എഴുത്തുകുത്ത്
കോളനി ദുരിതം പേരുമാറ്റംകൊണ്ട് പരിഹരിക്കാനാവുമോ?
‘ജാതിക്കോളനികളിലെ ജീവിതം’ (തുടക്കം), അജിത് എം. പച്ചനാടൻ എഴുതിയ ‘സചിവോത്തമപുരത്തിന്റെ യാഥാർഥ്യങ്ങൾ’, മുഹമ്മദ്കുട്ടി എളമ്പിലാക്കോട് എഴുതിയ ‘നിലമ്പൂരിലെ കോളനികളിൽ തീരാദുരിതം ഉരുൾപൊട്ടുന്നു’ (ലക്കം: 1375) എന്നിവയോടുള്ള പ്രതികരണമാണിത്.
നൂറ്റാണ്ടുകളായി മണ്ണിൽ വിയർപ്പൊഴുക്കി, കേരള ജനതയെ തീറ്റിപ്പോറ്റി ഇന്ന് നാം അഭിമാനപുരസ്സരം പറയുന്ന നവകേരളം സൃഷ്ടിച്ചതിൽ മുഖ്യപങ്കുവഹിച്ച ദലിത്/ ആദിവാസി വിഭാഗങ്ങൾക്ക് കേരള സർക്കാർ പതിച്ചുനൽകിയ ഏകദേശം 33,000 വരുന്ന കോളനികൾ, ഊരുകൾ എന്നിവയുടെ പേരിൽ ഗുണം കുറഞ്ഞുപോയി എന്ന ‘വലിയ യാഥാർഥ്യം’ കണ്ടെത്തി ഇനിമുതൽ അവ സുഭഗതയാർന്ന, ഐശ്വര്യമാർന്ന പേരുകളായ ‘പ്രകൃതി’, ‘ഉന്നതി‘, ‘നഗർ’ എന്നീ പേരുകളിൽ മാത്രമേ വിളിക്കപ്പെടാവൂ എന്ന ‘ചരിത്രപരമായ’, ‘വിപ്ലവകരമായ’ ഉത്തരവിറക്കിക്കൊണ്ടാണല്ലോ മുൻ പട്ടികവിഭാഗ മന്ത്രി കെ. രാധാകൃഷ്ണൻ പടിയിറങ്ങി ഡൽഹിയിലേക്ക് യാത്രതിരിച്ചത്. പുതുതായി നിർദേശിക്കപ്പെട്ട ഈ പേരുകളുടെ സാംഗത്യം യാഥാർഥ്യബോധത്തോടെ ഒന്ന് പരിശോധിക്കുന്നത് ഈ അവസരത്തിൽ ഉചിതമാണെന്ന് തോന്നുന്നു.
‘പ്രകൃതി’ എന്നത് വിശ്വജനീനമായ (universal), വിശാലമായ അർഥം ഉൾക്കൊള്ളുന്ന പദമാണ്. പട്ടികവിഭാഗങ്ങളോടുമാത്രം ചേർത്തുവെക്കേണ്ട ഒരു പദമല്ല അത്. പിന്നെ ‘നഗർ’. കേരളത്തിലെ പട്ടികവിഭാഗ കോളനികൾ വിന്യസിക്കപ്പെട്ടിരിക്കുന്നത് നഗരങ്ങളിലല്ല മറിച്ച് ഗ്രാമങ്ങളിലെ പുറമ്പോക്കുകളിലാണ്. അതിനാൽ ‘നഗർ’ എന്ന പേരും ‘കോളനി’ എന്ന പേരിനു പകരംവെക്കാവുന്ന ഒന്നല്ല. കോളനികളുടെ കിടപ്പനുസരിച്ച് കുറച്ചെങ്കിലും ഇവക്ക് ചേരുക ‘ഉന്നതി’ എന്ന പേരാണ്. കാരണം, ഭൂമിശാസ്ത്രപരമായി ഈ കോളനികൾ കിടക്കുന്നത് ഒന്നുകിൽ അത്യുന്നതിയില് കിടക്കുന്ന മലകളിലോ കുന്നുകളിലോ, അല്ലെങ്കിൽ നിമ്നപ്രദേശങ്ങളായ വയലോരങ്ങളിലോ അവയുമായി പങ്കിടുന്ന പ്രദേശങ്ങളിലോ ആണ്. ആയതിനാൽ ഈ പേര് പരിഗണിക്കാം.
