എഴുത്തുകുത്ത്
റോസിയുടെ ദുരന്തകഥ തുടങ്ങുന്നത് 1928 നവംബർ ഏഴിനു തന്നെ
റോസിയുടെ ദുരന്തകഥ തുടങ്ങുന്നത് 1928 നവംബർ ഏഴിനാണോ? എന്ന തലക്കെട്ടിൽ, രാജേഷ് കെ. എരുമേലിയുടെ ലേഖനത്തിന് ശിവകുമാർ ആർ.പി, എഴുതിയ മറുപടി (ലക്കം: 1389) വായിച്ചു. ഒരു മറുപടി വേണോ എന്നു ഞാൻ പലവുരു സംശയിച്ചു. അവസാനം എഴുതാൻ തന്നെ തീരുമാനിച്ചു. ഇന്നും സംശയനിഴലിൽ നിൽക്കുന്നത്, ജെ.സി. ഡാനിേയൽ ആദ്യമായി നിർമിച്ച ‘വിഗതകുമാരൻ’ എന്ന മലയാളത്തിലെ നിശ്ശബ്ദ ചിത്രം എന്നു പ്രദർശിപ്പിച്ചുവെന്നതാണ്. എല്ലാ വിവരങ്ങളും വിശദമായി എഴുതി പ്രസിദ്ധീകരിച്ച ‘പി.കെ. റോസിയെന്ന മലയാള സിനിമയുടെ അമ്മ’, ‘ജെ.സി. ഡാനിേയൽ മലയാള സിനിമയുടെ പിതാവ്’ എന്നീ പുസ്തകങ്ങളിലുണ്ട്. എന്നിട്ടും സംശയിക്കുന്നുവെങ്കിൽ അഞ്ചു പതിറ്റാണ്ടു ഞാൻ റോസിയെ തേടി അലഞ്ഞതും വെറുതേയല്ല എന്ന തോന്നലാണ് മനസ്സിൽ.
പി.കെ. രാജാമ്മയെന്ന റോസിയെ കുറിച്ചറിയാൻ തന്നെയാണ് കലാപ്രേമി ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന ഞാൻ 1971 ഒക്ടോബർ 24ന് ജെ.സി. ഡാനിേയലിനെ കാണാൻ അഗസ്തീശ്വരത്തെത്തിയത്. ഡാനിയേലിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടയിലാണ് വിഗതകുമാരന്റെ റിലീസിങ്ങിനെ കുറിച്ചും സംസാരിച്ചത്. 1928 നവംബർ ഏഴിന് 5.30ന് സ്റ്റാച്യൂവിലെ കാപിറ്റോൾ ടെന്റ് തിയറ്ററിൽ (തമിഴ് നാടകങ്ങൾ കളിക്കാൻ കെട്ടിയിരുന്ന ടെന്റ് തിയറ്റർ) സിനിമ കാണിക്കാൻ സൗകര്യങ്ങൾ ഒരുക്കി നിറഞ്ഞ സദസ്സിനു മുന്നിൽ ആദ്യ പ്രദർശനം നടത്തിയെന്നും പ്രസിദ്ധ അഭിഭാഷകനായ മണ്ണൂർ എസ്. ഗോവിന്ദകുറുപ്പിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചെന്നും ഡാനിയേലും ഭാര്യ റേച്ചൽ ജാനറ്റും പറഞ്ഞത്.
