എഴുത്തുകുത്ത്
കാലത്തിനു മുമ്പേ പറന്ന ബഷീർ കൃതികൾ
ബഷീർ വിടവാങ്ങിയിട്ട് 30 വർഷം തികയുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഇന്നും പ്രസക്തമായി തന്നെ തുടരുന്നുവെന്ന് ‘ബഷീർ ഓർമക്ക്’ എന്ന പഠനത്തിൽ പി. രശ്മി എഴുതി. കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ബഷീർ തന്റെ നോവലുകളിൽ സാമൂഹിക വിമർശനം അവതരിപ്പിച്ചതെന്നും ഇതിൽ അസാധാരണവൈഭവം ബഷീർ പ്രകടിപ്പിച്ചിരുന്നുവെന്നും ലേഖിക നിരീക്ഷിക്കുന്നു. സ്വന്തം ജീവിതത്തെ നർമമധുരമാക്കി ചിത്രീകരിക്കുന്നതിലും അത് സാധാരണക്കാരന്റെ അനുഭവമാക്കി മാറ്റുന്നതിലും അസാധാരണമായ പ്രതിഭാശക്തി ബഷീറിനുണ്ടായിരുന്നു.
വേദന നിറഞ്ഞ ജീവിതാനുഭവങ്ങളാണ് ബഷീറിന്റെ നോവലുകളിലെ പ്രമേയം. ബഷീറിന്റെ ഭാഷാശൈലി മറ്റാർക്കും അനുകരിക്കാനാവില്ല. പ്രത്യക്ഷത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും ഗഹനമാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ. ധാരാളം ജീവിതാനുഭവങ്ങളുള്ള ബഷീറിന് മാത്രമേ ജീവിത ചിത്രീകരണത്തിൽ ഇത്രമാത്രം ലാളിത്യവും ഗഹനതയും പുലർത്താൻ കഴിയുകയുള്ളൂ. കഥാപാത്രങ്ങളുടെ അനുഭവങ്ങൾ തന്റേതായ ഭാഷാശൈലിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
വാമൊഴി ശൈലിയിൽതന്നെയാണ് ബഷീറിന്റെ കഥാപാത്രങ്ങളുടെ അനുഭവങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നത്. വാമൊഴി ശൈലിയിൽ തന്നെയാണ് ബഷീറിന്റെ കഥാപാത്രങ്ങളുടെ സംസാരം. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും ബഷീറിന്റെ തൂലികക്ക് വിഷയമാകുന്നു. എഴുത്തിലൂടെ പുതിയൊരു വിപ്ലവം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും ഈ അനുഭവങ്ങളുടെയും സവിശേഷമായ ഭാഷാശൈലിയുടെയും ബലത്തിലാണ്. അനാചാരങ്ങളെ രൂക്ഷമായ വിമർശനത്തിലൂടെ തുറന്നുകാണിക്കാനും അദ്ദേഹത്തിന് മടിയൊന്നുമില്ല.
മുസ്ലിം സമുദായത്തിൽ നിലനിന്നിരുന്ന കപട സദാചാരങ്ങളെയാണ് അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നതെങ്കിലും എല്ലാ സമുദായങ്ങൾക്കും ഇത്തരം വിമർശനം ബാധകമാകുന്നുണ്ട്. വിദ്യാഭ്യാസംകൊണ്ട് എല്ലാ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തച്ചുടക്കേണ്ടതാണെന്ന് ‘ബാല്യകാല സഖി’യിലൂടെ അദ്ദേഹം പ്രഖ്യാപിക്കുന്നു. ‘കുഞ്ഞു പാത്തുമ്മയുടെ െവളിച്ചത്തിന് എന്തു വെളിച്ചം’ എന്ന വാചകത്തിന് കൂടുതൽ പ്രസക്തിയുണ്ട്. ‘ബാല്യകാല സഖി’ എന്ന നോവലിലൂടെ മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും ബഷീർ വ്യക്തമാക്കുന്നു എന്ന് ലേഖിക എഴുതി. പ്രണയം വൈകാരികമായ അനുഭൂതിയാക്കിയിരിക്കുകയാണ് ബഷീർ ഈ നോവലിൽ ചെയ്യുന്നത്.
