എഴുത്തുകുത്ത്
കടുവകൾ ‘നീതി പാലിച്ചാലും’ നാം നീതി പാലിക്കില്ലെന്നോ?
ഉരുൾപൊട്ടൽപോലുള്ള പ്രകൃതിദുരന്തങ്ങൾ നമുക്ക് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അത് കടുവകൾ നീതി പാലിക്കണമെന്നല്ല; പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കെതിരെ ജാലിയൻ വാലാ ബാഗ് ആവർത്തിക്കണമെന്നുമല്ല. മറിച്ച്, നമ്മൾ മനുഷ്യർ പ്രകൃതിയോടും ആവാസവ്യവസ്ഥയോടും നീതിയുക്തമായ രീതിയിൽ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഇനിയും നമ്മൾ പല ദുരന്തങ്ങൾക്കും ദൃക്സാക്ഷിയാകേണ്ടിവരും എന്ന മുന്നറിയിപ്പാണത്.
2018 -പ്രളയം, 2019 -പുത്തുമല, കവളപ്പാറ ഉരുൾപൊട്ടൽ (വയനാട്, മലപ്പുറം ജില്ലകൾ), 2020 -പെട്ടിമുടി ഉരുൾപൊട്ടൽ (ഇടുക്കി ജില്ല), 2021 -കൂട്ടിക്കൽ ഉരുൾപൊട്ടൽ (കോട്ടയം ജില്ല) എന്നിങ്ങനെ ചെറുതും വലുതുമായ പ്രകൃതിദുരന്തങ്ങൾ എത്രയോ ജീവനുകൾ കൊണ്ടുപോയി. ഇപ്പോഴിതാ, വയനാട് ജില്ലയുടെ ഒരു പ്രദേശത്തെ തന്നെ നക്കിത്തുടച്ച് വിലപ്പെട്ട അനേകം ജീവനുകൾ അപഹരിച്ചിരിക്കുന്നു. വയനാട് ദുരന്തം എഴുത്തായും ചിത്രമായും ആഴ്ചപ്പതിപ്പിൽ (ലക്കം: 1381) കെ.എ. ഷാജി ‘വയനാട് എന്ന പാഠവും ജീവിതവും’ എന്ന തലക്കെട്ടിൽ അവതരിപ്പിച്ചത് ഏറെ ഗൗരവമുള്ളതായി. ദുരന്തത്തിന്റെ കാര്യകാരണങ്ങളെയും വരുംവരായ്കകളെയും വിസ്താരഭയത്താൽ എന്നവണ്ണം വിശദീകരിക്കാതെ ഒരു ചെപ്പിലടച്ചതുപോലെ കാച്ചിക്കുറുക്കി അവതരിപ്പിച്ചിരിക്കുന്നത് മനഃപാഠമാക്കാൻ പോന്നവണ്ണം സ്പഷ്ടവും വ്യക്തവുമാണ്.
ഹൈെടക് ഇന്ത്യ, സ്മാർട്ട് കേരള എന്നതിലൊക്കെ നമുക്ക് അഭിമാനിക്കാമെങ്കിലും കൃത്യസമയത്ത് ഇന്ന ദിവസം ഇന്നയിടത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ്, പേമാരി, കടൽക്ഷോഭം പോലുള്ളവ ഉണ്ടാകുമെന്ന് മുൻകൂട്ടി പറയാൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യൻ പ്രകൃതിയെ യഥാവിധി മനസ്സിലാക്കി സമീപിക്കാത്തിടത്തോളം ഉരുൾപൊട്ടൽപോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകതന്നെ ചെയ്യും. ഉരുൾപൊട്ടലിനു കാരണമാകുന്ന പ്രവർത്തനങ്ങൾ പരമാവധി ചുരുക്കുക എന്നതു മാത്രമാണ് പോംവഴി.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും, തീരദേശ മേഖല നിയന്ത്രണ നിയമങ്ങളും, നെൽവയൽ തണ്ണീർത്തട നിയമങ്ങളും, പാരിസ്ഥിതിക ആഘാത വിലയിരുത്തൽ റിപ്പോർട്ടുകൾ ഒക്കെ എന്തായി എന്നേ ചോദിക്കാനുള്ളൂ. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും അതിന് നമ്മൾ വിചാരിക്കുന്നതുപോലെ യുഗങ്ങൾ വേണ്ട, നാലോ അഞ്ചോ വർഷം മതിയെന്ന് ഗാഡ്ഗിൽ പറഞ്ഞത് ഇന്ന് സംഭവിച്ചിരിക്കുന്നു.
