എഴുത്തുകുത്ത്
‘മാധ്യമം’ കാലത്തിനൊപ്പം
‘‘വായിക്കുന്നവർക്ക് ഒരിക്കലും മതിയാവാറില്ല. നല്ല വായനക്കാരാകട്ടെ ഒരിക്കലും തൃപ്തരാവുകയുമില്ല. ഭക്ഷണംപോെലയല്ല വായന, മതിയെന്ന് നല്ല വായനക്കാർ ഒരുവേളപോലും പറയില്ല. ആർത്തിയോടെ, കൊതിയോടെ അവർ വായന തുടരും. പന്തികൾ മാറിമാറി അവർ പ്രയാണം തുടരും.’’
മേൽ ഉദ്ധരിച്ച വരികൾ മാധ്യമം വാർഷികപ്പതിപ്പിന്റെ പത്രാധിപ കുറിപ്പിൽനിന്നുള്ളവയാണ്. ഈ വരികളിലുണ്ട് വായനക്കാർക്ക് ഈ നൽകപ്പെട്ടത് ഒന്നുമല്ലെന്നും ഇവയേക്കാൾ മെച്ചപ്പെട്ടത് നൽകാൻ സാധിക്കണമേ എന്ന ആഗ്രഹവും. ഈ ആഗ്രഹമാണ് ‘മാധ്യമ’ത്തെ എന്നും വേറിട്ട് നിർത്തുന്നത്. ഞങ്ങൾ നൽകുന്നതാണ് എല്ലാത്തിലും മികച്ചത് എന്ന വീമ്പുപറച്ചിലോടെയല്ല, എല്ലാം വായനക്കാർ തീരുമാനിക്കട്ടെ, വിമർശനമാണേലും നല്ല വാക്കുകളാണേലും സ്വാഗതം. തെറ്റുകുറ്റങ്ങളുെണ്ടങ്കിൽ ചൂണ്ടിക്കാണിക്കാം. അവയെ തിരുത്താൻ അടുത്തതിൽ ശ്രമിക്കും. എന്നും വേറിട്ട ചിന്തകൾക്ക് മാധ്യമം വഴിയൊരുക്കുന്നു.
കാലത്തിനൊപ്പം സഞ്ചരിക്കുന്നു. അതതു കാലത്തിനനുസരിച്ചുള്ള ചർച്ചകൾക്ക് ഇടംനൽകുന്നു. എഴുത്തുകാരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മുഖചിത്രം ശ്രദ്ധേയം. മുതിർന്ന എഴുത്തുകാർക്കൊപ്പം നിൽക്കുന്ന യുവ എഴുത്തുകാർ തികച്ചും വേറിട്ട കാഴ്ചയാണെന്നതിൽ സംശയമില്ല. കായികം, വിനോദം, സർഗസംവാദം എല്ലാം ഒരു കുടക്കീഴിൽ. വായനക്കാരുടെ താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാം.
കഥ, കവിത, സംഭാഷണം, ജീവിതം ഒന്നും മാറ്റിനിർത്തുന്നില്ല. ഏതുതരം വായനക്കാരെയും തൃപ്തിപ്പെടുത്താൻ പോന്നവ എല്ലാമുണ്ട്. മെറ്റാ കാലത്തെ തലമുറ വിചാരങ്ങൾ. ന്യൂജെൻ കാലത്തെ ചിന്തകൾക്ക് അവസരമൊരുക്കുന്നു. യുവ എഴുത്തുകാരി ജിൻഷ ഗംഗയടക്കമുള്ളവർ ചർച്ചയിൽ പങ്കുചേരുന്നു. പുതിയ തലമുറയുടെ വായനയെയും കാലഘട്ടത്തെയും രാഷ്ട്രീയ നിലപാടുകളെയും സിനിമാ സങ്കൽപങ്ങളെയും ജീവിത നിരീക്ഷണങ്ങളെയും വ്യക്തമാക്കുന്നു ജിൻഷ ഗംഗ.
കവി സച്ചിദാനന്ദൻ, സംവിധായകൻ ശ്യാമപ്രസാദ്, ഇഖ്റ ഹസൻ ചൗധരി, ഡോ. പരകാല പ്രഭാകർ, കുടമാളൂർ ജനാർദനൻ എന്നിവരുമായുള്ള അഭിമുഖം, മധുപാലിന്റെ ജീവിതമെഴുത്ത്... എല്ലാം വായനക്ക്, ചിന്തകൾക്ക് വിരുന്നൊരുക്കി. നടൻ മധുപാലിന്റെ സിനിമാ അനുഭവം ‘പാഥേയം’ എന്ന എക്കാലത്തേയും മികച്ച സിനിമയെ വായനക്കാരുടെ ഓർമകളിലേക്ക് കൊണ്ടുവരാൻ കാരണമായി. പ്രതിഭകളുടെ സംഗമമായിരുന്നു ആ സിനിമ. ഭരതൻ, മമ്മൂട്ടി, ഭരത് ഗോപി, നെടുമുടി വേണു, നായികയായ ചിപ്പിയുടെ ആദ്യ ചിത്രം.
