എഴുത്തുകുത്ത്
മുളച്ചുയരുക തന്നെ ചെയ്യും ബേനിച്ചൊങ്കൻമാർ
മലബാറിലെ സാധാരണക്കാരന്റെ വീരൻ മുത്തപ്പന്റെ അനുഗ്രഹം തേടി പതിനായിരങ്ങൾ എത്തുന്നു. ധനവും മതവും ജാതിയും അധികാരവും ഈ കാലടിക്കു മുന്നിൽ തുല്യരാണ്. പകയുടെയും ജാതിവെറിയുടെയും ബാക്കി പത്രങ്ങളായി തെയ്യക്കോലമായവരാണ് തുളുനാട്ടിലെ മിക്ക തെയ്യങ്ങളും. വേട്ടക്കൊരുമകനും കതിവന്നൂർ വീരനും പുലിമറഞ്ഞ തൊണ്ടച്ചനും പുല്ലൂർ കാളിയും ഐവരും തുടങ്ങി ചോരയുടെ നിറത്തെപ്പറ്റി ചോദ്യമുയർത്തിയ പൊട്ടൻതെയ്യവും ആ പരമ്പരയിൽപെടുന്നു. തെയ്യങ്ങളെപ്പോലെത്തന്നെ തെയ്യക്കാരനും അപമാനിക്കപ്പെടുന്നു. ആ തുടർച്ചയുടെ കഥ പറയുകയാണ് ‘ബേനിച്ചൊങ്ക’നിലൂടെ ബാലഗോപാലൻ കാഞ്ഞങ്ങാട് (ലക്കം: 1367).
ബാലഗോപാലനെപ്പോലെ, എന്നെപ്പോലെ അക്കാദമിക പണ്ഡിതരല്ലാതെ എഴുത്തുജീവിതത്തിലേക്കു കടന്നുവന്ന മിക്ക എഴുത്തുകാരും കുഞ്ഞാര കനലാടിയെപ്പോലെ എഴുത്തു മേലാളൻമാരിൽനിന്ന് അവഗണന നേരിടുന്നവരാണ്. അവിടേക്കാണ് എഴുത്തിന്റെ മേലേരി ഒരുക്കി ‘മാധ്യമം’ േപാലുള്ള പ്രസിദ്ധീകരണങ്ങൾ ഞങ്ങളെപ്പോലുള്ളവർക്ക് അടയാളം തരുന്നത്. നൂറുവട്ടം തീയിൽ വീണാലും തൃപ്തിയാകാതെ ഉടയോർക്കെങ്കിലും അനുഗ്രഹവചസ്സും നിറകണ്ണുമായി അനേകർ പുറത്തുണ്ട്. അവർ പുരട്ടുന്ന സ്നേഹലേപനത്തിൽ എല്ലാ വടുക്കളും ഉണങ്ങിക്കരിയും.
ചോരയുടെ നിറം ചുവപ്പാണെങ്കിലും നിറത്തിന്റെയും മതത്തിന്റെയും വംശത്തിന്റെയും പേരിൽ മനുഷ്യനെ മാറ്റിനിർത്തുന്ന ഏക ജീവിയേ ഈ ഭൂഗോളത്തിലുള്ളൂ. അത് അധികാരിയായ, ധനാഢ്യനായ, പണ്ഡിതനെന്നു നടിക്കുന്ന മനുഷ്യനാണ്. ലോകത്തിന്റെ ഏതു കോണിലായാലും കറുത്തവൻ എന്നും കറുത്തവൻതന്നെയാണ്. തൊലി വെളുത്തവന്റെ അധികാര ഹുങ്കിനു മുന്നിൽ ജോലിസ്ഥലങ്ങളിൽ, ഫുട്ബാൾ ഗ്രൗണ്ടിൽ, നൃത്ത-നാടകശാലയിൽ, പാട്ടിടങ്ങളിൽ, കവിതയിൽ, കഥയിൽ, സിനിമയിൽ നിറം ജാതി എന്നിവയാൽ അളന്നുതൂക്കി തന്നെയാണ് പലതും നിശ്ചയിക്കുന്നത്. യഥാർഥ വില്ലനായ വെളുത്തവൻ മിശിഹയായും നായകനായും പരിണമിക്കുമ്പോൾ കറുത്തവൻ കരിങ്കാലനായും വില്ലനായും മാറുന്നതാണ് ചരിത്രം.
