എഴുത്തുകുത്ത്
ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി പോരാടണം
ലോക്സഭ തെരഞ്ഞെടുപ്പിൽ എന്തു സംഭവിക്കും അല്ലെങ്കിൽ എന്തു സംഭവിക്കാം എന്ന കാര്യത്തിൽ തന്റെ നിലപാടുകൾ പ്രശാന്ത് ഭൂഷൺ തുറന്നുപറയുന്ന (ലക്കം: 1360) തിനോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം; എങ്കിലും ആ പറച്ചിലിൽ ചില കാര്യങ്ങൾ ഇല്ലാതെയില്ല. മുമ്പെങ്ങുമില്ലാത്തവിധം രാജ്യം വർഗീയതയിലൂടെ കടന്നുപോകുമ്പോൾ, ജനാധിപത്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുമ്പോൾ, മഹത്തായ നമ്മുടെ ഭരണഘടനയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാകുമ്പോൾ കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുകയാണ് കോൺഗ്രസുകാരനല്ലെങ്കിലും കോൺഗ്രസ് അനുഭാവിയും ആക്ടിവിസ്റ്റും രാഷ്ട്രീയനിരീക്ഷകനും പ്രമുഖ സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ.
ഇന്ത്യയെ ഒന്നായിക്കാണാൻ ആഗ്രഹിക്കുന്ന മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്; അതായത് കോൺഗ്രസിന്റെയോ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയുടെയോ തിരിച്ചുവരവ്. എന്നാൽ, ഇന്ന് കോൺഗ്രസിന്റെ നില പരുങ്ങലിലാണെന്ന് പറയേണ്ട കാര്യം തന്നെയില്ല. നാനൂറിൽ കൂടുതൽ സീറ്റ് ഒറ്റക്ക് ലോക്സഭയിൽ സ്വന്തമാക്കിയ പാർട്ടി കോൺഗ്രസ് അല്ലാതെ മറ്റാരുമല്ല, രാജീവ് ഗാന്ധി അതിന് നേതൃത്വം കൊടുക്കുകയുംചെയ്തു. അത് ചരിത്രം. എന്നാൽ, ഇന്ന് കോൺഗ്രസ് എത്തിനിൽക്കുന്നത് 55 എന്ന രണ്ടക്കത്തിൽ. പരാജയത്തിന്റെ പടുകുഴിയിൽ ആണ്ടുപോയ കോൺഗ്രസിന് ഇനി സമീപഭാവിയിലൊന്നും ഒറ്റക്കു പിടിച്ചുകയറാനാകുമെന്ന് തോന്നുന്നില്ല. അതിന് പുറമെനിന്നുള്ള കൈത്താങ്ങ് വേണം. അതിനുള്ള സാധ്യതയാണ് ഇൻഡ്യ സഖ്യത്തിൽ മതേതര വിശ്വാസികൾ കാണുന്നത്. അതുതന്നെയാണ് പ്രശാന്ത് ഭൂഷൺ പറഞ്ഞുവെക്കുന്നതും.
കോൺഗ്രസ് പാർട്ടിയിൽനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുന്നു, പ്രത്യേകിച്ച് പാർട്ടി വിട്ടുപോകുന്നവരിൽ അധികവും ബി.ജെ.പി പാളയത്തിൽ ചേക്കേറുന്ന സാഹചര്യത്തിൽ. പറഞ്ഞാൽ അനുസരിക്കാത്തവരെ പാർട്ടിയിൽനിന്ന് പുറത്താക്കുകതന്നെ വേണമെന്ന് മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ കാര്യം ഉദാഹരിച്ച് അർഥശങ്കക്കിടയില്ലാത്തവിധം അദ്ദേഹം തുറന്നുപറയുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയിലും അദ്ദേഹം പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി രാഹുൽ ഗാന്ധി കാഴ്ചവെക്കുന്ന പക്വതയും ഉറച്ച നിലപാടുകളും ദേശീയതലത്തിൽതന്നെ ശ്രദ്ധനേടിയിട്ടുണ്ട്.
