എഴുത്തുകുത്ത്
വില്യം ഡാൽറിംപിൾ പ്രശ്നങ്ങളെ സമഗ്രതയിൽ കാണുന്നില്ല
ഫലസ്തീൻ വിഷയത്തെ കേന്ദ്രീകരിച്ച് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാൽറിംപിളും മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമും നടത്തിയ സംഭാഷണം (ലക്കം: 1356) വായിച്ചു. ഫലസ്തീൻ പ്രശ്നത്തെ അംഗീകരിക്കുകയും ഫലസ്തീനുവേണ്ടി വാദിക്കുകയുംചെയ്യുന്ന വ്യക്തിയാണ് ഡാൽറിംപിൾ.
പശ്ചിമേഷ്യൻ വിഷയത്തെ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഡാൽറിംപിൾ ഫലസ്തീൻ വിഷയത്തെ േകന്ദ്രീകരിച്ച് ‘ഫ്രം ദ ഹോളി മൗണ്ടൻ’ എന്ന പുസ്തകം കാൽനൂറ്റാണ്ടുമുമ്പ് എഴുതിയിരുന്നു. ‘‘രണ്ടാം ലോകയുദ്ധത്തിൽ ഡ്രെസ്ഡെനു നേരെ നടന്ന രൂക്ഷമായ ബോംബിങ്ങിനു ശേഷം നഗരകേന്ദ്രിതയുദ്ധത്തിൽ അഭൂതപൂർവവും വിവേചനരഹിതവുമായ ക്രൂരമായ ബോംബിങ്ങാണ് ഇപ്പോൾ ഗസ്സക്കും വെസ്റ്റ് ബാങ്കിനും മേൽ നടന്നുവരുന്നത്. വടക്കൻ ഗസ്സ ഏതാണ്ട് പൂർണമായി തകർന്നു തരിപ്പണമായി’’ എന്ന് ഇപ്പോഴത്തെ ഫലസ്തീൻ അവസ്ഥകളെക്കുറിച്ച് അദ്ദേഹം കൃത്യമായി പറയുന്നുണ്ട്.
എന്നാൽ, തുടർന്നുള്ള ഭാഗങ്ങളിൽ ഫലസ്തീന്റെ ചെറുത്തുനിൽപിനെ അദ്ദേഹം വിമർശിക്കുന്നു. ‘‘ഹമാസും പ്രശ്നത്തിന്റെ ഭാഗമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴത്തെ ആക്രമണത്തിന്റെയല്ല, മുഴുവൻ പ്രശ്നങ്ങളുടെയും ഭാഗം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അവരുടെ തന്ത്രങ്ങൾ, സിവിലിയന്മാർക്കു നേരെയുള്ള അതിക്രമങ്ങൾ എല്ലാം ഇസ്രായേലിനകത്തുതന്നെ സമാധാനം ആഗ്രഹിച്ചിരുന്നവരുടെ മണ്ഡലത്തെ നശിപ്പിച്ച് ഇല്ലാതാക്കി.’’ ഇങ്ങനെയാണ് ഡാൽറിംപിൾ പുതിയ അവസ്ഥകളെപ്പറ്റി പറയുന്നത്.
ഫലസ്തീൻ വിഷയത്തോട് െഎക്യദാർഢ്യപ്പെടുന്ന പലരും പിൻപറ്റുന്ന നിലപാടാണ് ഡാൽറിംപിളിേന്റതും. അത് സമഗ്രമല്ല, ഫലസ്തീന്റെ മണ്ണ് ഇസ്രായേൽ ബലമായി പിടിച്ചടക്കിയിരിക്കുന്നു. ഹമാസ് ആകെട്ട, ഫലസ്തീനിലെ മറ്റ് ചെറുത്തുനിൽപ് സംഘങ്ങളാകെട്ട കരുതുന്നത് അത് തങ്ങളുടെ മണ്ണ് എന്നാണ്. ‘ഇസ്രായേലിലേക്ക് കടന്നുകയറി’ എന്നാണ് ഹമാസിനെതിരെ വിമർശനം. അങ്ങനെയല്ല, ഫലസ്തീനികൾ തങ്ങളുടെ മണ്ണിലേക്ക്, തങ്ങളുടെ കൈയിൽനിന്ന് പിടിച്ചെടുക്കപ്പെട്ട ഭൂമിയിലേക്ക് പോരാട്ടത്തിന്റെ ഭാഗമായി കടന്നുചെന്നുവെന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിലും മാധ്യമം ആഴ്ചപ്പതിപ്പിലും ഫലസ്തീൻ വിഷയത്തെപ്പറ്റി സമഗ്രവും വിശദവുമായ പഠനങ്ങൾ വന്നിട്ടുണ്ട്.
