എഴുത്തുകുത്ത്
കോളനി ജീവിതത്തിന്റെ പകർപ്പുകൾ
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1375) വായിച്ചു. മുഹമ്മദ്കുട്ടി എളമ്പിലാക്കോട് എഴുതിയ ലേഖനവും ‘ചെറുമൻ’ എന്ന കവിതയും കോളനിജീവിതത്തിന്റെ എല്ലാ പകപ്പുകളും പറിച്ചിടുന്നവയായി. ഭൂമിക്കവകാശികളായ അരവയർ നിറയാ പട്ടിണിപ്പാവങ്ങളായ നിസ്വജനതയുടെ അരികുവത്കരിക്കപ്പെട്ടുപോയ എല്ലാ വിചാരങ്ങളുടെയും ഒന്നൊഴിയാതെയുള്ള രേഖപ്പെടുത്തലുകളായി. ഇത്തരം മനുഷ്യജീവിതങ്ങളെ കാണുമ്പോൾ ഇവരും മനുഷ്യരാണ്; കണ്ണ് മിഴിച്ചുനോക്കൂ എന്ന് അതിശക്തമായിത്തന്നെ അധികാര വർഗത്തോട് വിളിച്ചുപറയാൻ പ്രേരിപ്പിക്കുന്നു. ‘ചെറുമൻ’ എന്ന കവിത അതിശക്തവും തീവ്രവുമായി അനുഭവപ്പെട്ടു.
ആദിവാസിയെന്നും ദലിതനെന്നും മുദ്രകുത്തപ്പെട്ട് പോയവന്, ആര്യ ബ്രാഹ്മണനെന്ന് അവകാശം പറയുന്നവന്റെ അതേ ഉൾപ്പുളകത്തോടെ ഞാൻ ആദി ദ്രാവിഡ ചെറുമൻ എന്ന് അഭിമാനം പറയാൻ ഉൾക്കരുത്ത് പകരുന്നിടത്ത് ഈ കവിതയുടെ രാഷ്ട്രീയം ചർച്ചചെയ്യപ്പെടും. മുലക്കച്ച പറിച്ചെറിഞ്ഞവന്റെ മനസ്സിൽനിന്ന് ജാതി ഇന്നും തൂത്തെറിയപ്പെട്ടിട്ടില്ല. നായ്ച്ചൂര് തേച്ച് കളിക്കുന്ന കരുമാടിക്കൂട്ടത്തിന്റെ കരിങ്കണ്ണ് തട്ടാതിരിക്കാനെങ്കിലും ജാതിമതിലിനും മീതെ സ്ഥിതിസമത്വത്തിന്റെ പരസ്യമതിൽ മറ്റൊന്ന് പണിതുവെച്ചേക്കണം എന്ന് കവി/ ലേഖകൻ പറയുമ്പോൾ എത്ര വെടിപ്പാക്കിയിട്ടും കൂടുതൽ കൂടുതൽ മനസ്സുകൊണ്ട് കുടുസ്സായി ചെമ്മീനെപ്പോലെ കേരളത്തിലെ മനുഷ്യർ പരിമിതപ്പെട്ടു പോകുന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ്.
ആദിവാസിക്കും ദലിതനും വേണ്ടി ശബ്ദിക്കുന്ന കവിത എല്ലാ ആദിവാസി ഗോത്രകവികളും വായിക്കണം. പാഠപുസ്തകങ്ങളിലും സിലബസിലും കയറിപ്പറ്റാനും പ്രശസ്തിയുടെ അന്ധകാരം തലച്ചോറിനെ മത്തുപിടിപ്പിക്കുകയും ചെയ്യുമ്പോൾ പിടഞ്ഞുതീരുന്ന ദലിതനെ ഓർക്കാൻ, അവനെക്കുറിച്ച് വിളിച്ചുപറയാൻ ചിലരുണ്ടാകും എന്ന ബോധം ഉണ്ടാക്കുന്നത് നല്ലതായിരിക്കും. ആധുനിക തമ്പുരാക്കൻമാരുടെ ആഢ്യക്കട്ടിലുകൾ വ്യാമോഹിപ്പിക്കുമ്പോൾ നിങ്ങളൊക്കെ കടന്നുവന്ന വഴികളെ മറക്കാതിരിക്കട്ടെ. ‘ചെറുമൻ’ പോലുള്ള കവിതകൾ നിങ്ങൾക്ക് വെളിച്ചമേകട്ടെ.
