എഴുത്തുകുത്ത്
ശ്രീകുമാരൻ തമ്പിക്ക് വീണ്ടും തെറ്റി
മാധ്യമം ആഴ്ചപ്പതിപ്പിലെ ‘മലയാള ചലച്ചിത്രഗാന ചരിത്രം’ എന്ന പംക്തിയിൽ (ലക്കം: 1369) വിജയശ്രീയെ ആത്മഹത്യയിലേക്കു നയിച്ച ചൂഷണത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതുന്നുണ്ട്. എന്നാൽ, ‘പോസ്റ്റുമാനെ കാണാനില്ല’ എന്ന സിനിമയിലല്ല അദ്ദേഹം വിവരിക്കുന്ന വിജയശ്രീയുടെ ദൃശ്യമുള്ളത്. കുഞ്ചാക്കോതന്നെ സംവിധാനംചെയ്ത ‘പൊന്നാപുരം കോട്ട’യിലാണ്. ആ ദൃശ്യത്തിന്റെ പ്രചാരണമാണ് വിജയശ്രീയുടെ ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് വാദം.
‘പോസ്റ്റുമാനെ കാണാനില്ല’യിൽ മീൻ മുറിച്ചുകൊണ്ടിരിക്കുന്ന വിജയശ്രീയുടെ ദേഹത്ത് ഉറുമ്പു കയറുന്നതു കണ്ട് വരുന്ന നസീർ കാണിക്കുന്ന അതേ ഭാവതരളതകൾ വ്യത്യാസമൊന്നും കൂടാതെ ‘പൊന്നാപുരംകോട്ട’യിൽ വിജയശ്രീ കുളിക്കുന്നത് ആകസ്മികമായി കാണുന്ന നസീറിലും കാണാം. സംവിധായകൻ ഒന്നായതിന്റെ വിക്രിയകളാണ്. അഭിനേതാവിന്റെയോ കഥയുടെയോ കുഴപ്പമല്ല. കരടിപോലും മനുഷ്യരെ ബലാൽക്കാരം ചെയ്യുന്ന വിചിത്രമായ ഭൂതകാലം മലയാള സിനിമക്കുണ്ട്. കാട്ടിൽ കിടക്കുന്ന കരടിയേ..!
‘പോസ്റ്റുമാനെ കാണാനില്ല’ 1972ലും ‘പൊന്നാപുരം കോട്ട’ 1973ലുമാണ് റിലീസായത്. 1974 മാർച്ചിൽ വിജയശ്രീ ആത്മഹത്യചെയ്തു.
(ആർ.പി. ശിവകുമാർ ,ഫേസ്ബുക്ക്)
ഛേത്രിയുടെ വിടവാങ്ങൽ
ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസമായ സുനില്‍ ഛേത്രിയെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ (ലക്കം: 1370) ഫൈസല്‍ കൈപ്പത്തൊടിയും സനില്‍ പി. തോമസും കെ.പി.എം. റിയാസും എഴുതിയ ലേഖനങ്ങള്‍ വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് സൗത്താഫ്രിക്കൻ ക്രിക്കറ്റിലെ മിറാക്കുലസ് ഫീൽഡറായ ജോണ്‍ ഡി റോഡ്സാണ്. മൈതാനത്തിലൂടെ പറന്നുപോകുന്ന എന്തിനെയും കൈക്കുമ്പിളില്‍ ഒതുക്കുന്ന ഒരു കളിക്കാരനെന്ന് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോള്‍ മൈതാനിയിലൂടെ ഓടുന്ന തോല്‍പന്തിനെ വരുതിയിലാക്കാന്‍ കാൽപാദങ്ങളില് വജ്രപ്പശ തേച്ചുപ്പിടിപ്പിച്ചവന് എന്നാണ് സുനില്‍ ഛേത്രിയെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. അടുത്ത ആഴ്ച കുവൈത്തിനെതിരെ നടക്കുന്ന രാജ്യാന്തര ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുന്ന ഛേത്രിക്ക് ഉചിതമായ ആദരമാണ് ഇത്തവണത്തെ മാധ്യമം ആഴ്ചപ്പതിപ്പ്.
