എഴുത്തുകുത്ത്
ക്രിസ്തുമതത്തിലും ജാതിവിവേചനം ശക്തമാണ്
ഡോ. വിനിൽ പോളിന്റെ എഴുത്തിൽ (ലക്കം: 1380) ഉൾവെളിച്ചം ലഭിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ചില കണക്കനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികളിൽ 25 ശതമാനവും മുസ്‍ലിംകളിൽ 50 ശതമാനവും ഈഴവർ മതം മാറിയവരെന്നാണ്. ഇത് തീർത്തും ശരിയായ കണക്കെന്ന് പറയാൻ പറ്റില്ല. പണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുമതത്തിലെ ജാതി നിലനിന്നിരുന്നത് കേരളത്തിലെ തിരുവിതാംകൂർ ആയിരുന്നല്ലോ. എന്റെ അറിവിൽ കഴിഞ്ഞ 40 വർഷമിപ്പുറം കേരളത്തിൽ ക്രിസ്ത്യാനികളാവുന്നത് 75 ശതമാനം ഈഴവരാണ്. പെന്തക്കോസ്ത് പോലുള്ള സഭകളിൽ, ഈഴവ സമുദായത്തിൽപെട്ട എന്റെ ബന്ധുക്കളിൽ അഞ്ച് കുടുംബം ക്രിസ്ത്യാനികളായിട്ടുണ്ട്. രണ്ടുപേർ മുസ്‍ലിംകളും ആയിട്ടുണ്ട്.
ഇതിൽ കേരളത്തിലെ പല സ്ഥലങ്ങളിൽ ക്രിസ്ത്യാനികളായ ഈഴവരെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചു. ഇതിൽപറയുന്നപോലെ കേരളത്തിലെ ജനസംഖ്യയിൽ കൂടുതൽ ഉണ്ടായിരുന്ന (ഹിന്ദുമതത്തിൽ) ഈഴവനെ മതപരിവർത്തന ചരിത്രം കാര്യമായി പരിഗണിച്ചിട്ടില്ല. കേരളത്തിൽ 18.5 ശതമാനമാണ് ക്രിസ്ത്യൻ ജനസംഖ്യയെന്നാണ് കണക്ക്. എന്നാൽ, 30 വർഷം മുമ്പ് 22.50 ശതമാനമാണ് കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യയെന്നാണ് സർക്കാർ കണക്ക്. ഇത് തീർത്തും ശരിയായ കണെക്കന്നു പറയാൻ കഴിയില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ളത് കേരളത്തിലാണ്.
ഇന്ത്യയിൽ രണ്ടര ശതമാനമാണ് ക്രിസ്ത്യാനികൾ എന്നാണ് കണക്ക്. എന്നാൽ, ഒരു മാസം മുമ്പുള്ള ‘കേസരി’ വാരികയിൽ ഞാൻ വായിച്ചു അഞ്ചര ശതമാനം ക്രിസ്ത്യാനികൾ ഇന്ത്യയിലുെണ്ടന്ന്. പ്രത്യേകിച്ച്, ക്രിസ്തുമതത്തിലും ഹിന്ദുമതത്തിലേതുപോലെ ജാതിവിവേചനം ഇന്ത്യയിൽ ശക്തമായി. ഞാൻ 1978 ജൂലൈയിൽ (46 കൊല്ലം മുമ്പ്) മുതുകുളം യാക്കോബായ പള്ളിയിൽ ചെന്നപ്പോൾ പുരോഹിതൻ ഈഴവനെന്ന് കേട്ടപ്പോൾ അവഗണന കാട്ടി. നായർ അല്ലേ ജാതി എന്നാണ് പുരോഹിതൻ ചോദിച്ചത്. ഈഴവനാണ് എന്ന് പള്ളിയിലുണ്ടായ സ്റ്റീഫൻ എന്ന വ്യക്തി (ഇയാളെ എന്റെ മാതാവ് പരേതയായ കെ.എൻ. നളിനി പഠിപ്പിച്ചതാണ്) പറഞ്ഞു.
