എഴുത്തുക്കുത്ത്
താളുകളിലെ തിരക്കഥാകൃത്ത്!
കോഴിക്കോടൻ അനുഭവങ്ങളും തന്റെ പത്രപ്രവർത്തന ജീവിതവിശേഷങ്ങളുമായി ‘കാലാന്തര’ത്തിലൂടെ പ്രേംചന്ദ് കടന്നുപോകുമ്പോൾ തന്റെ ആത്മമിത്രവും ‘മാതൃഭൂമി’യിലെ സഹപ്രവർത്തകനുമായ ബി. ജയചന്ദ്രനെ ചിത്രങ്ങളിലൂടെയൊക്കെയും കഴിഞ്ഞ രണ്ട് ലക്കത്തിലും പരാമർശിച്ചു പോകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സവിശേഷത ഒരിടത്തുപോലും സൂചിപ്പിക്കുന്നില്ല! ചാനലുകളിലും യൂട്യൂബ് അടക്കമുള്ള ഇടങ്ങളിലൂടെയും മലയാളികൾ ഏറെ കണ്ട് രസിക്കുന്ന ‘മൂക്കില്ലാരാജ്യത്ത്’എന്ന അശോകൻ-താഹ സംവിധാനംചെയ്ത ഹാസ്യസിനിമയുടെ തിരക്കഥാകൃത്താണ് ജയചന്ദ്രൻ.
ആക്ഷൻ ഫാമിലി പശ്ചാത്തലത്തിൽ ആചാര്യൻ, പി.ജി. വിശ്വംഭരന്റെ കോമഡി ചിത്രം ‘വക്കീൽ വാസുദേവ്’, 2000ത്തിലിറങ്ങിയ വാണി വിശ്വനാഥിന്റെ ഹൊറർ ചിത്രമായ ജോർജ്കിത്തു സംവിധാനംചെയ്ത ‘ഇന്ദ്രിയം’ തുടങ്ങി പ്രേക്ഷകരെ രസിപ്പിച്ച പടങ്ങൾക്കെല്ലാം ‘മാതൃഭൂമി’യിൽ പത്രപ്രവർത്തകനായിരുന്ന കാലത്തുതന്നെ തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട് ജയചന്ദ്രൻ.
(കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്, പെരിന്തൽമണ്ണ)
മട്ടൻകറി സിദ്ധാന്തം
ജിഷ്ണു പ്രസാദിന്റെ കഥ ‘മട്ടൻകറി സിദ്ധാന്തം’ (ലക്കം: 1346) ഇപ്പോഴാണ് വായിക്കാനായത്. ഒരു സാഹിത്യരൂപം എന്നനിലയിൽ ഇന്ന് ചെറുകഥ ഏറ്റവും അടുത്ത് നിൽക്കുന്നത് സിനിമയോടാണ്. പക്ഷേ, ദൗർഭാഗ്യമെന്ന് പറയട്ടെ, അങ്ങനെ തങ്ങളുടെ കഥകൾ സിനിമകളാക്കാൻ അവസരം ലഭിക്കുന്ന, ആ രംഗത്ത് വ്യക്തിബന്ധങ്ങളുള്ള ചെറുകഥാകൃത്തുക്കളിൽ പലരും ചെറുകഥ എന്നു പറഞ്ഞ് എഴുതുന്നത് സിനിമയുടെ One line അഥവാ ചുരുക്കെഴുത്തുകളാണ്. എന്നാൽ, അങ്ങനെയൊന്നുമല്ലാതെ ഒരു സിനിമക്കുവേണ്ട എല്ലാ ദൃശ്യസമ്പന്നതയും രസക്കൂട്ടുകളും ‘മട്ടൻകറി സിദ്ധാന്തം’ എന്ന കഥയിലുണ്ട്. മുമ്പ് ഈ കഥാകാരന്റെ കഥകളൊന്നും ഞാൻ വായിച്ചിട്ടില്ലെന്നാണ് ഓർമ.
