എഴുത്തുകുത്ത്
ആകാശവാണിയുടെ പങ്ക് വിസ്മരിക്കരുത്
നവോത്ഥാന കലയെന്ന് വിശേഷിപ്പിക്കാവുന്ന കഥാപ്രസംഗത്തിന് വയസ്സ് നൂറു തികയുന്ന സന്ദർഭത്തിൽ ആഴ്ചപ്പതിപ്പിൽ (ലക്കം: 1373) സഖരിയ തങ്ങൾ എഴുതിയ ‘നൂറ്റാണ്ട് തികയുന്ന കേരളത്തിന്റെ നവോത്ഥാന കല’ എന്ന ലേഖനം പഠനാർഹമായി.
ഉത്സവപ്പറമ്പുകളിലും പാർട്ടി പരിപാടികളിലും രാത്രികാലങ്ങളിൽ പായും തലയിണയുമായി പോയി കിടന്ന് കഥാപ്രസംഗമെന്ന കലയെ നെഞ്ചിലേറ്റിയത് ഒരു നനുത്ത ഓർമതന്നെയാണ്. എന്നാൽ, ഉത്സവപ്പറമ്പുകളേക്കാളും രാഷ്ട്രീയ വേദികളേക്കാളും കഥാപ്രസംഗ കലയെ ജനകീയമാക്കിയ ഒന്നാണ് ആകാശവാണി. കഥാപ്രസംഗ ചരിത്രം സവിസ്തരം പ്രതിപാദിച്ചുപോയ ലേഖനത്തിൽ ആകാശവാണിയുടെ പങ്കിനെക്കുറിച്ച് ഒന്നും പറയാതെ പോയത് ചൂണ്ടിക്കാണിക്കുക കൂടിയാണ് ഈ എഴുത്തിന്റെ ലക്ഷ്യം. കഥാപ്രസംഗത്തെ ജനകീയവത്കരിക്കുന്നതിൽ ഇത്രകണ്ട് പങ്കുവഹിച്ച ഒരു പ്രസ്ഥാനമോ സ്ഥാപനമോ വേറെയില്ല തന്നെ.
നൂറു വർഷത്തെ കഥാപ്രസംഗചരിത്രത്തിൽ കുറഞ്ഞത് അറുപതു വർഷത്തോളമായി കഥാപ്രസംഗമെന്ന കല ആകാശവാണിയിൽ ചടുലമായി നിലകൊള്ളുന്നു. മേൽപ്പറഞ്ഞ ഉത്സവപ്പറമ്പുകളിൽനിന്നും പാർട്ടി പരിപാടികളിൽനിന്നുമെല്ലാം കഥാപ്രസംഗം പടിയിറങ്ങിയ ഇക്കാലത്ത് ആഴ്ചയിൽ ഒരുദിവസം അര മണിക്കൂർ ദൈർഘ്യമുള്ള കഥാപ്രസംഗം ആകാശവാണി മുടങ്ങാതെ പ്രക്ഷേപണംചെയ്തുവരുന്നു.
വിശേഷ ദിവസങ്ങളിൽ ഒരാഴ്ചക്കാലം പഴയതും പുതിയതുമായ കഥാപ്രസംഗങ്ങളും പ്രക്ഷേപണം ചെയ്യാറുണ്ട്. ആകാശവാണിയിൽ മാത്രം കഥാപ്രസംഗം അവതരിപ്പിച്ച് ശ്രദ്ധേയരായ എത്രയോ കാഥികർ നമുക്കുണ്ട്. ഒരുപക്ഷേ ലേഖകൻ പുതിയ തലമുറയിലെ എഴുത്തുകാരനായതുകൊണ്ടാകാം ആകാശവാണിയെ പരിചയമില്ലാതെ പോയത്. കഴിഞ്ഞ 38 വർഷമായി ആകാശവാണി മുടങ്ങാതെ ശ്രവിച്ചുവരുന്ന ഒരാൾ എന്ന അനുഭവത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. കഥാപ്രസംഗത്തെ ജനസാമാന്യത്തിനു മുന്നിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ആകാശവാണി തന്നെ.