ഇൻഡ്യ മുന്നണിയിൽ അലോസരങ്ങളും അസ്വാരസ്യങ്ങളും കുറച്ചു നാളുകളായി ഉയർന്നുകേൾക്കുന്നുണ്ട്. മതേതരത്വത്തിന് അപകടകരമായ വിധത്തിൽ ഇനിയും എൻ.ഡി.എ സംഖ്യം മുന്നേറാതെയിരിക്കണമെങ്കിൽ ഇൻഡ്യ സഖ്യത്തിന്റെ അടിത്തറ ഭദ്രമാക്കേണ്ടതുണ്ട്. അതിനുവേണ്ടി സഖ്യത്തിലെ പാർട്ടികൾ എല്ലാം ചെറിയ ചെറിയ പിണക്കങ്ങളൊക്കെ മറന്ന് ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്ന തിരിച്ചറിവ് മുന്നണിയിലെ എല്ലാ പാർട്ടികൾക്കുമുണ്ടാകണം. ഇനിയുമൊരവസരത്തിനുവേണ്ടി അടുത്ത അഞ്ചു വർഷം കാത്തിരിക്കുകയല്ല വേണ്ടത്, മറിച്ച് മുന്നിലെത്തിയ അവസരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇ.വി.എം (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) കാര്യത്തിലുള്ള ആശങ്കയും പ്രശാന്ത് ഭൂഷൺ പങ്കുവെക്കുന്നുണ്ട്.
വോട്ടുയന്ത്രത്തിന്റെ കാര്യത്തിൽ കൃത്യത വരുത്താത്തിടത്തോളം അതിനെ കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുകതന്നെ ചെയ്യും. അതുകൊണ്ടുകൂടിയായിരിക്കാം ‘‘ജനങ്ങളുടെ ബലത്തിൽ നിലവിലെ ഭരണകക്ഷിക്ക് അധികാരത്തിലേറാനാകില്ലെന്നും അതിന് കൃത്രിമത്വം വേണ്ടിവരു’’മെന്നും പറയേണ്ടിവരുന്നത്. ചുരുക്കത്തിൽ എൻ.ഡി.എ അധികാരത്തിൽ തുടരാൻ പാടില്ലെന്നും പകരം കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡ്യ സഖ്യം അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്നുമാണ് പ്രശാന്ത് ഭൂഷൺ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
ഗോവണിക്കു വരുന്ന സജീവത
മാധ്യമം ആഴ്ചപ്പതിപ്പ് കവിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. സമകാലിക കവിതകളെ പ്രത്യേകിച്ച് ആയാസംകൂടാതെ ഒന്നിച്ചുെവച്ചു പരിശോധിക്കാൻ അവസരം കിട്ടുന്നു എന്ന ഗുണം അതുകൊണ്ടുണ്ട്. പുതിയ കവിതകളുടെ ഭാഷാപരമായ പ്രത്യേകതകൾ പ്രത്യേകം അന്വേഷിക്കേണ്ടതാണ്. ചെറിയ കുറിപ്പിൽ എഴുതിത്തീർക്കാവുന്ന സംഗതിയല്ല അത്. ഭാഷാവ്യവഹാരത്തെ കവിതയാക്കി മാറ്റുന്ന ഘടകങ്ങളിൽ വന്ന മാറ്റങ്ങളും ലഘുവായ ഒരന്വേഷണത്തിനു വഴങ്ങുന്നതല്ല. എങ്കിലും ചില കവിതകൾ എന്തുകൊണ്ട് ഈ കവിതാപ്രളയങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിച്ചു എന്നു ആലോചിച്ചുകൊണ്ട് നമുക്ക് നമ്മുടെ ഭാവുകത്വത്തെ വീണ്ടുവിചാരത്തിനു വിധേയമാക്കാവുന്നതാണ്.
