എഴുത്തുകുത്ത്
പ്രസാധകരുടെ ധാര്‍ഷ്ട്യം
മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ വരുന്ന രചനകളെക്കുറിച്ച് പത്രാധിപര്‍ക്കുള്ള കത്തെഴുത്ത് ഹോബിയാക്കിയ ഞാന്‍ ഇംഗ്ലീഷിലും, മലയാളത്തിലുമായി ഇതുവരെ 4000ത്തിനുമേല്‍ കത്തുകൾ എഴുതിക്കഴിഞ്ഞു. അവയിൽനിന്നും 120ഓളം കത്തുകള്‍ തിരഞ്ഞെടുത്ത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കാനുള്ള അതിയായ ആഗ്രഹത്താല്‍ തൃശൂരിലെയും തിരുവനന്തപുരത്തെയും ചില പ്രസാധകരെ സമീപിച്ചെങ്കിലും വായിച്ചുപോലും നോക്കാതെ അവജ്ഞയോടെ അത് നിഷേധിക്കപ്പെട്ടപ്പോൾ ഒരാള്‍മാത്രം ചില വ്യവസ്ഥകളോടെ പ്രസിദ്ധീകരിക്കാന്‍ സമ്മതിച്ചു. 120 പേജുകളുള്ള 200 കോപ്പിക്ക് 30,000 രൂപ നൽകാമെന്ന അവരുടെ വ്യവസ്ഥ ഞാൻ സമ്മതിച്ചു.
എന്നാൽ, എഗ്രിമെന്റ് ഒപ്പുവെക്കണമെന്നും അതിന്റെ ഡ്രാഫ്റ്റ് വായിച്ചുനോക്കാൻ അയച്ചുതരണമെന്നും ആവശ്യപ്പെട്ടിട്ട് നാളുകള്‍ ഏറെയായി. ഇതുവരെ അവർ വാക്കു പാലിച്ചിട്ടില്ല. ഈ വേളയിലാണ് ആഴ്ചപ്പതിപ്പില്‍ വന്ന ‘മലയാളത്തിന്റെ എഴുത്ത്, പ്രസാധനം, വായന രീതികള്‍ എത്രമാറി’ എന്നതിനെക്കുറിച്ചുള്ള നാല് സംഭാഷണങ്ങള്‍ വായിക്കുന്നത് (ലക്കം: 1363). അവയിൽ അഖില്‍ പി. ധര്‍മജന്റെയും നിമ്ന വിജയന്റെയും സംഭാഷണങ്ങള്‍ ഹൃദയത്തില്‍ തട്ടി. അവരുടെ അനുഭവംതന്നെയാണ് എനിക്കും ഉണ്ടായത്. ഇതിനെ പ്രസാധകരുടെ ധാര്‍ഷ്ട്യം എന്നു വിളിക്കാം. അങ്ങനെ എല്ലാവരാലും തള്ളിക്കളയപ്പെട്ട മാനുസ്ക്രിപ്റ്റ് കൈയിൽനിന്നും കാശിറക്കി പ്രസിദ്ധീകരിച്ചപ്പോൾ അവരുടെ പുസ്തകങ്ങൾ ചൂടപ്പംപോലെ വിറ്റുപോയി. അവരെ നിരസിച്ച പ്രസാധകർക്ക് അതൊരു പ്രഹരമായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ Sweet Revenge –മധുരപ്രതികാരം!
ഇതൊക്കെ പ്രസാധകര്‍ക്ക് ഒരു പാഠമാകേണ്ടതാണ്. ഞാനും ആ കുട്ടികൾ കാണിച്ചുതന്ന വഴിയിലൂടെ പോവുകയാണ്. ഇങ്ങനെയുള്ള പോസിറ്റിവ് എനര്‍ജി നൽകുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക വഴി മാധ്യമം ആഴ്ചപ്പതിപ്പ് എന്റെ പ്രിയപ്പെട്ട വായനകളിൽ ഒന്നായി മാറിയിരിക്കുന്നു. നന്ദി –ഒരായിരം നന്ദി.