പക്ഷേ, ഞാൻ ഈഴവനെങ്കിലും സമ്പന്ന കുടുംബമാെണന്ന് അറിഞ്ഞപ്പോൾ അവഗണന 80 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ രണ്ടു ശതമാനം ക്രിസ്ത്യാനികളിൽ രണ്ടു ശതമാനം ദലിതർ ക്രിസ്ത്യാനികളായതാണ്. കാൽ ശതമാനം സവർണർ കാൽ ശതമാനം സമ്പന്ന ഹിന്ദുക്കൾ. ഇതും തീർത്തും ശരിയായ കണക്കെന്നു പറയാൻ പറ്റില്ല. ഇന്ത്യയിൽ മുസ്‍ലിംകൾ 15 ശതമാനമുള്ളത് (20 കോടിയിൽപരം) ആ മതത്തിൽ ജാതിവ്യത്യാസം പണ്ടും കുറവായതിനാലാണ്. ഇന്ത്യയിൽ ക്രിസ്തുമതം എന്ന് എത്തിച്ചേർന്നു എന്ന് കൃത്യമായ കണക്കുള്ള എ.ഡി 52ൽ കേരളത്തിൽ സെന്റ് തോമാ എന്ന ക്രിസ്തുവിന്റെ ശിഷ്യൻ വന്നു എന്നും ബ്രാഹ്മണർ ഉൾപ്പെടെ അനേകരെ ക്രിസ്ത്യനാക്കി എന്നും പറയുന്നു. എന്നാൽ, ഇതിനും ശരിയായ തെളിവില്ല. ഇത് ശരിയല്ല എന്നാണ് പറയുന്നത്. പ്രധാനമായും ബ്രിട്ടീഷ് ഭരണത്തിലാണ് ക്രിസ്ത്യാനികൾ ഇവിടെ ഉണ്ടായത്.
അതിനുമുമ്പ് ഉെണ്ടങ്കിൽതന്നെ വളരെ അപൂർവം. ബ്രിട്ടീഷ് ഭരണസമയത്ത് മതംമാറ്റാൻ ക്രിസ്ത്യൻ മിഷനറിമാർക്ക് എല്ലാ സഹായവും ലഭിച്ചു. അന്ന് കേരളത്തിൽ നിലനിന്ന ജാതിക്രൂരത, സവർണ പീഡനം എല്ലാം മതംമാറ്റത്തിന് വലിയ പ്രേരകശക്തിയായി. ബഹുഭൂരിപക്ഷവും അവർണരാണ് മതം മാറിയത്, പ്രത്യേകിച്ച് ഈഴവർ. മതം മാറി കഴിഞ്ഞ് പലരും താണ ജാതിയാണ് എങ്കിലും സവർണർ, നായർ എന്നും മറ്റുമാണ് പറയുന്നത്. ഇങ്ങനെ ഞാനും പറഞ്ഞിട്ടുണ്ട്.
മരിച്ചുപോയ ചരിത്ര-ഗവേഷകനും എന്റെ സുഹൃത്തുമായ ഡോ. എം.ഐ. ജയപ്രകാശും എന്നോട് പറഞ്ഞിട്ടുണ്ട്. 50 ശതമാനത്തിലധികം ക്രൈസ്തവർ പണ്ട് ഈഴവരാണെന്ന് അദ്ദേഹം പറഞ്ഞു. അത് എനിക്ക് ശരിയായിട്ടു തോന്നി. ഇവിടെ ഒരു രാജാവ് മതപരിവർത്തനം തടയാൻ ശ്രമിച്ചിരുന്നു. കാരണം, ഹിന്ദുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതിനാൽ. 1936ൽ ക്ഷേത്രപ്രവേശനം തന്നത് മതപരിവർത്തനം തടയാനായിരുന്നു. ക്രിസ്തുമതത്തിലാണ് പ്രത്യേകിച്ച് എണ്ണത്തിൽ കൂടുതൽ ഈഴവരും. ഇതിലെ പട്ടിക 1, 2, 3, 4 എന്നിവയിൽകൂടി തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിലെ ജാതി, മത കണക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ്, മാധ്യമം പത്രം എന്നിവക്ക് കാര്യമായ പ്രചാരം കിട്ടിയത് അതിലെ ഉയർന്ന ഉള്ളടക്കമാണ്. ഇതിൽ കേരള ചരിത്രം പരിശോധിക്കുമ്പോൾ ദൃശ്യതയുടെയും അദൃശ്യതയുടെയും ചരിത്രമാണ് കാണാൻ കഴിയുന്നത്.