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1357) ആകെ അഞ്ച് കവിതകളുണ്ട്. ഒരു കവിത വിദ്യ പൂവഞ്ചേരി എഴുതിയ ‘ഗോവണി’യാണ്. നഗരത്തിൽ താമസിക്കുന്ന ഒരാളുടെ ഫ്ലാറ്റിലേക്കുള്ള പടവുകൾ ഒരുദിവസം അപ്രത്യക്ഷമായത്രേ. അയാളുടെ കിതപ്പും താളവും നന്നായി അറിയാവുന്ന ഗോവണിയുടെ അപ്രത്യക്ഷമാകൽ ഉണ്ടാക്കിയ ഏകാന്തതയെപ്പറ്റിയാണ് കവിത (അതിന്റെ തുടർച്ചയായി രാഗില സജിയെഴുതിയ ‘മരണമറിയിക്കാൻ വന്നയാൾ’ എന്ന കവിതയെ എടുക്കാം.
ഭാഷയുടെയും ഉള്ളടക്കത്തിന്റെയും ഘടന വേറെയായതുകൊണ്ട് അതിനെക്കുറിച്ച് വേറെ പറയേണ്ടതായിവരും). സാധാരണ വ്യവഹാരത്തെ കവിതയാക്കുന്നത് അതിന്റെ അസാധാരണത്വമാണല്ലോ. അതിലൊന്ന് ഗോവണിക്കു വരുന്ന സജീവതയാണ്. സ്വയം തീരുമാനമെടുക്കാനും നന്നായി അറിയാവുന്ന ഒരാളുടെ ജീവിതത്തെ കുഴപ്പത്തിലാക്കിക്കൊണ്ട് സ്വയം മറയാനും അതിനു കഴിയുന്നു. ഈ നിർവാഹകത്വം സാധാരണ ജീവിതത്തിലില്ലാത്തതും കവിത സൃഷ്ടിക്കുന്ന ഭാവനാജീവിതത്തിൽ അസ്വാഭാവികമായി തോന്നാത്തതുമായ കാര്യമാണ്. അതിനു കാരണം, നഗരജീവിയായ ഒരാളുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായ ഗോവണി, കേവല വസ്തുവായ ഗോവണിയല്ലെന്നും അയാളുടെ ജീവിതത്തിലുണ്ടായ ഗത്യന്തരമില്ലാത്ത പ്രതിസന്ധിയാണെന്നും വായിക്കുന്നയാളിനു മനസ്സിലാക്കാൻ കഴിയുന്നതാണ്.
വിനിമയം ഇല്ലാതായ മനസ്സിന്റെ തോന്നലാകാം ഗോവണി നഷ്ടപ്പെട്ട ഫ്ലാറ്റും അതിലെ ഏകാകിയായ മനുഷ്യന്റെ ജീവിതവും. പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ദുർഗാപ്രസാദ് എഴുതിയ കവിതയിലെ മനുഷ്യനിലും സമാനമായ സാഹചര്യമാണ് കവി എടുത്തുവെക്കുന്നത്. അവിടെ കൊട്ടിയടക്കപ്പെടുന്നതും തുറക്കാവുന്നതുമായ ജനാലകളാണെന്ന വ്യത്യാസമുണ്ട്. കവിതയുടെ പേര് ‘റൈറ്റേഴ്സ് ബ്ലോക്കെ’ന്നാണ്. ആ ശീർഷകമാണ് പ്രമേയത്തിന്റെ സാജാത്യത്തിലേക്ക് സൂചന നൽകുന്നത്. ദുർഗാപ്രസാദിന്റെ കവിതയിലെ കർത്താവ് സ്വന്തം കാര്യത്തിൽ അത്ര നിഷ്ക്രിയനല്ല. എന്നാൽ അതല്ല ‘ഗോവണി’യിലെ സ്ഥിതി. നിസ്സഹായാവസ്ഥയാണ്. അതുകൊണ്ട് ഈ കവിതയിലേക്ക് മടങ്ങാം.