കുഞ്ഞാരക്കാലാടിയെന്ന നേരിനെ മറച്ചുപിടിക്കാൻ നോക്കുന്ന തമ്പുരാക്കൻമാർ ഇപ്പോഴും അരങ്ങു വാഴുന്നുണ്ട്. അത് കരിനിയമമായും വിഷം തുപ്പുന്ന പ്രസംഗമായും നമ്മുടെ ചുറ്റും വാൾത്തല നീട്ടുന്നുണ്ട്. ജീവിതമെന്ന കനൽക്കൂമ്പാരത്തിൽ മലർന്നും കമിഴ്ന്നും കിടന്നും ചെരിഞ്ഞും വീഴുന്ന സാധാരണക്കാരനായ കനലാടിക്ക്/ എഴുത്തുകാരന് (ജനതക്ക്) തീപ്പൊള്ളൽ മാത്രം ബാക്കി. തൃപ്തിയായില്ല ഒരാൾക്കും. എന്നിട്ടും വളരുന്ന അവനിൽ, അവന്റെ കഞ്ഞിയിൽ മണ്ണ് വാരിയെറിഞ്ഞ് ആഹ്ലാദിക്കുകയാണ് പഴയ/ പുതിയ തമ്പുരാക്കൻമാർ. എന്തൊക്കെയാണ് ഇവർക്കു മുന്നിൽ സമർപ്പിക്കേണ്ടുന്നത്? സമർപ്പിച്ചാലും ദൂരെ മാറ്റിനിർത്താൻ നമ്മിലുള്ളതൊക്കെ കവരാൻ എത്ര കണിശൻമാരെയാണ് ഇവർ തയാറാക്കിയിട്ടുള്ളത്? ആതുരാലയംപോലും വിലക്കപ്പെടുന്ന കനലാടി കേടുവന്ന അവയവം മുറിച്ചെറിയുകയാണ്. മുലക്കരമെന്ന അധികാരത്തിനു നേർക്ക് മുല മുറിച്ചെറിഞ്ഞവളെപ്പോലെ. എന്നിട്ടും ദേശഭക്തിയുടെ കുടുക്കെറിയുന്നവരുടെ ആലോചനകളെ ചുട്ടുകരിക്കുകയാണ് കനലാടി. എത്രകാലം നിഷേധികളായ മരങ്ങളെ ഇവർ വെട്ടി വീഴ്ത്തും? എന്നാലും മുളച്ചുയരുക തന്നെ ചെയ്യും ബേനിച്ചൊങ്കൻമാർ. ആശംസകൾ കവിക്കും കവിതക്കും മാധ്യമത്തിനും.
(നാരായണൻ അമ്പലത്തറ)
രചന ക്രൈസ്തവ പുരോഹിതന്റേത്
‘സംഗീതയാത്ര’യിൽ ശ്രീകുമാരൻ തമ്പി (ലക്കം: 1336) ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന സിനിമയിലെ ‘‘ലോകം മുഴുവൻ സുഖം പകരാൻ’’ എന്ന സുപ്രസിദ്ധ ഗാനമെഴുതിയത് പി. ഭാസ്കരനാണെന്ന് പറയുന്നത് ശരിയല്ല. ക്രൈസ്തവ മതപ്രചാരണാർഥം കേരളത്തിലെത്തിയ ഒരു ക്രിസ്തുമത പുരോഹിതൻ മലയാളം പഠിച്ച് എഴുതിയ പ്രാർഥനാഗാനമാണത്. സിനിമയിൽ ചില വരികൾ മാത്രം മാറ്റി ഉപയോഗിച്ചതാണ്. ശ്രീകുമാരൻ തമ്പിസാറിന് ഇതറിയില്ലായിരിക്കാം.
(റഷീദ് പി.സി പാലം, നരിക്കുനി)
ഹൃദയസ്പർശിയായ ഒരോർമക്കുറിപ്പ്
എൻ. മോഹനനെക്കുറിച്ച് ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ ഓർമയെക്കുറിച്ച് വായിച്ചു. എത്ര മനോഹരമായ ഒരു ഓർമക്കുറിപ്പ്. രണ്ടു കഥാകൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധമാണ് ഈ ഓർമക്കുറിപ്പിൽനിന്ന് മനസ്സിലാകുന്നത്. ജി. അരവിന്ദനെക്കുറിച്ച് എൻ. മോഹനൻ എഴുതിയ ഓർമക്കുറിപ്പിൽനിന്നാണ് ഈ ആത്മബന്ധത്തിന്റെ തുടക്കം. ആ ഓർമക്കുറിപ്പ് വായിച്ച് ലേഖകൻ തനിക്ക് ഒരുപരിചയവുമില്ലാത്ത എൻ. മോഹനന് ആത്മാർഥമായ ഒരു കത്ത് എഴുതുന്നു. ഈ കത്തിൽ എൻ. മോഹനനെ അറിയാത്ത ഒരു സഹൃദയൻ മാത്രമാണുള്ളത്. എന്നാൽ, കത്ത് വായിച്ച്, കത്തെഴുതിയ ആൾ സാഹിത്യവാസനയുള്ള ഒരു കഥാകൃത്താണെന്ന് എൻ. മോഹനൻ മനസ്സിലാക്കുന്നു. അത്ര ഹൃദയസ്പർശിയായിരുന്നു ആ കത്ത്. ഒരു കഥ വായിക്കുന്നപോലെ ഹൃദയസ്പർശിയായി ആ സംഭവം വിശദമാക്കുകയാണ് ലേഖകനായ കഥാകൃത്ത്. രണ്ട് കഥാകൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും സുഹൃദ്ബന്ധവും ഈ ഓർമയിലുണ്ട്.