മലയാള കഥാപ്രസംഗത്തിന്റെ പിതാവ്, കേരളത്തിൽ കഥാപ്രസംഗത്തിന്റെ ആദ്യ വേദി, രണ്ടാമത്തെ വേദി, വിപ്ലവത്തിന്റെ കലയെന്ന കഥാപ്രസംഗത്തിന്റെ വിശേഷണം തുടങ്ങിയ കാര്യങ്ങൾ എല്ലാം ആദ്യമായി ലേഖനത്തിലൂടെ പരിചയപ്പെടുകയായിരുന്നു. ജയിലിൽ കഥാപ്രസംഗമവതരിപ്പിക്കാൻ ജയിൽ അധികാരികൾതന്നെ മുൻകൈയെടുത്ത് നടപടികൾ കൈക്കൊണ്ട കാര്യങ്ങൾ പ്രേത്യകമായി ചേർത്തതും വേറിട്ടൊരു വായനാനുഭവമായി.
കഥാപ്രസംഗ ചരിത്രത്തിൽ മാപ്പിള കഥാപ്രസംഗം ഒരു ഉപവിഭാഗം എന്നു പറഞ്ഞുകൊണ്ട് മാപ്പിളകഥ പറഞ്ഞ ഏതാനും കാഥികരുടെ പേരു പറഞ്ഞുപോകുന്നതു മാത്രമേയുള്ളൂ ലേഖനത്തിൽ. ആലപ്പുഴയിൽനിന്നുമെത്തി കേരളത്തിനകത്തും പുറത്തും നിരവധി വേദികൾ പിന്നിട്ട റംല ബീഗം, ആയിഷ ബീഗം, ആബിദ ബീഗം തുടങ്ങിയവരെല്ലാം മാപ്പിള കഥകൾക്കും ഇസ്ലാമിക ചരിത്രകഥകൾക്കും പുറമെ സാമൂഹിക സാംസ്കാരിക പ്രാധാന്യമുള്ള പല വിഷയങ്ങളും അവതരിപ്പിച്ച് കൈയടി നേടിയിട്ടുള്ളവരാണെന്ന കാര്യവും നാം വിസ്മരിച്ചുകൂടാ.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
രുക്മിണീചരിതം മികച്ചത്
ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘രുക്മിണീചരിതം’ (ലക്കം: 1373) കഥ ഈയടുത്തകാലത്തു വായിച്ചതിൽ മികച്ച ആസ്വാദനം നൽകിയ കഥയാണ്.
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്വരച്ചേർച്ചകളിൽ പക്ഷം ചേർന്നുപോകുന്ന ഭൈരവകുമാർ എന്ന മകന്റെയും ചരിതമാണ് രുക്മിണീചരിതം. ‘‘കുലസ്ത്രീകളായ അമ്മായിയമ്മമാരെപ്പോലെ രുക്മിണിയമ്മയും മൃദുലയെ ഇടച്ചങ്ങലയും കാരവടിയുമെടുത്തു മെരുക്കാൻ തുടങ്ങിയിരുന്നു’’ എന്നതിൽനിന്ന് അവരുടെ സ്വഭാവം ഏകദേശം അനാവരണംചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, ‘‘എവിടെപ്പോയാലും അമ്മ അവിടെ സ്നേഹംകൊണ്ടൊരു മേൽപ്പാലം പണിയുകവഴി ബന്ധുക്കളിൽ മകനും ഭാര്യക്കുമെതിരായൊരു സമരതന്ത്രപരമായ (strategical) നിലപാട് രൂപപ്പെടുത്തുകയും ചെയ്തെന്നു മനസ്സിലാക്കാം.