ഗാനരചന കൈതപ്രം, സംഗീതം ബോംബെ രവി, ഗായകർ യേശുദാസ്, ചിത്ര. ആ സിനിമയുമായി ബന്ധപ്പെട്ടവയെല്ലാം പ്രേക്ഷകർ ഒറ്റശ്വാസത്തിൽ പറയുന്ന സിനിമ. ‘‘ചന്ദ്രകാന്തംകൊണ്ട് നാലുകെട്ട്’’, ‘‘രാസനിലാവിനു താരുണ്യം’’ എന്നീ ഗാനങ്ങൾ എങ്ങനെ മറക്കും. പക്ഷേ, ആ കാറ് ചിത്രീകരണത്തിന് ലഭിച്ചോ എന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള അവസാനിപ്പിക്കൽ. ഇനിയും തുടർച്ചകളുണ്ടാകുമെന്ന് സാരം. അവ വായിക്കാൻ അടുത്ത വർഷംവരെ കാത്തിരിക്കണോ എന്ന ചിന്തകളെ മാറ്റിനിർത്തിയാൽ മറ്റെല്ലാംകൊണ്ടും വായനക്കാരെ നിരാശപ്പെടുത്തിയില്ലെന്നു തന്നെ പറയാം; ഇതിനു പിന്നിലെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട്.
ഫൈസൽ ടി.പി (ഫേസ്ബുക്ക്)
ഓണപ്പതിപ്പുകളേക്കാൾ വായിക്കാനുള്ളത്
ഓണപ്പതിപ്പുകളേക്കാൾ വായിക്കാനുള്ളത് ഇത്തവണത്തെ (ലക്കം : 1387) ആഴ്ചപ്പതിപ്പിലാണല്ലോ എന്നു തോന്നി. വിജു വി. നായരുടെ പംക്തി, ‘ഒറ്റാലും തെറ്റാലിയും’ ഈ ലക്കം മുതലാണ് ആരംഭിക്കുന്നത്. മാധ്യമം പത്രത്തിലെ വിജുവിന്റെ പഴയ പംക്തിയുടെ പേരായിരുന്നു ‘വെള്ളെഴുത്ത്’. അങ്ങനെയൊന്ന് ഉണ്ടെന്നറിയുന്നത്, വളരെ കഴിഞ്ഞിട്ടാണ്. മാധ്യമം പത്രം കൈയിൽ കിട്ടിയിരുന്നില്ല എന്നതാണ് കാരണം. സാഹിത്യേതരമായ പുസ്തകങ്ങളിലെ ആശയങ്ങളെ സമകാലിക സാമൂഹിക സംഭവങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്ന ലേഖനങ്ങളായിരുന്നു, കലാകൗമുദിയുടെ സുവർണകാലത്തുള്ള വായനാനുഭവങ്ങളിലൊന്ന്.
സാങ്കേതികമായ എഴുത്തുകൾ വരുന്നതിനു മുമ്പ് ഇംഗ്ലീഷ് കൂട്ടിക്കലർത്തിയ മിശ്രഭാഷയായിരുന്നു വിജുവിന്റെ എഴുത്തിന്റെ തനിമ. അതു മാത്രമല്ല. അതിന്റെ വേഗതയാണ് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന മറ്റൊരു പ്രത്യേകത. കൂടെ പിടിക്കാവുന്ന ഒഴുക്കല്ല അതിനുള്ളത്. അത്ഭുതകരമായ കാര്യം, ഇപ്പോഴും മിശ്രതക്ക് കുറവു വന്നിട്ടുണ്ടെങ്കിലും എഴുത്തിന്റെ വേഗത്തിന് ലവലേശം മാറ്റമുണ്ടായിട്ടില്ലെന്ന് ‘ഉദകപ്പോള’ തെളിവു നൽകുന്നു. അപായഭീതി എങ്ങനെ സമൂഹമാധ്യമങ്ങളെ സമ്പർക്കത്തിൽ നിർത്താൻ വ്യക്തിയെ സഹായിക്കുന്നു എന്ന് വിജു വിശദീകരിക്കുന്നു.
