എഴുത്തുകുത്ത്
ജാതിയാൽ പുറത്തായ റോസി
ജാതിയാൽ പുറത്തുനിൽക്കേണ്ടി വരുന്ന പി.കെ. റോസി, ജാതിയിൽ ദൈവമായി വാഴ്ത്തപ്പെടുന്ന മന്നം –ജാതി ചിന്തയുടെ രണ്ടു ധ്രുവങ്ങളിലെ വിഭിന്ന വർത്തമാനം ആധാരമാക്കിയ ആഴ്ചപ്പതിപ്പിലെ രണ്ട് ലേഖനങ്ങൾ (ലക്കം: 1382) നാം മനസ്സിൽ കെട്ടിപ്പൊക്കിയ നവോത്ഥാനങ്ങളിലെല്ലാം പറയുംപോലെ നവോത്ഥാന മൂല്യങ്ങൾ ഇല്ലെന്നുള്ള വെളിപ്പെടുത്തലായി. പി.കെ. റോസിയുടെ കാര്യമെടുത്താൽ ഉത്തരവാദപ്പെട്ടവരോ അല്ലെങ്കിൽ പൊതുസമൂഹമോ കാണാതെപോയ ഒന്നുണ്ട്.
അതാണ് അവർ നേരിട്ട ജാതിവിവേചനം. ആ ചരിത്രവും വസ്തുതകളുമാണ് രാജേഷ് കെ. എരുമേലി ‘റോസിയുടെ പേരിൽ പുരസ്കാരം നൽകാൻ വൈകേണ്ടതുണ്ടോ?’ എന്ന തലക്കെട്ടിൽ ഹ്രസ്വമെങ്കിലും നിരവധി റഫറൻസുകളുടെ അടിസ്ഥാനത്തിൽ എഴുതിയ ലേഖനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള സിനിമാ ലോകത്തെ ഒച്ചപ്പാട് കേരളത്തിന് പുറത്ത് ദേശീയതലത്തിലും പടർന്നു തുടങ്ങിയിരിക്കുന്നു. ചിലരുടെയൊക്കെ ആസ്ഥാന ഇരിപ്പിടങ്ങൾ തെറിക്കുമെന്നായിരിക്കുന്നു. ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളൊക്കെ തന്നെയും വർഷങ്ങൾക്കു മുമ്പേ പൊതുജനം ‘അടക്കംപറഞ്ഞിരുന്ന’ കാര്യങ്ങൾതന്നെയായിരുന്നു. ഇന്ന് ഉത്തരവാദപ്പെട്ടവരിൽനിന്നു പുറത്തുവന്നപ്പോൾ അത് ചർച്ചയായി എന്നുമാത്രം. അപ്പോൾ പറഞ്ഞു വരുന്നത്, ഒരുപക്ഷേ ഇത്രയുമോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന നടിയായിരുന്നു പി.കെ. റോസി എന്നാണ്, അതും ദലിതായതുകൊണ്ട് ജാതിയുടെ പേരിൽ.
മലയാള സിനിമ അതിന്റെ യാത്ര നൂറു വർഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിലെങ്കിലും പി.കെ. റോസി മലയാള സമൂഹത്തിന് മൊത്തത്തിലും മലയാള സിനിമക്ക് പ്രത്യേകിച്ചും അന്യമാകരുത്. അവർ നേരിട്ട കൊടിയ ജാതിവിവേചനത്തിന് പരിഹാരമാകില്ല, എങ്കിൽപോലും ആ നടിയോടുള്ള ആദരവായി വർഷാവർഷം മലയാള സിനിമയിലെ മികച്ച നടിക്കു നൽകുന്ന പുരസ്കാരം പി.കെ. റോസിയുടെ പേരിൽ നൽകണമെന്ന ലേഖകന്റെ അഭിപ്രായം വളരെ ഗൗരവത്തിൽ എടുക്കേണ്ട ഒന്നുതന്നെയാണ്. അല്ലാതെ മികച്ച നടിക്കുള്ള അവാർഡ് എന്നത് ഒരു ടെക്നിക്കൽ പ്രശ്നമാണ് എന്ന വരട്ടുന്യായം പറഞ്ഞ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നവരെ പടിക്ക് പുറത്താക്കുകയാണ് വേണ്ടത്.