ഊരും പേരുമായി ഒരു ബന്ധവുമില്ലാത്തതിനാൽ, ഈ പേരുമാറ്റത്തിൽ ഒരു പുനർവിചിന്തനത്തിന് പട്ടികവിഭാഗ വകുപ്പുകൾ തയാറാകണം. സാമൂഹികമായും സാമ്പത്തികമായും പതിറ്റാണ്ടുകളായി ഈ കോളനികളുടെ പതിതാവസ്ഥയും വസിക്കുന്ന ജനങ്ങളുടെ നിസ്സഹായാവസ്ഥയും ദൈന്യതയും നാം തിരിച്ചറിഞ്ഞതിന്റെ അനുഭവത്തിൽനിന്ന് സത്യസന്ധമായി പറഞ്ഞാൽ, സർക്കാർ ഇവക്ക് നൽകേണ്ട പേർ ‘നരകം’ എന്നാണ്.
കോളനി എന്ന പേർ അടിമത്തത്തെ സൂചിപ്പിക്കുന്നുവെന്നും അവിടങ്ങളിൽ താമസിക്കുന്നവർക്ക് അപകർഷബോധം (inferiority complex) സൃഷ്ടിക്കുന്നുവെന്നും കൂടി മുൻമന്ത്രി രാധാകൃഷ്ണൻ പറയുകയുണ്ടായി. എന്നാൽ, കേരളത്തിന്റെ ഏറ്റവും അവികസിതമായ പ്രദേശങ്ങളിൽ കിടക്കുന്ന ഈ കോളനികളിലെ നരക ജീവിതം അവിടങ്ങളിൽ ജീവിക്കുന്നവരുടെ മേൽ മാനസികമായും ശാരീരികമായും എത്രമാത്രം മുറിവുകൾ ഏൽപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞില്ല. ഇതൊരുതരം കപടതയാണ്. ഓരോ വിപ്ലവവും മറ്റൊരു വിപ്ലവത്തിന്റെ ഫലമാണെന്നും അത് മറ്റൊരു വിപ്ലവത്തിന് തുടക്കമാകാൻ കാരണമാകുന്നുവെന്നും എവിടെയോ വായിച്ചതായി ഓർക്കുന്നു. മന്ത്രി രാധാകൃഷ്ണൻ പടിയിറങ്ങുമ്പോൾ പറഞ്ഞുവെച്ച ഈ പേരുമാറ്റത്തിൽ എന്ത് വിപ്ലവമാണ് അടങ്ങിയിരിക്കുന്നതെന്ന് ചിന്തിക്കുകയാണ് ജനം ഇപ്പോൾ.
വിപ്ലവകരമായ പലതരം മാറ്റങ്ങൾക്കും കഴിഞ്ഞകാലത്ത് കേരളം സാക്ഷ്യം വഹിച്ചെങ്കിലും കോടികൾ ഒഴുക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പട്ടികജാതി-വർഗ വികസന പദ്ധതികൾകൊണ്ട് ഈ വിഭാഗങ്ങൾക്ക് കാര്യമായ ഗുണം ലഭിക്കുന്നില്ല. ഭരണകർത്താക്കളുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും അനാസ്ഥയും കെടുകാര്യസ്ഥതയും ആത്മാർഥതയില്ലായ്മയും കാരണമാണ് ഇത് സംഭവിക്കുന്നത്. ഒപ്പം അഴിമതിയും. ‘കില’ നടത്തിയ ഒരു പഠനറിപ്പോർട്ട് വെളിവാക്കുന്നത്, കേരളത്തിലെ മൊത്തം പട്ടികവിഭാഗ ജനസംഖ്യയിൽ പകുതിയും താമസിക്കുന്നത് കോളനികളിലാണെന്നാണ്.
