വിഭാഗത്തിലെ ഉപരിവിഭാഗത്തിന് ഉയർച്ച ഉണ്ടാകാൻ കാരണം കോൺഗ്രസ് രാഷ്ട്രീയവും ഭരണ അനുകൂലബന്ധങ്ങളുമാണെന്ന് പറയുന്നുണ്ട്. അതിന്റെ മുന്നിൽനിന്ന ക്ഷേത്രവിരോധിയായിരുന്ന അയ്യത്താൻ ഗോപാലന്റെ ആ ചിന്താഗതി മാറ്റിയത് കോഴിക്കോട് ക്ഷേത്രം സ്ഥാപിക്കാൻ ആദ്യകാലത്തു വന്ന ശ്രീനാരായണ ഗുരുവാണെന്ന് പറയുന്നുണ്ട്.
ലേഖനത്തിൽ പറഞ്ഞില്ലെങ്കിലും ‘ഈഴവ മെമ്മോറിയലി’ലൂടെ ബ്രിട്ടീഷ് മേൽകോയ്മയോടും രാജഭരണത്തോടും അടുത്തുനിന്ന് വിദ്യാഭ്യാസ, ഉദ്യോഗ ആനുകൂല്യങ്ങൾ നേടിയതിന്റെ മുന്നിൽ ഡോ. പൽപ്പുവും കുമാരനാശാനുമൊക്കെ അന്ന് തിരുവിതാംകൂറിൽ ഉണ്ടായിരുന്നതിനെയും അവരൊക്കെ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നതിനെയും ഒക്കെ ആർക്കും കുറ്റം പറയാൻ കഴിയില്ല. മുസ്ലിം സമുദായവും ആനുകൂല്യങ്ങൾ വാങ്ങി അന്ന് സമുദായോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കുമാരനാശാന് വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും കരസ്ഥമാക്കിയതും, ആലുവയിൽ വ്യവസായത്തിന് ആനുകൂല്യങ്ങൾ ലഭിച്ചതുമൊക്കെ മലബാറിലെ കാർഷിക സമരങ്ങളിൽ എതിർ നിലപാടുകൾ എടുക്കാൻ അദ്ദേഹത്തെപ്പോലുള്ളവരെ പ്രേരിപ്പിച്ചത് സ്വാഭാവികമെന്നും വേണമെങ്കിൽ ന്യായീകരിക്കാം. കാരണം, മലബാറിൽ കച്ചവട, മദ്യ വ്യവസായ രംഗത്ത് സമുദായാംഗങ്ങൾ ഉയർച്ചയിലേക്ക് കുതിച്ചതോടൊപ്പം ഒരു മാത്സര്യമുണ്ടായത് മുസ്ലിംകളോട് ആണെന്നുള്ളത് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
വാഗ്ഭടാനന്ദനും ‘മിതവാദി’ പത്രമുടമ സി. കൃഷ്ണനും, ടി.കെ. മാധവനും ഒക്കെ വ്യത്യസ്ത മത രാഷ്ട്രീയ വീക്ഷണം വെച്ചുപുലർത്തിയവരാണെങ്കിലും മലബാർ സമരങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചവരാണെന്നത് അവരുടെ നിലപാടുകൾ നന്നായി ലേഖകൻ വിവരിച്ചു പറയുന്നുണ്ട്. അതിന്റെയൊക്കെ പിന്നിലും അവരുടെ ദേശീയ മതേതര രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വിള്ളലുകൾ നമുക്ക് വായിച്ചെടുക്കാം. ലേഖകൻ പറയുന്നപോലെ ഒരു പ്രാദേശിക വിഷയത്തിൽ, അത് മതം മാറ്റത്തിൽ ആയിപ്പോയതുകൊണ്ട്, അതിലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ നീതിയും ന്യായവും നോക്കാതെ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽപോലും വർഗീയത ആരോപിച്ച നിലപാട് ഉണ്ടാക്കിയിരുന്ന പ്രത്യാഘാതങ്ങൾ നമുക്ക് ഊഹിക്കാം. അദ്ദേഹത്തിനെതിരെ പിന്നീട് കേളപ്പനെപ്പോലുള്ള കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളും ഇതിന്റെയൊക്കെ വെളിച്ചത്തിൽതന്നെയായിരുന്നു.