(സണ്ണിജോസഫ്, മാള)
സംസ്കാരത്തെ ഓർമപ്പെടുത്തി
ജവഹർലാൽ നെഹ്റു എഴുതിയ പ്രസിദ്ധമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന കൃതിയിൽ ‘സംസ്കാരം എന്നാൽ എന്ത്?’ എന്ന അധ്യായത്തിൽ പറയുന്ന ഒരു ഭാഗം നമുക്ക് ശ്രദ്ധിക്കാം. അത് ഇങ്ങനെയാണ്:
ഒരു വീഥിയിൽ വെച്ച് രണ്ടു പേർ ശണ്ഠകൂടിയാൽ പൊലീസുകാരൻ വന്ന് അവരെ പിരിച്ചുവിടുന്നു. അവർ തീരെ വിവേകമില്ലാത്തവരാണെന്ന് എല്ലാവരും പറയുകയും ചെയ്യുന്നു. എന്നാൽ, വലിയ രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധംചെയ്ത് ആയിരക്കണക്കിനും ലക്ഷക്കണക്കിനും ജനങ്ങളെ കൊന്നൊടുക്കുന്നത് ഇതിനേക്കാൾ എത്രയോ അധികം വിവേകശൂന്യവും ബുദ്ധിഹീനവുമല്ലേ?!
നെഹ്റുവിന്റെ പുസ്തകത്തിൽനിന്ന് മേൽ ഉദ്ധരിച്ച ഭാഗം കടമെടുക്കാൻ പ്രേരിപ്പിച്ചത് മാധ്യമം ആഴ്ചപ്പതിപ്പി (ലക്കം: 1365) ലെ തുടക്കം പേജിലെ ‘പശ്ചിമേഷ്യയിലെ സമാധാനം’ എന്ന ആമുഖ കുറിപ്പാണ്. നീറിപ്പുകയുന്ന പശ്ചിമേഷ്യയിൽ സമാധാനം വിദൂരത്തു തന്നെയാണെന്ന് പറയാം. ലോകരാജ്യങ്ങളിൽ പലതും അരയും തലയും മുറുക്കിയിരിക്കുകയാണ്. അടുത്തിടെ ഇസ്രായേലിനുമേൽ ഇറാൻ നടത്തിയ മിസൈൽ ഡ്രോൺ ആക്രമണങ്ങളാണ് ഇപ്പോഴത്തെ അരക്ഷിതാവസ്ഥക്ക് കളമൊരുക്കിയത്. ഒരവസരം കാത്തിരുന്ന അമേരിക്ക പതിവു രീതിയിൽ കഴുകൻ കണ്ണുകളുമായി പശ്ചിമേഷ്യയെ തുറിച്ചുനോക്കുകയാണ്: കൊത്തിവലിക്കാൻ. പശ്ചിമേഷ്യ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ നിർണായക നിമിഷത്തിൽ ഇന്ത്യയുടെ നിലപാട് പലതുകൊണ്ടും പ്രധാനമാണെന്ന ‘തുടക്ക’ത്തിന്റെ ഒടുക്കം പരാമർശിച്ചിരിക്കുന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ, ഇന്ത്യയുടെ നിലപാട് എവിടെ വരെ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.
നമുക്ക് അൽപംകൂടി ചിന്തിക്കാം. ലോകത്ത് ഒരിടത്തും ജനത (സിവിലിയൻമാർ) യുദ്ധത്തിന് ആഹ്വാനം ചെയ്തതിനോ യുദ്ധം ആഗ്രഹിച്ചിരുന്നതിനോ തെളിവില്ല അല്ലെങ്കിൽ അങ്ങനെയൊന്ന് ചരിത്രത്തിലില്ല. അപ്പോൾ പിന്നെ ലോക ചരിത്രത്തിൽ നാം കണ്ട, പശ്ചിമേഷ്യയിൽ ഉൾപ്പെടെ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ നടത്താൻ ആഹ്വാനംചെയ്തതാരാണ്? സംശയമില്ല, പഴയ കാലത്തെ രാജഭരണത്തിലായാലും പുതിയ കാലത്തെ ജനാധിപത്യ ക്രമത്തിലായാലും യുദ്ധങ്ങൾ നടത്തി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കോടിജനങ്ങളെ കാലപുരിക്ക് അയച്ചത് ആരാണ്?
