Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

സ്വ​യം കു​ത്തി മ​രി​ക്കാ​നൊ​രു​മ്പെ​ടു​ന്ന ഇ​ട​തുപ​ക്ഷം

‘ഇ​ട​തുപ​ക്ഷ​ത്തി​ന്റെ ഹി​ന്ദു​ത്വ യു​ക്തി​ക​ൾ’ എ​ന്ന ശീർ​ഷ​ക​ത്തി​ൽ എൻ.കെ. ഭൂപേ​ഷ് എ​ഴു​തി​യ ലേ​ഖ​നം (ല​ക്കം: 1390) വാ​യി​ച്ച​പ്പോ​ൾ തോ​ന്നി​യ ചി​ല വി​ചി​ന്ത​ന​ങ്ങ​ളാ​ണ് ഈ ​കു​റി​പ്പി​നാ​ധാ​രം. കേ​ര​ള​ത്തി​ലെ ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ച​രി​ത്ര​ത്തി​ൽ, കേ​ട്ടുകേ​ൾ​വി​യി​ല്ലാ​ത്ത ത​ര​ത്തി​ൽ ഒ​രു ഭ​ര​ണക​ക്ഷി എം.​എ​ൽ.എ ​സ​ർ​ക്കാ​റി​ന്റെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രെ അ​തിഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​വു സ​ഹി​തം ഉ​ന്ന​യി​ക്കു​ക​യും പാ​ർ​ട്ടി അം​ഗം പോ​ലു​മ​ല്ലാ​ത്ത ആ ​വ്യ​ക്തി​ക്കൊ​പ്പം അ​ണി​ക​ളും ഘ​ട​കക​ക്ഷി​ക​ളും നി​ലകൊ​ള്ളു​ക​യും പ​തി​റ്റാ​ണ്ടു​ക​ളു​ടെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള പി​ണ​റാ​യി വി​ജ​യ​നെ ന്യാ​യീ​ക​രി​ച്ച് അധികംപേർ രംഗത്തുവരാതിരിക്കുകയും ചെയ്യുന്ന സാ​ഹ​ച​ര്യം ആ ​പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ന​ടാ​ടെ ആ​യി​രി​ക്കും എ​ന്നു തോ​ന്നു​ന്നു.

പി.​വി. അ​ൻ​വ​ർ എ​ന്ന സ​മ്പ​ന്ന​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ തു​റ​ന്നു വി​ട്ട ഭൂ​തം സു​ജി​ത് ദാ​സി​നെ​യും അ​ജി​ത് കു​മാ​റി​നെ​യും പി. ​ശ​ശി​യെ​യും ക​ട​ന്ന് പി​ണ​റാ​യി വി​ജ​യ​നെ ത​രി​പ്പ​ണ​മാ​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ശ​ക്തി​യാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പാ​ർ​ട്ടി ഭ​ര​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് പൊ​ലീ​സി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത പ​ല​തും ന​ട​ക്കു​ന്നു എ​ന്ന യ​ാഥാ​ർ​ഥ്യം തെ​ളി​വു​ക​ൾ നി​ര​ത്തി അ​ൻ​വ​ർ പ​റ​ഞ്ഞ​പ്പോ​ൾ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തുകാ​ര​ൻ എ​ന്ന ചാ​പ്പ​യ​ടി വ​രി​ക​ൾ​ക്കി​ട​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ മേ​ൽ ചാ​ർ​ത്തി അ​രി​ശം തീ​ർ​ത്തു എ​ന്ന​തി​ന​പ്പു​റം പൊ​തുസ​മൂ​ഹ​ത്തി​നു ബോ​ധ്യ​മാ​വു​ന്ന ഒ​രു ഉ​ത്ത​ര​വും ന​ൽ​കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് സ​ത്യം. അ​തുകൊ​ണ്ടു ത​ന്നെ അ​ണി​ക​ൾ പോ​ലും അ​ദ്ദേ​ഹ​ത്തി​ന്റെ വാർത്താസ​മ്മേ​ള​നം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ല.​ പി​ണ​റാ​യി വി​ജ​യ​ന്റെ ശൈ​ലീ ​ഭ്രംശ​നം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തെ നി​ലനി​ൽ​ക്കു​ന്നു എ​ന്ന​ത് ഒ​രു ന​ഗ്ന യ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും ഈ ​വ​ഴിവി​ട്ട പോ​ക്കി​ൽ അ​ണി​ക​ൾ ഏ​റെ​യും അസം​തൃ​പ്ത​രാ​ണ്.