ഏത് അക്യൂട്ട് ആംഗിളില്‍നിന്നും അനായാസം ഗോളുതിര്ക്കാന് കെൽപുള്ള കളിക്കാരനാണ് സുനില്‍ ഛേത്രി. മറഡോണയുടെ ആത്മാവിന്റെ സ്പര്‍ശമേറ്റ കാൽപാദങ്ങളാണവ! ബര്‍ത്ത് സര്ട്ടിഫിക്കറ്റിലൂടെയല്ലാതെ കളിയുടെ ആരോഹണാവരോഹണങ്ങളില്നിന്നും അദ്ദേഹത്തിന്റെ വയസ്സളക്കാന് സാധ്യമല്ല. ചടുലങ്ങളായ നീക്കങ്ങള്‍, വേഗതയാര്‍ന്ന പാസുകള്‍, കൃത്യമായ ലക്ഷ്യം –അതൊക്കെ മറ്റു കളിക്കാരില്‍നിന്നും ഈ അഞ്ചടി ആറിഞ്ചുകാരനെ വ്യത്യസ്തനാക്കുന്നു.
വിങ്ങുകളില്‍നിന്നും തകര്‍പ്പന്‍ ഷോട്ടുകള്‍ പായിക്കാനും കോര്‍ണറുകള്‍ പ്രതിരോധിക്കാനും ഉയരമുള്ള ഡിഫന്‍ഡര്‍മാരെ മറികടക്കാനും ഹെഡറുകളിലൂടെ ഗോള്‍ നേടാനുമുള്ള മികവും ഇദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. 20ാo വയസ്സില്‍ ഇന്ത്യക്കുവേണ്ടി രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഇദ്ദേഹം 39ാo വയസ്സില്‍ ബൂട്ടഴിക്കുമ്പോഴും യുവാക്കളുടെ ‘ഐക്കണ്‍’ തന്നെയാണ്. ബൈച്യുങ് ബൂട്ടിയയും സുനില്‍ ഛേത്രിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ അഫ്ഗാനിസ്താനെതിരെ ഛേത്രി നേടിയ ഒരു ഗോളിനു 70 മിനിറ്റുവരെ പിടിച്ചുനിന്ന ഇന്ത്യ പിന്നീട് രണ്ടു ഗോളുകള്‍ വഴങ്ങി മത്സരത്തില്‍നിന്നും പുറത്തായെങ്കിലും ഛേത്രിയുടെ ആ ഗോള്‍ ആരാധകമനസ്സുകളിൽനിന്നു പെട്ടെന്നൊന്നും മായ്ച്ചുകളയാനാകില്ല. തന്റെ കരിയറില്‍ 94 ഗോളുകള്‍ നേടിയ ഛേത്രിക്ക് ആഴ്ചപ്പതിപ്പ് ഒരുക്കിയ വിടവാങ്ങല്‍ ശ്ലാഘനീയമായി.
(സണ്ണി ജോസഫ്, മാള)
രാഹുൽ മണപ്പാട്ടിന്റെ ‘രാക്കവിതകൾ’
രാത്രിയുടെ വ്യത്യസ്ത ഭാവങ്ങൾ അടയാളപ്പെടുത്തിയ രാഹുൽ മണപ്പാട്ടിന്റെ ‘രാക്കവിതകൾ’ പലവട്ടം വായിച്ചു. എന്നെ പലതരത്തിൽ അത് രാത്രി ഒാർമകളിലേക്കും അനുഭവങ്ങളിലേക്കും കൊണ്ടുപോയി. ജീവിതത്തിന്റെ പകുതി പിന്നിട്ട എന്നെപ്പോലൊരാൾ മണ്ണെണ്ണവിളക്കും ചൂട്ടുകറ്റയും നിറഞ്ഞ ബാല്യത്തിൽനിന്നാണ് കണ്ണഞ്ചിക്കുന്ന വെളിച്ചത്തിന്റെ ഇന്നിലേക്ക് വന്നത്. മലയാളത്തിലെ ഏറ്റവും പ്രോമിസിങ്ങായ കവിയാണ് രാഹുൽ മണപ്പാട്ട് എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.