(ബാലഗോപാലൻ കാഞ്ഞങ്ങാട്)
അലക്കിയാലും വെളുക്കാത്ത ജാതിമുണ്ട്
കാലിക ഇന്ത്യ നേരിടുന്ന ഏറ്റവും ഭയാനകമായ വെല്ലുവിളികളിൽ ഒന്നാണ് ജാതീയത. ലോക രാജ്യങ്ങൾ ഉറ്റുനോക്കിയ ജനാധിപത്യം, ബഹുസ്വരത, മാനവികത എല്ലാം ചരിത്ര താളുകളുടെ ലിപികളായി മാറിപ്പോകുന്ന രൂപത്തിൽ ഇങ്ങ് അടുത്തെത്തിയിരിക്കുന്നു. ‘അലക്കിയാലും അലക്കിയാലും വെളുക്കാത്ത ജാതിമുണ്ട്’ എന്ന മഹത്തായ ബിംബകൽപനയാണ് ആധുനിക കവികളിൽ ശ്രദ്ധേയയായ പി.എസ്. ബിന്ദുമോൾ എഴുതിയ ‘കുട്ടോത്ത് കുളം’ എന്ന കവിതയിൽ. വികാരവിചാര ഭാവനകളെ തുല്യതപ്പെടുത്തുമ്പോൾ മാത്രമാണ് ഉത്തമ സൃഷ്ടികൾ രൂപപ്പെടുന്നത്. അത് ചിരസ്ഥായിയാണ്. വികാരം മാത്രമാവുമ്പോൾ അത് നൈമിഷികമാണ്. വിചാരം കൂടിയാൽ കുട്ടികൃഷ്ണ മാരാർ പറഞ്ഞപോലെ കൊട്ടടക്കയാവും. ഭാവന മാത്രമായാൽ അത് ചിറകേറിപ്പോകും.
‘‘കുളം കുഴിക്കുമ്പോൾ കുറ്റി പൊരിക്കേണ്ട’’ എന്ന നാടൻചൊല്ല് ഏറെ അർഥവത്താണ്. ‘കുട്ടോത്തുകുളം’ എന്ന ബിന്ദുമോൾ പി.എസിന്റെ കവിതയുടെ ശീർഷകം മൂർത്ത ബിംബങ്ങളുടെ അമൂർത്ത യാത്രയാണ്. നാടോടി വിജ്ഞാനീയത്തിന്റെ കലവറയാണ് ഈ കവിത. ഗ്രാമീണ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ട് അടിവേരുകൾ തേടിയുള്ള യാത്രയിലാണ് കവി. folkloreൽ Folk നാടൻ ജനതയും lore വിജ്ഞാനവുമാണ്. ഫ്യൂഡൽ വ്യവസ്ഥയിൽനിന്ന് മുതലാളിത്തത്തിലേക്കു കടക്കുമ്പോൾ folk ജനത തൊഴിലാളി വർഗമായി മാറുന്നു. പരിണാമം ഉൾക്കൊള്ളുന്നു എന്നതാണ് folkloreന്റെ സവിശേഷത. അച്ഛനെക്കാൾ മകൻ വലുതാവരുതെന്ന പെരുന്തച്ചൻ സിദ്ധാന്തവും പൂക്കൾ വിരിച്ച രാജപാതയിൽനിന്ന് ബൗദ്ധികമായി ഉണർന്ന സിദ്ധാർഥൻ ബുദ്ധനായതും ദുഃഖമയമായ ലോകത്തിനു മുന്നിൽ അഷ്ട മാർഗങ്ങളോതിയ ചിന്തകളും അയവിറക്കുകയാണ്.
വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ പോയത് കേൾക്കാഞ്ഞിട്ടാവും എന്ന് സമാധാനിക്കുന്നു മാധവൻ മാഷ്. അദ്ദേഹം വെറും മാധവൻ മാഷല്ല, ജ്ഞാനിയാണ്, ഗുരുവാണ്. നിഷ്കളങ്കമായ ഗ്രാമത്തിലെ ഇരുട്ടിനെ അകറ്റി വെളിച്ചം (ഗു =ഇരുട്ട് +രു =ശത്രു. ഇരുട്ടിന്റെ ശത്രു, വെളിച്ചം) പകരുന്ന ആൾ. മനുഷ്യ കഥാപാത്രങ്ങളും മനുഷ്യേതര കഥാപാത്രങ്ങളാലും സമ്പന്നമാണ് കവിത.