ഭരണകർത്താക്കൾ തന്നെ, മറ്റൊരു തരത്തിൽ പറഞ്ഞാൽ രാഷ്ട്ര തലവൻമാർ. യുദ്ധത്തിൽ കുട്ടികളോടും സ്ത്രീകളോടും വൃക്ഷങ്ങളോടും വകതിരിവ് കാണിക്കണമെന്ന പ്രവാചക വചനംപോലും ഒരു യുദ്ധത്തിലും പുലർന്നതായി അറിയില്ല. അപ്പോൾ പിന്നെ യുദ്ധത്തിനാഹ്വാനം ചെയ്യുന്ന യുദ്ധക്കൊതിയൻമാരായ രാഷ്ട്ര തലവൻമാർതന്നെയല്ലേ യഥാർഥ നരാധമന്മാർ? ഇവിടെയാണ് ജവഹർലാൽ നെഹ്റു പറഞ്ഞ സംസ്കാരം നമുക്ക് തിരിച്ചറിവുണ്ടാക്കിത്തരുന്നത്. സംസ്കാരം എന്തെന്ന് ഓർമപ്പെടുത്തിയ ‘തുടക്ക’ത്തിനു നന്ദി.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
അല്ലാ രാഖമാർ പാടട്ടേ
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന പ്രദീപ് രാമനാട്ടുകരയുടെ കവിത (ലക്കം: 1365) വായിച്ചു. ആത്മാവിൽനിന്നും പൊട്ടി സ്ഫുടം ചെയ്തെടുത്ത കവിത. എത്ര തീവ്രമായ കാവ്യബിംബ തേജസ്സുകളെയാണ് ഈ കവിത പകർത്തി വെക്കുന്നത്!
ഒരു സ്ത്രീയുടെ കണ്ണുകൾ ഒരു പുരുഷന്റെ ചുണ്ടുകളിൽനിന്ന് ഒരു പാട്ട് കറന്നെടുത്ത് അവർക്കിടയിൽ ഒരു സൂര്യനെ വിരിയിക്കുന്നത് കേവലമൊരു കാവ്യാഖ്യാന കൽപനയല്ല മറിച്ച് അതൊരു തീവ്രമായൊരു ആശയസ്ഖലനത്തിന്റെ പുൽനാമ്പുകളായാണ് അനുഭവവേദ്യമാകുന്നത്. അന്ധതയുടെ നഗ്നതയിൽ ഒരില കാറ്റിലകപ്പെട്ടപോലെ വന്ന് കെട്ടിപ്പിടിക്കുന്നത് അവരെയല്ല വായനക്കാരെയാണ്. പതിഞ്ഞു കിടന്ന ടാറ്റൂവിൽ ഹൃദയ ചിഹ്നങ്ങളെ തിന്നുന്ന കരിന്തേളുകൾ ഏത് ഹൃദയവായ്പുകളിലേക്കാണ് വാൽനീട്ടുന്നത്! തബലയിൽ അല്ലാ രാഖ മഴ വായിച്ചു എന്നിടത്തു നിന്നും ഉയരുന്ന ആ മൂകവാദ്യമുണ്ടല്ലോ അത് ചൗരസ്യ നാദവും കാളിദാസ വിരലുകളിലൂടെയും വിലയിച്ച് വർഷമേഘങ്ങളിൽ പഹാഡി രാഗമുയർത്തുന്നു. ഋതുസംഹാരം കൊഴിച്ച് വാക്കുകൾ വസന്തത്തെ പച്ചകുത്തുന്നു. ആത്മഹത്യകളെ വഴിയിൽ ഡിലേറ്റ് ചെയ്യുന്നു. അലോഷിയും അനന്യയും കെട്ടുപാടില്ലാതെ ഇനിയും ഉറക്കെയുറക്കെ പാടട്ടേ...