മലയാള ചെറുകഥയിൽ വിഷയസ്വീകരണത്തിൽ ഇന്ന് സെയ്ഫ് സോണുകളിൽ ഒന്നെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാടും വേട്ടയും മദ്യവും ഭക്ഷണവും ഒക്കെ ഈ കഥയിൽ ഉണ്ടെങ്കിലും അതിനെ കോവിഡാനന്തര പ്രതിഭാസമായ യൂട്യൂബ് ചാനലുമായും അതിന്റെ റേറ്റിങ്ങുമായെല്ലാം ബന്ധിച്ചിരിക്കുന്നു എന്നതാണ് ഈ കഥയുടെ എടുത്തുപറയേണ്ട സവിശേഷത.
ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് എന്നു മാത്രമല്ല, രസച്ചരട് ഒട്ടും മുറിയാത്ത, ഗംഭീര ദൃശ്യസമ്പന്നമായ ആഖ്യാനമാണ് കഥാകാരന്റേത്. അഭിനന്ദനങ്ങൾ, ജിഷ്ണു പ്രസാദ്. ഇങ്ങനെ ഫ്രെയിം ടു ഫ്രെയിം ദൃശ്യസമ്പന്നമായ കഥകൾ സ്വാഭാവികമായും ദൈർഘ്യമേറിയവയായിരിക്കും. ആദ്യത്തെ പാരഗ്രാഫിൽതന്നെ വായനക്കാരനെ കൊളുത്തിപ്പിടിക്കുന്ന ഈ കഥ തുടർന്ന് അതേ തീവ്രതയോടെ കൊണ്ടുപോകുന്നു.
തീർച്ചയായും വായന ആവശ്യപ്പെടുന്ന ഒരു കഥയാണിത്. വാക്കിലും വരിയിലും വെടിമരുന്ന് നിറക്കാൻ പ്രതിഭയുള്ള കഥാകൃത്താണ് ജിഷ്ണു പ്രസാദ്. പുതിയ കഥയുടെ പൾസ് നന്നായി തിരിച്ചറിയുന്ന മാധ്യമം ആഴ്ചപ്പതിപ്പിനെയും എഡിറ്റോറിയൽ ടീമിനെയും പ്രത്യേകം അഭിനന്ദിക്കുന്നു.
(ശ്രീകണ്ഠൻ കരിക്കകം,ഫേസ്ബുക്ക്)
പെൺജീവിതങ്ങളുടെ പ്രതിരോധ വഴികൾ
റീന പി.ജിയുടെ ചെറുകഥകൾക്ക് പൊതുവേ നീളക്കൂടുതലാണ്. അത്തരത്തിൽ നീളമുള്ളൊരു കഥയാണ് ഈ ലക്കം ആഴ്ചപ്പതിപ്പിൽ വായിച്ചത്. ‘ചോരപ്പങ്ക്’ എന്ന പേരിലുള്ള ഈ കഥ ഒരു ദീർഘദൂര ട്രെയിൻ യാത്രയിലെ എലേന എന്ന അഭ്യസ്തവിദ്യയായ വീട്ടമ്മയുടെയും യാത്രക്കിടയിൽ കണ്ടുമുട്ടുന്ന സെമന്തിയെന്ന തമിഴ് യുവതിയുടെയും ദാരുണമായ ജീവിതത്തിന്റെ ചിത്രീകരണമാണ്.
തമിഴും മലയാളവും ഇടകലർത്തിയുള്ള വിവരണം കഥയുടെ കെട്ടുറപ്പിനെ പരിക്കേൽപിക്കാൻ പോന്നതാണെങ്കിലും എഴുത്തിന്റെ സൂക്ഷ്മതയാൽ ഭാഷകളുടെ സാന്ദ്രമായൊരനുഭൂതിയെ കഥ സമ്മാനിക്കുന്നു.