ഇതുകൊണ്ടെന്നും നമ്മൾ പഠിക്കില്ല എന്നുമാത്രം. കാടും മലയും കൈയേറി പരിസ്ഥിതി ലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് തടയിടാൻ നാളിതുവരെ ഒരു ഭരണാധികാരിയും തയാറായിട്ടില്ല; ദുരന്തങ്ങൾ ഇനിയെത്ര കണ്ടാലും ആരും അതിന് തയാറാകുമെന്ന് കരുതുന്നുമില്ല. വികസന ‘ഭ്രാന്തി’ലും ധനമോഹത്തിലും ആർത്തിപൂണ്ട ഒരു ശരാശരി കേരളീയൻ ഇത്തരം നിയന്ത്രണങ്ങൾ അംഗീകരിച്ചെന്നും വരില്ല. ശാസ്ത്രീയമായ ഒരു പഠനത്തിന്റെയും പിൻബലമില്ലാത്ത എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ട സമയം അതിക്രമിച്ചുവെന്ന് വയനാട് ദുരന്തം നമ്മോട് പറയുന്നുണ്ട്.
ഐക്യരാഷ്ട്ര സഭ 2030ഓടുകൂടി കൈവരിക്കാമെന്ന് പ്രതീക്ഷിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable development goal) എങ്ങനെ കൈവരിക്കണമെന്ന് പറയുന്നിടത്ത് ഊന്നൽകൊടുക്കുന്ന ഒരു കാര്യമുണ്ട്. വായു, മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവക്ക് കോട്ടംതട്ടാതെയുള്ള വികസനമായിരിക്കണം അതെന്നാണ്. എന്നാൽ, ഇന്ന് നടക്കുന്നതോ? മാവൂരിലെ ഗ്രാസിം ഗ്വാളിയർ റയോൺസ് കമ്പനിയിലേക്ക് വർഷങ്ങൾക്കുമുമ്പ് വയനാടൻ മലനിരകളിൽനിന്ന് വെട്ടിയിറക്കിയ മുളകളുടെ വിവരം മുതൽ വയനാട് മലയടിവാരങ്ങൾ കുത്തിത്തുരന്ന് തുരങ്കപാത നിർമിക്കാൻ പോകുന്ന കാര്യങ്ങൾ വരെ പലതും ലേഖനത്തിൽ ആശങ്കയോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഇക്കാലമത്രയും വയനാടൻ മലനിരകളിൽ നടന്നതെന്താെണന്ന് വിലയിരുത്തിയാൽ പ്രശ്നത്തിന്റെ ചിത്രം ഏറക്കുറെ വ്യക്തമാകും. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതം കേരളത്തിന്റെ ആകമാനമുള്ള നിലവിളിയായി കാതിൽ വന്നടിക്കുമ്പോൾപോലും പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ഒന്നും മിണ്ടിപ്പോകരുത് എന്നാണെങ്കിൽ ദുരന്തങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വരുമ്പോൾ നമുക്ക് ഒരുമിച്ചിരുന്ന് കണ്ണീർ വാർക്കാം. അല്ലാതെ എന്തുപറയാൻ?