ഇത് മലയാളത്തിലെ ആദ്യ സിനിമയുടെ പ്രദർശനമാണ്. പിന്നീടാണ് പ്രദർശന സമയ ക്രമങ്ങളൊക്കെ ഉണ്ടായത്. പിൽക്കാലത്ത് ഈ ടെന്റ് തിയറ്റർ സിനിമ കാണിക്കാൻ തക്കവണ്ണം പുതുക്കി പണിഞ്ഞിരുന്നു. അതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആ കാലത്തുതന്നെ വികെ.ജി ഹാളിനു സമീപം ഒരു രാജേശ്വരി ടെന്റ് തിയറ്റർ, കേരള ഹിന്ദുവിഷനു സമീപം കുഞ്ഞാപ്പു ടെന്റ് തിയറ്റർ എന്നിവ നിലവിലുണ്ടായിരുന്നു. അതിൽ കാപിറ്റോൾ തിയറ്ററാണ് ഡാനിയേൽ സിനിമ പ്രദർശനത്തിന് വാടകക്കെടുത്തത്. 1928 നവംബർ ഏഴ് എന്ന തീയതിതന്നെയാണ് ഉദ്ഘാടകനായ അഡ്വ. മണ്ടൂർ ഗോവിന്ദപിള്ളയും വിഗതകുമാരനിൽ ഹോട്ടൽ മാനേജറുടെ വേഷം ചെയ്ത ഡാനിേയലിന്റെ അളിയൻ വിൻസൺ സിങ്ങും പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് അവിശ്വസിക്കാത്തത്. ശിവകുമാറിന് ഇതിൽപരം മറ്റൊരു തെളിവ് വേണമെന്നുണ്ടോ?
പിന്നെ 1930 ഒക്ടോബർ 23ന് വിഗതകുമാരൻ റിലീസ് ചെയ്യുന്ന ഒരു നോട്ടീസിന്റെ കാര്യം ഞാൻ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. 2001 മേയ് 27ന് രാവിലെ മിഞ്ചിൻ റോഡിൽ താമസിക്കുന്ന ജെ.സി. ഡാനിയേലിന്റെ മകൾ ലളിത ഹെൻട്രി ജോണിനെ വീട്ടിൽ കാണാൻ ഞാനെത്തിയിരുന്നു. പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് കവടിയാർ ദാസ് എന്നൊരാൾ അവിടെ വന്നിരുന്നുവെന്നും 1930 ഒക്ടോബർ 23ന് പടം റിലീസ് ചെയ്യുന്ന ഒരു നോട്ടീസ് അവർക്കുകൊടുത്തുവെന്നും പറഞ്ഞ് അതിന്റെ ഒരു കോപ്പി എനിക്കും ലളിത തന്നു.
ഈ നോട്ടീസ് വിശ്വാസയോഗ്യമല്ലെന്നും ആർക്കും കൊടുക്കരുതെന്നും പറഞ്ഞിരുന്നു. എന്റെ ഗ്രഹപ്പിഴക്ക് നോവൽ രചനക്ക് ജെ.സി. ഡാനിയേലിന്റെ വിവരങ്ങൾ തേടിവന്ന ദ വീക്കിന്റെ എഡിറ്റോറിയൽ അംഗം വിനു എബ്രഹാമിനെ കാണിച്ചപ്പോൾ ഒരു കോപ്പി വേണമെന്നു പറഞ്ഞു. ഇത് മറ്റൊന്നിലും പ്രസിദ്ധീകരിക്കരുത്, വിശ്വാസയോഗ്യമല്ല ഈ നോട്ടീസ് എന്നും പറഞ്ഞിരുന്നു. പക്ഷേ പറഞ്ഞതിനു വിരുദ്ധമായി ആ നോട്ടീസ് തന്റെ ‘നഷ്ടനായിക’ എന്ന നോവലിന്റെ അവസാന പുറത്ത് അച്ചടിക്കുകയായിരുന്നു വിനു എബ്രഹാം ചെയ്തത്. അേതാടുകൂടിയാണ് വിഗതകുമാരന്റെ റിലീസിങ് 1930 ഒക്ടോബർ 28നായിരുന്നു എന്ന് ചിലർ പറഞ്ഞു നടക്കുന്നത്. ഇതായിരുന്നു തീയതി എങ്കിൽ ചിത്രത്തിന്റെ നിർമാതാവായ ജെ.സി. ഡാനിേയലിന് 1929ൽ തിരുവനന്തപുരത്തെ ആരാധകർ ചേർന്ന് ‘പബ്ലിക് മിറർ’ എന്നൊരു അവാർഡ് സമ്മാനിക്കുന്നതെങ്ങനെയാണ്? ഒരു സിനിമ എടുത്തതിന്റെ പേരിൽ എന്തെല്ലാം പ്രകമ്പനങ്ങളാണ് 96 വർഷം കടക്കുമ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഗതകുമാരൻ ചിത്രമെടുത്ത ജെ.സി. ഡാനിേയലും ഭാര്യയും അതിലെ അഭിനേതാവ് വിൻസൺ സിങ്ങും പറഞ്ഞതല്ല സത്യമെങ്കിൽ ഞാനിവിടെ നിർത്താം. എനിക്ക് മറ്റൊന്നും പറയാനില്ല.