‘ഭാർഗവീനിലയ’ത്തിലും ഭ്രമാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച് ഭാർഗവിക്കുട്ടി തന്റെ പ്രണയം ഇല്ലാതാക്കിയവനോട് പ്രതികാരംചെയ്യുന്നു. ബുദ്ധിയും ഹൃദയവും ചേർന്നെഴുതിയ മനോഹര കാവ്യമാണ് ഇതെന്ന് ലേഖിക. തലയോലപ്പറമ്പിലെ കൊച്ചുവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ ഹൃദ്യമായ ആവിഷ്കാരമാണ് ‘പാത്തുമ്മായുടെ ആട്’ എന്ന നോവൽ.
സംഭവബഹുലവും നർമം നിറഞ്ഞതുമായ ആഖ്യാനത്തിലൂടെ കുടംബാംഗങ്ങളുടെ സ്നേഹവും വിശ്വാസവും നിറഞ്ഞ കുടുംബാന്തരീക്ഷമാണ് ബഷീർ വരച്ചുകാട്ടുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള പിണക്കങ്ങളും കുടുംബവ്യവസ്ഥയിലെ സങ്കീർണതകളും ഇത്ര ഹൃദ്യമായി അവതരിപ്പിക്കാൻ ബഷീറിനു മാത്രമേ കഴിയൂ. പ്രകൃതി ഈ നോവലിലെ നിറസാന്നിധ്യമാണ്. പാത്തുമ്മയെയും മക്കളെയും സൂക്ഷ്മമായി വരച്ചിടുന്ന മനുഷ്യവികാരങ്ങൾക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത്. കഥാപാത്രങ്ങളെ നന്മയുടെ പകർപ്പാക്കാൻ ബഷീർ ശ്രമിക്കുന്നില്ല.
‘ശബ്ദങ്ങൾ’ എന്ന നോവലിൽ ഭരണകൂടം, അധികാരം എന്നിവ വരുത്തുന്ന ഭ്രമാത്മകതയുടെ ചിത്രമാണ് കാതൽ. ജാതി-മത ചിന്തയെ കേന്ദ്രീകരിച്ച് എഴുതിയ ‘ ഒരു ഭഗവദ്ഗീതയും കുറേ മുലകളും’ കപട സദാചാരത്തിനെതിരെയുള്ള ഒരു കടന്നാക്രമണംതന്നെയാണ്. സാഹിത്യകാരന്റെ നിസ്സഹായ ശബ്ദമാണ് ‘മതിലുകൾ’ എന്ന കൃതിയിലൂടെ ബഷീർ പ്രകടമാക്കുന്നത്. സ്വാതന്ത്ര്യംകൊണ്ടുള്ള നിസ്സഹായത നിറഞ്ഞ ശബ്ദവും ഈ നോവലിലുണ്ട്. ഒരിക്കലും തമ്മിൽ കാണാത്ത രണ്ടു കഥാപാത്രങ്ങളുടെ ‘ശബ്ദങ്ങൾ തമ്മിലുള്ള’ പ്രണയമാണ് ‘മതിലുകളി’ൽ. സ്വാതന്ത്ര്യം എന്താണ്? എന്തിനാണ് സ്വാതന്ത്ര്യം എന്ന ബഷീറിന്റെ വാക്കുകൾ അർഥവത്താണ്.
‘ന്റുപ്പുപ്പാെക്കാരാനേണ്ടാർന്ന്’ എന്ന കൃതിയിലും സാമൂഹിക വിമർശനമാണ് അലയടിക്കുന്നത്. കാലത്തിനു മുന്നേ സഞ്ചരിച്ച പ്രതിഭാശാലിയായിരുന്നു ബഷീർ എന്ന ബോധ്യം ഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കൃതികൾ എന്ന ലേഖികയുടെ കണ്ടെത്തൽ തികച്ചും അർഥവത്താണ്. ലേഖികക്കും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിവാദ്യങ്ങൾ.
