എഴുത്തുകുത്ത്
ശതശാഖിയായ പൂമരം
പ്രിയകവി സുഹൃത്ത് ബാലഗോപാലൻ കാഞ്ഞങ്ങാട് കവി കുരീപ്പുഴയുമായി (ലക്കം: 1378) നടത്തിയ സംഭാഷണം ഹൃദ്യമായി. ആധുനികതയുടെ ഉർവരമായ ഭൗമപരിസരത്തുനിന്ന് ഊർജമാവാഹിച്ച് കാലാതിവർത്തിയായ സ്വന്തം നിലപാടുകളിൽ ഒത്തുതീർപ്പുകൾക്ക് വിധേയനാകാതെ മലയാള കവിതയിൽ ഏകാന്തപഥികനായ അവധൂതനെപ്പോലെ വേറിട്ടൊരു സഞ്ചാരപാതയിൽ ഭ്രമണം ചെയ്യുന്ന കവിയാണ് കുരീപ്പുഴ ശ്രീകുമാർ.
ജീവിത യാഥാർഥ്യങ്ങളിലെ മൃദുലമല്ലാത്ത ബിംബങ്ങൾക്കു നേരെ പിടിച്ച ദർപ്പണങ്ങളായിരുന്നു കുരീപ്പുഴയുടെ കവിതകൾ. വൈയക്തികമായ തീക്ഷ്ണാനുഭവങ്ങളെ സമൂഹ മനസ്സാക്ഷിയാകുന്ന പ്രതലത്തിൽ കവി അടയാളപ്പെടുത്തിയപ്പോൾ ഉത്ഭൂതമായ രേഖാചിത്രങ്ങൾ ഭാഷയുടെ പുത്തൻ ദിശാനിർണയ സൂചകങ്ങളുടെ സരണി തുറന്നിട്ടു. ഹൈക്കു പാരമ്പര്യത്തിന്റെ പിൻപറ്റിയ നഗ്നകവിതകൾ മാത്രമല്ല, ആശയസമ്പുഷ്ടതകൊണ്ടും പദവിന്യാസ ചാരുതകൊണ്ടും സാഹിത്യ നഭോമണ്ഡലത്തിൽ ഒളിമങ്ങാതെ വിലസുന്ന നെബുലകളിൽനിന്ന് നിരവധി താരങ്ങൾക്ക് പിറവിയേകി ഈ കവി.
സത്യം വിളിച്ചുപറയുന്നവനെ കുരിശും വെടിയുണ്ടകളും ഹെംലോക് വിഷവും നൽകിയാണ് ചരിത്രം സ്വീകരിച്ചത്. ഏകാകിയുടെ സന്ദേഹങ്ങൾക്ക് മറുമൊഴി നൽകിയത് മരണവാറന്റിലൂടെയാണ്. കാലം അവരെയാണ് വജ്രശോഭയോടെ എതിരേറ്റത്. വരാനിരിക്കുന്ന അശനിപാതങ്ങളെ പ്രവാചകസദൃശം വിളിച്ചുപറഞ്ഞ ഈ കവി കേരളത്തിലായതുകൊണ്ടു മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത്. നിരന്തരമായ പോരാട്ടത്തിലൂടെ സത്യത്തിന്റെ മുഖത്തിനുനേരെ പിടിച്ച ദർപ്പണവുമായി നടന്നുനീങ്ങുന്ന ഈ കവി നമ്മുടെ സ്വകാര്യ അഹങ്കാരമായി മാറുന്നതും അതിനാൽതന്നെ.
ഏതൊരു എഴുത്തുകാരനെയും (വ്യക്തിയെയും) കാലം ഓർമിക്കുന്നത് അവർ അപരന് പകർന്നേകിയ സാന്ത്വന സ്പർശത്താലാണ്. രാഹുലൻ ഉറങ്ങുന്നില്ല, ജെസ്സി, അമ്മമലയാളം, ഇഷ്ടമുടിക്കായൽ, ഫാത്തിമത്തുരുത്ത്... മനസ്സിന്റെ അഗാധതയിലേക്ക് വേരുകൾ പടർത്തി സർഗചേതനയുടെ പ്രയാണത്തിന്റെ പുതുവഴികൾ വെട്ടുന്നതിനുള്ള മൂലധന സ്വരൂപണം കവി നിർവഹിച്ചെടുക്കുന്നത് അനന്യസാധാരണമായ മെയ് വഴക്കത്തിലൂടെയാണ്.