ഇന്നു കാണുന്ന കോളനികളൊക്കെ, കുടികിടപ്പായും മിച്ചഭൂമിയായും കിട്ടിയതും, റവന്യൂ പുറമ്പോക്ക് കൂടാതെ, തദ്ദേശസ്ഥാപനങ്ങൾ നൽകിയതും പട്ടിക വിഭാഗ വകുപ്പുകൾ നൽകിയതും പട്ടികജാതി-വർഗ വികസന കോർപറേഷന്റെ വായ്പ പദ്ധതിയിലൂടെ വാങ്ങിയതുമായ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ഏകദേശം രണ്ടരലക്ഷം ആളുകളാണ് കേരളത്തിലെ കോളനികളിലെ ഒറ്റമുറി വീടുകളിൽ താമസിക്കുന്നത്.
ഈ കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ തുലോം പരിമിതമാണ് എന്നതാണ് സത്യം. കുടിവെള്ളം, വൈദ്യുതി, റോഡുകൾ എന്നിവയുടെ അഭാവം ഇവിടത്തെ ജീവിതം നരകതുല്യമാക്കുന്നു. തെരഞ്ഞെടുപ്പുകൾക്കു മുമ്പ് രാഷ്ട്രീയ പാർട്ടികൾ കോളനികളിലേക്ക് ഭവ്യതയോടെ കടന്നുവരുകയും അവിടത്തെ ദൈന്യാവസ്ഥകളെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുകയും വോട്ടിനുവേണ്ടി യാചിക്കുകയും വോട്ട് തങ്ങളുടെ പാർട്ടിക്ക് അനുകൂലമായി കൊയ്തെടുക്കുകയുംചെയ്യുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം അവർ ആ വഴിക്ക് തിരിഞ്ഞുനോക്കാറില്ല.
മാർക്സിയൻ സിദ്ധാന്തം അനുസരിച്ച് തൊഴിലാളി വർഗവും മുതലാളികളും തമ്മിലുള്ള സമരമാണ് ലോകത്തു നടക്കേണ്ടത്. എന്നാൽ, ഇന്ത്യയിൽ ജാതികൾ തമ്മിലാണ് സമരം നടക്കുന്നത്. കേരളത്തിൽ വർഗസമരം നടക്കുന്നതാവട്ടെ, നമ്മുടെ വിപ്ലവ സർക്കാർ നൽകിയ മൂന്ന് സെന്റ് മുതൽ 10 സെന്റ് വരെയുള്ള കുടികിടപ്പിനുള്ളിലും! കോളനികളിൽ കഴിയുന്ന ദലിതരുടെയും ആദിവാസികളുടെയും മൃതദേഹങ്ങൾ അടുക്കള മാന്തി മറവുചെയ്യുന്നത് ഇപ്പോൾ നമ്മെസംബന്ധിച്ചിടത്തോളം ഒരു വാർത്തയേ അല്ലാതായിരിക്കുന്നു.
ഭരണഘടനയുടെ 24ാം വകുപ്പ് പ്രകാരം നിരോധിച്ച ബാലവേല കേരളത്തിൽ ഇന്നും നിലനിൽക്കുന്നു എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? നിലമ്പൂരിനടുത്തുള്ള കക്കാടംപൊയിൽ, ചാലിയാർ ഊർങ്ങാട്ടിരി, കൂടരഞ്ഞി, തിരുവമ്പാടി എന്നിവിടങ്ങളിലാണ് നാടിനെ ലജ്ജിപ്പിച്ചുകൊണ്ട് ആദിവാസി കുട്ടികൾക്കിടയിൽ ബാലവേല നിലനിൽക്കുന്നത്. എട്ടു മുതൽ 15 വയസ്സുവരെ പ്രായമായ കുട്ടികളാണ് ഇത്തരത്തിൽ നിസ്സാര കൂലിക്കായി തോട്ടങ്ങളിൽ പണിക്ക് നിയോഗിക്കപ്പെടുന്നത്.