അ​ൻ​വ​ർ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന വി​ഷ​യ​ങ്ങൾ മു​സ്‍ലിംകൾ അ​ട​ക്ക​മു​ള്ള പി​ന്നാക്ക ജ​നവി​ഭാ​ഗ​ങ്ങ​​ളെ ബാ​ധി​ക്കു​ന്ന പൊ​ള്ളു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. പൊലീ​സി​ന്റെ ഉ​പമേ​ധാ​വി രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക സം​ഘ​ത്തി​ന്റെ ര​ണ്ടാ​മ​നെ ക​ണ്ട​തെ​ന്തി​നാ​ണെ​ന്ന ഒ​റ്റ വി​ഷ​യ​ത്തി​ൽ ക​റ​ങ്ങി​ത്തിരി​യു​ക​യാ​ണ് ന​മ്മു​ടെ മു​ഖ്യധാ​ര മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ലതും. അ​തി​ന​പ്പു​റം ച​ർ​ച്ച പോ​കരു​തെന്ന് ആ​ർ​ക്കൊ​​െക്ക​യോ പ്ര​ത്യേ​ക​മാ​യ താ​ൽ​പര്യമു​ള്ള പോ​ലെ തോ​ന്നു​ന്നു പ​ല ചാ​ന​ൽ ച​ർ​ച്ച​ക​ളും കാ​ണു​മ്പോ​ൾ.

യ​ഥാ​ർ​ഥത്തി​ൽ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക സം​ഘം ഇ​ന്ത്യ​യി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട ഒ​രു സം​ഘ​ട​ന​യാ​ണോ? സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള വി​ല​ക്കുപോ​ലും കേ​ന്ദ്രസ​ർ​ക്കാ​ർ എ​ടു​ത്തുമാ​റ്റി​യ ഈ ​കാ​ല​ത്ത്, ന​മ്മു​ടെ ഭ​ര​ണ​ത്തി​ന്റെ കു​ഞ്ചി​കസ്ഥാ​ന​ങ്ങ​ളി​ൽ ഉ​പവി​ഷ്ട​രാ​യി​ട്ടു​ള്ള​വ​ർ ഒ​ട്ടു മു​ക്കാ​ലും സം​ഘപ്ര​ചാ​ര​ക​ർ ആ​യ ഒ​രു നേ​ര​ത്ത് പൊ​ലീ​സി​ന്റെ ത​ല​പ്പ​ത്തുള്ള ഒ​രാ​ൾ അ​തി​ന്റെ നേ​താ​വി​നെ പോ​യി ക​ണ്ടു എ​ന്ന ഒ​റ്റബി​ന്ദു​വി​ൽ ച​ർ​ച്ച​യെ ചു​രു​ട്ടി​​ക്കൂട്ടി​യി​ടു​ന്ന​തി​ന്റെ പി​ന്നി​ൽ ഒ​രു അ​ജ​ണ്ട​യി​ല്ലേ എ​ന്ന് ആ​രെ​ങ്കി​ലും വി​ചാ​രി​ച്ചാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ക സാ​ധ്യ​മ​ല്ലത​ന്നെ.

