എഴുത്തുകുത്ത്
പൂർത്തിയാകാത്ത ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമാകേണ്ടിയിരുന്ന ‘കാമുകി’യെ പരാമർശിച്ചുപോകുന്ന ‘സംഗീതയാത്ര’കളുടെ 99ാം അധ്യായത്തിൽ (ലക്കം:1368) ശ്രീകുമാരൻതമ്പി പറയുന്നു, ‘‘ആ പടം പൂർത്തിയായിരുന്നെങ്കിൽ പാട്ടുകളെ പറ്റി എഴുതാമായിരുന്നു.’’ യഥാർഥത്തിൽ പാട്ടുകളെക്കുറിച്ചെഴുതാൻ പടം ഇറങ്ങുന്നതെന്തിനാണ്? മലയാള സിനിമയുടെ സുവർണകാലത്ത് ഗ്രാമഫോൺ റെക്കോഡ് ആയും പിന്നീട് ഓഡിയോ കാസറ്റ് ആയും എത്രയോ പുറത്തിറങ്ങാത്ത ചിത്രങ്ങളിലെ പാട്ടുകൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്.
ആകാശവാണിപോലും റിലീസ് ആകാത്ത ചിത്രങ്ങളിലെ പല പാട്ടുകളും പ്രക്ഷേപണം ചെയ്യാറുമുണ്ട്. ഇവിടെ ലേഖകൻ സൂചിപ്പിക്കുന്നത് പോലെ ‘കാമുകി’യിൽ ആറ് പാട്ടുകൾ ഉണ്ടായിരുന്നില്ല. കാവ്യലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ ഏറ്റുമാനൂർ സോമദാസന്റെ തൂലികയിൽ പിറന്ന് പി.കെ. ശിവദാസ്, വി.കെ. ശശിധരൻ എന്നിവർ ചേർന്ന് ഈണമിട്ട നാല് പാട്ടുകളാണ് 1967ൽ ഗാനലേഖനം കഴിഞ്ഞിട്ടുണ്ടായിരുന്നത്. എസ്. ജാനകി പാടിയ ‘‘ഏഴരവെളുപ്പിനുണർന്നു ഞാൻ...’’ സി.ഒ. ആന്റോയുടെ ‘‘കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ...’’ യേശുദാസ് പാടിയ ‘‘വാടികൊഴിഞ്ഞു മധുമാസഭംഗികൾ...’’ യേശുദാസ് പാടിയ പാട്ടുകളിൽ പ്രഭ യേശുദാസിന് ഏറെ പ്രിയപ്പെട്ട ‘‘ജീവനിൽ ജീവന്റെ ജീവനിൽ...’’ എന്നിവയായിരുന്നു അവ.
ഇതിൽ യേശുദാസ് ആലപിച്ച രണ്ട് പാട്ടുകൾ ഒരു പതിറ്റാണ്ടിനുശേഷം അടൂരിന്റെ സമകാലികനായ ചലച്ചിത്രകാരൻ രാജീവ്നാഥ് തന്റെ ‘തീരങ്ങൾ’ എന്ന സിനിമക്കുവേണ്ടി ഉപയോഗപ്പെടുത്തിയത് നമ്മുടെ ചലച്ചിത്ര ചരിത്രത്തിലെ വിചിത്രമായ കാര്യമാണ്. പഴയ പാട്ടുകൾ റീമിക്സ് എന്ന പേരിൽ വികൃതമാക്കുന്ന പുതിയകാല സിനിമാലോകത്ത് പാതിവഴിയിൽ നിന്നുപോയ ചലച്ചിത്രങ്ങളിലെ പാട്ടുകൾ പുതിയ സിനിമക്ക് ഉപയോഗിക്കുന്നത് നല്ല പ്രവണതയാണെങ്കിലും ഗാനലേഖനം കഴിഞ്ഞ നൂറുകണക്കിന് പാട്ടുകൾ ഉള്ള സിനിമാലോകത്ത് ‘കാമുകി’യിലെ പാട്ടുകൾ ‘തീരങ്ങളിൽ’ ഉപയോഗിച്ചതുപോലെ കാര്യമായ തുടർച്ച ഉണ്ടായില്ല. 2000ത്തിനുശേഷം ഒന്നു രണ്ട് ചിത്രങ്ങളിൽ പരീക്ഷിച്ചുവെങ്കിലും.
(കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്)
കഥാപ്രസംഗ കലയെ പുനരുജ്ജീവിപ്പിക്കണം
അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്ത സാധാരണക്കാരനെപ്പോലും ലോകസാഹിത്യത്തിന്റെ അനിർവചനീയമായ അനുഭൂതികളിലേക്ക് കൈ പിടിച്ചു നടത്തിക്കൊണ്ടുപോയ കഥാപ്രസംഗ കലക്ക് നൂറു വയസ്സാവുന്ന വേളയിൽ സഖരിയ തങ്ങൾ നടത്തിയ പഠനം (ലക്കം: 1373) വേറിട്ട വായനാനുഭവമായി. സ്നേഹത്തിന്റെ മൈതാനങ്ങളിൽ, ഒരുമയുടെ ഓല ചീന്തിലിരുന്ന്, ഒരുകൂട്ടം മനുഷ്യർ വേലിക്കെട്ടുകളില്ലാതെ കഥകളുടെ ലോകത്തേക്ക് ഭാവനയുടെ അകമ്പടിയോടെ കടന്നുപോയ കാലം വർണനകൾക്കപ്പുറത്തുള്ള മനോഹരമായ ഒന്നത്രേ.
പ്രാരബ്ധങ്ങളെ പടികടത്താനുള്ള പെടാപ്പാടിനിടയിൽ മറ്റൊന്നും ചിന്തിക്കാൻ സമയം ലഭിക്കാതിരുന്ന മനുഷ്യരെ സഹജീവി സ്നേഹത്തിന്റെ കഥകൾ പറഞ്ഞുകൊടുത്തു കൂടുതൽ കൂടുതൽ ദയാവായ്പുള്ളവരാക്കി മാറ്റാൻ തക്ക വിധത്തിലുള്ള കഥകൾ പറഞ്ഞുകൊടുത്ത മഹത്തായൊരു കല അതിന്റെ നൂറാം വർഷത്തിലേക്കു കടക്കുമ്പോൾ ഒരു ലേഖനത്തിലൊതുങ്ങാതെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ സാംസ്കാരിക കേരളം മുന്നിട്ടിറങ്ങേണ്ടതായിട്ടുണ്ട്.
ചെറുതും വലുതുമായ സ്ക്രീനുകൾക്കിടയിൽ മുഖം കുടുങ്ങിപ്പോയ പുതിയ തലമുറയെ ഭാവനയുടെ ആകാശങ്ങളിലേക്ക് പറത്തിവിടാൻ കഥാപ്രസംഗംപോലെ മറ്റൊരു കലയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി ഒരു കാലഘട്ടത്തെ പുഷ്കലമാക്കിയ കഥപറച്ചിലിന്റെ മൈതാനങ്ങളെ പുന രുജ്ജീവിപ്പിക്കാൻ യോജിച്ച മുന്നേറ്റങ്ങൾ കൂടുതലായി ഉണ്ടാവേണ്ടതായിട്ടുണ്ട്.
(ഇസ്മായിൽ പതിയാരക്കര,ബഹ്റൈൻ)
സർക്കാർ ജനങ്ങളെയാണ് ഭയക്കേണ്ടത്
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ അലൻ മൂറിന്റെ ശ്രദ്ധേയമായ വാക്കുകളാണ്, ‘‘ജനങ്ങൾ സർക്കാറിനെയല്ല, സർക്കാർ ജനങ്ങളെയാണ് ഭയക്കേണ്ടത്’’ എന്നത്. എന്നാൽ, ജനങ്ങൾ സർക്കാറിനെ ഭയന്ന് ജീവിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ്ട കാലത്ത് നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫലം അലൻ മൂറിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിവെക്കുന്നതായി.
എക്സിറ്റ് പോൾ ഫലങ്ങൾക്ക് കീറക്കടലാസിെന്റ വില പോലും കിട്ടിയില്ല എന്നതാണ് വാസ്തവം. ഇക്കാലമത്രയും പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങളും അക്കാലങ്ങളിലെ യഥാർഥ തെരഞ്ഞെടുപ്പുഫലവും ഒത്തുപോകുമായിരുന്നുവെങ്കിൽ നമുക്ക് വിശ്വസിക്കാമായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ കേവലം സാധ്യതകൾ മാത്രമാണ്. ആ സാധ്യതകൾ നമുക്ക് ആർക്കും പറയാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം പ്രവചനങ്ങൾക്ക് വലിയ വിശാരദൻമാരുടെ ആവശ്യമൊന്നുമില്ല. എക്സിറ്റ് പോൾ ഫലങ്ങളുടെ പേരിൽ ഊറ്റംകൊള്ളുന്നവരെ എക്കാലവും നമുക്ക് വിളിക്കാവുന്ന ഒരു പേരുണ്ട്, ‘പമ്പര വിഡ്ഢികൾ’.
