Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

ഇരുട്ടിലേക്ക് തന്നെയുള്ള പിന്മടക്കങ്ങൾ

കേരളം കോരിത്തരിപ്പോടെ നോക്കിക്കണ്ട സർവമത സമ്മേളനത്തിന്റെ നിറമുള്ള ഓർമകളെ ഒരിക്കൽക്കൂടി മലയാളിക്ക് മുന്നിൽ കുടഞ്ഞിട്ട കെ.ഇ.എന്നിന്റെ ലേഖനം (ലക്കം: 1359) വായിച്ചപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ കുറിപ്പിനാധാരം.

അനീതികളുടെ അന്ധകാരത്തിൽപെട്ടു ഉഴറിനടന്ന ഒരു സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വഴിനടത്താൻ ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകന്മാർ നടത്തിയ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് തുടർച്ചകൾ ഇല്ലാതെപോയതാണ് വീണ്ടും ഇരുട്ടിലേക്ക് നമ്മുടെ നാട് മെല്ലെ മെല്ലെ നടന്നുനീങ്ങുന്നതിന്റെ അനവധി കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്.

വരേണ്യവർഗത്തിന്റെ കാൽക്കീഴിൽ സകലമാന മനുഷ്യാവകാശങ്ങളും ഹനിക്കപ്പെട്ട് കഴിഞ്ഞുകൂടിയ ഒരു ജനതയുടെ പിന്മുറക്കാർ ചരിത്രത്തെ കൊഞ്ഞനംകുത്തിക്കൊണ്ട് ചൂഷകരുടെ സർവാധിപത്യത്തിനായി പണിയെടുക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

ജാതിയും മതവുമൊക്കെ ചില നേതാക്കന്മാരുടെ അധികാരത്തിലേക്കുള്ള തുറുപ്പുചീട്ട് മാത്രമായി ചുരുക്കപ്പെടുന്നതിന്റെ ദുരന്തഫലമാണ് നാട്ടിൽ നടമാടുന്ന വർഗീയതയുടെ അതിപ്രസരം എന്നു പറയാതെ വയ്യ. ഇന്നും പിന്നാക്കജാതി ജനങ്ങൾ നേരിടുന്ന വിവേചനങ്ങളും ഒളിഞ്ഞും തെളിഞ്ഞും അനുഭവിക്കേണ്ടിവരുന്ന ഭർത്സനങ്ങളും പറഞ്ഞുവെക്കുന്നത് മറ്റൊന്നല്ല. തുടർച്ചകൾ ഉണ്ടാവുന്ന നര ബലികളും നാരീപീഡനങ്ങളും അന്ധവിശ്വാസങ്ങളുടെ അതിപ്രാധാന്യവുമൊക്കെ, നവോത്ഥാനത്തിന്റെ വെള്ളി വെളിച്ചത്തിൽനിന്നും ഒരു സമൂഹത്തിന്റെ തിരിഞ്ഞുനടത്തംതന്നെയാണ് കാണിച്ചുതരുന്നത്.

മതങ്ങൾക്കപ്പുറം മനുഷ്യരെ നോക്കി വോട്ട് ചെയ്യേണ്ട സമൂഹത്തിനോട് മതവും ജാതിയും ലാക്കാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാൻ പറയാതെ പറയുന്ന സെക്കുലർ രാഷ്ട്രീയ നേതൃത്വങ്ങളും നമ്മെ നയിക്കുന്നത് പിറകിലേക്ക് തന്നെയാണെന്നതും ഒരു ദുഃഖസത്യമാണ്. ചുരുക്കത്തിൽ ആലുവയിൽ നടന്ന ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനം നൂറ് വർഷത്തിലേക്ക് കടക്കുമ്പോൾ ചിതറിത്തെറിച്ചുനിൽക്കുന്ന ഒരു ജനതയായി നാം മാറിപ്പോയോ എന്നു തീർച്ചയായും സന്ദേഹിക്കാവുന്നതാണ്.