കുന്നുകുഴി എസ്. മണി
റോസിയെ വീണ്ടും വായിക്കുമ്പോൾ
മലയാള സിനിമയുടെ ജനനസമയത്തുതന്നെ തിരസ്കരിക്കപ്പെട്ട മലയാളത്തിലെ ആദ്യ നായിക നടിയായിരുന്നു പി.കെ. റോസി; അതും ദലിതയായതിന്റെ പേരിൽ ആ നടിയെ പടിക്ക് പുറത്താക്കി വർഷങ്ങൾ ഇത്ര കഴിഞ്ഞപ്പോഴാണ് അവരുടെ പേരിൽ മലയാള സിനിമയിൽ ഒരു പുരസ്കാരമെങ്കിലും ഏർപ്പെടുത്തണമെന്ന ചർച്ച സജീവമാകുന്നത്. ഇത് വിഷയമായി ആഴ്ചപ്പതിപ്പിൽ രാജേഷ് കെ. എരുമേലി എഴുതിയ ലേഖനം (ലക്കം: 1382) ഏറെ കാര്യഗൗരവമുള്ളതായി തോന്നി. എന്നാൽ, ആ ലേഖനത്തിനു പ്രതികരണമെന്നോണം ശിവകുമാർ ആർ.പി എഴുതിയ ലേഖനത്തിൽ വസ്തുതകളുടെ അകം പൊരുൾ തേടുകയാണ്. ശിവകുമാറിനെ ചോദ്യം ചെയ്യാൻ മെനക്കെടുകയല്ല; വസ്തുതകൾ വ്യക്തമായിരിക്കണം എന്നത് ശരി തന്നെ, എങ്കിലും ഇത്രയും വർഷങ്ങൾക്കുമുമ്പ് നടന്ന ഒരു സംഭവമാകുമ്പോൾ ചില പൊരുത്തക്കേടുകൾ കണ്ടേക്കാം. എന്നിരുന്നാലും റോസിയോട് കാണിച്ച ക്രൂരതയുടെ ഗൗരവം ചെറുതാകുന്നില്ലല്ലോ? വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും നവോത്ഥാനം എല്ലാ മേഖലകളിലും മതിലുകൾ പൊക്കിക്കെട്ടിയും സിനിമയിൽ വനിതാ പ്രവർത്തകർ പിടിച്ചു നിൽക്കാനും നിലനിൽപ്പിനും വേണ്ടി പൊരുതേണ്ടത് എവിടെ വരെയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് പുറംലോകം അറിഞ്ഞതാണല്ലോ?
ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ മലയാള സിനിമയിലെ ആദ്യ നടിക്കുണ്ടായ ദുർവിധി എത്ര കടുപ്പമുള്ളതായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയപ്പോൾ ജീവനും കൈയിൽ പിടിച്ച് ഓടിയ റോസി പാതിരാത്രിയിൽ വഴിയിൽ കണ്ട ലോറിക്ക് കൈ കാണിച്ച് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നുള്ളതിന് ആർക്കും രണ്ടഭിപ്രായം ഇല്ലല്ലോ? അപ്പോൾ പിന്നെ ചെയ്യാനുള്ളത് വരികൾക്കിടയിൽ വായിച്ച് വസ്തുതകൾ അന്വേഷിക്കുകയല്ല; മറിച്ച് റോസിക്ക് നീതി കിട്ടാൻ ഉത്തരവാദിത്തപ്പെട്ടവർ ആരായാലും ശ്രമിക്കണമെന്നതാണ്. അതുപോലും ഇല്ലാതെ വരുമ്പോഴാണ് മരണശേഷം റോസിയുടേതുപോലുള്ള ആത്മാക്കൾക്ക് നീതി നീതിയെന്നു പറഞ്ഞ് വിലപിക്കേണ്ടിവരുന്നത്. റോസിയെ വീണ്ടും വായിക്കുമ്പോൾ ഇത്തരം ചിന്തകളാണ് മനോമുകുരത്തിൽ തെളിഞ്ഞുവരുന്നത്.