(വിജയൻ ബാലകൃഷ്ണൻ,കൊണ്ടോട്ടി)
‘കാലാന്തരം’ ഗംഭീരം
മാധ്യമം ആഴ്ചപ്പതിപ്പിലൂടെ കഴിഞ്ഞ വർഷം ജോൺ ഓർമദിനത്തിൽ തുടങ്ങി ഈ വർഷം അതേ ദിവസം അവസാനിച്ച ‘കാലാന്തര’ത്തിന്റെ ഒട്ടുമിക്ക ഓർമചിത്രങ്ങളും വായിക്കാനിടയായി. പ്രേംചന്ദ് എന്ന എഴുത്തുകാരനിലൂടെ കോഴിക്കോട് ജീവിച്ച് മൺമറഞ്ഞ പലരെക്കുറിച്ചും വായിക്കാനും അവരുടെ ജീവിതരീതികൾ ഏതൊക്കെ തരത്തിലായിരുന്നു എന്നറിയാനും സാധിച്ചു! ഇനിയും ഇത്തരത്തിലുള്ള പംക്തികൾ പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയോടെ...
(ഷാജി ബി. മാടിച്ചേരി, കോഴിക്കോട്)
പ്രൗഢ ലേഖനങ്ങൾ
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1369) പ്രൗഢമായ ലേഖനങ്ങൾകൊണ്ട് സമ്പന്നമായിരുന്നു. അവയിൽ നാലെണ്ണം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിൽ ഇന്നും ജാതിക്കോമരങ്ങൾ എങ്ങനെ ഉറഞ്ഞുതുള്ളുന്നുവെന്നും ‘കൊത്തടിമ’ പോലുള്ള അടിമവേല എന്തുമാത്രം പിടിമുറുക്കിയിരിക്കുന്നുവെന്നുമുള്ള ദയനീയമല്ല, ഭയാനക ചിത്രം തന്നെ വരച്ചുകാണിക്കുന്നു ബിനോയ് തോമസിന്റെ ‘അതിർത്തി ഗ്രാമങ്ങളിലെ ജാതിജീവിതം’ എന്ന ലേഖനം.
ജാതിപ്പിശാചുക്കളെയെല്ലാം തൂത്തെറിഞ്ഞ നവോത്ഥാന കാലവും പിന്നിട്ട് പതിറ്റാണ്ടുകൾക്കിപ്പുറം ജാതി വേലിക്കെട്ടുകളിൽപ്പെട്ട് നരകിക്കേണ്ടി വരുന്ന മരകതത്തിന്റെയും പ്രശാന്തിന്റെയും അനുഭവങ്ങൾ ഒറ്റപ്പെട്ടതാകില്ല. പരാതി നൽകാൻ നിയമപാലകരെ സമീപിക്കുമ്പോൾ നിയമസംവിധാനം നീതിനിർവഹണത്തിൽ വേണ്ടത്ര നീതി കാണിക്കുന്നില്ല എന്ന ഒട്ടും ശുഭകരമല്ലാത്ത അവസ്ഥയും ലേഖനത്തിൽനിന്ന് വായിച്ചെടുക്കാനാകുന്നു. ജാതിവിവേചനവും അടിമവേലയും നീതിയില്ലാത്ത നീതിനിർവഹണവും നമ്മൾ ഇനിയും സഹിക്കേണ്ടതുണ്ടോ എന്ന ചോദ്യം വായനക്കാരോട് ചോദിക്കുന്നതായിട്ടാണ് പ്രസ്തുത ലേഖനം അനുഭവപ്പെടുന്നത്.