കുരീപ്പുഴ പറഞ്ഞപോലെ, ‘‘എഴുത്തുകാരന്റെ ഇടം ഒട്ടും ഭദ്രമല്ല.’’ വെല്ലുവിളികൾ നിറഞ്ഞതായി മാറുന്നുണ്ട് എഴുത്ത്. പ്രതിഷേധിച്ചും പ്രതികരിച്ചും നിലനിൽക്കുന്ന ഭരണവ്യവസ്ഥയുടെ നെറികേടിന് നേരെ തൂലിക ചലിപ്പിക്കുമ്പോൾ എഴുത്തുകാരന്റെ നിലനിൽപിനുതന്നെ ഭീഷണി ഉയരുന്നു. ചെറുത്തുനിൽപിന്റെ പോരാട്ടവീഥികളിലേക്ക് സാംസ്കാരിക നേതൃത്വം മുന്നേറുകതന്നെ വേണം.
സമൂഹമാധ്യമത്തിൽ ‘ഇന്ന് വായിച്ച കവിത’ എന്ന മലയാള കവിതകളെ സൂക്ഷ്മതലത്തിൽ വിശകലനംചെയ്യുന്ന പംക്തി മുടങ്ങാതെ ചെയ്യുന്നതിലൂടെ ഈ കവി വർത്തമാനകാല സാഹിത്യലോകത്ത് അദ്വിതീയനായി നിലകൊള്ളുന്നു. വിവർത്തന കവിതകളും, മൺമറഞ്ഞ കവികളുടെ കവിതകളും, പുതുകാല കവിതകളും ആസ്വാദകന് പ്രദാനംചെയ്ത് ഊർജ സ്രോതസ്സിന്റെ നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഈ സഞ്ചാരത്തിൽ വർഷങ്ങളായി എല്ലാ ദിവസവും വൈകുന്നേരം കവിക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.
എഴുത്തിനോടും കവികളോടും വായനക്കാരോടും കവി പ്രകടിപ്പിക്കുന്ന അനിതരസാധാരണമായ ആത്മാർപ്പണം മറ്റുള്ളവർക്ക് വഴികാട്ടിയായി നിലകൊള്ളുന്ന ദീപസ്തംഭമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
(ജയപ്രകാശ് എറവ്, തൃശൂർ)
തലകുനിക്കാത്ത യൗവനം
ജെസ്സി ചാർവാങ്കൻ, ഇഷ്ടമുടിക്കായൽ, കീഴാളൻ, അമ്മമലയാളം, രാഹുലൻ ഉറങ്ങുന്നില്ല, നടിയുടെ രാത്രി, അസഹ്യൻ, സ്കൂൾബാർ, ഫാത്തിമത്തുരുത്ത് തുടങ്ങിയ ഉൾക്കാമ്പുള്ള കവിതകൾകൊണ്ടും എഴുത്തിലും ജീവിതത്തിലും പുലർത്തുന്ന നിലപാടുകളിലെ സ്ഥൈര്യംകൊണ്ടും വേറിട്ടുനിൽക്കുന്ന കവിയാണ് കുരീപ്പുഴ ശ്രീകുമാർ. സഹകവികളെ ഇത്രയേറെ ചേർത്തുപിടിക്കുന്ന മറ്റൊരു കവി മലയാള കാവ്യലോകത്തില്ല.