രാമക്ഷേത്രം പണിതും രാഷ്ട്രീയക്കാരൻ ശ്രീരാമനായി അഭിനയിച്ചും വോട്ടുനേടാമെന്നു കരുതിയെങ്കിൽ തെറ്റി. 1975ലെ അടിയന്തരാവസ്ഥക്കു മറുപടി കൊടുത്ത ഇന്ത്യൻ ജനത 2024ൽ പ്രതിപക്ഷം അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു വിശേഷിപ്പിച്ച സ്ഥിതിക്കും മറുപടി നൽകിയിരിക്കുന്നു. ജനാധിപത്യത്തിൽ ഏകാധിപത്യവും സ്വേച്ഛാധിപത്യവും തലകുത്തിവീഴുന്നതെങ്ങനെയെന്നും ജനം കണ്ടു. രാഹുൽ ഗാന്ധി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ഭൂരിപക്ഷം മൂന്നര ലക്ഷത്തിലേക്ക് ഉയർന്നത് ഭൂരിപക്ഷം അഞ്ചു ലക്ഷത്തിനു മേലെയാക്കാൻ കരുതിയിരുന്ന് ഒന്നര ലക്ഷത്തിലെത്തിയവരും, ‘പപ്പു’വിനോട് മത്സരിച്ച് തോറ്റു തുന്നംപാടിയവർക്കും നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്നുവെന്നുള്ളതും പരമാർഥം. പത്തു വർഷക്കാലം ജനാധിപത്യത്തിൽ ഏകാധിപത്യം കൊടികുത്തി വാഴുന്നതെങ്ങനെയെന്ന് ജനം കണ്ടു. ഭരണഘടന സ്ഥാപനങ്ങൾ ഓരോന്നിനെയും കാൽച്ചുവട്ടിലാക്കി റിപ്പബ്ലിക് എന്ന ആശയത്തെ തന്നെ ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമംതന്നെയായിരുന്നു നടത്തിവന്നത്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ എല്ലാവരെയും വരച്ചവരയിൽ നിർത്താൻ വെമ്പൽകൊള്ളുന്ന തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന വ്യക്തി വർഗീയതയുടെ കാളകൂട വിഷം തുപ്പിയിട്ടും ഒരു ചെറുവിരൽപോലും അനക്കാനാവാതെനിന്നതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലാണെന്നോർക്കണം. പിന്നീട് കണ്ടതോ, ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവണ്ണം പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമുണ്ടായിട്ടും അതിനു കാരണക്കാരനായ വ്യക്തിയെ കുറ്റക്കാരനായി കാണാതെ അദ്ദേഹത്തിന്റെ പാർട്ടിയുടെ അധ്യക്ഷനോട് വിശദീകരണം ചോദിച്ചിരിക്കുന്നു!
