എഴുത്തുകുത്ത്
ആഘോഷിക്കാൻ എന്തിരിക്കുന്നു ജയമോഹനിൽ?
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രണ്ട് ലക്കങ്ങളിലായി (1361, 1362) തമിഴ് എഴുത്തുകാരൻ ജയമോഹനുമായി നടത്തിയ സംഭാഷണം വായിച്ചു. ദിവസങ്ങൾക്കു മുമ്പ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ജയമോഹൻ മലയാളികൾക്കെതിരെ നടത്തിയ വംശീയമായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അഭിമുഖം ശ്രദ്ധയോടെ വായിച്ചു. തന്റെ നിലപാട് അദ്ദേഹം എല്ലായിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ എഴുത്തുകാരെക്കുറിച്ചും മറ്റും നടത്തുന്ന പരാമർശങ്ങൾ ശരിയാണ് താനും. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ തീക്ഷ്ണത നിറഞ്ഞതുമാണ്. അതെല്ലാം അംഗീകരിക്കുന്നു. പക്ഷേ, ആഘോഷിക്കാൻ മാത്രം ഒന്നുമില്ല ജയമോഹനിൽ. മലയാളത്തിലെ തന്നെ ചില കവികളും എഴുത്തുകാരും തുറന്നു നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളുമായി നോക്കുേമ്പാൾ ജയമോഹന്റെ വിമർശനങ്ങൾക്ക് വലിയ സാംഗത്യമില്ല.
ജയമോഹന്റെ എഴുത്തുകളെയും അദ്ദേഹത്തിന്റെ നിലപാടുകളെയും സൂക്ഷ്മമായി ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ഞാൻ മനസ്സിലാക്കിയിടത്തോളം അദ്ദേഹത്തിൽ ഒരു സവർണ ഹിന്ദുത്വവാദി ഒളിച്ചിരിപ്പുണ്ട്. മാത്രമല്ല, അതിനേക്കാൾ മലയാളി വിരുദ്ധ സങ്കുചിത തമിഴ് ദേശീയവാദിയും അദ്ദേഹത്തിൽ പ്രവർത്തിക്കുന്നു. ജയമോഹൻ നടത്തിയ ചില പരാമർശങ്ങൾ വെറുപ്പ് ഉൽപാദിപ്പിക്കുന്നവയുമാണ്.‘‘അവൻമാർ ഗൾഫിൽ പോയി പണമുണ്ടാക്കുന്നു, വലിയ പള്ളികളും ഷോപ്പിങ് കോംപ്ലക്സുകളും പണിയുന്നു, സ്കൂളും കോളജുമുണ്ടാക്കുന്നു... ഇങ്ങനെ പോയാൽ കുറച്ചു കൊല്ലം കഴിയുമ്പോൾ അവർ എല്ലാവരേയും മറികടക്കും... ഭൂരിപക്ഷമാവും...അതിനെ ചെറുക്കാൻ നമ്മൾ ഒരുമിക്കണം...’’എന്ന മട്ടിൽ ഒരിക്കൽ അദ്ദേഹം പറയുന്നത് വായിച്ചു. ഇത് ഏത് തരം വംശീയ, മത ബോധമാണ്?
ജയമോഹന്റെ രചനകൾ മലയാളത്തിലെ പല ലബ്ധപ്രതിഷ്ഠരേക്കാൾ മികച്ചതാണെന്നതിൽ തർക്കമില്ല. ആ രചനകളെ മാത്രമേ നമ്മൾ കാണേണ്ടതുള്ളൂ.അതുപോലെ അദ്ദേഹത്തിന്റെ അനുഭവങ്ങളിൽനിന്നും പഠിക്കാനുണ്ട്. അതിനപ്പുറം ജയമോഹന് പ്രാധാന്യം കൽപിക്കുന്നതിൽ അർഥമില്ല.
(രാജൻ, വടകര)
ജയമോഹൻ പിന്തുടരുന്നത് എന്ത്?