പുരുഷാധിപത്യ സാമൂഹിക ക്രമത്തിലെ നിസ്സഹായ പെൺജീവിതങ്ങളെ നമ്മൾ നിരന്തരം കാണുകയും, വായിക്കുകയും ചെയ്യുന്നതാണല്ലോ? എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി റീന കണ്ടെടുക്കുന്ന പെൺജീവിതങ്ങൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള ഉൾക്കരുത്തുണ്ട്.
നിസ്സഹായരായ പെൺജീവിതങ്ങളുടെ ഉൾക്കരുത്തിനെ വിശദീകരിക്കേണ്ടിവരുമ്പോൾ വന്യമായ പ്രതിരോധങ്ങളെ ആഖ്യാനപ്പെടുത്താനുള്ള എഴുത്തുകാരിയുടെ ചിന്തകളെ തന്റെ സർഗാത്മക സൗന്ദര്യാനുഭൂതിയാൽ മറികടക്കാനായി എന്നതാണ് ഈ കഥയുടെ സവിശേഷത.
കമ്പാർട്മെന്റിൽ ഒഴുകിപ്പരക്കുന്ന ചോര ഉന്മത്തമനോനിലയിലേക്ക് വായനക്കാരെ എത്തിക്കുമെന്ന തിരിച്ചറിവിനാലാവണം പ്രണയത്തിലേക്കും അതിജീവനത്തിന്റെ സാംസ്കാരിക ചരിത്രത്തിലേക്കും വിരൽ ചൂണ്ടിക്കൊണ്ട് കഥ അനിശ്ചിതമായി അവസാനിക്കുന്നത്. തീർച്ചയായും അത് സമകാലിക പെൺജീവിതങ്ങളുടെ അനിശ്ചിതത്വത്തെ അടയാളപ്പെടുത്താനുള്ള കരുത്ത് ഈ കഥക്ക് നൽകുന്നുണ്ട്. പ്രിയ കഥാകാരിക്കും, മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
(സുനിൽ മംഗലത്ത്,തലയോലപ്പറമ്പ്)
നമ്മുടെ വിദ്യാഭ്യാസരംഗം
ആഴ്ചപ്പതിപ്പിന്റെ ‘തുടക്ക’ത്തിൽ (ലക്കം: 1347) പറയുംപോലെ നമ്മുടെ വിദ്യാഭ്യാസമേഖലക്ക് ഗുരുതരമായ എന്തൊക്കെയോ വീഴ്ചകൾ സംഭവിച്ചിരിക്കുന്നു. ഒരു പുനഃപരിശോധനയും പുതുക്കിപ്പണിയലും അനിവാര്യമായിരിക്കുകയാണ്. വിദ്യാഭ്യാസം കച്ചവടമായതും അധ്യാപകർക്ക് വിദ്യാർഥികൾക്കു മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതും നിലവാരത്തകർച്ചയുടെ ഒരു കാരണമാണ്.
വിദ്യാർഥികളെ ഒന്നുപദേശിക്കാൻപോലും ഇന്ന് അധ്യാപകർ ഭയപ്പെടുകയാണ്. എങ്ങനെയോ പോകട്ടെ എന്ന നിലപാടിലാണവർ. മുഖപ്രസംഗത്തിൽ പറയാത്ത ഒരു കാര്യംകൂടിയുണ്ട്. ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളിൽ ചേക്കേറുന്ന പ്രവണത ഏറിവരുകയാണ്. ഈ നാട്ടിൽ സൗകര്യമില്ലാഞ്ഞിട്ടല്ല പലരും പോകുന്നത്. വിദേശങ്ങളിൽ മികച്ച സംവിധാനങ്ങളുണ്ടെന്ന ധാരണക്കൊപ്പം സമൂഹത്തിന്റെ അംഗീകാരവും പ്രധാന ഘടകമാണ്. അത്തരം ചിന്താഗതികൾക്കും മാറ്റം വരേണ്ടതായുണ്ട്.
(ഏഴംകുളം മോഹൻകുമാർ, അടൂർ)
കുഞ്ഞാമന്റെ ചിന്തകളെ ഗൗരവത്തോടെ കേരളം കണ്ടോ?