മൗനം മരണമാകുന്നു എന്നു പറഞ്ഞതുപോലെ ഉണ്ടാവുന്ന വിനിമയനഷ്ടം മരണത്തിനടുത്തൊരവസ്ഥയാണ്. അതിനോടു തോന്നുന്ന ഭയവും സഹഭാവവും പകപ്പും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയും ഏകാന്തതയും എല്ലാം കൂടിക്കുഴയുന്നതാണ് കവിതയിലെ ഭാവമണ്ഡലം. ഗോവണികൾ നഷ്ടപ്പെടുന്ന വീടുകളിലെ കെടുന്ന വെളിച്ചത്തെക്കുറിച്ച് പരോക്ഷമായും തെരുവിൽ ചോരയൊലിപ്പിച്ചു കിടക്കുന്ന മുറിഞ്ഞ വാക്കുകളെപ്പറ്റിയും പകുതിെവച്ചു മിണ്ടാതാവുന്ന സ്നേഹത്തെപ്പറ്റിയുമുള്ള വിശേഷണവാക്യങ്ങൾ മരണാസന്നതയെ കൂടുതലായി പ്രത്യക്ഷമാക്കിത്തരുന്നു.
മറ്റൊരു ഘടകം ‘ഗോവണി’യിൽ ഒരു രക്ഷാകർത്താവായി നഗരം ഉണ്ട്. ഗോവണിയില്ലാതെ പുറത്തിറങ്ങാൻ വയ്യാതെയായ മനുഷ്യന്റെ തലമുടിയിൽ, നഗരം എന്ന ബൃഹദാകാരം ജനലിലൂടെ കൈയിട്ട് വിരലോടിക്കുന്നു. ഇല്ലാതായിപ്പോയ ഉറക്കത്തെപ്പേടിച്ച് ഉറങ്ങിപ്പോയ അയാൾക്ക് നഗരം ഉറങ്ങാതെ കാവലിരിക്കുന്നു. വിദ്യ പൂവഞ്ചേരി, സ്വാഭാവികമെന്നു തോന്നിക്കുന്ന നഗരത്തിന്റെ സ്നേഹപ്രകടനത്തെ അതായിത്തന്നെ ആവിഷ്കരിക്കുകയല്ല. മറിച്ച്, നഗരത്തിന്റെ അനാശാസ്യമായ കാവലും സ്നേഹവും തന്നെയാണ് അയാളുടെ ഒറ്റപ്പെടലിന്റെയും വിനിമയനഷ്ടത്തിന്റെയും കാതലെന്ന് മറച്ചുകെട്ടി പറയുകയാണ് ചെയ്യുന്നത്. നഗരത്തിൽ ഇയാളെപോലെ വേറെയും ആളുകൾക്ക് ഗോവണികൾ നഷ്ടപ്പെടുന്നുണ്ടെന്ന നേരിയ സൂചന കവിതക്കുള്ളിലുണ്ട്. (“അങ്ങിങ്ങായി ഗോവണികൾ നഷ്ടപ്പെട്ട വീടുകളിൽ വെളിച്ചം മിന്നിമിന്നി അണയുന്നു”)
ആ അർഥത്തിൽ കവിതയുടെ സ്രോതതലം ആളുകൾ ത്രസിക്കുന്ന നഗരത്തിന്റെ ഒരു മൂലയിലുള്ള ഫ്ലാറ്റിലെ മിണ്ടാനും പറയാനും ആരുമില്ലാത്ത ഒറ്റപ്പെട്ട ജീവിതമാണ്. അതിന്റെ ലക്ഷ്യതലം പ്രണയബദ്ധരായി/ വിവാഹിതരായി ഒന്നിച്ചു കഴിഞ്ഞിരുന്ന രണ്ടുപേരിൽ ഒരാളുടെ വിയോഗമാണ്. ആ വിയോഗത്തിനും മറ്റേയാളിന്റെ ഒറ്റപ്പെടൽ എന്ന ദുര്യോഗത്തിനും കാരണം