എഴുത്തുകുത്ത്
തെറ്റ് തിരുത്തുന്നു
‘ശ്രീകുമാരൻ തമ്പിക്കു വീണ്ടും തെറ്റി’ എന്ന തലക്കെട്ടിൽ ആർ.പി. ശിവകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ‘എഴുത്തുകുത്തി’ൽ (ലക്കം: 1371) പ്രാധാന്യം നൽകിയിരിക്കുന്നത് കണ്ടു. ‘പോസ്റ്റുമാനെ കാണാനില്ല’ എന്ന സിനിമയിലല്ല, കുഞ്ചാക്കോയുടെ അടുത്ത സിനിമയായ ‘പൊന്നാപുരം കോട്ട’യിലാണ് വിജയശ്രീയുടെ പ്രസിദ്ധമായ കുളിസീൻ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറയുന്നു. ഭാഗ്യവശാലോ നിർഭാഗ്യവശാലോ എനിക്ക് ‘പോസ്റ്റുമാനെ കാണാനില്ല’ എന്ന ചിത്രം കാണാൻ സാധിച്ചിട്ടില്ല. ഈ കാര്യം ആ അധ്യായത്തിൽതന്നെ പറഞ്ഞിട്ടുണ്ട്. ‘പോസ്റ്റുമാനെ കാണാനില്ല’ എന്ന സിനിമയിലും വിജയശ്രീയുടെ ശരീരഭാഗങ്ങൾ കാണിക്കുന്ന ഒരു രംഗമുണ്ടെന്നു ശിവകുമാർ പറയുന്നു.
ഇത് കുളിസീനാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ‘പൊന്നാപുരംകോട്ടയെ’ക്കുറിച്ച് ഞാൻ എഴുതാനിരിക്കുന്നതേയുള്ളൂ. ഏതായാലും അന്നത്തെ സിനിമാ പ്രസിദ്ധീകരണങ്ങൾ വിജയശ്രീയുടെ സെക്സ് എക്സ് േപ്ലായിറ്റേഷനെ കുറിച്ച് ആദ്യമായി വിമർശിച്ചത് ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന ചിത്രത്തെ മുൻനിർത്തിയായിരുന്നു എന്ന വസ്തുത ഉറപ്പാണ്. ‘പൊന്നാപുരം കോട്ട’ വന്നപ്പോൾ ആ വിമർശനത്തിന്റെ അളവ് കൂടിയിരിക്കാം. എന്തായാലും തെറ്റ് തെറ്റു തന്നെ, പുസ്തകമാകുമ്പോൾ ഞാൻ ആ തെറ്റ് തിരുത്തുന്നതായിരിക്കും.
വളരെ പ്രയാസങ്ങൾ സഹിച്ചാണ് ഇങ്ങനെയൊരു പരമ്പര എഴുതുന്നത്. ഗൂഗിളിനെ കണ്ണുമടച്ചു വിശ്വസിക്കാനാവില്ല, ഞാൻതന്നെ നേരത്തേ തയാറാക്കിയ കുറിപ്പുകളും പഴയ സിനിമകളുടെ പാട്ടുപുസ്തകങ്ങളും മറ്റും പരിശോധിച്ചതിനു ശേഷമാണ് ഓരോ അധ്യായവും എഴുതുന്നത്. പി. ഭാസ്കരന്റെയും വയലാറിന്റെയും ഗാനസമാഹാരങ്ങളും പരിശോധിക്കും. അതിൽപോലും തെറ്റുകളുണ്ട്. എല്ലാ മലയാള ഗാനങ്ങളും സൂക്ഷിച്ചിരുന്ന മഹാമനസ്കനായ ബി. വിജയകുമാർ എന്ന സുഹൃത്തിനെ നന്ദിപൂർവം ഓർമിക്കുന്നു. അദ്ദേഹം ഇപ്പോൾ ഈ ഭൂമിയിലില്ല, ഉണ്ടായിരുന്നെങ്കിൽ എന്റെ യത്നം കുറെക്കൂടി ലളിതമാകുമായിരുന്നു.