യുവകവി ബാലഗോപാലൻ കാഞ്ഞങ്ങാടുമായി കുരീപ്പുഴ ശ്രീകുമാർ നടത്തിയ സംഭാഷണം (മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം: 1378) കവിതയിലും സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ മണ്ഡലത്തിലുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ഉത്കണ്ഠകളും പങ്കുവെക്കലുകളാൽ ശ്രദ്ധേയമായി. കേരളത്തിൽപോലും എഴുത്തുകാരുടെ ഇടം ഒട്ടും ഭദ്രമല്ലെന്ന് സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. എഴുപതിലേക്ക് കടക്കുന്ന ‘തലകുനിക്കാത്ത ശീലമെൻ യൗവനം’ എന്ന് ഉദ്ഘോഷിക്കുന്ന കവിക്ക് അഭിവാദ്യങ്ങൾ. ബാലഗോപാലന് നന്ദി.
(സതീശൻ മോറായി കോയ്യോട്,കണ്ണൂർ)
തലശ്ശേരിക്കാലത്തെ ദീപ്തമായ ഓർമ
കാളീശ്വരം രാജിന്റെ ഓർമക്കുറിപ്പ് വായിക്കുമ്പോൾ നാൽപതു കൊല്ലം മുമ്പത്തെ തലശ്ശേരിക്കാലവും ‘പരിസരവേദി’ പ്രവർത്തനവും ഇവിടെ കുറിക്കുന്നത് അനുചിതമല്ലെന്ന് തോന്നുന്നു. പഴയ തലശ്ശേരി, മാന്ത്രികമായ സൃഷ്ടിപരതയുള്ള പ്രദേശമായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ മനോഹരമായ കടൽത്തീരവും ചരിത്രശേഷിപ്പുകളുടെയും നിർമിതികളുടെയും കൂടെ കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞ സാംസ്കാരിക സമന്വയവും തലശ്ശേരിയെ വേറിട്ടുനിർത്തി. മറുപുറമായി, എം.എൻ. വിജയൻ പറഞ്ഞപോലെ പ്രാകൃതമായ ‘തമാശകൾ’ അരങ്ങേറിക്കൊണ്ടിരുന്ന സ്ഥലവും (വർഗീയ ലഹള, സി.പി.എം x ആർ.എസ്.എസ് സംഘർഷം).
1980കളിൽ ഡിപ്പാർട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷനിലും പോസ്റ്റൽ ഡിപ്പാർട്മെന്റിലും ഉയർന്ന മെറിറ്റുള്ളവർ ജോലിക്ക് ചേർന്ന് എല്ലാ നിയമന നടപടികളും പൂർത്തീകരിച്ച് ട്രെയ്നിങ്ങും കഴിഞ്ഞ് സ്ഥിരനിയമനത്തിനായി കാത്തിരിക്കുന്ന കാലം. കേന്ദ്ര ഗവൺമെന്റിന്റെ നിയമന നിരോധനമായിരുന്നു ഇതിന് തടസ്സമായി നിന്നത്. ടെലിഫോൺ എക്സ്ചേഞ്ചിലും പോസ്റ്റ് ഓഫിസുകളിലും ദിവസവേതനാടിസ്ഥാനത്തിൽ ഇവരെ ഉപയോഗിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. നീളുന്ന സ്ഥിരനിയമനം നിരാശയിലേക്കും മറ്റു മേഖലകൾ തേടുന്നതിലേക്കും വഴിമാറി.
1984ൽ കാളീശ്വരം രാജിനെ പരിചയപ്പെടുമ്പോൾ ടെലിഫോൺ എക്സ്ചേഞ്ചിലെ സഹപ്രവർത്തകനെന്നതിലുപരി പയ്യന്നൂർ കോളജ് പശ്ചാത്തലം സൗഹൃദത്തിന് കാരണമായി. ‘സൂചിമുഖി’ എന്ന പരിസ്ഥിതി മാസികയിലൂടെയും ‘സീക്ക്’ എന്ന സംഘടനയിലൂടെയും പ്രഫ. ജോൺ സി. ജേക്കബ് ഉണ്ടാക്കിയെടുത്ത പരിസ്ഥിതി അവബോധം നിസ്തുലമായിരുന്നു. പക്ഷേ, അന്നത്തെ പൊതുവായ പരിസ്ഥിതിബോധം കാൽപനികമായ പ്രകൃതിസ്നേഹത്തിലും അക്കാദമിക താൽപര്യത്തിലും ഊന്നിക്കൊണ്ടുള്ളതായിരുന്നു.