(സദാശിവൻ നായർ, എരമല്ലൂർ,ആലപ്പുഴ)
വേണ്ടത് സംവരണമല്ല പ്രാതിനിധ്യം
മാധ്യമം ആഴ്ചപ്പതിപ്പിലെ ‘നികുതി നൽകുന്നവർക്ക് പ്രാതിനിധ്യം നൽകണ്ടേ?’ (ലക്കം: 1379) എന്ന സുദേഷ് എം. രഘുവിന്റെ ലേഖനത്തെപ്പറ്റിയാണീ കുറിപ്പ്. ഈയടുത്ത കാലത്ത്, ഈ വിഷയത്തെ സംബന്ധിച്ച് ഇത്തരത്തിലുള്ള ഒരു പഠനം വായിച്ചിട്ടില്ല. യഥാർഥത്തിൽ പിന്നാക്ക സമുദായങ്ങൾ നേരിടുന്ന സംവരണ പ്രശ്നത്തിന്റെ കാതൽ എന്താണെന്ന് വസ്തുതകളുടെയും ഭരണഘടനയുടെയും വെളിച്ചത്തിൽ, ചരിത്രബോധ്യങ്ങളുടെ അകമ്പടിയോടെ വായനക്കാർക്ക് വിശദീകരിച്ചുകൊടുക്കുവാൻ ലേഖകന് കഴിഞ്ഞിരിക്കുന്നു.
ഉയർന്ന ഉദ്യോഗങ്ങൾ സവർണ-മുന്നാക്ക വിഭാഗങ്ങൾ കൈയടക്കിവെക്കുകയും പിന്നാക്ക വിഭാഗങ്ങൾ തഴയപ്പെടുകയുംചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ജാതി സെൻസസ് മാത്രമാണിതിന്റെ പോംവഴി. സമുദായം തിരിച്ചുള്ള കണക്കെടുപ്പും ഉദ്യോഗത്തിന്റെ ക്ലാസ്/ ഗ്രേഡ് തിരിച്ചുള്ള കണക്കെടുപ്പും നടത്തുക തന്നെ വേണം. ജാതിസംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന സാമുദായിക സംഘടനകൾ അവരെ ‘ഒ.ബി.സി’യിൽപ്പെടുത്തി, സംവരണാനുകൂല്യം ലഭിക്കാൻ ആവശ്യപ്പെടട്ടെ! മാർക്ക് ‘കുറഞ്ഞ’ പിന്നാക്കക്കാരനെ നിയമിച്ചാൽ ഒരു പാലവും തകരില്ല; ഒരു രോഗിയും മരിക്കില്ല. നേരേ മറിച്ച് മാർക്കിലും റാങ്കിലും അവരേക്കാൾ എത്രയോ പിന്നിൽ നിൽക്കുന്ന മുന്നാക്കക്കാരൻ പണിയുമ്പോഴാണ് പാലം പൊളിയുകയും രോഗി മരിക്കുകയും ചെയ്യുന്നത്.
സ്വാതന്ത്ര്യം കിട്ടിയിട്ട് 77 വർഷമായിട്ടും ഭരണഘടനാ സംവിധാനങ്ങളായ ലെജിസ്ലേച്ചർ/ എക്സിക്യൂട്ടിവ്/ ജുഡീഷ്യറി എന്നിവയിൽ പിന്നാക്കക്കാർക്ക് ആനുപാതികമായ പ്രാതിനിധ്യമില്ലെന്ന വസ്തുത നാം അറിയുക. ഇത് നൽകാനാണ് സംവരണം. അല്ലാതെ പിന്നാക്ക വിഭാഗങ്ങൾ അനുഭവിച്ച പീഡനങ്ങളുടെ നഷ്ടപരിഹാരമാണെന്ന വിതണ്ഡവാദം തകർക്കപ്പെടണം. ഇനി, ആരാണ് ദലിതരെ പീഡിപ്പിച്ചത്, ആരാണവരെ ചൂഷണം ചെയ്തത്, ആരാണവരുടെ ജീവിതം തകർത്തത് എന്ന ചോദ്യങ്ങൾകൂടി ഇതോടൊപ്പം ചോദിക്കേണ്ടതുണ്ട്.
‘‘അംബേദ്കർ ആവശ്യപ്പെട്ടതുപോലെ സംവരണമല്ല (Reservation) വേണ്ടത്, പ്രാതിനിധ്യമാണ് (Representation). ശരിയായ അർഥത്തിൽതന്നെ മനസ്സിലാക്കണം ഈ വാക്കുകൾ. ‘നികുതി നൽകുന്നവർക്ക് പ്രാതിനിധ്യം വേണം’ എന്ന ദിശയിലുള്ള പഠനങ്ങളും ചിന്തകളും സംവാദങ്ങളും ഉയർന്നുവരുമ്പോൾ അതൊരു സമരരൂപത്തിലേക്ക് നയിക്കപ്പെടാം. ദലിത്-പിന്നാക്ക വിഭാഗത്തിൽ ജാതിയുടെ പേരിലുള്ള ധ്രുവീകരണം മാറി അവർ സ്വന്തം ‘സ്വത്വം’ വീണ്ടെടുക്കാൻ ശ്രമിക്കണം.