വീണ്ടും ഒരു ഒത്തുചേരൽ നാട് കൊതിക്കുന്നുണ്ട്. പക്ഷേ, കാതോർക്കാൻ വചനപ്പൊരുൾകൊണ്ട് കോൾമയിർകൊള്ളിച്ച മറ്റൊരു ഗുരുവിന്റെ ശബ്ദവും സാന്നിധ്യവും ഇല്ലാതെ പോയല്ലോ എന്നതാണ് വെളിച്ചത്തെ കാത്തിരിക്കുന്നവരുടെ ഏറ്റവും വലിയ വേദന.

(ഇസ്മായിൽ പതിയാരക്കര)

ഡുബായി -പ്രാദേശിക ഭാഷകൊണ്ടുള്ള സാംസ്കാരിക പ്രതിരോധം

മാധ്യമം ആഴ്​ചപ്പതിപ്പിൽ നാരായണൻ അമ്പലത്തറയുടെ കവിത ‘ഡുബായി’ വായിച്ചു (ലക്കം:1356). കാസർകോടൻ നാട്ടുഭാഷയിലെഴുതിയ കവിതയിൽ കാർഷിക സംസ്കൃതിയിൽ അഭിരമിച്ചൊരു സ്ത്രീ യാദൃച്ഛികമായി ദു​ൈബ നഗരത്തിലെത്തുന്നതും തുടർന്ന് അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും ഉൾച്ചേർത്ത ഒന്നാണ്. മക്കൾ വിദേശത്ത് താമസമുറപ്പിച്ചാൽ പിന്നെയവർ വിസ സംഘടിപ്പിക്കുന്നത് അച്ഛനമ്മമാർക്കാണ്. സ്നേഹംകൊണ്ടാണെന്ന് കരുതിയെങ്കിൽ തെറ്റി. കുട്ടികളെ നോക്കാനും വീട്ടുപണിയെടുക്കാനും ശമ്പളം കൊടുക്കാതെ നിർത്താൻ പറ്റുന്നത് അച്ഛനമ്മമാരെയാണല്ലോ? അത്തരത്തിലൊരു പ്രതീകമാണ് ബക്കിച്ചിയേട്ടത്തി.

ഗൾഫിലെത്തിയിട്ടും നാടിന്റെ ഓർമയിൽ സ്വന്തം വീടാണെന്ന ധാരണയിലേക്ക് അവർ വല്ലാതെ വീണുപോകുന്നു. എടുത്തുപറയേണ്ടത് ഇതിലെ ഭാഷയാണ്. നൂറു മലയാളിക്ക് നൂറു മലയാളമുണ്ടായിരുന്ന മലയാളിയിൽനിന്നും ചാനലുകളും മാധ്യമങ്ങളും കൊണ്ടുവന്ന ഒറ്റ മലയാളമെന്ന, ഏകഭാഷാ വ്യവഹാരമെന്ന സാംസ്കാരിക അധിനിവേശം പതിയെ മലയാള ഭാഷയെയും ബാധിച്ചിരിക്കുന്നതായി കാണാം.

കേരളത്തിലെ ഏതു പ്രദേശത്തുമുള്ള പുതിയ തലമുറക്കാർക്ക് ആ പ്രാദേശിക ഭാഷയിലുള്ള മലയാളം നഷ്ടമായി ഏകമായൊരു മലയാള ഭാഷ കേരളീയർ സംസാരിക്കുന്ന കാലം അതിവിദൂരമല്ല. രാഷ്ട്രംതന്നെ അതിന്റെ ബഹുസ്വരത നഷ്ടമായി ഏകസ്വരത്തിലേക്ക് നടന്നടുക്കുമ്പോൾ അത്തരമൊരു അധീശത്വം ഭാഷയിലൂടെയും വളർന്ന് പ്രാദേശിക ഭാഷയുടെ അന്ത്യം കുറിക്കുകയും അത് രാജ്യം മുഴുവൻ ഏക ഭാഷയെന്ന ഭീതിദമായൊരു അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. അവിടെയാണ് ഇത്തരത്തിലുള്ള കവിതകളിലൂടെയുള്ള പ്രതിരോധത്തിന്റെ പ്രസക്തി വർധിക്കുന്നതും.