ഇനിയൊരഞ്ചു വർഷംകൂടി കാത്തിരിക്കേണ്ടി വന്നാലും ഫാഷിസ്റ്റ് ശക്തികളിൽനിന്ന് രാജ്യത്തെ തിരിച്ചുപിടിക്കുകയെന്നത് അസാധ്യമല്ലെന്നുകൂടി ഈ ജനവിധി തെളിയിച്ചിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ പുച്ഛത്തോടെ കണ്ട പല നേതാക്കളെയും തോൽവിയിറക്കാനും ജനങ്ങൾക്കു കഴിഞ്ഞു. ജനങ്ങളുടെ നിശ്ചയത്തിൽ ഏതു കണക്കുകൂട്ടലുകളും തെറ്റാമെന്ന പാഠം നല്ലതുപോലെ വെളിവായ തെരഞ്ഞെടുപ്പുകൂടിയായിരുന്നു 2024ലേത്.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ‘ജനം തന്നെ മറുപടി’ എന്ന ലക്കം 2024 പൊതു തെരഞ്ഞെടുപ്പ് ദേശീയഫലത്തിന്റെയും കേരളത്തിലെ തെരഞ്ഞെടുപ്പു ഫലത്തിന്റെയും സൂക്ഷ്മാവലോകനമായി. എൻ.ഡി.എ പ്രഭൃതികൾ പ്രതിപക്ഷ രഹിതമാക്കാൻ വെമ്പൽകൊണ്ട ഇന്ത്യയിൽ ശക്തമായ രീതിയിൽ പ്രതിപക്ഷം തിരിച്ചുവന്നതെങ്ങനെയെന്നും പ്രതിപക്ഷത്തിന്റെ ആവശ്യകത എന്തെന്നും ആമുഖത്തിൽതന്നെ പ്രതിപാദിക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പെടെ എൻ.ഡി.എ സഖ്യം ബഹുദൂരം പിന്നോട്ടുപോയതിന്റെ വ്യക്തമായ ചിത്രമാണ് ഫൈസൽ വൈത്തിരി ‘ഹിന്ദി ബെൽറ്റിൽ പതറി ഹിന്ദുത്വ’ എന്ന ലേഖനത്തിൽ അവതരിപ്പിക്കുന്നത്.
കോൺഗ്രസും സി.പി.എം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളും ദേശീയതലത്തിൽ ഇൻഡ്യ മുന്നണിയിൽനിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പതിനെട്ട് സീറ്റും തൂത്തുവാരിയത് ഭരണവിരുദ്ധ വികാരംതന്നെയെന്ന് നിസ്സംശയം പറയാം. എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന്റെയും ചിലയിടങ്ങളിൽ യു.ഡി.എഫ് കഷ്ടിച്ചാണ് കടന്നുകൂടിയതെങ്കിലും അവരുടെ ഗംഭീരവിജയത്തിന്റെയും ബി.ജെ.പി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്നതിന്റെയും കാരണങ്ങളും വരുംവരായ്കകളും അന്വേഷിക്കുന്ന വയലാർ ഗോപകുമാർ എഴുതിയ ‘കേരളത്തിൽ ഇനി കാര്യങ്ങൾ ഒട്ടും ലളിതമല്ല’ എന്ന ലേഖനം കേരളത്തിലെ തെരഞ്ഞെടുപ്പു ഫലത്തിന്റെ വസ്തുനിഷ്ഠ അവലോകനമായി.
മുതിർന്ന മാധ്യമപ്രവർത്തകൻ രാധാകൃഷ്ണൻ എം.ജി എഴുതിയ ‘ഇടതിനു മുന്നിലെ വഴികൾ’ എന്ന ലേഖനം എന്തുകൊണ്ട് ഇടതുപക്ഷത്തിന് ബഹുദൂരം പിന്നാക്കം പോകേണ്ടിവന്നുവെന്നും ഇടതിനു മുന്നിലെ വഴികൾ എന്തെന്നും വിശകലനംചെയ്യുന്നു. യു.ഡി.എഫിന്റെ പതിനെട്ട് സീറ്റിലെ വിജയത്തിൽ എം.പിമാർ എന്നനിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തന മികവുകൊണ്ട് മികച്ച വിജയം നേടാനായത് കേവലം നാലു പേർക്ക് മാത്രമാണെന്ന് ലേഖകൻ പറയുന്നത് നിഷ്പക്ഷമായി തന്നെ അനുഭവപ്പെടും.
ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാൻ ഇൻഡ്യ സഖ്യത്തിനു കിട്ടിയ അംഗസംഖ്യ അക്ഷരാർഥത്തിൽ യഥാർഥ വിജയംതന്നെയാണ്. ഫാഷിസ്റ്റ് പോരാട്ടത്തിൽ നേടിയെടുത്ത വിജയമാണത്. അംഗസംഖ്യയിൽ ദുർബലമായ പ്രതിപക്ഷത്തിനു പകരം ഒട്ടേറെ അംഗങ്ങളുടെ കരുത്തിൽ ആത്മവിശ്വാസമുള്ള പ്രതിപക്ഷമാണ് ഇക്കുറിയുള്ളത്. എന്നാൽ, ഇവിടെ ഓർക്കേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്, പ്രതിപക്ഷത്തിന്റെ വിജയം അവരുടെ ഐക്യത്തിലാണ് കുടികൊള്ളുന്നത്.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)