സമകാലിക ഇന്ത്യയിൽ വിശേഷിച്ചും ജാതി-മത-രാഷ്ട്രീയ തിരിവുകൾ കൂടിക്കൂടി വരുന്ന കേരളം ഈ വിഷയം ഗൗരവമായി ചർച്ചചെയ്യണം. ഈ വിഷയം അവതരിപ്പിച്ച്, സമഗ്രമായ ഒരു പഠനം കാഴ്ചവെച്ച സുദേഷിനും മാധ്യമത്തിനും അഭിവാദ്യങ്ങൾ.
(ആർ. ബാലകൃഷ്ണൻ കിടങ്ങയം, പടനിലം)
ശ്രീകുമാരൻ തമ്പിയോട് വിയോജിപ്പ്
ശ്രീകുമാരൻ തമ്പിയുടെ മലയാള ചലച്ചിത്രഗാന സംഗീതയാത്രകൾ ചലച്ചിത്രഗാന ചരിത്രത്തിന്റെ ചെപ്പു തുറന്ന് വായനക്കാരെ ഹഠാദാകർഷിച്ച് 109ാം ഭാഗത്തിൽ എത്തിനിൽക്കുമ്പോൾ, ആ ഭാഗത്ത് പറഞ്ഞ ഒരു കാര്യത്തോട് ചെറിയതോതിലെങ്കിലും വിയോജിപ്പുള്ളതുകൊണ്ടാണ് ഇതെഴുതുന്നത്. ഹരിഹരൻ സംവിധാനംചെയ്ത ആദ്യ സിനിമയായ ‘ലേഡീസ് ഹോസ്റ്റലി’ന്റെ വിജയത്തിനു ശേഷം ഹരിഹരൻ എന്ന സംവിധായകന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നും വിജയങ്ങളിൽനിന്നും വിജയങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്രയെന്നുമാണ് തമ്പി പറയുന്നത്. അങ്ങനെ പറയുമ്പോൾ അദ്ദേഹം സംവിധാനംചെയ്ത സിനിമകൾ ഒന്നും പരാജയപ്പെട്ടിട്ടില്ല എന്നാണല്ലോ മനസ്സിലാക്കുക.
അവിടെയാണ് ഒരു വിയോജിപ്പ് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നത്. ഹരിഹരൻ സംവിധാനംചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ഒരു വടക്കൻ വീരഗാഥ’ക്കുശേഷം അദ്ദേഹം സംവിധാനംചെയ്തു വിജയിപ്പിക്കാൻ നോക്കിയ ഒരു തനി കച്ചവട സിനിമയായിരുന്നു ‘ഒളിയമ്പുകൾ’. കലാമൂല്യമോ കച്ചവട ചേരുവകളോ ഒന്നുംതന്നെയില്ലായിരുന്ന ആ സിനിമ എട്ടുനിലയിൽ പൊട്ടിയെന്നുള്ളതാണ് വാസ്തവം. നിരവധി സിനിമകളിലൂടെ ഹരിഹരെന്റ സംവിധാനപ്രതിഭ തിരിച്ചറിഞ്ഞ പല പ്രേക്ഷകരും ഹരിഹരനിൽനിന്ന് ഇങ്ങനെയും ഒരു സിനിമയോ എന്നു പറഞ്ഞ് മൂക്കത്ത് വിരൽവെച്ചുവെന്നുള്ളത് മറ്റൊരു കാര്യം.