രണ്ടുപേരെയും അടുത്തറിയാനും അവരുടെ വ്യക്തിവൈഭവവും സാഹിത്യവാസനയും അറിയുവാനും കഴിയുന്നു ഈ ലേഖനത്തിൽനിന്ന്. എൻ. മോഹനനെ അറിയാത്തവർ അധികമൊന്നും കാണുകയില്ല. അദ്ദേഹത്തെ അറിയാത്തവർക്കും ആ കഥാകൃത്തിന്റെ സർഗവാസനകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നു എന്നതാണ് ഈ ഓർമക്കുറിപ്പിന്റെ വൈശിഷ്ട്യം. ഉണ്ണികൃഷ്ണൻ കിടങ്ങൂരും ഇന്ന് അറിയപ്പെടുന്ന കഥാകാരൻ തന്നെയാണ്. എൻ. മോഹനന്റെ ആത്മാർഥതയെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചും ഈ ഓർമക്കുറിപ്പ് വ്യക്തമായ ചിത്രം നൽകുന്നു.
രണ്ടു കഥാകാരന്മാരെക്കുറിച്ച് വായനക്കാർക്ക് അടുത്തറിയാൻ കഴിയുന്നു. ഈ രണ്ട് കഥാകാരന്മാർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും ഊഷ്മളതയും ഈ കുറിപ്പിൽനിന്ന് വെളിപ്പെടുന്നുണ്ട്. എൻ. മോഹനന്റെ മറുപടി ഉദ്ധരിച്ചതിൽനിന്ന് അദ്ദേഹത്തിന്റെ സൂക്ഷ്മമായ സ്വഭാവചിത്രവും കിട്ടുന്നുണ്ട്. എൻ. മോഹനൻ ഓർമയായതിനുശേഷം ഇത്ര ഹൃദയസ്പർശിയായ ഒരു കുറിപ്പെഴുതിയ ഉണ്ണികൃഷ്ണൻ കിടങ്ങൂരിന് അഭിനന്ദനങ്ങൾ.
(സദാശിവൻ നായർ,എരമല്ലൂർ)
കഥയെ വലിയൊരു അനുഭവമാക്കിത്തീർത്തു
ചില കഥാകാരന്മാരും/കാരികളും അങ്ങനെയാണ്. തന്റെ വായനക്കാരെ കഥയുടെ ആസ്വാദനത്തിന്റെ വേറിട്ടവഴിയിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു. എന്നിട്ടവസാനം ആസ്വാദനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നു. നമ്മൾ വായനക്കാർ അതിൽനിന്നും മുകളിലോട്ട് കയറാനാവാതെ ആഴങ്ങളിലേക്ക് വീണ്ടും വീണ്ടും വീണുപോകുന്നു. അങ്ങനെയൊരു കഥയാണ് ഡിന്നു ജോർജിന്റെ ‘വ്ലാദിമിറിന്റെ ജനാല’ (ലക്കം: 1366). ഡിന്നു ജോർജ് എന്നെ ആദ്യമായാണ് തന്റെ കഥയിലോട്ട് കൊണ്ടുപോകുന്നത്. ഞാനിപ്പോഴും തിരിച്ചുവരാനാവാതെ ആ കഥയിൽ തന്നെയാണ്..!