യ​ഥാ​ർ​ഥ​ത്തി​ൽ ന്യൂ​നപ​ക്ഷ പി​ന്നാക്ക വി​ഭാ​ഗ​ങ്ങ​ളെ ഭ​രി​ക്കു​ന്ന യ​ഥാ​ർ​ഥ ആ​ശ​ങ്ക എ​ന്തെ​ന്നുവെ​ച്ചാ​ൽ കേ​ര​ള പൊലീ​സി​ൽ സം​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന പ്ര​ത്യ​ക്ഷ​മാ​യ​തും പ്ര​ച്ഛന്ന​മാ​യ​തു​മാ​യ സ​ംഘിവ​ത്ക​ര​ണ​മാ​ണ്. ന​മ്മു​ടെ നാ​ടി​ന്റെ നീ​തിനി​ർ​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് ഇ​ത്ത​രം മ​ന​ഃസ്ഥി​തി​യു​ള്ള​വ​ർ പി​ടി മു​റുക്കു​മ്പോ​ൾ മേ​ൽ​പറ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യും ല​ഭി​ക്കേ​ണ്ട നീ​തി അ​ട്ടിമ​റി​ക്ക​പ്പെ​ടി​ല്ലേ എ​ന്ന​താ​ണ് പ്ര​സ​ക്ത​മാ​യ ചോ​ദ്യം? (​പാ​ർ​ട്ടി ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന സ​മ​യ​മാ​യി​ട്ട് പോ​ലും ക​മ്യൂണി​സ്റ്റ് നേ​താ​ക്ക​ന്മാ​ർ​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​ല്ലുവി​ല മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന വ​ർ​ത്ത​മാ​ന​വും ഇ​തോ​ട് ചേ​ർ​ത്ത് വാ​യി​ക്കേ​ണ്ട ഒ​ന്നാ​ണ്)

ന്യൂ​നപ​ക്ഷ, ദ​ലിത്‌, പി​ന്നാ​ക്ക, പ​ാർ​ശ്വവ​ത്കൃ​ത ജ​നസ​മൂ​ഹ​ത്തി​നു സ്വൈ​ര്യ​മാ​യി ജീ​വി​ക്കാ​ൻ പ​റ്റു​ന്ന സ്ഥ​ലം എ​ന്ന ന​മ്മു​ടെ കൊ​ച്ചു കേ​ര​ള​ത്തി​ന്റെ ഖ്യാ​തിക്ക് കോ​ട്ടം ത​ട്ടു​ന്ന ത​ര​ത്തി​ൽ ഉ​ത്ത​രേ​ന്ത്യൻ ​മോ​ഡ​ൽ അ​ര​ക്ഷി​താ​വ​സ്‌​ഥ​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് മേ​ൽ​പ്പ​റ​ഞ്ഞ ജ​നവി​ഭാ​ഗ​ങ്ങ​ൾ വീ​ണുപോ​വു​ന്ന അ​വ​സ്ഥ​യാ​യി​രി​ക്കി​ല്ലേ നി​യ​മപാ​ല​ന സം​വി​ധാ​ന​ത്തി​ൽ സം​ഭ​വി​ക്കു​ന്ന സ​ംഘിവ​ത്ക​ര​ണ​ത്തി​ന്റെ ആ​ത്യ​ന്തി​ക ഫ​ലം?

ര​ക്തസാ​ക്ഷി​ക​ളു​ടെ ചു​ടുചോ​ര​യു​ടെ അ​സ്തി​വാ​ര​ത്തി​ൽ പ​ണി​തു​യ​ർ​ത്ത​പ്പെ​ട്ട ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് പ്ര​ത്യ​ക്ഷ​ത്തി​ൽ ആ ​പ്ര​സ്ഥാ​ന​വു​മാ​യി കൂ​ട്ടുകൂ​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. എങ്കി​ലും ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തെ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ന്റെ പൊ​ലീ​സി​ങ്ങി​നെ​ക്കു​റി​ച്ച് പ​ഠി​ക്കു​മ്പോ​ൾ ഇ​ട​തു ന​യം എ​ന്ന​തി​ലു​പ​രി സ​ംഘ്പ​രി​വാ​ർ മു​ന്നോ​ട്ടുവെ​ക്കു​ന്ന ആ​ദ​ർ​ശം അ​പ്പാ​ടെ പി​ൻ പ​റ്റി മു​ന്നോ​ട്ടുപോ​കു​ന്നപോ​ലെ ഏ​ത് സാ​ധാ​ര​ണ​ക്കാ​ര​നും തോ​ന്നു​ന്ന ത​ര​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത് എ​ന്ന​ത് ഒ​രു പ​ച്ച​ പ​ര​മാർ​ഥ​മാ​ണ്.