ഈ ബാല്യങ്ങൾ എട്ടു വയസ്സു മുതൽ മദ്യത്തിനടിമപ്പെട്ട് ജീവിതം ഹോമിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു എന്ന ക്രൂരസത്യം നാം കണ്ടറിയുന്നില്ല. സർക്കാർ സ്പോൺസേഡ് പരിപാടിയായ കേരളീയത്തിൽ ആദിവാസികളുടെ മുഖത്ത് ചായമടിച്ച് പ്രദർശന വസ്തുക്കളാക്കിയത് ഈയടുത്താണ്. ഇതിനെതിരെ വമ്പൻ പ്രതിഷേധമാണ് അന്ന് കെ. രാധാകൃഷ്ണൻ നടത്തിയത്. ജലവിഭവ വകുപ്പിൽ ചീഫ് എൻജിനീയർ തസ്തികയിൽ എസ്.ടി വിഭാഗത്തിൽപെട്ട യോഗ്യരായ മൂന്നു പേർക്ക് പ്രമോഷൻ നൽകണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ വിധിക്കെതിരെ സർക്കാർ ഹൈകോടതിയിൽ പോയതും ഈയിടെയാണ്. പട്ടികവർഗക്കാർ സംവരണത്തിലൂടെ വന്നവരാണെന്നും ഈ പോസ്റ്റിലിരിക്കാനുള്ള യോഗ്യത അവർക്കില്ല എന്നുമാണ് വകുപ്പ് മന്ത്രി ഇക്കാര്യത്തെ സൂചിപ്പിച്ചു പറഞ്ഞത്. എന്തൊരു നാണംകെട്ട പ്രസ്താവനയാണിത്!
ഇന്റർനെറ്റ് അവകാശം അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. എന്നാൽ, 12 ജില്ലകളിലായി കിടക്കുന്ന 189 ആദിവാസി ഊരുകളിൽ ഇപ്പോഴും ഇന്റർനെറ്റ് കണക്ഷനില്ല എന്നത് ആരെയും ഞെട്ടിക്കുന്ന ഒരു വാർത്തയേയല്ല. ഈ ദുരവസ്ഥയിലൂടെ അയ്യായിരത്തിലധികം ആദിവാസി കുട്ടികളുടെ പഠനമാണ് ഇപ്പോൾ മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനം ഇടുക്കി ജില്ലക്കും (2011 കുട്ടികൾ) രണ്ടാം സ്ഥാനം കണ്ണൂർ ജില്ലക്കുമാണ് (1140 കുട്ടികൾ). വിദ്യാഭ്യാസം പൗരന്റെ മൗലിക അവകാശമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടന ശക്തമായി നിലനിൽക്കുന്ന അവസരത്തിലാണ് ആദിവാസിക്കുട്ടികളോടു കാണിക്കുന്ന ഇത്തരത്തിലുള്ള ഇരട്ടനീതി എന്നു നാം തിരിച്ചറിയുക. നമ്മുടെ ധാർമികതയും നൈതികതയും എവിടെപ്പോയി?
(പി.ടി. വേലായുധൻ,ഇരിങ്ങത്ത്, പയ്യോളി)
ഭാവുകങ്ങൾ നേരുന്നു
വർഗീയ ശക്തികൾക്കെതിരെ വീര്യം ചോരാത്ത വരികൾകൊണ്ടും തീയുണ്ടപോലുള്ള വാക്കുകൾകൊണ്ടും സാംസ്കാരിക സമരമുഖം തീർത്ത കുരീപ്പുഴ ശ്രീകുമാർ എന്ന നിവർന്നു തന്നെ നിലകൊള്ളുന്ന നട്ടെല്ലുള്ള കവിയുമായുള്ള സംഭാഷണം (ലക്കം: 1378) മികച്ച ഒരു വായനാനുഭവമായി എന്നു പറയാതെ വയ്യ. സ്വാർഥതയും ഭീരുത്വവും കൂടപ്പിറപ്പായ വലിയൊരു വിഭാഗം കവികൾക്കിടയിൽ നിലപാടുകൾകൊണ്ട് വ്യത്യസ്തനായി നിലകൊണ്ട പ്രിയ കവിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
(ഇസ്മായിൽ പതിയാരക്കര, ബഹ്റൈൻ)
കോൺഗ്രസ് സഖ്യത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് അതിജീവനം സാധ്യമാകൂ