(ശ്രീകുമാരൻ തമ്പി)
ആ വിവരണം വസ്തുതാപരമല്ല
ആഴ്ചപ്പതിപ്പിൽ (ലക്കം: 1368) കെ.കെ.എസ്. ദാസിനെ അനുസ്മരിച്ച് ഒ.കെ. സന്തോഷ് എഴുതിയ ‘ജീവിതത്തിലെ സൂര്യന് മരണമില്ല’ എന്ന ലേഖനത്തിലെ പ്രത്യയ ശാസ്ത്ര സമരങ്ങൾ എന്ന ഭാഗമാണ് ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത്.
1980കളുടെ പകുതിയോടെ സീഡിയനോടൊപ്പം ബഹുജന സംവാദങ്ങൾക്ക് പ്രയോജനകരമായ ഒട്ടേറെ ചെറുതും വലുതുമായ സംഘടനകളിൽ കെ.കെ.എസ്. ദാസ് പങ്കാളിത്തം വഹിക്കുന്നുണ്ട്. ആദ്യഘട്ടങ്ങളിലെ സാർവദേശീയമായും ദേശീയമായും വർഗസംഘാടനത്തിൽനിന്നും വ്യത്യസ്തമായി ഇന്ത്യൻ സമൂഹത്തിൽ ജാതിവ്യവസ്ഥയുടെ ഘടനാപരമായ പ്രാധാന്യം നക്സൽ സംഘടനകളും ഇതര പുരോഗമന പ്രസ്ഥാനങ്ങളും അംഗീകരിക്കുന്നതിൽ ദലിത് സമുദായങ്ങളിൽനിന്നും ഉയർന്നുവന്ന എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും പങ്കുണ്ട് എന്ന് വിലയിരുത്തിക്കൊണ്ട് ഒ.കെ. സന്തോഷ് ആദ്യം പറയുന്നത് വൈക്കത്ത് നടന്ന മനുസ്മൃതി കത്തിക്കൽ സമരത്തെപ്പറ്റിയാണ്.
1989 സെപ്റ്റംബർ ഒന്നിന് വൈക്കത്ത് ‘മനുസ്മൃതി ചുട്ടെരിക്കൽ’ എന്ന സമരം നടത്തിയത് 1988 ആഗസ്റ്റ് 8ന് രൂപവത്കരിച്ച അധഃസ്ഥിത നവോത്ഥാന മുന്നണി എന്ന സംഘടനയാണ്. അധഃസ്ഥിതരെയും സ്ത്രീകളെയും അടിച്ചമർത്തുന്ന സവർണ നീതിശാസ്ത്രം -മനുസ്മൃതി- ചുട്ടെരിക്കുന്നു എന്ന മുദ്രാവാക്യമുയർത്തി ഒരു മാസക്കാലം കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രചാരണജാഥ നടത്തിയിട്ടാണ് കെ.എം. സലിംകുമാർ കൺവീനറായിട്ടുള്ള അധഃസ്ഥിത നവോത്ഥാന മുന്നണി വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചത്. പ്രസ്തുത സമരത്തിൽ കെ.കെ.എസ്. ദാസിന് ഒരു പങ്കുമില്ലായിരുന്നു.
ദലിത് മേഖലയിൽ നടന്ന പ്രവർത്തനങ്ങളെയും സമരങ്ങളെയും വിലയിരുത്തുമ്പോഴും ഓർമിച്ചെടുക്കുമ്പോഴും ഒ.കെ. സന്തോഷിന്റെ വാക്കുകളിൽ പറയുന്നതുപോലെ സമുദായത്തിന്റെ വിമോചനത്തിനും വികാസത്തിനും സമയവും ഊർജവും ചെലവഴിച്ചവർ വഹിച്ച പങ്ക് ഉചിതമായി ഓർക്കേണ്ടതുണ്ട്. അതുപോലെ വസ്തുതാപരവുമായിരിക്കണം. ഭിന്നതകളും വ്യത്യസ്തകളും മനസ്സിലാക്കിയായിരിക്കണം ദലിത് മേഖലയിലെ പ്രവർത്തനങ്ങളെയും ഇടപെടലുകളെയും വിലയിരുത്താൻ.
