Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

readers letters
cancel

ആ പല്ലി ഇപ്പോഴും മനസ്സിന്റെ ഭിത്തിയിൽ

മ​നു ജോ​സ​ഫി​ന്‍റെ ‘അ​ള്‍ത്താ​ര​യി​ലെ പ​ല്ലി’ (ല​ക്കം: 1369) ച​ത്തെ​ങ്കി​ലും എ​ന്‍റെ മ​ന​സ്സി​ന്‍റെ ഭി​ത്തി​യി​ലി​പ്പോ​ഴും അ​ത് അ​ള്ളി​പ്പി​ടി​ച്ചി​രി​പ്പു​ണ്ട്. ക​ഥാ​കൃ​ത്തി​ന്‍റെ സൂ​ക്ഷ്മ​ദൃ​ഷ്ടി​യും അ​ന​ന്യ​മാ​യ ഭാ​വ​നാ​വി​ലാ​സ​വും എ​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്നു. ഈ ​ക​ഥ വാ​യി​ക്കു​ന്ന​തു​വ​രെ ഞാ​ന്‍ വി​ചാ​രി​ച്ചി​രു​ന്ന​ത് ഞ​ങ്ങ​ടെ പ​ള്ളി​യി​ല്‍ മാ​ത്ര​മേ ഞാ​യ​റാ​ഴ്ച കു​ര്‍ബാ​ന ക​ഴി​ഞ്ഞ്‌ ആ​ട്, കോ​ഴി, പ​ശു​ക്കു​ട്ടി ഇ​ത്യാ​ദി​ക​ളെ ലേ​ലം വി​ളി​ക്കൂ​ന്നാ...​ കു​ര്‍ബാ​ന​ക്കി​ട​യി​ല്‍ ഡ​യ​റി തു​റ​ന്ന് ക​ണ​ക്കു​ക​ള്‍ കു​ത്തി​ക്കു​റി​ക്കു​ന്ന കൈ​ക്കാ​ര​ന്മാ​ർ ഉ​ള്ളൂ​ന്നാ... അ​ച്ച​ന്‍ അ​ള്‍ത്താ​ര​യി​ലേ​ക്ക് തി​രി​ഞ്ഞു നി​ല്‍ക്കു​മ്പോ​ള്‍ പെ​ണ്ണു​ങ്ങ​ടെ വ​യ​റു​നോ​ക്കു​ന്ന വ​ര്‍ക്കി​ച്ചേ​ട്ട​ന്‍മാ​ര്‍ ഉ​ള്ളൂ​ന്നാ... ​ഇ​തി​പ്പോ എ​ല്ലാ പ​ള്ളി​ക​ളി​ലും ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ എ​ന്ന​റി​യു​മ്പോ​ള്‍ ഒ​രു സ​മാ​ധാ​നം. സ്കൂ​ള്‍ ലൈ​ബ്ര​റി​യി​ല്‍നി​ന്ന് പ​ള്ളി​യി​ലേ​ക്ക് താ​മ​സം മാ​റ്റാ​ന്‍ തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് പ​ല്ലി​ക്ക് ഇ​തൊ​ക്കെ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.