എഴുത്തുകാരൻ ജയമോഹനുമായി എം.എൻ. സുഹൈബ് നടത്തിയ അഭിമുഖം (ലക്കം 1362) വായിച്ചു. അഭിമുഖത്തിൽ ഹിന്ദു താലിബാൻ, ബി.ജെ.പി ഒരു ഹിന്ദു വഹാബി തുടങ്ങിയ പ്രയോഗങ്ങൾ ജയമോഹൻ നടത്തുന്നുണ്ട്. ഹിംസയുടെ മാപിനിയായി ഇസ്ലാമിക രൂപകങ്ങളെ ഉപയോഗിക്കുക എന്ന പാശ്ചാത്യ-ഇന്ത്യൻ ഹിന്ദുത്വ സംജ്ഞകളെയാണ് ജയമോഹൻ ഇപ്പോഴും പിന്തുടരുന്നതെന്ന് വ്യക്തമാകുന്നു. ലോകത്തെ തുല്യതയില്ലാത്ത രണ്ട് ഭീകരപ്രസ്ഥാനങ്ങൾ ചേർന്ന് വരച്ചിട്ട ഈ സ്റ്റാൻഡേഡൈസേഷനാണ് സ്വതന്ത്ര എഴുത്തുകാരുടെ ചിന്തകളെപ്പോലും സ്വാധീനിക്കുന്നതെന്നത് നിരാശജനകമാണ്.
(അനീസ് എ. റഹ്മാൻ,പെരുമ്പാവൂർ)
ചലച്ചിത്രഗാന ചരിത്രം മധുവൂറും ഗാനങ്ങളുമായി
കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ മലയാള ചലച്ചിത്രഗാന ചരിത്രം തുടരുമ്പോൾ, ലക്കം 1361ൽ മലയാളികൾ എക്കാലവും നെഞ്ചിലേറ്റിയ മൂന്നു ചിത്രങ്ങളെയും അതിലെ ഗാനങ്ങളെയുമാണ് പരിചയപ്പെടുത്തുന്നത്. ‘ചെമ്പരത്തി’, ‘അച്ഛനും ബാപ്പയും’, ‘ഒരു സുന്ദരിയുടെ കഥ’ എന്നിവയാണ് ആ ചിത്രങ്ങൾ. ‘ചെമ്പരത്തി’ എന്നു കേൾക്കുമ്പോൾ ‘‘ചക്രവർത്തിനി നിനക്കു ഞാനെന്റെ ശിൽപഗോപുരം...’’ എന്ന ഗാനവും ‘അച്ഛനും ബാപ്പയും’ എന്ന സിനിമാ പേരു കേൾക്കുന്ന മാത്രയിൽ ‘‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...’’ എന്ന ഗാനവും ഒരു ‘സുന്ദരിയുടെ കഥ’യാകുമ്പോൾ ‘‘വെണ്ണ തോൽക്കുമുടലോടെ...’’ എന്ന ഗാനവുമാണ് ശരാശരി മലയാള ചലച്ചിത്ര ഗാനാസ്വാദകരുടെ ഓർമയിലും ചുണ്ടിലും ഓടിയെത്തുന്നത്.
ഈ മൂന്നു ഗാനങ്ങളും ഗാനഗന്ധർവന്റെ സ്വരമാധുരിയിലാണെന്നതും യാദൃച്ഛികം. ഈ മൂന്നു ചിത്രങ്ങളിലെ മറ്റു പല ഗാനങ്ങളും മലയാളികൾ മൂളി നടക്കുന്നതുതന്നെ. ‘ചെമ്പരത്തി’യിലെ ‘‘ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പ...’’ എന്ന ഭജനഗാനവും ആലാപന സൗകുമാര്യംകൊണ്ടും താളംകൊണ്ടും കേട്ടിരിക്കാൻ ഏറെ സുഖമുള്ളതാണ്. പി. മാധുരി പാടിയ ഇതേ ചിത്രത്തിലെ ‘‘കുണുക്കിട്ട കോഴി കുളക്കോഴി...’’ എന്ന ഗാനം വല്ലപ്പോഴുമൊക്കെ കേൾക്കുന്നവയെങ്കിലും ഏറെ ശ്രവണസുഖം നൽകുന്നതുതന്നെ.