ശരിയായ രാഷ്ട്രീയം അധികാരത്തെ ചോദ്യംചെയ്യലാണ് എന്ന് തികഞ്ഞ തന്റേടത്തോടെ, കനപ്പെട്ട ശബ്ദത്തിൽ നമ്മെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന ഡോ. എം. കുഞ്ഞാമന്റെ വിയോഗത്തെ തുടർന്ന് ആഴ്ചപ്പതിപ്പിൽ (ലക്കം: 1276) അദ്ദേഹം എഴുതിയ ‘കേരളത്തിന്റെ വികസന മാതൃകകൾ തന്നെ ചർച്ചചെയ്യപ്പെടണം’ എന്ന കുറിപ്പ് (സംഭാഷണം, എഴുത്ത്: ആർ. സുനിൽ) ലക്കം 1346ൽ യഥാസമയം പുനഃപ്രസിദ്ധീകരിച്ച് ആഴ്ചപ്പതിപ്പ് അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചു.
പ്രസിദ്ധനായ അധ്യാപകനായും ചിന്തകനായും എഴുത്തുകാരനായും ആക്ടിവിസ്റ്റായും നമ്മുടെ ഇടയിൽ നിറഞ്ഞുനിന്ന ഡോ. എം. കുഞ്ഞാമൻ കേരളീയസമൂഹത്തെ പതിറ്റാണ്ടുകളോളം സുസൂക്ഷ്മം നിരീക്ഷിച്ചുപോന്ന സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ പാറിപ്പറന്നത് മനുഷ്യനന്മയെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ചിന്തകളെയും കണ്ടെത്തലുകളെയും കേരളം ഒരിക്കലും ഗൗരവപൂർവം കണ്ടില്ല എന്നത് വിരൽചൂണ്ടുന്നത് ഇവിടെ നിലനിന്നുപോരുന്ന സാംസ്കാരികവും ഭരണപരവുമായ നിർജീവതയിലേക്കാണ്.
വിജ്ഞാനത്തിന് ജീവിതത്തെയും ജീവിതാവസ്ഥകളെയും മാറ്റിമറിക്കാൻ കഴിയുമെന്ന് ജീവിതാന്ത്യംവരെ നമ്മെ ഉദ്ബോധിപ്പിച്ച ഡോ. അംബേദ്കറുടെ ആശയങ്ങൾതന്നെയാണ് ഡോ. കുഞ്ഞാമനും കൃത്യമായി നമ്മോട് പങ്കുവെക്കുന്നത്. കേരളത്തിൽ വിജ്ഞാനദാരിദ്ര്യവും സാമ്പത്തിക അസമത്വവും കൂടിവരുകയാണെന്നും അതിനാൽതന്നെയാണ് വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുമ്പോഴും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾ ‘ഡിജിറ്റൽ ഡിവൈഡ്’ അനുഭവിക്കുന്നതെന്നും അദ്ദേഹം സമർഥിക്കുന്നു.
നമുക്ക് ഊഹിച്ചെടുക്കാൻ കഴിയാത്ത അത്രയും കോടികൾ ദലിത്/ ആദിവാസി വികസനം എന്ന പേരിൽ പതിറ്റാണ്ടുകളായി കേരളം മാറിമാറി ഭരിച്ച സർക്കാറുകൾ ചെലവഴിച്ചെങ്കിലും, അതുമൂലം ആരുടെ വികസനമാണ് ഇവിടെ യാഥാർഥ്യമായത് എന്ന കുറിക്കുകൊള്ളുന്ന ചോദ്യം അദ്ദേഹം ചോദിക്കുന്നു. ഇത് അദ്ദേഹത്തിന്റെ മാത്രം ചോദ്യമല്ല, കേരള ജനത ഒന്നടങ്കം ചോദിക്കുന്ന കാതലായ, കരുത്തുറ്റ ചോദ്യമാണ്.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പട്ടികജാതി- വർഗ വികസന വകുപ്പുകൾ വർഷംതോറും നടത്തിവരുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ പരിപാടിയുടെ ഈ വർഷത്തെ കോഴിക്കോട് ജില്ലതല പരിപാടിയിൽ ഈ കുറിപ്പ് എഴുതുന്നവനും സംബന്ധിക്കുകയുണ്ടായി. സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും, പൊതു ഖജനാവിൽനിന്നും കോടികൾ ഒഴുക്കിയിട്ടും എന്തുകൊണ്ടാണ് അടിസ്ഥാന വിഭാഗങ്ങൾ ഇന്നും താഴെത്തട്ടിൽത്തന്നെ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നത് എന്നും അത്തരം ഒരു അവസ്ഥക്ക് മുഖ്യ കാരണക്കാർ കേരളം മാറിമാറി ഭരിച്ച ഭരണകർത്താക്കൾ ആണെന്നും ഈയുള്ളവൻ സൂചിപ്പിക്കുകയുണ്ടായി.