രക്ഷാകർതൃസ്ഥാനത്തുള്ള ഒരു നിഴൽരൂപമാണെന്നും വരും. അതിനും പിന്നിൽ ശ്രദ്ധിച്ചാൽ ക്രൗഞ്ചങ്ങളിലൊന്നിന്റെ അനാഥത്വത്തിനു കാരണമായ രാമായണകഥയുടെ നിഴലുണ്ടെന്നും പറയാം. രക്ഷാകർതൃപദവിയിലുള്ള സംരക്ഷണഭാവങ്ങൾക്ക് കാലാകാലമുണ്ടാകുന്ന മാറ്റങ്ങളായി കാട്ടാളത്വവും സദാചാരസംഹിതകളും പരിപാലനവ്യഗ്രതയും കടന്നുവരുന്നു. ഗോവണിയെന്ന കവിതയിൽ നഗരജീവിതത്തിന്റെ ആഘാതങ്ങളാണ്.
മൂന്നാമതായി, ഈ കഥ ആരാണ് പറയുന്നത് എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. കവിതയിൽ പ്രഥമ പുരുഷനായും ഉത്തമ പുരുഷനായും ആഖ്യാനത്തിനു വെച്ചുമാറ്റമുണ്ട്. “നഗരത്തിൽ അയാൾ താമസിക്കുന്ന ഫ്ലാറ്റിലേക്കൂള്ള പടവുകൾ ഒരുദിവസം പെട്ടെന്ന് അപ്രത്യക്ഷമായി” എന്ന കവിതയുടെ ആദ്യവരി ഒരു സംഭവം നടന്നതായി കവിതക്കുള്ളിലെ ആഖ്യാതാവ് വായനക്കാരോട് പറയുന്ന നിലയിലാണ്. കുറച്ചു കഴിയുമ്പോൾ “നഗരമേ എനിക്കുറങ്ങാൻ പറ്റുന്നില്ല” എന്നും “എന്നാലും എന്റെ വീട്ടിലേക്കുള്ള പടവുകൾ” എന്നും സംസാരിക്കുന്നത് കവിതക്കുള്ളിൽനിന്ന് അയാൾ തന്നെയാകുന്നു. കഥപോലെയല്ല കവിത. അതിൽ ഇത്തരത്തിലുള്ള വീക്ഷണവ്യതിയാനങ്ങൾ സൂചനകളൊന്നും കൂടാതെ സാധ്യമാണ്. ആഖ്യാനത്തെ ദ്രാവകംപോലെ വഴക്കമുള്ളതാക്കിത്തീർക്കാൻ ചാഞ്ചാടുന്ന നോട്ടസ്ഥാനമാറ്റങ്ങൾക്ക് കഴിയും.
അങ്ങനെ പറയുന്നതു കേൾക്കാൻ ആരുമില്ലെന്ന അവസ്ഥ മരണമാണെന്ന സങ്കൽപത്തെ നഗരജീവിതത്തിന്റെ അന്യവത്കരണവും ഏകാന്തതയുമായി ബന്ധപ്പെടുത്തി ഇഴപിരിച്ചും രൂപകമാക്കിയും അവതരിപ്പിക്കുന്നു എന്ന നിലയിലാണ് വിദ്യ പൂവഞ്ചേരിയുടെ കവിത ആവിഷ്കാരം നേടുന്നത്. ‘ഗോവണി’ നേരത്തേ പറഞ്ഞതുപോലെ പുറത്തേക്കും അകത്തേക്കുമുള്ള വഴിയുടെ രൂപകമാണ്. മരണാസന്നനായ അയാളുടെ ജീവാധാരം ഫ്ലാറ്റിലേക്കുള്ള പടവുകളാണ് എന്നാണല്ലോ കവിത പറഞ്ഞുവെക്കുന്നത്. കവിതക്കു കൊടുത്ത പേരും അക്കാര്യത്തിന് ഊന്നൽ നൽകുന്നു.