കളരിയഭ്യാസ മുറകൾ രൂപപ്പെടുത്തിയ സംസ്കാരവും അതോടനുബന്ധിച്ചുള്ള അക്ഷരാഭ്യാസവും സാംസ്കാരികമായ അധഃപതനത്തിന് വിലങ്ങുതടിയാവുന്നു. മെയ്യഭ്യാസത്തോടൊപ്പം മാനവികതയും ഉൾച്ചേരുന്നു. പഴയ സോഷ്യൽ മീഡിയകളായ കുളക്കടവുകൾ എന്നിടത്തു വർത്തമാനത്തിനു നേരെ ആക്ഷേപ ഹാസ്യം ചൊരിയുന്നു കവി. വെള്ളിലയും കരിയും തേച്ചുമിനുക്കിയ ഓലപ്പുര മലബാറിന്റെ അഥവാ ഗ്രാമീണതയുടെ പച്ചയായ ആവിഷ്കാരമാണ്. നിത്യവും കണ്ടു പരിചയിച്ച കല്ലുകൊത്തുന്ന രാമേട്ടനും സ്കൂൾകുട്ടികളും മുസ്ലിയാരും കുളം നന്നാക്കുന്നവരും ഗ്രാമീണതയുടെ പ്രതീകങ്ങളാവുന്നു.
കുളം നവീകരണം കൂട്ടായ്മയുടെ ശക്തിയാണ്. വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അലക്കിയാലും വെളുക്കാത്ത ജാതിമുണ്ടെന്ന പ്രയോഗം. ബഹുസ്വരതയുടെ അഥവാ നാനാത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന ഇന്ത്യ എന്ന മഹത്തായ ആശയത്തെ ഇല്ലാതാകുന്ന അലക്കൽ. അത് മാനവസമുദായത്തെ വേലികെട്ടി തിരിക്കുന്നതാണെന്ന് ഉറക്കെ വിളിച്ചുപറയാൻ കവിതക്കു കഴിഞ്ഞു. ജാതിയും മതവും വർഗവും രാഷ്ട്രവും വിശ്വ മാനവനെന്ന മഹത്തായ ആശയത്തെ, ഏകലോക ആദർശത്തെ തകർക്കുമെന്ന് ഇവിടെ തിരിച്ചറിവ് നൽകുന്നു.
ഇവിടെ ശിവദാസേട്ടനും അഭിമന്യുവും മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകകളാവുന്നു. നല്ലൊരു നാളെയെ സ്വപ്നംകണ്ടു അനീതിക്കെതിരെ പോരാടി രക്തസാക്ഷികളായവരുടെ ജ്വലിക്കുന്ന ഓർമകൾ പുതുക്കുന്ന പ്രഭാതഭേരിയിൽനിന്നാണ് അവർ ഓടിവരുന്നത്. ഗ്രാമീണതയുടെ കൃത്യമായ വാങ്മയചിത്രമാണ് ബാലകൃഷ്ണേട്ടന്റെ ചായക്കട. ചായക്കടയും ബാർബർഷോപ്പുകളും ഗ്രാമത്തിന്റെ ചർച്ചാ കേന്ദ്രങ്ങളായിരുന്നു. ബാങ്ക് വിളി കാതോർക്കുന്ന മീസാൻ കല്ലുകൾ ബിംബങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളാണ്. ഞങ്ങളുടെ നാട്ടിലെ കുളമാണെന്ന് പറഞ്ഞു ലളിതമായി തുടങ്ങുന്ന കവിത ഒരു ജനതയുടെ സംസ്കാരത്തെയും അതിനു തടസ്സം നിൽക്കുന്ന അരുതായ്മകളെയും വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികളെയും അടയാളപ്പെടുത്തുന്നതിൽ അജയ്യമായിത്തീരുന്നു.