ഈയൊരു അവസ്ഥ ഇനിയും തുടരാൻ അനുവദിച്ചുകൂടാ എന്നും ഭരണകർത്താക്കൾക്ക് ഈ വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ കഴിവില്ലെങ്കിൽ, പ്രഗല്ഭരായ ഭരണ ഉദ്യോഗസ്ഥവിദഗ്ധരെ വിദേശരാജ്യങ്ങളിൽനിന്നും കൊണ്ടുവരണമെന്നും വെറും അഞ്ചു വർഷംകൊണ്ട് അവർ അടിത്തട്ട് വിഭാഗങ്ങളെ മേൽത്തട്ടിലേക്ക് കൊണ്ടുവരുമെന്നുമുള്ള അഭിപ്രായംകൂടി അവിടെ പങ്കുവെക്കുകയുണ്ടായി.
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഏറെക്കാലമായി നടന്നുവരുന്നത് കൊടിയ അഴിമതിയും കെടുകാര്യസ്ഥതയും തന്നെയാണ്. സാമൂഹികനീതിയുടെ ലാഞ്ഛനപോലും അവിടെ കാണാനാവില്ല. എണ്ണത്തിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂന്നിരട്ടിയിലധികം വരുന്ന ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ വ്യക്തികളുടെ കൈവശത്തിലും, എന്നാൽ നിയമനാധികാരം കുത്തകയാക്കിയ ഇവർ ഒരു തത്ത്വദീക്ഷയുമില്ലാതെ നിയമനത്തിന് കോടികൾ വർഷാവർഷം അധാർമികമായി വാങ്ങുകയും ചെയ്യുന്നു.
എന്നാൽ ശമ്പളം, പെൻഷൻ, വിവിധതരം ഗ്രാന്റുകൾ എന്നിവ സർക്കാർ ഒരു മുടക്കവും ഇല്ലാതെ മാനേജ്മെന്റുകൾക്ക് നൽകുകയും ചെയ്യുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൃത്യമായി നൽകാതെ സർക്കാർ നിയമലംഘനം നടത്തുകയും ചെയ്യുന്നു. ഇതിനെയാണ് ഡോ. കുഞ്ഞാമൻ ശക്തമായ രീതിയിൽ ചോദ്യംചെയ്തത്.
‘എന്നെ പാണൻ എന്ന് വിളിക്കരുത്’ എന്ന അധ്യായത്തോടെയാണ് കുഞ്ഞാമന്റെ ആത്മകഥയായ ‘എതിര്’ ആരംഭിക്കുന്നത്. അതിനെ ചോദ്യം ചെയ്ത കുഞ്ഞാമനെ എന്തുകൊണ്ട് ജാതിപ്പേര് വിളിച്ചുകൂടാ എന്നും, കുഞ്ഞാമന്റെ വാക്കുകൾക്ക് മറുപടിയായി നാട്ടുപ്രമാണിയായ അധ്യാപകൻ അദ്ദേഹത്തിന്റെ ചെകിട്ടത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം നേടി വളർന്നു വലുതായപ്പോഴും കുഞ്ഞാമനിലെ നിഷേധിയും ഒപ്പം വളരുകയായിരുന്നു.