പ​ള്ളി​യി​ലെ പ്രാ​ർഥ​ന​ക​ളും പ്ര​സം​ഗ​ങ്ങ​ളും പാ​ട്ടും രീ​തി​ക​ളു​മെ​ല്ലാം അ​തി​നി​ഷ്ട​മാ​യി. ഇ​നി​യു​ള്ള കാ​ലം ന​ല്ലൊ​രു സ​ത്യ​ക്രി​സ്ത്യാ​നി​യാ​യി ജീ​വി​ക്ക​ണ​മെ​ന്ന് ഉ​റ​ച്ച് അ​ത് പ​ള്ളി​യി​ലെ ചി​ട്ട​വ​ട്ട​ങ്ങ​ള്‍ ക​ണ്ടു മ​ന​സ്സി​ലാ​ക്കി. ഇ​നി മാമോദീ​സ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. അ​തി​നെ​ന്തു വ​ഴീ​ന്നു ത​ല​പു​ക​ഞ്ഞു ആ​ലോ​ചി​ച്ചി​രു​ന്ന​പ്പോ​ഴാ പ​ടി​ഞ്ഞാ​റ്റ​യി​ലെ വ​ര്‍ക്കി​ച്ചേ​ട്ട​ന്‍റെ മ​രു​മ​ക​ള്‍ക്ക് മ​നം​പി​ര​ട്ടി​യ​ത്. അ​വ​ളു​ടെ കു​ഞ്ഞി​ന്‍റെ മാ​മോദീ​സ അ​ടു​ത്തു​വ​രി​ക​യാ​ണ്. ക​പ്യാ​ര്‍ നേ​ര​ത്തേ​ത​ന്നെ മാ​മോദീ​സ തൊ​ട്ടി​ ക​ഴു​കി വൃ​ത്തി​യാ​ക്കി. പ​ല്ലി​യു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്ക​പ്പെ​ടാ​ന്‍ പോ​വു​ക​യാ​ണ്. പി​താ​വി​ന്‍റെ​യും പു​ത്ര​ന്‍റെ​യും പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ​യും നാ​മ​ത്തി​ല്‍ അ​ച്ച​ൻ കു​ഞ്ഞു റ​ബേ​ക്ക​യു​ടെ ത​ല​യി​ല്‍ വെ​ള്ള​മൊ​ഴി​ക്ക​വേ പ​ല്ലി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​മോദീ​സ തൊ​ട്ടി​യി​ലേ​ക്കു ചാ​ടി. ഛേ... പ​ല്ലി വീ​ണ​ല്ലോ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞ​തും ത​ൽ​ക്ഷ​ണം ക​പ്യാ​ർ തൊ​ട്ടി​യു​ടെ ഓ​വ് തു​റ​ന്നു​വി​ട്ടു. പ​ല്ലി വെ​ള്ള​ത്തി​ലൂ​ടെ നി​ത്യ​ത​യി​ലേ​ക്ക് പ​റ​ന്നു.

ക​ഥ​യു​ടെ നീ​രൊ​ഴു​ക്കി​ല്‍പെ​ട്ട് എ​ന്‍റെ ക​ണങ്കാ​ല്‍ ന​ന​ഞ്ഞു. എ​വി​ടെ നി​ന്നോ പ​റ​ന്നെ​ത്തി​യ ഒ​രു തീ​പ്പൊ​രി എ​ന്‍റെ മ​ന​സ്സി​ല്‍ ഉ​ണ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ച​പ്പി​ല​ക്കൂ​ട്ട​ങ്ങ​ളെ ആ​ളി​ക്ക​ത്തി​ച്ചു. ആ ​വെ​ളി​ച്ച​ത്തി​ല്‍ ഞാ​ന്‍ സ്വ​പ്ന​ങ്ങ​ള്‍ ക​ണ്ടു മ​യ​ങ്ങി. ‘മ​നോ​ഹ​രം’ എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ല.

(സ​ണ്ണിജോ​സ​ഫ്‌, മാ​ള)

ഇരുട്ടിനു നേരെ പിടിച്ച അക്ഷരവെളിച്ചം

പുരോഗതിയുടെ പറഞ്ഞറിയിക്കാൻ പറ്റാത്തവിധത്തിലുള്ള ആധുനിക മനുഷ്യജീവിതത്തിന്റെ വേദനിപ്പിക്കുന്ന മറുപുറത്തെ മറനീക്കിക്കാണിച്ചു തന്ന അതിർത്തി ഗ്രാമങ്ങളിലെ ജാതി ജീവിതം എന്ന റിപ്പോർട്ട് (ലക്കം: 1369)ഉള്ളു പൊള്ളിക്കുന്ന ഒന്നായിരുന്നു എന്ന് പറയാതെ വയ്യ. താഴ്ന്ന ജാതിയിൽ ജനിച്ചുപോയി എന്ന തന്റേതല്ലാത്ത കുറ്റത്തിന് ആയുസ്സ് മുഴുവനും പണയപ്പെടുത്തേണ്ടിവരുന്ന പട്ടിണിപ്പാവങ്ങൾ എരിഞ്ഞുതീരുന്ന ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നത് നമ്മുടെയൊക്കെ കൺമുന്നിലാണ് എന്നത് അപമാനഭാരത്താൽ തല കുനിഞ്ഞു പോകേണ്ട നഗ്ന യാഥാർഥ്യമാണ്.