* * *
പതിറ്റാണ്ടുകളുടെ നീണ്ട മൗനത്തിനു ശേഷം മലയാളത്തിന്റെ എഴുത്തുകാരി നളിനി ബേക്കൽ മനസ്സു തുറന്നപ്പോൾ അവരെ പരിചയമില്ലാതിരുന്നവർക്ക് പരിചയപ്പെടാനും പരിചിതർക്കു തന്നെ അജ്ഞാതമായിരുന്ന അവരുടെ എഴുത്തുലോകത്തിലെ പ്രത്യേകത അറിയാനും അവസരമായി ആഴ്ചപ്പതിപ്പ് (ലക്കം: 1390).
മറ്റേതൊരു എഴുത്തുകാരുമായി അടുപ്പം സ്ഥാപിക്കാൻ താൽപര്യമില്ലാത്ത എഴുത്തുകാരി, തന്റെ എഴുത്തിനെ നിരൂപകർ വിലയിരുത്തണമെന്നോ നിരൂപകർ തന്റെ കൃതികളെ പറ്റി എന്തു പറയുന്നുവെന്നോ ശ്രദ്ധിക്കാതിരിക്കുകയും എന്തിന് തന്റെ കൃതികളെ തെറ്റുതിരുത്താൻപോലും മറ്റാർക്കും കൈമാറാത്ത പ്രകൃതം, തന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പുതിയ എഡിഷനുകൾ ഇറക്കുന്നതിനോ ആരുടെയെങ്കിലുമടുത്ത് സ്വാധീനം ചെലുത്താൻ പോകാനോ താൽപര്യമില്ലാത്ത രീതി, എഴുത്ത് നിർത്തിയതിൽ പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്നും എഴുതാതിരിക്കുന്നത് വലിയ തെറ്റൊന്നുമല്ലെന്ന തോന്നൽ, കണ്വതീർത്ഥം, ശിലാവനങ്ങൾ പോലുള്ള കൃതികൾ ഇനിയും തനിക്ക് എഴുതാൻ കഴിയുമെന്ന ആത്മവിശ്വാസം, എല്ലാത്തിലുമുപരി ഇരുത്തം വന്ന എഴുത്തുകാരിയായിട്ടും സാഹിത്യഭ്രാന്ത് ഒരു കാലത്തും ഉണ്ടായിട്ടില്ല എന്ന തുറന്നുപറച്ചിൽ ഇവയെല്ലാം ചേർത്തു വായിക്കുമ്പോൾ എഴുത്തിൽ ആകെ കൂടി വ്യത്യസ്തയാം നളിനി ബേക്കലിനെ സത്യത്തിലാരും തിരിച്ചറിയുന്നില്ല എന്നുവേണം കരുതാൻ.