ആദ്യ വായനയിൽതന്നെ മൂപ്പരെന്നെ തന്റെ അടിമയാക്കിക്കളഞ്ഞു. വലിയ വളച്ചൊടിക്കലുകളൊന്നുമില്ലാതെ, കഠിനമായ വാക്കുകളുടെ അകമ്പടികളൊന്നുമില്ലാതെ എത്ര മനോഹരമായാണ് നിങ്ങളീ കഥയെ വലിയൊരു അനുഭവമാക്കിത്തീർത്തിരിക്കുന്നത്..! ഞാനതിന്റെയാഴങ്ങളിലേക്ക് ഇനിയും താഴ്ന്നുപൊയ്ക്കൊള്ളട്ടെ. ആ ജനാലക്കരികിൽ ഞാൻ കുറച്ചുനേരംകൂടി ഇനിയും ഇരുന്നുകൊള്ളട്ടെ. അതേ... എന്റെയുള്ളിൽ യാഥാർഥ്യവും അയാഥാർഥ്യവും തമ്മിലുള്ള മൽപിടിത്തം നടന്നുകൊണ്ടിരിക്കുകയാണ്..! നന്ദി ഡിന്നു ജോർജ്. കഥക്ക് ചിത്ര എലിസബത്തിന്റെ വര കൂടുതൽ ജീവൻ നൽകി.
(യൂനസ് കുനിശ്ശേരി, ഫേസ്ബുക്ക്)
ഹൃദയത്തിൽ സൂക്ഷിക്കാവുന്ന കഥ
വ്ലാദിമിർ വരച്ച ജനാലയുടെ ചിത്രം വായനക്കാരുടെ ഹൃദയത്തിലാണ് ഡിന്നു ജോർജ് പതിപ്പിച്ചിരിക്കുന്നത്. അത്രവേഗം മായ്ച്ചുകളയാനാകാത്ത വിധം വായനക്കാരുടെ ഹൃദയത്തിൽ സൂക്ഷിക്കാവുന്ന കഥ (ലക്കം: 1366) കാണാതെ പോകരുത്. അരാഷ്ട്രീയ ബുദ്ധിജീവിയായ ജോർജ് ക്ലീവസ് എന്ന സാഹിത്യകാരന്റെ ഓർമക്കുറിപ്പുകളിലെ ഒരു അധ്യായത്തിലെ കുൽക്കർണി എന്ന ആർട്ടിസ്റ്റിന്റെ ജീവിതം പറഞ്ഞിരിക്കുന്നു.
ആ അധ്യായം ഡിന്നു ഹൃദയത്തിൽ സൂക്ഷിച്ച് കഥാവിഷയമാക്കിയിരിക്കുന്നു. ജോർജ് ക്ലീവസിനെ പ്രധാന കഥാപാത്രമാക്കിയാണ് ഡിന്നു മികച്ച കൈയടക്കമുള്ള, ഘടനാബലമുള്ള കഥ വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ആ മുറിയിൽ രണ്ട് ജനാലകൾ ഉണ്ടെങ്കിലും ഒന്ന് മാത്രമാണ് യഥാർഥം. അയഥാർഥമായ മറ്റൊന്ന് കുറെ വർഷങ്ങൾക്കുമുമ്പ് ഒരാൾ ചുവരിൽ വരച്ചുചേർത്തതാണ്. അയാളുടെ പേര് വ്ലാദിമിർ എന്നാണെന്നു പറഞ്ഞുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. ജോർജ് ക്ലീവസിന്റെ ഭാര്യ ഉർസുല നിസ്സാരമായ കാഴ്ചകൾ തെറ്റായി കാണുകയും അതിൽ ചിലപ്പോൾ ആനന്ദിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന സ്ത്രീ ആയിരുന്നു. സ്ത്രീകളുടെ വൈകാരികതകളിലേക്കും കഥ കടന്നുകയറുന്നു. കഥയിൽ വൃദ്ധനായ കുൽക്കർണി എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം വായനക്കാരിൽ ചിന്തയുണർത്തുന്നു.
വ്ലാദിമിറിന്റെ ജനാലയുമായി ബന്ധപ്പെട്ട അത്ഭുതകരമായ സംഭവങ്ങൾ കുൽക്കർണി പങ്കുവെക്കുന്നത് ആകാംക്ഷ നിലനിർത്തിയാണ്. ആ ജനാലയുടെ നിഗൂഢത വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ഫാന്റസിയുടെ സാന്നിധ്യം കഥക്ക് സ്നേഹത്തിന്റെ മാനം നൽകുന്നു. എഴുത്തിലെ കൈയടക്കവും ഭാഷയുടെ ലാളിത്യവും ആസ്വാദ്യകരം. മികച്ച വായനാനുഭവം പകർന്ന മികച്ച കഥ. മനോഹരമായ എഡിറ്റിങ്. അഭിനന്ദനം ഡിന്നു. മനോഹരമായി ചിത്രീകരണം നടത്തിയ ചിത്ര എലിസബത്തിന് ആശംസകൾ.
(സന്തോഷ് ഇലന്തൂർ, ഫേസ്ബുക്ക്)