മതസൗഹാർദം വിഷയമാക്കിയ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’’ എന്ന ദാർശനിക ഭാവം ഉൾക്കൊണ്ട വയലാർ-ദേവരാജൻ-യേശുദാസ് ടീമിന്റെ ഗാനം ആർക്കാണ് മറക്കാനാകുക? ഇതേ ചിത്രത്തിലെ ‘‘കണ്ണിനും കണ്ണാടിക്കും...’’ എന്നു തുടങ്ങുന്ന ഒപ്പനപ്പാട്ട് ഏറെ കർണാനന്ദകരംതന്നെ. ഈ ഗാനം പാടിയിരിക്കുന്നത് പി. സുശീലയാണ് എന്നാണോർമ. മാധുരിയും സംഘവും എന്നാണ് ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. ‘ഒരു സുന്ദരിയുടെ കഥ’യിലെ യേശുദാസ് ആലപിച്ച ‘‘വെണ്ണ തോൽക്കുമുടലോടെ’’യും പി. സുശീല പാടിയ ‘‘സീതപ്പക്ഷി...’’ എന്ന ഗാനവും ആ കാലഘട്ടത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾതന്നെ. ഇത്തരത്തിൽ മധുവൂറും മധുരഗാനങ്ങളുടെ പിറവിയും ചരിത്ര പശ്ചാത്തലവും അണിയറ വിശേഷങ്ങളുമായി മുന്നേറുന്ന മലയാള ചലച്ചിത്രഗാന ചരിത്രത്തിന്റെ തുടർഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
ഇലക്ടറല്‍ ബോണ്ടിന്റെ തനിനിറം
ഇന്ത്യന്‍ ജുഡീഷ്യറിയിലെ സമീപകാല ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി ഇലക്ടറല്‍ ബോണ്ടിന്റെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ് സുപ്രീംകോടതി. അതിനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് എഴുതിയിരിക്കുന്ന ‘ബോണ്ട് രാഷ്ട്രീയം’ എന്ന ‘തുടക്കം’ വായനക്കാർക്ക് വലിയൊരു ഉള്‍ക്കാഴ്ച നല്കുന്നു (ലക്കം: 1361). ബാങ്കിങ് മേഖലയില്‍ ധാര്‍ഷ്ട്യത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന എസ്.ബി.ഐയെ വരച്ച വരയില്‍ നിര്‍ത്താന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞത് ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ വലിയൊരു കാര്യമാണ്.
ഇടിയും മിന്നലും കാറ്റും കോളും നിറഞ്ഞ ഒരു രാത്രിയില്‍ ചിരിച്ചുനില്ക്കുന്ന അമ്പിളിമാമനെപ്പോലെ ഈ വിധി സാധാരണ ജനങ്ങളിൽ വലിയ പ്രതീക്ഷ നല്കുന്നു. ലോകത്തൊരു ജനാധിപത്യരാജ്യത്തും കാണാത്ത ‘തരികിട’ പരിപാടികളില്‍ ഒന്നാണ് ഈ ഇലക്ടറല്‍ ബോണ്ട് സംവിധാനം. തട്ടിപ്പിനും വെട്ടിപ്പിനും പേരുകേട്ട നമ്മുടെ രാജ്യത്ത് അത്തരം സംവിധാനങ്ങള്‍ പുഷ്ടിപ്രാപിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ! ഈ ബോണ്ടുകള്കൊണ്ട് ഏറ്റവുമധികം പ്രയോജനം ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ് വാർത്താ റിപ്പോർട്ടർമാർ.