അതുകൊണ്ടാണല്ലോ അയാളെ ഇലക്കു മുന്നിലും ചിതക്കു മുന്നിലും കൂട്ടക്കാർ വെറുതെ വിടാഞ്ഞത്. കഴിയുന്നത്ര അയാളെ വിഷമിപ്പിക്കുന്ന തരത്തിൽ ഒരു മുട്ടൻവിറകെടുത്ത് നെഞ്ചിലിട്ടുകൊടുക്കുന്നതും! അന്യായമാകുമെന്നതിനാൽ കഥയെക്കുറിച്ച് കൂടുതൽ എഴുതുന്നില്ല... പക്ഷേ, ചിത്രങ്ങളെക്കുറിച്ച് പറയാതെ വയ്യ. എന്തൊരു മിഴിവുള്ള ചിത്രങ്ങൾ. വരികൾക്കൊപ്പം നിൽക്കുന്ന വരകൾ..! വായനയിൽ ഓരോ വരിയും ഇമേജറികളുടെ പ്രയോഗഭംഗിയാൽ ഏറെ മനോഹരമാക്കാൻ കഥാകാരൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ പ്രിയ കഥാകാരാ...
(ശ്രീനി നിലമ്പൂർ -ഫേസ് ബുക്ക്)
വിലമതിക്കാനാവാത്ത ആദരാഞ്ജലി
പ്രിയസഖിയെ അനുസ്മരിച്ചുകൊണ്ടുള്ള സെബാസ്റ്റ്യൻ പോളിന്റെ ‘അമൃതം നിൻ സ്മൃതി’, കടന്നുപോയ ജീവിതപങ്കാളിക്കു നൽകാവുന്ന വിലമതിക്കാനാവാത്ത ആദരാഞ്ജലി തന്നെ. ആഴ്ചപ്പതിപ്പിന്റെ നാലു പുറങ്ങളിലായി സംഗ്രഹിച്ചിരിക്കുന്ന, ജീവിതയാത്രയിലെ അവസാനഭാഗത്തെത്തുമ്പോഴേക്ക് കണ്ണീർ നിയന്ത്രിക്കാൻ കഴിയാത്ത നിലയിലായി. റഫീക്ക് അഹമ്മദിന്റെ വരികൾകൂടി ആയപ്പോൾ ചങ്കുപൊട്ടിപ്പോകുമെന്നു തോന്നി. പ്രിയതമയുടെ അസാന്നിധ്യത്തിന്റെ വിടവ്, കഴിഞ്ഞകാല ഓർമകൾ നികത്തട്ടെയെന്ന് പ്രാർഥിച്ചുകൊണ്ട്, പ്രിയപ്പെട്ടവരുടെയെല്ലാം ദുഃഖം ഞങ്ങളും പങ്കിടുന്നു; ഒരു മഴയും തോരാതിരുന്നിട്ടില്ല, ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല എന്ന ആശ്വാസഗീതത്തിൽ വിശ്വസിച്ചുകൊണ്ട്.
(ശാന്താ ജോൺ, പാപ്പനംകോട്)
രാഹുൽ രാധാകൃഷ്ണന്റെ ലേഖനം ശ്രദ്ധേയം
ഫ്രാൻസ് കാഫ്കയുടെ ചരമശതാബ്ദി വേളയിൽ രാഹുൽ രാധാകൃഷ്ണന്റെ ലേഖനം ‘കാഫ്ക പ്രവചിക്കുന്ന ലോകം’ (ലക്കം: 1371) ശ്രദ്ധേയമായി. മനുഷ്യന്റെ ആന്തരിക പീഡാനുഭവങ്ങളെ ലോകത്തിന്റെ തന്നെ വ്യഥയാക്കി മാറ്റിയ 20ാം നൂറ്റാണ്ടിന്റെ അസാധാരണ എഴുത്തുകാരനായാണ് കാഫ്ക ഇന്നും അറിയപ്പെടുന്നത്. അസാധാരണത്വം പുലർത്തുന്നതായിരുന്നു കാഫ്കയുടെ ഓരോ കൃതിയും.