വിജയങ്ങളിൽനിന്നും വിജയങ്ങളിലേക്കു മാത്രമായിരുന്നു ഹരിഹരൻ എന്ന സംവിധായകന്റെ യാത്രയെന്നു പറയുമ്പോൾ ഇങ്ങനെയും ചിലതുണ്ട് എന്നു പറയാൻ മാത്രമാണ് ഇതെഴുതിയത്. മലയാള ചലച്ചിത്രഗാന ചരിത്രം മുടങ്ങാതെ വായിക്കാൻ ആഗ്രഹിക്കുന്ന ഒരു മുതിർന്ന ‘കുട്ടി’യായ ഞാൻ, മലയാള ചലച്ചിത്രഗാന രചനാലോകത്തിലെയും കാവ്യലോകത്തിലെയും പണ്ഡിതശ്രേഷ്ഠരിൽ ഒരാളായ തമ്പിയോടുള്ള എല്ലാ ആദരവുകളും ബഹുമാനവും നിലനിർത്തിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
(ദിലീപ് വി. മുഹമ്മദ്)
സമകാലിക രാഷ്ട്രീയത്തെ വായിച്ചെടുക്കാവുന്ന ‘പെട്ട’
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1380) ആഷ് അഷിത എഴുതിയ കഥ ‘പെട്ട’ ശ്രദ്ധേയമാണ്. അങ്ങാടികളിലെ നിയമങ്ങൾ അലിഖിതമാണ്. അവ അങ്ങാടി ഭരിക്കുന്നവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ചേർന്ന് രൂപമെടുത്തവയാണ്. അടക്കിഭരിക്കുന്നവരും അവരുടെയാൾക്കാരും, അടിച്ചമർത്തപ്പെട്ടവരും അവരുടെയാൾക്കാരും ചേർന്നതാണ്, അങ്ങാടിയിലെ ജനത.
ഭരിക്കുന്നവർ വെട്ടിപ്പിടിക്കാനും സുഖിച്ചു ജീവിക്കാനും ശ്രമിക്കുമ്പോൾ, ഉയിർത്തെഴുന്നേൽക്കാനും അവകാശങ്ങൾ തിരിച്ചു പിടിക്കാനുമുള്ള പോരാട്ടങ്ങളിലായിരിക്കും ഭരിക്കപ്പെടുന്നവർ. അത്തരം ഇടങ്ങളിൽ എന്നും പോരാട്ടങ്ങൾ നടന്നുകൊണ്ടേയിരിക്കും, ദൃശ്യമായും അദൃശ്യമായും. അവിടെ രക്തം ഒഴുകിക്കൊണ്ടേയിരിക്കും.
പന്തു കളിക്കും യുദ്ധത്തിനും പൊതുവായ ഒന്നുണ്ട്, ജയിക്കാനുള്ള വാശി. ഇരുപക്ഷത്തുമുള്ള കാണികൾക്കും പൊതുവായ ഒന്നുണ്ട്, ആവേശം. കഥക്കുമപ്പുറം, സമകാലിക രാഷ്ട്രീയത്തെ വായിച്ചെടുക്കാവുന്ന കഥയാണ് ‘പെട്ട’. ആവേശം അന്ത്യംവരെ നിലനിർത്തുന്ന കളിയാണ് ഇതിന്റെ വായന. കഥാസാഹിത്യത്തിലെ ഒരു Best player ആയിത്തീർന്നിരിക്കുന്നു, ആഷ് അഷിത.
(സായ് ശങ്കർ മുതുവറ,തൃശൂർ)
‘പെട്ട’ മനുഷ്യബന്ധങ്ങളുടെ കഥകൂടിയാണ്
ക്രിക്കറ്റിനൊക്കെ വളരെ മുമ്പ് എന്റെ നാട്ടിലെ പ്രധാന വിനോദങ്ങൾ, കിളിത്തട്ട്, ഉപ്പ് ചപ്പ്, കല്ല് കൊത്തിക്കളി ഇത്യാദികളായിരുന്നു. ആദ്യമായി തോൽപന്തു കളി കാണുന്നത് മണ്ണടിക്കടുത്തുള്ള അമ്മവീട്ടിൽ പോയപ്പോഴാണ്. അതിൽ ഉറക്കെപ്പറയുന്ന ചില വാക്കുകൾ ഒന്നുംതന്നെ മനസ്സിലായതുമില്ല, ആ കളി വഴങ്ങിയതുമില്ല. നോർവേ, കൊറിയ, കശ്മീർ വഴി അഷിതയുടെ കഥ (പെട്ട, ലക്കം: 1380) അടൂരിനടുത്ത പറക്കോട് ചന്തയിൽ ലാൻഡ് ചെയ്തതിന്റെ അടയാളപ്പെടുത്തലാണ് മാധ്യമം ആഴ്ചപ്പതിപ്പിലെ ‘പെട്ട’ എന്ന കഥ.