വാസുദേവൻ കുപ്പാട്ട് നളിനി ബേക്കലുമായി നടത്തിയ അഭിമുഖത്തെ തുടർന്ന് അദ്ദേഹം തന്നെ അവരുടെ പ്രധാന കൃതികളെ പരിചയപ്പെടുത്തിക്കൊണ്ട് എഴുതിയ ‘എഴുത്തു ജീവിതത്തിന്റെ ഇടവേളകൾക്കുമപ്പുറം’ എന്ന ലേഖനവും നളിനിയുടെ പ്രധാന കൃതികളുടെ സാരാംശം ഉൾക്കൊണ്ട് മനസ്സിലാക്കാനായി.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
സിനിമയായിരുന്നു കെ.ജി. ജോർജിന്റെ മതം
കെ.ജി. ജോർജിനെക്കുറിച്ച് കെ. വേണുഗോപാൽ എഴുതിയ ‘ഒരു ഫ്ലാഷ് ബാക്ക്’ എന്ന ഓര്മ (ലക്കം: 1390) എന്നിൽ ഗതകാല സ്മരണകള്‍ ഉണർത്തി. 1990കളുടെ അവസാനത്തിൽ അബൂദബിയിലായിരുന്നു കെ.ജി. ജോർജിനെ ഞാൻ ആദ്യമായി കാണുന്നത്. അബൂദബി കേരളസമാജം സംഘടിപ്പിച്ച നാടകോത്സവത്തിലെ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കാൻ വന്നതായിരുന്നു അദ്ദേഹം.
പകല്‍നേരങ്ങളില്‍ പരിചയക്കാരെ സന്ദർശിച്ചും രാത്രിയിൽ നാടകങ്ങൾ കണ്ട് വിലയിരുത്തിയും രണ്ടാഴ്ചക്കാലം അദ്ദേഹം അബൂദബിയിൽ ചെലവഴിച്ചു. അതിനിടെയാണ് ആരോ പറഞ്ഞറിഞ്ഞ് കൊച്ചിൻ യൂനിവേഴ്സിറ്റി ഡീൻ ഓഫ് ഇംഗ്ലീഷും സിനിമാനടനുമായ നരേന്ദ്ര പ്രസാദിന്റെയും കാർട്ടൂണിസ്റ്റും സിനിമാ സംവിധായകനുമായ ജി. അരവിന്ദന്റെയും കവി വിഷ്ണു നാരായണന് നമ്പൂതിരിയുടെയും കാർട്ടൂണിസ്റ്റ് ഗഫൂറിന്റെയും സുഹൃത്തായ എന്നെ കാണാൻ അദ്ദേഹം അപ്പാർട്മെന്റിലെത്തുന്നത്. ഏറെനേരം ഞങ്ങൾ സിനിമകളെ കുറിച്ച് സംസാരിച്ചു. അതിനിടയിൽ സിനിമ പിടിക്കണം എന്ന എന്റെ ആഗ്രഹം വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ‘പഞ്ചവടിപ്പാലം’ പോലെ ഒരു രാഷ്ട്രീയ ഹാസ്യ സിനിമയായിരുന്നു എന്റെ മനസ്സില്‍.
പത്തിരുപതു വട്ടം കണ്ടിട്ടും കൊതി തീരാതെ വീണ്ടും വീണ്ടും കാണാനായി സീഡിയിൽ പകർത്തി വെച്ചിരിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ‘പഞ്ചവടിപ്പാല’വും മറ്റേത് ‘സാഗരസംഗമ’വും ആയിരുന്നു. കൊടിയേറ്റം ഗോപിയുടെ ദുശ്ശാസനക്കുറുപ്പും നെടുമുടി വേണുവിന്റെ ശിഖണ്ഡിപ്പിള്ളയും സുകുമാരിയുടെ റാഹേലും തിലകന്റെ എസഹാക്ക് തരകനും ജഗതിയുടെ ആബേലും ശ്രീവിദ്യയുടെ മണ്ഡോദരിയും ശ്രീനിവാസന്റെ കാതൊരയനും വേണു നാഗവള്ളിയുടെ ജീമൂതവാഹകനും ഇന്നെസന്റിന്റെ ബറാബാസും ആലുംമൂടന്റെ യൂദാസ് കുഞ്ഞും കൽപനയുടെ അനാര്‍ക്കലിയും കെ.പി. ഉമ്മറിന്റെ ജഹാംഗീറും വി.ഡി. രാജപ്പന്റെ അവറാച്ചന് സ്വാമിയും ഉണർത്തുന്ന ഹാസ്യസന്ദർഭങ്ങൾ എന്നെ ഒരുപാട് ചിരിപ്പിച്ച് ചിന്തിപ്പിച്ചിരുന്നു.