പൊതുസമൂഹവും ഭരണകൂടവും ഇക്കാര്യത്തിൽ ക്രിയാത്മകമായി ഉണർന്നു ചിന്തിച്ചേ മതിയാവൂ, കൺമുന്നിൽ നടമാടിക്കൊണ്ടിരിക്കുന്ന ഇത്തരം അനീതികൾ മനഃസാക്ഷിക്ക് മുന്നിലേക്ക്‌ തുറന്നുവെച്ച ആഴ്ചപ്പതിപ്പിനെ എത്ര അഭിനന്ദനങ്ങൾ ചൊരിഞ്ഞാലും മതിയാവില്ല. സെലിബ്രിറ്റികളുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കുന്ന തരത്തിൽ ഒരുഭാഗത്തും, ഭരിക്കുന്നവർക്ക് വിധേയപ്പെട്ടു മറുഭാഗത്തും പത്രപ്രവർത്തനം പരിമിതപ്പെട്ടു പോകുന്ന വർത്തമാനകാലത്ത് ഇരുട്ടുകൾക്കുനേരെ അക്ഷരംകൊണ്ടുള്ള ഇത്തരം ചൂട്ടുവെളിച്ചങ്ങൾ കാലത്തിന്റെ തേട്ടമാണ്.

(ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ)

സിനിമ കണ്ടെഴുതിയ ഒരാളെ വായിക്കുന്നു

എഴുത്തുകാരിയെക്കുറിച്ച് പറയണോ എഴുത്തിനെക്കുറിച്ച് പറയണോ എന്ന ആശങ്കക്കൊടുവിൽ രണ്ടും ഒന്നിച്ചു പറയാം എന്ന തീരുമാനത്തിലെത്തുന്നു. രണ്ടും പറയാതെ വയ്യ. മാധ്യമം ആഴ്ചപ്പതിപ്പിൽ ക്രിസ്റ്റഫർ നോളന്റെ ‘ഓപൺഹൈമർ’, ഗ്രെറ്റ ഗെർവിഗിന്റെ ‘ബാർബി’, ജസ്റ്റിൻ ട്രീറ്റിന്റെ ‘അനാട്ടമി ഓഫ് എ ഫാൾ’ എന്നീ സിനിമകളുടെ ചലച്ചിത്രനിരൂപണം എഴുതിയിരിക്കുന്നത് സിനാഷ എന്ന ഹയർസെക്കൻഡറി വിദ്യാർഥിനിയാണ്. ഒരുപക്ഷേ, ഒരു സ്കൂൾ വിദ്യാർഥിനിയുടെ ലേഖനം മുഖ്യധാരയിൽ വരുന്നത് ആദ്യമായിരിക്കും. സിനിമയെഴുത്തു ഗംഭീരം. സിനാഷയെ നേരത്തേ അറിയാവുന്നതുകൊണ്ട് ഞെട്ടിയില്ല എന്നുമാത്രം.

രണ്ടുവർഷം മുമ്പ് വിദ്യാരംഗം സർഗോത്സവം പത്താംക്ലാസുകാരി ഉദ്ഘാടനം ചെയ്യുമ്പോൾ കൂട്ടത്തിലെ ഒരു കുട്ടിക്ക് അവസരം നൽകുന്നു എന്നതിൽ കവിഞ്ഞു മറ്റൊരു തോന്നലും ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു മണിക്കൂർ പ്രസംഗം സദസ്സിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളയുന്നതായിരുന്നു. സമകാലിക വിവാദവിഷയം മുതൽ സാഹിത്യ, രാഷ്ട്രീയ, ദേശീയ, അന്തർദേശീയ കാര്യങ്ങളെ വരെ കൃത്യമായി പ്രതിപാദിക്കുന്ന മികച്ചൊരു പ്രഭാഷണമായിരുന്നു അത്. എന്തുകൊണ്ട് ഈ കുട്ടി ഇത്രേം പ്രായത്തിനിടയിൽ സംസ്ഥാനത്തെ തന്നെ മുതിർന്നവരോട് മത്സരിച്ചു അവാർഡുകൾ വാരിക്കൂട്ടുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു എഴുതി തയാറാക്കാതെ വന്നു നടത്തിയ ആ പ്രസംഗം. ആഴത്തിലുള്ള വായനയുടെ ഫലം. നമുക്കൊക്കെ ഇനിയും രണ്ടു ജന്മങ്ങൾ ജീവിച്ചുതീർത്താൽ എത്തിപ്പെടാനാവാത്തവണ്ണം നേട്ടങ്ങൾ ഈ കൊച്ചുമിടുക്കി ഇതിനോടകം കരസ്ഥമാക്കിക്കഴിഞ്ഞു.