ചോരമണമുള്ള ചന്തയിലെ ആണത്തവും പെണ്ണത്തവുമുള്ള കഥാപാത്രങ്ങളിലൂടെ അഷിത പറയുന്നത് ഒരു പ്രതികാരത്തിന്റെ കഥയാണ്. ഇന്ദുഗോപൻ കൊല്ലത്തെ നാടൻതല്ലുകളെ പറ്റി എഴുതുന്നതുപോലെ ഓരോ പ്രദേശത്തിനും അതിന്റേതായ മണ്ണിന്റെ മണമുള്ള കഥകൾ പറയാനുണ്ടാകും. അത്തരത്തിലൊന്നാണ് ഒരു ത്രില്ലറിന്റെ സ്വഭാവമുള്ള ‘പെട്ട.’ അത് മനുഷ്യബന്ധങ്ങളുടെ കഥകൂടിയാണ്.
പുറമെനിന്ന് കണ്ടാൽ ആഴം തോന്നാത്ത ചില കുളങ്ങൾപോലെയാണ് ബന്ധങ്ങളും. വലിയ അടുപ്പമൊന്നുമില്ലാത്ത ഒരാളുടെ കൊലപാതകത്തിന്റെ ചരിത്രവും അതിന്റെ പകരംവീട്ടലുമാണ് പറയുന്നതെങ്കിലും മനുഷ്യബന്ധങ്ങളുടെ അനിർവചനീയതയെപ്പറ്റി പാരായണ സുഖമുള്ള ശൈലിയിൽ, തന്റെ കഥകളില് നിലനിര്ത്തുന്ന ദുരൂഹതയുടെ തുടർച്ച അവശേഷിപ്പിച്ചുകൊണ്ട് അഷിത പറയുന്നുണ്ട് ‘പെട്ട’യിൽ. പത്തനംതിട്ട കഥകൾക്ക് സന്തോഷം.
(രാജേഷ് ചിത്തിര ,ഫേസ്ബുക്ക്)
അനധികൃത ക്വാറികളാണ് പ്രധാന വില്ലൻ
കേരളം ഒരു ദുരന്തഭൂവായി മാറുകയാണെന്ന് അടുത്തടുത്തായി സംഭവിക്കുന്ന ദുരന്തങ്ങൾ പറഞ്ഞുതരുന്നു (‘തുടക്കം’, ലക്കം: 1380). 2018ലെ പ്രളയ തേങ്ങലുകൾ അടങ്ങുന്നതിനു മുമ്പേ സംഭവിച്ച മുണ്ടക്കൈ ദുരന്തം കേരളത്തെ അപ്പാടെ തളർത്തിക്കളഞ്ഞിരിക്കുന്നു.
എന്തുകൊണ്ട് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നെന്ന് ചിന്തിക്കാൻ സമയമായി. പശ്ചിമഘട്ട മലനിരകളിലെ അനധികൃത ക്വാറികളാണ് ഈ ദുരന്തത്തിന്റെ പ്രധാന വില്ലൻ. അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളും ഹരിത വനനശീകരണവും ടൂറിസ്റ്റു മാഫിയയുടെ കടന്നു കയറ്റവും കാലാവസ്ഥ വ്യതിയാനവുമൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് ആക്കംകൂട്ടുന്നത്. അതിനുള്ള പ്രതിവിധിയാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. മാറ്റിവെക്കപ്പെട്ട ആ റിപ്പോർട്ട് പുറത്തെടുത്ത് പഠിക്കാൻ സമയമായി. പ്രകൃതിയെക്കുറിച്ച് അറിവുള്ളവർ പറയുന്നത് കേൾക്കണം. പശ്ചിമഘട്ടത്തിന്റെ ഓരോ ഇഞ്ചും കാൽനടയായി സഞ്ചരിച്ചിട്ടുള്ള ഗാഡ്ഗിൽ പശ്ചിമഘട്ട മലനിരകളുടെ ആത്മാവിനെ തൊട്ടറിഞ്ഞിട്ടുള്ള ആചാര്യനാണ്. ഇത്തരമൊരു ‘തുടക്കം’ കുറിച്ചിട്ട പത്രാധിപർക്ക് അഭിവാദ്യങ്ങൾ.
(സണ്ണി ജോസഫ്,മാള)