കടുവകൾ നീതി പാലിക്കണമെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുന്നവരോട് ഒരു ചോദ്യം, കടുവകൾ നീതി പാലിച്ചാലും നമ്മൾ മനുഷ്യർ നീതി പാലിക്കുമോ? പ്രകൃതിയോടും ആവാസ്ഥവ്യവസ്ഥയോടും നീതികേട് കാട്ടിയതിന്റെ ഫലമല്ലേ വയനാട് പോലുള്ള ദുരന്ത ചിത്രങ്ങൾ? പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയാൽ ജാലിയൻ വാലാ ബാഗ് ആവർത്തിക്കുമെന്ന് ഭീഷണി മുഴക്കുന്നവർ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും ജീവിതവും നൽകിയവരെ അവഹേളിക്കുകയല്ലേ? അനേകം പേർ ജീവൻ ഹോമിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ രക്തപങ്കിലമായ ഒരധ്യായമാണല്ലോ ജാലിയൻ വാലാ ബാഗ്.
അതെന്താണെന്നുപോലും അറിയാത്തവരാണോ ഇത്തരം ആക്രോശങ്ങൾ നടത്തുന്നതെന്ന് ആലോചിച്ചുപോകുന്നു. കടുവയെ നീതി പഠിപ്പിക്കാൻ ഇറങ്ങി പുറപ്പെടുന്നവരും ജാലിയൻവാലാ ബാഗ് ഭീഷണി മുഴക്കുന്നവരുമൊക്കെയും കാര്യങ്ങൾ യഥാവിധി മനസ്സിലാക്കിയാൽ അത്രയും നല്ലത്.
മണ്ണിടിച്ച് റിസോർട്ടുകൾ പണിഞ്ഞവർക്കോ പണിഞ്ഞുകൊണ്ടിരിക്കുന്നവർക്കോ കാര്യമായിട്ട് ഒന്നും സംഭവിച്ചില്ല. തോട്ടം തൊഴിലാളികളും, കർഷകരും സാധാരണക്കാരുമൊക്കെയാണ് ഒരു നാടിനൊപ്പം ഒറ്റ രാത്രികൊണ്ട് ഒലിച്ചുപോയത്, അവർ നിറം പിടിപ്പിച്ച സ്വപ്നങ്ങളും. സന്ധ്യ മയങ്ങിയാൽ ഒന്നു തല ചായ്ക്കാൻ ആകാശം മേലാപ്പാക്കിയിരുന്നവർ എങ്ങനെയെങ്കിലും ഒരു കിടപ്പാടം കണ്ടെത്തിയ സ്ഥലമാണ് ഉരുൾ എടുത്തത്. അതിനൊക്കെ ഒരു വലിയ പരിധി വരെ കാരണക്കാർ നമ്മൾ അല്ലാതെ മറ്റാര്?
കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും കൂട്ടിക്കലിലും ഇപ്പോൾ മുണ്ടൈക്കയിലും ചൂരൽമലയിലുമെല്ലാം സംഭവിച്ചത് പ്രകൃതി ദുരന്തങ്ങളാണ്. അതിന് നമ്മൾ ഒരു വലിയ പരിധി വരെ ഉത്തരവാദികളാണ് എന്നത് ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്നാൽ, അരക്കോടിയിലേറെ ജനങ്ങളുടെ തലക്കു മുകളിൽ മനുഷ്യർതന്നെ പടുത്തുയർത്തിയിരിക്കുന്ന ജലബോംബായ മുല്ലപ്പെരിയാർ അണക്കെട്ടോ? ഈ വിഷയത്തിൽ ജനലക്ഷങ്ങൾ പതിറ്റാണ്ടുകളായി ആശങ്കയിലാണ്.
ആ ഭയാശങ്കകൾ പലപ്പോഴായി പലരൂപത്തിൽ പ്രത്യക്ഷപ്പെടാറുമുണ്ട്, ഇപ്പോൾ കൂടുതലും സാമൂഹിക മാധ്യമങ്ങളിലാണെന്നു മാത്രം. ഭയപ്പാടിന്റെ നിഴലിൽ കഴിയുന്ന ജനം ആശങ്കകൾ പങ്കുവെക്കുക സ്വാഭാവികം. അതിന് അവരുടെ മേൽ കുതിര കയറാതെ ഉത്തരവാദിത്തപ്പെട്ടവർ ചെയ്യേണ്ടത് ആശങ്ക നീക്കുക എന്നുള്ളതാണ്, അത് കേവലം വായ്ത്താരികൊണ്ട് ബോധ്യപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നവർ, മനുഷ്യനിർമിത അണക്കെട്ട് പൊട്ടിയുണ്ടാകാവുന്ന ദുരന്തങ്ങളുടെ വ്യാപ്തി എത്രയെന്ന് കണ്ടു പഠിച്ചിട്ടേ എന്തെങ്കിലുമൊക്കെ ചെയ്യുകയുള്ളൂ എന്നാണെങ്കിൽ ‘മുല്ലപ്പെരിയാർ അണക്കെട്ട്’ പൊട്ടരുതേയെന്ന് പ്രാർഥിക്കാനേ നമുക്ക് കഴിയൂ.