‘തൃപ്തിപ്പെടുത്തലും മതിയാകലും’ കൂട്ടിച്ചേർത്ത് ഹെർബർട്ട് സൈമൺ സൃഷ്ടിച്ച പുതിയ (കാലത്തിന്റെ) വാക്ക് ‘സാറ്റിസ്ഫൈസ്’ പുതിയ ഏകാകി സമൂഹങ്ങൾക്കും സമൂഹാംഗങ്ങൾക്കുമുള്ള ഭരതവാക്യമാകുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിൽ പ്രതിയോഗികളായിരുന്ന റഷ്യയുടെയും ജർമനിയുടെയും കാര്യത്തിൽ വേണ്ടതിലധികം ആയുധസാമഗ്രികളുണ്ടായിരുന്ന ജർമനിയുടെ വിജയസാധ്യത റഷ്യക്കു മുന്നിൽ തകർന്നടിഞ്ഞതെങ്ങനെയെന്ന് ചരിത്രകാരനായ റിച്ചാർഡ് ഓവറിയുടെ വസ്തുതാന്വേഷണത്തെ വെച്ചുകൊണ്ട് എത്തിച്ചേരുന്ന നിഗമനം ‘തൃപ്തിയായത്ര മതി’യെന്നാണ്. വ്യക്തിക്കു മാത്രമല്ല, രാഷ്ട്രങ്ങൾക്കും ബാധകമാണ് ഈ നിർദേശം.
പത്തു കവിതകളാണ് മറ്റൊരു ആകർഷണം. കളത്തറ ഗോപന്റെയും എ.കെ. റിയാസ് മുഹമ്മദിന്റെയും സുകുമാരൻ ചാലിഗദ്ധയുടെയും ഉദയ പയ്യന്നൂരിന്റെയും ശ്രീകാന്ത് താമരശ്ശേരിയുടെയും ഹരീഷ് ശക്തിധരന്റെയും കവിതകൾ പ്രത്യേകം പ്രത്യേകം വായന ആവശ്യപ്പെടുന്നതാണ്. ജയശ്രീ പള്ളിക്കലിന്റെ ‘ഫിസ്ക്വിന’ എന്ന കവിതാശീർഷകത്തിന്റെ അർഥം ഫിന്നിഷിലാണ് അന്വേഷിക്കേണ്ടത്, മീൻകാരിയെന്നാണ്. ബൈബിളിലെ പ്രേതാവിഷ്ടനായ ലെഗിയോന്റെ പേരാണ് ബാബു സക്കറിയയുടെ കവിതക്ക്.
വൈകാരികതക്കൊപ്പം ബൗദ്ധികതയിലേക്കുകൂടി കൂടുമാറുന്നതിന്റെ ലക്ഷണങ്ങൾ കവിതകൾക്കുണ്ട്. അതുകൊണ്ട് സമകാലികമായ സമൂഹത്തിന്റെയും ലോകത്തിന്റെയും സാംസ്കാരികതയുടെയും ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത സ്വഭാവം ഏറ്റുവാങ്ങുന്ന സമാഹാരമായി ഈ പത്തു കവിതകളുംകൂടി ആഴ്ചപ്പതിപ്പിനെ മാറ്റുന്നു എന്നു പറഞ്ഞാലും ശരിയാവും.
ബി. രാജീവൻ അദ്ദേഹത്തിന്റെ അഭിമുഖത്തെപ്പറ്റി കത്തെഴുതിയ സൗരത് പി.കെക്ക് നൽകുന്ന മറുപടിയിൽ ‘‘മനുഷ്യരുടെ സാമൂഹികജീവിതത്തിന്റെ എല്ലാ ആന്തരിക സ്വകാര്യതകളിൽനിന്നും മുക്തമായ തികച്ചും യുക്തിബദ്ധമായ ഒരു ആധുനിക പൗരസമൂഹ പൊതുമണ്ഡല സങ്കൽപവും അതിന്റെ ശുദ്ധരാഷ്ട്രീയവും’’ അപ്രായോഗികമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ജാതിയെ മുൻനിർത്തിയുള്ള നീക്കുപോക്കുകളുടെ പേരിൽ ശുദ്ധ ആദർശവാദികൾ ഉണ്ടാക്കുന്ന മാറ്റത്തെ അവഗണിക്കുന്നതിലും ആദർശാത്മകമായ ലോകം ആകാശത്തുനിന്ന് ഇറങ്ങിവരുന്നത് കാത്തിരിക്കുന്നതിലുമുള്ള അസംബന്ധത്തെ ഒന്നുകൂടി ഊന്നിപ്പറയുകയാണ് രാജീവൻ. ദെല്യൂസിന്റെ കീഴാള രാഷ്ട്രീയ സങ്കൽപത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എന്നപോലെ മലയാള ഭാഷയുടെയും പശ്ചാത്തലത്തിൽ കൂടുതൽ വികസിച്ചു വരുകയാണ് രാജീവന്റെ വാക്കുകളിലൂടെ എന്നാണ് ‘ലിബറൽ സെക്കുലറിസത്തിന്റെ കീഴാളവിരുദ്ധത’ വായിച്ചപ്പോൾ അനുഭവപ്പെട്ടത്.