(ബാലഗോപാലന്‍, കാഞ്ഞങ്ങാട്)

ഭ്രമയുഗം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം' സിനിമ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആ ചലച്ചിത്രത്തെ സംബന്ധിച്ച് കേട്ടറിവും വായിച്ചറിവും വെച്ച് നിസ്സംശയം പറയാവുന്ന ഒരു കാര്യമുണ്ട്, ആരും വിളിക്കാതെ തന്നെ പ്രേക്ഷകരെ തിയറ്റിൽ എത്തിക്കാൻ പര്യാപ്തമായ ഒരു സിനിമ എന്നതാണത്. ഇന്ന് ലോകമാകമാനം സിനിമ കളറിന്റെയും കളർ കോമ്പിനേഷന്റെയും ബഹളത്തിലാണെങ്കിലും എത്രയോ വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമ പൂർണ മായും കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചിരിക്കുന്നു എന്ന വലിയൊരു പുതുമയും ഈ ചിത്രത്തിനുണ്ട്. പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കി ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെ പരിചയപ്പെടാൻ താൽപര്യമില്ലാത്ത ന്യൂജൻ തലമുറക്ക് വർത്തമാനകാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്തുവന്നതിലൂടെ അത്തരമൊരു ചലച്ചിത്ര രീതിയെയും പരിചയപ്പെടാൻ ഒരവസരമായി.

ഡോ. സിബു മോടയിൽ, ആൽവിൻ അലക്സാണ്ടർ എന്നിവർ ചേർന്ന് തയാറാക്കിയ ‘ഭ്രമയുഗം’ സിനിമാനിരൂപണം (ലക്കം: 1358) ആ ചിത്രത്തിന്റെ കഥാഘടനയെക്കുറിച്ചും അവതരണത്തെക്കുറിച്ചും നല്ലൊരു വീക്ഷണം പ്രദാനംചെയ്യുന്നുണ്ട്. ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്ന മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരുടെ കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ വീക്ഷണം ലഭിക്കുന്നുണ്ട്. ചിത്രത്തെ മമ്മൂട്ടിയുഗത്തിന്റെ തുടർച്ചയായിത്തന്നെ വിലയിരുത്താമെന്നു തോന്നുന്നു. ചലച്ചിത്രത്തിന്റെ മറ്റ് അണിയറ വിശേഷങ്ങൾ ഒന്നുംതന്നെ നിരൂപണത്തിൽ ഉൾപ്പെടുത്താത്തത് കുറവുതന്നെയാണെന്ന് പറയേണ്ടിവരുന്നു.

ലോകത്ത് എവിടെയായാലും അധികാരം ഭരണാധികാരികൾക്കും മേലാളൻമാർക്കും തലക്കുപിടിച്ച ഒരുതരം ഭ്രാന്തൻ വികാരംതന്നെയാണെന്ന് നിസ്സശയം പറയാം. അതിൽ നിന്നും പുറത്തുവന്ന ആരെങ്കിലുമൊക്കെ ഒരുപക്ഷേ ഉണ്ടായേക്കാം. അധികാരം കൈയാളുന്ന അധികാരി എങ്ങനെയാണ് തന്റെ കീഴിലുള്ളവനെ ചൊൽപ്പടിയിലാക്കുന്നതെന്ന് സംവിധായകൻ ചിത്രത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ‘അധികാര ഭ്രമയുഗം’ എന്ന നിരൂപണ തലക്കെട്ട് ഏറെ ഉചിതം.

(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)

Show More expand_more
News Summary - weekly ezhuthukuth