‘മലയാള സിനിമയും ഹാസ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിജിത്ത് എം.സി എഴുതിയ ലേഖനം ഹാസ്യത്തെ കുറിച്ചാണെങ്കിലും ഗൗരവമേറിയ വിഷയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പല മലയാള സിനിമകളെയും വിജയത്തിലേക്ക് എത്തിച്ചതും കാണികളെ അവസാനംവരെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്തിയതുമെല്ലാം ഹാസ്യനടൻമാരും നടികളുമാണെങ്കിലും അംഗീകരിക്കേണ്ടവരൊന്നും അത് അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. മലയാള സിനിമയുടെ തുടക്കം മുതൽ ഇങ്ങനെതന്നെയായിരുന്നു. ഇന്നും ഈ വസ്തുതക്ക് കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല.
ഹാസ്യതാരങ്ങളെയും അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും പ്രേക്ഷകർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചാൽമാത്രം മതിയെങ്കിൽ മറ്റു താരങ്ങളുടെയും കാര്യത്തിൽ അതു മതിയല്ലോ? എന്നാൽ അതുപോരാ, സർക്കാർ തലത്തിൽതന്നെ വേണ്ടത്ര പരിഗണന കൊടുക്കേണ്ടതാണ് എന്ന തലത്തിലേക്കാണ് ലേഖനം വിരൽചൂണ്ടുന്നത്, പ്രത്യേകിച്ചും അവാർഡ് നിർണയകാര്യത്തിലും മറ്റും. ലേഖനത്തിൽ വനിത ഹാസ്യതാരങ്ങളെ കുറിച്ചും അവരുടെ കഥാപാത്രങ്ങളെ കുറിച്ചും പ്രത്യേകിച്ചൊന്നും പറയാതെ പോയതും ശ്രദ്ധയിൽപ്പെട്ടു എന്നു പറഞ്ഞുകൊള്ളട്ടെ.
സമീപകാലത്ത് മലയാള സിനിമക്ക് വേർപാടിന്റെ വേദന നൽകി കടന്നുപോയ ചലച്ചിത്രപ്രതിഭകളായ സംഗീത് ശിവനെയും ഹരികുമാറിനെയും ഓർത്തെടുത്ത ലേഖനങ്ങൾ ആ പ്രതിഭകൾക്കു നൽകിയ പ്രണാമമായി. സംഗീത് ശിവന്റെ പിതാവ് തുടങ്ങിയ ശിവൻ സ്റ്റുഡിയോയുടെ ചരിത്രത്തിൽ തുടങ്ങി അദ്ദേഹം ചെയ്ത മലയാള സിനിമകളെ മിക്കതും സ്പർശിച്ച് ബോളിവുഡിന് നൽകിയ സംഭാവനകളും ചികഞ്ഞെടുക്കുമ്പോൾ ദീദി എന്ന ലേഖിക ഒരു സാധാരണ പ്രേക്ഷകർക്കൊന്നും അനുഭവവേദ്യമല്ലാത്ത സംഗീത് ശിവനെ പരിചയപ്പെടുത്തുകയാണ്. ഒരു സംവിധായകന്റെ കൈയടക്കത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണല്ലോ അദ്ദേഹത്തിന്റെ ‘യോദ്ധാ’. ആ സിനിമയെ ഏത് സിനിമാ ആസ്വാദകർക്കാണ് മറക്കാനാകുക. സിനിമക്കപ്പുറമുള്ള സംഗീത് ശിവനെ, പ്രത്യേകിച്ചും കാമറ ജീവിതമാക്കിയ സംഗീത് ശിവനെ ലേഖനം നല്ലരീതിയിൽ അവതരിപ്പിക്കുന്നു.