(ആർ. ദിലീപ്, മുതുകുളം)
ആശ്ലേഷത്തിലെന്തിന് ഈ വിധം ജാതിചിന്ത?
മുൻ മന്ത്രിയും നിലവിൽ പാർലമെന്റ് അംഗവുമായ കെ. രാധാകൃഷ്ണനെ ഐ.എ.എസ് ഓഫിസർ ദിവ്യ എസ്. അയ്യർ ആശ്ലേഷിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം: 1379) ഓപൺഫോറത്തിൽ ഡോ. എ.കെ. വാസു എഴുതിയ ‘ആശ്ലേഷങ്ങളിലെ ജാതി’ എന്ന ലേഖനം വായിച്ചതിനെ തുടർന്നാണ് ഇതെഴുതുന്നത്. ലേഖകന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുകയെല്ലന്ന് സവിനയം അറിയിക്കട്ടെ.
ജാതിചിന്തയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വംശീയവെറിയുമെല്ലാം സംഹാരതാണ്ഡവമാടിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നുവെന്നത് പരമമായ സത്യം. ഇപ്പോഴും ചിലരുടെയെല്ലാം മനസ്സിൽനിന്ന് ജാതിചിന്ത പോയിട്ടില്ല എന്നുള്ളതും വാസ്തവം. ദിവ്യ എസ്. അയ്യർ കെ. രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ഫോട്ടോ വൈറലായതും അതുമായി ബന്ധപ്പെട്ട് നോവലിസ്റ്റ് ബെന്യാമിൻ നടത്തിയ അഭിപ്രായപ്രകടനവുമാണല്ലോ ലേഖനത്തിന്റെ കാതൽ. അകറ്റിനിർത്തലുകളുടെ കാലത്ത് ആയിരം അർഥതലങ്ങളുള്ള ഒരു ആശ്ലേഷം Salute you dear Divya എന്നാണല്ലോ ബെന്യാമിൻ പറഞ്ഞത്.
അതിന് വ്യാഖ്യാനം നൽകി കുമാരനാശാന്റെ ‘ദുരവസ്ഥ’യും രാമപുരത്തു വാര്യരുടെ ‘കുചേലവൃത്തം വഞ്ചിപ്പാട്ടു’മൊക്കെ രംഗത്ത് എത്തിക്കുന്നുണ്ട്. ആ കൃതികളുമായി ബന്ധപ്പെട്ട് ലേഖകൻ പറയുന്നതൊക്കെ ശരിതന്നെ. എന്നിരുന്നാലും അതത് കാലഘട്ടത്തിന്റെ സ്പന്ദനങ്ങളാണല്ലോ ആ കൃതികളിൽ പ്രതിഫലിക്കുന്നത്. ഇന്നും ആ കൃതികളൊക്കെ ജനകീയമാണുതാനും. കെ.ആർ. നാരായണൻ രാഷ്ട്രപതിയായപ്പോൾ പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് അദ്ദേഹത്തെ സന്ദർശിച്ച് അഭിപ്രായപ്രകടനം നടത്തിയപ്പോൾ കെ.ആർ. നാരായണൻ തിരിച്ചു പറഞ്ഞതിനെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് തുറന്നുപറഞ്ഞ ഹൃദയവിശാലതയെ ആദരിക്കുന്നിടം വരെ പോകുന്നുണ്ട് ലേഖകൻ.
ബെന്യാമിൻ നടത്തിയ അഭിപ്രായപ്രകടനവും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തുറന്നുപറച്ചിലുമെല്ലാം ജാതി ചിന്ത കുറഞ്ഞതോതിലെങ്കിലും കണ്ടുവരുന്ന സാഹചര്യത്തിലാണെന്ന് കരുതാനേ കഴിയുന്നുള്ളൂ. ദിവ്യ എസ്. അയ്യർ കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ചതുകൊണ്ടാണ് നേരെ തിരിച്ചായിരുന്നുവെങ്കിൽ ബെന്യാമിൻ ഇങ്ങനെ പറയുമായിരുന്നോ എന്നൊക്കെ ചോദിക്കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഒരു മകൾ പിതാവിനെ ആശ്ലേഷിക്കുന്ന രീതിയിൽ കാണേണ്ട ഒരു കാര്യത്തിലാണ് അതിരുവിട്ട ജാതിചിന്ത കടന്നുവന്ന് സമൂഹമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും മറ്റുമായി ഇത്രയേറെ ചർച്ചക്കു വേദിയായത്.