ഇനി എഴുത്തിലേക്ക് വരാം. ചരിത്രബോധമുള്ള ഒരാൾ സിനിമയുടെ കാഴ്ചയിലേക്ക് ആഴത്തിൽ ഇറങ്ങുമ്പോൾ അതിന്റെ രാഷ്ട്രീയത്തെ പറയാതെ പോവില്ല. അങ്ങനെ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ഓപൺ ഹൈമർ എന്ന നിരവധി അക്കാദമിക അവാർഡുകൾ വാരിക്കൂട്ടിയ ചിത്രത്തെ മാനവവിരുദ്ധ സിനിമ എന്നാണ് സിനാഷ വിശേഷിപ്പിക്കുന്നത്. ഇസ്രായേലിന് ആയുധങ്ങൾ നൽകിയശേഷം ഫലസ്തീനിലേക്ക് ഭക്ഷണ പൊതികളിടുന്ന അമേരിക്കയോടാണ് സിനാഷ, ചിത്രത്തിന്റെ ഭൂരിഭാഗവും അണുബോംബിന് പിന്നിലെ കഠിനാധ്വാനത്തെയും ആത്മാർഥതയെയും രാജ്യസ്നേഹത്തെയും ലോകനന്മക്കായുള്ള ത്യാഗത്തെയും വിവരിക്കാൻ ഉപയോഗിച്ചശേഷം പേരിനൊരു കുറ്റബോധം കൂട്ടിച്ചേർത്ത നോളന്റെ പ്രവൃത്തിയെ ഉപമിച്ചത്.

നിരുത്തരവാദപരമായ വെറും നിഷ്പക്ഷതക്കുവേണ്ടി നമുക്ക് കലാകാരന്മാരെ ആവശ്യമി​െല്ലന്നും കലക്ക് കൃത്യമായ രാഷ്ട്രീയമു​െണ്ടന്നും അതുകൊണ്ടുതന്നെ ഓപൺ ഹൈമറിനും രാഷ്ട്രീയമു​െണ്ടന്നും യുദ്ധത്തെ വിമർശിക്കാൻ തയാറാവുന്നില്ല എന്ന ഒറ്റകാരണം മതി നോളൻ തെറ്റുകാരനാവാനെന്നും സിനാഷ പറഞ്ഞുവെക്കുന്നു. അന്താരാഷ്ട്ര സിനിമകൾ കാണുന്ന, ലോക ക്ലാസിക്കുകൾ വായിക്കുന്ന, അന്തർദേശീയ ഫുട്ബാൾ മത്സരങ്ങൾ മുടങ്ങാതെ കാണുന്ന സിനാഷയുടെ ചലച്ചിത്രനിരൂപണത്തിൽ മറ്റു രണ്ടു സിനിമകളുടെ ആകത്തുകയുമുണ്ട്. നല്ലൊരു വായന സമ്മാനിച്ചതിന് ആഴ്ചപ്പതിപ്പിനും സിനാഷക്കും നന്ദി...