സംവിധായകപ്രതിഭ ഹരികുമാറിലേക്ക് എത്തുമ്പോഴും ‘സുകൃതം’ എന്ന ഒറ്റ സിനിമ മാത്രം മതി ആ വലിയ പ്രതിഭയെ തിരിച്ചറിയാൻ. ആർക്കും പിടികൊടുക്കാതെ യാഗാശ്വംപോലെ പായുന്ന മനുഷ്യമനസ്സിന്റെ അവസ്ഥയെ വരച്ചുകാട്ടിയ ‘സുകൃതം’ ശ്വാസമടക്കിപ്പിടിച്ച് പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തിയതാണ്, വിതുമ്പലോടെ. വേട്ടക്കാരന്റെ മനസ്സാണ് സമൂഹത്തിന്, ഒരു ഇരയെ കിട്ടാൻവേണ്ടി കാത്തിരിക്കുകയാണ് എന്ന വലിയ സത്യവും ഹരികുമാർ സിനിമയിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സജിൽ ശ്രീധറിന്റെ ‘വൈവിധ്യപൂർണതയുടെ ദൃശ്യപരിണതികൾ’ എന്ന ലേഖനം പ്രധാനമായും ‘സുകൃതം’, ‘ജ്വാലാമുഖി’ എന്നീ രണ്ട് ചിത്രങ്ങളെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. മറ്റുള്ള ഏതാനും ചിത്രങ്ങളുടെ പേര് പരാമർശിച്ചു പോകുന്നതേയുള്ളൂ. ‘സുകൃത’ത്തെ വിലയിരുത്തിയത് നല്ല നിലവാരം പുലർത്തി എന്നുതന്നെ പറയാം. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ‘ജ്വാലാമുഖിയെ’ അടുത്തറിയാനും ലേഖനം ഉപകരിച്ചു.
(ദിലീപ് വി. മുഹമ്മദ്)
സംഗീതാസ്വാദകർ പരിശോധിക്കണം
‘മലയാളികൾ കൂടുതലായി ഖയാൽ കേൾക്കേണ്ടതുണ്ട്’ (ലക്കം: 1369 ) എന്ന പേരിൽ ഉസ്താദ് ഫയ്യാസ് ഖാനുമായി നദീം നൗഷാദ് നടത്തിയ അഭിമുഖം ഉചിതമായ ചോദ്യങ്ങൾകൊണ്ടും അദ്ദേഹത്തിന്റെ കൃത്യമായ നിരീക്ഷണങ്ങൾകൊണ്ടും പ്രസക്തമായി. കേരളത്തിൽ ഹിന്ദുസ്താനി സംഗീതം പ്രചരിക്കാതിരിക്കുന്നതിനുള്ള കാരണങ്ങൾ ഫയ്യാസ് ഖാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
അത് കേരളത്തിലെ സംഗീതാസ്വാദകർ പരിശോധിക്കേണ്ടതാണ്. ഫയ്യാസ് ഖാന്റെ ശിഷ്യന്മാരായി ഒട്ടേറെ പേർ കേരളത്തിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരഭിമുഖം ഒരു മലയാള പ്രസിദ്ധീകരണത്തിൽ വരുന്നത് ആദ്യമായാണ്. അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിൽ അദ്ദേഹത്തിെന്റ ശിഷ്യയായ ഞാൻ ‘മാധ്യമ’ത്തോട് നന്ദി പറയുന്നു. മലയാള പ്രസിദ്ധീകരണങ്ങൾ പൊതുവെ ഹിന്ദുസ്താനി സംഗീതത്തോട് വിമുഖത പ്രകടിപ്പിക്കുമ്പോൾ (അറിവില്ലായ്മകൊണ്ടാണ്) ഇടക്ക് ഇത്തരം അഭിമുഖങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നത് ‘മാധ്യമം’ മാത്രമാണ്. ആഴ്ചപ്പതിപ്പിനും നദീം നൗഷാദിനും നന്ദി.
(ഭാവന ചേവായൂർ, കോഴിക്കോട്)