മനുസ്മൃതി കത്തിക്കൽ സമരത്തിൽ ഒരു പ്രസംഗകനായോ കാഴ്ചക്കാരനായോപോലും ക്ഷണിക്കപ്പെടാത്തതും പങ്കെടുക്കാതിരുന്നതുമായ ഒരു വ്യക്തിത്വമാണ് കെ.കെ.എസ്. ദാസ് എന്നതാണ് യാഥാർഥ്യം. കെ.കെ. കൊച്ചിന്റെ ‘ദലിതൻ’ എന്ന ഗ്രന്ഥത്തിലെ പല ഭാഗങ്ങളും ഒ.കെ. സന്തോഷ് തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ടെങ്കിലും മനുസ്മൃതി കത്തിക്കൽ സമരത്തിൽ കെ.കെ.എസ്. ദാസിന്റെ പങ്കാളിത്തം ഒരിടത്തും പറയുന്നില്ല. കെ.കെ.എസ്. ദാസിന്റെ ഒരെഴുത്തിലും മനുസ്മൃതി കത്തിക്കൽ സമരത്തിൽ അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് പറയുന്നില്ല. പിന്നെ എങ്ങനെയാണ് കെ.കെ.എസ്. ദാസിന്റെ പങ്കാളിത്തം മനുസ്മൃതി കത്തിക്കൽ സമരത്തിൽ ഒ.കെ. സന്തോഷ് കണ്ടെത്തിയത് എന്നറിയില്ല.
സമ്പദ്ഘടനയിലെ അധികാര രൂപവും സാമൂഹിക പദവിയുമാണ് ജാതി. അതിന്റെ വ്യവസ്ഥാപിത നിലനിൽപാണ് ജാതിബദ്ധ സമ്പദ്ഘടനയുടെ നിലനിൽപ്. ജാതി നശീകരണമെന്നാൽ സമ്പദ്ഘടനയുടെ ഉടമാ ബന്ധങ്ങളുടെ ഉന്മൂലനമാണ് എന്ന് കെ.കെ.എസ്. ദാസിന്റെ ‘ദലിത് പ്രത്യയശാസ്ത്രം’ എന്ന ഗ്രന്ഥത്തിൽ പറയുന്നതായി ഒ.കെ. സന്തോഷ് ഉദ്ധരിക്കുന്നു.
സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന സാമൂഹിക സംഘടനാ രൂപമാണ് ജാതിവ്യവസ്ഥ. അതിന്റെ മർദനസംവിധാനങ്ങൾക്ക് എതിരായ സമരം അനിവാര്യമാണ് എന്ന വിലയിരുത്തലോടെയാണ് അധഃസ്ഥിത നവോത്ഥാന മുന്നണി രൂപവത്കരണവും പ്രവർത്തനങ്ങളും ആരംഭിച്ചത്. ഈ വ്യത്യസ്തതകൾ ഗവേഷകർ അടയാളപ്പെടുത്തേണ്ടതാണ്. അതിന്റെ തുടർച്ചയായിട്ടാണ് അധഃസ്ഥിതരെയും സ്ത്രീകളെയും അടിച്ചമർത്തുന്ന സവർണ മേധാവിത്വത്തിന്റെ നീതിശാസ്ത്രം മനുസ്മൃതി ചുട്ടെരിക്കൽ സമരം വൈക്കത്ത് പ്രതീകാത്മകമായി നടത്തിയത്. അതിന് കെ.കെ.എസ്. ദാസുമായി ഒരു ബന്ധവുമില്ല. മനുസ്മൃതി ചുട്ടെരിക്കുമ്പോൾ അതിനു സമാനമായ ഒരു സമരരൂപമായിട്ടാണ് വൈപ്പിനിൽ ആദിശങ്കരന്റെ കോലം കത്തിക്കാൻ കൊണ്ടുപോയത് എന്നതാണ് വസ്തുത.