(കെ.പി.എസ് വിദ്യാനഗർ,ഫേസ്ബുക്ക്)

മണികണ്ഠൻ മദിരശ്ശേരി ഒരു പേരല്ല, ഒരു കൂട്ടമാണ്

മാധ്യമം ആഴ്​ചപ്പതിപ്പിൽ (ലക്കം: 1367) പ്രദീപ് പേരശ്ശനൂർ എഴുതിയ ‘മണികണ്ഠനും മണികണ്ഠൻ മദിരശ്ശേരിയും’ വായിച്ചു. കാലികമായ പ്രസക്തിക്കപ്പുറം അക്കാദമികനല്ലാത്ത ഒരാൾ സാഹിത്യത്തിലേക്ക് വരുമ്പോഴുള്ള പരിഹാസവും ഇകഴ്ത്തലും അസ്പൃശ്യതയുമൊക്കെ ചേർത്ത രചനാവൈഭവംകൊണ്ട് ശ്രദ്ധേയമായ കഥയായി അനുഭവപ്പെട്ടു. മദിരശ്ശേരി അനുഭവിച്ച അത്തരം അനുഭവങ്ങൾ സ്വാനുഭവങ്ങളായി മുന്നിലുള്ളതുകൊണ്ടാകാം കഥ ഏറെ സ്പർശിക്കുകയുംചെയ്തു.

ഏതു മേഖലയിലായാലും തന്നേക്കാൾ താഴെ നിൽക്കുന്ന സഹപാഠി മണികണ്ഠനെ കുശുമ്പുകൊണ്ട് മാത്രം അംഗീകരിക്കാൻ പറ്റാത്ത രമേശനെന്ന സർക്കാർ ജോലിക്കാരന്റെ എല്ലാ കുനിഷ്ടുകളെയും ഒപ്പിയെടുക്കുന്നതിൽ വിജയിച്ച കഥ. കവിയെന്ന നിലയിൽ മണികണ്ഠനെ അംഗീകരിക്കാൻ അയാൾക്കാകുന്നില്ല. തന്നോട് ജീവിതത്തിൽ മത്സരിക്കാൻ മണികണ്ഠന് ആവതില്ല എന്നറിഞ്ഞിട്ടും കാവ്യരംഗത്തുനിന്ന് അയാളെ നിഷ്കാസിതനാക്കാൻ രമേശനെന്ന സവർണബോധം ശ്രമം തുടരുന്നു. നാട്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽനിന്നുപോലും അയാളെ അപമാനിച്ചോടിക്കുകയാണ്.

കാരണമില്ലാത്ത മണികണ്ഠഭയം അയാളുടെ മനോനില തന്നെ തെറ്റിക്കുന്നു. അകത്തൊരു മുഖവും പുറത്തൊരു മുഖവുമായി നടക്കുന്ന ഇയാൾക്ക് അവസാനത്തിൽ മാനസാന്തരം വരുകയും കവിയെ ഇയാൾ നാട്ടിന്റെ കവിയായി അംഗീകരിക്കുകയും ചെയ്യുന്നിടത്ത് കഥ ശുഭപര്യവസായിയാകുന്നു. മണികണ്ഠൻ കാവ്യലോകത്തെ ഒറ്റപ്പെട്ട വ്യക്തിത്വമല്ല. ഒരുപാട് മണികണ്ഠൻമാർ ഇവിടെയുണ്ട്. അവരുടെ വഴികളെ കണ്ടില്ലെന്ന് നടിക്കാൻ രമേശൻമാർക്കാവും. പക്ഷേ, ഗാന്ധിജി പറഞ്ഞപോലെ ആദ്യം നിങ്ങളെയവർ പുച്ഛിക്കും; പിന്നെ അപഹസിക്കും. അതു കഴിഞ്ഞാൽ ആക്രമിക്കും. അതുകഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ലോകമാണ്. ഒരു പ്രവാചകനെയും ഒരു നാടും അംഗീകരിച്ചിട്ടില്ല എന്ന വചനവും ഓർക്കാം. എങ്കിലും മണികണ്ഠൻമാരെ രമേശൻമാർ എടുത്തുനടക്കുന്ന കാലം വരും. അതുവരേക്കും എല്ലാ മണികണ്ഠൻമാർക്കും കഥാകൃത്തിനും അഭിവാദ്യങ്ങൾ.

(ബാലഗോപാലൻ കാഞ്ഞങ്ങാട്​,ഫേസ്​ബുക്ക്​)

Show More expand_more
News Summary - weekly ezhuthukuth