മന്നത്ത് പത്മനാഭനെ ദൈവമായി ഒരു വിഭാഗം കാണുന്നതിലെ ചിന്ത പങ്കുവെക്കുകയോ ചോദ്യംചെയ്യുകയോ ആണ് ജെ. രഘു ‘മന്നത്തെ ദൈവമാക്കുന്നത് എന്തുകൊണ്ട്?’ എന്ന ലേഖനത്തിൽ. മന്നത്തെ ദൈവമായി കാണണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ കാര്യവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവും. അതിൽ മറ്റൊരാൾ തലയിടേണ്ടതില്ല എന്നതാണ് വ്യക്തിപരമായ അഭിപ്രായം. മന്നത്ത് പത്മനാഭൻ എന്ന സാമൂഹിക പരിഷ്കർത്താവിനെക്കുറിച്ച് നാളിതുവരെ പുലർത്തിപ്പോന്ന ചില ധാരണകളെ തിരുത്താൻ പോന്ന വസ്തുതകൾ ലേഖകൻ പരാമർശിക്കുന്നത് കാണാതിരുന്നിട്ട് കാര്യമില്ല.
മന്നത്ത് പത്മനാഭൻ സ്കൂൾ രജിസ്റ്ററിൽനിന്നും സ്വന്തം പേരിനൊപ്പമുണ്ടായിരുന്ന പിള്ള, നായർ എന്നീ പദങ്ങൾ ഒഴിവാക്കിയ വ്യക്തിയാണെന്ന് വായിച്ചിട്ടുണ്ട്. സമുദായ-സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ സമുദായത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്തത് സ്വാഭാവികമെന്നേ ചിന്തിക്കാനായുള്ളൂ. മന്നത്തിന്റെ വിവാദമായ മുതുകുളം പ്രസംഗത്തെ കുറിച്ചും കേട്ടിട്ടുണ്ട്. എന്നാൽ, അതിൽ ഇത്രകണ്ട് ജാതീയതയുണ്ടായിരുന്നുവെന്നറിയുന്നത് നടാടെയാണ്. നവോത്ഥാന നായകനും പരിഷ്കരണവാദിയും അയിത്തോച്ചാടകനുമൊക്കെയായി വാഴ്ത്തപ്പെടുന്ന മന്നത്ത് പത്മനാഭനെ ദൈവമാക്കിയത് പൊതു കേരളമല്ല; നായർ സമുദായമാണ്. അത് ആ സമുദായത്തിന്റെ കാര്യം മാത്രമാണ്.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
കവടിയാർ ദാസിന്റെ ത്യാഗം കാണാതെ പോകരുത്
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1382) രാജേഷ് കെ. എരുമേലി എഴുതിയ റോസിയുടെ പേരിൽ പുരസ്കാരം നൽകാൻ വൈകേണ്ടതുണ്ടോ? എന്ന വിമർശനലേഖനം (ലക്കം: 1382) ശ്രദ്ധേയമായി.
മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനും ആദ്യ നിർമാതാവും സംവിധായകനും നായകനുമായിരുന്ന ജെ.സി. ഡാനിേയലും അതിലൂടെ ആദ്യ നായികയായി നാം അറിയുന്ന പി.കെ. റോസിയും ഒരു ദുരന്തമായി മാറിയിരുന്നു. ഇത് ചിലപ്പോൾ അക്കാലത്തെ ജാതിവ്യവസ്ഥിതിയുടെ കൂടി ക്രൂരത നിറഞ്ഞ സാഹചര്യങ്ങൾ ആകാം. പിന്നാക്കക്കാരും ദലിതരും ഒന്നിച്ചതെന്ന് പറയാവുന്ന ആദ്യ സിനിമ മലയാളത്തിന് സമ്മാനിച്ചാൽ അത് മാടമ്പിമാരുടെ മാനം ഇടിഞ്ഞുപോകുമെന്ന് കരുതി ചരിത്രത്തിൽ ഇടംനൽകാതെ മായ്ച്ചുകളയാൻ കരുതിക്കൂട്ടിയ സംഭവത്തിനുകൂടി ഇരയായവർ ജെ.സി. ഡാനിയേലും പി.കെ. റോസിയെന്ന രാജമ്മയുമാണ്.
എങ്കിലും, 1928ൽ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമ ‘വിഗതകുമാരൻ’ ഏറെ ചർച്ചചെയ്യാനും പൊതുജനം ശ്രദ്ധിക്കാനും ഇടയായതിനു പിന്നിൽ 2003ൽ ഇത് പുനഃസൃഷ്ടിക്കാൻ കവടിയാർ ദാസ് എന്ന ചലച്ചിത്രപ്രവർത്തകന്റെ ത്യാഗംകൂടി ഉണ്ടായിരുന്നുവെന്ന യാഥാർഥ്യം ഓർമിക്കാൻ ലേഖകർക്ക് കഴിയാതെ പോകുന്നുവെന്ന് തോന്നുന്നു.