നിർമിത കവികളിൽനിന്നും ജൈ വിക കവികളിലേക്ക് വാരികകൾ/മാസികകൾ വഴിമാറി നടക്കേണ്ട കാലമായി. ഇല്ലെങ്കിൽ നഷ്ടം കവിക്കല്ല മറിച്ച് കനകച്ചിലങ്ക കെട്ടിയ മലയാള കവിതക്കുതന്നെയായിരിക്കും. സാധാരണക്കാരന് മനസ്സിലാവാത്ത ഒന്നും കവിതയല്ല തന്നെ. കാടും കടലും കാട്ടി വിഭ്രമിപ്പിക്കുന്ന കവിതക്കപ്പുറം മനുഷ്യപക്ഷത്തുനിന്നും ശബ്ദിക്കുന്ന തോക്കുകളാകട്ടെ കവിതകൾ.
(ബാലഗോപാലന്, കാഞ്ഞങ്ങാട്)
അഭയജീവിയും ഉഭയജീവിയും
ക്യാപ്റ്റൻ ഗോവിന്ദൻ എഴുതിയ കഥ ‘തവള’ (ലക്കം: 1364) വായിച്ചു. ക്രാഫ്റ്റിന്റെ ഉയർന്ന തലങ്ങളിലേക്ക് ഗോവിന്ദ് അനായാസം നടന്നു കയറുന്നത് കണ്ടതിൽ അങ്ങേയറ്റം സന്തോഷം. മിക്കപ്പോഴും ഗോവിന്ദിനെ വിളിക്കുമ്പോൾ കിലോമീറ്ററുകൾ ആഴമുള്ള കടലിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഇരുമ്പ് കപ്പൽ എന്ന വിരോധാഭാസത്തിലാണ് പ്രിയ സുഹൃത്ത്. അതിനടിയിൽ ഭീമാകാരന്മാരായ വ്യാളികൾ ഇല്ല എന്നത് ഒരു വിശ്വാസം മാത്രം. ആര് കണ്ടു? ആ ആഴക്കടലിന്റെ നിഗൂഢത മുഴുവൻ ഉൾക്കടലായി, ഉള്ളിലെ കടലായി, ഗോവിന്ദിന്റെ കഥകളിൽ നിറയുന്നു.
ഓരോ കഥയിലും ഗോവിന്ദ് ബഹുദൂരം മുന്നോട്ടുപോകുന്നു. ലബ്ധപ്രതിഷ്ഠരായ വായനക്കാർക്കുപോലും കൂടെ എത്താൻ കഴിയാത്ത വേഗത്തിൽ. നോൺലീനിയർ നറേഷൻ എന്നുപറഞ്ഞാൽ ഫ്ലാഷ് ബാക്കും ഫോർ ഷാഡോയിങ്ങും മാത്രമല്ല എന്നതിന് ഉദാഹരണമാണ് ഈ കഥ. സേവിയറിന്റെ പാപബോധത്തിനും തദനുസാരമായ പൈശാചിക പ്രതികരണങ്ങൾക്കും ചൂട്ടുപിടിക്കാൻ മിത്തും മന്ത്രവാദവും സാമൂഹിക വ്യവസ്ഥിതിയും അകാരണമായ പരപീഡനങ്ങളും കഥയിൽ നിറഞ്ഞിരിക്കുന്നു. ‘തവള’ എന്ന ബിംബത്തിൽനിന്ന് തന്നെ തുടങ്ങണം. ലോകത്തിലെ ഏറ്റവും കൊടിയ വിഷജന്തു എന്ന പേര് തവളക്ക് അവകാശപ്പെട്ടതാണ്. ബ്രാഹ്മണരെ പോലെ ദ്വിജനാണ്. രണ്ടു ജന്മമുണ്ട്. ഒന്ന് വാൽമാക്രിയായി. പിന്നൊന്ന് വാൽ ഇല്ലാത്ത മാക്രിയായി. കരയിലും വെള്ളത്തിലും ജീവിക്കും. മുൻഭാഗം വായയുടെ മുന്നിലുറച്ച് പിന്നിലേക്ക് നീണ്ടു കിടക്കുന്ന നാവ്. ഈ നാവാണ് കഥയിലെ സേവ്യറിനും. അവനോട് തന്നെയാണ് അവന്റെ നാവിട്ടടിക്കൽ. അതൊരു നാവിട്ടലക്കൽ കൂടിയാണ്. എന്നിട്ടും അവന്റെ കരിമ്പടം വെളുക്കുന്നില്ല.