ഈ പഠനം വ്യത്യസ്ത ചിന്തകൾ നമ്മിൽ ഉണ്ടാക്കുമെങ്കിലും അവസാനം ലേഖകൻ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘‘കലാപവുമായി ബന്ധപ്പെട്ട മതംമാറ്റ ആഖ്യാനത്തോട് തീവ്രമായി പ്രതികരിച്ചവരും മുസ്ലിം വിരുദ്ധത തീവ്രമായി വെച്ചുപുലർത്തിയവരിലും പൊതുവായ ഒന്ന് അവർ ദേശീയവാദികളായിരുന്നുവെന്നതാണ്. ഈഴവർക്കിടയിലെ ദേശീയവാദത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു ടി.കെ. മാധവൻ. അദ്ദേഹത്തിന്റെ പല അനുയായികളും ദേശീയവാദികളായിരുന്നതിനോടൊപ്പം ഹിന്ദുമിഷൻ പോലുള്ള തീവ്രഹിന്ദു സംഘടനകളിൽ അംഗങ്ങളായി ചേർന്നിരുന്നു. വാഗ്ഭടാനന്ദനും ദേശീയ വാദത്തോട് അനുഭാവം വെച്ചുപുലർത്തി.
ഇന്ത്യൻ മതേതരത്വത്തിന്റെ ഹൈന്ദവാഭിമുഖ്യത്തിന്റെ വേരുകളെത്തന്നെയാണ് ഈ ഈഴവ അനുഭവം നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നതെന്നുമാത്രം ഇപ്പോൾ പറഞ്ഞുവെക്കാം.’’
(കെ.എം. അൽത്താഫ്, ആലുവ)
ഖല്ലി യാശൈഹ്
ബോംബെയിലാകുമ്പോൾ ജാനെ ദോ, ഗൾഫിലാകുമ്പോൾ ഖല്ലീവല്ലി. പ്രവാസികളുടെ കഥയാണ് കഥ. പണ്ട് ഞങ്ങൾ ബോബെയിലായിരുന്നപ്പോൾ കഴിഞ്ഞ നൂറ്റാണ്ടിൽ അറുപതുകളുടെ അവസാനം സി.എച്ച്. മുഹമ്മദ് കോയ ബോംബെ വഴി ചുറ്റാൻ പോയപ്പോൾ ബോംബെ വഴി വന്നു. അന്നു ബോംബെക്കാരായ ഞങ്ങൾ എല്ലാം ഒരു കമ്യൂണിറ്റി ഹാളിൽ അദ്ദേഹത്തിന് ഒരു സ്വീകരണം നൽകി. അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു, നിങ്ങളുടെയൊക്കെ ജീവിതം ഒരു കഥയാണ്.
പ്രവാസികളാണല്ലോ. ബോംബെയിലും കൽക്കത്തയിലും ഇന്ത്യയിലെ വിവിധ പട്ടണങ്ങളിൽ അഷ്ടിപുഷ്ടിക്കായി അലയുകയായിരുന്നു. സിലോൺ, മലേഷ്യ, സിംഗപ്പൂർ, ബർമ, ഇന്തോനേഷ്യ തുടങ്ങി പാശ്ചാത്യ ഭരണാധികാരികളുടെ കോളനികളായ ഈ രാജ്യങ്ങളിൽ അവർക്ക് ഉപജീവനത്തിനായി യഥേഷ്ടം വിഹരിക്കാമായിരുന്നു.
മേത്തരം ആൾക്കാർ ലണ്ടനിലും യൂറോപ്പിലും എത്തിയിരുന്നു. അവിടെ ഉപരിപഠനമായിരുന്നു മുഖ്യം. എന്തിനധികം എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാകുറിപ്പുകളിൽ ബാലിദ്വീപിലും ഹിമാലയ പ്രാന്തങ്ങളിലും കിളിമൻജാരോവിലും അതിശയോക്തിയാണെങ്കിലും അവിടെയൊക്കെ ഒരു മലബാർ കാക്കയുടെ ചായമക്കാനിയും ഒരു തിരുവിതാംകൂർ അച്ചായത്തിയേയും കണ്ടതായി അടയാളപ്പെടുത്തുന്നു.