പ്രഫ. ബി. രാജീവൻ, രാജേഷ് കെ. എരുമേലി, രാജീവ് എന്നിവരുമായി മോദി ഭരണകൂടത്തെക്കുറിച്ചും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശോഷണാവസ്ഥയെക്കുറിച്ചും നടത്തിയ സംഭാഷണം യഥാർഥ വസ്തുതകൾ മനസ്സിലാക്കാനാഗ്രഹിക്കുന്നവർക്ക് ലഭ്യമായ ഒരു ബോധവത്കരണ ക്ലാസായി പരിഗണിക്കാം (ലക്കം : 1377). 2014 മുതൽ കഴിഞ്ഞ പത്തു വർഷം തുടർച്ചയായി ഇന്ത്യ ഭരിച്ച നരേന്ദ്ര മോദി സർക്കാറിന്റെ ജനാധിപത്യ കീഴ്വഴക്കങ്ങളെയും മര്യാദകളെയും ക്രമാനുഗതമായി അട്ടിമറിച്ച്, ഇവിടെ ഒരു ഹിന്ദുത്വാധിഷ്ഠിത സർവാധിപത്യ ഭരണക്രമം സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളെയാണ് 18ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾ പ്രതിരോധിച്ചത്. ആരോടും ഒരുതരത്തിലുള്ള വിവേചനമോ പക്ഷപാതമോ പാടില്ല. എന്നാൽ, മോദിഭരണത്തിൽ ഈ പ്രതിജ്ഞ പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, നഗ്നമായി ലംഘിക്കപ്പെടുകയാണുണ്ടായത്.
കേരളത്തിലാദ്യമായി ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചത് ചരിത്രമാണ്. കഴിഞ്ഞ വർഷം എം.പി. ജോസഫ് ഐ.എ.എസ് എഴുതി ഒലിവ് ബുക്സ് പ്രസിദ്ധപ്പെടുത്തിയ ‘തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ പറയുമ്പോൾ’ എന്ന പുസ്തകത്തിലെ പ്രസക്തമായൊരു കാര്യം സ്മരണീയമാണ്. മാർക്സിസ്റ്റ് പാർട്ടി തകർന്നാൽ അവരുടെ അണികൾ ബി.ജെ.പിയിലേക്ക് ഒഴുകുമെന്ന് ആശങ്കപ്പെടുന്ന മുസ്ലിംകളെ ആ പുസ്തകത്തിൽ നാം കണ്ടുമുട്ടും. ന്യൂനപക്ഷങ്ങളിൽ സ്വാധീനമുള്ളത് കോൺഗ്രസിനായതുകൊണ്ട് സി.പി.എമ്മിലെ അണികൾ ഒഴുകുന്നത് ബി.ജെ.പിയിലേക്കായിരിക്കുമെന്ന് പുസ്തകം പറയുന്നു. അതിന്റെ സൂചന കേരളത്തിൽ കണ്ടു. പ്രഫ. ബി. രാജീവന്റെ സംസാരത്തിൽനിന്നും ഒരു കാര്യം ഉറപ്പിക്കാം. കോൺഗ്രസുമായി സഖ്യം ചെയ്തു നിന്നാൽ മാത്രമേ ഇനി ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപുള്ളൂ.
(ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി)
അത് ഫാഷിസമായിരുന്നില്ല
നമ്മുടെ ഭരണഘടനയിൽ ഭാഗികമായോ പൂർണമായോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രത്യേക വകുപ്പുകൾ എഴുതിച്ചേർത്തത് രാഷ്ട്രത്തിന്റെ സുരക്ഷക്കുവേണ്ടി തന്നെയാണ്. അലഹബാദ് വിധി തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ. എന്നാൽ, അന്തിമ വിധി നൽകേണ്ടത് സുപ്രീംകോടതി ആയിരിക്കെ അതിനുള്ള അവസരം ഇന്ദിര ഗാന്ധിക്ക് നൽകാതെ സമ്പൂർണ വിപ്ലവം പ്രഖ്യാപിച്ചതാണ് യഥാർഥ ഫാഷിസം. ലക്കം 1374ലെ ലേഖനങ്ങളോടുള്ള പ്രതികരണമാണിത്.