വിനിമയത്തിനുള്ള അദമ്യമായ ആഗ്രഹവും അതു നഷ്ടപ്പെട്ടുപോകുമോ എന്ന ഉത്കണ്ഠയും കവിയെന്ന നിലക്ക് വ്യക്തിത്വമുള്ള ഒരാളുടെ സ്വകാര്യമായ സ്വപ്നംകൂടിയാകാം. ഗോവണിയുടെ നഷ്ടമാണ് കവിതയിലെ ‘അയാളുടെ’ ദുര്യോഗത്തിനു കാരണമായ വസ്തുത. ആ യാഥാർഥ്യത്തിൽ സംശയിക്കേണ്ട കാര്യമില്ല. എന്നാൽ, കവിതക്ക് അവിടെനിന്ന് ഒരു ഉടന്തടി ചാട്ടമുണ്ട്. കവിതപോലെയുള്ള സൂക്ഷ്മവ്യവഹാരങ്ങൾക്ക് എപ്പോഴും ഒരു വസ്തുവിനെ ഒരു സൂചിതം (സിഗ്നിഫൈഡ്) മാത്രമായി നിലനിർത്താൻ കഴിയില്ല. അതുകൊണ്ട് “പകുതിെവച്ചു മിണ്ടാതാവുന്ന സ്നേഹം മരണത്തിലേക്കുള്ള പടവുകളിലൊന്നാണ്” (എന്നുെവച്ചാൽ വേറെയും പടവുകൾ മരണത്തിലേക്ക് ഉണ്ടെന്നർഥം) എന്ന് ഇതേ കവിതയിൽ മറ്റൊരിടത്ത് കാണാം.
ഈ പടവുകളെയല്ലേ കവി കുറച്ചു നേരത്തേ, കവിതയുടെ ജീവനാഡിയായും കവിതയിലെ മനുഷ്യജീവിതത്തിന്റെ ആധാരമായും അതില്ലെങ്കിൽ മരണമായും അവതരിപ്പിച്ചത്? അതെങ്ങനെ മാറിയെന്ന് സംശയിക്കുന്നവർ വീക്ഷണസ്ഥാനത്തിന്റെ ഗതിമാറ്റത്തിന്റെ കാര്യത്തിലെന്നപോലെ കവിത വൈരുധ്യങ്ങളെ ഉള്ളടക്കുന്ന രീതിയാലോചിച്ചാണ് ചിന്താമഗ്നരാവുന്നത്, വാഗ്രൂപകങ്ങളുടെ ഔചിത്യക്കേടാലോചിച്ചല്ല. അങ്ങനെ നടന്ന് ജീവിതത്തിന്റെതന്നെ വൈരുധ്യങ്ങളുടെ ഭാഗത്ത് നമ്മളെത്തും. അതാണ് കവിതയുടെ മിടുക്ക്
(ആർ.പി. ശിവകുമാർ, ഫേസ്ബുക്ക്)
പുലര്‍കാലത്ത് പൊട്ടിച്ചെടുത്ത പൊട്ടുവെള്ളരിപോലെ
കറുത്തവർ മാത്രം കളിക്കുന്ന സെനഗാൾ ടീമിന്റെ ആരാധകനായ മുരുകണ്ണന് എന്ന അനാഥപ്പയ്യന്റെ കഥ പറയുന്ന വി.കെ. സുധീര്‍ കുമാര്‍ വായനക്കാരുടെ മനസ്സുകള്‍ ആര്ദ്രമാക്കുന്നു (ലക്കം: 1359). കടത്തിൽ മുങ്ങിയ അച്ഛൻ ചോറിൽ കലർത്തി കൊടുത്ത വിഷം കഴിച്ച് അമ്മയും പെങ്ങളും പൂച്ചയും അകാലത്തിൽ വേർപെട്ടുപോയപ്പോൾ അനാഥത്വം അറിഞ്ഞവനാണ് മുരുകണ്ണന്. ഫുട്ബാളാണ് അവനെ രക്ഷിച്ചത്. അന്നത്തെ കളികഴിഞ്ഞ് വീട്ടിലെത്താൻ വൈകിയതുകൊണ്ടുമാത്രം രക്ഷപ്പെട്ട ഒരു പത്തുവയസ്സുകാരൻ.