(ജമാലുദ്ദീൻ മലയിൽ)
രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ
അരുന്ധതി റോയ് ഏറ്റവും ഒടുവിൽ നേരിട്ട സർക്കാർ പ്രോസിക്യൂഷന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘തുടക്കം’ (ലക്കം: 1374) അടിവരയിട്ട് പറയുന്നത്, മോദി ഭരണത്തിൻ കീഴിൽ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്.
ലോകം അടയാളപ്പെടുത്തിയ ആക്ടിവിസ്റ്റാണ് അരുന്ധതി റോയ്. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അവർ ഇന്ത്യൻ ജനാധിപത്യത്തിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. സർവാധിപത്യസ്വഭാവമുള്ള ഒരു ഭരണകൂടത്തിെന്റ വാഴ്ചയിൽ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച്, ജനതയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച്, അനുസ്യൂതം നടക്കുന്ന പരിസ്ഥിതിഹത്യയെക്കുറിച്ച്, കോർപറേറ്റ് ഭീകരതകളെക്കുറിച്ച്, ഇന്നും അടിത്തട്ടിൽ കിടക്കുന്ന ദലിത് - ആദിവാസി വിഭാഗങ്ങൾ ഭരണകൂട പിന്തുണയോടെ അനുഭവിക്കുന്ന കൊടിയ യാതനകളെക്കുറിച്ച്, പശുവിന്റെ പേരിലും അല്ലാതെയും മത ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങളെക്കുറിച്ച് –എന്നുവേണ്ട, രാജ്യം ഇന്ന് പലവിധത്തിലും അഭിമുഖീകരിക്കുന്ന അപഭ്രംശങ്ങളെക്കുറിച്ച് നമ്മെ ജാഗരൂകരാക്കിക്കൊണ്ടിരിക്കുന്നു അരുന്ധതി റോയ്.
ഇന്ത്യൻ ജനാധിപത്യത്തിനുള്ളിൽ നടക്കുന്ന ഫാഷിസ്റ്റ് പ്രവണതകളെ ലോകത്തിനു മുമ്പിൽ അവർ നിർഭയം തുറന്നിടുകയും ചെയ്യുന്നു. ഇതിൽ ഭരണകൂടം അസ്വസ്ഥമാണ്. അതിനാൽതന്നെയാണ് ‘‘എന്തെങ്കിലും പറയുന്നതിനേക്കാൾ പ്രയാസമാണ് നിശ്ശബ്ദത പാലിക്കൽ’’ എന്ന് ഉറക്കെ പറയുന്ന അവർ ഭരണകൂട കണ്ണിലെ കരടായി മാറുന്നത്. ഭരണാധികാരികൾക്കെതിരെ ജനാധിപത്യ രീതിയിൽ സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരുമെല്ലാംതന്നെ റഡാറിൽ പിടിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്യുന്ന ദുരന്ത കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. ഭീമ കൊറേഗാവ് സംഭവം വലിയ ഒരു ഗൂഢാലോചനയുടെ പരിണിതഫലമാണ്. രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന നിരവധി അക്കാദമിക്കുകളും ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും അടക്കമുള്ളവർ വർഷങ്ങളായി വിചാരണ കൂടാതെ നമ്മുടെ ജയിലറക്കുള്ളില് കഴിയുന്നു.
ഇത്തരം ഭയപ്പെടുത്തലുകളിലൂടെ അപചയം സംഭവിക്കുന്നത് നമ്മുടെ ജനാധിപത്യ മൂല്യങ്ങൾക്കാണ്. ഹൈന്ദവ രാഷ്ട്രം കെട്ടിപ്പടുക്കണമെന്ന ആവേശത്തിൽ ഭരണകൂടം ജനങ്ങളെ മറക്കുന്നു. നാം കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യം ബലികഴിക്കപ്പെട്ടാൽ, നാം കെട്ടിപ്പടുത്ത ജനാധിപത്യ മൂല്യങ്ങൾക്ക് അപചയം സംഭവിച്ചാൽ, നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ രാഷ്ട്രത്തെത്തന്നെയാകും. ‘തുടക്ക’ത്തിൽ എഴുതിയത് പോലെ, ഫാഷിസം ഒരു വെല്ലുവിളിയാണെന്നും അതിനെ ധീരതയോടെ ചെറുത്തുനിൽക്കാത്തപക്ഷം ഒരു സർവനാശത്തിന്റെ വക്കിലേക്ക് രാജ്യം നടന്നുനീങ്ങുമെന്നും നാം മുൻകൂട്ടി കണ്ടറിയുക.