മനുഷ്യനെ പിശാചാക്കി മാറ്റുന്ന മതബോധം അവൻ വെറുക്കുന്ന ഒന്നാണ്. ഉള്ളിലുള്ള ആ വ്യാളിയെ കൊല്ലാനാണ് അവൻ പൊൻകുരിശ് കൈക്കലാക്കിയത്. അവന്റെ അപ്പൻ ഈശ്വരനെ തേടി ആബേലച്ചൻ നടന്നതുപോലെ മോഷണമുതൽ തേടി നടന്നു. ഒടുവിൽ സ്വന്തം ഹൃദയത്തിലാണ് അത് കണ്ടെത്തിയത്. മകനായി പിറന്നവൻ ഒരു തന്തയില്ലാത്തവൻ ആണെന്ന് മനസ്സിലാക്കിയപ്പോൾ മരണം അയാൾക്ക് ഒരു ആശ്വാസമായി. മറ്റുള്ളവർക്കും അത് ഒരു ആശ്വാസമായി. ഇത് വെറും കഥാതന്തു മാത്രമാണ്. ബിംബപ്രധാനമായ ആഖ്യാന രീതികളിലൂടെ ഗോവിന്ദ് വായനക്കാരനെ ഓടിച്ചിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുന്നത് കഥയിൽ കാണാം. ഒരിക്കൽ വായിച്ചാൽ ഒരിക്കലും മറക്കാത്ത ഒരു കഥ. ഒരു സാധാരണ പൊൻകുരിശ് മോഷണം എന്ന നിലയിൽനിന്ന് കഥയെത്തന്നെ ഒരു പൊൻകുരിശാക്കി മാറ്റുവാൻ ഗോവിന്ദിന് കഴിഞ്ഞിരിക്കുന്നു.
ഉച്ചാടനങ്ങളുടെ കഥയാണ് തവള. ഉള്ളിലെ കുറ്റബോധം ദഹിക്കാതെ വന്നപ്പോൾ സേവിയറിന് വയറിളക്കം. ജീവൻ പണയം വെച്ച് അവന്റെ അപ്പൻ അവനെ രക്ഷിക്കുന്നു. എന്തൊക്കെ ആഭിചാരക്രിയകൾ ചെയ്തിട്ടും അവന്റെ ഉള്ളിലെ ചെകുത്താൻ ഒഴിഞ്ഞുപോകുന്നില്ല. നിഷ്കരുണം അവൻ കൊന്നൊടുക്കിയ മിണ്ടാപ്രാണികളുടെ പ്രാക്ക് ചീവീടുകളുടെ ശബ്ദംപോലെ അവന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നത് കഥയിലും കേൾക്കാം. മനുഷ്യരുടെ സങ്കീർണമായ മാനസിക അവസ്ഥകളിലേക്ക് സമൂഹജീവി എന്ന മിത്തിനെ പൊളിച്ചുകൊണ്ട് നീങ്ങുന്ന ഈ കഥ പാരിസ്ഥിതിക കഥ എന്നതിനുമപ്പുറം മാനുഷികതയും താണ്ടി ജൈവമൂല്യങ്ങളിലേക്ക് എത്തിനിൽക്കുന്നു. ഈ കഥയിലെ ഓരോ വരികളും ആഴക്കടൽപോലെ മറ്റൊരു പ്രപഞ്ചത്തെ കാണിച്ചുതരുന്നു. മനുഷ്യജീവൻ രക്ഷിക്കാനായും മനുഷ്യക്കുഞ്ഞുങ്ങളുടെ വിനോദ ഉപാധിക്കായും ചത്തുമലർന്ന് കുരിശുപോലെ കിടക്കുന്ന തവളകൾ ജീവിതത്തിന്റെ കൗതുകം നിറഞ്ഞ സങ്കീർണതകളിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം വീശുന്നു.
ശ്രീകുമാർ കെ (ഫേസ് ബുക്ക്)