അയമോട്ടിക്ക എന്നൊരു കളിക്കാരനെയും പരിചയപ്പെടുത്തുന്നുണ്ട് സുധീര്‍ കുമാര്‍. മൂന്നു പൊറോട്ടയും ബീഫുമാണ് അയമോട്ടിക്കയുടെ ഒരു ദിവസത്തെ കളിക്കൂലി. അതില്‍ ഒരെണ്ണം തിന്നും. ബാക്കി രണ്ടെണ്ണം പൊതിഞ്ഞെടുക്കും –വീട്ടുകാരുടെ വിശപ്പടക്കാൻ. ഗോളിമാത്രം മുന്നിലുള്ളപ്പോൾ പാസ് കൊടുത്ത് സഹകളിക്കാരെക്കൊണ്ട് ഗോളടിപ്പിക്കുന്നതാണ് അയമോട്ടിക്ക സ്റ്റൈല്‍!
അടുത്തടുത്ത ദിവസങ്ങളിലാണ് അയമോട്ടിക്കയും മുരുകണ്ണനും മരിക്കുന്നത്. പ്രായാധിക്യവും അസുഖവുമാണ് അയമോട്ടിക്കയുടെ ജീവനെടുത്തതെങ്കില്‍, പീടികത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന മുരുകണ്ണന്റെ മേല്‍ ലോറി ഇടിച്ചുകയറുകയായിരുന്നു.
പൊതു ശ്മശാനത്തില്‍ പോയി മുരുകണ്ണന്റെ ശരീരഭസ്മം കുപ്പിയില്‍ ശേഖരിച്ച് സൈനുൽ ഖത്തറിലേക്ക് തിരിച്ചുപോന്നതിന്റെ പിറ്റേന്നാണ് സെനഗാൾ x എക്വഡോര്‍ മത്സരം. തന്റെ കൈയിലുള്ള അര്‍ജന്റീന x മെക്സികോയുടെ ടിക്കറ്റ് സുഹൃത്തായ ബേബിച്ചായനു നൽകി അയാൾ സെനഗാൾ x എക്വഡോര്‍ ടിക്കറ്റ് വാങ്ങുന്നു. ഉദ്വേഗജനകമായ കളിയില്‍ സെനഗാൾ ജയിച്ചപ്പോള്‍ ‘‘മുരുകണ്ണാ നിങ്ങടെ ടീമിതാ ജയിച്ചിരിക്കുന്നു’’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് പോക്കറ്റില്‍ കരുതിയിരുന്ന മുരുകണ്ണന്റെ ശരീരഭസ്മം നിറച്ച കുപ്പി തുറന്ന് മൈതാനത്തേക്ക് വീശിയെറിയുന്നു. അന്ത്യകർമംചെയ്ത് ശാന്തമായ മനസ്സോടെ അയാൾ തിരികെ നടക്കുന്നതോടെ കഥ തീരുന്നു. പുലര്‍കാലത്ത് പൊട്ടിച്ചെടുത്ത പൊട്ടുവെള്ളരിപോലെ ആസ്വാദ്യകരമായ ഒരു കഥയാണിത്.
(സണ്ണി ജോസഫ്, മാള)