(ദിലീപ് വി. മുഹമ്മദ്,മൂവാറ്റുപുഴ)
ആഖ്യാനത്തിലെ അനന്തസാധ്യതകൾ
മുത്തശ്ശിക്കഥകളുടെ ഓർമകൾക്ക് ആവിഷ്കാരസൗന്ദര്യം നൽകി അശ്വതി അശോകൻ എഴുതിയ ‘ഭൂതം’ എന്ന കവിത (ലക്കം: 1378) വായിച്ചു. അമ്മൂമ്മക്കഥകളുടെ ആഖ്യാനവൈദഗ്ധ്യം അടയാളപ്പെടുത്തുകയാണിതിൽ. അമ്മൂമ്മ തന്റെ ചെല്ലപ്പാത്രം തുറക്കുന്നതോടെ കഥപറച്ചിൽ കേൾക്കാൻ വട്ടംകൂടുമായിരുന്ന കുരുന്നുകൾക്ക്, പാത്രം അടയുന്നതോടെ കഥാവിസ്മയങ്ങൾ തീർന്നുപോകുന്നതും കഥകൾ കേട്ട് കൊതിതീരാത്ത കുഞ്ഞുമനസ്സിന്റെ പ്രതിഷേധവുമാണ് കവിതയുടെ പ്രമേയം.
ഒരു കഥ തീർന്നാൽ മറ്റൊന്നിന്, അതു കഴിഞ്ഞാൽ അടുത്തതിനായും മുതിർന്നവരെ നിരന്തരം ശല്യംചെയ്യുമായിരുന്നു കുട്ടികൾ. കഥപറച്ചിലൊന്ന് നിർത്താൻ മുതിർന്നവർ പാടുപെടും. ഒടുവിൽ എന്തെങ്കിലും അടവുകൾ പയറ്റും. അത്തരമൊന്നാണ് ഇതിലെ ചെല്ലപ്പാത്രം. അതു തുറക്കുമ്പോൾ പുറത്തുവരുന്ന ഭൂതമാണ് ഇതിൽ കഥ പറയുന്നത്. ഭൂതത്തെ അകത്താക്കി പാത്രം അടക്കുന്നതോടെ സ്വാഭാവികമായും കഥ തീരും. ഈ കവിതയിൽ കഥ നിർത്താൻ മുത്തശ്ശി ഉപയോഗിക്കുന്ന തന്ത്രമാണിത്. മകൻ അമൻ കുഞ്ഞായിരുന്ന കാലത്ത് സെയ്ദുദ്ദീൻ എന്നൊരു സാങ്കൽപിക കഥാപാത്രത്തെ സൃഷ്ടിച്ച് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള കഥകൾ മെനഞ്ഞ് രാത്രി കിടക്കാൻ നേരം അവനു പറഞ്ഞുകൊടുക്കുമായിരുന്നു.
പ്രായമാകുന്നതിനനുസരിച്ച് അവനെ വിസ്മയിപ്പിക്കാൻ കെൽപുള്ളതൊന്നും പറയാനാവാതെ എന്നിലെ സെയ്ദുദ്ദീൻ കഥകൾ വറ്റിവരണ്ടു. അങ്ങനെയിരിക്കെ ഇവിടത്തെ അമ്മൂമ്മ പ്രയോഗിച്ചതുപോലെ ഒരു തന്ത്രം എന്നെന്നേക്കുമായി ഞാനും പ്രയോഗിച്ചു. ഒരുദിവസം സെയ്ദുദ്ദീനെ അദ്ദേഹത്തിന്റെ ഉൾഗ്രാമത്തിൽനിന്നും ഒരു ബസിൽ കയറ്റിവിട്ടു. നാട്ടുകാരൊക്കെ ഒത്തുചേർന്ന് ഒരു ഗംഭീരയാത്രയയപ്പും നൽകി. പിന്നീട് അമൻ; ‘‘കഥ പറയോ പപ്പാ?’’ എന്നു ചോദിച്ചു വരുമ്പോൾ ഞാൻ പറയും, ‘‘ഹജ്ജ് കഴിഞ്ഞ് സെയ്ദുദ്ദീൻ വന്നിട്ടില്ലല്ലോ കുഞ്ഞോ’’ എന്ന്.