മലയാളി അങ്ങനെ അതിസാഹസികനാണ്. പണ്ട് ദുബൈക്ക് ലാഞ്ചിക്ക് പോകലായിരുന്നല്ലോ. കിട്ടുന്ന കാശൊക്കെ സ്വരൂപിച്ച് ഉരുവിന്റെ മുതലാളിക്ക് കൊടുത്ത് ലേശം പരിപ്പുകറിയും ഒരു പിടി ചോറും ഒരിറ്റു വെള്ളവും കഴിച്ച് അറബിയുടെ തല്ലും കൊണ്ട് ദുബൈയിലെത്തുക. കടലിൽ അടയാളപ്പാറക്കടുത്താണ് ഇറക്കിവിടുക. ചിലർ മുങ്ങിച്ചാകും, ചിലർ രക്ഷപ്പെടും, ചിലർ ദുബൈ തീരത്തു മയ്യിത്തിനോടൊപ്പം അന്തിയുറങ്ങിയിട്ടുണ്ട്. ചിലർക്ക് ബദുക്കൾ ചാള ചുട്ടതും ഈന്തപ്പഴവും കുറച്ച് വെള്ളവും നൽകി രക്ഷപ്പെടുത്തി. ആ ബദുക്കളുടെ കാരുണ്യവും അവരുടെ വിശപ്പും ഒന്ന് ആലോചിച്ചുനോക്കുക. ആ തലമുറ ഇന്നില്ല. അവർ എന്നേ വിടപറഞ്ഞു.
ഗൾഫ് പ്രവാസികളിൽ ആടുജീവിതമുണ്ട്. നേടുന്നവരും നഷ്ടപ്പെടുന്നവരുമുണ്ട്. ഗൾഫിൽ മലയാളിയും ഇന്ത്യക്കാരനും ലോകത്തെമ്പാടുമുള്ള മനുഷ്യരുമുണ്ട്. അവരാണ് ഗൾഫ് കെട്ടിപ്പടുത്തത്. സൗദിയിൽ ആരാംകോയിൽതന്നെ 58 രാഷ്ട്രങ്ങളിലെ പൗരന്മാരുണ്ടെന്ന് എന്റെ സ്നേഹിതൻ ഉബൈദ് അന്നു പറഞ്ഞു. ഈ രാഷ്ട്രങ്ങളിലെ ജനതയുടെ രക്തവും വിയർപ്പുമാണ് ഗൾഫിനെ ഉയർത്തിയത്. അതിൽ ഖല്ലീവല്ലികളുമുണ്ടാകും.
മാധ്യമം ആഴ്ചപ്പതിപ്പിൽ അനു സിനു ബാൽ എഴുതിയ കഥ (ലക്കം: 1339-1340) കഥയാണ് വിഷയം. അതിൽ ലബനാനിയുണ്ട്, മലയാളികളുമുണ്ട്, പഠാണിയുണ്ട്, ബംഗാളിയുണ്ട്. പാസ്പോർട്ടിൽ തലവെട്ടിവെക്കലും ആൾമാറാട്ടവും പണ്ടേയുള്ളതാണ്. ഏതായാലും ശബീർ അലിയുടെയും ശഫീഖിന്റെയും കഥ ഒരു കഥതന്നെയാണ്. നേരത്തേ പറഞ്ഞപോലെ അന്ന് ഗൾഫിലെ ദുരനുഭവങ്ങളും വായനക്കാരെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ എത്രയെത്ര ഖല്ലീവല്ലികളുടെ യത്നമാണ് ഇന്നത്തെ ഗൾഫ്. ഗൾഫ് ഇനിയും വളരും. പാശ്ചാത്യരാജ്യങ്ങൾ ഇനി തളരും. കാരണം, ഗൾഫ് മേഖല ഭൂമിയുടെ മധ്യത്തിലാണ്. അവിടെ ഇനിയും കഥകളും കഥക്കേടുമുണ്ടാകും. ‘ഖല്ലീവല്ലി’യുടെ കർത്താവ് അനു സിനു ബാലിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
(വി.എം. ഹംസ, മരേക്കാട്)
'ഗോത്രജീവിതം മ്യൂസിയം കാഴ്ചയല്ല’