ഇ​ശ്റ​ത് ജ​ഹാ​ൻ വ്യാ​ജ ഏ​റ്റുമു​ട്ട​ൽ കേ​സി​ൽനി​ന്നും അ​മി​ത് ഷാ​യെ ര​ക്ഷി​ച്ചെ​ടു​ത്തു എ​ന്നു പ​റ​യ​പ്പെ​ടു​ന്ന ലോ​ക് നാ​ഥ ബെ​ഹ്‌​റ​യെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വി​ജി​ല​ൻ​സി​ന്റെ കൂ​ടെ ചു​മ​ത​ല​യു​ള്ള പൊ​ലീ​സ് മേ​ധാ​വി​യാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​തി​ൽനി​ന്നുത​ന്നെ തു​ട​ങ്ങാം.​ ഒ​ടു​വി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സ്വ​ദേ​ശ​ത്തേ​ക്ക് പ​റ​ഞ്ഞ​യ​ക്കാ​തെ കൊ​ച്ചി മെ​ട്രോ​യു​ടെ ത​ല​പ്പ​ത്തു പ്ര​തി​ഷ്ഠിക്ക​പ്പെ​ട്ട​തും യാ​ദൃ​ച്ഛിക​ത​യു​ടെ ക​ണ​ക്കി​ൽ വ​ര​വുവെ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.

2017 ആ​ഗ​സ്റ്റ് 15ന് ​മോ​ഹ​ൻ ഭ​ാഗ​വ​ത് പാ​ല​ക്കാ​ട്‌ ക​ർ​ണകി​യ​മ്മ​ൻ സ്കൂ​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തി​ലെ ച​ട്ടലം​ഘ​നം സം​ബ​ന്ധി​ച്ച് പൊ​ലീ​സ് ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​തും, അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി പാ​ടി​ല്ലെന്നു തീ​രു​മാ​ന​മെ​ടു​ത്തതും മു​ഖ്യമ​ന്ത്രി​യു​ടെ ഓ​ഫിസ് ആ​ണെ​ന്ന വാ​ർ​ത്ത (മ​നോ​ര​മ ഓ​ൺ​ലൈ​ൻ 2017 ആ​ഗ​സ്റ്റ് 17), മു​ജാ​ഹി​ദ് പ്ര​വ​ർ​ത്ത​ക​ർ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്ത​തി​ന്റെ പേ​രി​ൽ ആ​ർ.എ​സ്.എ​സ് പ്ര​വ​ർ​ത്ത​ക​രാ​ൽ മ​ർ​ദിക്ക​പ്പെ​ട്ട കേ​സ്, സ​മ​സ്ത കോ​ഓഡി​നേ​ഷ​ൻ ക​മ്മി​റ്റി കാ​സ​ർകോ​ട്​ നടത്തി​യ റാ​ലി​യി​ൽ പ്ര​ധാ​നമ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചുവെ​ന്നു പ​റ​ഞ്ഞുണ്ടാ​യ കേ​സ്, റി​യാ​സ് മൗ​ല​വി, കൊ​ടി​ഞ്ഞി ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​രു​ടെ കൊ​ല പാ​ത​ക​ങ്ങ​ളി​ൽ ഹിന്ദുത്വവാദി പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ​ങ്ക് എ​ഫ്.ഐ.​ആ​റി​ൽ ഇ​ല്ലാ​തെ പോ​യ​ത്, അ​ല​ൻ-താ​ഹ യു.​എ.പി.​എ കേ​സ്, മാ​വോ​വാദിവെ​ടി​വെ​പ്പ് സം​ഭ​വം, കൊ​ട​ക​ര കേ​സ്, പ​ട്ടാ​ളക്കാ​ര​ന്റെ മു​തു​കി​ൽ പി.​എ​ഫ്.ഐ ​ചാ​പ്പ കു​ത്തി​യ കേ​സ്, പാ​ല​ത്താ​യി പീ​ഡ​ന കേ​സ് തുടങ്ങിയവയോടുള്ള സമീപനം പരിശോധിച്ചാൽ ഇരട്ടത്താപ്പുകൾ പ്രകടമാണ്.

ക്ര​മസ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.ജി.​പി ആ​ർ.എ​സ്.എ​സ് നേ​താ​ക്ക​ളെ ക​ണ്ടുവെന്നു പ​റ​യു​ന്ന​ത് 2023 മേയ് 22നും ​ജൂ​ൺ ര​ണ്ടി​നു​മാ​ണ്.​ കൃ​ത്യം 15 മാ​സം ക​ഴി​ഞ്ഞു 2024 സെ​പ്റ്റം​ബ​റിൽ പ്ര​തി​പ​ക്ഷ നേ​താ​വ് വാർത്താസ​മ്മേ​ള​നം വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പൊ​തുസ​മൂ​ഹം അ​റി​യു​ന്ന​ത്.

കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന സ​മ​യ​ത്തുത​ന്നെ ഇ​ക്കാ​ര്യ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ സ്പെ​ഷൽ ബ്രാ​ഞ്ച് ന​ൽ​കി​യി​ട്ടും മു​ഖ്യമ​ന്ത്രി​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​വാ​തെ പോ​യ​തും, ​പൊ​ലീ​സി​നെ​തി​രെ നി​ര​ന്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഒ​രുവി​ധ തി​രു​ത്ത​ലി​നും ശ്ര​മി​ക്കാ​തെ സേ​ന​യു​ടെ ആ​ത്മവീ​ര്യം ത​ക​ർ​ക്ക​രു​ത് എ​ന്ന ഒ​റ്റ ന്യാ​യീ​ക​ര​ണ​ത്തി​ൽ ഇ​പ്പോ​ഴും അ​ദ്ദേ​ഹം ഉറ​പ്പി​ച്ചു നി​ലകൊ​ള്ളു​ന്ന​തും ദു​രൂ​ഹ​ത​ക​ൾ കേ​ര​ള മ​ന​ഃസാ​ക്ഷി​ക്ക് മു​ന്നിൽ കു​ട​ഞ്ഞി​ടു​ന്നു​ണ്ട്. തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​ക്ക് ജ​യി​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കി​യ പൂ​ര​ത്തി​ൽ പൊ​ലീ​സ് ഇ​ട​പെ​ട്ട ന​ട​പ​ടി​യെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ർ​ട്ടി​നെ ചൊ​ല്ലി​യു​ള്ള ഭ​ര​ണക​ക്ഷി​യാ​യ സു​നി​ൽ കു​മാ​റി​ന്റേത​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​സ്താ​വ​ന​യു​ടെ കു​ന്തമു​ന​യും പാ​ഞ്ഞുചെ​ല്ലു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ന്റെ നേ​ർ​ക്കുത​ന്നെ​യാ​ണ്.

ചു​രു​ക്ക​ത്തി​ൽ കാ​ല​ങ്ങ​ളാ​യി സ​ംഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്റെ ക​രാ​ള ഹ​സ്ത​ത്തി​ൽനി​ന്ന് കേ​ര​ള​ത്തെ കോ​ട്ടപോ​ലെ കാ​ത്തുര​ക്ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത് ഞ​ങ്ങ​ളാ​ണ് എ​ന്നു നാ​ഴി​ക​ക്ക് നാ​ൽപ​തു വ​ട്ടം വീ​മ്പുപ​റ​യു​ന്ന ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ മാ​ർ​ക്സിസ്റ്റി​ന്റെ മ​സ്ത​ക​ത്തി​നുത​ന്നെ വ​ലി​യ അടിയാണ് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന പൊ​ലീ​സ് മ​ന്ത്രി വ​രു​ത്തിവെ​ച്ചി​രി​ക്കു​ന്ന​ത് എ​ന്നു നി​സ്സം​ശ​യം പ​റ​യാ​ൻ ക​ഴി​യും. ഇ​പ്പോ​ഴും ദു​രൂ​ഹ​ത മു​ഴ​ച്ചുനി​ൽ​ക്കു​ന്ന ഐ​.എസ് ക​ഥ​ക​ൾ പൊ​ടി ത​ട്ടി​യെ​ടു​ത്തു വാ​ർ​ത്ത​യാ​ക്കി​യ​ാലൊ​ന്നും പാ​ർ​ട്ടി അ​ക​പ്പെ​ട്ട വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽനി​ന്നും ക​ര ക​യ​റാ​ൻ ക​ഴി​യി​ല്ല എ​ന്നും അ​തി​നു ത​ല​പ്പ​ത്തുനി​ന്നും തി​രു​ത്ത​ലു​ക​ൾ വേ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