എം.എം. ഹസൻ കേരളത്തിന്റെ സാംസ്കാരിക വകുപ്പുകൂടി കൈകാര്യം ചെയ്തിരുന്ന മന്ത്രിയായപ്പോഴാണ് ‘വിഗതകുമാരൻ’ വീണ്ടും പ്രദർശിപ്പിച്ചതെന്ന വസ്തുതകൂടി തിരിച്ചറിഞ്ഞാൽ ലേഖനം പൂർണതയിലാകുമെന്ന് വിശ്വസിക്കുന്നു.
എന്തായാലും മലയാള സിനിമയുടെ ആദ്യ നായിക ഏത് ജാതിക്കാരിയായാലും പി.കെ. റോസി എന്ന വസ്തുത അംഗീകരിക്കുന്നിടത്ത് എന്തുകൊണ്ട് അവരുടെ പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്താൻ വൈകുന്നു? അതിന് എനിക്ക് പെട്ടെന്ന് തോന്നുന്ന ഉഇത്തരം സർക്കാറിനെ നിയന്ത്രികുന്ന സവർണർ ആണെന്നതാണ്. അവാർഡ് ഉന്നതന്മാർക്ക് അൽപം പ്രയാസം തോന്നാവുന്ന കാര്യമാകാം.
വളരെ വൈകിയായാലും ജെ.സി. ഡാനിയേലിന്റെ പേരിൽ കേരള സർക്കാർ പുരസ്കാരം ഏർപ്പെടുത്തി. പിണറായി സർക്കാർ ദലിതർക്കും പിന്നാക്കക്കാർക്കും എന്തെങ്കിലുമൊക്കെ നന്മ ചെയ്യാൻ ശ്രമിച്ചിട്ടുള്ളതിനാൽ മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയുടെ പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്തുമായിരിക്കും.
(പൂഴിക്കുന്ന് സുദേവൻ, തിരുവനന്തപുരം)
വിനേഷ് ഫോഗട്ടിനോട് പകപോക്കലോ?
കായികമേഖലയിൽ പ്രതീക്ഷിച്ച ചലനങ്ങളൊന്നും ഉണർത്താതെയും എന്നാൽ ഇന്ത്യക്ക് മാരകമായ പ്രഹരമേൽപിച്ചുമാണ് പാരിസ് ഒളിമ്പിക്സ് കടന്നുപോയത്. സനിൽ പി. തോമസിന്റെ ‘ഗുസ്തിയും അതിർത്തിയില്ലാത്ത സൗഹൃദവും’ എന്ന ലേഖനം (ലക്കം: 1382) അതിന് അടിവരയിടുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ രണ്ടാംസ്ഥാനത്തേക്ക് തള്ളി പാകിസ്താന്റെ അർഷദ് നദീം 92. 97 മീറ്റർ ദൂരം എറിഞ്ഞ് സ്വർണമെഡൽ നേടിയതും സ്വർണത്തിന്റെ തൊട്ടരികെ എത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യയാക്കിയതും ഇന്ത്യക്ക് പ്രഹരമേൽപിച്ചു. അതോടെ ‘‘അമ്മേ, നിങ്ങളുടെ സ്വപ്നവും, എന്റെ ധൈര്യവുമൊക്കെ തകർന്നു. ഇതിലധികം പോരാടാൻ എനിക്കാവില്ല. ഗുസ്തിയുമായുള്ള പോരാട്ടത്തിൽ ഞാൻ പരാജയപ്പെട്ടു. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. എന്നോട് ക്ഷമിക്കണം. ഗുസ്തിയോട് വിട’’ –എന്നൊരു കുറിപ്പ് എഴുതിവെച്ച് ആ താരം കളിക്കളം വിട്ടു.