“പിങ്കി സൈക്കിൾ റിക്ഷയിൽനിന്നിറങ്ങി സ്കൂളിലേക്ക് നടന്നു. അപ്പോൾ തൊട്ടരികിൽ ഒരു വാൻ വന്നു നിന്നു. സർക്കാർ ആശുപത്രിയിലെ ശവവണ്ടിയായിരുന്നു അത്. മൃതദേഹങ്ങളെ മോർച്ചറിയിൽ കൊണ്ടുപോകാനും പോസ്റ്റ്മോർട്ടത്തിന് എടുക്കാനും ഉപയോഗിക്കുന്ന കറുത്ത വാൻ. അത് കണ്ടപ്പോൾ അവളുടെ ചങ്കിടിച്ചു. പിൻവശത്തെ വാനിന്റെ വാതിൽ തുറന്നപ്പോൾ മൂക്കുകയറിട്ട് പിടിച്ച കന്നുകാലികളെപ്പോലെ നാലഞ്ച് ഗ്രാമീണർ അതിൽനിന്നും പുറത്തേക്കു തെറിച്ചുവീണു.
അവരുടെ തലമുടിയിലും കുപ്പായത്തിലും വൈക്കോൽ തുണ്ടുകളും കരിമ്പ് ചെടിയിലെ കീടങ്ങളുമുണ്ടായിരുന്നു. അവരുടെ പിറകെ വാനിൽ നിന്നിറങ്ങിയ സ്കൂൾ ജീവനക്കാർ, കുതറിമാറി ഓടാൻ ശ്രമിച്ച ഗ്രാമീണരെ ബലമായി കീഴ്പ്പെടുത്തി സ്കൂളിന്റെ ഒരു വശത്ത് കെട്ടിയുയർത്തിയ ടെന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി” -എം. മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ എന്ന നോവലിൽനിന്നാണ് അടിയന്തരാവസ്ഥയുടെ ഭീകരമുഖം വെളിവാക്കുന്ന മേൽ സൂചിപ്പിച്ച വരികൾ അടർത്തി എഴുതിയത്.
അടിയന്തരാവസ്ഥ കാലം ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക ജനാധിപത്യത്തിൽ കരിനിഴൽ വീഴ്ത്തിയ കാലമായിരുന്നു. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടനയിൽതന്നെ വ്യവസ്ഥചെയ്യുന്ന ‘state of exception’ എന്ന അധികാരമാണ് ഭരണഘടനയെ താൽക്കാലികമായി അനിശ്ചിതാവസ്ഥയിലാക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും മരവിപ്പിച്ചെങ്കിലും അത് അതാര്യവും പരോക്ഷവുമാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ ഇല്ലാതാക്കിയ ഇന്ദിര ഗാന്ധി, മറുവശത്ത് 1976ലെ 42ാം ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെ ഒരു മതേതരരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നത് സുചിന്തിതമാണ്. ഭരണകൂട നിയന്ത്രണം ഉദ്യോഗസ്ഥരിലും പൊലീസിലും നിക്ഷിപ്തമാക്കിയെങ്കിലും ഭരണകൂട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ അധിനിവേശം നടത്താൻ മത-വർഗീയ ശക്തികളെ അനുവദിച്ചില്ല. ജനകീയ സാധൂകരണം ഇല്ലാത്ത അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാപരമായ തീരുമാനപ്രകാരമുള്ള പ്രഖ്യാപനമായിരുന്നു.
പ്രമുഖരുടെ എഴുത്തുകളാൽ സമ്പന്നമായ ആഴ്ചപ്പതിപ്പിന്റെ ‘അടിയന്തരാവസ്ഥ സ്പെഷൽ പതിപ്പ് ’ എന്തുകൊണ്ടും വിലപ്പെട്ട ഒരു രേഖയാണെന്ന് പറയാതെ വയ്യ.
(പി.ടി. വേലായുധൻ, ഇരിങ്ങത്ത്, പയ്യോളി)