ഭീകരത മുറ്റിനിൽക്കുന്ന ഭയാനകമായ ഒരു ലോകം അദ്ദേഹത്തിന്റെ കൃതികളുടെ പശ്ചാത്തലമായിരുന്നു. ഇതാകട്ടെ ആധുനിക തലമുറയുടെ സാഹിത്യ അവബോധത്തെ ഏറെ സ്വാധീനിച്ചിരുന്നതായും കാണാം. കാഫ്കയെപ്പോലെ സ്വാധീനം ചെലുത്തിയ മറ്റൊരു സാഹിത്യകാരൻ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യത്തിലും കാണാൻ കഴിയില്ല. കാഫ്കയുടെ ചിന്തകളും എഴുത്തുരീതികളും ആധുനിക മലയാള സാഹിത്യത്തിലും ഒട്ടേറെ സാഹിത്യകാരന്മാർ കഥകളിലൂടെയും കവിതകളിലൂടെയും സ്വാധീനപ്പെടുത്തിയിരുന്നതായി കാണാൻ ഏറെ പ്രയാസമില്ല.
(രാജൻ ബാലുശ്ശേരി)
കാഫ്കയുടെ സഞ്ചാരം വേറിട്ട അനുഭവം
നൂറു വർഷങ്ങൾക്കു ശേഷവും അക്ഷരങ്ങളിലൂടെ അനുവാചക മനസ്സുകളിൽ ഇടംനേടിയ അപൂർവം ചില എഴുത്തുകാരിലൊരാളായ ഫ്രാൻസ് കാഫ്കയുടെ ഓർമകളിലൂടെയുള്ള സഞ്ചാരം (ലക്കം: 1371) വേറിട്ട വായനാനുഭവമായി എന്നു പറയാതെ വയ്യ. വീടിനു ചുറ്റും സ്വാർഥതയുടെ മതിലുകൾ കെട്ടിയുയർത്തി ഒരുമണി വറ്റുപോലും അപരന് ഉപകാരം ലഭിക്കുന്ന തരത്തിൽ പുറത്തേക്കു തെറിച്ചുവീഴാതിരിക്കാൻ ജാഗരൂകമായി കാവൽ നിൽക്കുന്ന തരത്തിൽ സ്ക്രീനുകളിൽ മുഖം കുത്തി വീണുപോയ ഒരു തലമുറ കാഫ്ക നൂറ്റാണ്ട് മുമ്പേ പറഞ്ഞുവെച്ച മനുഷ്യരുടെ തനിയാവർത്തനമായി നമുക്ക് അനുഭവവേദ്യമാകും.
അധികാരത്തിന്റെ കൈവിലങ്ങുകളിൽ ജീവിതം ബലിയായി നൽകേണ്ടിവരുന്ന ഒരുപാട് നിരപരാധികളുടെ ഗദ്ഗദങ്ങൾ വിതുമ്പിനിൽക്കുന്ന ജയിൽ ചുവടുകൾ നമ്മെ പുച്ഛത്തോടെ നോക്കിനിൽക്കുന്ന വർത്തമാനകാലത്തെ ജോസഫ് കെ എന്ന കഥാപാത്രത്തിലൂടെ വർഷങ്ങൾക്കു മുമ്പേ പ്രവചനസ്വഭാവത്തിലൂടെ പറഞ്ഞുവെച്ച പ്രിയ എഴുത്തുകാരനെ ഓർമിച്ച ആഴ്ചപ്പതിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു.
(ഇസ്മായിൽ പതിയാരക്കര,ബഹ്റൈൻ)
പഠനത്തിൽ ഉൾപ്പെടാതെ പോയവർ ഇനിയുമുണ്ട്
ആഴ്ചപ്പതിപ്പിൽ (ലക്കം: 1373) സഖരിയ തങ്ങൾ എഴുതിയ ‘നൂറ്റാണ്ട് തികയുന്ന കേരളത്തിന്റെ നവോത്ഥാന കല’ എന്ന ലേഖനമാണ് ഈ കത്തിന് ആധാരം. ആദ്യകാല സിനിമാനടൻ കെ.കെ. അരൂർ, നടി പങ്കജവല്ലി, നാണുക്കുട്ടൻ, നിരവധി വേദികളിൽ കഥപറഞ്ഞ ചിങ്ങവനം സിസ്റ്റേഴ്സ്, എം.എ. അസീസ് എന്നിവരും മികവുറ്റ കഥാപ്രസംഗകരായിരുന്നു.