സ്വർണക്കടക്കാർപോലും തൂക്കത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്ന ഇക്കാലത്ത് ശരീരഭാരത്തിൽ 100 ഗ്രാം കൂടുന്നത് അത്ര വലിയ കാര്യമാണോ? അതും ഫൈനൽവരെ എത്തിയ ഒരാൾക്ക്? അതാണോ സ്പോർട്സ്മാൻ സ്പിരിറ്റ്? ഇതൊരു പകപോക്കലാണെന്ന് സംശയിക്കുന്നു. ബ്രിജ്ഭൂഷൺ ശരൺ സിങ്ങെന്ന ഇന്ത്യൻ ഗുസ്തിയിലെയും രാഷ്ട്രീയത്തിലെയും അതികായനെതിരെ ലൈംഗിക കുറ്റമാരോപിച്ച് സമരം ചെയ്തതിന് റോഡിലൂടെ വലിച്ചിഴക്കപ്പെട്ടവളാണ് വിനേഷ് ഫോഗട്ട്. അതിന്റെ പ്രതികാരാഗ്നിയാണ് അവളെ ഫൈനലിൽ എത്തിച്ച രാസത്വരകം. ഒരു ഒളിമ്പിക്സ് മെഡലുമായി ബ്രിജ്ഭൂഷന്റെ മുഖത്തേക്ക് വലിച്ചെറിയണമെന്ന അവളുടെ ആഗ്രഹമാണ് ആ 100 ഗ്രാം അധികഭാരം ഇല്ലാതാക്കിയത്! അതിൽ ഗൂഢാലോചന നടന്നുകാണാൻ സാധ്യത ഇല്ലാതില്ല.
പിൻകുറിപ്പ്: എല്ലാ ഒളിമ്പിക്സിലും സ്പോർട്സ്മാൻ സ്പിരിറ്റ് പ്രകടമാക്കുന്ന ഒരു സംഭവം നടക്കാറുണ്ട്. ഇത്തവണയും അതിന് ഭംഗം വന്നില്ല. ജാവലിൻ ത്രോയിൽ 92.97 മീറ്റർ എറിഞ്ഞിട്ട് തന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ പാകിസ്താന്റെ അർഷദ് നദീമിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച നമ്മുടെ നീരജ് ചോപ്രയാണ് പാരിസ് ഒളിമ്പിക്സിലെ മിന്നും താരം.
(സണ്ണി ജോസഫ്, മാള)
‘മാധ്യമം’ നിർവഹിക്കുന്നത് പ്രതിപക്ഷ ധർമം
കാളീശ്വരം രാജിന്റെ ‘ഓർമയിലെ ഋതുഭേദങ്ങൾ’ മികച്ച വായനാനുഭവമാണ്. ലക്കം 1379ൽ മാധ്യമത്തെക്കുറിച്ചുള്ള അനുഭവങ്ങൾ വായിച്ചു. സ്വതന്ത്രവും ധീരവുമായ ഇടപെടലുകളിലൂടെ സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ചായിരുന്നു മാധ്യമത്തിന്റെ വരവ്. അതിന്നും തുടരുന്നു എന്നു പറയുന്നതിൽ സന്തോഷമുണ്ട്. പൗരാവകാശം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിൽ പത്രത്തിന്റെ ഇടപെടൽ പത്രപ്രവർത്തനത്തിന്റെ പ്രതിപക്ഷസ്വഭാവത്തെ അടിവരയിടുന്നതായിരുന്നു.
ഓർമയിലെ ഋതുഭേദങ്ങൾ പങ്കുവെക്കാനായി മാധ്യമം ആഴ്ചപ്പതിപ്പുതന്നെ തിരഞ്ഞെടുക്കാൻ കാരണമായതും കാലത്തെ അതിജീവിച്ച ഈ വിശ്വാസമാണ്. ധീരമായ പത്രപ്രവർത്തനത്തെക്കുറിച്ച് കാളീശ്വരം രാജ് എഴുതുമ്പോൾ ഏതു സ്വതന്ത്ര ചിന്തകളും, അദ്ദേഹത്തിന്റെ അഭിപ്രായത്തെ സഹർഷം സ്വാഗതംചെയ്യുമെന്നുള്ളതിൽ തർക്കമില്ല. ഈയിടെ ഈയുള്ളവൻ അടിയന്തരാവസ്ഥയെ ന്യായീകരിച്ചെഴുതിയ കുറിപ്പ് മാധ്യമം ആഴ്ചപ്പതിപ്പ് അതിന്റേതായ ഗൗരവത്തോടെ പ്രസിദ്ധീകരിച്ചത് ഓർക്കുമ്പോൾ കാളീശ്വരത്തിന്റെ അഭിപ്രായത്തോട് നിശ്ശങ്കം യോജിക്കാതിരിക്കാനാകില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാവൽക്കാരനായി മാധ്യമം അഭംഗുരം തുടരുമെന്നുള്ളതിൽ സംശയിക്കേണ്ടതില്ല. കാളീശ്വരം രാജിനും മാധ്യമത്തിനും അകൈതവമായ അഭിനന്ദനങ്ങൾ.
(ടി.ടി. ഗോപാലകൃഷ്ണ റാവുതെക്കേടത്ത്, തൃപ്പൂണിത്തുറ)