ഫലസ്തീൻ ജനത പോരാടുന്നത് അവരുടെ മണ്ണിനുവേണ്ടിയാണ്, അതിജീവനത്തിനു വേണ്ടിയാണ്. നിലനിൽക്കാനുള്ള പിടച്ചിലിൽ അവർ ചെയ്യുന്ന ഒന്നും തന്നെ എതിർക്കപ്പെടേണ്ടതല്ല. അതാണ് വിശാലമായ കാഴ്ചപ്പാടും ചിന്തയും ഉള്ളവർ പുലർത്തേണ്ടത്. ഡാൽറിംപിൾ ആ വലിയ കാഴ്ചപ്പാട് പുലർത്തുന്നതിൽ വീഴ്ചവരുത്തുന്നു. അതെന്തായാലും ഫലസ്തീൻ വിഷയത്തെ അദ്ദേഹം പിന്തുണക്കുന്നുവെന്നതും തുടർച്ചയായി എഴുതുന്നുവെന്നതും വലിയ കാര്യം തന്നെയാണ്.
(പീറ്റർ സേവ്യർ, തൊടുപുഴ)
അമേരിക്കയുടെ ഇരട്ടമുഖം തുറന്നു കാട്ടപ്പെടണം
ഒത്തുപിടിച്ചൊരു ഫലസ്തീൻ രാജ്യം എന്ന ശീർഷകത്തിൽ വില്യം ഡാൽറിംപിളുമായുള്ള ദീർഘവർത്തമാനം (ലക്കം: 1356) വാർത്തകളുടെ വെള്ളി വെളിച്ചത്തിൽനിന്നും മെല്ലെമെല്ലെ മറവിയുടെ ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫലസ്തീനിന്റെ രോദനം ഒരിക്കൽകൂടി മലയാളി മനഃസാക്ഷിക്ക് മുന്നിൽ തുറന്നുവെച്ച ആഴ്ചപ്പതിപ്പിന് ആദ്യമേ ഭാവുകങ്ങൾ നേരട്ടെ.
ചവിട്ടിനിൽക്കാൻ ഒരുപിടി മണ്ണ് എന്ന സ്വപ്നത്തിന്റെ സാഫല്യത്തിനായി മരണംപോലും പുഞ്ചിരിയോടെ ഏറ്റുവാങ്ങുന്ന ഒരു ജനതയുടെ നിശ്ചയദാർഢ്യത്തെ അതിന്റെ യഥാർഥ സ്പിരിറ്റിൽ, കഴിഞ്ഞുപോയ ഒരു പാട് വിപ്ലവങ്ങളെ ആഘോഷിക്കുന്ന ലോകസമൂഹം നോക്കിക്കണ്ടോ എന്നു ചോദിച്ചാൽ ‘ഇല്ല’ എന്നു മാത്രമാണ് ഉത്തരം.
ഗസ്സയിൽനിന്നും വരുന്ന വാർത്തകളെ ഒരു വലിയവിഭാഗം മാധ്യമങ്ങൾ നുണകൾ ചേർത്ത് ലോകത്തിനു വിളമ്പിക്കൊണ്ടിരിക്കുന്ന വേദനിപ്പിക്കുന്ന വർത്തമാനത്തിൽ വില്യമിനെപ്പോലുള്ള എഴുത്തുകാർ നൽകുന്ന സംഭാവന വളരെ വലുതാെണന്നുപറയാതെ വയ്യ. ഇസ്രായേൽ എന്ന അധിനിവേശ രാഷ്ട്രത്തിനു സകല പിന്തുണയും നൽകുന്ന അമേരിക്കയുടെ ക്രൂരമുഖത്തെ പറ്റിയാണ് കൂടുതൽ ചർച്ചകൾ നടക്കേണ്ടതെന്നു തോന്നുന്നു.
(ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ)
ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യം ചെയ്യപ്പെട്ടു
പരകാല പ്രഭാകർ/ നഹീമ പൂന്തോട്ടത്തിൽ സംഭാഷണം (ലക്കം: 1355) വായിക്കുന്നവർ രാജ്യത്തിന് സംഭവിച്ചിരിക്കുന്ന സാമ്പത്തിക പരാധീനതയിൽ ഉത്കണ്ഠാകുലരാകുമെന്നതിൽ സംശയമില്ല. കേന്ദ്രം ഭരിക്കുന്നവർ മോർഗൻ ഹൗസെലിന്റെ ‘പണത്തിന്റെ മനഃശാസ്ത്രം’ എന്ന പുസ്തകം വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രഭാകർ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവാണെന്നത് വിചിത്രംതന്നെ. 2022ൽ രണ്ടേകാൽ ലക്ഷം ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ ചേക്കേറിയെന്നത് രാജ്യത്തിന്റെ അടിത്തറ ഇളകിയതിന്റെ തെളിവാണ്.
സംസ്ഥാനങ്ങളുടെ വിഹിതം 42 ശതമാനത്തിൽനിന്ന് 32 ശതമാനമായി കുറക്കാൻ മോദി ആവശ്യപ്പെട്ടു എന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് തുരങ്കംവെക്കുന്ന പരിപാടിയാണ്. മാധ്യമങ്ങളും മോദിയുടെ കൊള്ളരുതായ്മക്ക് എതിരെ മൗനംപാലിക്കുന്നു എന്നതും ഭയാനകമാണ്. പ്രഭാകർ എഴുതിയിരിക്കുന്നത് ആധുനിക ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെട്ടുവെന്നാണ്.
കേന്ദ്രത്തിന്റെ ഫാഷിസ്റ്റ് ജനവിരുദ്ധ നയങ്ങളെ എതിർക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം 2024ലെ ഏറ്റവും വലിയ തമാശയായി. തട്ടിക്കൂട്ടിയ ഇൻഡ്യ മുന്നണി ഛിന്നഭിന്നമാകാനുള്ള തന്ത്രങ്ങൾ മോദി അതിവിദഗ്ധമായി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അയോധ്യയിലെ ക്ഷേത്രനിർമാണത്തിലൂടെ ഹിന്ദി മേഖലയിലെ വോട്ടുകൾ ബി.ജെ.പി അടുത്തുവരുന്ന തെരഞ്ഞെടുപ്പിലും തൂത്തുവാരും. അതോടെ, ഇന്ത്യൻ ഭരണഘടനയും നിഷ്പ്രഭമാകും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ മോദി-അമിത്ഷാ കൂട്ടുകെട്ടിനെ വെല്ലാൻ ഇന്ത്യയിൽ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലെന്നതാണ് യാഥാർഥ്യം.
(ഫാ. ഡാർലി എടപ്പങ്ങാട്ടിൽ,മുളന്തുരുത്തി)
‘ലോക നീതി’യല്ല ‘നവലോകം’
പ്രേംചന്ദ് എഴുതുന്ന ‘കാലാന്തര’ത്തിൽ ബീരാൻ കൽപുറത്തിനെ കുറിച്ച (ലക്കം: 1355) ഓർമകൾ വായിച്ചു. അതിലൊരു തെറ്റുണ്ട്. കോഴിക്കോട് അബ്ദുൽ ഖാദറിന്റെ ‘‘പരിതാപമിതേഹാ!’’ എന്ന ഗാനം ‘ലോകനീതി’ എന്ന സിനിമയിലാണെന്ന് പ്രേംചന്ദ് എഴുതുന്നു. ആ ഗാനം ‘നവലോകം’ (1951) എന്ന സിനിമയിലേതാണ്. ആ ചിത്രത്തിലെ പകുതിയിലധികം ഗാനങ്ങളും ഖാദർക്കയാണ് പാടിയിട്ടുള്ളത്. (‘‘ആർത്തലച്ചു കയറുക, മാഞ്ഞിടാതെ മധുരനിലാവേ, പരിതാപമിതേഹാ ജീവിതമേ! തങ്കക്കിനാക്കൾ ഹൃദയേവീശും, ഭൂവിൽ ബാഷ്പധാര...’’) മൊത്തം 11 പാട്ടുകളാണ് ‘നവലോക’ത്തിൽ. പാട്ടെല്ലാം ഹിറ്റ്. പടം ഫ്ലാറ്റ്. ഏതായാലും ഈ ഗാനങ്ങളെല്ലാം ഇപ്പോഴത്തെ കാലത്തിനെത്തിച്ച ബീരാൻ കൽപുറത്തിന്റെ ചരമവാർത്ത ദേശീയ പത്രത്തിലില്ലാതെയും പോയി!