കാ​ര​ണം, ഇ​ട​തുപ​ക്ഷം ഈ ​മ​ല​യാ​ള​ക്ക​ര​യി​ൽ ആ​വ​ശ്യ​മാ​ണ്. അ​ത് ത​ക​രു​മ്പോ​ൾ അ​തി​ന്റെ അ​ണി​ക​ൾ കോൺഗ്രസി​ലേ​ക്ക​ല്ല, മ​റി​ച്ചു വ​ർ​ഗീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​ഴു​കു​ക എ​ന്ന​തി​ന് ത്രി​പു​ര​യും ബം​ഗാ​ളു മൊ​ക്ക ന​മ്മു​ടെ മു​ന്നിലെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ആ​യ​തി​നാ​ൽ പാ​ർ​ട്ടി​ക്കുവേ​ണ്ടി മ​രി​ച്ചുവീ​ണ ര​ക്തസാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും, പാ​ർ​ട്ടി​യെ അ​തി​ര​റ്റു സ്നേ​ഹി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ന്മാ​രെ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം എ​ന്ന തു​രു​ത്തി​ൽനി​ന്നു കൂ​ടി ചെ​ങ്കൊ​ടി അ​സ്ത​മി​ച്ചുപോ​കു​മെ​ന്ന​ത് അ​വി​ത​ർ​ക്കി​ത​മാ​യ കാ​ര്യ​മാ​ണ്.​ അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ വാർത്താസ​മ്മേ​ള​നം ന​ട​ത്തി​യും പാ​ർ​ട്ടി സ​ർ​ക്കു​ല​ർ ഇ​റ​ക്കി​ച്ചും ചോ​ദ്യക​ർ​ത്താ​വി​നെ നി​ശ്ശബ്ദ​മാ​ക്കാ​ൻ ശ്ര​മി​ച്ചു വി​ജ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പി​ണ​റാ​യി അ​ക്ഷ​രാർ​ഥ​ത്തി​ൽ തോ​ൽ​പി​ക്കു​ന്ന​ത് പാ​ർ​ട്ടി​യെ ത​ന്നെ​യാ​ണ്.

ര​ണ്ട് മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള ബ​ലാബ​ല​മാ​ണ് ബി.ജെ.പി ​എ​ന്ന രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി​ക്ക് ക​ട​ന്നുക​യ​റു​ന്ന​തി​നു​ള്ള പ​ല വി​ഘാ​ത​ങ്ങ​ളി​ൽ ഒ​ന്ന് എ​ന്ന വ​സ്തു​ത മു​ൻനി​ർ​ത്തി ഇ​ട​തുപ​ക്ഷം നി​ലനി​ൽ​ക്കേ​ണ്ട​ത് മ​തേ​ത​ര കേ​ര​ള​ത്തി​ന്റെ കൂ​ടി ആ​വ​ശ്യമാ​ണെ​ന്നി​രി​ക്കെ ഇ​ട​തുപ​ക്ഷ​ത്തെ തി​രു​ത്തി​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ മു​ഴു​വ​ൻ നി​ലനി​ൽ​പി​െന്റ കൂ​ടെ പ്ര​ശ്ന​മാ​ണ്.​ അ​തുകൊ​ണ്ട് ത​ന്നെ പൊ​ലീ​സി​ലെ പു​ഴു​ക്കു​ത്തു​ക​ളെ പ​ര​സ്യ​മാ​യി ന്യാ​യീ​ക​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന മു​ഖ്യമ​ന്ത്രി​ക്കൊ​പ്പ​മ​ല്ല, മ​റി​ച്ച് പി.വി. അ​ൻ​വ​ർ മു​ന്നോ​ട്ടുവെ​ച്ച ന​ടു​ക്കു​ന്ന സ​ത്യ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് കേ​ര​ളം നി​ല​യു​റ​പ്പി​ക്കേ​ണ്ട​ത്. അ​ൻ​വ​ർ എ​ന്ന വ്യ​ക്തി​യെ ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്, മ​റി​ച്ച് അ​ദ്ദേ​ഹം മു​ന്നോ​ട്ടുവെ​ച്ച ന​മ്മു​ടെ ക​ൺമു​ന്നി​ലെ യ​ാഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്കു മാ​ത്രം ക​ണ്ണു പാ​യി​ച്ചാ​ൽ മ​തി.

ഇ​സ്മാ​യി​ൽ പ​തി​യാ​ര​ക്ക​ര,ബ​ഹ്‌​റൈ​ൻ

Show More expand_more
News Summary - weekly ezhuthukuth