കള്ളപ്പണം വെളുപ്പിക്കാനൊരു എളുപ്പമാര്‍ഗമായി പലരും ഇലക്ടറൽ ബോണ്ടുകളെ ഉപയോഗിച്ചു. അങ്ങനെ നികുതിപ്പണമായി സർക്കാർ ഖജനാവിൽ എത്തേണ്ട പണം കുത്തകക്കാരുടെ പോക്കറ്റിൽ വീണ് നിറഞ്ഞു. ഇപ്പോഴെങ്കിലും സുപ്രീംകോടതി ഉണര്‍ന്നു ഇടപെട്ടില്ലായിരുന്നെങ്കില്‍ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം പത്തോളം വരുന്ന കുത്തക ഭീമന്മാരുടെ കൈകളില്‍ അമര്ന്നുപോയേനെ. Well begun is half done എന്നൊരു ചൊല്ലുണ്ട് ആംഗലേയത്തില്‍. അതുപോലെ തുടക്കം നന്നായതുകൊണ്ട് ഒടുക്കവും നന്നാകുമെന്ന് പ്രതീക്ഷിക്കാം. സുപ്രീംകോടതിയുടെ അപ്രമാദിത്വവും ആർജവവുമാണ് ഇതിലൂടെ തെളിഞ്ഞത്. ബോണ്ട് രാഷ്ട്രീയമല്ല രാജ്യത്ത് വേണ്ടത് എന്നതുകൊണ്ടു തന്നെ ഈ നടപടിയെ ശ്ലാഘിക്കേണ്ടതാണ് എന്ന ആഴ്ചപ്പതിപ്പിന്റെ അഭിപ്രായത്തോട് ഞാനും ചേരുന്നു.
(സണ്ണി ജോസഫ്, മാള)
അമ്മയുടെ മുഖം മനസ്സില്‍ തെളിയുന്നു
മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ക്കും വി. ഷിനിലാലിന്റെ ‘അമ്മ’ക്കും (ലക്കം: 1362) തമ്മിൽ സാമ്യമുണ്ട്. രണ്ടുപേരും മക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവര്‍... രാജ്യത്തെ സ്നേഹിക്കുന്നവര്‍. ഉപവിയുടെ ഉപാസകര്‍. അങ്ങനെയുള്ള ഒരു അമ്മയുടെ കഥ പറയുകയാണ് വി. ഷിനിലാല്‍ എന്ന അനുഗൃഹീത കഥാകൃത്ത് തന്റെ നിലാവൂറിക്കൂടിയ ഭാഷയില്‍. മനസ്സില്‍ താളബോധമുള്ളവര്ക്കേ നല്ല കഥകളും കവിതകളും എഴുതാനാകൂ. അമ്മയുടെ വാത്സല്യതാളവും മകന്റെ സ്നേഹതാളവും പട്ടാളക്കാരുടെ രാജ്യസ്നേഹതാളവും ചേര്‍ന്ന് അനുവാചകരുടെ ഹൃദയം നിറച്ചിരിക്കുന്ന ഷിനിലാലിനോട് ഒരു വാക്ക് – മുഖസ്തുതിയാണെന്ന് കരുതരുത് – ഇതിനൊരു ക്ലാസിക് ടച്ചുണ്ട്. പതിത ജനതതിയുടെ കഠിനവ്യഥകള് ആഖ്യാനത്തിലൂടെയും ആശയാവിഷ്കാരത്തിലൂടെയും അനുഭവസാക്ഷ്യമാക്കാന്‍ ഷിനിലാലിന് കഴിഞ്ഞിരിക്കുന്നു.
ഇതെഴുതുമ്പോള്‍ വലിയ വായനക്കാരിയായിരുന്ന എന്റെ അമ്മയുടെ മുഖം മനസ്സില്‍ തെളിയുന്നു. ജീവിച്ചിരുന്നപ്പോൾ നല്ല കഥകൾ വാങ്ങിക്കൊണ്ടുവരുവാൻ ബുക്ക്സ്റ്റാളുകളിലേക്ക് എന്നെ ഓടിച്ചിരുന്ന അമ്മക്ക് തീർച്ചയായും ഇഷ്ടമാകുമായിരുന്നേനെ ഈ കഥ. നല്ലൊരു കഥ വായിക്കാന്‍ അവസരമൊരുക്കിത്തന്ന മാധ്യമം ആഴ്ചപ്പതിപ്പിന് നന്ദി.