അന്തരിച്ച മാപ്പിളകവി സാമ്രാട്ടായ മോയിൻകുട്ടി വൈദ്യരുടെ തേനൂറും മാപ്പിളപ്പാട്ടുകൾ മലയാളികൾ തോളേറ്റിയത് എം.എ. അസീസിലൂടെയും ഐഷാ ബീഗത്തിലൂടെയുമായിരുന്നു. അമ്മായി ചുട്ട അപ്പത്തരങ്ങളെക്കുറിച്ചുള്ള റംലാ ബീഗത്തിന്റെ കഥാപ്രസംഗ ഗാനങ്ങൾ കലാസ്വാദകരുടെ മനം കുളിർപ്പിക്കുന്നതായിരുന്നു. അതുപോലെ ‘നബി ചരിതങ്ങളും’ ‘ബദർ യുദ്ധവും’ കഥാപ്രസംഗത്തിലൂടെ ഇവരാണ് ആദ്യമായി അവതരിപ്പിച്ചത്.
നൂറ്റാണ്ട് തികയുന്ന കേരളത്തിന്റെ നവോത്ഥാന കലക്ക് കെടാമംഗലം സദാനന്ദനും കെടാമംഗലം സദാശിവനും വി. സാംബശിവനും ചെയ്ത സംഭാവനകൾ ഒട്ടനവധിയാണ്.
‘‘ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി
...........................................................’’
കെ.സി. കേശവപിള്ളയുടെ ‘സദാരാമ’ നാടകത്തിലെ ഈ വരികൾ പാടി കെടാമംഗലം കേരളക്കരയിലൂടെ നൂറുകണക്കിന് വേദികളെ ആവേശത്തിലാറാടിച്ചു എന്നുള്ളതാണ് സത്യം.
മരായമുട്ടം ജോണിയുടെ ‘മാമ്പഴം’, ‘ഇനിയും പുഴ ഒഴുകും’, കെ.ബി. അജയകുമാറിന്റെ ‘ഹസ്തിനപുരി’ തുടങ്ങിയവ ആകാശവാണി നിലയങ്ങളിലൂടെയും ക്ഷേത്രസദസ്സുകളിലൂടെയും ആസ്വാദകരുടെ മനം കവർന്ന കഥാപ്രസംഗങ്ങളായിരുന്നു. ഡോ. സഖരിയ തങ്ങളുടെ ചരിത്രപഠനത്തിൽ ഉൾപ്പെടാതെ പോയവർ ഇനിയുമുണ്ട്. എം.എ. അസീസ്, ഇടക്കൊച്ചി രാമഗോപാലൻ, സുപ്രി അറക്കൽ, പങ്കജവല്ലി നാണുക്കുട്ടൻ, ചിങ്ങവനം സഹോദരികൾ... ആ പട്ടിക നീണ്ടതാണ്.
(തങ്കപ്പൻ കുണ്ടയിൽ, അരുക്കുറ്റി)
ഇതെന്തൊരു എഴുത്ത്?