അബ്ദുൽ അലി ജാമൂസ് ഫലസ്തീൻ കവിയായ മഹ്മൂദ് ദർവീശിനെപ്പറ്റി നടത്തിയ അഭിമുഖം, എം.ജി. രാധാകൃഷ്ണന്റെ സീതാറാം യെച്ചൂരി അനുസ്മരണം, സിദ്ധാന്തങ്ങളുടെ വരവിനെപ്പറ്റി ഡോ. സി. ഗോപിനാഥ പിള്ളയുടെ ലേഖനം, മാർക്സ്-അംബേദ്കർ ആശയപ്പൊരുത്തത്തെപ്പറ്റിയുള്ള പി.പി. സത്യന്റെ ലേഖനം എന്നിങ്ങനെ വായനക്ക് അനുഭവം പകരുന്ന മറ്റു വിഭവങ്ങളെപ്പറ്റിയും പറയാം.
സുഭാഷ് ഒട്ടുംപുറത്തിന്റെ കഥക്ക് സലീം റഹ്മാൻ വരച്ച ചിത്രമാണ് കവർ. എഴുത്തുകാരന്റെ ചിത്രം കൊടുക്കുക എന്ന പതിവിൽനിന്നു വ്യത്യസ്തമാണിത്. സ്വാഭാവികമായും പത്രാധിപർ ഒരു കഥയെ ആഴ്ചപ്പതിപ്പിന്റെ മുഖ്യവിഭവമായി അവതരിപ്പിക്കണമെങ്കിൽ അതിൽ കഥക്കൊപ്പം കാര്യവും ഉണ്ടാവണമല്ലോ. ‘ധൃതരാഷ്ടം’ രാഷ്ട്രീയ കഥയാണ്. മാതൃഭൂമിയിൽ അശോകൻ ചരുവിൽ എഴുതിയ ‘ഫാഷിസത്തിനെതിരെ ഒരു നാടകവും’ കൈകാര്യം ചെയ്യുന്നത് സമകാലിക ദേശീയ രാഷ്ട്രീയത്തെയാണ്.
അശോകൻ ചരുവിലിന്റെ കഥയിലെന്നപോലെ പ്രാദേശികമായി ആ വിഷയത്തെ സുഭാഷ് ചാലിച്ചെടുക്കുന്നില്ല. പകരം സമാനമായ ആശങ്കയെ രൂപകാത്മകമാക്കി അവതരിപ്പിക്കുകയാണ്. അതുകൊണ്ട് കഥയുടെ ഒച്ച സൗമ്യമാണ്. ചരുവിലിന്റെ കഥയിൽ ഫാഷിസം പരിചിതമായ ഒരനുഭവമാണ്. അനുഭവങ്ങൾക്കു മേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമാണ്. അത് കൂടുതൽ വിവൃതമാണ്. അതിന്റെ ദിശ സൂക്ഷ്മവും പലതായി ചിതറുന്നതുമാണ്. സുഭാഷിന്റേത് സാമാന്യവത്കരിക്കാൻ പറ്റാത്ത തരത്തിലുള്ള അപരിചിതവും അപൂർവവുമായ അനുഭവാഖ്യാനമാണ്. അതിനു മൂർച്ചയേറിയ ഒറ്റക്കൊമ്പാണുള്ളത്. അതാണ് വ്യത്യാസം.