(സണ്ണിജോസഫ്, മാള)
ആദ്യം കയ്പ്പും അവസാനം മധുരവും ചേർത്തെഴുതിയ കഥ
‘‘നമ്മൾ തോറ്റുപോയ വിഷയത്തെക്കുറിച്ച് ഒരാൾ വാചാലനാകുമ്പോൾ അയാളുടെ സ്വപ്നത്തിനൊപ്പം നമ്മുടെ സ്വപ്നവും പൂവണിയാൻ ആരംഭിക്കുകയും ചെയ്യും.’’ നിഷ അനിൽകുമാർ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഹരിതാഭം’ (ലക്കം: 1361) ആദ്യം കയ്പും അവസാനം മധുരവും ചേർത്തെഴുതിയ കഥയാണ്. അപമാനത്തിന്റെ മുറിവിനാൽ സദാ നീറിക്കൊണ്ടിരിക്കുന്ന കഥാപാത്രത്തിന്റെ ജീവിതം പറഞ്ഞ കഥ വായനക്കാരനെ അസ്വസ്ഥനാക്കും. കഥയുടെ താളിൽ പൂത്തുലഞ്ഞുനിൽക്കുന്ന മരുത് മരത്തിലെ വയലറ്റ് പൂക്കൾ മനോഹര കാഴ്ച നൽകുമ്പോഴും വായന ഹൃദയത്തിൽ മുള്ളുകൊണ്ടുകയറുന്നു.
പങ്കിട്ടുപോയ സ്നേഹത്തിന്റെ ഒരു തരിയോർമയുടെ പിടച്ചിലെങ്കിലും നെഞ്ചിലുള്ള മനുഷ്യർക്ക് ഘാതകരാകാൻ കഴിയില്ലെന്ന് നിഷ എഴുതുമ്പോൾ നേരിൽ കാണാത്ത കഥാപാത്രത്തിനെ നമ്മൾ അടുത്തറിയും. ആഖ്യാതാവിന്റെ വേദനിപ്പിക്കുന്ന ചിന്തകൾ വായനക്കാരിൽ കണ്ഠമിടറിക്കുന്ന ശൈലി. വിവാഹജീവിതത്തിന്റെ പവിത്രതയും പരിശുദ്ധിയുമൊക്കെ കടങ്കഥയാണെന്ന് ബോധ്യപ്പെടുത്തുന്ന പുതിയ കാലത്തെക്കുറിച്ച് വരച്ച് കാണിച്ചിരിക്കുന്നു.
നിഷ കഥാപാത്രങ്ങളുടെ മനസ്സിലൂടെ യാത്രചെയ്ത് എഴുതിയ കഥയിലെ ജീവിതം വായനക്കാരോട് ആഴത്തിൽ സംവദിക്കുന്നവയാണ്. എഴുത്തിലെ കൈയടക്കവും ഭാഷയുടെ ലാളിത്യവുംകൊണ്ട് ആസ്വാദ്യകരമാക്കിയ കഥ വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ച് മറക്കാത്ത കഥയായി മാറ്റുകയും ചെയ്യുന്നു.
(സന്തോഷ് ഇലന്തൂർ,ഫേസ്ബുക്ക്)
അതിന്റെ പേർകൂടിയാണ് രാഷ്ട്രീയ അടിമത്തം
ഇലക്ടറൽ ബോണ്ടിലെ ജമാഅത്ത് രാഷ്ട്രീയം വ്യക്തമാക്കുന്ന ഒരു എഡിറ്റോറിയലാണ് മാധ്യമം ആഴ്ചപ്പതിപ്പ് 2024 മാർച്ച് 25 ലക്കത്തിലേത്. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ എല്ലാം ഇലക്ടറൽ ബോണ്ടിന്റെ സാമ്പത്തിക പ്രലോഭനത്തിൽ വീണു പോയപ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് അത് സ്വീകരിക്കാതിരുന്നത്. അത് രാഷ്ട്രീയ താൽപര്യം കാരണം നന്നാക്കി പറയാൻ മടിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, വളരെ സുപ്രധാനമായ ഒരു വിധിയെക്കുറിച്ച് ഒരു എഡിറ്റോറിയൽ എഴുതുമ്പോൾ ആ കേസ് കൊടുത്തത് സി.പി.എം എന്ന പാർട്ടിയാണ് എന്നത് പറയാനുള്ള മടിയുണ്ടല്ലോ. അതിന്റെ പേർകൂടിയാണ് രാഷ്ട്രീയ അടിമത്തം.
(ബഷീർ ചുങ്കത്തറ ,ഫേസ്ബുക്ക്)