(വിജയൻ കാണക്കാരി-അധഃസ്ഥിത നവോത്ഥാന മുന്നണി മുൻ സംസ്ഥാന സമിതിയംഗം)
ജീവിതം തുടിക്കുന്ന കഥ
അനുഭവങ്ങളിൽനിന്നും പരിസരങ്ങളിൽനിന്നും കണ്ടെടുക്കുമ്പോഴാണ് കഥ ഉള്ളിൽ തൊടുന്നത്. അങ്ങനെ ഉള്ളിൽ തൊട്ട കഥയാണ് ജിസ ജോസിന്റെ ‘അർഥശാസ്ത്രം’ (ലക്കം: 1371). രണ്ടു കൂട്ടുകാരികൾ ജീവിതസായാഹ്നത്തിൽ യാത്ര പോകുന്നതും അവരുടെ ജീവിതദുരിതങ്ങൾ നമ്മോടു പറയുന്നതുമാണ് കഥ. സത്യത്തിൽ പ്രായമായി വരുന്നവരോട് പുതു തലമുറ കാണിക്കുന്ന നന്ദികേടിനെക്കുറിച്ച് പറയാതെ പറയുന്നുണ്ട് കഥ. ഒരു വിരൽസ്പർശം, ഒരു പുഞ്ചിരി, പുറത്തേക്ക് കാറ്റും വെളിച്ചവും ആസ്വദിച്ചുള്ള ഒരു യാത്ര, ഇത്രയൊക്കെയേ അവരും ആഗ്രഹിക്കുന്നുള്ളൂ. അതവർ അർഹിക്കുന്നതല്ലേ? നമ്മുടെ തിരക്കുകൾക്കിടയിൽ നമുക്ക് നൽകാൻ കഴിയാത്തതിനെ ഓടിച്ചിട്ടു പിടിക്കുകയാണ് ശോശന്ന തന്റെ കൂട്ടുകാരിക്കു വേണ്ടി.
‘‘അത് ഇപ്പഴത്തെ പരിഷ്കാരമാടി. പെണ്ണുങ്ങളുടെ, അല്ല നമ്മളെപ്പോലെ വയസ്സായ പെണ്ണുങ്ങളുടെ ടൂറ്! ചെറുപ്പക്കാരത്തികള് കുളു മനാലിയോ കാശ്മീരോ അങ്ങിനെ ഏതാണ്ടൊക്കെയിടത്ത് പോകും. കാശൊള്ളോര് ജറുസലേമിലും...’’ പിന്നീടുള്ള ശോശന്നയുടെ സംസാരം ഈ തലമുറയുടെ മനോഭാവത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഈയടുത്തകാലത്ത് ഇതുപോലൊരു യാത്ര ഞാനും ഭാര്യയുമൊത്ത് പോയിരുന്നു. ഞങ്ങളെ കൂടാതെ ബസിലുണ്ടായിരുന്നവരിൽ മുക്കാൽ പങ്കും അമ്പതിനും എഴുപത്തിയഞ്ചിനും ഇടയിലുള്ളവർ. തികച്ചും ഗ്രാമീണരായവർ. തൊട്ടടുത്ത പട്ടണമായ കാഞ്ഞങ്ങാടേക്കു പോകാൻ പോലും പേടിയുള്ളവർ. മൂന്നു ദിവസം പകലും രാത്രിയും അവർ ശരിക്കും ജീവിക്കുകയായിരുന്നു. ഡാൻസ്, പാട്ട് തുടങ്ങി എന്തൊരെനർജിയായിരുന്നു അവരിൽ. ഇനിയും ഇത്തരം യാത്രകൾ വേണമെന്നു പറഞ്ഞാണ്, പെട്ടെന്ന് തീർന്നുപോയല്ലോയെന്ന് സങ്കടപ്പെട്ടാണ് അവർ പിരിഞ്ഞത്.
കഥയിലെ ശോശന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ അവൾ വീണുപോയ വലിയ ഗുഹയിൽനിന്നും കരകയറ്റാനുള്ള ശ്രമത്തിലാണ് ഈ യാത്രയിലേക്ക് എത്തിക്കുന്നത്. ജാതിക്കും മതത്തിനുമപ്പുറം സ്നേഹമെന്നത് മാത്രമാണ് സത്യം. അതിനുവേണ്ടി ശാന്തമ്മയുടെ നന്മ വറ്റാത്ത മകൾ മായയും ഒപ്പം നിൽക്കുന്നുണ്ട്. മായ ഉണ്ണിയപ്പം അനുജന്റെ അരികിൽ വെച്ച് പറയുന്ന കാര്യം വായിച്ചപ്പോൾ കണ്ണു നിറഞ്ഞുപോയി. ശാന്തമ്മയെ കരകയറ്റുന്ന ശോശന്ന; അവർ നേരിട്ട, നേരിടുന്ന പ്രശ്നങ്ങളിൽനിന്നും ഒരു കുതറിമാറൽ കൂടി ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ രണ്ടുതരത്തിൽ അവർ വിജയിക്കുന്നു. ഒത്തിരി സങ്കടപ്പെടുത്തിയെങ്കിലും അവസാനം വായനക്കാരന്റെ രസമുകുളങ്ങൾ തരിച്ചുണർത്തിയാണ് കഥ അവസാനിക്കുന്നത്.