കൊട്ടിയടക്കപ്പെട്ട മനസ്സിന്റെ വാതായനങ്ങള്‍ തുറക്കപ്പെടുന്നല്ലോ? സൗഹൃദത്തിന് ഇത്രയും ആഴമോ? സ്നേഹത്തെക്കുറിച്ച് ‘ബൈബിൾ’ നിർവചിക്കുന്നത് ഇങ്ങനെയാണ് –‘‘സ്നേഹം ദീര്‍ഘക്ഷമയും ദയയും ഉള്ളതാണ്. അത് അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാര്‍ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല. വിദ്വേഷം പുലര്‍ത്തുന്നില്ല. അനീതിയില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു.’’ ജിസ ജോസിന്റെ ‘അര്‍ഥശാസ്ത്രം’ (ലക്കം: 1371) ഇതിനേക്കാള്‍ നന്നായി സ്നേഹത്തെ നിര്‍വചിച്ച് എന്നെ കരയിപ്പിച്ചു. ശുദ്ധസംഗീതംപോലുള്ള സൗഹൃദത്തിന്റെ രാഗസ്പര്ശത്തിൽ കുതിർന്ന വരികള്‍ സുഭഗമായ ഈണം മീട്ടുന്നു.
അമ്പതു കൊല്ലം മുമ്പ് സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന രണ്ടു കൂട്ടുകാരികളുടെ ജീവിതമാണ് ജിസ ജോസ് കോറിയിട്ടിരിക്കുന്നത്. അതിലൂടെ ശാന്തമ്മയുടെയും ശോശന്നയുടെയും ജീവിതത്തിന്റെ ഓരോ സ്പന്ദനവും തോണ്ടിയെടുത്ത് പുറത്തേക്കിട്ടിരിക്കുന്നു. ശാന്തമ്മയുടെ സങ്കടങ്ങളെക്കുറിച്ച് ഒന്നും ചോദിച്ചറിയാതെ ഒരു കിലുക്കാംപെട്ടിപോലെ സ്വന്തം സുഖദുഃഖങ്ങളുടെ മാറാപ്പ് കുടഞ്ഞിട്ട് ശോശന്ന നിര്‍ത്താതെ സംസാരിക്കുമ്പോള്‍ അതിലെല്ലാമുണ്ട്. ആ ഓർമകള്‍ ശാന്തമ്മയെ ഉണര്‍ത്തുന്നു. ചിരി മറന്നുപോയ അവള് കൂട്ടുകാരിയുടെ ചിരിയില്‍ വിരല്‍തൊട്ട് നെറ്റിയില്‍ പൊട്ടിടുന്നു. ഇരുവരും വീണ്ടും എട്ടാം ക്ലാസ് വിദ്യാര്‍ഥികളാകുന്നു.
അപ്പോള്‍ അപ്പന് പഠിപ്പിച്ചുകൊടുത്ത ‘അർഥശാസ്ത്ര’ത്തിലെ ‘‘സഞ്ചരിക്കുന്നത് ഉറുമ്പാണെങ്കിലും 100 യോജന താണ്ടാന്‍ സാധിക്കും. എന്നാലോ ഗരുഡനാണെങ്കിലും സഞ്ചരിച്ചില്ലെങ്കില്‍ ഒരടിപോലും മുന്നോട്ടുനീങ്ങാന്‍ സാധിക്കുകയില്ല’’ എന്നൊക്കെയുള്ള മൊഴിമുത്തുകൾ ശോശന്ന കൂട്ടുകാരിക്ക് പറഞ്ഞുകൊടുക്കുന്നു. അങ്ങനെ കഥക്കൊരു മണിപ്രവാളത്തില്‍ എഴുതിയ കാവ്യത്തിന്റെ പരിവേഷം കൈവരുന്നു. അനന്യം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥ. കയറിക്കയറിവരുന്ന കടല്വെള്ളംപോലെ ഓർമകളില്‍ ദുഃഖത്തിന്റെ സൂക്ഷ്മകണങ്ങള്‍ ഒഴുകിയെത്തുന്നു. ലളിതവും സൗമ്യവും ദീപ്തവുമായ ഈ കഥ എന്നെ ആശ്ചര്യപ്പെടുത്തുന്നു. കഥാകാരിക്കും ആഴ്ചപ്പതിപ്പിനും സ്നേഹത്തിൽ കുതിർന്ന ഒരു കുടന്ന മുല്ലപ്പൂക്കള്‍ നല്കുന്നു.
(സണ്ണി ജോസഫ് മാള)