ഒരു ദുരന്തം ഉണ്ടായി കഴിഞ്ഞാൽ രക്ഷാപ്രവർത്തനങ്ങൾക്കായി അതിലേക്ക് കൈയും മെയ്യും മറന്ന് ഇറങ്ങുന്ന മലയാളികളുടെ ഐക്യബോധം എക്കാലവും മാതൃകാപരവും പ്രശംസനീയവുമാണ്. ദുരന്തഭൂമിയിൽ മാലാഖമാരെ പോലെ പറന്നിറങ്ങിയ നമ്മുടെ സൈനികർക്കും സന്നദ്ധ പ്രവർത്തകർക്കും യുദ്ധമുഖത്തെന്ന പോലെ പ്രവർത്തിച്ച ഓരോരുത്തർക്കും ഈ അവസരത്തിൽ നമുക്ക് ഒരു ബിഗ് സല്യൂട്ട് അർപ്പിക്കാം.
അപ്പോഴും നാം മുകളിൽനിന്നു കേൾക്കുന്ന ആജ്ഞ ഇപ്പോൾ രക്ഷാപ്രവർത്തനം മാത്രം നടത്തിയാൽ മതി, ഉരുൾപൊട്ടലിന്റെ കാരണമൊന്നും അന്വേഷിക്കേണ്ടയെന്നാണ്. കാലാവസ്ഥ വ്യതിയാനമാണ് വയനാട് ദുരന്തത്തിന്റെ കാരണമെങ്കിൽ അത്തരം കാലാവസ്ഥ വ്യതിയാനത്തിന് നമ്മൾ എങ്ങനെ കാരണക്കാരാകുന്നു എന്നുകൂടി അറിഞ്ഞിരിക്കേണ്ടതല്ലേ? കടുവകൾ വിശപ്പുമാറ്റാൻ ഇരയെ തേടുന്ന സമയത്ത് നീതികേട് കാണിച്ചാലും വിശപ്പു മാറുന്ന സമയത്തെങ്കിലും നീതി കാണിക്കുമെന്ന് അനുമാനിക്കാം.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
മുറിവൈദ്യന്മാർ സ്വൈരവിഹാരം നടത്തുമ്പോൾ
‘ദുരന്തവും രോഗവും’ എന്ന ശീർഷകത്തിൽ ഊന്നിനിന്നുകൊണ്ടുള്ള മാധ്യമം ആഴ്ചപ്പതിപ്പ് 1381ാം ലക്കം ശ്രദ്ധേയമായി. മലയാളം കണ്ട ശ്രദ്ധേയ ആരോഗ്യ പതിപ്പുകളിൽ ഇടം നേടാൻ മാത്രം പര്യാപ്തമാണ് പ്രസ്തുത ലക്കം. ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രം, സംഗീതം, കല തുടങ്ങി ജീവിതത്തിന്റെ വൈവിധ്യമാർന്ന മേഖലകളെ പ്രതിനിധാനംചെയ്യുന്ന അക്ഷരക്കൂട്ടമായി മാധ്യമം ആഴ്ചപ്പതിപ്പ് ഇതിനകം മാറിക്കഴിഞ്ഞു.