ആദിവാസികളെ അവഗണിക്കുന്ന അവസ്ഥയെ ആവിഷ്കരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ‘ഗോത്രജീവിതം മ്യൂസിയം കാഴ്ചയല്ല’ (ലക്കം: 1342) ഏവരും വായിച്ചിരിക്കേണ്ടതാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ ഇന്നും നിലനിൽക്കുന്നത് ഏറെ ദയനീയവും പ്രതിഷേധാർഹവുമാണ്. അട്ടപ്പാടിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 50നടുത്ത് കുട്ടികൾൾ മരിച്ചു എന്നത് മനഃസാക്ഷിയുള്ളവരെ ഞെട്ടിക്കുന്ന വാർത്തയാണ്. ആദിവാസിക്കിടാങ്ങൾക്കും രോഗം വരുമ്പോൾ വിദഗ്ധമായ ചികിത്സ നൽകേണ്ടത് മനുഷ്യത്വമുള്ളവരുടെ കടമയാണ്. സർക്കാർ ഇക്കാര്യത്തിൽ മിഴിതുറന്നെങ്കിൽ എത്ര നന്നായിരുന്നു.
(ജിനൻ ചാളിപ്പാട്ട്, തൃശൂർ)
മലബാർ കലാപവും ഈഴവരും
‘മലബാർ കലാപവും ഈഴവരും തമ്മിൽ എന്ത്?’ എന്ന തലക്കെട്ടിൽ ബാബുരാജ് ഭഗവതി എഴുതിയ ലേഖനം വായിച്ചു. മലബാർ കലാപം (1921ലെ) കാർഷിക കലാപം, സ്വാതന്ത്ര്യസമര കലാപം, വർഗീയ ലഹള എന്നീ പലരീതിയിൽ വിലയിരുത്തുന്നു. ആർ.എസ്.എസ് പോലുള്ള ഹിന്ദു വർഗീയ പാർട്ടികൾ ഇന്ന് ഹിന്ദുക്കൾക്കുനേരെ മുസ്ലിംകൾ നടത്തിയ കലാപമായി പറയുന്നു. മതസൗഹാർദം തകർക്കാൻ ഇവിടെ ഈഴവർ, തിയ്യർ എന്നിവർ പിന്നാക്ക ഹിന്ദുക്കൾ ആയിരുന്നല്ലോ. ഈ സമുദായത്തിൽനിന്ന് അവിടെ ധാരാളം പേർ മുസ്ലിംകളായി മതം മാറിയിട്ടുണ്ട്.
ഭൂരിപക്ഷം ചരിത്രകാരന്മാരും സവർണർ ആയതിനാൽ പലപ്പോഴും അവരുടെ തെറ്റായ ചരിത്രമെഴുത്ത് ശക്തം. അന്ന് മലബാറിലെ ബ്രാഹ്മണർ, നായർ പോലുള്ള സവർണരായിരുന്നു ഭൂസ്വത്ത് ഉടമകൾ, ജന്മിമാർ. ഇവർ മുസ്ലിംകൾ, പട്ടികജാതിക്കാർക്കൊപ്പം കഠിനമായി പണി എടുപ്പിക്കും. ശരിയായ കൂലി കൊടുക്കില്ല. അതിക്രൂരമായി പെരുമാറി. പണ്ട് (30-40 കൊല്ലം മുമ്പ് വരെ) നായന്മാരായ സവർണരായിരുന്നു ബഹുഭൂരിപക്ഷം ഭൂ ഉടമകൾ. കേരളത്തിൽ മുസ്ലിം, ഈഴവ, തിയ്യർ, പിന്നാക്ക ക്രിസ്ത്യാനികൾ, ദലിതർ (ദലിത് ഹിന്ദു, ദലിത് ക്രിസ്ത്യാനികൾ) ഒന്നിച്ചുനിന്ന് സവർണർക്ക് എതിരെ പോരാട്ടം നടത്തി, അവകാശങ്ങൾക്കായി.