‘‘താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നൊേബൽ സമ്മാന ജേതാവായേനെ.’’ ഡോ. കുഞ്ഞാമന്റെ കാലത്ത് തിരുവനന്തപുരത്തെ സി.ഡി.എസ് മേധാവിയായിരുന്ന, അന്നത്തെ തലയെടുപ്പുള്ള സാമ്പത്തിക വിദഗ്ധനായിരുന്ന ഡോ. കെ.എൻ. രാജുമായുള്ള അദ്ദേഹത്തിന്റെ ഈ സംഭാഷണം സൂചിപ്പിക്കുന്നത് ആരുടെ മുന്നിലും തലകുനിക്കുന്നവനല്ല കുഞ്ഞാമൻ എന്നാണ്. തികഞ്ഞ ആത്മധൈര്യവും അന്തസ്സും ആത്മാഭിമാനവും ഉള്ള ഒരാൾക്ക് മാത്രമേ ഡോ. കെ.എൻ. രാജിനെപോലെയുള്ള ഒരാളോട് അത്തരത്തിൽ സംസാരിക്കാനുള്ള ധൈര്യമുണ്ടാകുകയുള്ളൂ എന്നത് അവിതർക്കിതമായ വസ്തുതയാണ്.
ആദിവാസികൾ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് ആദിവാസി ഭാഷയിലായിരിക്കരുതെന്നും, അവരുടെ ഭാഷയും ഭാഷ്യവും ഇവിടത്തെ ഭരണാധികാരികളുടേതാ യിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. കേരളത്തിൽ, കസ്റ്റഡി മരണമായാലും പട്ടിണി മരണമായാലും പീഡന മരണമായാലും നീതിയായി ലഭിക്കുന്നത് കേവലം നഷ്ടപരിഹാരമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വിരളമാണെന്നും, സമ്പന്നരും ശക്തരും നിയമത്തിന് അതീതരാണെന്നും നിയമത്തിനുമീതെ പറക്കുന്ന പരുന്താണ് സമ്പത്ത് എന്നും അദ്ദേഹം രോഷത്തോടെ പറയുന്നുണ്ട്.
താൻ ജീവിതത്തിൽ ഇഷ്ടപ്പെടുന്നത് നിഷേധികളെയും ധിക്കാരികളെയുമാണ് എന്ന് കുഞ്ഞാമൻ ആത്മകഥയിൽ ഒരിടത്ത് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾപോലെതന്നെ ജീവിതത്തിലങ്ങോളമിങ്ങോളം ഒരു നിഷേധിയായും തന്റേടിയായും എത്ര വലിയവനായാലും തെറ്റിനെ തെറ്റായി ചൂണ്ടിക്കാണിച്ച് ധാർമികതയിൽ ഊന്നിയ ജീവിതം നയിച്ച വ്യക്തിയുമായായിരുന്നു ഡോ. കുഞ്ഞാമൻ. അദ്ദേഹത്തിൽ ഉറങ്ങിക്കിടന്ന കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കുന്നതിനും ജനങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചിന്തകളും പഠനങ്ങളും പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനും കേരളം തുനിഞ്ഞില്ല എന്നത് അദ്ദേഹത്തോട് കാണിച്ച നെറികേടാണ്, അത്യന്തം ഖേദകരവുമാണ്.
മറിച്ച്, അദ്ദേഹത്തെ പ്രവർജനം ചെയ്യാനായിരുന്നു ഭരണകൂടങ്ങൾ എന്നും ശ്രമിച്ചത്. അത്തരത്തിൽ അദ്ദേഹത്തെ അകറ്റിനിർത്തിയതിലുള്ള കലമ്പൽ നമുക്ക് ഭരണകൂടങ്ങളോടുണ്ട് എന്നുകൂടി സൂചിപ്പിക്കട്ടെ.
(പി.ടി. വേലായുധൻ ഇരിങ്ങത്ത്, പയ്യോളി)