രാജ്യനിവാസികളുടെ ജീവിതത്തിനും ആരോഗ്യത്തിനും മുഖ്യ പരിഗണന നൽകുന്ന യൂറോപ്യൻ -ഗൾഫ് നാടുകളെ അപേക്ഷിച്ച് ഇന്ത്യയിലെ ശരാശരി മനുഷ്യരുടെ ജീവിതനിലവാരം എത്രയോ താഴെയാണ്. പൗരന്മാരുടെ സ്വത്തിനും ജീവനും ഏറെ വിലകൽപിക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ പൗരസമൂഹത്തിന്റെ നിലയും വിലയും ഏറെ പരിതാപകരംതന്നെ!
കൂൺപോലെ മുളച്ചുപൊന്തുന്ന ഭക്ഷണശാലകളും ക്ലിനിക്കുകളും കൊണ്ട് നിബിഡമാണ് നമ്മുടെ സംസ്ഥാനം. റസ്റ്റാറന്റുകളിൽനിന്നും തട്ടുകടകളിൽനിന്നും ട്രെയിനുകളിൽനിന്നും വിതരണംചെയ്യപ്പെടുന്ന വൃത്തിഹീനമായ ഭക്ഷണം പൊതുജനാരോഗ്യത്തെ െതല്ലൊന്നുമല്ല ദോഷകരമായി ബാധിക്കുന്നത്.
ഭക്ഷണം തയാറാക്കുന്ന അടുക്കളകളും റസ്റ്റാറന്റുകളും തട്ടുകടകളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വൃത്തിയും വെടിപ്പുമില്ലാത്ത പാചകക്കാർ തയാറാക്കുന്ന ഭക്ഷണത്തിൽ മായം കലർത്തി അമിതവില ഈടാക്കി പൊതുജനങ്ങളെ ചൂഷണംചെയ്യുന്നതും സർവസാധാരണമാണ്. ഇത് തടയാനോ നിയന്ത്രിക്കാനോ നമ്മുടെ നാട്ടിൽ നിയമസംവിധാനങ്ങളില്ല. ഉണ്ടെങ്കിൽ തന്നെ അതെല്ലാം തീർത്തും പരാജയമാണ്. പൊതുജനാരോഗ്യം നശിക്കുന്നിടത്താണ് ആതുരാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും വളർന്നുവരുന്നത് എന്നോർക്കുക.
രോഗികൾക്ക് ആശ്വാസവും സമാധാനവും നൽകേണ്ട ഭിഷഗ്വരന്മാരും ആതുരാലയങ്ങളും അവരെ പിഴിഞ്ഞ് തടിച്ചുകൊഴുക്കുകയാണ്. യോഗ്യതയില്ലാത്തവരും വ്യാജന്മാരുമായ ഡോക്ടർമാരും അക്യുപങ്ചർ നടത്തിപ്പുകാരും ചേർന്ന് ആരോഗ്യമേഖലയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം മുറിവൈദ്യന്മാരുടെ ഉപദേശങ്ങളിൽപ്പെട്ട് ധാരാളം ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു.
എന്നിട്ടും നമ്മുടെ സർക്കാറും പൊതുസമൂഹവും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. രോഗമുണ്ടാകുമ്പോൾ ചികിത്സ നിഷേധിക്കുകയും നിരുത്സാഹപ്പെടുത്തുകയും മന്ത്രവാദങ്ങളിലും മറ്റു അന്ധവിശ്വാസങ്ങളിലും അഭയം തേടുകയും ചെയ്യുന്നവരുമുണ്ട്. അവരെ ചൂഷണംചെയ്യാനായി മതത്തിന്റെയും ജാതിയുടെയും മറവിൽ ധാരാളം ചതിക്കുഴികളുമുണ്ട്. രോഗചികിത്സക്ക് പകരം മന്ത്രവാദം മതിയെന്ന് പരസ്യമായി പ്രഖ്യാപനം നടത്തുന്ന നൂറു ശതമാനം സാക്ഷരത നേടിയ സംസ്ഥാനമാണ് നമ്മുടേത് എന്നുകൂടി ഓർക്കുമ്പോഴാണ് ഇത്തരം പതിപ്പുകൾക്ക് പ്രസക്തിയേറുന്നത്.
(സുബൈർ കുന്ദമംഗലം)