(സമീർ കാവാഡ്, അരീക്കോട്)
‘ഉള്ളും കള്ളീം' മറന്നൂടാ...
കവി യൂസഫ് നടുവണ്ണൂരിന്റെ മനോഹരമായൊരു കവിതയാണ് ‘ഉള്ളും കള്ളീം മിണ്ടേണ്ട’ (ലക്കം: 1380). നാട്ടിൻപുറ നന്മകളെ ഗൃഹാതുരതയുടെ മാധുര്യത്തോടെ ആവിഷ്‍കരിക്കുന്ന നല്ലൊരു കവിത. സമൃദ്ധമായ ഗ്രാമീണക്കാഴ്ചകളിലൂടെയുള്ള ഒരു തീർഥയാത്ര നടത്തിയ അനുഭൂതി പടർത്തുന്ന സുന്ദരകവിത.
നടുവണ്ണൂരങ്ങാടിയിൽ ജീവിതാവസ്ഥകളുടെ ‘ഉള്ളുകള്ളികൾ’ കാണിച്ച് തെക്കുവടക്കു നടന്നിരുന്ന പ്രാന്തൻ മൊയ്തിയും ഇലമുറിയൻ കുഞ്ഞിരാമനും ഒറ്റവായനയിൽതന്നെ നമ്മുടെ മനസ്സിൽ ചേക്കേറും.
കഥയില്ലാത്തവരെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും യഥാർഥജീവിതത്തിന്റെ ഉള്ളുകള്ളികൾ സമൂഹത്തിന്റെ മുന്നിൽ തുറന്നുകാണിച്ച എത്രയെത്ര സുന്ദരവ്യക്തിത്വങ്ങൾ ഇതുപോലെ നാട്ടിൻപുറ നന്മകളായി കടന്നുപോയിട്ടുണ്ട്. അവർക്ക് ജീവിതം നിഷ്കളങ്കതയുടെ വായ്ത്താരിയായിരുന്നു. എന്റെ നാട്ടിലെ ഉണ്യാലനും കാളിയും കൂരാച്ചുവുമൊക്കെ ഇപ്പോൾ മനസ്സിൽ ഉളളു കള്ളികളുടെ ‘നയപ്രഖ്യാപനം’ നടത്തുന്നുണ്ട്. പഴയകാലത്തെ, പച്ചയായ ആ മനുഷ്യർക്ക് ജീവിതം ഒരാഘോഷമായിരുന്നു. അവരുടെ വാക്കുകൾ ജീവിതത്തിന്റെ യാഥാർഥ്യം തുറന്നുകാണിക്കുന്നവയായിരുന്നു. എന്നാൽ, ഇന്നോ? എല്ലാവരും അവനവനിലേക്കൊതുങ്ങി. ജീവിതാവസ്ഥകൾ പാടിയാടുന്നത് പോയിട്ട് ആർക്കും ആരോടും മിണ്ടാൻപോലും സമയമില്ലാതായി.
നിർമലമായ സ്നേഹബന്ധങ്ങളും കാപട്യമില്ലാത്ത കരുതലും നഷ്ടമായി. ഹൃദയങ്ങൾ പരസ്പരം വന്മതിൽക്കെട്ടുകൾ തീർത്തു. നാട് പലവഴി ചിതറിപ്പോവുകയും നാട്ടുകാർ തിരിച്ചറിവ് നഷ്ടമായി പെരുവഴിയളക്കുന്ന നിസ്സഹായതയിൽ അകപ്പെടുകയുംചെയ്തിരിക്കുന്നു. കെട്ടകാലത്തിന്റെ മാറ്റത്തിൽ അമ്പരന്നുപോയ കവിപോലും കഥയില്ലാത്തവനായി ‘ഉള്ളുംകള്ളീം’ തിരിയാതെ നിസ്സഹായനായിത്തീരുന്നു. പ്രകൃതിദുരന്തങ്ങളെപ്പോലും സ്വാർഥതാൽപര്യങ്ങൾക്കായി ചൂഷണംചെയ്യുന്ന വർത്തമാനകാലത്ത് മൊയ്തിയെയും കുഞ്ഞിരാമനെയുംപോലുള്ള സ്നേഹാവതാരങ്ങൾ പുനർജനിച്ചേ മതിയാവൂ.
(ഗഫൂർ വെട്ടം, തിരൂർ, മലപ്പുറം)