റെയിൽപാളങ്ങൾ തകർക്കുക, കമ്പിത്തപാൽ ബന്ധങ്ങൾ തകർക്കുക എന്നിങ്ങനെ പട്ടാളത്തോടും വിദ്യാർഥികളോടും മേധാവികളെ അനുസരിക്കാതിരിക്കാൻ ആഹ്വാനംചെയ്യുക തുടങ്ങിയവ അരങ്ങേറിയാൽ ജനാധിപത്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ മറ്റു വഴികളില്ല. അങ്ങിങ്ങ് പല അനീതികളും അക്രമങ്ങളും നടന്നുവെന്നതുകൊണ്ട് അടിയന്തരാവസ്ഥയെ ഒരിക്കലും തള്ളിപ്പറയാൻ പറ്റില്ല. അടിയന്തരാവസ്ഥക്കുശേഷമുള്ള പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് അസംബ്ലിയിൽ 111 സീറ്റും പാർലമെന്റിൽ മുഴുവൻ സീറ്റും ലഭിച്ച ചരിത്രം മറക്കാവുന്നതല്ല.
1957ൽ രൂപംകൊണ്ട കമ്യൂണിസ്റ്റു മന്ത്രിസഭയുടെ കാലത്തും ഇന്ന് എൽ.ഡി.എഫ് സർക്കാർ നടത്തുന്ന അതിക്രമങ്ങളുടെ ഒരംശംപോലും അടിയന്തരാവസ്ഥയിൽ നടന്നിട്ടില്ല. ഗുജറാത്തിലെ കൂട്ടക്കൊല നിസ്സാരമായി കാണുന്നവരാണ് അടിയന്തരാവസ്ഥയെക്കുറിച്ച് വിലപിക്കുന്നതെന്നു കാണുമ്പോൾ ഏതൊരു ജനാധിപത്യ വിശ്വാസിയും ലജ്ജിക്കേണ്ടതാണ്. അധികാരത്തിനുവേണ്ടി ഏതു ചെകുത്താനുമായി ചേരും എന്നു പ്രഖ്യാപിച്ച ഇ.എം.എസ് 1967ൽ മുസ്ലിംലീഗ് എന്ന പാർട്ടിയെ ഭരണത്തിൽ പങ്കുചേർത്തതും ഈ തത്ത്വംകൊണ്ടുതന്നെ.
2016ലെയും 2021ലെയും സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിച്ചില്ലായിരുന്നെങ്കിൽ എൽ.ഡി.എഫ് തോറ്റു തുന്നംപാടിയേനെ. കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായ കോൺഗ്രസിനെ നശിപ്പിക്കാൻ എൽ.ഡി.എഫുമായി നടത്തിയ ഗൂഢാലോചനയാണ് എൽ.ഡി.എഫിന്റെ വിജയത്തിനു കാരണം. എൽ.ഡി.എഫ് ഭരണത്തിന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്നതും ബി.ജെ.പിതന്നെ.
എന്തുകൊണ്ടാണ് മൊറാർജി ദേശായിയുടെ കീഴിലുള്ള മന്ത്രിസഭ ചീട്ടുകൊട്ടാരംപോലെ തകർന്നത്. തികഞ്ഞ ഫാഷിസ്റ്റുകളായ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ജനസംഘത്തിന്റെയും പിൻബലത്തിൽ അധികാരത്തിലേറിയ മൊറാർജി സർക്കാർ തകർന്നത് അധികാരത്തിനുവേണ്ടിയുള്ള വടംവലികൊണ്ടുതന്നെ. കോൺഗ്രസിന്റെ തകർച്ച ജനാധിപത്യത്തിന്റെ കൂടി തകർച്ചയായിരുന്നു. എന്നാൽ, ഇന്ന് അടിയന്തരാവസ്ഥയെ വെല്ലുന്ന ബി.ജെ.പി സർക്കാറിനെതിരായ ജനവികാരം ജനാധിപത്യത്തിനു കരുത്തേകുമെന്ന് കരുതാം.
(ടി.ഡി. ഗോപാലകൃഷ്ണ റാവു,തെക്കേടത്ത്, മരട്)