പരിസ്ഥിതിയുടെ രാഷ്ടീയം എന്ന വസ്തുതയിലൂന്നി ഉടലെടുത്ത ഒരു ചെറു ഗ്രൂപ്പായിരുന്നു ‘പരിസരവേദി’. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടൽ, ‘പരിസരവേദി’ ബുള്ളറ്റിൻ പ്രസിദ്ധീകരണം. എന്നിങ്ങനെ പരിസരവേദിയുടെ എല്ലാ പ്രവർത്തനങ്ങളിലും എളിയ രീതിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തലശ്ശേരിക്കാലത്തെ ദീപ്തമായ ഓർമകളായി അവശേഷിക്കുന്നു.
(പി.കെ. നാരായണൻകുട്ടി (റിട്ട. അസി. ജനറൽ മാനേജർ, ബി.എസ്.എൻ.എൽ, പഴയങ്ങാടി)
മതംമാറിയവർക്കും മാറ്റിയവർക്കും ഗുണം ലഭിച്ചിട്ടുണ്ടോ?
ഡോ. വിനിൽപോൾ എഴുതിയ മതപരിവർത്തനവുമായി ബന്ധപ്പെട്ട ചരിത്രപഠനം നിരവധി പുതിയ അറിവ് പ്രദാനം ചെയ്തു (ലക്കം: 1378). ഈഴവരുടെ ക്രിസ്ത്യൻമത ആശ്ലേഷണത്തിന്റെ കാരണങ്ങൾ വായിച്ചുവരുമ്പോൾ വരികൾക്കിടയിൽ കൗതുകം ഉണർത്തുന്ന സംഭവങ്ങൾ കാണാം. ‘‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’’ എന്ന അധ്യാത്മദർശനത്തിന്റെ ഉപജ്ഞാതാവായ ശ്രീനാരായണഗുരുവിന്റെ വിചിത്രമായ പ്രവൃത്തി ആശ്ചര്യകരമാണ്. ക്രിസ്തുമതം സ്വീകരിച്ച ഈഴവരെ തിരികെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയും പള്ളികളുടെ സ്ഥാനത്ത് അമ്പലങ്ങൾ പണിയുകയുംചെയ്തു എന്നത് ശ്രീനാരായണഗുരുവിന്റെ ആത്മീയ കാഴ്ചപ്പാടിനെ അന്ധമായി വിശ്വസിച്ചവർക്ക്, ഗുരുവിനോടുള്ള ആദരവിന് മങ്ങലേൽപിക്കുന്ന സംഭവമാണ്.
1931 മുതൽ ജാതി തിരിച്ചുള്ള സെൻസസ് രാജ്യത്ത് ഉണ്ടായിരുന്നതായി ലേഖകൻ കൃത്യമായി അടയാളപ്പെടുത്തുന്നു. ജാതി തിരിച്ചുള്ള സെൻസസ് നടത്തുന്നതിന് നിലവിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിമുഖത പ്രകടിപ്പിക്കുന്നതിന്റെ കാരണമാണ് മനസ്സിലാകാത്തത്. 1820 കാലയളവിൽ തിരുവിതാംകൂറിൽ ഒരുലക്ഷം ക്രൈസ്തവർ ഉണ്ടായിരുന്ന സ്ഥാനത്ത് 11 വർഷത്തിനുശേഷം ക്രൈസ്തവരുടെ എണ്ണം 16 ലക്ഷം ആയി വർധിച്ചതിൽനിന്നും മതപരിവർത്തനത്തിന്റെ സ്വാധീനം അതിശക്തമായിരുന്നുവെന്ന് ഗ്രഹിക്കാം! മതം മാറിയവർക്കും മാറ്റിയവർക്കും അന്നും ഇന്നും ഏതെങ്കിലും തരത്തിലുള്ള ഗുണം ലഭിച്ചിട്ടുണ്ടോ?
(ഫാ. ഡാർലി എടപ്പങ്ങാട്ടിൽ,മുളന്തുരുത്തി)