(നാരായണൻ അമ്പലത്തറ)
ഉണ്ണികൃഷ്ണൻ കളീക്കലിന്റെ കഥ മഹത്തരം
ഉണ്ണികൃഷ്ണൻ കളീക്കലിന്റെ കഥ ‘കണ്ടൽപച്ചയുടെ പാലം’ (ലക്കം: 1371) മാനുഷിക സാമൂഹിക ബന്ധങ്ങളിലെ വിവിധതലങ്ങളെ ആവിഷ്കരിക്കുന്നു. കണ്ടൽക്കാടുകളുടെ ഗവേഷണത്തിനിടയിൽ അപകടത്തിൽപെട്ട് മരിക്കുന്ന ഇഗ്നേഷ്യസ് കോരയുടെ ഭാര്യക്ക് കായലോരത്തെ പച്ചത്തുരുത്തുകളിൽ താമസിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ ആശ്വാസമായി മാറുന്നു. അതോടൊപ്പംതന്നെ പ്രവാസജീവിതം നയിക്കുന്ന റീന എന്ന മകളോട് സമരസപ്പെടാൻ ശ്രമിച്ച് പരാജയം ഏറ്റുവാങ്ങുന്നു. മനുഷ്യബന്ധങ്ങളിലെ ഈ വൈരുധ്യത്തെ കണ്ടൽക്കാടുകൾക്കിടയിലെ പച്ചയായ മനുഷ്യജീവിതത്തിന്റെയും കണ്ടൽ ഗവേഷണത്തിന്റെയും പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു.
എന്നാൽ, ഇഗ്നേഷ്യസിനെപ്പറ്റി പുസ്തകമെഴുതാൻ തീരുമാനിച്ച മറിയ അപകടസ്ഥലം സന്ദർശിക്കുന്നിടത്താണ് കഥയുടെ ക്ലൈമാക്സ്. മറിയയുടെ മുൻകൂട്ടി ഉറപ്പിച്ച തീരുമാനങ്ങൾ അപ്രതീക്ഷിതവും അസാധാരണവുമായ ജീവിത കാമനകൾക്കു വഴിമാറുന്നു. ഇവിടെയാണ് ഉണ്ണികൃഷ്ണന്റെ കഥ മഹത്തരമാകുന്നത്.
(കൃഷ്ണകുമാർ കാരയ്ക്കാട്, ചെങ്ങന്നൂർ)
വാക്കുകളുടെ കനലാട്ടം
കവിതയെ ആത്മാർഥമായി സമീപിക്കുന്നൊരാൾക്കു മാത്രമേ ഇത്തരത്തിൽ കവിത എഴുതാൻ കഴിയുകയുള്ളൂ. സമീപകാലത്ത് വായിക്കപ്പെട്ട കവി ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ കവിതകൾ ഏറെ മികച്ചതാണ്. ‘ബേനിച്ചൊങ്കൻ’ (ലക്കം: 1367) ഒന്നോ രണ്ടോ തവണ വായിച്ചു തീർക്കേണ്ട കവിതയല്ല. വായനയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ സ്വയം അനുഭവിക്കുന്ന നീറ്റൽ പോലെ വരികളിൽനിന്ന് പൊള്ളലേൽക്കുന്നുണ്ട്. ബേനിച്ചൊങ്കൻ വാക്കുകളുടെ ഒരു കനലാട്ടംതന്നെ തീർക്കുന്നു. അഭിനന്ദനങ്ങൾ കവിക്ക്.
(ബാലകൃഷ്ണൻ പെരിയ- ഫേസ്ബുക്ക്)