ഒരു സിനിമപോലെ മറ്റൊന്ന് നിർമിക്കാന്‍ താൽപര്യമില്ലാത്ത അദ്ദേഹം ചോദിച്ചു, ‘‘താങ്കൾക്ക് സിനിമ നിർമിക്കണമെങ്കില് തിരക്കഥ ഞാൻ തയാറാക്കാം. നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി.’’ ‘‘തിരക്കഥ വായിക്കട്ടെ, എന്നിട്ടാകാം തീരുമാനം’’ എന്ന് ഞാനും പറഞ്ഞു. നാടകമത്സരത്തിന്റെ വിധിനിർണയം കഴിഞ്ഞ് അദ്ദേഹം തിരിച്ചുപോകാറായപ്പോൾ ‘‘നമ്മുടെ പരിചയപ്പെടലിന്റെ ഓർമക്കായി ഇരിക്കട്ടേ’’ എന്നു പറഞ്ഞ് ഞാനൊരു 14 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ക്രോസ് പെൻ സമ്മാനിച്ചു.
അധികം വൈകാതെ മമ്മൂട്ടിയെ നായകനാക്കി അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങാൻ പോകുന്ന ‘ഇലവങ്കോട് ദേശ’ത്തിന്റെ പരസ്യങ്ങള്‍ വന്നുതുടങ്ങി. അദ്ദേഹം തിരക്കിലാണെന്ന് മനസ്സിലാക്കി ഞാനെന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചു. സിനിമയായിരുന്നു കെ.ജി. ജോർജിന്റെ മതം. മനസ്സില്‍ കയറിക്കൂടുന്ന പച്ചയായ മനുഷ്യരായിരുന്നു കഥാപാത്രങ്ങള്‍. അവസാന നാളുകളില്‍ ആയുര്‍വേദ ചികിത്സ തേടി എന്റെ നാടായ മാളയിൽ വന്നെങ്കിലും സ്മൃതിഭംഗത്താലായിരിക്കണം എന്നെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ‘‘സണ്ണിയെ അറിയാം’’ എന്നൊന്നു പറഞ്ഞാൽ മാത്രം മതിയായിരുന്നു, എന്നെ അറിയുന്ന ഭിഷഗ്വരൻ വിളിച്ചു പറഞ്ഞേനേ. അതൊരു തീരാദുഃഖമായി മനസ്സിലിപ്പോഴും കിടന്ന് പുകയുന്നു. സുഹൃത്തേ, പ്രണാമം.
സണ്ണി ജോസഫ്, മാള
കൃതിയെ ഉദ്ധരിച്ചതിൽ പിശകുണ്ട്
മാധ്യമം വാർഷികപ്പതിപ്പ് 2024ൽ ‘പുല്ലാങ്കുഴലിലെ കുടമാളൂർ ചിട്ട’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച സംഭാഷണം ആസ്വാദ്യകരമായി. പ്രസ്തുത സംഭാഷണത്തിന്റെ പുറം 184ൽ വിദ്വാൻ ജനാർദനൻ ‘തായേ യശോദ’ എന്ന കൃതിയെ ഉദ്ധരിച്ചു പറഞ്ഞതിൽ ഒരു നോട്ടപ്പിശകു സംഭവിച്ചിട്ടുണ്ട്. അദ്ദേഹം വാസ്തവത്തിൽ ഉദ്ദേശിച്ചത് മറ്റൊരു കൃതിയാണ്. കാപി രാഗത്തിലുള്ള ‘എന്ന തവം ചെയ്തനൈ’ എന്ന കൃതിയാണ്. ‘തായേ യശോദ’യല്ല അവിടെ പറയേണ്ടിയിരുന്നത്. സംഭാഷണം നടത്തിയ സജി ശ്രീവത്സത്തിന് അനുമോദനങ്ങളും നന്ദിയും.