ആർ.പി. ശിവകുമാർ,ഫേസ്ബുക്ക്
സുന്ദരമുഖങ്ങളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന വികൃത മനസ്സുകൾ
ഭാഗികമായി പുറത്തുവന്നിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷമായി സർക്കാർ മറച്ചുവെച്ചതിന്റെ രഹസ്യം ഇപ്പോഴാണ് മനസ്സിലാകുന്നത്. അതിലൂടെ മലയാള സിനിമയിലെ ആരോപണവിധേയരായ നിരവധി ലൈംഗിക ക്രിമിനലുകളുടെ വിളറിവെളുത്ത മുഖങ്ങൾ കണ്ട് സിനിമാസ്നേഹികൾ അന്തംവിട്ടു നിൽക്കുന്നു. അവരിൽ പലരും മനസ്സിൽ പൂവിട്ടാരാധിച്ചിരുന്ന വിഗ്രഹങ്ങളിൽ ചിലതാണ് ഉടഞ്ഞുതരിപ്പണമായത്. ഈ റിപ്പോർട്ടിനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എഴുതിയ ‘മലയാള സിനിമയിലെ ക്രിമിനലുകൾ’ എന്ന തുടക്കം അസ്സലായി (ലക്കം: 1383).
സുന്ദരമുഖങ്ങളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന വികൃതമനസ്സുകളെയാണ് അതിലൂടെ അദ്ദേഹം അനാവരണംചെയ്തിരിക്കുന്നത്. സ്ത്രീശരീരം കണ്ടാൽ ലൈംഗികമായി അതെങ്ങനെ ചൂഷണം ചെയ്യാനാകും എന്ന ചിന്തയോടെ അടുത്തുകൂടുന്ന കഴുകജന്മങ്ങളാണവർ എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടും ഈ ‘തുടക്ക’വും പറഞ്ഞുതരുന്നു. ഇങ്ങനെയൊരു റിപ്പോർട്ട് തയാറാക്കാൻ വിശ്വസ്തനും തൊഴിലിൽ പ്രഗല്ഭനുമായ ഒരു സ്റ്റെനോഗ്രാഫറെ കണ്ടെത്താനാകാതെ ഹേമ കമ്മിറ്റി തന്നെ ഏറെ സമയമെടുത്ത് ടൈപ് ചെയ്തെടുക്കുകയായിരുന്നുവത്രേ! മൊഴി കൊടുത്തവരും കുറ്റാരോപിതരും സെലിബ്രിറ്റികളായതിനാൽ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമായിരുന്നു.
സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകളാണ് വേട്ടക്കാരുടെ പീഡനങ്ങൾക്ക് ഇരയായവരിൽ ഭൂരിഭാഗവും. തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നവർക്ക് മാത്രമേ സിനിമയിൽ നിലനിൽപുള്ളൂ എന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇരകളെ അവർ കെണിയിൽ വീഴ്ത്തിയിരുന്നത്. അതിൽ പലരും വീണുപോയിട്ടുണ്ടാകും. അവരൊക്കെ വിജയിച്ചോ എന്നറിയില്ല. വിജയിക്കാനുള്ള സാധ്യത കുറവാണ്. പ്രലോഭനങ്ങളെ അതിജീവിച്ചവരായിരിക്കണം പരാതികളുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് കരുതാം.
ഈ കുറിപ്പെഴുതുന്ന സമയത്ത് നാലു മുഖ്യ അഭിനേതാക്കൾക്കും ഒരു സംവിധായകനും എതിരെയാണ് കൂടുതൽ പരാതികൾ വന്നിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായ രഞ്ജിത്തും പ്രധാന നടന്മാരിൽ ഒരാളായ സിദ്ദിഖും ഇതിനകം രാജിവെച്ചു കഴിഞ്ഞു. സിനിമാ മന്ത്രിയുടെ പ്രത്യേക പരിലാളനയിൽ കഴിഞ്ഞിരുന്ന ചെയർമാൻ അവസാനംവരെ പിടിച്ചുനിന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് കൈവിട്ടതോടെ അടിയറവു പറഞ്ഞെന്നറിയുന്നു.
വരാനിരിക്കുന്ന ദിവസങ്ങളിൽ എന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര സ്നേഹികളിപ്പോൾ. മലയാള സിനിമക്ക് ധാർമികമായി ഇത്രക്കും അധഃപതിക്കേണ്ടിവന്ന ഒരു കാലം ഉണ്ടായിട്ടില്ല. ഈ ബഹളങ്ങളെ തുടർന്ന് സർക്കാർ നിയോഗിച്ച ഏഴ് വനിത ഐ.എ.എസ് ഓഫിസർമാർ ഉൾപ്പെട്ട അന്വേഷണസംഘം എന്തു നടപടികൾ കൈക്കൊള്ളും എന്നതിനെ അനുസരിച്ചായിരിക്കും മല്ലൂ സിനിമയുടെ മുന്നോട്ടുള്ള പോക്ക്.